Morning business news canva
Markets

വ്യാപാര യുദ്ധത്തില്‍ നിര്‍ണായക ചര്‍ച്ചകള്‍; ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ യുഎസ് ഇടപെടല്‍; വിപണിയില്‍ ഉല്‍സാഹം, കരുതല്‍

സ്വര്‍ണം താഴ്ന്നു തന്നെ; ഡോളറിനൊപ്പം രൂപയും മുന്നോട്ട്; നിഫ്റ്റിക്ക് ഇന്ന് 24,230 ല്‍ പിന്തുണ, 24,500 ല്‍ പ്രതിരോധം

T C Mathew

വ്യാപാരയുദ്ധ കാര്യത്തിൽ നിർണായക ചർച്ചകൾ തുടങ്ങും എന്ന സൂചനയും ഇന്ത്യ - പാക് സംഘർഷം ലഘൂകരിക്കാൻ യുഎസ് ഇടപെടൽ നടക്കുന്നതും വിപണിയിൽ ഇന്ന് നേട്ടത്തിനു വഴിയൊരുക്കാം.

ഇന്ത്യയോടും പാക്കിസ്ഥാനോടും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്ക് റൂബിയോ ടെലിഫോണിൽ സംസാരിച്ചിരുന്നു. സംഘർഷം വളരാതിരിക്കാൻ യുഎസ് നടപടി തുടരുമെന്നു വൈസ് പ്രസിഡൻ്റ് ജെ. ഡി. വാൻസും പറഞ്ഞു. പാക്കിസ്ഥാൻ അമേരിക്കൻ ഇടപെടൽ അഭ്യർഥിച്ചിട്ടുണ്ട്. രണ്ടു ദിവസമായി ഇരു രാജ്യങ്ങളുടെയും പ്രസ്താവനകളിൽ പ്രകോപനങ്ങൾ കുറവായിട്ടുണ്ട്.

വ്യാപാരയുദ്ധം അവസാനിപ്പിക്കാൻ യുഎസ്- ചൈന ചർച്ചയ്ക്കു വഴി ഒരുങ്ങുന്നു. അമേരിക്ക പല തവണ, പല തലങ്ങളിൽ ക്ഷണിച്ചെന്നും തങ്ങൾ അതേപ്പറ്റി ആലോചിക്കുകയാണെന്നും ചൈനീസ് വാണിജ്യ മന്ത്രാലയ വക്താവ് പറഞ്ഞു. ഇതു വരെ ചർച്ചയ്ക്കു ക്ഷണം കിട്ടിയതായി ചൈന പറഞ്ഞിരുന്നില്ല. ഏകപക്ഷീയമായി ചുമത്തിയ ദുർവഹ തീരുവ പിൻവലിച്ചിട്ടേ ചർച്ച ഉള്ളൂ എന്ന പഴയ നിലപാട്  ചൈന മാറ്റി. രഹസ്യ ചർച്ചകൾ ധാരണകളിലേക്കു വഴി തുറക്കുന്നു എന്നാണ് ഇതു നൽകുന്ന സൂചന. ഇന്നലെ രാത്രി താഴ്ചയിലായിരുന്ന യുഎസ് ഫ്യൂച്ചേഴ്സ് ഉയർന്നതും ഏഷ്യൻ വിപണികൾ കയറിയതും ഇതേ തുടർന്നാണ്.

യുഎസ് ജിഡിപി ചുരുങ്ങിയതിനെ തുടർന്നുള്ള വിപരീതഭാവം മാറ്റാൻ പുതിയ സംഭവവികാസങ്ങൾ സഹായിക്കുന്നു. അതു വിപണിയിൽ പ്രതിഫലിക്കാം.

ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി ബുധനാഴ്ച രാത്രി 24,362 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 24,434 വരെ ഉയർന്നു. നിഫ്റ്റി ഇന്നു നേട്ടത്തോടെ  വ്യാപാരം തുടങ്ങുമെന്നാണ് ഇതു സൂചിപ്പിക്കുന്നത്. 

