Morning business news canva
Markets

വിപണികളില്‍ ആശങ്ക; രൂപ വീണ്ടും താഴുമെന്നു ഭീതി; റിസര്‍വ് ബാങ്ക് പലിശ കുറയ്ക്കുമോ? തീരുമാനം നാളെ; സ്വര്‍ണം ചാഞ്ചാടുന്നു

രൂപ കുറച്ചു കൂടി താഴട്ടെ എന്ന നിലപാടിലാണു റിസര്‍വ് ബാങ്കും ഗവണ്മെന്റും എന്നാണു സൂചന

T C Mathew

രൂപയുടെ തകര്‍ച്ചയും വിദേശനിക്ഷേപകരുടെ പിന്മാറ്റവും തുടരുന്നു. ഇത് ഇന്ത്യന്‍ വിപണിയെ വീണ്ടും താഴ്ത്താം. ഇന്നലെ യുഎസ് വിപണിയും ഇന്നു ജാപ്പനീസ് വിപണിയും നേട്ടത്തിലായി. എങ്കിലും വിപണിആശങ്കയിലാണ്. രൂപ കുറച്ചു കൂടി താഴട്ടെ എന്ന നിലപാടിലാണു റിസര്‍വ് ബാങ്കും ഗവണ്മെന്റും എന്നാണു സൂചന.

ഇന്നാരംഭിക്കുന്ന റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്റെ സന്ദര്‍ശനം ഇന്ത്യ- യുഎസ് വ്യാപാര കരാര്‍ ഉണ്ടാകുന്നതിനു തടസമാകുമോ എന്നു വിപണിയില്‍ ഭയപ്പാടുണ്ട്. രണ്ടു ഡസനിലധികം കരാറുകള്‍ റഷ്യയുമായി ഒപ്പുവയ്ക്കും. യുദ്ധവിമാനങ്ങളും മിസൈല്‍ പ്രതിരോധ സംവിധാനങ്ങളും വാങ്ങുന്നതിനു കരാര്‍ ഉണ്ടാകും.

റിസര്‍വ് ബാങ്കിന്റെ പണനയ കമ്മിറ്റി ഇന്നലെ യോഗം തുടങ്ങി നാളെ രാവിലെ പത്തിനു ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര തീരുമാനം പ്രഖ്യാപിക്കും. റീപോ നിരക്ക് 0.25 ശതമാനം കുറയ്ക്കുന്നതിന് 50 ശതമാനം സാധ്യതയാണു നിരീക്ഷകര്‍ കാണുന്നത്.

ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തില്‍ നിഫ്റ്റി ബുധനാഴ്ച രാത്രി 26,097.50 ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 26,104 വരെ കയറിയിട്ട് 26,060 ലേക്ക് ഇടിഞ്ഞു. ഇന്ത്യന്‍ വിപണി ഇന്നും താഴ്ന്നു വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.

യൂറോപ്പ് കയറിയും ഇറങ്ങിയും

യൂറോപ്യന്‍ വിപണികള്‍ ഇന്നലെയും പല ദിശകളില്‍ നീങ്ങി. ജര്‍മന്‍, യുകെ സൂചികകള്‍ താഴ്ന്നു. ഫ്രഞ്ച് സൂചിക കയറി. സ്പാനിഷ് ഫാഷന്‍ ബ്രാന്‍ഡ് സാറയുടെ ഉടമകളായ ഇന്‍ഡിടെക്‌സ് വ്യാപാരത്തില്‍ അപ്രതീക്ഷിത വളര്‍ച്ച കാണിച്ചതോടെ ഓഹരി 10 ശതമാനം കുതിച്ചു. വില്‍പന കുറയും എന്നു മുന്നറിയിപ്പ് നല്‍കിയ ജര്‍മന്‍ ഫാഷന്‍ ബ്രാന്‍ഡ് ഹ്യൂഗാേ ബോസ് 10 ശതമാനം ഇടിഞ്ഞു.

യുഎസ് സൂചികകള്‍ കയറി

മോസ്‌കോയില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫും മരുമകന്‍ ജാറെഡ് കുഷ്‌നറും നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. എന്നാല്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകാത്തതു കൊണ്ട് വിപണികള്‍ പ്രതികരിച്ചില്ല. യുക്രെയ്‌നെ മുഴുവന്‍ സ്വന്തമാക്കാനുള്ള ശ്രമം പുടിന്‍ തുടരുമ്പോള്‍ ട്രംപിന്റെ പ്രതികരണം എന്താകും എന്നു സൂചനയില്ല.

