പശ്ചിമേഷ്യയിൽ ഇറാനും ഇസ്രായേൽ - യു.എസ് സഖ്യവും തമ്മിലുള്ള യുദ്ധം ആഗോള കമ്മോഡിറ്റി വിപണികളേയും പിടിച്ചുലയ്ക്കുകയാണ്. എന്നാൽ നിക്ഷേപകരിൽ ഭൂരിഭാഗവും ക്രൂഡോയിൽ വിലക്കയറ്റം മാത്രമാണ് ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. എന്നാൽ പശ്ചിമേഷ്യൻ യുദ്ധത്തിന്റെ 'നിശബ്ദ രക്തസാക്ഷി'യായി മാറിയിരിക്കുന്നത് ബേസ് മെറ്റലുകളിലൊന്നായ (Base Metals) അലുമിനീയം ആണ്.
രാജ്യാന്തര വിപണിയിൽ അലുമിനീയം വില നാല് വർഷത്തെ ഉയർന്ന നിലവാരത്തിലേക്ക് കുതിച്ചെത്തിക്കഴിഞ്ഞു. ഓട്ടോമൊബീൽ, ഇൻഫ്രാസ്ട്രക്ചർ, എഫ്.എം.സി.ജി തുടങ്ങിയ പ്രധാന വ്യവസായ മേഖലകളിലൊക്കെ അലുമിനീയം വിലക്കയറ്റം പ്രതിസന്ധി തീർക്കുകയാണ്.
പശ്ചിമേഷ്യ പെട്രോളിയം ഉത്പാദകർ എന്ന നിലയിൽ മാത്രമാണ് പൊതുവേ അറിയപ്പെടുന്നത്. എന്നാൽ അലുമിനീയത്തിന്റെ ആഗോള വിതരണ ശൃംഖലയിലേക്ക് ഗണ്യമായ വിഹിതം പശ്ചിമേഷ്യൻ മേഖലയിൽ നിന്നും സംഭാവന ചെയ്യപ്പെടുന്നുണ്ട് എന്നതാണ് വസ്തുത. യു.എ.ഇ, ബഹ്റൈൻ, ഖത്തർ തുടങ്ങിയ ഗൾഫ് രാജ്യങ്ങൾ ചേർന്ന്, ആഗോള അലുമിനീയം ഉത്പാദനത്തിലേക്ക് 9% വിഹിതം പങ്കുവെക്കുന്നുണ്ട്. പശ്ചിമേഷ്യയിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് മേഖലയൊന്നാകെ അശാന്തമായപ്പോൾ, ഇവിടെ നിന്നുള്ള ഉത്പാദനവും വിപണിയിലേക്കുള്ള അതിന്റെ വിതരണവും തടസ്സപ്പെട്ടു.
പ്രധാനമായും ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതം തടസ്സപ്പെട്ടതാണ് ഇത്തരമൊരു പ്രതിസന്ധിയിലേക്ക് വഴിതെളിച്ചത്. ആഗോള വിപണിയിൽ അലുമിനീയത്തിനുള്ള ആവശ്യകത ഉയർന്നു നിൽക്കുകയും എന്നാൽ വിതരണം അതിനൊപ്പം എത്താതെയിരിക്കുമ്പോൾ വിലക്കയറ്റം രൂക്ഷമായി. കൂടാതെ യുദ്ധം കാരണം കപ്പലിന്റെ കടത്ത് കൂലി വർധിച്ചതും ഇൻഷുറൻസ് ചെലവ് ഉയർന്നതും വ്യാവസായിക മേഖലയിൽ നിന്നുള്ള ആവശ്യക്കാരുടെ തിരക്കും കൂടിച്ചേർന്നതും അലുമിനീയം വില കുത്തനെ മുകളിലേക്ക് ഉയർത്തി. ചൈനയിൽ നിന്നുള്ള കയറ്റുമതി വർധിച്ചിട്ടില്ലാത്തതും മറ്റൊരു ഘടകമാണ്. ചുരുക്കത്തിൽ പ്രധാന ഉത്പാദകരായ പശ്ചിമേഷ്യയിലെ വിതരണ ശൃംഖല താറുമാറായതും ആവശ്യകത ഉയർന്നുനിൽക്കുന്നതും അലുമിനീയം വിലക്കയറ്റത്തിലേക്ക് നയിച്ചുവെന്ന് സാരം.
രാജ്യാന്തര വിപണിയിൽ വർധിച്ചതിനെ തുടർന്ന് ആഭ്യന്തരമായി അലുമിനീയം ഉത്പാദിപ്പിക്കുന്ന കമ്പനികൾക്ക് നേട്ടമേകും. ഹിൻഡാൽകോ, വേദാന്ത, നാൽകോ തുടങ്ങിയ കമ്പനികൾ ഉദ്ദാഹരണം. എന്നാൽ അലുമിനീയം അധിഷ്ഠിത ഉത്പന്നങ്ങൾ വിവിധ വ്യാവസായിക മേഖലകളിൽ ഉപയോഗിക്കുന്നതിനാൽ വിലക്കയറ്റം ഇത്തരം കമ്പനികളുടെ ഉത്പാദന ചെലവ് വർധിപ്പിക്കും. അവരുടെ ലാഭക്ഷമതയും ക്ഷയിപ്പിക്കും. ഇതെല്ലാം നേരിടുന്നതിനായി ഉത്പന്നങ്ങളുടെ വില കമ്പനികൾ ഉയർത്തിയാൽ, അത് ഉപഭോക്തൃ പണപ്പെരുപ്പത്തിലേക്ക് (കൺസ്യൂമർ ഇൻഫ്ലേഷൻ) കൊണ്ടുചെന്നെത്തിക്കാം.
അതിനാൽ അലുമിനീയം അസംസ്കൃത വസ്തുവായി ഉപയോഗിക്കുന്ന വ്യവസായ മേഖലകളിലൊക്കെ വിലക്കയറ്റം വെല്ലുവിളിയാകും. ഓട്ടോമൊബീൽ, ബിൽഡിങ് കൺസ്ട്രക്ഷൻ, ഇൻഫ്രാസ്ട്രക്ചർ, ഇലക്ട്രിക്കൽ ഉപകരണങ്ങൾ, റിന്യൂവബിൾ എനർജി, പാക്കേജിങ്, എഫ്.എം.സി.ജി എന്നീ മേഖലകളിലെല്ലാം അലുമിനീയം വിലക്കയറ്റം ഉത്പദാന ചെലവ് വർധിപ്പിക്കുന്നതാണ്. ചുരുക്കത്തിൽ പശ്ചിമേഷ്യൻ യുദ്ധത്തോട് ആദ്യം പ്രതികരിച്ചത് ക്രൂഡോയിൽ ആണെങ്കിലും ഇതിനകം ശക്തമായ തിരിച്ചടി കിട്ടിയത് അലുമിനീയത്തിനാണെന്ന് സാരം.
Read DhanamOnline in English
Subscribe to Dhanam Magazine