വിദേശ വിപണി

യൂറോപ്യൻ വിപണികൾ ബുധനാഴ്ച ചെറിയ നേട്ടത്തിൽ ക്ലോസ് ചെയ്തു. യുഎസ് ജിഡിപി ചുരുങ്ങിയത് വിപണി മനോഭാവത്തെ ദുർബലമാക്കി. ബാങ്കിംഗ് ഭീമന്മാരായ യുബിഎസും ബാർക്ലേയ്സും പ്രതീക്ഷകളേക്കാൾ മികച്ച റിസൽട്ട് പുറത്തുവിട്ടു. വാഹന കമ്പനികളായ ഫോക്സ് വാഗൻ്റെ ലാഭം 37 ശതമാനം ഇടിഞ്ഞപ്പോൾ സ്റ്റെല്ലാൻ്റിസ് ഈ വർഷത്തെ വളർച്ച പ്രതീക്ഷ പിൻവലിച്ചു.

യുഎസ് വിപണി ബുധനാഴ്ച വലിയ താഴ്ചയിൽ നിന്നു കയറി ചെറിയ നേട്ടത്തിൽ അവസാനിച്ചു. നാസ്ഡാക് നാമമാത്ര നഷ്ടത്തിലുമായി. യുഎസ് ഒന്നാം പാദ ജിഡിപി 0.3 ശതമാനം കുറഞ്ഞത് ആദ്യം ഡൗ ജോൺസ് സൂചികയെ 700 പോയിൻ്റോളം താഴ്ത്തി. പിന്നീട് മൈക്രോസോഫ്റ്റും മെറ്റാ പ്ലാറ്റ്ഫോംസും പ്രതീക്ഷകളേക്കാൾ മികച്ച റിസൽട്ട് പുറത്തിറക്കിയതാണു ഡൗവിനെയും എസ് ആൻഡ് പിയെയും നേട്ടത്തിലേക്കു കയറ്റിയത്.

കഴിഞ്ഞ മൂന്നു വർഷം ശരാശരി മൂന്നു ശതമാനം വാർഷികവളർച്ച യുഎസ് ജിഡിപിയിൽ ഉണ്ടായിരുന്നു. കഴിഞ്ഞ ഒക്ടോബർ-ഡിസംബർ പാദത്തിൽ 2.4 ശതമാനം വളർന്നതാണ്. ജനുവരി - മാർച്ചിൽ ജിഡിപി 0.3 ശതമാനം ചുരുങ്ങി. ഇതിനു രണ്ടു കാരണങ്ങൾ ഉണ്ട്. ഒന്ന്: തീരുവകൾ വർധിപ്പിച്ചതു നടപ്പാകും മുൻപ് ഇറക്കുമതി നടത്താൻ തിരക്കുകൂട്ടിയതു മൂലം വ്യാപാരകമ്മി കുത്തനേ വർധിച്ചത്. രണ്ട്: യുഎസ് പ്രതിരോധ ചെലവ് കുറച്ചത്.

എന്നാൽ ജിഡിപി ചുരുങ്ങിയതു മുൻപ്രസിഡൻ്റ് ബൈഡൻ്റെ കുഴപ്പമാണെന്നും രണ്ടാം പാദത്തിലും ബൈഡൻ്റെ ദോഷം ബാധിക്കുമെന്നും പറഞ്ഞ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ന്യായീകരണത്തിനു ശ്രമിച്ചു. പിന്നീട് മുമ്പെങ്ങുമില്ലാത്ത വിധം വളർച്ച കുതിക്കുമെന്നു ട്രംപ് അവകാശപ്പെട്ടു.

ഇന്നു യുഎസ് തൊഴിൽ കണക്ക് പ്രസിദ്ധീകരിക്കും. കഴിഞ്ഞ ആഴ്ചയിലെ തൊഴിലില്ലായ്മാ ആനുകൂല്യ അപേക്ഷകളിൽ വലിയ വർധന ഉണ്ടായി.

ബുധനാഴ്ച ഡൗ ജോൺസ് സൂചിക 141.74 പോയിൻ്റ് (0.35%) ഉയർന്ന് 40,669.36 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 500 സൂചിക 8.23 പോയിൻ്റ് (0.15%) കയറി 5569.06 ൽ അവസാനിച്ചു. നാസ്ഡാക് 14.98 പോയിൻ്റ് (0.09%) താഴ്ന്ന് 17,446.34 ൽ എത്തി.

വ്യാഴാഴ്ച യുഎസ് വിപണി മികച്ച നേട്ടത്തിലായി. മൈക്രോസോഫ്റ്റും മെറ്റാ പ്ലാറ്റ്ഫോംസും പ്രതീക്ഷകൾ മറികടന്ന റിസൽട്ട് പ്രഖ്യാപിച്ചതാണ് കാരണം. ഡൗ ജോൺസ് സൂചിക 83.60 പോയിൻ്റ് (0.21%) ഉയർന്ന് 40,752.96 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 500 സൂചിക 35.08 പോയിൻ്റ് (0.63%) കയറി 5604.14 ൽ അവസാനിച്ചു. നാസ്ഡാക് 264.40 പോയിൻ്റ് (1.52%) കുതിച്ച് 17,710.74 ൽ എത്തി.

വ്യാപാര സമയത്തിനു ശേഷം  പ്രസിദ്ധീകരിച്ച ആപ്പിൾ റിസൽട്ട് പ്രതീക്ഷകളേക്കാൾ മെച്ചമായി. എന്നാൽ വരുമാന - ലാഭ പ്രതീക്ഷകൾ താഴ്ത്തിയത് അനൗപചാരിക വ്യാപാരത്തിൽ ഓഹരിയെ നാലു ശതമാനം താഴ്ത്തി. ആമസാേണും വരുമാന പ്രതീക്ഷ വെട്ടിക്കുറച്ചു. ഓഹരി രണ്ടു ശതമാനം താഴ്ന്നു.

വ്യാപാരയുദ്ധം തീർക്കാൻ അമേരിക്ക - ചൈന ചർച്ചയ്ക്കു സാധ്യത തെളിഞ്ഞതോടെ യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു രാവിലെ വലിയ കുതിപ്പിലാണ്. ഡൗ 0.75 ഉം എസ് ആൻഡ് പി 0.63 ഉം നാസ്ഡാക് 0.37 ഉം ശതമാനം ഉയർന്നു  നിൽക്കുന്നു.

ഏഷ്യൻ വിപണികൾ ഇന്നു കയറ്റത്തിലായി. ചർച്ചയ്ക്കുള്ള യുഎസ് ക്ഷണം പരിശോധിച്ചു വരികയാണെന്ന ചൈനയുടെ പ്രസ്താവനയാണ് ഉണർവിനു കാരണം. ജപ്പാനിൽ നിക്കൈ 1.5 ശതമാനം ഉയർന്നു. ചൈനയിൽ വിപണികൾ അവധിയിലാണ്.

ഇന്ത്യൻ വിപണി ഫ്ലാറ്റ്

ഇന്ത്യൻ വിപണി ബുധനാഴ്ചയും ചാഞ്ചാട്ടത്തിലായിരുന്നു. താഴ്ന്നു വ്യാപാരം തുടങ്ങി കൂടുതൽ താഴ്ന്ന ശേഷം വിപണി തരിച്ചു കയറി. എന്നാൽ മുന്നേറ്റം സാധിക്കാതെ തലേന്നത്തെ നിലയിൽ നിന്നു നാമമാത്രമായി താഴ്ന്നു ക്ലോസ് ചെയ്തു. റിയൽറ്റി, ഹെൽത്ത് കെയർ, ഫാർമ, ഓട്ടോ എന്നീ മേഖലകൾ മാത്രം ഉയർന്നു. പൊതുമേഖലാ ബാങ്ക്, മീഡിയ, കൺസ്യൂമർ ഡ്യൂറബിൾസ് തുടങ്ങിയവയാണു നഷ്ടത്തിൽ മുന്നിട്ടു നിന്നത്.

