Markets

വിൽപന സമ്മർദം ഇന്ത്യയിലും യു.എസിലും; വിപണികൾ ഇടിവ് തുടരും എന്ന് ആശങ്ക

പലിശ കുറയ്ക്കൽ വൈകുമെന്നു റിസർവ് ബാങ്കും

T C Mathew

വിറ്റു ലാഭമെടുക്കാനുള്ള വിൽപന സമ്മർദം ഇന്നലെ ഇന്ത്യയിലും യു.എസിലും ഓഹരികളെ ഉച്ചയ്ക്കു ശേഷം വലിയ തകർച്ചയിലാക്കി. മുഖ്യ സൂചികകൾ ഇന്നലെ റെക്കോഡ് ഉയരത്തിൽ എത്തിയ ശേഷമാണ് ഇന്ത്യൻ വിപണി ഇടിഞ്ഞത്. അപ്രതീക്ഷിത തകർച്ച ഇന്നും തുടരുമോ എന്നു വിപണി ഭയപ്പെടുന്നു. അമേരിക്കൻ വിപണിയുടെ ഇടിവും ഏഷ്യൻ വിപണികൾ ഇന്നു താഴ്ന്നതും ആശങ്ക വളർത്തുന്നു. റിസർവ് ബാങ്ക് പലിശ കുറയ്ക്കൽ വെെകിയേ ആരംഭിക്കു എന്ന സൂചനയും ബാങ്കുകൾക്കും എൻ.ബി.എഫ്,സികൾക്കും പുതിയ ആർ.ബി.ഐ നടപടി വലിയ ബാധ്യത വരുത്തും എന്നതും വിപണിയെ ദുർബലമാക്കുന്ന കാര്യങ്ങളാണ്.

ഗുജറാത്ത് ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ബുധൻ രാത്രി ഗിഫ്റ്റ് നിഫ്റ്റി 21,257 വരെ ഉയർന്നിട്ട് 21,065ൽ ക്ലോസ് ചെയ്തു. വിപണിയുടെ തിരിച്ചു കയറ്റം പ്രതീക്ഷിച്ചവർ യു.എസ് വിപണി കുത്തനെ താണതാേടെ വീണ്ടും വിറ്റാെഴിഞ്ഞതാണു കാരണം. ഇന്നു രാവിലെ ഗിഫ്റ്റ് നിഫ്റ്റി 21,140ലേക്കു കയറി. ഇന്ത്യൻ വിപണി ഇന്നു താഴ്ന്നു വ്യാപാരം തുടങ്ങും എന്നാണു ഡെറിവേറ്റീവ് വിപണി നൽകുന്ന സൂചന.

ഇന്ത്യന്‍ വിപണി

ബുധനാഴ്ച സെന്‍സെക്‌സും നിഫ്റ്റിയും ഗണ്യമായ നേട്ടത്തോടെ വ്യാപാരം തുടങ്ങിയെങ്കിലും ഉച്ചയ്ക്കു ശേഷം കനത്ത വില്‍പന സമ്മര്‍ദത്തില്‍ വലിയ നഷ്ടത്തിലേക്കു വീണു. ബി.എസ്.ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണിമൂല്യം 8.92 ലക്ഷം കോടി രൂപ ഇടിഞ്ഞ് 350.2 ലക്ഷം കോടി രൂപയായി.

സെന്‍സെക്‌സ് ഇന്നലെ 71,913.07 വരെയും നിഫ്റ്റി 21,593 വരെയും ഉയര്‍ന്നു റെക്കോര്‍ഡ് ഇട്ട ശേഷമാണ് തകര്‍ച്ചയിലേക്കു നീങ്ങിയത്. വിപണി വേണ്ടത്ര തിരുത്തല്‍ കൂടാതെ അതിവേഗം മുന്നേറിയെന്നും അതു നിലനില്‍പില്ലാത്തതാണെന്നും കരുതുന്നവര്‍ ഓപ്ഷന്‍സില്‍ കളിച്ചതായി ചിലര്‍ കരുതുന്നു. വിദേശ നിക്ഷേപകര്‍ വരുമെന്നു കരുതിയ അവസരത്തില്‍ അവര്‍ വിറ്റൊഴിയാന്‍ ശ്രമിച്ചതും വിപണിയെ വലിച്ചു താഴ്ത്തി. ഇന്ത്യന്‍ ഓഹരികള്‍ അന്യായമായ പി.ഇ അനുപാതത്തിലാണെന്ന പ്രചാരണവും തകര്‍ച്ചയ്ക്കു വഴിയൊരുക്കി. ഇത്തരം തകര്‍ച്ചകള്‍ അസാധാരണമല്ലെന്നും മൂന്നു നാലു ദിവസം കൊണ്ടു വിപണി തിരിച്ചു കയറുമെന്നും കണക്കാക്കുന്നവര്‍ കുറവല്ല.

സെന്‍സെക്‌സ് 930.88 പോയിന്റ് (1.30%) ഇടിഞ്ഞ് 70,506.31 ലും നിഫ്റ്റി 302.95 പോയിന്റ് (1.41%) വീണ് 21,150.15 ലും വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 425.60 പോയിന്റ് (0.89%) താഴ്ന്ന് 47,445.30 ല്‍ ക്ലോസ് ചെയ്തു.

മുഖ്യ സൂചികകളെ അപേക്ഷിച്ച് മിഡ് ക്യാപ്പുകളും സ്‌മോള്‍ ക്യാപ്പുകളുമാണ് ഇന്നലെ കൂടുതല്‍ ഇടിഞ്ഞത്. വിദേശ നിക്ഷേപകര്‍ കൂടുതല്‍ പ്രവേശിക്കാത്ത ആ മേഖലയില്‍ അമിതമൂല്യനിര്‍ണയത്തെപ്പറ്റിയുള്ള ആശങ്കകളാണു കാരണം. ഈ വര്‍ഷം ഇതുവരെ നിഫ്റ്റി 16.82 ശതമാനം ഉയര്‍ന്നപ്പോള്‍ സ്‌മോള്‍ ക്യാപ് സൂചിക 39.72ഉം മിഡ് ക്യാപ് സൂചിക 48.06ഉം ശതമാനം ഉയര്‍ന്നിട്ടുണ്ട്. ഇവയില്‍ തകര്‍ച്ച ആസന്നമാണെന്നു പലയിടത്തും പ്രചാരണമുണ്ടായിരുന്നു. മിഡ് ക്യാപ് സൂചിക 3.27 ശതമാനം ഇടിഞ്ഞ് 44,024.95ലും സ്‌മോള്‍ ക്യാപ് സൂചിക 3.63 ശതമാനം തകര്‍ന്ന് 14,407.85ലും അവസാനിച്ചു.

എല്ലാ മേഖലകളും ഇന്നലെ നഷ്ടത്തില്‍ അവസാനിച്ചു. മീഡിയ 5.11 ശതമാനവും പി.എസ്.യു ബാങ്കുകള്‍ 4.04 ശതമാനവും മെറ്റല്‍ 3.82 ശതമാനവും ഇടിഞ്ഞു. ഓട്ടാേ 2.28%, റിയല്‍റ്റി 2.43%, ഹെല്‍ത്ത് കെയര്‍ 1.78%, ഐടി 1.71%, ഫാര്‍മ 1.65% തുടങ്ങിയവയും വലിയ നഷ്ടം കാണിച്ചു.

വിദേശ നിക്ഷേപ ഫണ്ടുകള്‍ ഇന്നലെ വില്‍പന വര്‍ധിപ്പിച്ചു. ക്യാഷ് വിപണിയില്‍ അവര്‍ 1322.08 കോടിയുടെ ഓഹരികള്‍ വിറ്റു. സ്വദേശി ഫണ്ടുകളും ധനകാര്യ സ്ഥാപനങ്ങളും കൂടി 4754,34 കോടിയുടെ ഓഹരികള്‍ വാങ്ങിയെങ്കിലും വിപണിഗതിയെ പിടിച്ചു നിര്‍ത്താനായില്ല.

നിഫ്റ്റി ഇന്നലെ 21,500ലെ പ്രതിരോധം മറികടന്നു വ്യാപാരം തുടങ്ങിയെങ്കിലും ഉയരത്തില്‍ പിടിച്ചു നില്‍ക്കാനായില്ല. ഇനി താഴ്ചയില്‍ നിന്നു 21,200-21,400 തടസ മേഖലകള്‍ കടന്നു വേണം 21,500ല്‍ തിരികെ എത്താന്‍. വില്‍പന സമ്മര്‍ദം തുടര്‍ന്നാല്‍ 21,000-20,800 മേഖലയിലേക്കു നിഫ്റ്റി താഴാനും ഇടയുണ്ട്. നിഫ്റ്റിക്ക് ഇന്ന് 21,085ലും 20,770ലും പിന്തുണ ഉണ്ട്. 21,475ഉം 21,770ഉം തടസങ്ങളാകാം.

എന്‍.ബി.എഫ്.സികള്‍ക്കു തിരിച്ചടി

വായ്പ കുടിശികയാകുന്നത് ഒഴിവാക്കാന്‍ കൃത്രിമമാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതു തടയാന്‍ റിസര്‍വ് ബാങ്ക് നടപടി എടുത്തത് എന്‍.ബി.എഫ്.സികള്‍ക്കു തിരിച്ചടിയായി. ബാങ്കുകള്‍ക്കും ആ നടപടികള്‍ ക്ഷീണം ഉണ്ടാക്കും. എന്‍.ബി.എഫ്.സി ഓഹരികള്‍ പത്തു ശതമാനം വരെ ഇടിഞ്ഞു. ആള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടുകള്‍ (എ.ഐ.എഫ്) പോലുള്ളവ ഉപയോഗിച്ചാണ് കടം കുടിശികയും നിഷ്‌ക്രിയ ആസ്തിയും ആകുന്നതില്‍ നിന്നു തടയുന്നത്. കുടിശികയോളം തുക എ.ഐ.എഫില്‍ നിക്ഷേപിച്ച് കുടിശിക തീര്‍ത്തതായ കണക്ക് ഉണ്ടാക്കുന്നു. പക്ഷേ കുടിശിക അടവായിട്ടില്ല. ഇതു തടയുകയാണു റിസര്‍വ് ബാങ്ക്. പല എന്‍.ബി.എഫ്.സികളും ചെറുബാങ്കുകളും ഈ കൃത്രിമത്തില്‍ പങ്കാളികളാണ്. റിസര്‍വ് ബാങ്ക് നടപടി ആ സ്ഥാപനങ്ങള്‍ക്കു പെട്ടെന്നു വലിയ ബാധ്യത വരുത്തും.

വരുന്ന പാദങ്ങളില്‍ വിലക്കയറ്റം ആഗ്രഹിച്ചതു പോലെ കുറയില്ലെന്നു റിസര്‍വ് ബാങ്ക് വിലയിരുത്തിയത് വിപണിക്ക് അത്ര നല്ലതല്ലാത്ത സൂചന നല്‍കുന്നു. ചില്ലറ വിലക്കയറ്റം മൂന്നു പാദം കൊണ്ടു 4.6 ശതമാനത്തിലേക്കു മാത്രമേ കുറയൂ എന്നാണു വിലയിരുത്തല്‍. അതിനര്‍ഥം റിസര്‍വ് ബാങ്ക് റീപോ നിരക്ക് കുറയ്ക്കാന്‍ വൈകും എന്നാണ്. ആദ്യ പകുതിയില്‍ നിരക്കു കുറയ്ക്കല്‍ പ്രതീക്ഷിക്കുന്ന വിപണിക്ക് ഇതു തിരിച്ചടിയാകും.

1164 കോടി രൂപയുടെ എഥനോള്‍ കരാര്‍ ലഭിച്ചതിനെ തുടര്‍ന്ന് 13 ശതമാനം വരെ ഉയര്‍ന്ന ഇന്ത്യാ ഗ്ലൈക്കോള്‍സ് ഓഹരി ഇന്നലെ നാലു ശതമാനത്തോളം താണു.

സീ-സോണി ലയനനീക്കത്തിലെ അനിശ്ചിതത്വം മാറിയില്ലെങ്കിലും ചര്‍ച്ചയ്ക്കു സോണി കോര്‍പറേഷന്‍ തയാറായത് സീ എന്റര്‍ടെയ്ന്‍മെന്റിനു പ്രതീക്ഷ പകര്‍ന്നു. 23നകം ലയനം എന്നതില്‍ മാറ്റം ആവശ്യപ്പെട്ടാണു സീ ചര്‍ച്ച ആവശ്യപ്പെട്ടത്. പവന്‍ ഗോയങ്കയെ എംഡിയാക്കണം എന്ന ഉപാധിയില്‍ നിന്ന് സീ പിന്മാറിയില്ലെങ്കില്‍ ലയനം നടക്കില്ല എന്നാണു സോണി നല്‍കുന്ന സൂചന. സീ എന്റര്‍ടെയ്ന്‍മെന്റ് 6.74ഉം സീ മീഡിയ 7.48ഉം ശതമാനം ഇടിഞ്ഞു.

ചെങ്കടലിലെ ഹൗതി ആക്രമണ ഭീഷണി മാറ്റമില്ലാതെ തുടരുകയാണ്. ക്രൂഡ് ഓയില്‍ വില 80 ഡോളറിനു മുകളില്‍ എത്തിയെങ്കിലും പിന്നീടു യു.എസ് ഉല്‍പാദനം റെക്കോഡ് ഉയര്‍ച്ച കാണിച്ചതോടെ വില താണു. ബ്രെന്റ് ഇനം ക്രൂഡ് ഓയില്‍ 79.19 ഡോളറിലും ഡബ്‌ള്യു.ടി.ഐ ഇനം 74.22 ഡോളറിലും ക്ലോസ് ചെയ്തു. ഇന്നു രാവിലെ ബ്രെന്റ് ഇനം 79.25 ലേക്കു കയറി. യു.എ.ഇയുടെ മര്‍ബന്‍ ക്രൂഡ് 79.54 ഡോളറില്‍ വ്യാപാരം നടക്കുന്നു.

ബുധനാഴ്ച ലോകവിപണിയില്‍ സ്വര്‍ണവില താഴ്ന്നു. ഔണ്‍സിന് 2041.14ല്‍ നിന്ന് 2031.41 ലേക്ക്. ഇന്നു രാവിലെ വില 2036 ഡോളറിലേക്കു കയറി.

കേരളത്തില്‍ പവന്‍വില ബുധനാഴ്ച 280 രൂപ ഉയര്‍ന്ന് 46,200 രൂപയില്‍ എത്തി.

ഡോളര്‍ സൂചിക ബുധനാഴ്ച കയറി. 102.47 ലേക്ക് സൂചിക കയറി. ഇന്നു രാവിലെ 102.29ലേക്കു താഴ്ന്നു. ഡോളര്‍ ബുധനാഴ്ച ചാഞ്ചാടിയ ശേഷം നിരക്കു മാറ്റം ഇല്ലാതെ 83.18 രൂപയില്‍ ക്ലോസ് ചെയ്തു. ക്രിപ്റ്റോ കറന്‍സികള്‍ വീണ്ടും ഉയര്‍ന്നു. ബിറ്റ്‌കോയിന്‍ ഇന്നു രാവിലെ 43,500 ഡോളറിനു സമീപമാണ്.

വിപണിസൂചനകള്‍

(2023 ഡിസംബര്‍ 20, ബുധന്‍)

സെന്‍സെക്‌സ്30 70,506.30 -1.30%

നിഫ്റ്റി50 21,150.15 -1.41%

ബാങ്ക് നിഫ്റ്റി 47,445.30 -0.89%

മിഡ് ക്യാപ് 100 44,024.95 - 3.27%

സ്‌മോള്‍ ക്യാപ് 100 14,407.85 -3.63%

ഡൗ ജോണ്‍സ് 30 37,082.00 -1.27%

എസ് ആന്‍ഡ് പി 500 4698.35 -1.47%

നാസ്ഡാക് 14,777.94 -1.50%

ഡോളര്‍ ($) ?83.18 +?0.00

ഡോളര്‍ സൂചിക 102.43 +0.26

സ്വര്‍ണം (ഔണ്‍സ്) $2031.41 -$9.73

സ്വര്‍ണം (പവന്‍) ?46,200 +?280.00

ക്രൂഡ് (ബ്രെന്റ്) ഓയില്‍ $79.19 -$0.15

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT