ഉണര്‍വില്ലാതെ അമേരിക്കന്‍ വിപണികള്‍ അവസാനിച്ചതും ഏഷ്യന്‍ വിപണികള്‍ രാവിലെ താഴുന്നതും ഇന്ത്യന്‍ വിപണിയുടെ തുടക്കത്തിനു മങ്ങല്‍ ഏല്‍പ്പിക്കാം. എങ്കിലും റിസര്‍വ് ബാങ്ക് പലിശകളുടെ താക്കോല്‍ നിരക്കായ റീപോ നിരക്ക് 0.25 ശതമാനം കുറയ്ക്കും എന്ന പ്രതീക്ഷ വിപണിയെ ഉയര്‍ന്നു വ്യാപാരം തുടങ്ങാന്‍ സഹായിക്കും. രാവിലെ പത്തിനു ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര പണനയം പ്രഖ്യാപിക്കും.
റിസര്‍വ് ബാങ്ക് പലിശ കുറച്ചില്ലെങ്കില്‍ വിപണി വിഷമിക്കും. ഉയര്‍ന്ന ജിഡിപി വളര്‍ച്ച ഉള്ളപ്പോള്‍ എന്തിനു പലിശ കുറയ്ക്കല്‍ എന്ന ചോദ്യം പണനയ കമ്മിറ്റിക്ക് ഉന്നയിക്കാം. ഈ ധനകാര്യ വര്‍ഷത്തെ ജിഡിപി വളര്‍ച്ചയെപ്പറ്റിയുള്ള നിഗമനം റിസര്‍വ് ബാങ്ക് ഉയര്‍ത്തും എന്നാണു പ്രതീക്ഷ. മറ്റ് ഏജന്‍സികള്‍ 7.5 ശതമാനത്തിനു മുകളിലാക്കി നിഗമനം. ഒന്നാം പകുതിയില്‍ എട്ടു ശതമാനം വളര്‍ച്ച ഉണ്ടായി. വിലക്കയറ്റ പ്രതീക്ഷയിലും മാറ്റം വരുത്താം.
രൂപയുടെ വില സംബന്ധിച്ച എന്തെങ്കിലും ഗവര്‍ണര്‍ പറയുമോ എന്നു വിപണി ശ്രദ്ധിക്കും. അതു രൂപയുടെ ഗതി നിര്‍ണയിക്കും.
റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്റെ സന്ദര്‍ശനത്തിനിടെ എന്തെല്ലാം പ്രഖ്യാപനങ്ങള്‍ ഉണ്ടാകും എന്നും വിപണി ശ്രദ്ധിക്കും.
വ്യാപാരകരാര്‍ ചര്‍ച്ചയ്ക്ക് അമേരിക്കന്‍ ഉദ്യോഗസ്ഥ സംഘം അടുത്തയാഴ്ച എത്തും എന്ന അറിയിപ്പ് വിപണിക്ക് ആശ്വാസകരമാണ്.
ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തില്‍ നിഫ്റ്റി വ്യാഴാഴ്ച രാത്രി 26,177.50 ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 26,197 വരെ കയറിയിട്ട് അല്‍പം താഴ്ന്നു. ഇന്ത്യന്‍ വിപണി ഇന്നു ചെറിയ നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.
യൂറോപ്യന്‍ വിപണികള്‍ ഇന്നലെ നേട്ടത്തിലായി. തലേന്നു കുതിച്ച ഫാഷന്‍ ബ്രാന്‍ഡ് സാറായുടെ ഉടമ ഇന്‍ഡിടെക്‌സ് 2.7 ശതമാനം കൂടി ഉയര്‍ന്നു. ബുധനാഴ്ച ഇടിഞ്ഞ ഹ്യൂഗോ ബോസ് വീണ്ടും താഴ്ന്നു. വില്‍പന കുറഞ്ഞ വോള്‍വോയുടെ ഓഹരി താഴ്ന്നപ്പോള്‍ വിപണി പങ്ക് 120 പോയിന്റ് വര്‍ധിപ്പിച്ച സ്റ്റെല്ലാന്റിസ് നാലു ശതമാനം കൂടി ഉയര്‍ന്നു.
