നിര്‍മിതബുദ്ധി ചിപ്പുകള്‍ നിര്‍മിക്കുന്ന എന്‍വിഡിയ വിപണി പ്രതീക്ഷിച്ചതിലും മികച്ച റിസല്‍ട്ട് പ്രസിദ്ധീകരിച്ചു. ഭാവി വരുമാന പ്രതീക്ഷയും ആവേശകരമായി. ഇതു യു.എസ് ഫ്യൂച്ചേഴ്‌സ് വിപണിയെയും ടെക് മേഖലയെയും ഉയര്‍ത്തി. ഏഷ്യന്‍ വിപണികളും കുതിച്ചു. വിപണികളിലെ അനിശ്ചിതത്വം മാറി. ഇതിന്റെ ആവേശം ഇന്ന് ഇന്ത്യന്‍ വിപണിയിലും പ്രതീക്ഷിക്കുന്നുണ്ട്. ബുധനാഴ്ചത്തെ ഇടിവില്‍ നിന്നു നിക്ഷേപകര്‍ തിരിച്ചു കയറ്റം പ്രതീക്ഷിക്കുന്നുണ്ട്.
ക്രൂഡ് ഓയില്‍ വില വീണ്ടും 83 ഡോളറിനു മുകളിലായെങ്കിലും വിപണി ആശങ്കയിലല്ല. ബുധനാഴ്ച രാത്രി ഡെറിവേറ്റീവ് വ്യാപാരത്തില്‍ ഗിഫ്റ്റ് നിഫ്റ്റി 22,081ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 22,135ലാണ്. ഇന്ത്യന്‍ വിപണി ഉയര്‍ന്നു വ്യാപാരം തുടങ്ങും എന്നാണു ഡെറിവേറ്റീവ് വിപണി നല്‍കുന്ന സൂചന.
വിദേശ വിപണി
യൂറോപ്യന്‍ വിപണികള്‍ ബുധനാഴ്ച ഭിന്ന ദിശകളിലായിരുന്നു. സ്റ്റോക്‌സ് 600 സൂചിക 0.17 ശതമാനം താണു. ജര്‍മന്‍, ഫ്രഞ്ച് സൂചികകള്‍ നേരിയ തോതില്‍ കയറി. ലാഭത്തില്‍ 80 ശതമാനം ഇടിവുണ്ടായ എച്ച്.എസ്.ബി.സിയുടെ ഓഹരി എട്ടു ശതമാനത്തിലധികം താഴ്ന്നു.
യു.എസ് വിപണിയും ഇന്നലെ ഭിന്ന ദിശകളില്‍ നീങ്ങി. എന്‍വിഡിയ റിസല്‍ട്ടിനെപ്പറ്റിയുള്ള ആശങ്കയില്‍ നാസ്ഡാക് താഴ്ന്നു. ഡൗവും എസ് ആന്‍ഡ് പിയും നാമമാത്രമായി ഉയര്‍ന്നു. എന്‍വിഡിയ റിസല്‍ട്ട് പ്രതീക്ഷയിലും മികച്ചതായതിനെ തുടര്‍ന്നു ഫ്യൂച്ചേഴ്‌സില്‍ ഓഹരി 10 ശതമാനത്തോളം കയറി.
ഡൗ ജോണ്‍സ് സൂചിക 48.44 പോയിന്റ് (0.13%) കയറി 38,612.20ലും എസ് ആന്‍ഡ് പി 6.29 പോയിന്റ് (0.13%) ഉയര്‍ന്ന് 4981.80ലും ക്ലാേസ് ചെയ്തു. നാസ്ഡാക് 49.91 പോയിന്റ് (0.32%) താഴ്ന്ന് 15,580.90ല്‍ അവസാനിച്ചു.
യു.എസ് ഫ്യൂച്ചേഴ്‌സ് ഇന്നു കയറ്റത്തിലാണ്. ഡൗ 0.10 ശതമാനം കയറിയപ്പോള്‍ എസ് ആന്‍ഡ് പി 0.70 ശതമാനം ഉയര്‍ന്നു. എന്‍വിഡിയയുടെ ആവേശത്തില്‍ നാസ്ഡാക് 1.36 ശതമാനം കുതിച്ചു.
യു.എസ് കടപ്പത്രങ്ങളിലെ നിക്ഷേപ നേട്ടം 4.32 ശതമാനമായി ഉയര്‍ന്നു. പലിശ നിരക്ക് തിടുക്കത്തില്‍ കുറയ്ക്കുന്നതിലെ അപകടം ഫെഡ് യോഗത്തില്‍ പലരും ചൂണ്ടിക്കാണിച്ചതായി ഫെഡ് മിനിറ്റ്‌സ് വെളിപ്പെടുത്തിയ സാഹചര്യത്തിലാണിത്. ഉയര്‍ന്ന പലിശ നീണ്ടു നില്‍ക്കും എന്ന ധാരണയിലാണ് കടപ്പത്ര വ്യാപാരികള്‍.
ഏഷ്യന്‍ വിപണികള്‍ ഇന്ന് കയറ്റത്തിലാണ്. ജപ്പാനിലെ നിക്കൈ സൂചിക 1.6 ശതമാനം ഉയര്‍ന്ന് 38,924.88 എന്ന റെക്കോര്‍ഡ് കുറിച്ചു. 1989ലെ റെക്കോര്‍ഡാണു തിരുത്തിയത്.
ഇന്ത്യന്‍ വിപണി
ബുധനാഴ്ച ഇന്ത്യന്‍ വിപണി നേട്ടത്തില്‍ തുടങ്ങിയിട്ടു വലിയ നഷ്ടത്തില്‍ അവസാനിച്ചു. നിഫ്റ്റി 22,248.85 എന്ന റെക്കോര്‍ഡ് നിലയിലാണു വ്യാപാരം തുടങ്ങിയത്. ഉച്ചയ്ക്കു ശേഷം വില്‍പന സമ്മര്‍ദത്തില്‍ വിപണി ഇടിയുകയായിരുന്നു. ആറു ദിവസം തുടര്‍ച്ചയായി കയറിയിട്ടാണ് വിപണി ഇന്നലെ താഴ്ന്നത്.
സെന്‍സെക്‌സ് 434.31 പോയിന്റ് (0.59%) ഇടിഞ്ഞ് 72,623.09ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 141.90 പോയിന്റ് (0.64%) താഴ്ന്ന് 22,055.05ല്‍ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 74.50 പോയിന്റ് (0.16%) കുറഞ്ഞ് 47,019.70ല്‍ ക്ലോസ് ചെയ്തു.
മിഡ് ക്യാപ് സൂചിക 1.25 ശതമാനം ഇടിഞ്ഞ് 48,630.50ല്‍ ക്ലോസ് ചെയ്തു. സ്‌മോള്‍ ക്യാപ് സൂചിക 1.04 ശതമാനം താഴ്ന്ന് 16,004.85ല്‍ വ്യാപാരം അവസാനിപ്പിച്ചു.
ബുധനാഴ്ച വിദേശനിക്ഷേപകര്‍ ക്യാഷ് വിപണിയില്‍ 284.66 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 411.57 കോടി രൂപയുടെ ഓഹരികള്‍ വിറ്റു.
ചാര്‍ട്ടുകള്‍ ബെയറിഷ് പാറ്റേണ്‍ കാണിക്കുന്നുണ്ടെങ്കിലും വലിയ ഇടിവിനെപ്പറ്റി വിദഗ്ധര്‍ ആശങ്കപ്പെടുന്നില്ല. നിഫ്റ്റിക്ക് ഇന്ന് 22,000ലും 21,850ലും പിന്തുണ ഉണ്ട്. 22,200ലും 22,350ലും തടസങ്ങള്‍ ഉണ്ടാകാം.
എണ്ണ കമ്പനികള്‍ അടക്കം പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ഇന്നലെ വലിയ തിരിച്ചടി ലഭിച്ചു. എന്നാല്‍ പൊതുമേഖലാ ബാങ്കുകള്‍ നേട്ടത്തിലായിരുന്നു. റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ ഇന്നലെ ഉയര്‍ന്നു. ആഗോള പ്രവണത പിന്തുടർന്ന് ഐ.ടി ഓഹരികള്‍ ഇടിഞ്ഞു. സീയും ഡിഷ് ടിവിയും ഇടിഞ്ഞതോടെ മീഡിയ സൂചിക 4.9 ശതമാനം താഴ്ചയിലായി.
ക്രൂഡ് ഓയില്‍, ഡോളര്‍, ക്രിപ്‌റ്റോ കറന്‍സി
ബുധനാഴ്ച ക്രൂഡ് ഓയില്‍ വില അല്‍പം കയറി. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്നാണിത്. ബ്രെന്റ് ഇനം ക്രൂഡ് 83.16 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 83.11 ഡോളറിലേക്കു താണു. ഡബ്‌ള്യു.ടി.ഐ ഇനം 78.02ഉം യു.എ.ഇയുടെ മര്‍ബന്‍ ക്രൂഡ് 82.46ഉം ഡോളറിലായി.
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ബുധനാഴ്ച കാര്യമായ മാറ്റം കാണിച്ചില്ല. 2026.70 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 2027.20 ഡോളറിലാണ്. കേരളത്തില്‍ സ്വര്‍ണം പവന് 200 രൂപ വര്‍ധിച്ച് 46,080 രൂപയായി.
ഡോളര്‍ സൂചിക ബുധനാഴ്ച അല്‍പം താണ് 104.01ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 103.92ലാണ്. ഡോളര്‍ ഇന്നലെ 82.97 രൂപയില്‍ ക്ലോസ് ചെയ്തു. ക്രിപ്‌റ്റോ കറന്‍സികള്‍ താഴ്ന്നു. ഇന്നു രാവിലെ ബിറ്റ്‌കോയിന്‍ 51,250 ഡോളറിലാണ്.
