എന്തു സംഭവിക്കും എന്ന ആശങ്കയിലാണു ലോകം. അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിക്കുന്ന പകരത്തിനു പകരം തീരുവയും മറ്റു വ്യാപാര നടപടികളും എത്ര വരും, എങ്ങനെയാകും എന്നുള്ള ആശങ്ക ഇന്നലെ വിപണികളെ താഴ്ത്തി. ഇന്നു വിപണികൾ ചാഞ്ചാട്ടത്തിലാകും.
ഇന്ത്യൻ സമയം നാളെ (വ്യാഴം) പുലർച്ചെ ഒന്നരയോടെയാണു ട്രംപ് പുതിയ തീരുവകൾ പ്രഖ്യാപിക്കുക. എല്ലാ രാജ്യങ്ങൾക്കും 20 ശതമാനം തീരുവ എന്നതാണു ട്രംപ് പ്രഖ്യാപിക്കാൻ പോകുന്നതെന്ന് 'വാഷിംഗ്ടൺ പോസ്റ്റ്' ഇന്നലെ റിപ്പോർട്ട് ചെയ്തു. പല രാജ്യങ്ങൾക്കും ഈ നിരക്ക് ആശ്വാസകരമായി തോന്നുന്നുണ്ട്. നേരത്തേ വാഹനങ്ങൾ, വാഹന ഘടകങ്ങൾ, സ്റ്റീൽ, അലൂമിനിയം എന്നിവയ്ക്ക് പ്രഖ്യാപിച്ച 25 ശതമാനം ചുങ്കം 20 ശതമാനമായി കുറയ്ക്കും എന്നു കരുതപ്പെടുന്നു. ചൈനയ്ക്കു ട്രംപ് ഈ ഭരണകാലത്തു രണ്ടു തവണയായി ചുമത്തിയതും 20 ശതമാനം തീരുവയാണ്. തീരുവയല്ലാതെ ഇറക്കുമതിക്കും കയറ്റുമതിക്കും നയപരമായ വിലക്കുകളും നിയന്ത്രണങ്ങളും ഉള്ള രാജ്യങ്ങൾ അവ നിശ്ചിത സമയത്തിനകം മാറ്റിയില്ലെങ്കിൽ പിഴച്ചുങ്കം ചുമത്തുമെന്ന മുന്നറിയിപ്പും ട്രംപ് നൽകും എന്നാണു സൂചന.
അതേസമയം കൂടുതൽ ചുങ്കവും നിയന്ത്രണങ്ങളും ഉള്ള രാജ്യങ്ങൾക്ക് കൂടിയ ചുങ്കം ചുമത്തും എന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഏതു നിലപാടാണു ട്രംപ് അവസാനമായി എടുത്തത് എന്നറിവായിട്ടില്ല.
ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി ചൊവ്വാഴ്ച രാത്രി 23,293 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 23,333 ലാണ്. ഇന്ത്യൻ വിപണി നേട്ടത്തിൽ വ്യാപാരം തുടങ്ങുമെന്നാണ് ഇതു സൂചിപ്പിക്കുന്നത്.
യൂറോപ്യൻ വിപണികൾ ചൊവ്വാഴ്ച മികച്ച നേട്ടത്തിലാണ് അവസാനിച്ചത്. മാർച്ചിലെ യൂറോ മേഖല വിലക്കയറ്റം 2.2 ശതമാനമായി കുറഞ്ഞതും വിപണിയെ സഹായിച്ചു.
തീരുവ പ്രഖ്യാപനത്തിൻ്റെ തലേന്ന് യുഎസ് വിപണി ഒട്ടൊരു ആശ്വാസത്തിലാണ് അവസാനിച്ചത്. പൊതുവേ ഒറ്റ നിരക്കിലാകും തീരുവ എന്നതാണ് പ്രധാന ആശ്വാസം. അമേരിക്കൻ സർക്കാരിനു പ്രതിവർഷ വരുമാനം ഒരു ലക്ഷം കോടി ഡോളർ വർധിപ്പിക്കാവുന്നതാണ് നിർദിഷ്ട തീരുവ. ഇതു കമ്മിയും ആദായനികുതിയും കുറയ്ക്കാൻ സഹായിക്കും എന്ന പ്രതീക്ഷയുണ്ട്. തീരുവയെ തുടർന്നുണ്ടാകുന്ന വിലക്കയറ്റം ഒരു ശതമാനത്തിൽ താഴെയാകുമെന്നു വിദഗ്ധർ കണക്കാക്കി.
ചൊവ്വാഴ്ച വിശാല യുഎസ് സൂചികകൾ ഉയർന്നു. എന്നാൽ ഡൗ സൂചിക നാമമാത്രമായി താഴ്ന്നു. ടെക്നോളജി ഓഹരികൾ കയറി. ഡൗ ജോൺസ് 11.80 പോയിൻ്റ് (0.03%) താഴ്ന്ന് 41,990.00 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 21.22 പോയിൻ്റ് (0.38%) കയറി 5633.07 ൽ അവസാനിച്ചു. നാസ്ഡാക് 150.60 പോയിൻ്റ് (0.87%) ഉയർന്ന് 17,449.90 ൽ എത്തി.
യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു തുടക്കത്തിൽ നേട്ടത്തിലായിരുന്നിട്ട് നഷ്ടത്തിലേക്കു മാറി. ഡൗ 0.03 ഉം എസ് ആൻഡ് പി 0.05 ഉം നാസ്ഡാക് 0.02 ഉം ശതമാനം താഴ്ന്നു നിൽക്കുന്നു.
ഏഷ്യൻ വിപണികൾ ഇന്നലെ ചെറിയ നേട്ടത്തിൽ അവസാനിച്ചു. ഇന്നു വിപണികൾ ചാഞ്ചാട്ടത്തിലാണ്. ജപ്പാനിൽ നിക്കൈ ആദ്യം കയറിയിട്ടു താഴ്ചയിലേക്കു നീങ്ങി. ചൈനീസ് സൂചികകൾ താഴ്ന്നു.
പുതിയ ധനകാര്യ വർഷത്തിനു വിപണിതകർച്ചയോടെ തുടക്കം. അമേരിക്കൻ തീരുവയുദ്ധത്തെപ്പറ്റി വളരുന്ന ആശങ്ക മുഖ്യ സൂചികകളെ ഒന്നര ശതമാനത്തിലധികം വലിച്ചു താഴ്ത്തി. വിദേശനിക്ഷേപകർ ചൊവ്വാഴ്ചയും വലിയ വിൽപനക്കാരായി.
രാവിലെ താഴ്ന്നു തുടങ്ങിയ വിപണി തിരിച്ചു കയറിയ ശേഷമാണു കൂടുതൽ നഷ്ടത്തിലേക്കു വീണത്. വിപണി മനോഭാവം അങ്ങേയറ്റം ദുർബലമായി.
വിശാല വിപണിയിലെ കയറ്റ - ഇറക്ക അനുപാതം കയറ്റത്തിന് അനുകൂലമായി മാറി. ബിഎസ്ഇയിൽ 2716 ഓഹരികൾ ഉയർന്നപ്പോൾ 1343 ഓഹരികൾ ഇടിഞ്ഞു. എൻഎസ്ഇയിൽ ഉയർന്നത് 1955 എണ്ണം. താഴ്ന്നത് 960 എണ്ണം.
എൻഎസ്ഇയിൽ 49 ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന വിലയിൽ എത്തിയപ്പോൾ താഴ്ന്ന വിലയിൽ എത്തിയതു 114 എണ്ണമാണ്. 275 ഓഹരികൾ അപ്പർ സർക്യൂട്ടിൽ എത്തിയപ്പോൾ 46 എണ്ണം മാത്രമാണ് ലോവർ സർക്യൂട്ടിൽ എത്തി.
വിദേശനിക്ഷേപകർ ഇന്നലെ ക്യാഷ് വിപണിയിൽ 5901.63 കാേടി രൂപയുടെ അറ്റ വിൽപന നടത്തി. സ്വദേശി ഫണ്ടുകൾ 4322.58 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
ചൊവ്വാഴ്ച നിഫ്റ്റി 353.65 പോയിൻ്റ് (1.50%) ഇടിഞ്ഞ് 23,165.70 ൽ ക്ലോസ് ചെയ്തു. സെൻസെക്സ് 1390.41 പോയിൻ്റ് (1.80%) നഷ്ടത്തോടെ 76,024.51 ൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 737.35 പോയിൻ്റ് (1.43%) താഴ്ന്ന് 50,827.50 ൽ അവസാനിച്ചു. മിഡ് ക്യാപ് സൂചിക 0.86 ശതമാനം നഷ്ടത്തോടെ 51,229.60 ൽ എത്തി. സ്മോൾ ക്യാപ് സൂചിക 0.70 ശതമാനം കുറഞ്ഞ് 15,982.95 ൽ ക്ലോസ് ചെയ്തു.
വിപണി മനോഭാവം ദുർബലമായി തുടരുന്നു. നിഫ്റ്റി 23,000 ലെ പിന്തുണ നിലനിർത്തിയില്ലെങ്കിൽ ഇടിവ് തുടരും.
ഇന്നു നിഫ്റ്റിക്ക് 23,120 ലും 23,020 ലും പിന്തുണ പ്രതീക്ഷിക്കാം. 23,450 ലും 23,550 ലും തടസം ഉണ്ടാകാം.
സിഎസ്ബി ബാങ്കിനു കഴിഞ്ഞ പാദത്തിൽ നിക്ഷേപങ്ങൾ 24.03 ശതമാനവും വായ്പകൾ 29.59 ശതമാനവും വർധിച്ചു. കറൻ്റ് -സേവിംഗ്സ് ബാങ്ക് നിക്ഷേപങ്ങളിൽ 10.31 ശതമാനം വർധന ഉണ്ട്.
മാർച്ചിൽ വാഹനവിൽപനയുടെ വളർച്ച കുറഞ്ഞതായി വിവിധ കമ്പനികളുടെ കണക്കുകൾ കാണിക്കുന്നു.