കയറ്റത്തിനു കാരണമൊന്നും ഇല്ലാത്തതിനാല്‍ ഇന്നലെ യുഎസ് വിപണികള്‍ പല വഴിയേ നീങ്ങി. ഡൗ ജോണ്‍സ് നാമമാത്രമായി താഴ്ന്നപ്പോള്‍ എസ് ആന്‍ഡ് പിയും നാസ്ഡാകും നേരിയ തോതില്‍ കയറി. ക്രിപ്‌റ്റോകറന്‍സികള്‍ വീണ്ടും താഴ്ന്നതും വിപണിയെ സ്വാധീനിച്ചു. പ്രതിവാര തൊഴിലില്ലായ്മ അപേക്ഷകള്‍ തീരെ കുറവായതു വിപണിയെ സ്വാധീനിച്ചില്ല. ഇന്നു പേഴ്‌സണല്‍ കണ്‍സംഷന്‍ എക്‌സ്‌പെന്‍ഡിച്ചര്‍ (പിസിഇ) കണക്കും യൂണിവേഴ്‌സിറ്റി ഓഫ് മിഷിഗന്റെ ഉപഭോക്തൃ വിശ്വാസ സൂചികയും പ്രസിദ്ധീകരിക്കും. എന്‍വിഡിയ, മൈക്രോസോഫ്റ്റ്, ബ്രോഡ്‌കോം എന്നിവ താഴ്ന്നപ്പോള്‍ സോഫ്റ്റ് വേര്‍ വില്‍പന കൂടുമെന്ന് അറിയിച്ച സെയില്‍സ് ഫോഴ്‌സ് ഉയര്‍ന്നു. ലേ ഓഫുകള്‍ പ്രഖ്യാപിച്ച മെറ്റാ പ്ലാറ്റ്‌ഫോംസ് നാലു ശതമാനത്തോളം ഉയര്‍ന്നു.
യുക്രെയ്ന്‍ ചര്‍ച്ചകള്‍ പരാജയപ്പെട്ടതു വിപണിയെ ബാധിച്ചില്ല. അതിന്റെ വിജയം വിപണി പ്രതീക്ഷിച്ചിരുന്നില്ല.
വ്യാഴാഴ്ച ഡൗ ജോണ്‍സ് സൂചിക 31.96 പോയിന്റ് (0.07%) താഴ്‌ന് 47,850.94 ലും എസ് ആന്‍ഡ് പി 500 സൂചിക 7.40 പോയിന്റ് (0.11%) കയറി 6857.12 ലും നാസ്ഡാക് കോംപസിറ്റ് 51.04 പോയിന്റ് (0.22%) നേട്ടത്തോടെ 23,505.14 ലും ക്ലോസ് ചെയ്തു.
ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്‌സ് നാമമാത്ര നേട്ടത്തിലാണ്. ഡൗ 0.04 ഉം എസ് ആന്‍ഡ് പി 0.10 ഉം നാസ്ഡാക് 0.19 ഉം ശതമാനം ഉയര്‍ന്നു നീങ്ങുന്നു.
ഏഷ്യന്‍ വിപണികള്‍ ഇന്നു താഴ്ചയിലായി. ഇന്നലെ രണ്ടര ശതമാനം കുതിച്ച ജപ്പാനിലെ നിക്കൈ 1.5 ശതമാനം ഇടിഞ്ഞു. ഓസ്‌ട്രേലിയന്‍ സൂചിക നാമമാത്ര നേട്ടത്തിലാണ്. ദക്ഷിണ കൊറിയന്‍ കോസ്പി സൂചിക തുടക്കത്തില്‍ താഴ്ന്നു. ഹോങ് കോങ് സൂചിക 0.60 ശതമാനം ഇടിഞ്ഞു. ചൈനീസ് സൂചിക 0.25 ശതമാനം താഴ്ന്നു.
ഇന്നു റിസര്‍വ് ബാങ്ക് പലിശ കുറയ്ക്കുമോ, ജിഡിപി പ്രതീക്ഷ എത്ര ഉയര്‍ത്തും, വിലക്കയറ്റ നിഗമനം മാറ്റുമാേ എന്നൊക്കെയുള്ള ചിന്തകള്‍ ഇന്നലെ ഇന്ത്യന്‍ വിപണിയെ ദുര്‍ബലമാക്കി. താഴ്ന്നു വ്യാപാരം തുടങ്ങിയ ശേഷം വലിയ കയറ്റം, താഴ്ച, വീണ്ടും കയറ്റം എന്നിങ്ങനെ നീങ്ങിയ വിപണി നാമമാത്ര നേട്ടത്തോടെ അവസാനിച്ചു. വിശാല വിപണി താഴുകയും ചെയ്തു. വിദേശികള്‍ ഇന്നലെയും വലിയ വില്‍പനക്കാരായി.
നിഫ്റ്റി ഇന്നലെ 25,938 ല്‍ നിന്ന് 26,098 വരെയും സെന്‍സെക്‌സ് 84,949 ല്‍ നിന്ന് 85,487 വരെയും ഉയര്‍ന്ന ശേഷമാണ് അല്‍പം താഴ്ന്നു ക്ലോസ് ചെയ്തത്. ഐടി, റിയല്‍റ്റി, എഫ്എംസിജി, ഓട്ടോ, ഡിഫന്‍സ്, ഫാര്‍മ മേഖലകള്‍ നല്ല മുന്നേറ്റം നടത്തി.
വിദേശനിക്ഷേപകര്‍ വ്യാഴാഴ്ച 1944.19 കോടി രൂപയുടെ അറ്റവില്‍പന നടത്തി. സ്വദേശി ഫണ്ടുകള്‍ 3661.05 കോടി രൂപയുടെ അറ്റ വാങ്ങല്‍ നടത്തി.
വ്യാഴാഴ്ച സെന്‍സെക്‌സ് 158.51 പോയിന്റ് (0.19%) ഉയര്‍ന്ന് 85,265.32 ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 47.75 പോയിന്റ് (0.18%) കയറി 26,033.75 ല്‍ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 59.55 പോയിന്റ് (0.10%) താഴ്ന്ന് 59, 288.70 ല്‍ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 15.85 പോയിന്റ് (0.03%) നഷ്ടത്തോടെ 60,299.80 ലും സ്‌മോള്‍ ക്യാപ് 100 സൂചിക 41.60 പോയിന്റ് (0.24%) താഴ്ന്ന് 17,607.85 ലും അവസാനിച്ചു.
വിശാലവിപണിയില്‍ കയറ്റ - ഇറക്ക അനുപാതം ഇറക്കത്തിന് അനുകൂലമായി തുടര്‍ന്നു. ബിഎസ്ഇയില്‍ 1732 ഓഹരികള്‍ ഉയര്‍ന്നപ്പോള്‍ 2418 എണ്ണം താഴ്ന്നു. എന്‍എസ്ഇയില്‍ 1373 ഓഹരികള്‍ കയറി, 1731 എണ്ണം താഴ്ന്നു.
എന്‍എസ്ഇയില്‍ 38 ഓഹരികള്‍ 52 ആഴ്ചയിലെ ഉയര്‍ന്ന വിലയില്‍ എത്തിയപ്പോള്‍ 229 എണ്ണം താഴ്ന്ന വിലയില്‍ എത്തി. ആറ് ഓഹരികള്‍ അപ്പര്‍ സര്‍കീട്ടില്‍ എത്തിയപ്പോള്‍ നാലെണ്ണം ലോവര്‍ സര്‍കീട്ടില്‍ എത്തി.
