മിൽക്കി മിസ്റ്റ് ഡയറി ഫുഡ് ലിമിറ്റഡ് ജൂലൈ അവസാനം അല്ലെങ്കിൽ ഓഗസ്റ്റ് തുടക്കത്തിൽ പ്രാഥമിക ഓഹരി വിൽപനയ്ക്ക് ഒരുങ്ങുന്നു. 2,035 കോടി രൂപ സമാഹരിക്കാനുദ്ദേശിക്കുന്ന ഈ നീക്കം ഡയറി മേഖലയിലെ ഇതുവരെയുള്ള ഏറ്റവും വലിയ ഐ.പി.ഒയായിരിക്കും. ദക്ഷിണേന്ത്യയിൽ ശക്തമായ സാന്നിധ്യമുള്ള കമ്പനി നിക്ഷേപകർക്കായുള്ള റോഡ്‌ഷോകൾ പൂർത്തിയാക്കിയിട്ടുണ്ട്.
തമിഴ്നാട്ടിലെ ഈറോഡ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പ്രമുഖ പാൽ ഉത്പന്ന നിർമ്മാതാക്കളായ മിൽക്കി മിസ്റ്റ് ഡയറി ഫുഡ് ലിമിറ്റഡ് (Milky Mist Dairy Food Ltd), ജൂലൈ അവസാനത്തോടെയോ ഓഗസ്റ്റ് മാസമാദ്യമോ പ്രാഥമിക പൊതു ഓഹരി വിൽപനയ്ക്ക് (ഐ.പി.ഒ) തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. വിപണിയിൽ നിന്നും 2,035 കോടി രൂപ സമാഹരിക്കാനാണ് ഈ ഐ.പി.ഒയിലൂടെ കമ്പനി ലക്ഷ്യമിടുന്നതന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു.
ഇത് യാഥാർത്ഥ്യമായാൽ രാജ്യത്തെ ഡയറി സെക്ടറിൽ നിന്നുള്ള ഏറ്റവും വലിയ ഐ.പി.ഒ ആകും മിൽക്കി മിസ്റ്റിന്റേത്. ദക്ഷിണേന്ത്യയിൽ ശക്തമായ ബിസിനസ് സാന്നിധ്യമുള്ള കമ്പനി, ഇതിനകം തന്നെ നിക്ഷേപകർക്കായുള്ള റോഡ്‌ഷോകൾ പൂർത്തിയാക്കിയിട്ടുണ്ട്.
മിൽക്കി മിസ്റ്റ് സമർപ്പിച്ച ഡ്രാഫ്റ്റ് പ്രോസ്പെക്ടസ് പ്രകാരം ഈ ഐ.പി.ഒയിൽ 1,785 കോടി രൂപയുടെ പുതിയ ഓഹരികൾ പുറത്തിറക്കുന്നതും (ഫ്രഷ് ഇഷ്യൂ), 250 കോടിക്ക് പ്രൊമോട്ടർമാരുടെ ഓഹരി കൈമാറ്റവും (ഓഫർ ഫോർ സെയിൽ - OFS) ഉൾപ്പെടുന്നു. ഐ.പി.ഒ വഴി ലഭിക്കുന്ന തുക കമ്പനിയുടെ ഉത്പാദന ശേഷി വർധിപ്പിക്കുന്നതിനും നിലവിലുള്ള കടങ്ങൾ വീട്ടുന്നതിനുമായാണ് വിനിയോഗിക്കുക.
അതേസമയം ഐ.പി.ഒയ്ക്ക് മുന്നോടിയായി പ്രീ-ഐപിഒ പ്ലേസ്‌മെന്റിലൂടെ 357 കോടി വരെ സമാഹരിക്കാനും മിൽക്കി മിസ്റ്റിന് പദ്ധതിയുണ്ട്. അങ്ങനെയെങ്കിൽ ഐ.പി.ഒയിലെ ഫ്രഷ് ഇഷ്യൂ വഴി സമാഹരിക്കുന്ന തുക കുറയ്ക്കുന്നതായിരിക്കും.
നിലവിൽ വിപണിയിലുള്ള മറ്റ് ഡയറി ഓഹരികൾ ഈ വർഷം പൊതുവെ മോശം പ്രകടനമാണ് കാഴ്ചവെക്കുന്നത്. പരാഗ് മിൽക്ക് ഫുഡ്സ് (BSE: 539889, NSE: PARAGMILK) ഓഹരി 20 ശതമാനവും, ദൊഡ്‌ല ഡെയ്‌റി (BSE: 543306, NSE: DODLA) ഓഹരി 11 ശതമാനവും, ഹാറ്റ്‌സൺ അഗ്രോ പ്രോഡക്ട്സ് (BSE: 531531, NSE: HATSUN) ഓഹരി 7.5 ശതമാനവും 2026-ൽ ഇതുവരെയുള്ള കാലയളവിനിടയിൽ ഇടിവ് നേരിട്ടു.
ഈയൊരു സാഹചര്യത്തിലാണ് വിപണിയിൽ നിന്നും വൻ മൂലധന സമാഹരണത്തിന് മിൽക്കി മിസ്റ്റ് ഒരുങ്ങുന്നത് എന്നതും ശ്രദ്ധേയം. ജെ.എം ഫിനാൻഷ്യൽ, ആക്സിസ് ക്യാപിറ്റൽ, ഐ.ഐ.എഫ്.എൽ ക്യാപിറ്റൽ സർവീസസ് എന്നിവരാണ് മിൽക്കി മിസ്റ്റ് ഐ.പി.ഒയുടെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജർമാർ.
Read DhanamOnline in English
Subscribe to Dhanam Magazine