ബുധനാഴ്ച നിഫ്റ്റി 1.75 പോയിൻ്റ് (0.01%) താഴ്ന്ന് 24,334.20 ൽ ക്ലോസ് ചെയ്തു. സെൻസെക്സ് 46.14 പോയിൻ്റ് (0.06%) നഷ്ടത്തോടെ 80,242.24 ൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 304.10 പോയിൻ്റ് (0.55%) താഴ്ന്ന് 55,087.15 ൽ അവസാനിച്ചു. മിഡ് ക്യാപ് 100 സൂചിക 463.05 പോയിൻ്റ് (0.85 ശതമാനം) ഇടിഞ്ഞ് 54,124.90 ൽ എത്തി. സ്മോൾ ക്യാപ് 100 സൂചിക 1.73 ശതമാനം നഷ്ടത്തോടെ 16,448.85 ൽ ക്ലോസ് ചെയ്തു.

വിശാല വിപണിയിലെ കയറ്റ - ഇറക്ക അനുപാതം ഇറക്കത്തിന്  അനുകൂലമായി തുടർന്നു. ബിഎസ്ഇയിൽ 963 ഓഹരികൾ ഉയർന്നപ്പോൾ 2967 ഓഹരികൾ ഇടിഞ്ഞു. എൻഎസ്ഇയിൽ  ഉയർന്നത് 631 എണ്ണം. താഴ്ന്നത് 2228 ഓഹരികൾ.

എൻഎസ്ഇയിൽ 24 ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന വിലയിൽ എത്തിയപ്പോൾ താഴ്ന്ന വിലയിൽ എത്തിയത് 30 എണ്ണമാണ്. 37 ഓഹരികൾ അപ്പർ സർകീട്ടിൽ എത്തിയപ്പോൾ 81 എണ്ണം ലോവർ സർകീട്ടിൽ എത്തി.

വിദേശനിക്ഷേപകർ ബുധനാഴ്ച വാങ്ങൽ കുറച്ചു. അവർ ക്യാഷ് വിപണിയിൽ 50.57 കാേടി രൂപയുടെ അറ്റ വാങ്ങൽ മാത്രമാണു നടത്തിയത്. സ്വദേശി ഫണ്ടുകൾ 1792.15 കോടി രൂപയുടെ ഓഹരികൾ വാങ്ങി. 

അതിർത്തിസംഘർഷം വിപണിയെ തൽക്കാലം ചെറിയ പരിധിയിൽ കയറിയിറങ്ങാൻ നിർബന്ധിക്കും എന്നാണു വിലയിരുത്തൽ. ഇന്നു നിഫ്റ്റിക്ക് 24,230 ഉം 24,185 ഉം പിന്തുണയാകും. 24,390 ലും 24,500 ലും തടസം ഉണ്ടാകാം.

കമ്പനികൾ, വാർത്തകൾ

അദാനി എൻ്റർപ്രൈസസിനു നാലാം പാദത്തിൽ വരുമാനം 7.6 ശതമാനം ഇടിഞ്ഞപ്പോൾ ലാഭം എട്ടര മടങ്ങ് ആയി 3844.9 കോടി രൂപയിൽ എത്തി. 3945.7 കോടി രൂപയുടെ ഒറ്റത്തവണ വരുമാനമാണു കാരണം. 15,000 കോടി രൂപയുടെ മൂലധന സമാഹരണത്തിനു ബോർഡ് തീരുമാനിച്ചു.

അദാനി പോർട്സ് വരുമാനം 23.1 ശതമാനം വർധിച്ചപ്പോൾ ലാഭം 47.8 ശതമാനം കുതിച്ചു.

ഫെഡറൽ ബാങ്ക് നാലാം പാദത്തിൽ അറ്റപലിശ വരുമാനം 8.3 ശതമാനം വർധിച്ചപ്പോൾ ലാഭം 13.7 ശതമാനം വർധിപ്പിച്ച് 1030.2 കോടി രൂപയിൽ എത്തിച്ചു. മൊത്ത നിഷ്ക്രിയ ആസ്തി 1.84 ഉം അറ്റ നിഷ്ക്രിയ ആസ്തി 0.44 ഉം ശതമാനം ആയി കുറഞ്ഞു.

നാലാം പാദത്തിൽ വരുമാനം 7.4 ശതമാനം കൂടിയെങ്കിലും ഇൻഡസ് ടവേഴ്സിൻ്റെ ലാഭം നാലു ശതമാനം കുറഞ്ഞു.

എറ്റേണൽ എന്നു പേരുമാറ്റിയ സൊമാറ്റോയുടെ വരുമാനം 63.8 ശതമാനം വർധിച്ചെങ്കിലും ലാഭം 77.7 ശതമാനം ഇടിഞ്ഞു.

വരുമാനം 2.3 ശതമാനം കുറഞ്ഞപ്പോൾ ജിൻഡൽ സ്റ്റീൽ ആൻഡ് പവർ നഷ്ടത്തിലേക്ക് വീണു. 1229.5 കോടി രൂപയുടെ ഒറ്റത്തവണ നഷ്ടം വന്നതാണു കാരണം.

വരുമാനം 4.4 ശതമാനം വർധിച്ചപ്പോൾ സുന്ദരം ഫാസനേഴ്സ് ലാഭം 6.8 ശതമാനം കുറഞ്ഞു.

വരുമാനം 0.3 ശതമാനം താഴ്ന്നപ്പോഴും ഗോദ്‌റെജ് അഗ്രാേവെറ്റ് ലാഭം 23.9 ശതമാനം കുതിച്ചു.

നാലാം പാദ വരുമാനം 10.3 ശതമാനം വർധിപ്പിച്ച എൽജി ബാലകൃഷ്ണൻ ലാഭം 23.8 ശതമാനം ഉയർത്തി.

പരസ് ഡിഫൻസ് ആൻഡ് സ്പേസ് ടെക്‌നോളജീസിൻ്റെ വരുമാനം 35.8 ഉം ലാഭം 97.8 ഉം ശതമാനം കുതിച്ചു.

ബന്ധൻ ബാങ്ക് അറ്റ പലിശ വരുമാനം 3.6 ശതമാനം കുറഞ്ഞപ്പോൾ ലാഭം ആറു മടങ്ങ് വർധിച്ചു. വകയിരുത്തലുകളിൽ 514 കോടി രൂപയുടെ കുറവുണ്ടായപ്പോഴാണു ലാഭം 250 കോടിയിലധികം വർധിച്ചത്. മൊത്ത എൻപിഎ 4.71 ശതമാനമായി കൂടി. അറ്റ എൻപിഎ 1.28 ശതമാനമായി തുടർന്നു.

ഏപ്രിലിലെ വാഹന വിൽപന

മാരുതി സുസുകി: ആകെ വിൽപന +6.96%, ആഭ്യന്തര വിൽപന +4%, കയറ്റുമതി +26%.

ടാറ്റാ മോട്ടോഴ്സ്: ആകെ വിൽപന -6.2%, ആഭ്യന്തര വിൽപന -7%, വാണിജ്യ വാഹനങ്ങൾ -8%, യാത്രാവാഹനങ്ങൾ -5%.

മഹീന്ദ്ര ആൻഡ് മഹീന്ദ്ര: ആകെ വിൽപന +19%, യാത്രാവാഹനങ്ങൾ +28%, കയറ്റുമതി +82%, ത്രീ വീലർ വിൽപന -1%, ട്രാക്ടർ +8%.

ഐഷർ മോട്ടോഴ്സ്: ആകെ വിൽപന +27.3%, ആഭ്യന്തര വിൽപന +27.7%, കയറ്റുമതി +29.2%, റോയൽ എൻഫീൽഡ് +6%.

