Image courtesy: Canva
Markets

ഓഹരി വിപണിയില്‍ നഷ്ടം കുറച്ച് ലാഭം വര്‍ദ്ധിപ്പിക്കാന്‍ പിന്തുടരേണ്ട മണി മാനേജ്‌മെന്റ് തന്ത്രങ്ങള്‍

ഓഹരികളില്‍ കൃത്യമായ സ്റ്റോപ്‌ലോസ് വെച്ച് മാത്രം ട്രേഡ് ചെയ്താല്‍ പരിമിതമായ നഷ്ടമേ സംഭവിക്കുകയുള്ളൂ

Dr. Sanesh Cholakkad

ഓഹരി വിപണിയിലെ നിക്ഷേപം വലിയ നഷ്ടസാധ്യതയുള്ള നിക്ഷേപ മാര്‍ഗമാണ്. ഉദാഹരണമായി 100 രൂപയുടെ ഓഹരി 50 രൂപയിലേക്ക് ഇടിഞ്ഞാല്‍ 50% നഷ്ടം സംഭവിക്കും. തുടര്‍ന്ന് 50 രൂപയുടെ ഇരട്ടിയായാല്‍ മാത്രമേ (100%) പഴയ 100 രൂപയിലേക്ക് ഓഹരി വില വളരുകയുള്ളൂ എന്ന തത്വം ഓര്‍ക്കുക. നഷ്ടം സംഭവിച്ചാല്‍ സ്വന്തം മൂലധനം കുറഞ്ഞുവരികയും നമ്മുടെ നിക്ഷേപത്തിന്റെ ലാഭക്ഷമത കുറയുകയും ചെയ്യും. അതിനാല്‍ കൃത്യമായ മണി മാനേജ്‌മെന്റിലൂടെ മാത്രമേ പിടിച്ചുനില്‍ക്കാന്‍ കഴിയുകയുള്ളൂ. അതിനായി താഴെപ്പറയുന്ന തന്ത്രങ്ങള്‍ പ്രയോഗിക്കാം.

Risk Reward Ratio

ലാഭത്തിനും (Reward) നഷ്ടത്തിനും (Risk) തമ്മിലുള്ള സാധ്യതകളുടെ അനുപാതമാണ് റിസ്‌ക് റിവാര്‍ഡ് റേഷ്യോ.

ഉദാഹരണമായി റിസ്‌ക് റിവാര്‍ഡ് റേഷ്യോ 1:2 അനുപാതത്തില്‍ ആണെങ്കില്‍ 2,000 രൂപയുടെ ലാഭത്തിനായി 1,000 രൂപയുടെ നഷ്ടം സഹിക്കാന്‍ തയാറാണ് എന്നുള്ളതാണ്. അതായത് 2,000 രൂപ ലാഭം ലക്ഷ്യം വെയ്ക്കുമ്പോള്‍ 1,000 രൂപ നഷ്ടം സംഭവിച്ചാല്‍ കുഴപ്പമില്ല എന്ന് വിചാരിക്കണം.

Stop Loss Order

ഓഹരികളില്‍ കൃത്യമായ സ്റ്റോപ്‌ലോസ് വെച്ച് മാത്രം ട്രേഡ് ചെയ്താല്‍ പരിമിതമായ നഷ്ടമേ സംഭവിക്കുകയുള്ളൂ. ട്രേഡിന് മുന്നേ പരമാവധി എത്ര നഷ്ടം വരും എന്ന് അറിയാനാകും.

* ലാഭം എടുക്കുക: ഓഹരികളില്‍ ടാര്‍ഗറ്റ് ചെയ്ത ലാഭം ലഭ്യമാകുമ്പോള്‍ എടുക്കാന്‍ മറക്കാതിരിക്കുക. അവിടെ അത്യാഗ്രഹം കാണിച്ചാല്‍ ഉള്ള ലാഭവും നഷ്ടപ്പെടാം.

* ഓവര്‍ ട്രേഡ് ചെയ്യാതിരിക്കുക: ലാഭമുണ്ടായാലും നഷ്ടം ഉണ്ടായാലും അമിതമായി ട്രേഡ് ചെയ്യരുത്. ലാഭമുണ്ടായാല്‍ ഇനി കൂടുതല്‍ ലാഭം ഉണ്ടാക്കാനും നഷ്ടമുണ്ടായാല്‍ നഷ്ടം നികത്താനുമായി ഓവര്‍ ട്രേഡ് ചെയ്യരുത്.

എന്തുകൊണ്ടാണ് ഏതെങ്കിലും ഒരു ഓഹരിയില്‍ മുഴുവന്‍ പണവും നിക്ഷേപിക്കരുത് എന്ന് പറയുന്നത്?

നമ്മുടെ മുഴുവന്‍ പണവും ഏതെങ്കിലും ഒരു കമ്പനിയില്‍ നിക്ഷേപിച്ചാല്‍, വിപണി മോശമാകുന്ന സമയത്ത് ആ കമ്പനിയുടെ ഓഹരി വില ഇടിഞ്ഞാല്‍ നമ്മുടെ മുഴുവന്‍ നിക്ഷേപവും നഷ്ടപ്പെടും. അതുകൊണ്ടു തന്നെ നമ്മുടെ മൂലധനം വ്യത്യസ്ത കമ്പനികളുടെ ഓഹരികളില്‍ വിഭജിച്ച് നിക്ഷേപിക്കുന്നതാണ് ഓഹരി വിപണിയിലെ വിജയതത്വം. ഇതിനെ വൈവിധ്യവല്‍ക്കരണം (Diversification) എന്നാണ് പറയുക. ഇത് എപ്പോഴും മിതമായ രീതിയില്‍ ചെയ്യുന്നതാവും അഭികാമ്യം.

അമിതമായ വൈവിധ്യവല്‍ക്കരണം ഗുണം ചെയ്യില്ല. സ്വന്തം മൂലധനത്തിന്റെ അടിസ്ഥാനത്തിലാണ് എത്ര ഓഹരികളിലേക്കായി വേണം മൂലധനം വിഭജിക്കാന്‍ എന്ന് തീരുമാനിക്കേണ്ടത്.

ഉദാഹരണമായി ആകെ ഒരുലക്ഷം രൂപ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്ന ഒരു നിക്ഷേപകന് നാല് അല്ലെങ്കില്‍ അഞ്ച് കമ്പനികളിലായി നിക്ഷേപം നടത്താവുന്നതാണ്. 10 ലക്ഷം രൂപ നിക്ഷേപം നടത്തുന്നയാള്‍ക്ക് 10 മുതല്‍ 15 കമ്പനികളില്‍ നിക്ഷേപിക്കാം.

സാധാരണ റീറ്റെയ്ല്‍ നിക്ഷേപകര്‍ 10-15 കമ്പനികളിലായി പണം നിക്ഷേപിക്കുന്നതാണ് നല്ലത്. 15 കമ്പനികള്‍ക്ക് മുകളില്‍ പണം നിക്ഷേപിച്ചാല്‍, ഉദാഹരണത്തിന് 50 കമ്പനികളില്‍ നിക്ഷേപം ഇറക്കിയാല്‍ മാര്‍ക്കറ്റ് ഉയരുന്ന ദിവസങ്ങളില്‍ 30-35 ഓഹരികളുടെ വില ഉയരുകയും 10-15 കമ്പനികളുടെ വില ഇടിയുകയും ചെയ്താല്‍ പോര്‍ട്ട്‌ഫോളിയോയിലുണ്ടായ നേട്ടത്തിന്റെ ഗുണം കുറയാനും ഇടയാക്കും. ഇനി വളരെ കുറച്ച് കമ്പനികളില്‍ നിക്ഷേപിച്ചാല്‍ ആ കമ്പനികളുടെ ഓഹരി വില ഇടിഞ്ഞാല്‍ വന്‍ നഷ്ടം സംഭവിക്കാനും ഇടയുണ്ട്. മിതമായ രീതിയില്‍ വൈവിധ്യവല്‍ക്കരണം നടത്തുക വഴി നിക്ഷേപത്തിന് കൃത്യമായ ബാലന്‍സിംഗ് കിട്ടുകയും സ്വന്തം നിക്ഷേപത്തെ കൃത്യമായ രീതിയില്‍ വീക്ഷിക്കാനും സാധിക്കും.

(Originally published in Dhanam Magazine October 15, 2025 issue.)

Effective money management strategies to minimize losses and enhance profits in the stock market.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT