പാശ്ചാത്യ വിപണികളും ഏഷ്യന്‍ വിപണികളും ഉയരുന്നുണ്ട്. എന്നാല്‍ ഇന്ത്യന്‍ വിപണി അതിനു തക്ക കാരണങ്ങള്‍ കാണുന്നില്ല. രൂപയുടെ തകര്‍ച്ചയും വെള്ളിയാഴ്ച റിസര്‍വ് ബാങ്ക് പലിശ കുറയ്ക്കുമോ എന്നതുമാണു വിപണിയുടെ ചിന്താവിഷയങ്ങള്‍.
ഡോളര്‍ ഇന്നു 90 രൂപയ്ക്കു മുകളില്‍ ഓപ്പണ്‍ ചെയ്യും എന്നു പലരും കരുതുന്നു. മറിച്ചാകണമെങ്കില്‍ റിസര്‍വ് ബാങ്ക് വലിയ തോതില്‍ ഇടപെടണം. ഡോളര്‍ 90 കടന്നാല്‍ തകര്‍ച്ച തുടരും എന്നും വിപണികരുതുന്നു. തീരുവ ആക്രമണത്തില്‍ വലയുന്ന കയറ്റുമതിക്കാരെ സഹായിക്കാന്‍ ഡോളറിന്റെ കയറ്റം റിസര്‍വ് ബാങ്ക് അനുവദിക്കുന്നതാണെന്നു പലരും വിലയിരുത്തുന്നു. ഐടി, ഫാര്‍മ, കയറ്റുമതി കമ്പനികള്‍ക്കു രൂപയുടെ വീഴ്ച നേട്ടമാണ്.
യുക്രെയ്ന്‍ കാര്യത്തില്‍ യുഎസ്- റഷ്യ ചര്‍ച്ചയില്‍ പുരോഗതി ഉണ്ട്. എങ്കിലും ഒത്തുതീര്‍പ്പിനു വെള്ളപ്പുക കണ്ടിട്ടില്ല.
ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തില്‍ നിഫ്റ്റി ചൊവ്വാഴ്ച രാത്രി 26,190.00 ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 26,212 വരെ കയറിയിട്ടു താഴ്ന്നു. ഇന്ത്യന്‍ വിപണി ഇന്നും ദുര്‍ബലനിലയില്‍ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.
യൂറോപ്യന്‍ വിപണികള്‍ പല ദിശകളില്‍ നീങ്ങി. ജര്‍മന്‍ സൂചിക ഉയര്‍ന്നപ്പോള്‍ യുകെ, ഫ്രഞ്ച് സൂചികകള്‍ താഴ്ന്നു. ജര്‍മന്‍ കമ്പനി ബായറിന്റെ കളനാശിനി റൗണ്ടപ്പിന് എതിരായി അമേരിക്കയിലുള്ള കേസുകള്‍ നിയന്ത്രിക്കാന്‍ ട്രംപ് ഭരണകൂടം നടപടി എടുക്കുമെന്നു പ്രഖ്യാപിച്ചത് ബായര്‍ ഓഹരിയെ 12 ശതമാനം ഉയര്‍ത്തി. ബായര്‍ ഇതുവരെ ശതകോടിക്കണക്കിനു ഡോളര്‍ നഷ്ടപരിഹാരം നല്‍കിക്കഴിഞ്ഞു.
മോസ്‌കോയില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനുമായി അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫ് നടത്തുന്ന ചര്‍ച്ചയിലാണ് വിപണിയുടെ ശ്രദ്ധ. യുക്രെയ്ന്‍ അംഗീകരിച്ച പുതിയ 19 ഇന സമാധാന കരാറാണു ചര്‍ച്ച ചെയ്യുക.
