ഇറാനിൽ വീണ്ടും യുഎസ് ആക്രമണം. സൈനിക കേന്ദ്രങ്ങൾക്കു പുറമേ രണ്ട് ഇറാനിയൻ എണ്ണടാങ്കറുകളെയും ആക്രമിച്ചു. ഗൾഫിലെ യുഎസ് താവളങ്ങൾക്കു നേരേ ഇറാനും ആക്രമണം നടത്തി. ഇനി ചർച്ചയ്ക്കു ശ്രമിക്കുന്നില്ലെന്നു യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. പഴയകരാർ പുനരാരംഭിക്കാൻ ഇറാൻ നേരത്തേ സന്നദ്ധത അറിയിച്ചിരുന്നു.
യുദ്ധം രൂക്ഷമായതോടെ ക്രൂഡ് ഓയിൽ വില 97 ഡോളറിനടുത്തായി. ഇതു യൂറോപ്പിൽ അടുത്ത ആഴ്ചയും യുഎസിൽ അതിനടുത്ത ആഴ്ചയും കേന്ദ്ര ബാങ്കുകൾ പലിശ കൂട്ടും എന്നു വിപണി കരുതുന്നു. ഇതു കടപ്പത്രവിലകൾ താഴ്ത്തുകയും അവയിലെ നിക്ഷേപനേട്ടം ഉയർത്തുകയും ചെയ്യുന്നു. ഇത് ഓഹരികളെ താഴ്‌ത്തും.
ഇന്നലെ യൂറോപ്യൻ, യുഎസ് വിപണികൾ ഇടിഞ്ഞു. ഇന്നു രാവിലെ ഏഷ്യൻ വിപണികൾ ഇടിവിലാണ്. ഇന്ത്യയും അന്താരാഷ്ട്ര ചലനങ്ങൾക്ക് അനുസരിച്ചു നീങ്ങും.
ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി ചൊവ്വാഴ്ച രാത്രി 24,047.50 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 24,014 വരെ താഴ്ന്നു. ഇന്ത്യൻ വിപണി ഇന്നും നഷ്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതു സൂചിപ്പിക്കുന്നത്.
കടപ്പത്ര വിപണിയിലെ അസ്വസ്ഥതയും ക്രൂഡ് ഓയിൽ വിലക്കയറ്റവും യുദ്ധവും യുഎസ് വിപണികളെ ഇന്നലെയും താഴ്‌ത്തി.
യുഎസിലും ജപ്പാനിലും യൂറോപ്പിലും ഒക്കെ കടപ്പത്രങ്ങൾക്കു വിലയിടിയുകയാണ്. അവയിലെ നിക്ഷേപനേട്ടം (yield) 2008 ലെ ആഗോളധനകാര്യ പ്രതിസന്ധിക്കു മുൻപ് ഉണ്ടായിരുന്നത്ര ഉയർന്നു. പലിശ വർധിപ്പിക്കും എന്ന നിഗമനമാണു വിപണിക്കുള്ളത്. യുഎസ് 30 വർഷ കടപ്പത്രത്തിലെ നിക്ഷേപനേട്ടം 5.28 ശതമാനമായി; 10 വർഷത്തേതിൽ 4.8 ശതമാനവും.
ഇറാനിലെ പുനരാരംഭിച്ച യുദ്ധം ഇതുവരെ പരിമിതമായാണു നിൽക്കുന്നത്. പക്ഷേ ഏതവസരത്തിലും വ്യാപകമായി മാറാം. ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ വില ഇന്നലെ 95 ഡോളറിനു മുകളിൽ കയറിയിട്ട് അൽപം താഴ്ന്നു ക്ലോസ് ചെയ്തു.
ചൊവ്വാഴ്ച ഡൗ ജോൺസ് സൂചിക 419.02 പോയിൻ്റ് (0.79 ശതമാനം) ഇടിഞ്ഞ് 52,766.88 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 54.67 പോയിൻ്റ് (0.71%) നഷ്‌ടത്തോടെ 7631.47 ൽ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് 271.12 പോയിൻ്റ് (1.03%) ഇടിവോടെ 26,099.77 ൽ ക്ലോസ് ചെയ്തു.
ആപ്പിളും മെറ്റായും ഒഴികെ മാഗ്‌നിഫിസൻ്റ് സെവനിലെ ഓഹരികൾ എല്ലാം ഇന്നലെ താഴ്ന്നു. ടിം കുക്ക് എക്സിക്യൂട്ടീവ് ചെയർമാൻ ആയി മാറിയപ്പോൾ ജോൺ ടേർണസ് ആപ്പിളിൻ്റെ സിഇഒ ചുമതല ഏറ്റു.
യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു നേരിയ താഴ്ചയിലാണ്. ഡൗ ജോൺസ് 20 പോയിൻ്റും (0.04%) എസ് ആൻഡ് പി 4 പോയിൻ്റും (0.05%) നാസ്ഡാക് 10 പോയിൻ്റും (0.03%) താഴ്ന്നു നീങ്ങുന്നു.
ന്യൂയോർക്കിലെ എഡിആർ (അമേരിക്കൻ ഡെപ്പോസിറ്ററി റെസീറ്റ്) വിപണിയിൽ ചൊവ്വാഴ്ച എച്ച്ഡിഎഫ്സി ബാങ്ക് വ്യാപാര സമയത്ത് 1.10 ശതമാനം ഉയർന്നിട്ടു തുടർവ്യാപാരത്തിൽ 0.87% താഴ്ന്ന് 22.75 ഡോളറിൽ ക്ലോസ് ചെയ്തു. ഐസിഐസിഐ ബാങ്ക് നിശ്ചിത സമയത്ത് 0.56% താഴ്ന്ന ശേഷം തുടർവ്യാപാരത്തിൽ മാറ്റമില്ലാതെ 30.19 ഡോളറിൽ അവസാനിച്ചു. ഇൻഫോസിസ് നിശ്ചിത സമയത്ത് 0.50% താഴ്ന്ന ശേഷം തുടർ വ്യാപാരത്തിൽ മാറ്റമില്ലാതെ 12.00 ഡോളറിൽ ക്ലോസ് ചെയ്തു. വിപ്രോ വിപണിസമയത്ത് 1.08% ഇടിഞ്ഞ ശേഷം തുടർ വ്യാപാരത്തിൽ മാറ്റമില്ലാതെ 1.83 ഡോളറിൽ അവസാനിച്ചു.
യൂറോപ്യൻ ഓഹരിവിപണികൾ ചൊവ്വാഴ്ചയും താഴ്ന്നു. യുദ്ധങ്ങളും ക്രൂഡ് ഓയിൽ വിലക്കയറ്റവും പലിശ ഭീതിയും ആണു വില്ലന്മാർ. ജർമനിയിൽ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം 15 വർഷത്തെ ഉയർന്ന നിലയിലായി. ഫ്രാൻസിൽ 2008-നു ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലാണ്. ചില്ലറ വിലക്കയറ്റം മൂന്നു ശതമാനത്തിനു മുകളിൽ നിൽക്കുന്നതിനാൽ അടുത്തയാഴ്ച യൂറോപ്യൻ കേന്ദ്രബാങ്ക് പലിശ 0.25 ശതമാനം കൂട്ടുമെന്നാ ന്നു വിലയിരുത്തൽ.
ഏഷ്യൻ വിപണികൾ ഇന്നു തകർച്ചയിലാണ്. ജപ്പാനിൽ നിക്കൈ സൂചിക 2.7 ശതമാനം ഇടിവിലായി. ഓസ്ട്രേലിയൻ വിപണി 1.4 ശതമാനം താഴ്ന്നു. ദക്ഷിണ കൊറിയയിൽ കോസ്‌പി 2.4 ശതമാനം ഇടിഞ്ഞു. ഹോങ് കോങ്ങിലെ ഹാങ് സെങ് സൂചിക 0.60 ശതമാനം ഇടിവിലാണ്. തായ്‌വാൻ സൂചിക 1.1 ശതമാനം താഴ്ന്നു. ഷാങ്ഹായ് സൂചിക 0.70 ശതമാനം നഷ്ടത്തിലാണ്.
ജിഡിപി വളർച്ചയും രൂപയുടെ കയറ്റവും അടക്കമുള്ള നല്ല സാമ്പത്തിക സൂചകങ്ങൾ ഇന്ത്യൻ വിപണിയെ നേട്ടത്തിലാക്കാൻ പര്യാപ്‌തമായില്ല. ഉയർന്ന ക്രൂഡ് ഓയിൽ വിലയും പലിശ വർധിക്കുമെന്ന ആശങ്കയും വിപണിയെ ഉലച്ചു. ക്ലോസിംഗ് ഓക്‌ഷൻ സെഷനിൽ (കാസ്) നഷ്‌ടം കുറച്ചതുകൊണ്ടു മുഖ്യ സൂചികകളിൽ വിപണിയുടെ നിഷേധചിത്രം വ്യക്തമായില്ല എന്നു മാത്രം. കാസിനു മുൻപ് സെൻസെക്സ് 232 ഉം നിഫ്റ്റി 99.85 ഉം ബാങ്ക് നിഫ്റ്റി 760.80 ഉം പോയിൻ്റ് നഷ്‌ടത്തിലായിരുന്നു. കാസ് മൂലം നിഫ്റ്റി 24,000 നു മുകളിൽ നിന്നു. 24,000 നു താഴെ പോയാൽ 23,800 വരെ എത്താമെന്നു ചാർട്ടിസ്റ്റുകൾ പറയുന്നു.
വിദേശയാത്രകളും സ്വർണം വാങ്ങലും ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനം വിപണിയിലെ ആശങ്ക കൂട്ടുകയാണു ചെയ്തത്. നാലു മാസത്തിനുള്ളിൽ രണ്ടാം വട്ടമാണ് ഈ ആഹ്വാനം.
വിദേശനിക്ഷേപകർ ഇന്നലെ അറ്റ വാങ്ങലുകാരായി. അവർ ക്യാഷ് വിപണിയിൽ 1143.38 കോടി രൂപയുടെ അറ്റ വാങ്ങൽ നടത്തി. സ്വദേശിഫണ്ടുകൾ 1846.94 കോടി രൂപയുടെ അറ്റ വാങ്ങലും നടത്തി.
ചൊവ്വാഴ്ച സെൻസെക്‌സ് 12.99 പോയിൻ്റ് (0.02%) താഴ്ന്ന് 76,944.28 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 24.60 പോയിൻ്റ് (0.10%) കുറഞ്ഞ് 24,055.80 ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 615.35 പോയിൻ്റ് (1.06%) നഷ്‌ടത്തോടെ 57,409.60 ൽ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 890.25 പോയിൻ്റ് (1.39%) ഇടിഞ്ഞ് 63,334.50 ൽ അവസാനിച്ചു. സ്മോൾ ക്യാപ് 100 സൂചിക 45.40 പോയിൻ്റ് (0.23%) താഴ്ന്ന് 19,886.25 ൽ ക്ലോസ് ചെയ്തു.
വിശാലവിപണിയിൽ ഭൂരിപക്ഷം ഓഹരികൾ നഷ്‌ടത്തിലായി. ബിഎസ്ഇയിൽ 1700 ഓഹരികൾ കയറി, 2645 ഓഹരികൾ താഴ്ന്നു. എൻഎസ്ഇയിൽ 1336 എണ്ണം ഉയർന്നപ്പോൾ 2180 എണ്ണം താഴ്ന്നു.
പഞ്ചസാര സ്റ്റോക്ക് പരിധി വീണ്ടും കുറച്ചത് ഇന്നലെ പഞ്ചസാരമിൽ ഓഹരികളെ 6.5 ശതമാനം വരെ താഴ്ത്തി.
റിലയൻസ് കൺസ്യൂമർ പ്രൊഡക്‌ട്സ് ബോംബെ ക്രീമറി എന്ന പേരിൽ ഐസ് ക്രീം വിപണിയിൽ ഇറക്കി.
ഇറ്റാലിയൻ വാണിജ്യ വാഹന കമ്പനി ഈവെക്കോയെ ഏറ്റെടുക്കുന്നതിനുള്ള എല്ലാ അനുമതികളും ലഭിച്ചതായി ടാറ്റാ മോട്ടോഴ്‌സ് അറിയിച്ചു.
സെപ്റ്റംബർ 16-നു യുഎസ് ഫെഡ് പലിശ വർധിപ്പിക്കാനുള്ള സാധ്യത 70 ശതമാനത്തോളമായി. ഇതു സ്വർണവിലയെ വീണ്ടും താഴ്‌ത്തി. ചൊവ്വാഴ്ച 119.40 ഡോളർ നഷ്‌ടത്തിൽ ഔൺസിന് 4329.70 ഡോളറിൽ സ്വർണം ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില വീണ്ടും താഴ്ചയിലാണ്. 4290 വരെ താഴ്ന്നു. 4200 -4100 ഡോളറിലേക്കു താഴും എന്നാണു വിലയിരുത്തൽ.
കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് ചൊവ്വാഴ്ച 1240 രൂപ കുറഞ്ഞ് 1,13,720 രൂപ ആയി.
വെള്ളിവില ചൊവ്വാഴ്ച ഔൺസിന് 64.07 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ അൽപം ഉയർന്നു.
പ്ലാറ്റിനം 1726 ഡോളർ, പല്ലാഡിയം 1286 ഡോളർ, റോഡിയം 8725 ഡോളർ എന്നിങ്ങനെ നിൽക്കുന്നു.
രാജ്യാന്തര റബർവില വീണ്ടും കുറഞ്ഞു. കേരളത്തിൽ വില മാറ്റമില്ല. ബാങ്കോക്കിൽ ആർഎസ്എസ് ഒന്ന് ക്വിൻ്റലിന് 280.20 ഡോളറിലും ആർഎസ്എസ് മൂന്ന് 276.70 ഡോളറിലും എത്തി. കേരളത്തിൽ ക്വിൻ്റലിന് 27,500 രൂപ തുടർന്നു. ഈ വർഷം ആഗോള റബർ ഉൽപാദനം 152.8 ലക്ഷം ടണ്ണും ഉപയോഗം 153.6 ലക്ഷം ടണ്ണും ആകുമെന്നാണ് സ്വഭാവിക റബർ ഉൽപാദക രാജ്യങ്ങളുടെ സംഘടന കണക്കാക്കുന്നത്.
അലൂമിനിയവും സിങ്കും ഒഴികെയുള്ള വ്യാവസായിക ലോഹങ്ങൾ ചൊവ്വാഴ്ച താഴ്ന്നു. ചെമ്പ് 0.96 ശതമാനം ഇടിഞ്ഞു ടണ്ണിന് 14,395.35 ഡോളർ ആയി. അലൂമിനിയം 0.62 ശതമാനം കയറി 3260.30 ഡോളറിൽ എത്തി. നിക്കലും ലെഡും ടിന്നും താഴ്ന്നു. സിങ്ക് ഉയർന്നു.
കൊക്കോ വില 3.87 ശതമാനം ഇടിഞ്ഞു ടണ്ണിന് 6509.00 ഡോളറിൽ ക്ലോസ് ചെയ്തു. തലേന്നും വില കുതിച്ചു കയറിയിരുന്നു. 2026-27 സീസണിൽ കൊക്കോ ലഭ്യത കുറയും എന്നതാണു വിലക്കയറ്റത്തിനു കാരണം. ഐവറി കോസ്റ്റിൽ 20 ഉം ഘാനയിൽ 13 ഉം ശതമാനം ഉൽപാദനക്കുറവാണ് കണക്കാക്കുന്നത്.
അറബിക്ക കാപ്പി 1.01 ശതമാനം താഴ്‌ന്ന് പൗണ്ടിന് 3.08 ഡോളറിൽ എത്തി.
പാം ഓയിൽ 7.45 ശതമാനം കുതിച്ച് ടണ്ണിന് 4973 മലേഷ്യൻ റിംഗിറ്റ് ആയി.
യുഎസ് ഡോളർ സൂചിക ചൊവ്വാഴ്ച ഉയർന്ന് 99.68 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക 99.73 വരെ കയറി.
യൂറോ 1.1581 ഡോളറിലേക്കും പൗണ്ട് 1.3504 ഡോളറിലേക്കും താഴ്ന്നു. ജാപ്പനീസ് യെൻ ഒരു ഡോളറിന് 160.30 യെന്നിൽ എത്തി. ചൈനീസ് യുവാൻ ഡോളറിന് 6.72 എന്ന നിരക്കിലേക്കു നീങ്ങി.
അമേരിക്കയിൽ 10 വർഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം (yield) 4.808 ശതമാനത്തിൽ എത്തി. പലിശ നിരക്കു കൂടുമെന്ന സൂചനയിലാണിത്.
ചൊവ്വാഴ്ച രൂപ നല്ല നേട്ടം ഉണ്ടാക്കി. ഡോളർ 21 പൈസ കുറഞ്ഞ് 94.95 രൂപയിൽ ക്ലോസ് ചെയ്തു.
വിദേശത്തെ ഫോർവേഡ് വിപണിയിൽ ഡോളർ ഇന്നു രാവിലെ 95.03 രൂപയിലാണ്.
ചൈനീസ് യുവാൻ 14.13 രൂപയിലേക്കു താഴ്ന്നു. യൂറോ 109.99 രൂപയായി.
ക്രൂഡ് ഓയിൽ വില 97 ഡോളറിലേക്കു നീങ്ങി. ചൊവ്വാഴ്ച 4.16 ഡോളർ കുതിച്ച് 94.65 ഡോളറിൽ ക്ലോസ് ചെയ്ത ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ ഇന്നു രാവിലെ വീണ്ടും കയറി 96.75 ഡോളറിൽ എത്തി. ഡബ്ള്യുടിഐ ഇനം 91.87 ഡോളറിലാണ്.
ക്രിപ്റ്റോ കറൻസികൾ താഴ്ചയിൽ തുടരുന്നു. ബിറ്റ്കോയിൻ 77,350 ഡോളറിനു താഴെയാണ്. ഈഥർ ഇന്ന് 2420 ഡോളറിനും സൊലാന 100 ഡോളറിനും താഴെ ആയി.
(2026 സെപ്റ്റംബർ 01, ചൊവ്വ)
സെൻസെക്സ് 76,944.28 -0.02%
നിഫ്റ്റി50 24,055.80 -0.10%
ബാങ്ക് നിഫ്റ്റി 57,409.60 -1.06%
മിഡ്ക്യാപ്100 63,334.50 -1.39%
സ്മോൾക്യാപ്100 19,886.25 -0.23%
ഡൗജോൺസ് 52,766.88 -0.79%
എസ്ആൻഡ്പി 7631.47 -0.71%
നാസ്ഡാക് 26,099.74 -1.03%
ഡോളർ ₹94.95 -₹0.21
സ്വർണം(ഔൺസ്)$4329.70 -$119.40
സ്വർണം(പവൻ) ₹1,13,720 -₹1240
ക്രൂഡ്ഓയിൽബ്രെൻ്റ് $94.65 +4.16
Read DhanamOnline in English
Subscribe to Dhanam Magazine