ഇറാൻ യുദ്ധം രണ്ടുമൂന്ന് ആഴ്ചയ്ക്കുള്ളിൽ തീരും എന്ന യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ പ്രസ്താവന ഇന്നലെ അമേരിക്കൻ വിപണിയെ വലിയ കുതിപ്പിലേക്കു നയിച്ചു. ഇന്നുരാവിലെ ഏഷ്യൻ വിപണികളും ആവേശകരമായ തുടക്കം കാഴ്ചവച്ചു. പുതിയ ധനകാര്യ വർഷത്തിലെ ആദ്യ വ്യാപാരദിവസം ഇന്ത്യൻ വിപണിയും ഉത്സാഹത്തോടെ കയറും എന്നാണു സൂചന.
ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി ചൊവ്വാഴ്ച രാത്രി 22,880.00ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 22,925 വരെ കയറിയിട്ട് 22,766 ലേക്കു താഴ്‌ന്നു. നിഫ്റ്റി 350 ലധികം പോയിൻ്റ് കുതിച്ചുയർന്നു വ്യാപാരം തുടങ്ങും എന്നാണ് ഇതു സൂചിപ്പിക്കുന്നത്.
ക്രൂഡ് ഓയിൽ ഇന്നലെ കുത്തനെ താഴ്ന്നു. ബ്രെൻ്റ് ഇനം വീപ്പയ്ക്ക് 103 ഡോളറിലേക്കു വന്നു. എന്നാൽ ഇന്നു രാവിലെ വീണ്ടും ഉയർന്നു. ഡോളർ സൂചിക 100 നു താഴെയായി. സ്വർണവില ചാഞ്ചാടി.
യുദ്ധകാര്യത്തിൽ തിങ്കളാഴ്ച നിലനിന്ന അനിശ്ചിതത്വം അന്നു യുഎസ് വിപണിയിലും പ്രതിഫലിച്ചു. സൂചികകൾ ചെറിയ പരിധിയിൽ കയറിയിറങ്ങി അവസാനിച്ചു. യുദ്ധം രണ്ടുമൂന്നാഴ്ച കൊണ്ടു
തീരും എന്നു ട്രംപ് ഇന്നലെ പറഞ്ഞതു വിപണിയിലെ മനോഭാവം മാറ്റി. വിപണി ആവേശത്തിലായി. യുഎസ് സൂചികകൾ നാലു ശതമാനം വരെ കുതിച്ചു കയറി. 11 മാസത്തിനിടയിലെ ഏറ്റവും മികച്ച ദിവസമായിരുന്നു ഇന്നലെ വിപണിയുടേത്.
ഡൗ ജോൺസ് സൂചിക ചൊവ്വാഴ്ച 1125.37 പോയിൻ്റ് (2.49%) ഉയർന്ന് 46,341.51 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 184.80 പോയിൻ്റ് (2.91%) കയറി 6528.52 ൽ അവസാനിച്ചു. നാസ്ഡാക് 795.99 പോയിൻ്റ് (3.83%) കുതിപ്പോടെ 21,590.63 ൽ ക്ലോസ് ചെയ്തു.
ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്സ് നേട്ടം തുടർന്നു. ഡൗ ജോൺസ് 85 പോയിൻ്റും (0.18%) എസ് ആൻഡ് പി 17 പോയിൻ്റും (0.26%) നാസ്ഡാക് 100 പോയിൻ്റും (0.42%) ഉയർന്നു നീങ്ങുന്നു.
എച്ച്ഡിഎഫ്സി ബാങ്ക് എഡിആർ ചൊവ്വാഴ്ച 3.24 ശതമാനം ഉയർന്നിട്ട് തുടർ വ്യാപാരത്തിൽ 0.08 ശതമാനം കയറി 24.88 ഡോളറിൽ എത്തി. ഐസിഐസിഐ ബാങ്ക് എഡിആർ നിശ്ചിത സമയത്ത് 2.78 ശതമാനം ഉയർന്ന ശേഷം തുടർവ്യാപാരത്തിൽ 1.93 ശതമാനം കയറി 26.40 ഡോളർ ആയി. ഇൻഫോസിസ് എഡിആർ 1.96 ശതമാനം ഉയർന്നിട്ട് തുടർവ്യാപാരത്തിൽ 0.71 ശതമാനം താഴ്ന്നു. വിപ്രോ 2.42 ശതമാനം താഴ്ന്നിട്ടു തുടർവ്യാപാരത്തിൽ 0.94 ശതമാനം ഇടിഞ്ഞു.
യൂറോപ്യൻ വിപണികൾ ചൊവ്വാഴ്ച ചെറിയ കയറ്റത്തോടെ അവസാനിച്ചെങ്കിലും മാർച്ചിൽ വലിയ നഷ്‌ടത്തിൻ്റെ കഥയാണു പറയാനുള്ളത്.
ഏഷ്യൻ വിപണികൾ ഇന്നു രാവിലെ കുതിച്ചു കയറിയാണു വ്യാപാരം തുടങ്ങിയത്. ജപ്പാനിൽ നിക്കൈയും ദക്ഷിണ കൊറിയയിൽ കോസ്‌പിയും അഞ്ചും ശതമാനം വരെ ഉയർന്നു വ്യാപാരം തുടങ്ങി. ഓസ്ട്രേലിയൻ സൂചിക 1.60 ശതമാനം കയറി. ഹോങ് കോങ്, ചൈനീസ് വിപണികളും നേട്ടത്തോടെ വ്യാപാരം തുടങ്ങി.
ഇന്ത്യൻ വിപണി വെള്ളിയാഴ്ചയിലെ കനത്ത നഷ്‌ടം തിങ്കളാഴ്ചയും തുടർന്നു. ഇതോടെ 2025-26 ധനകാര്യ വർഷത്തിലെ വിപണിയുടെ പ്രകടനം നിക്ഷേപകർക്കു ഗണ്യമായ നഷ്‌ടം വരുത്തി അവസാനിച്ചു. സെൻസെക്സ് 5.4 ഉം നിഫ്റ്റി 3.6 ഉം ശതമാനം വാർഷിക നഷ്ടം വരുത്തി. ഇന്ത്യൻ വിപണിയിലെ ഓഹരികളുടെ മൊത്തം മൂല്യം 2025 മാർച്ച് 31ലെ 412 ലക്ഷം കോടി രൂപയിൽ തന്നെ 2026 മാർച്ച് 31 നും നിലനിന്നു. സെൻസെക്സ് ഡിസംബർ ഒന്നിന് 86,159 ലും നിഫ്റ്റി ജനുവരി അഞ്ചിന് 26,373 ലും റെക്കോർഡ് ക്ലോസിംഗ് നടത്തിയിരുന്നു. കഴിഞ്ഞ ധനകാര്യ വർഷം വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിൽ നിന്ന് 1.8 ലക്ഷം കോടി രൂപ പിൻവലിച്ചു. ഇതു റെക്കോർഡാണ്. അതേസമയം മ്യൂച്വൽ ഫണ്ടുകളുടെ 5.1 ലക്ഷം കോടി രൂപ അടക്കം 8.3 ലക്ഷം കോടി രൂപ സ്വദേശി സ്ഥാപനങ്ങൾ വിപണിയിൽ നിക്ഷേപിച്ചു. ഐപിഒകൾ രണ്ടു ലക്ഷം കോടി രൂപ സമാഹരിച്ചു.
സെൻസെക്‌സ് തിങ്കളാഴ്ച 1635. 67 പോയിൻ്റ് (2.22%) ഇടിഞ്ഞ് 71,947.55 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 488.20 പോയിൻ്റ് (2.14%) താഴ്ന്ന് 22,331.40 ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 1999.25 പോയിൻ്റ് (3.82%) ഇടിവോടെ 50,275.35 ൽ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 1447.80 പോയിൻ്റ് (2.68%) തകർന്ന് 52,650.00 ലും സ്മോൾ ക്യാപ് 100 സൂചിക 416.20 പോയിൻ്റ് (2.66%) താഴ്ന്നു 15,203.80 ലും അവസാനിച്ചു.
വിശാലവിപണിയിൽ ബഹുഭൂരിപക്ഷം ഓഹരികളും ഇടിവിലായി. ബിഎസ്ഇയിൽ 835 ഓഹരികൾ ഉയർന്നപ്പോൾ 3618 എണ്ണം താഴ്ന്നു. എൻഎസ്ഇയിൽ 566 എണ്ണം ഉയർന്നപ്പോൾ 2754 എണ്ണം ഇടിഞ്ഞു.
വിദേശനിക്ഷേപകർ തിങ്കളാഴ്ചയും കനത്ത വിൽപന തുടർന്നു. ക്യാഷ് വിപണിയിൽ വിദേശ ഫണ്ടുകൾ 11,163.06 കോടി രൂപയുടെ അറ്റവിൽപന നടത്തി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 14,894.72 കോടി രൂപയുടെ അറ്റവാങ്ങൽ നടത്തി.
യുദ്ധം അവസാനിക്കും എന്ന പ്രതീക്ഷയും ഡോളറിൻ്റെ ദൗർബല്യവും സ്വർണത്തെ ഈ ദിവസങ്ങളിൽ ഉയർത്തി. വെള്ളിയാഴ്ച ഔൺസിന് 4495.00 ഡോളറിൽ ക്ലോസ് ചെയ്ത സ്വർണം തിങ്കളാഴ്ച 4512.20 ഡോളറിലേക്കും ഇന്നലെ 4669.80 ഡോളറിലേക്കും കയറി. ഇന്നുരാവിലെ ഒരു ശതമാനം കുതിച്ച് 4723.20 വരെ എത്തിയിട്ട് 4686 ഡോളറിലേക്കു താഴ്ന്നു.
വെള്ളി തിങ്കളാഴ്ച 70.24 ഡോളറിലേക്കും ചൊവ്വാഴ്ച 75.25 ഡോളറിലേക്കും ഉയർന്നു ഇന്നു രാവിലെ 75.68 വരെ കയറിയിട്ട് 74.53 ഡോളറിലേക്കു താഴ്ന്നു.
പ്ലാറ്റിനം 1973 ഡോളർ, പല്ലാഡിയം 1475 ഡോളർ, റോഡിയം 9150 ഡോളർ എന്നിങ്ങനെ നിൽക്കുന്നു.
കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് തിങ്കളാഴ്ച 1,09,480 രൂപയും ചൊവ്വാഴ്ച 1,09,640 രൂപയും ആയി.
വ്യാവസായിക ലോഹങ്ങൾ മിക്കവയും തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഉയർന്നു. ചെമ്പ് 0.19 ശതമാനം കയറി ടണ്ണിന് 12,160.00 ഡോളറിൽ എത്തി. അലൂമിനിയം 2.44 ശതമാനം കുതിച്ച് 3484.10 ഡോളറിൽ എത്തി. ബഹറിനിലെയും യുഎഇയിലെയും അലൂമിനിയം ഫാക്ടറികൾ ആക്രമിക്കപ്പെട്ടതു മൂലം ഉൽപാദനം മുടങ്ങി.
ഇന്നലെ ലെഡും സിങ്കും ഉയർന്നു. നിക്കലും ടിന്നും താഴ്ന്നു.
തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ രാജ്യാന്തര വിപണിയിൽ റബർ ഉയർന്നു. ഇന്നലെ 0.15 ശതമാനം കയറി കിലോഗ്രാമിന് 200.60 സെൻ്റിൽ എത്തി. കൃത്രിമ റബർ വില 1.56 ശതമാനം താഴ്ന്നു ടണ്ണിന് 17,850 യുവാൻ ആയി.
കൊക്കോ ഇന്നലെ 3.68 ശതമാനം ഉയർന്ന് ടണ്ണിന് 3271.00 ഡോളറിൽ എത്തി.
തേയിലവില 4.50 ശതമാനം താഴ്ന്നു കിലോഗ്രാമിന് 150.30 രൂപയിൽ എത്തി. കാപ്പി 1.98 ശതമാനം ഉയർന്നു പൗണ്ടിന് 298.35 സെൻ്റിൽ എത്തി. പാം ഓയിൽ വില 3.77 ശതമാനം കുതിച്ചു ടണ്ണിനു 4794 മലേഷ്യൻ റിംഗിറ്റിലേക്കു കയറി.
പോളി എഥിലിൻ, പോളിപ്രൊപ്പിലിൻ, പിവിസി വിലകൾ 1.59 ശതമാനം വരെ താഴ്ന്നു. യൂറിയ ടണ്ണിന് 690 ഡോളറിലേക്കു കയറി.
യുദ്ധം താമസിയാതെ തീരും എന്ന പ്രതീക്ഷ ഡോളറിനെ താഴ്‌ത്തി. കഴിഞ്ഞ ദിവസങ്ങളിൽ 100 നു മുകളിലായിരുന്ന ഡോളർ സൂചിക ഇന്നലെ 99.96 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 99.69 വരെ താഴ്ന്നു.
യൂറോ 1.1567 ഡോളറിലേക്കും പൗണ്ട് 1.3237 ഡോളറിലേക്കും കയറി. ജാപ്പനീസ് യെൻ ഡോളറിന് 158.89 യെൻ എന്ന നിലയിലേക്ക് ഉയർന്നു. ചൈനീസ് യുവാൻ ഡോളറിന് 6.89 യുവാൻ എന്ന നിരക്കിലേക്കു കയറി.
അമേരിക്കയിൽ 10 വർഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം 4.299 ശതമാനമായി താഴ്ന്നു.
ഡോളർ- രൂപ അവധി വ്യാപാരത്തിൽ രൂപയ്ക്കെതിരേ ഷോർട്ട് വ്യാപാരം നടത്തുന്നതു തടയാൻ റിസർവ് ബാങ്ക് പ്രഖ്യാപിച്ച നടപടി ഫലം കണ്ടുതുടങ്ങി. തിങ്കളാഴ്ച വ്യാപാരതുടക്കത്തിൽ ഡോളർ 92.95 രൂപ വരെ ഇടിഞ്ഞു. പക്ഷേ പിന്നീടു രൂപ ദുർബലമായി. ഡോളർ 95.22 രൂപ വരെ ഉയർന്നിട്ടു 94.83 ൽ ക്ലോസ് ചെയ്തു. റിസർവ് ബാങ്ക് നടപടി വിഫലമായി എന്ന പ്രതീതി ഇതു മൂലം ഉണ്ടായി. എന്നാൽ തുടർന്നു രൂപ ഉയരുന്നതായി അവധി വിപണി കാണിക്കുന്നു.
വിദേശത്തെ നോൺ ഡെലിവെറേബിൾ ഫോറെക്സ് (എൻഡിഎഫ്) വിപണിയിൽ ഡോളർ ചൊവ്വാഴ്ച രാത്രി 93.25 രൂപ വരെ താഴ്ന്നു. ഇന്നു രാവിലെ 93.41 രൂപയിലാണു ഡോളർ. ചൈനീസ് യുവാൻ 13.58 രൂപയിലേക്കു താഴ്ന്നു. യൂറോ 108.06 രൂപയിലേക്ക് ഇടിഞ്ഞു. ഇന്ന് ഇന്ത്യയിലെ കറൻസി വ്യാപാരത്തിൽ ഇവയുടെ സ്വാധീനം പ്രകടമാകും.
യുദ്ധഭീതി കുറഞ്ഞതു ചൊവ്വാഴ്ച ക്രൂഡ് ഓയിൽ വിലയെ കുത്തനെ ഇടിവിലാക്കി. 118 ഡോളർ വരെ കയറിയ ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ താഴ്ന്നു 103.97 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില വീപ്പയ്ക്ക് 105.42 ഡോളറിലേക്കു കയറി
ഡബ്ള്യുടിഐ ഇനം ക്രൂഡ് 102.77 ഡോളറിലും യുഎഇയുടെ മർബൻ ക്രൂഡ് നാലു ശതമാനം ഉയർന്ന് 120.84 ഡോളറിലും എത്തി.
സമാധാന പ്രതീക്ഷ വന്നപ്പോൾ ക്രിപ്റ്റോ കറൻസികൾ ഉയർന്നു ബിറ്റ്കോയിൻ 67,750 ഡോളറിനു മുകളിലായി. ഈഥർ 2100 ഡോളറിനും സൊലാന 83.00 ഡോളറിനും അരികെ എത്തി.
(2026 മാർച്ച് 30, തിങ്കൾ)
സെൻസെക്സ് 71,947.55 -2.20%
നിഫ്റ്റി50 22,331.40 -2.14%
ബാങ്ക് നിഫ്റ്റി 50,275.35 -3.82%
മിഡ്ക്യാപ്100 52,650.00 -2.68%
സ്മോൾക്യാപ്100 15,203.80 -2.66%
ഡൗജോൺസ് 45,216.14 +0.11%
എസ്ആൻഡ്പി 6343.72 -0.39%
നാസ്ഡാക് 20,794.64 -0.73%
ഡോളർ ₹94.83 +₹0.02
സ്വർണം(ഔൺസ്)$4512.20 +17.20
സ്വർണം(പവൻ) ₹1,09,480 +₹1480
ക്രൂഡ്ഓയിൽബ്രെൻ്റ്$112.78 +$0.21
(2026 മാർച്ച് 30, തിങ്കൾ)
ഡൗജോൺസ് 46,341.51 +2.49%
എസ്ആൻഡ്പി 6528.52 +2.91%
നാസ്ഡാക് 21,590.63 +3.83%
സ്വർണം(ഔൺസ്)$4669.80 +157.60
സ്വർണം(പവൻ) ₹1,09,640 +₹160
ക്രൂഡ്ഓയിൽബ്രെൻ്റ്$103.97 -$8.79
Read DhanamOnline in English
Subscribe to Dhanam Magazine