യുഎസ് വിപണി ഇന്നലെ അല്‍പം ഉയര്‍ന്നു. ക്രിപ്‌റ്റോ കറന്‍സികള്‍ തിരിച്ചു കയറിയതാണ് വിപണിയെ കയറ്റിയ ഘടകം. ക്രിപ്‌റ്റോകളുടെ തകര്‍ച്ച അവസാനിച്ചു എന്നു പറയാറായിട്ടില്ലെങ്കിലും ക്രിപ്‌റ്റോ ഇടിഎഫുകളിലേക്കു നിക്ഷേപം പുനരാരംഭിച്ചു. പത്താം തീയതി യുഎസ് ഫെഡ് പലിശ കുറയ്ക്കുന്നതിനുളള സാധ്യത 87.2 ശതമാനമായി ഉയര്‍ന്നു. നിര്‍മിതബുദ്ധിയുമായി ബന്ധപ്പെട്ട കമ്പനികള്‍ വരുമാനവും ലാഭവും വര്‍ധിപ്പിക്കുന്നത് ടെക് ഓഹരികളെ സഹായിച്ചു. എഐ അടിസ്ഥാന സൗകര്യം ഒരുക്കുന്ന ക്രീഡോ ടെക്‌നോളജി പ്രതീക്ഷയിലും മികച്ച വളര്‍ച്ച നേടിയത് ഓഹരിയെ 10 ശതമാനം ഉയര്‍ത്തി.
ഇന്നു വരുന്ന സ്വകാര്യ മേഖലയിലെ തൊഴില്‍ കണക്ക് വിപണിഗതിയെ സ്വാധീനിക്കും. മോസ്‌കോയില്‍ നടക്കുന്ന യുക്രെയ്ന്‍ ചര്‍ച്ചയില്‍ പുരോഗതി ഉണ്ടെങ്കിലും കരാര്‍ സാധ്യത ഇനിയും തെളിഞ്ഞിട്ടില്ല.
ചൊവ്വാഴ്ച ഡൗ ജോണ്‍സ് സൂചിക 185.13 പോയിന്റ് (0.39%) ഉയര്‍ന്ന് 47,474.46 ലും എസ് ആന്‍ഡ് പി 500 സൂചിക 16.74 പോയിന്റ് (0.25%) കയറി 6829. 37 ലും നാസ്ഡാക് കോംപസിറ്റ് 137.75 പോയിന്റ് (0.59%) നേട്ടത്തോടെ 23,413.67 ലും ക്ലോസ് ചെയ്തു.
ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്‌സ് നേട്ടത്തിലാണ്. ഡൗ 0.16 ഉം എസ് ആന്‍ഡ് പി 0.15 ഉം നാസ്ഡാക് 0.14 ഉം ശതമാനം ഉയര്‍ന്നു നീങ്ങുന്നു.
ഏഷ്യന്‍ വിപണികള്‍ ഇന്നും കയറ്റത്തിലാണ്. ജാപ്പനീസ് നിക്കൈ 0.75 ശതമാനം കയറി. ഓസ്‌ട്രേലിയന്‍ വിപണി രാവിലെ 0.30 ശതമാനം ഉയര്‍ന്നു.. ദക്ഷിണ കൊറിയന്‍ കോസ്പി സൂചിക 1.10 ശതമാനം കയറി. ഹോങ് കോങ് സൂചിക 0.40 ശതമാനം താഴ്ന്നു. ചൈനീസ് സൂചിക 0.05 ശതമാനം കുറഞ്ഞു.
ഇന്ത്യന്‍ വിപണി വീണ്ടും തളര്‍ച്ചയിലായി. രൂപയുടെ തകര്‍ച്ച, ജിഡിപി വളര്‍ച്ചക്കണക്ക് നല്‍കുന്ന ഇരുണ്ട ചിത്രം, അമേരിക്കയുമായി വ്യാപാരകരാര്‍ ഉണ്ടാക്കാത്തതു മൂലമുള്ള പ്രശ്‌നങ്ങള്‍, നികുതി പിരിവിലെ കുറവ്, വിദേശികളുടെ തുടര്‍ച്ചയായ വില്‍പന തുടങ്ങി വിപണിക്ക് ആശങ്കപ്പെടാന്‍ കാരണങ്ങള്‍ പലതുണ്ട്. ഒന്നിനും പെട്ടെന്നു പരിഹാരവുമില്ല.
റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ ഈയാഴ്ച എത്തുമ്പോള്‍ യുദ്ധവിമാനങ്ങളും (എസ്യു 57) മിസൈല്‍ പ്രതിരോധ സംവിധാനവും (എസ് 400) വാങ്ങാന്‍ കരാര്‍ ഉണ്ടാക്കും എന്നാണു സൂചന. എഫ് 35 യുദ്ധവിമാനങ്ങളും പേട്രിയട്ട് മിസൈല്‍ പ്രതിരോധവും വില്‍ക്കാനുളള അമേരിക്കന്‍ ശ്രമത്തിനു തിരിച്ചടിയാണിത്. വ്യാപാരകരാര്‍ വീണ്ടും വൈകാന്‍ ഇതു കാരണമായേക്കാം. എണ്ണക്കാര്യത്തില്‍ ഇന്ത്യക്കു നിരസിക്കാനാവാത്ത ഓഫര്‍ വല്ലതും പുടിന്‍ നല്‍കുമോ എന്നും വിപണി നോക്കുന്നു. ഒരു ലക്ഷത്തിലധികം ഇന്ത്യക്കാര്‍ ജോലി എടുക്കുന്ന റഷ്യയില്‍ 25,000 ലധികം ഇന്ത്യന്‍ വിദ്യാര്‍ഥികളും ഉണ്ട്.
ഇന്നലെ നിഫ്റ്റിയും സെന്‍സെക്‌സും താഴ്ന്നു വ്യാപാരം തുടങ്ങിയിട്ടു കൂടുതല്‍ താഴ്ന്നു. നിഫ്റ്റി 26,000 നു താഴെ പോയിട്ട് അവസാന മിനിറ്റുകളിലാണു തിരിച്ചു കയറി 26,000 നിലനിര്‍ത്തിയത്.
വിദേശനിക്ഷേപകര്‍ ചൊവ്വാഴ്ച 3642.30 കോടി രൂപയുടെ അറ്റവില്‍പന നടത്തി. സ്വദേശി ഫണ്ടുകള്‍ 4645.94 കോടി രൂപയുടെ അറ്റ വാങ്ങല്‍ നടത്തി.
ഫാര്‍മ ഒഴികെ എല്ലാ മേഖലകളും ഇന്നലെ ഇടിഞ്ഞു. കാപ്പിറ്റല്‍ മാര്‍ക്കറ്റ്, പ്രതിരോധം,ടൂറിസം, ധനകാര്യ സേവനം, മെറ്റല്‍, സ്വകാര്യ ബാങ്കുകള്‍, കണ്‍സ്യൂമര്‍ ഡ്യുറബിള്‍സ് തുടങ്ങിയവയാണ് കൂടുതല്‍ താഴ്ചയിലായത്.
ചൊവ്വാഴ്ച സെന്‍സെക്‌സ് 503.63 പോയിന്റ് (0.59%) താഴ്ന്ന് 85,138.27 ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 143.55 പോയിന്റ് (0.55%) കുറഞ്ഞ് 26,032.20 ല്‍ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 407.55 പോയിന്റ് (0.68%) നഷ്‌ത്തോടെ 59,273.80 ല്‍ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 132.95 പോയിന്റ് (0.22%) നഷ്ടത്തോടെ 60,910.45 ലും സ്‌മോള്‍ ക്യാപ് 100 സൂചിക 98.25 പോയിന്റ് (0.55%) ഇടിഞ്ഞ് 17,776.45 ലും അവസാനിച്ചു.
വിശാലവിപണിയില്‍ കയറ്റ - ഇറക്ക അനുപാതം ഇറക്കത്തിന് അനുകൂലമായി തുടര്‍ന്നു. ബിഎസ്ഇയില്‍ 1482 ഓഹരികള്‍ ഉയര്‍ന്നപ്പോള്‍ 2677 എണ്ണം താഴ്ന്നു. എന്‍എസ്ഇയില്‍ 1077 ഓഹരികള്‍ കയറി, 2000 എണ്ണം താഴ്ന്നു.
എന്‍എസ്ഇയില്‍ 60 ഓഹരികള്‍ 52 ആഴ്ചയിലെ ഉയര്‍ന്ന വിലയില്‍ എത്തിയപ്പോള്‍ 196 എണ്ണം താഴ്ന്ന വിലയില്‍ എത്തി. 12 ഓഹരികള്‍ അപ്പര്‍ സര്‍കീട്ടില്‍ എത്തിയപ്പോള്‍ ഒരെണ്ണം ലോവര്‍ സര്‍കീട്ടില്‍ എത്തി.
മൂന്നാം ദിവസവും താഴ്ന്ന വിപണി 25,900-25,850 മേഖലയിലെ പിന്തുണ ഇന്നു നിലനിര്‍ത്തുമോ എന്നതാണു ശ്രദ്ധിക്കേണ്ടത്. അതിനു താഴേക്കു നീങ്ങിയാല്‍ വില്‍പന സമ്മര്‍ദം രൂക്ഷമാകും. ഇന്നു നിഫ്റ്റിക്ക് 26,000 ലും 25,900 ലും പിന്തുണ പ്രതീക്ഷിക്കാം. 26,120 ലും 26,220 ലും പ്രതിരോധം നേരിടും.
ഓണ്‍ലൈന്‍ വ്യാപാര കമ്പനിയായ മീഷോയുടെ ഐപിഒ ഇന്ന് ആരംഭിക്കും. അനൗപചാരിക വിപണിയില്‍ മീഷോയ്ക്ക് 47 ശതമാനം പ്രീമിയം ഉണ്ട്. 2439 കോടി രൂപ മ്യൂച്വല്‍ ഫണ്ടുകളും പ്രൈവറ്റ് ഇക്വിറ്റികളും ചേര്‍ന്നു നിക്ഷേപിച്ചിട്ടുണ്ട്. ഒന്നിനു 111 രൂപ വച്ചാണു നിക്ഷേപം. ഐപിഒയില്‍ 4250 കോടി രൂപയുടെ പുതിയ ഓഹരിയും 1171 കോടിയുടെ നിലവിലുള്ള ഓഹരിയുമാണു വില്‍ക്കുന്നത്. ഓണ്‍ലൈന്‍ വില്‍പനയില്‍ വലിയ വളര്‍ച്ച നേടിയെങ്കിലും കമ്പനി ഇനിയും ലാഭത്തിലായിട്ടില്ല.
മേഘാലയയുടെ തലസ്ഥാനമായ ഷില്ലോംഗില്‍ ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി 90 മുറികള്‍ ഉള്ള പുതിയ ഹോട്ടല്‍ ഏറ്റെടുത്തു ജിന്‍ജര്‍ ബ്രാന്‍ഡില്‍ ഉളള ഇതു ചേരുന്നതോടെ അവിടെ കമ്പനിക്ക് മൂന്നു ഹോട്ടലുകള്‍ ആകും.
ഇന്‍ഡിഗ്രിഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ട്രസ്റ്റ് ഗഡഗ് ട്രാന്‍സ്മിഷന്‍ എന്ന കമ്പനിയെ 372 കോടി രൂപയ്ക്ക് ഏറ്റെടുക്കാന്‍ കരാര്‍ ഉണ്ടാക്കി. രാജ്യത്തെ ആദ്യ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റാണ് ഇന്‍ഡിഗ്രിഡ്.
ഇന്തോനീഷ്യയിലെ യൂണിറ്റ് വില്‍ക്കാന്‍ ഇന്ത്യാ സിമന്റ്‌സ് കരാര്‍ ഉണ്ടാക്കി. 5.4 കോടി രൂപയ്ക്കാണ് ഇടപാട്.
പൊതുമേഖലാ ബാങ്കുകളിലെ വിദേശനിക്ഷേപപരിധി ഉയര്‍ത്താന്‍ നീക്കം ഇല്ലെന്ന് ഗവണ്മെന്റ് വിശദീകരിച്ചു.
കമ്പനിയുടെ സെസാബി എന്ന ഔഷധത്തിനു യുഎസ് എഫ്ഡിഎ അംഗീകാരം നല്‍കാത്തതു തെ
റ്റാണെന്നു യുഎസ് കോടതി വിധിച്ചത് സണ്‍ ഫാര്‍മയുടെ ഗവേഷണ കമ്പനിയായ സ്പാര്‍കിന്റെ ഓഹരിയെ 20 ശതമാനം ഉയര്‍ത്തി.
സ്വര്‍ണവും വെള്ളിയും ചാഞ്ചാട്ടം തുടരുന്നു. അടുത്തയാഴ്ച യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ കുറയ്ക്കും എന്ന പ്രതീക്ഷ നിലനില്‍ക്കുമ്പോള്‍ തന്നെ ലാഭമെടുക്കലും നടക്കുന്നു. സ്വര്‍ണം ഇന്നലെ ഔണ്‍സിന് 4237 ഡോളറില്‍ നിന്ന് 4165 ഡോളര്‍ വരെ താഴ്ന്നിട്ടു തിരിച്ചു കയറി 4207.40 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 4222 ഡോളര്‍ വരെ ഉയര്‍ന്നു. അവധിവില ഇന്നലെ 4234 ഡോളര്‍ വരെ താഴ്ന്നത് ഇന്ന് 4250 ആയി കയറി.
വെള്ളി സ്‌പോട്ട് വിപണിയില്‍ ഇന്നലെ 56.52 ഡോളര്‍ വരെ താഴ്ന്നിട്ട് ഔണ്‍സിന് 58.57 ഡോളറില്‍ ക്ലോസ് ചെയ്തു. അവധിവില 59.19 ഡോളര്‍ ആയി.
പ്ലാറ്റിനം 1640 ഡോളര്‍, പല്ലാഡിയം 1448 ഡോളര്‍, റോഡിയം 7750 ഡോളര്‍ എന്നിങ്ങനെയാണു ബുധനാഴ്ച രാവിലെ വില
വ്യാവസായിക ലോഹങ്ങള്‍ ഭിന്ന ദിശകളില്‍ നീങ്ങി. ചെമ്പ് ഇന്നലെ 0.12 ശതമാനം താഴ്ന്നു ടണ്ണിന് 11,285.00 ഡോളറില്‍ ക്ലാേസ് ചെയ്തു. അലൂമിനിയം 0.53 ശതമാനം താഴ്ന്ന് ടണ്ണിന് 2873.68 ഡോളറില്‍ അവസാനിച്ചു. നിക്കലും ലെഡും സിങ്കും ടിന്നും ഉയര്‍ന്നു.
റബര്‍ വില രാജ്യാന്തര വിപണിയില്‍ 4.50 ശതമാനം ഇടിഞ്ഞു കിലോഗ്രാമിന് 171.90 സെന്റ് ആയി. കൊക്കോ ഒരു ശതമാനം ഉയര്‍ന്നു ടണ്ണിന് 5401.69 ഡോളറില്‍ എത്തി. കാപ്പി വില 2.12 ശതമാനം താഴ്ന്നു. തേയില വില മാറ്റമില്ലാതെ തുടര്‍ന്നു. പാമാേയില്‍ 1.64 ശതമാനം ഉയര്‍ന്നു.
ഡോളര്‍ സൂചിക ഇന്നലെ 99.36 ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 99.23 ലേക്കു താഴ്ന്നു.
ഡോളര്‍ വിനിമയ നിരക്ക് അല്‍പം താഴ്ന്നു. യൂറോ 1.1635 ഡോളറിലേക്കും പൗണ്ട് 1.3222 ഡോളറിലേക്കും കയറി. ജാപ്പനീസ് യെന്‍ ഒരു ഡോളറിന് 155.67 യെന്‍ ആയി കുറഞ്ഞു.
ചൈനീസ് കറന്‍സി ഒരു ഡോളറിന് 7.07 യുവാന്‍ എന്ന നിരക്കില്‍ തുടര്‍ന്നു. സ്വിസ് ഫ്രാങ്ക് 0.8025 ഡോളറിലായി.
യുഎസില്‍ കടപ്പത്ര വിലകള്‍ കൂടി. 10 വര്‍ഷ കടപ്പത്രങ്ങളിലെ നിക്ഷേപ നേട്ടം 4.077 ശതമാനമായി താഴ്ന്നു.
ഇന്ത്യന്‍ രൂപ ചൊവ്വാഴ്ചയും ഇടിവ് തുടര്‍ന്നു. റിസര്‍വ് ബാങ്ക് ചെറിയ ഇടപെടലേ നടത്തിയുള്ളൂ. ഡോളര്‍ 40 പൈസ കൂടി 89.95 രൂപവരെ എത്തിയ ശേഷം അല്‍പം താഴ്ന്ന് 89.88 രൂപയില്‍ ക്ലോസ് ചെയ്തു. ഇടയ്ക്കു ചില വ്യാപാരങ്ങള്‍ ഡോളറിനു 90 രൂപ പ്രകാരം നടന്നെന്നു റിപ്പോര്‍ട്ടുണ്ട്. രൂപ കുറച്ചു കൂടി താഴും എന്നാണു വിപണിയിലെ സംസാരം.
ഇന്ത്യ - യുഎസ് വ്യാപാരകരാര്‍ ഉണ്ടാകാത്തത് വാണിജ്യ കമ്മിയും കറന്റ് അക്കൗണ്ട് കമ്മിയും വര്‍ധിപ്പിക്കും. ഇതേ സമയം രാജ്യത്തു നിന്നു മൂലധനനിക്ഷേപം പിന്‍വലിക്കുന്നുമുണ്ട്. കറന്റ് അക്കൗണ്ട് കമ്മി നികത്തുന്നത് മൂലധന കണക്കിലെ മിച്ചം കൊണ്ടാണ്. ഇപ്പോള്‍ മൂലധന കണക്കും കമ്മിയാണ്. രൂപയ്ക്ക് തികച്ചും പ്രതികൂലമണ് കാര്യങ്ങള്‍. വിദേശനിക്ഷേപകര്‍ വലിയ തോതില്‍ തിരിച്ചു വരികയോ വ്യാപാരകരാര്‍ ഉണ്ടാക്കുകയോ ചെയ്താലേ രൂപയ്ക്കു കയറ്റം കിട്ടൂ.
ചൈനയുടെ കറന്‍സി യുവാന്‍ ചൊവ്വാഴ്ച 12.72 രൂപയിലേക്കു കയറി.
യുക്രെയ്ന്‍ സമാധാന കരാറിലെ അനിശ്ചിതത്വം തുടരുമ്പോഴും ക്രൂഡ് ഓയില്‍ താഴ്ന്നു. ബ്രെന്റ് ഇനം ക്രൂഡ് ചൊവ്വാഴ്ച 62.45 ഡോളറില്‍ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ ബ്രെന്റ് ഇനം 62.43 ഡോളറിലും ഡബ്‌ള്യുടിഐ ഇനം 58.56 ലും യുഎഇയുടെ മര്‍ബന്‍ ക്രൂഡ് 64.18 ലും എത്തി. പ്രകൃതിവാതകവില അല്‍പം കുറഞ്ഞ് 4.86 ഡോളര്‍ ആയി.
ക്രിപ്‌റ്റോ കറന്‍സികള്‍ വീണ്ടും നേട്ടത്തിലായി. ഇന്നലെ പത്തു ശതമാനത്തിലധികം നഷ്ടത്തിലായിരുന്ന പല ക്രിപ്‌റ്റോ കറന്‍സികളും എട്ടുപത്തു ശതമാനം തിരിച്ചു കയറി. ബിറ്റ് കോയിന്‍ എട്ടു ശതമാനം നേട്ടത്തോടെ 92,250 ഡോളറിനു മുകളില്‍ എത്തി ഈഥര്‍ ഒന്‍പതു ശതമാനം ഉയര്‍ന്ന് 3000 ഡോളറിലായി. സൊലാന 12 ശതമാനം കയറി 139 ഡോളറിനു മുകളിലായി.
(2025 ഡിസംബര്‍ 02, ചൊവ്വ)
സെന്‍സെക്‌സ് 85,138.27 -0.59%
നിഫ്റ്റി50 26,032.20 -0.55%
ബാങ്ക് നിഫ്റ്റി 59,273.80 -0.68%
മിഡ്ക്യാപ്100 60,910.45 -0.22%
സ്‌മോള്‍ക്യാപ്100 17,776.45 -0.55%
ഡൗ ജോണ്‍സ് 47,474.46 +0.39%
എസ് ആന്‍ഡ് പി 6829.37 +0.25%
നാസ്ഡാക് 23,413.67 +0.59%
ഡോളര്‍ ₹89.87 +0.32
സ്വര്‍ണം(ഔണ്‍സ്)$4207.40 -$25.20
സ്വര്‍ണം (പവന്‍) ₹95,240 -₹440
ക്രൂഡ്ഓയില്‍ബ്രെന്റ് $62.45 -0.65
Read DhanamOnline in English
Subscribe to Dhanam Magazine