ഊര്‍ജം പകര്‍ന്ന് എന്‍വിഡിയ
വോള്‍ സ്ട്രീറ്റിന്റെ പ്രതീക്ഷയേക്കാള്‍ മെച്ചമായ നാലാം പാദ റിസല്‍ട്ട് പുറത്തുവിട്ട് എന്‍വിഡിയ ഇന്നലെ വിപണികള്‍ക്ക് ഊര്‍ജം പകര്‍ന്നു. വിറ്റുവരവ് 265 ശതമാനം വര്‍ധിച്ച് 2,210 കോടി ഡോളര്‍ ആയി. അറ്റാദായം ഏഴിരട്ടിയിലേറെയായി. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തിലെ 141 കോടി ഡോളറിന്റെ സ്ഥാനത്ത് 1,229 കോടി ഡോളര്‍ അറ്റാദായം.
നടപ്പു പാദത്തില്‍ കമ്പനി 2400 കോടി ഡോളര്‍ വിറ്റുവരവ് പ്രതീക്ഷിക്കുന്നതായി സി.ഇ.ഒ ജെന്‍സന്‍ ഹുവാങ് പറഞ്ഞു. 2025ലും അതിനപ്പുറവും ഉയര്‍ന്ന വളര്‍ച്ച തുടരാനാകുമെന്നാണ് അദ്ദേഹം കരുതുന്നത്. കമ്പനിയുടെ ഗ്രാഫിക് പ്രോസസര്‍ യൂണിറ്റുകള്‍ക്കു ഡിമാന്‍ഡ് ഇപ്പോഴൊന്നും കുറയില്ലെന്നാണു ഹുവാങ് പറയുന്നത്. കമ്പനിയുടെ ഡാറ്റാ സെന്റര്‍ വിറ്റുവരവ് 409 ശതമാനം വര്‍ധിച്ചു. ഫ്യൂച്ചേഴ്‌സില്‍ എന്‍വിഡിയ ഓഹരി 10 ശതമാനം ഉയര്‍ന്നു.
സീ പ്രൊമോട്ടര്‍മാര്‍ക്കു കുരുക്കു മുറുകുന്നു
പ്രൊമോട്ടര്‍മാര്‍ 2,000 കോടി രൂപ കമ്പനിയില്‍ നിന്നു വകമാറ്റി എടുത്തതായി സെബി കണ്ടെത്തിയെന്ന റിപ്പോര്‍ട്ട് സീ എന്റര്‍ടെയ്ന്‍മെന്റ് ഓഹരിയെ 15 ശതമാനം താഴ്ത്തി. ഇന്നും ഇടിവ് തുടരാം.
സ്ഥാപകന്‍ സുഭാഷ് ചന്ദ്രയ്ക്കും മകനും സി.ഇ.ഒയുമായ പുനീത് ഗോയങ്കയ്ക്കും എതിരേ തെളിവുകള്‍ ഉണ്ടെന്നാണു റിപ്പോര്‍ട്ട്. കമ്പനിയുടെ മുന്‍ഡയറക്ടര്‍മാരില്‍ നിന്നു സെബി തെളിവെടുക്കുന്നുണ്ട്.
കേരള ബാങ്കുകള്‍ക്കു ക്ഷീണം
കേരളം ആസ്ഥാനമായുളള ബാങ്കുകള്‍ക്ക് ഇന്നലെ ക്ഷീണമായിരുന്നു. ധനലക്ഷ്മി ബാങ്ക് ഓഹരി 54.80 രൂപ വരെ കയറിയിട്ട് 50.05 രൂപയിലേക്ക് ഇടിഞ്ഞു. സി.എസ്.ബി ബാങ്ക് നാലു ശതമാനവും സൗത്ത് ഇന്ത്യന്‍ ബാങ്ക് 2.7 ശതമാനവും താഴ്ന്നു. ഫെഡറല്‍ ബാങ്ക് ഓഹരി അര ശതമാനം താഴ്ചയിലാണ് അവസാനിച്ചത്.
വിപണിസൂചനകള്‍
(2024 ഫെബ്രുവരി 21, ബുധന്‍)
സെന്‍സെക്‌സ്30 72,623.09 -0.59%
നിഫ്റ്റി50 22,055.05 -0.64%
ബാങ്ക് നിഫ്റ്റി 47,019.70 -0.16%
മിഡ് ക്യാപ് 100 48,630.50 -1.25%
സ്‌മോള്‍ ക്യാപ് 100 16,004.85 -1.04%
ഡൗ ജോണ്‍സ് 30 38,612.20 +0.13%
എസ് ആന്‍ഡ് പി 500 4981.80 +0.13%
നാസ്ഡാക് 15,580.90 -0.32%
ഡോളര്‍ ($) 82.97 +0.01
ഡോളര്‍ സൂചിക 104.01 -0.07
സ്വര്‍ണം (ഔണ്‍സ്) $ 2026.10 +$01.70
സ്വര്‍ണം (പവന്‍) 46,080 + 200.00
ക്രൂഡ് (ബ്രെന്റ്) ഓയില്‍ $83.16 +$0.57
Read DhanamOnline in English
Subscribe to Dhanam Magazine