ടിവിഎസ് മോട്ടോർ: ആകെ വിൽപന +16%, ടൂവീലർ +15%, ഇലക്ട്രിക് വാഹനങ്ങൾ +59%, കയറ്റുമതി +45%, ത്രീ വീലർ +50%.

റിസൽട്ടുകൾ ഇന്ന്

മാരികോ, ഗോദ്‌റെജ് പ്രോപ്പർട്ടീസ്, ആഥർ ഇൻഡസ്ട്രീസ്, സിറ്റി യൂണിയൻ ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക്, വി-മാർട്ട് റീട്ടെയിൽ, ആർ ആർ കേബൽ, സുബെക്സ്, സനോഫി കൺസ്യൂമർ ഹെൽത്ത് തുടങ്ങിയവ ഇന്നു നാലാം പാദ റിസൽട്ട് പ്രസിദ്ധീകരിക്കും.

എസ്ബിഐ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഇന്ത്യൻ ബാങ്ക്, ഉത്കർഷ് സ്മോൾ ഫിനാൻസ് ബാങ്ക്, അവന്യു സൂപ്പർ മാർട്സ്, നെറ്റ് വെബ് ടെക്നോളജീസ് തുടങ്ങിയവ നാളെ റിസൽട്ട് പുറത്തു വിടും.

സ്വർണം താഴ്ന്നു തന്നെ

സ്വർണം താഴോട്ടു യാത്ര തുടരുകയാണ്. ബുധനാഴ്ച സ്വർണം ഔൺസിനു 30.50 ഡോളർ നഷ്ടപ്പെടുത്തി 3289.20 ഡോളറിൽ ക്ലോസ് ചെയ്തു. വ്യാഴാഴ്ച വീണ്ടും 46.90 ഡോളർ ഇടിഞ്ഞ് 3242.30 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില 3235 ഡോളറിലേക്കു താഴ്ന്നു.

അക്ഷയതൃതീയ ദിനമായ ബുധനാഴ്ച കേരളത്തിൽ സ്വർണവില  മാറ്റമില്ലാതെ പവന് 71,840 രൂപയിൽ  തുടർന്നു. വ്യാഴാഴ്ച പവന് 1640 രൂപ ഇടിഞ്ഞ് 70,200 രൂപയായി. വില ഇന്നും കുറയാം. ഡോളർ - രൂപ വിനിമയ നിരക്ക് അനുസരിച്ചാകും വിലയിലെ മാറ്റം.

വെള്ളിവില ഇന്നു രാവിലെ ഔൺസിന് 32.42 ഡോളറിലാണ്.

 ചെമ്പുവില 3.09 ശതമാനം ഇടിഞ്ഞ് ടണ്ണിനു 9194 ഡോളറിൽ എത്തി. അലൂമിനിയം വില 0.20 ശതമാനം താഴ്ന്നു ടണ്ണിന് 2413.57 ഡോളർ ആയി. മറ്റു വ്യാവസായിക ലോഹങ്ങളും ഗണ്യമായി താഴ്ന്നു. വളർച്ചയെപ്പറ്റി ഉയർന്ന ആശങ്കയാണു കാരണം. നിക്കൽ2.34 ഉം ടിൻ 2.76 ഉം സിങ്ക് 0.97 ഉം ശതമാനം താഴ്ചയിലാണ്.

രാജ്യാന്തര വിപണിയിൽ റബർ 0.06 ശതമാനം കയറി കിലോഗ്രാമിന് 169.00 സെൻ്റ് ആയി. കൊക്കോ 2.47 ശതമാനം താഴ്ന്ന് 8768.72 ഡോളറിൽ എത്തി. കാപ്പി 3.26 ശതമാനം താഴ്ന്നു. പാമോയിൽ വില 0.90 ശതമാനം ഉയർന്നു. 

ഡോളർ ഉയർന്നു; രൂപയും കുതിച്ചു

ഡോളർ സൂചിക ബുധനാഴ്ച 99.64 ലും വ്യാഴാഴ്ച 100.25 ലും ക്ലോസ് ചെയ്തു. ഇന്നു രാവിലെ 100.33 ലേക്ക് കയറി. 