നിഫ്റ്റി 26,000 നു മുകളില്‍ നിന്നതു പ്രതീക്ഷ ഉണര്‍ത്തുന്നതായി ബുള്ളുകള്‍ കരുതുന്നു. 25,900 നു മുകളില്‍ തുടരുന്നിടത്തോളം 26,100 - 26,300 മേഖലയിലേക്കുള്ള കയറ്റം ലക്ഷ്യമിടാനാകും. ഇന്നു നിഫ്റ്റിക്ക് 25,960 ലും 25,860 ലും പിന്തുണ പ്രതീക്ഷിക്കാം. 26,090 ലും 26,180 ലും പ്രതിരോധം നേരിടും.
മുന്നൂറോളം വിമാനസര്‍വീസുകള്‍ ഇന്നലെയും റദ്ദാക്കിയ ഇന്‍ഡിഗോയുടെ സേവനങ്ങളില്‍ ഇനിയും തടസം തുടരും എന്നാണു സൂചന. കമ്പനി (ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍) ഓഹരി ഇന്നലെയും ഇടിഞ്ഞു. അഞ്ചു ദിവസം കൊണ്ട് ഏഴര ശതമാനം ഇടിഞ്ഞ ഓഹരി ഇനിയും ഇടിയുമെന്ന് അനാലിസ്റ്റുകളെ ഉദ്ധരിച്ചു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
മികച്ച വളര്‍ച്ചക്കണക്കുകള്‍ അവതരിപ്പിച്ച കെയ്ന്‍സ് ടെക്‌നോളജീസിന്റെ കണക്കുകളില്‍ ബ്രോക്കറേജുകള്‍ സംശയം പ്രകടിപ്പിച്ചു. ഓഹരി വില ഇടിഞ്ഞു. കൊട്ടക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസ്, ബിഎന്‍പി പാരിബ, ഇന്‍വെസ്റ്റെക് എന്നിവയാണ് സംശയം ഉന്നയിച്ചത്. ഓഹരി ഇന്നലെ 6.32 ശതമാനം താഴ്ന്നു. അഞ്ചു ദിവസം കൊണ്ട് ഓഹരി 11 ശതമാനത്തോളം വീണു.
സെബി രജിസ്‌ട്രേഷന്‍ ഇല്ലാതെ പ്രതിഫലം വാങ്ങി നിക്ഷേപസേവനങ്ങള്‍ നടത്തിയ അവധൂത് സാഠേ, ഗൗരി സാഠേ എന്നിവര്‍ക്കും അവധൂത് സാഠേ ട്രേഡിംഗ് അക്കാഡമിക്കും സെബി വിപണിവിലക്ക് പ്രഖ്യാപിച്ചു. നിക്ഷേപസേവനങ്ങള്‍ നിര്‍ത്താനും ഉത്തരവില്‍ ഉണ്ട്. 3.37 ലക്ഷം പേരില്‍ നിന്നായി 601 കോടി രൂപ ശേഖരിച്ച ഇവരില്‍ നിന്ന് 546 കോടി രൂപ കണ്ടുകെട്ടാനും സെബി ഉത്തരവിട്ടു.
റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ റേറ്റിംഗ് എ എ മൈനസിലേക്ക് സ്റ്റാന്‍ഡാര്‍ഡ് ആന്‍ഡ് പുവേഴ്‌സ് ഉയര്‍ത്തി. കമ്പനിയുടെ കാഷ് ഫ്‌ലോയില്‍ 60 ശതമാനം ഡിജിറ്റല്‍ റീട്ടെയില്‍ ബിസിനസുകളില്‍ നിന്നു ലഭിക്കും. ഓയില്‍ - ഗ്യാസ് വിഭാഗം 40 ശതമാനമാകും നല്‍കുക. സിറ്റി 1805 രൂപയും ജെഫറീസ് 1785 രൂപയും ലക്ഷ്യവില ഇട്ട് ഓഹരിക്കു വാങ്ങല്‍ ശിപാര്‍ശ നല്‍കി.
ഐടിസി ഹോട്ടല്‍സിലെ ഏഴു ശതമാനം ഓഹരി മാതൃ കമ്പനിയായ ബ്രിട്ടീഷ് - അമേരിക്കന്‍ ടുബാക്കോ ഇന്നു ബ്ലാേക്ക് വ്യാപാരത്തില്‍ വില്‍ക്കും.
സിമുലേറ്റര്‍ സംവിധാനം ഉണ്ടാക്കുന്നതിന് 120 കോടി രൂപയുടെ കരാര്‍ സെന്‍ ടെക്കിനു പ്രതിരോധ മന്ത്രാലയത്തില്‍ നിന്നു ലഭിച്ചു.
സ്വര്‍ണവും വെള്ളിയും ചാഞ്ചാട്ടം തുടരുകയാണ്. അടുത്ത ആഴ്ച ഫെഡറല്‍ റിസര്‍വ് പലിശ തീരുമാനം പ്രഖ്യാപിക്കും വരെ ഈ രീതി തുടരും എന്നാണു കരുതുന്നത്. ഇന്നലെ ഔണ്‍സിന് 4220 ഡോളറില്‍ നിന്ന് 4175 ഡോളര്‍ വരെ താഴ്ന്നിട്ടു തിരിച്ചു കയറി 4209.20 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 4200 ഡോളറിലേക്കു വീണു. അവധിവില ഇന്നലെ 4234 ഡോളര്‍ വരെ താഴ്ന്നത് ഇന്ന് 4245 ആയി കയറി. പിന്നെ താഴ്ന്നു.
കേരളത്തില്‍ 22 കാരറ്റ് പവന് രണ്ടു തവണയായി 680 രൂപ കുറഞ്ഞ് 95,080 രൂപയായി.
വെള്ളി സ്‌പോട്ട് വിപണിയില്‍ ഇന്നലെ 58.79 ഡോളര്‍ വരെ കയറിയിട്ടു താഴ്ന്ന് ഔണ്‍സിന് 57.17 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 57.15 ഡോളറിലേക്കു താഴ്ന്നു. അവധിവില 59.12 ഡോളര്‍ ആയി.
പ്ലാറ്റിനം 1646 ഡോളര്‍, പല്ലാഡിയം 1426 ഡോളര്‍, റോഡിയം 7800 ഡോളര്‍ എന്നിങ്ങനെയാണു വെള്ളിയാഴ്ച രാവിലെ വില.
സ്വര്‍ണം പോലെ വെള്ളിയും വെള്ളി ആഭരണങ്ങളും പണയമായി സ്വീകരിക്കാന്‍ റിസര്‍വ് ബാങ്ക് അനുവദിച്ചു. അടുത്ത ഏപ്രിലില്‍ ആണ് ഇതു പ്രാബല്യത്തില്‍ വരിക. ഇതിന്റെ രൂപരേഖ തയാറായി വരുന്നതേ ഉള്ളൂ. ബാങ്കുകളെയും ബാങ്കിതര ധനകാര്യ കമ്പനികളെയും (എന്‍ബിഎഫ്‌സി) വെള്ളി പണയമായി സ്വീകരിക്കാന്‍ അനുവദിക്കും. ഇതിന്റെ പ്രാരംഭ ഉത്തരവ് കഴിഞ്ഞ മാസം ഇറക്കി. പണയ രൂപരേഖയും ലൈസന്‍സ് ചട്ടങ്ങളും താമസിയാതെ പ്രസിദ്ധീകരിക്കും.
വെള്ളിവിലയിലെ ഇക്കൊല്ലത്തെ അഭൂതപൂര്‍വ വര്‍ധനവിന് റിസര്‍വ് ബാങ്കിന്റെ ഈ നീക്കവും കാരണമായി. ഇന്ത്യയുടെ വെള്ളി വാങ്ങല്‍ സമീപവര്‍ഷങ്ങളില്‍ കുത്തനേ കൂടിയിരുന്നു. 1980കള്‍ വരെ വെള്ളി കയറ്റുമതി ചെയ്തിരുന്ന ഇന്ത്യ പിന്നീടു വലിയ വാങ്ങല്‍ രാജ്യമായി. ഇപ്പോള്‍ പ്രതിവര്‍ഷം 4000 ലേറെ ടണ്‍ വെള്ളി ഇന്ത്യ ഇറക്കുമതി ചെയ്യുന്നുണ്ട്. ഒക്ടോബറില്‍ ഇറക്കുമതിക്ക് 272 കോടി ഡോളര്‍ മുടക്കി. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ വെറും 43 കോടി ഡോളര്‍ മുടക്കിയ സ്ഥാനത്താണിത്. അഞ്ചു വര്‍ഷം കൊണ്ട് 29,000 ടണ്‍ വെള്ളി ആഭരണങ്ങളും 4000 ടണ്‍ നാണയങ്ങളും ഇന്ത്യക്കാര്‍ വാങ്ങി എന്നാണ് മെറ്റല്‍സ് ഫോക്കസ് എന്ന രാജ്യാന്തര മാസിക പറയുന്നത്. ഇപ്പോള്‍ ഇന്ത്യയിലെ ബാങ്ക് വായ്പയുടെ രണ്ടു ശതമാനം സ്വര്‍ണപ്പണയത്തിലാണ്. വെള്ളിയും പണയവസ്തു ആകുന്നത് ഈ മേഖലയെ വിപുലമാക്കും.
വ്യാവസായിക ലോഹങ്ങള്‍ വീണ്ടും ഉയര്‍ന്നു. ചെമ്പ് ഇന്നലെ 0.31 ശതമാനം കയറി ടണ്ണിന് 11,472.00 ഡോളറില്‍ ക്ലാേസ് ചെയ്തു. അലൂമിനിയം 0.54 ശതമാനം ഉയര്‍ന്നു ടണ്ണിന് 2907.15 ഡോളറില്‍ അവസാനിച്ചു. നിക്കലും ലെഡും ടിന്നും ഉയര്‍ന്നു. സിങ്ക് താഴ്ന്നു
റബര്‍ വില രാജ്യാന്തര വിപണിയില്‍ 0.64 ശതമാനം താഴ്ന്നു കിലോഗ്രാമിന് 171.30 സെന്റ് ആയി. കൊക്കോ 0.86 ശതമാനം ഉയര്‍ന്നു ടണ്ണിന് 5500.00 ഡോളറില്‍ എത്തി. കാപ്പി വില 1.59 ശതമാനം കയറി. തേയില വില 0.30 ശതമാനം ഉയര്‍ന്നു.. പാമാേയില്‍ 1.20 ശതമാനം താഴ്ന്നു.
ഡോളര്‍ സൂചിക വീണ്ടും 99 നു മുകളിലായി. ഇന്നലെ ഉയര്‍ന്ന് 98.99 ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 99.04 ലേക്കു കയറി.
ഡോളര്‍ വിനിമയ നിരക്ക് താഴ്ന്നു. യൂറോ 1.1653 ഡോളറിലേക്കും പൗണ്ട് 1.3328 ഡോളറിലേക്കും കയറി. ജാപ്പനീസ് യെന്‍ ഒരു ഡോളറിന് 154.95 യെന്‍ ആയി ഉയര്‍ന്നു.
യുഎസ് ഡോളര്‍ 7.07 യുവാന്‍ എന്ന നിരക്കില്‍ തുടര്‍ന്നു. സ്വിസ് ഫ്രാങ്ക് 0.803 ഡോളറിലേക്കു കയറി.
യുഎസില്‍ കടപ്പത്ര വിലകള്‍ കുറഞ്ഞു. 10 വര്‍ഷ കടപ്പത്രങ്ങളിലെ നിക്ഷേപ നേട്ടം 4.09 ശതമാനമായി കയറി.
ഡോളര്‍ - രൂപ വിനിമയ നിരക്ക് ചാഞ്ചാട്ടം തുടരുകയാണ്. ഇന്നലെ രാവിലെ 90.42 രൂപയിലേക്കു കയറിയ ഡോളര്‍ പിന്നീടു താഴ്ന്നു. 89.98 രൂപയിലാണു ക്ലോസിംഗ്. ഇന്നലെയും റിസര്‍വ് ബാങ്ക് ചെറിയ ഇടപെടലേ നടത്തിയുള്ളൂ. ഇന്നു റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര രൂപയെപ്പറ്റി എന്തെങ്കിലും പറയുമെന്നു കരുതപ്പെടുന്നു. രൂപ ഇടിയുന്നതിനെ സര്‍ക്കാരും റിസര്‍വ് ബാങ്കും അനുകൂലിക്കുന്നു എന്നാണു കരുതപ്പെടുന്നത്. കയറ്റുമതിക്കു തടസം ഉള്ളപ്പോള്‍ കറന്‍സിയുടെ വില കുറയ്ക്കല്‍ കയറ്റുമതി കൂട്ടാനുള്ള പഴയ തന്ത്രമാണ്.
ഡോളര്‍ സൂചിക ഉയര്‍ന്നു 99 നു മുകളിലായതും റിസര്‍വ് ബാങ്കിന്റെ പണനയ പ്രഖ്യാപനവും രൂപയുടെ നിരക്കിനെ സ്വാധീനിക്കും. റഷ്യന്‍ പ്രസിഡന്റുമായി എണ്ണവ്യാപാര കരാറോ റൂബിള്‍ - രൂപ വ്യാപാര കരാറോ ഉണ്ടാകുന്നതും വിപണിയെ ബാധിക്കും. വ്യാപാര കരാര്‍ ചര്‍ച്ചയ്ക്കായി യുഎസ് സംഘം അടുത്തയാഴ്ച എത്തും എന്ന റിപ്പോര്‍ട്ട് രൂപയെ ഇന്നു സഹായിച്ചേക്കാം.
ചൈനയുടെ കറന്‍സി യുവാന്‍ വ്യാഴാഴ്ച 12.77 രൂപയില്‍ നിന്നു 12.71 രൂപയിലേക്കു താഴ്ന്നു.
യുക്രെയ്ന്‍ സമാധാന ചര്‍ച്ച പരാജയപ്പെട്ടതാേടെ ക്രൂഡ് ഓയില്‍ കയറ്റം തുടരുന്നു. ബ്രെന്റ് ഇനം ക്രൂഡ് ഇന്നലെ 63.34 ഡോളറില്‍ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ ബ്രെന്റ് ഇനം 63.29 ഡോളറിലും ഡബ്‌ള്യുടിഐ ഇനം 59.67 ലും യുഎഇയുടെ മര്‍ബന്‍ ക്രൂഡ് 65.06 8 ലും എത്തി. പ്രകൃതിവാതക വില വര്‍ധിച്ച് 5.093 ഡോളര്‍ ആയി.
ക്രിപ്‌റ്റോ കറന്‍സികള്‍ വീണ്ടും താഴ്ന്നു. ബിറ്റ് കോയിന്‍ 92,500 ഡോളറിനു താഴെ എത്തി. ഈഥര്‍ താഴ്ന്ന് 3160 ഡോളറിനു മുകളിലാണ്. സൊലാന 140 ഡോളറിലേക്കു താഴ്ന്നു.
(2025 ഡിസംബര്‍ 04, വ്യാഴം)
സെന്‍സെക്‌സ് 85,265.32 +0.19%
നിഫ്റ്റി50 26,033.75 +0.18%
ബാങ്ക് നിഫ്റ്റി 59,288.70 -0.10%
മിഡ്ക്യാപ്100 60,299.80 -0.03%
സ്‌മോള്‍ക്യാപ്100 17,607.85 -0.24%
ഡൗ ജോണ്‍സ് 47,850.94 -0.07%
എസ് ആന്‍ഡ് പി 6857.12 +0.11%
നാസ്ഡാക് 23,505.14 +0.22%
ഡോളര്‍ ₹89.98 -0.21
സ്വര്‍ണം(ഔണ്‍സ്)$4209.20 +$05.10
സ്വര്‍ണം (പവന്‍) ₹95,080 -₹680
ക്രൂഡ്ഓയില്‍ബ്രെന്റ് $63.34 +0.57
Read DhanamOnline in English
Subscribe to Dhanam Magazine