ഹ്യുണ്ടായിയുടെ വിൽപന 2.6 ശതമാനം കൂടി 67,320 എണ്ണമായി.
ടാറ്റാ മോട്ടോഴ്സിൻ്റെ ആഭ്യന്തര വിൽപന 0.35 ശതമാനം കുറഞ്ഞു. കയറ്റുമതി അടക്കം 0.5 ശതമാനമാണു വർധന. വാണിജ്യ വാഹനങ്ങളുടെ വിൽപന മൂന്നു ശതമാനം കുറഞ്ഞപ്പോൾ കാറുകളുടെ വിൽപന മൂന്നു ശതമാനം കൂടി.
മാർച്ചിൽ കാർ ഉൽപാദനം 16.9 ശതമാനം വർധിച്ചതായി മാരുതി സുസുകി അറിയിച്ചു.
മാംഗനീസ് അയിരിനും മറ്റ് അയിരുകൾക്കും എംഒഐഎൽ മൂന്നു ശതമാനം വിലവർധന പ്രഖ്യാപിച്ചു.
കോൾ ഇന്ത്യ ലിമിറ്റഡ് കൽക്കരി വില ഇരട്ടിപ്പിച്ചു. ടണ്ണിന് 10 രൂപയിൽ നിന്ന് 20 രൂപയാക്കി. ഏപ്രിൽ 16 നു വിലവർധന പ്രാബല്യത്തിലാകും.
രാജ്യാന്തര അനിശ്ചിതത്വങ്ങളിൽ പെട്ട് കുതിച്ചു കയറിയ സ്വർണം ഇന്നലെ ചെറിയ കിതപ്പിലായി. ഇനി അങ്ങോട്ടു നീങ്ങുന്നത് ട്രംപിൻ്റെ തീരുവകൾ അറിഞ്ഞിട്ടു മതി എന്നു വിപണി കണക്കാക്കി. തീരുവ സ്വർണത്തെ എങ്ങനെ ബാധിക്കും എന്ന ചിന്തയിലാണു വിപണി. പക്ഷേ ഇന്നു രാവിലെ വില വീണ്ടും കുതിച്ചു കയറി.
ചൊവ്വാഴ്ച സ്വർണം ഔൺസിനു 3115.30 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 3099 വരെ താഴ്ന്നിട്ട് കുതിച്ച് 3133.40 ഡോളറിലേക്കു കയറി.
കേരളത്തിൽ ചൊവ്വാഴ്ച ആഭരണസ്വർണം പവന് 680 രൂപ വർധിച്ച് 68,080 രൂപ എന്ന റെക്കോർഡിൽ എത്തി.
വെള്ളിവില ഔൺസിന് 33.78 ഡോളറിലേക്കു താഴ്ന്നു.
ഡോളർ സൂചിക ചൊവ്വാഴ്ച അൽപം 104.26 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 104.24 ആണ്.
യുഎസ് കടപ്പത്രവില തിങ്കളാഴ്ചയും ഉയർന്നു, അവയിലെ നിക്ഷേപനേട്ടം കുറഞ്ഞു.10 വർഷ കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം 4.16 ശതമാനത്തിൽ എത്തി.
ക്രൂഡ് ഓയിൽ വില ഇന്നലെ കാര്യമായ മാറ്റമില്ലാതെ തുടർന്നു. ബ്രെൻ്റ് ഇനം 74.47 ഡോളറിലേക്കു താഴ്ന്നു ക്ലോസ് ചെയ്തു. ഇന്നു രാവിലെ 74.42 ഡോളർ ആണ്. ഡബ്ല്യുടിഐ ഇനം 71.18 ഉം യുഎഇയുടെ മർബൻ ക്രൂഡ് 76.20 ഉം ഡോളറിലേക്കു നീങ്ങി.
ക്രിപ്റ്റോ കറൻസികൾ കയറ്റം തുടർന്നു. ബിറ്റ് കോയിൻ ഇന്ന് രാവിലെ 85,100 ഡോളറിൽ എത്തി. ഈഥർ 1900 ഡോളറിനു സമീപം ആയി.
(2025 ഏപ്രിൽ 01, ചൊവ്വ)
സെൻസെക്സ്30 76,024.51 -1.80%
നിഫ്റ്റി50 23,165.70 -1.50%
ബാങ്ക് നിഫ്റ്റി 50,827.50 -1.43%
മിഡ് ക്യാപ്100 51,229.60 -0.86%
സ്മോൾക്യാപ്100 15,982.95 -0.7-%
ഡൗജോൺസ് 41,989.96 -0.63%
എസ് ആൻഡ് പി 5633.07 +0.38%
നാസ്ഡാക് 17,449.90 +0.87%
ഡോളർ($) ₹85.47 ₹0.00
സ്വർണം(ഔൺസ്) $3115.30 -$08.70
സ്വർണം(പവൻ) ₹68,080 +₹680
ക്രൂഡ്(ബ്രെൻ്റ്)ഓയിൽ $74.49 -$0.25
Read DhanamOnline in English
Subscribe to Dhanam Magazine