യൂറോ ഇന്നു രാവിലെ 1.1278 ഡോളറിലേക്കു താഴ്ന്നു. പൗണ്ട് 1.3275 ഡോളറിലേക്കും ജാപ്പനീസ് യെൻ ഡോളറിന് 145.87 യെൻ എന്ന നിരക്കിലേക്കും താഴ്ന്നു.

യുഎസ് കടപ്പത്രവില കുറഞ്ഞു. 10 വർഷ കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം 4.242 ശതമാനത്തിലേക്ക് കയറി. 4.126 ശതമാനം വരെ താഴ്ന്നതായിരുന്നു

 രൂപ ബുധനാഴ്ച വലിയ കുതിപ്പ് നടത്തി. ഡോളറിൻ്റെ മേൽ 0.9 ശതമാനം കയറ്റം. ഡോളർ 77 പൈസ ഇടിഞ്ഞ് 84.49 രൂപയിൽ ക്ലോസ് ചെയ്തു.

ചൈനയുടെ കറൻസി ഒരു ഡോളറിന്  7.27 യുവാനിൽ തുടർന്നു.

ക്രൂഡ്  ഓയിൽ കയറുന്നു

ക്രൂഡ് ഓയിൽ വില ഇടിവ് വ്യാഴാഴ്ചയും തുടർന്നു.  ബ്രെൻ്റ് ഇനം ബാരലിന് അഞ്ചു ശതമാനത്തിലധികം താഴ്ന്ന് 59.30 ഡോളറിൽ എത്തി. പിന്നീട് ഇറാനെതിരേ കൂടുതൽ ഉപരോധം പ്രഖ്യാപിച്ചതോടെ തിരിച്ചു കയറി 61.87 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 62.47 ഡോളർ ആയി. ഡബ്ള്യുടിഐ ഇനം 59.58 ഡോളറിലേക്കും യുഎഇയുടെ മർബൻ ക്രൂഡ് 62.18 ഡോളറിലേക്കും കയറി. 

ക്രിപ്റ്റോകൾ കയറിയിറങ്ങി

ക്രിപ്റ്റോ കറൻസികൾ ഉയർന്ന നിലയിൽ കയറ്റിറക്കം തുടരുന്നു. ബിറ്റ് കോയിൻ 97,200 ഡോളറിനു മുകളിൽ എത്തിയ ശേഷം അൽപ്പം താഴ്ന്നു. ഈഥർ 1850 ഡോളറിനടുത്താണ്. 

വിപണിസൂചനകൾ

(2025 ഏപ്രിൽ 30, ബുധൻ)

സെൻസെക്സ്30   80,242.24    -0.06%

നിഫ്റ്റി50       24,334.20         -0.01%

ബാങ്ക് നിഫ്റ്റി   55,087.15     -0.55%

മിഡ് ക്യാപ്100   54,124.90   -0.85%

സ്മോൾക്യാപ്100  16,448.85    -1.73%

ഡൗജോൺസ്   40,669.36   +0.35%

എസ്ആൻഡ്പി   5569.06   +0.15%

നാസ്ഡാക്      17,446.34     -0.09%

ഡോളർ($)     ₹84.49        -₹0.77

സ്വർണം(ഔൺസ്)  $3289.20    -$30.50

സ്വർണം(പവൻ) ₹71,840         +₹00.00

ക്രൂഡ്(ബ്രെൻ്റ്)ഓയിൽ $63.12    -$1.13 

മേയ്  01, വ്യാഴം

ഡൗജോൺസ്   40,752.96   +0.21%

എസ്ആൻഡ്പി   5604.14   +0.63%

നാസ്ഡാക്      17,710.74     +1.52%

സ്വർണം(ഔൺസ്)  $3242.30    -$46.90

സ്വർണം(പവൻ) ₹70,200         -₹1640.00

 ക്രൂഡ്(ബ്രെൻ്റ്)ഓയിൽ $61.87    -$1.25 

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT