ആഗോള വിപണിയിലേക്ക് പ്രവേശിക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ റീട്ടെയിൽ നിക്ഷേപകർക്ക് ഒരു സന്തോഷ വാർത്ത. രാജ്യത്തെ പ്രഥമ ഇന്റർനാഷണൽ ഫിനാൻഷ്യൽ സർവീസസ് സെന്റർ (IFSC) ആയ ഗിഫ്റ്റ് സിറ്റി വഴി, അന്താരാഷ്ട്ര നിക്ഷേപ അവസരങ്ങൾ ഒരുക്കുന്നതിനായി ഇന്ത്യയിലെ പ്രമുഖ ബ്രോക്കറേജ് സ്ഥാപനങ്ങളായ സീറോധ (Zerodha), ഗ്രോ (Groww), ഏഞ്ചൽ വൺ (Angel One), അപ്‌സ്റ്റോക്സ് (Upstox) എന്നിവയ്ക്ക് ഐ.എഫ്.എസ്.സി.എയുടെ റെഗുലേറ്ററി അനുമതി ലഭിച്ചു. ഇതോടെ ആഭ്യന്തര ബ്രോക്കറേജ് സ്ഥാപനങ്ങൾ വഴി, നേരിട്ട് യു.എസ് ഓഹരികളിൽ ഉൾപ്പെടെയുള്ള ആഗോള നിക്ഷേപം വ്യാപിപ്പിക്കുന്നതിനായി ഇന്ത്യൻ നിക്ഷേപകർക്ക് കൂടുതൽ അവസരങ്ങളൊരുങ്ങുകയാണ്.
ഗിഫ്റ്റ് സിറ്റിയുടെ നിയന്ത്രണ ചട്ടക്കൂടിന് കീഴിൽ നാല് ബ്രോക്കറേജ് സ്ഥാപനങ്ങളേയും ഗ്ലോബൽ ആക്‌സസ് പ്രൊവൈഡർമാരായി (GAP) ഇന്റർനാഷണൽ ഫിനാൻഷ്യൽ സർവീസസ് സെന്റർസ് അതോറിറ്റി (ഐ.എഫ്.എസ്.സി.എ) അംഗീകരിച്ചു. അന്താരാഷ്ട്ര ക്ലിയറിങ് സ്ഥാപനങ്ങളുമായും യു.എസ് ബ്രോക്കറേജ് സ്ഥാപനങ്ങളുമായും സഹകരിച്ച് വിദേശ വിപണിയിൽ ട്രേഡിംഗ് നടത്താൻ ഈ അനുമതി ബ്രോക്കർമാരെ സഹായിക്കും. ഇതിലൂടെ ഇന്ത്യൻ നിക്ഷേപകർക്ക് തങ്ങൾ ഉപയോഗിക്കുന്ന ഇൻവെസ്റ്റിംഗ് പ്ലാറ്റ്‌ഫോമുകളിലൂടെ തന്നെ നിയമപരമായ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സുരക്ഷിതമായി വിദേശ വിപണികളിൽ നിന്നും ഓഹരികൾ വാങ്ങാൻ സാധിക്കും.
ഇപ്പോൾ അനുമതി ലഭിച്ച നാല് ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പ്ലാറ്റ്‌ഫോമുകളിലും നിലവിൽ സാങ്കേതിക തയാറെടുപ്പുകളും പരിശോധനകളും നടക്കുകയാണ്. ഐ.എഫ്.എസ്.സി.എയുടെ നിയമപരമായ മാനദണ്ഡങ്ങൾ ഉറപ്പാക്കുന്നതിനുള്ള അവസാനവട്ട നടപടികളിലാണ് കമ്പനികൾ. വരുന്ന 2-3 മാസങ്ങൾക്കകം സേവനങ്ങൾ നിക്ഷേപകരിലേക്ക് എത്തുമെന്നാണ് കരുതുന്നത്.
അതേസമയം അന്താരാഷ്ട്ര വിപണിയിലെ നിക്ഷേപങ്ങളിൽ നിശ്ചിത വാർഷിക പരിധിക്ക് മുകളിലുള്ള തുകയ്ക്ക് ടി.സി.എസ് (Tax Collected at Source) ബാധകമായേക്കാം. കൂടാതെ, ഓഹരികൾ കൈവശം വെക്കുന്ന കാലയളവ് അനുസരിച്ച് ഹ്രസ്വകാല അല്ലെങ്കിൽ ദീർഘകാല മൂലധന നേട്ട നികുതിയും ചുമത്തും. നിലവിലുള്ള വിദേശ നിക്ഷേപങ്ങളുടെ നികുതി ഘടനയ്ക്ക് സമാനമായിരിക്കും ഇതെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടിയത്.
എഐ ഇൻഫ്രാസ്ട്രക്ചർ, സെമികണ്ടക്ടറുകൾ, ബഹിരാകാശ സാങ്കേതികവിദ്യ തുടങ്ങി ആഭ്യന്തര വിപണിയിൽ വലിയ പ്രാതിനിധ്യമില്ലാത്ത അത്യാധുനിക സെക്ടറുകളിലും നിക്ഷേപിക്കാൻ ഇന്ത്യൻ റീട്ടെയിൽ നിക്ഷേപകർ ഇപ്പോൾ വലിയ താത്പര്യം കാണിക്കുന്നുണ്ട്. ആഗോള തലത്തിൽ പ്രകടമാകുന്ന ഇൻവെസ്റ്റിങ് ട്രെൻഡിന്റെ സ്വാധീനം കൂടിയാണിത്.
നിലവിൽ ഏതാനും പ്ലാറ്റ്‌ഫോമുകൾ മുഖേന വിദേശ വിപണിയിലെ ഓഹരി നിക്ഷേരത്തിന് അവസരമുണ്ടെങ്കിലും സീറോധ, ഗ്രോ തുടങ്ങിയ രാജ്യത്തെ മുൻനിര ബ്രോക്കറേജ് സ്ഥാപനങ്ങളുടെ കടന്നുവരവോടെ അന്താരാഷ്ട്ര വിപണിയിലേക്കുള്ള പ്രവേശനം കൂടുതൽ എളുപ്പമാകും. ഇത് ഭാവിയിൽ ഓഹരി വിപണിയിൽ സജീവമായി ഇടപെടുന്ന റീട്ടെയിൽ നിക്ഷേപകർക്കിടയിൽ ആഭ്യന്തര-വിദേശ കമ്പനികളുടെ ഓഹരികൾ ഒത്തുചേർത്തുള്ള സംയോജിത പോർട്ട്‌ഫോളിയോ കെട്ടിപ്പടുക്കാൻ സഹായകരമാകുമെന്നും അനലിസ്റ്റുകൾ വിലയിരുത്തുന്നു.