ഇതിനിടെ ചര്‍ച്ചകള്‍ക്കിടയില്‍ മയക്കത്തിലേക്കു വീഴുന്ന ട്രംപിന്റെ ആരോഗ്യനിലയെപ്പറ്റി മാധ്യമങ്ങള്‍ ചര്‍ച്ച തുടങ്ങി. വേണ്ടത്ര ജാഗ്രത പുലര്‍ത്താന്‍ ട്രംപിനു കഴിയുന്നില്ല എന്നതു വിമര്‍ശനവിഷയമായി.

യുഎസ് വിപണി ഇന്നലെയും അല്‍പം ഉയര്‍ന്നു. നവംബറില്‍ യുഎസ് സ്വകാര്യമേഖല 32,000 തൊഴിലുകള്‍ കുറച്ചു എന്ന റിപ്പോര്‍ട്ട് പലിശ കുറയ്ക്കാന്‍ ഫെഡിനെ നിര്‍ബന്ധിതമാക്കും എന്നാണു വിപണി കരുതുന്നത്.

മൈക്രോസോഫ്റ്റ് നിര്‍മിതബുദ്ധി സാേഫ്റ്റ് വേറുകളുടെ വില്‍പനലക്ഷ്യം കുറച്ചെന്ന റിപ്പോര്‍ട്ട് ഓഹരിയെ രണ്ടര ശതമാനം താഴ്ത്തി. എന്നാല്‍ കമ്പനി റിപ്പോര്‍ട്ട് നിഷേധിച്ചു

ബുധനാഴ്ച ഡൗ ജോണ്‍സ് സൂചിക 408.44 പോയിന്റ് (0.86%) ഉയര്‍ന്ന് 47,882.90 ലും എസ് ആന്‍ഡ് പി 500 സൂചിക 20.35 പോയിന്റ് (0.30%) കയറി 6849.72 ലും നാസ്ഡാക് കോംപസിറ്റ് 40.42 പോയിന്റ് (0.17%) നേട്ടത്തോടെ 23,454.09 ലും ക്ലോസ് ചെയ്തു.

ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്‌സ് നേട്ടത്തിലാണ്. ഡൗ 0.14 ഉം എസ് ആന്‍ഡ് പി 0.05 ഉം നാസ്ഡാക് 0.03 ഉം ശതമാനം ഉയര്‍ന്നു നീങ്ങുന്നു.

ഏഷ്യ ഭിന്ന ദിശകളില്‍

ഏഷ്യന്‍ വിപണികള്‍ ഇന്നു ഭിന്ന ദിശകളിലായി. ജാപ്പനീസ് നിക്കൈ 1.2 ശതമാനം കയറി. അമേരിക്കയില്‍ ടെക് ഓഹരികള്‍ ഉയര്‍ന്നതിനെ തുടര്‍ന്നു സോഫ്റ്റ് ബാങ്ക് ആറു ശതമാനം ഉയര്‍ന്നു. ഓസ്‌ട്രേലിയന്‍ സൂചിക നേട്ടത്തിലാണ്. ദക്ഷിണ കൊറിയന്‍ കോസ്പി സൂചിക 0.50 ശതമാനം താഴ്ന്നു. ഹോങ് കോങ് സൂചിക 0.20 ശതമാനം ഉയര്‍ന്നു. ചൈനീസ് സൂചിക അല്‍പം താഴ്ന്നു.

രൂപയുടെ വീഴ്ചയില്‍ തട്ടി വിപണി

ഡോളര്‍ 90 രൂപയ്ക്കു മുകളില്‍ എത്തിയത് ഓഹരിവിപണിയെ ഉലച്ചു. രൂപയുടെ ഇടിവ് കയറ്റുമതിയെ സഹായിക്കും. എന്നാല്‍ വിദേശനിക്ഷേപകര്‍ വിപണിയില്‍ നിന്നു വിറ്റു മാറാനുളള പ്രവണത വര്‍ധിക്കും എന്ന ആശങ്കയാണു വിപണിയെ താഴ്ത്തിയത്. ഇന്നലെയും അവര്‍ വലിയ വില്‍പനക്കാരായിരുന്നു. എങ്കിലും വിപണി തിരിച്ചു കയറി നാമമാത്ര നഷ്ടത്തില്‍ അവസാനിച്ചു. ഐടി, സ്വകാര്യ ബാങ്ക് മേഖലകളുടെ മുന്നേറ്റമാണ് മുഖ്യ സൂചികകളെ ഉയര്‍ത്തിയത്. പാെതുമേഖലാ ബാങ്കുകളിലെ വിദേശനിക്ഷേപ പരിധി 49 ശതമാനമാക്കും എന്ന റിപ്പോര്‍ട്ട് ഗവണ്മെന്റ് തള്ളിക്കളഞ്ഞതോടെ അവ കുത്തനേ ഇടിഞ്ഞു. പൊതുമേഖലാ ബാങ്ക് സൂചിക 3.07 ശതമാനം വീണു. ഇന്നലെ വിശാലവിപണി കൂടുതല്‍ ദുര്‍ബലമായിരുന്നു. മിഡ് ക്യാപ് സൂചിക ഒരു ശതമാനത്തോളം ഇടിഞ്ഞു, സ്മാേള്‍ ക്യാപ് മുക്കാല്‍ ശതമാനത്തോളവും.

അമേരിക്കയുമായി വ്യാപാരകരാര്‍ ഉണ്ടാകുന്നതു വരെ രൂപ താഴ്ച തുടരും എന്നാണു വിപണി കരുതുന്നത്. റഷ്യന്‍ പ്രസിഡന്റ് ഇന്ത്യയില്‍ വരുന്നതിന്റെ തലേന്നു രൂപ വലിയ ഇടിവ് കാണിച്ചത് ശ്രദ്ധേയമാണ്. റഷ്യയുമായി നിരവധി കരാറുകള്‍ ഇന്ത്യ ഒപ്പുവയ്ക്കും. പക്ഷേ വിപണി അവയെപ്പറ്റി അധികം ആവേശം കൊള്ളുന്നില്ല.

ഇന്നലെ നിഫ്റ്റിയും സെന്‍സെക്‌സും താഴ്ന്നു വ്യാപാരം തുടങ്ങിയിട്ടു കൂടുതല്‍ താഴ്ന്നു, ഒടുവില്‍ കയറി. നിഫ്റ്റി 25,891 വരെയും സെന്‍സെക്‌സ് 84,763 വരെയും ഇടിഞ്ഞതാണ്.

വിദേശനിക്ഷേപകര്‍ ബുധനാഴ്ച 3206.92 കോടി രൂപയുടെ അറ്റവില്‍പന നടത്തി. സ്വദേശി ഫണ്ടുകള്‍ 4730.41 കോടി രൂപയുടെ അറ്റ വാങ്ങല്‍ നടത്തി.

ഐടി, മീഡിയ, സ്വകാര്യ ബാങ്ക്, ധനകാര്യ സേവന മേഖലകള്‍ ഉയര്‍ന്നു. പൊതുമേഖലാബാങ്ക്, ഓട്ടോ, എഫ്എംസിജി, മെറ്റല്‍, റിയല്‍റ്റി, ഹെല്‍ത്ത് കെയര്‍, ഓയില്‍, കണ്‍സ്യൂമര്‍ ഡ്യുറബിള്‍സ്, പ്രതിരോധം, ടൂറിസം, കാപ്പിറ്റല്‍ മാര്‍ക്കറ്റ് മേഖലകള്‍ ഇടിഞ്ഞു.

ബുധനാഴ്ച സെന്‍സെക്‌സ് 31.46 പോയിന്റ് (0.04%) താഴ്ന്ന് 85,106.81 ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 46.20 പോയിന്റ് (0.18%) കുറഞ്ഞ് 25,986.00 ല്‍ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 74.45 പോയിന്റ് (0.13%) ഉയര്‍ന്ന് 59,348.25 ല്‍ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 594.80 പോയിന്റ് (0.98%) നഷ്ടത്തോടെ 60,315.65 ലും സ്‌മോള്‍ ക്യാപ് 100 സൂചിക 127.00 പോയിന്റ് (0.71%) താഴ്ന്ന് 17,649.45 ലും അവസാനിച്ചു.

വിശാലവിപണിയില്‍ കയറ്റ - ഇറക്ക അനുപാതം ഇറക്കത്തിന് അനുകൂലമായി തുടര്‍ന്നു. ബിഎസ്ഇയില്‍ 1396 ഓഹരികള്‍ ഉയര്‍ന്നപ്പോള്‍ 2767 എണ്ണം താഴ്ന്നു. എന്‍എസ്ഇയില്‍ 1046 ഓഹരികള്‍ കയറി, 2065 എണ്ണം താഴ്ന്നു.

എന്‍എസ്ഇയില്‍ 38 ഓഹരികള്‍ 52 ആഴ്ചയിലെ ഉയര്‍ന്ന വിലയില്‍ എത്തിയപ്പോള്‍ 241 എണ്ണം താഴ്ന്ന വിലയില്‍ എത്തി. എട്ട് ഓഹരികള്‍ അപ്പര്‍ സര്‍കീട്ടില്‍ എത്തിയപ്പോള്‍ മൂന്നെണ്ണം ലോവര്‍ സര്‍കീട്ടില്‍ എത്തി.

വീണ്ടും താഴ്ന്ന വിപണി 25,900 നു മുകളില്‍ നിന്നതു പ്രതീക്ഷ ഉണര്‍ത്തുന്നതായി ബുള്ളുകള്‍ കരുതുന്നു. എന്നാല്‍ ഇനിയും ഇടിഞ്ഞ് 25,850 നു താഴേക്കു കൊണ്ടു പോകാനുള്ള സാധ്യതയാണ് സാങ്കേതിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഇന്നു നിഫ്റ്റിക്ക് 25,910 ലും 25,870 ലും പിന്തുണ പ്രതീക്ഷിക്കാം. 26,050 ലും 26,150 ലും പ്രതിരോധം നേരിടും.

കമ്പനികള്‍, വാര്‍ത്തകള്‍

അപ്രതീക്ഷിത കാരണങ്ങളാല്‍ ഇന്‍ഡിഗോ രണ്ടു ദിവസം കൊണ്ട് 300 ലധികം ഫ്‌ളൈറ്റുകള്‍ കാന്‍സല്‍ ചെയ്തു കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കാന്‍സലേഷന്‍ ആണ് ഇത്.

ജപ്പാനിലെ ജെഎഫ്ഇ സ്റ്റീല്‍, ജെഎസ്ഡബ്ല്യു സ്റ്റീലുമായി സംയുക്ത കമ്പനി ഉണ്ടാക്കി 15,750 കോടി രൂപ മുതല്‍ മുടക്കും. ജെഎസ്ഡബ്ല്യു വാങ്ങിയ ഭൂഷണ്‍ പവര്‍ ആന്‍ഡ് സ്റ്റീല്‍ ഏറ്റെടുത്തു നടത്താനാണ് സംയുക്ത കമ്പനി. ഇതു വഴി ജെഎസ്ഡബ്ല്യു സ്റ്റീലിന്റെ കടം 37,000 കോടി രൂപ കണ്ട് കുറയും. ജെഎസ്ഡബ്ല്യു സ്റ്റീലില്‍ ജെഎഫ്ഇക്ക് 15 ശതമാനം ഓഹരി ഉണ്ട്.

നേരത്തേ ഫ്‌ലിപ് കാര്‍ട്ടില്‍ ആയിരുന്ന ജയേന്ദ്രന്‍ വേണുഗാേപാലിനെ റിലയന്‍സ് റീട്ടെയില്‍ പ്രസിഡന്റും സിഇഒയുമായി നിയമിച്ചു.

സ്വര്‍ണം ചാഞ്ചാടുന്നു

സ്വര്‍ണവും വെള്ളിയും ചാഞ്ചാട്ടം തുടരുന്നു. നവംബറില്‍ യുഎസ് സ്വകാര്യതൊഴില്‍ സംഖ്യ കുറഞ്ഞെന്ന റിപ്പോര്‍ട്ട് അടുത്ത ആഴ്ച ഫെഡറല്‍ റിസര്‍വ് പലിശ കുറയ്ക്കും എന്ന പ്രതീക്ഷയെ ശക്തമാക്കി. സ്വര്‍ണം ഇന്നലെ ഔണ്‍സിന് 4243 ഡോളറില്‍ നിന്ന് 4193 ഡോളര്‍ വരെ താഴ്ന്നിട്ടു തിരിച്ചു കയറി 4204.10 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 4217 ഡോളര്‍ വരെ ഉയര്‍ന്നിട്ട് 4200 ഡോളറിലേക്കു വീണു. അവധിവില ഇന്നലെ 4234 ഡോളര്‍ വരെ താഴ്ന്നത് ഇന്ന് 4245 ആയി കയറി. പിന്നെ താഴ്ന്നു.

കേരളത്തില്‍ 22 കാരറ്റ് പവന് 520 രൂപ വര്‍ധിച്ച് 95,760 രൂപയായി.

വെള്ളി സ്‌പോട്ട് വിപണിയില്‍ ഇന്നലെ 59.02 ഡോളര്‍ വരെ കയറിയിട്ടു താഴ്ന്ന് ഔണ്‍സിന് 58.55 ഡോളറില്‍ ക്ലോസ് ചെയ്തു. രാവിലെ 58.71 ഡോളറിലേക്കു കയറി. അവധിവില 59.12 ഡോളര്‍ ആയി.

പ്ലാറ്റിനം 1670 ഡോളര്‍, പല്ലാഡിയം 1438 ഡോളര്‍, റോഡിയം 7800 ഡോളര്‍ എന്നിങ്ങനെയാണു വ്യാഴാഴ്ച രാവിലെ വില.

സ്വര്‍ണ ഡിമാന്‍ഡ് കുറയുന്നില്ല. ഒക്ടോബറില്‍ കേന്ദ്രബാങ്കുകള്‍ 53 ടണ്‍ സ്വര്‍ണം വാങ്ങി. സെപ്റ്റംബറിലേക്കാള്‍ 36 ശതമാനം കൂടുതലാണിത്. ഈ വര്‍ഷം ഒക്ടോബര്‍ വരെ കേന്ദ്രബാങ്കുകള്‍ 254 ടണ്‍ സ്വര്‍ണം വാങ്ങിയിട്ടുണ്ട്. റഷ്യന്‍ കേന്ദ്രബാങ്ക് ഒക്ടോബറില്‍ മൂന്നു ടണ്‍ സ്വര്‍ണം വിറ്റു.

വെള്ളി കുതിപ്പ് തുടരുമെന്ന്

വെള്ളിക്കും ആവശ്യം വര്‍ധിച്ചുവരികയാണ്. ഇന്ത്യയാണു വലിയ വാങ്ങല്‍ രാജ്യം. ഒക്ടോബറില്‍ ഇന്ത്യ 1700 ടണ്‍ വെള്ളി വാങ്ങി. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലേതിന്റെ നാലിരട്ടി ആണിത്. റെക്കോര്‍ഡ് കുറിച്ച് ഓണ്‍സിന് 59 ഡോളര്‍ വരെ എത്തിയ വെള്ളിവില 75 ഡോളര്‍ വരെ കയറുമെന്നാണു വിപണിയിലെ സംസാരം. ഈ വര്‍ഷം ഇതുവരെ വെള്ളിവില 100 ശതമാനം ഉയര്‍ന്ന് ഇരട്ടിച്ചിരിക്കുകയാണ്. 1979 നു ശേഷം ഇത്രയും കയറ്റം ഇതാദ്യമാണ്. വെള്ളിയുടെ 100 ഇരട്ടിയില്‍ നിന്നു സ്വര്‍ണവില 72 ഇരട്ടിയായി കുറഞ്ഞു. നാലു വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ അനുപാതമാണിത്.

ലോഹങ്ങള്‍ പല വഴി

വ്യാവസായിക ലോഹങ്ങള്‍ രണ്ടാം ദിവസവും ഭിന്നദിശകളില്‍ നീങ്ങി. ചെമ്പ് ഇന്നലെ 136 ശതമാനം കയറി ടണ്ണിന് 11,436.15 ഡോളറില്‍ ക്ലാേസ് ചെയ്തു. അലൂമിനിയം 0.62 ശതമാനം ഉയര്‍ന്നു ടണ്ണിന് 2891.59 ഡോളറില്‍ അവസാനിച്ചു. നിക്കലും ലെഡും സിങ്കും താഴ്ന്നു. ടിന്‍ ഉയര്‍ന്നു.

റബര്‍ വില രാജ്യാന്തര വിപണിയില്‍ 0.29 ശതമാനം ഉയര്‍ന്നു കിലോഗ്രാമിന് 172.40 സെന്റ് ആയി. കൊക്കോ 0.04 ശതമാനം ഉയര്‍ന്നു ടണ്ണിന് 5402.92 ഡോളറില്‍ എത്തി. കാപ്പി വില 0.31 ശതമാനം താഴ്ന്നു. തേയില വില മാറ്റമില്ലാതെ തുടര്‍ന്നു. പാമാേയില്‍ 0.10 ശതമാനം താഴ്ന്നു.

ഡോളര്‍ സൂചിക ഇടിഞ്ഞു

ഡോളര്‍ സൂചിക ഇന്നലെ അര ശതമാനം ഇടിഞ്ഞ് 98.85 ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 98.96 ലേക്കു കയറി.

ഡോളര്‍ വിനിമയ നിരക്ക് താഴ്ന്നു. യൂറോ 1.1661 ഡോളറിലേക്കും പൗണ്ട് 1.334 ഡോളറിലേക്കും കയറി. ജാപ്പനീസ് യെന്‍ ഒരു ഡോളറിന് 155.10 യെന്‍ ആയി ഉയര്‍ന്നു.

യുഎസ് ഡോളര്‍ 7.06 യുവാന്‍ എന്ന നിരക്കിലേക്ക് താഴ്ന്നു. സ്വിസ് ഫ്രാങ്ക് 0.7997 ഡോളറിലായി.

യുഎസില്‍ കടപ്പത്ര വിലകള്‍ കുറഞ്ഞു. 10 വര്‍ഷ കടപ്പത്രങ്ങളിലെ നിക്ഷേപ നേട്ടം 4.077 ശതമാനമായി കയറി.

ഡോളര്‍ @ 90.20 രൂപ; ഇനിയും കയറും

നിര്‍ണായക നിരക്കായ 90 രൂപയ്ക്കു മുകളിലേക്കു ഡോളര്‍ കടന്നു. ഈ വര്‍ഷം ഡോളറുമായുളള വിനിമയ നിരക്കില്‍ രൂപ ഇതുവരെ 5.08 ശതമാനം ഇടിഞ്ഞു. ഇന്നലെയും റിസര്‍വ് ബാങ്ക് ചെറിയ ഇടപെടലേ നടത്തിയുള്ളൂ. ഡോളര്‍ 89.97 രൂപയില്‍ ഓപ്പണ്‍ ചെയ്ത ശേഷം ആദ്യം 90.12 രൂപ വരെ കയറി. അവിടെ നിന്ന് 89.98 വരെ താഴ്ന്ന ശേഷം വീണ്ടും കയറി 90.29 രൂപയില്‍ എത്തി. 90.20 രൂപയില്‍ ക്ലോസ് ചെയ്തു. രൂപ ഇന്നും താഴും എന്നും താമസിയാതെ 91-92 രൂപയ്ക്കിടയില്‍ ആകുമെന്നും സംസാരമുണ്ട്.

രൂപ ഇടിയുന്നതിനെ സര്‍ക്കാരും റിസര്‍വ് ബാങ്കും അനുകൂലിക്കുന്നു എന്നാണു കരുതപ്പെടുന്നത്. രൂപാവിലയെ ഓര്‍ത്ത് താന്‍ ഉറക്കമിളയ്ക്കുന്നില്ല എന്നാണു മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അനന്ത നാഗേശ്വരന്‍ ഇന്നലെ പറഞ്ഞത്. അടുത്ത വര്‍ഷം രൂപ തിരിച്ചുകയറും എന്നും അദ്ദേഹം പറഞ്ഞു. രൂപയെപ്പറ്റി ധനമന്ത്രിയോ റിസര്‍വ് ബാങ്ക് ഗവര്‍ണറോ ഒന്നും പറഞ്ഞിട്ടില്ല. തീരുവയുദ്ധം മൂലം ഇടിഞ്ഞ കയറ്റുമതി വര്‍ധിപ്പിക്കാനുള്ള ശ്രമമാണ് വിലയിടിക്കലില്‍ കാണുന്നത്. അതു വിജയിക്കും എന്ന് ഉറപ്പില്ല. കാരണം ചൈനീസ് ഉല്‍പാദകര്‍ കൂടുതല്‍ വില കുറയ്ക്കും.

ഇന്ത്യ - യുഎസ് വ്യാപാരകരാര്‍ ഉണ്ടാകാത്തതാണു കാതലായ വിഷയം. കനത്ത തീരുവ മൂലം കയറ്റുമതി കുറഞ്ഞു. അതു വാണിജ്യ കമ്മിയും കറന്റ് അക്കൗണ്ട് കമ്മിയും വര്‍ധിപ്പിക്കുന്നു. ഇതേ സമയം വിദേശികള്‍ രാജ്യത്തു നിന്നു മൂലധനനിക്ഷേപം പിന്‍വലിക്കുന്നുമുണ്ട്. സാധാരണ കറന്റ് അക്കൗണ്ട് കമ്മി നികത്തുന്നത് മൂലധന കണക്കിലെ മിച്ചം കൊണ്ടാണ്. ഇപ്പോള്‍ മൂലധന കണക്കും കമ്മിയാണ്. വിദേശനിക്ഷേപകര്‍ വലിയ തോതില്‍ തിരിച്ചു വരികയോ വ്യാപാരകരാര്‍ ഉണ്ടാക്കുകയോ ചെയ്താലേ രൂപയ്ക്കു കയറ്റം കിട്ടൂ.

ചൈനയുടെ കറന്‍സി യുവാന്‍ ബുധനാഴ്ച 12.77 രൂപയിലേക്കു കയറി.

ക്രൂഡ് ഓയില്‍ ഉയര്‍ന്നു

യുക്രെയ്ന്‍ സമാധാന ചര്‍ച്ച പരാജയപ്പെട്ടതാേടെ ക്രൂഡ് ഓയില്‍ ഉയര്‍ന്നു. ബ്രെന്റ് ഇനം ക്രൂഡ് ഇന്നലെ 62.67 ഡോളറില്‍ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ ബ്രെന്റ് ഇനം 62.86 ഡോളറിലും ഡബ്‌ള്യുടിഐ ഇനം 59.17 ലും യുഎഇയുടെ മര്‍ബന്‍ ക്രൂഡ് 64.55 ലും എത്തി. പ്രകൃതിവാതക വില വര്‍ധിച്ച് 4.996 ഡോളര്‍ ആയി.

ക്രിപ്‌റ്റോകള്‍ ഉയര്‍ന്നു

ഇന്നലെ തുടക്കത്തില്‍ വലിയ കയറ്റം നടത്തിയ ക്രിപ്‌റ്റോ കറന്‍സികള്‍ നേട്ടം തുടര്‍ന്നു. എന്നാല്‍ കയറ്റത്തിനു വേഗം കുറഞ്ഞു. ബിറ്റ് കോയിന്‍ 93,400 ഡോളറിനു മുകളില്‍ എത്തി. ഈഥര്‍ എട്ടു ശതമാനം ഉയര്‍ന്ന് 3220 ഡോളറിനു മുകളില്‍ നില്‍ക്കുന്നു. സൊലാന അഞ്ചു ശതമാനം കയറി 145 ഡോളറിനു മുകളിലായി.

വിപണിസൂചനകള്‍

(2025 ഡിസംബര്‍ 03, ബുധന്‍)

സെന്‍സെക്‌സ് 85,106.81 -0.04%

നിഫ്റ്റി50 25,986.00 -0.18%

ബാങ്ക് നിഫ്റ്റി 59,348.25 +0.13%

മിഡ്ക്യാപ്100 60,315.65 -0.98%

സ്‌മോള്‍ക്യാപ്100 17,649.45 -0.71%

ഡൗ ജോണ്‍സ് 47,882.90 +0.86%

എസ് ആന്‍ഡ് പി 6849.72 +0.30%

നാസ്ഡാക് 23,454.09 +0.17%

ഡോളര്‍ ₹90.20 +0.33

സ്വര്‍ണം(ഔണ്‍സ്)$4204.10 -$03.30

സ്വര്‍ണം (പവന്‍) ₹95,760 +₹520

ക്രൂഡ്ഓയില്‍ബ്രെന്റ് $62.77 +0.53

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT