ഇന്ത്യയുടെ സമീപകാല വിപണിഗതി എങ്ങോട്ടാകും എന്നു നിർണയിക്കുന്ന ആഴ്ചയാണ് ഇന്നു തുടങ്ങുന്നത്. അമേരിക്കയുടെ തീരുവയുദ്ധത്തിലെ ഏറ്റവും നിർണായക ഘട്ടം വ്യാഴാഴ്ച തുടങ്ങുന്നു. അന്നാണ് ഇന്ത്യയുടെ മേലുളള 25 ശതമാനം അടക്കം പുതിയ ചുങ്കങ്ങൾ നടപ്പിലാകുന്നത്. അതിനു മുൻപു ബുധനാഴ്ച ഇന്ത്യയുടെ റിസർവ് ബാങ്ക് പലിശ തീരുമാനം പ്രഖ്യാപിക്കും. പ്രമുഖ കമ്പനികളുടെ ഒന്നാം പാദ റിസൽട്ടും ഈയാഴ്ച ഉണ്ടാകും. മൂന്നും അതീവപ്രാധാന്യം ഉള്ളത്.
റിസർവ് ബാങ്ക് പലിശ (റീപോ നിരക്ക്) കുറയ്ക്കുകയില്ല എന്നാണു ഭൂരിപക്ഷം ധനശാസ്ത്രജ്ഞരും കരുതുന്നത്. അമേരിക്കൻ തീരുവ ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ നിരക്ക് കുറയ്ക്കൽ ഗുണമാകുമെന്നു കരുതാൻ കുറച്ചു പേരേ ഉള്ളൂ.
പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഇന്ത്യക്കു തീരുവ കുറച്ചു തരും എന്നു കരുതുന്നവരും കുറവാണ്. ഉയർന്ന തീരുവ ഇന്ത്യയുടെ ഏറ്റവും വലിയ കയറ്റുമതി രാജ്യത്തേക്കുള്ള വ്യാപാരം ഗണ്യമായി കുറയ്ക്കും. സമുദ്രോൽപന്നങ്ങളും വസ്ത്രങ്ങളും മുതൽ ഇലക്ട്രോണിക് സാമഗ്രികളും ഔഷധങ്ങളും രത്നങ്ങളും വരെ തിരച്ചടി നേരിടും.
കമ്പനികളുടെ ഒന്നാം പാദ റിസൽട്ടുകൾ ഒട്ടും ആശാവഹമല്ല. 976 കമ്പനികളുടെ റിസൽട്ട് കഴിഞ്ഞ വർഷം ഇതേ പാദവുമായി താരതമ്യം ചെയ്തതിൽ വിറ്റുവരവ് വളർച്ച 9.7 ശതമാനത്തിൽ നിന്ന് 7.1% ആയി കുറഞ്ഞെന്നു കണ്ടെത്തി. അറ്റാദായ വളർച്ച 17.3% ൽ നിന്ന് 5.3 ശതമാനം ആയി ഇടിഞ്ഞു.
ഒപെകും മിത്രങ്ങളും ചേർന്ന ഒപെക് പ്ലസ് സെപ്റ്റംബറിൽ ക്രൂഡ് ഉൽപാദനം 5.86 ലക്ഷം ബാരൽ വീതം ഉയർത്താൻ തീരുമാനിച്ചത് ക്രൂഡ് ഓയിൽ വിലയെ വലിച്ചു താഴ്ത്തി. റഷ്യൻ പരിസരത്തേക്ക് ആണവ അന്തർവാഹിനികളെ അയച്ചു എന്ന ട്രംപിൻ്റെ പ്രഖ്യാപനം വിപണികളെ വിഷമിപ്പിക്കുന്നതായി കാണുന്നില്ല.
ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി വെള്ളിയാഴ്ച രാത്രി 24,670.00 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 24,656 ൽ ഓപ്പൺ ചെയ്ത് 24,694 വരെ കയറിയിട്ടു താഴ്ന്നു. ഇന്ത്യൻ വിപണി ഇന്നു ചെറിയനേട്ടത്തിൽ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന. തീരുവ ആക്രമണത്തെ ഇന്ത്യ ഭയപ്പെടുന്നില്ല എന്നു കാണിക്കാൻ വിപണി ശ്രമിക്കും എന്നാണു പ്രതീക്ഷ.
യൂറോപ്യൻ വിപണികൾ വെള്ളിയാഴ്ച കുത്തനേ ഇടിഞ്ഞു. തീരുവയുദ്ധം തന്നെ കാരണം. സ്വിറ്റ്സർലൻഡിനു ചുമത്തിയ 39 ശതമാനം ചുങ്കം വ്യാപാരമേഖല ഞെട്ടിച്ചു. വാച്ചുകൾ
അടക്കം സ്വിസ് ആഡംബര വസ്തുക്കൾക്കും മറ്റും വ്യാപാരം കുറയും. ഏപ്രിലിനു ശേഷമുള്ള ഏറ്റവും മോശം ദിവസമായി വെള്ളിയാഴ്ച. ഫാർമ കമ്പനികളോട് വില കുറയ്ക്കാൻ ആവശ്യപ്പെട്ട ട്രംപിൻ്റെ നടപടിയും വിപണിക്ക് ആഘാതമായി. ഫാർമ കമ്പനികൾ നാലു ശതമാനം വരെ ഇടിഞ്ഞു.
യുഎസ് വിപണിക്ക് ഇരട്ട പ്രഹരമാണു വെള്ളിയാഴ്ച ഉണ്ടായത്. തീരുവയുദ്ധം പ്രതീക്ഷിച്ചതിനപ്പുറം എത്തി. തൊഴിൽ വർധനയിലെ അപ്രതീക്ഷിത ഇടിവ് വളർച്ചയെപ്പറ്റി ആശങ്ക വളർത്തി. ഒരവസരത്തിൽ ഡൗ സൂചിക 790 പോയിൻ്റ് ഇടിഞ്ഞു. പിന്നീടു നഷ്ടം കുറച്ചാണു വിപണി ക്ലോസ് ചെയ്തത്.
വിറ്റുവരവും ലാഭവും കുറയും എന്ന മുന്നറിയിപ്പ് നൽകിയ ആമസോൺ ഓഹരി 8.27 ശതമാനം ഇടിഞ്ഞു ക്ലോസ് ചെയ്തു. ആപ്പിളും എൻവിഡിയയും മൈക്രോസോഫ്റ്റും അടക്കം ടെക്നോളജി ഓഹരികൾ ഗണ്യമായി താഴ്ന്നു.
ഡൗ ജോൺസ് സൂചിക വെള്ളിയാഴ്ച 542.40 പോയിൻ്റ് (1.23%) താഴ്ന്നു 43,588.58 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 500 സൂചിക 101.38 പോയിൻ്റ് (1.60%) നഷ്ടത്തോടെ 6238.01 ൽ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് സൂചിക 472.32 പോയിൻ്റ് (2.24%) ഇടിഞ്ഞ് 20,650.13 ൽ ക്ലോസ് ചെയ്തു.
ഫ്യൂച്ചേഴ്സ് വിപണി നേരിയ തോതിൽ കയറി. ഡൗ 0.17 ഉം എസ് ആൻഡ് പി 0.21 ഉം നാസ്ഡാക് 0.25 ഉം ശതമാനം ഉയർന്നു നീങ്ങുന്നു. ഏഷ്യൻ വിപണികൾ ഇന്നും താഴ്ന്നു. ജാപ്പനീസ് വിപണി രണ്ടു ശതമാനം ഇടിഞ്ഞു. ഓസ്ട്രേലിയൻ വിപണി 0.30 ശതമാനം താഴ്ന്നു. ദക്ഷിണ കൊറിയൻ വിപണി ഒരു ശതമാനം ഉയർന്നു. ഹോങ് കോങ് വിപണിയും താഴ്ചയിലാണ്.
തീരുവകാര്യത്തിൽ വ്യാഴാഴ്ച കാണിച്ച പ്രത്യാശ ഇല്ലാത്തതുപോലെയാണു വിപണി വെള്ളിയാഴ്ച നീങ്ങിയത്. താഴ്ന്ന നിലയിൽ നിന്നു സെൻസെക്സ് നൂറും നിഫ്റ്റി 27- ഉം പോയിൻ്റ് മാത്രം കയറിയായിരുന്നു ക്ലോസിംഗ്. എഫ്എംസിജി ഒഴികെ എല്ലാ വ്യവസായ മേഖലകളും നഷ്ടത്തിൽ അവസാനിച്ചു. ഫാർമസ്യൂട്ടിക്കൽസും ഹെൽത്ത് കെയറും ആണു കൂടുതൽ ഇടിവിലായത്. മെറ്റൽ, റിയൽറ്റി, ഐടി, ഓട്ടോ, ഓയിൽ - ഗ്യാസ് മേഖലകളും വലിയ നഷ്ടത്തിലായി.
നിഫ്റ്റി 203.00 പോയിൻ്റ് (0.82%) താഴ്ന്ന് 24,565.35 ൽ ക്ലോസ് ചെയ്തു. സെൻസെക്സ് 585.67 പോയിൻ്റ് (0.72%) നഷ്ടത്തോടെ 80,599.91 ൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 344.35 പോയിൻ്റ് (0.62%) കുറഞ്ഞ് 55,617.60 ൽ അവസാനിച്ചു. മിഡ് ക്യാപ് 100 സൂചിക 763.40 പോയിൻ്റ് (1.33%) താഴ്ന്ന് 56,637.15 ൽ എത്തി. സ്മോൾ ക്യാപ് 100 സൂചിക 298.65 പോയിൻ്റ് (1.66%) ഇടിഞ്ഞ് 17,668.20 ൽ ക്ലോസ് ചെയ്തു.
വിശാലവിപണിയിലെ കയറ്റ - ഇറക്ക അനുപാതം ഇറക്കത്തിന് അനുകൂലമായി തുടർന്നു. ബിഎസ്ഇയിൽ 1237 ഓഹരികൾ ഉയർന്നപ്പോൾ 2796 ഓഹരികൾ ഇടിഞ്ഞു. എൻഎസ്ഇയിൽ ഉയർന്നത് 784 എണ്ണം. താഴ്ന്നത് 2173 ഓഹരികൾ.
എൻഎസ്ഇയിൽ 56 ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന വിലയിൽ എത്തിയപ്പോൾ താഴ്ന്ന വിലയിൽ എത്തിയത് 47 എണ്ണമാണ്. 80 ഓഹരികൾ അപ്പർ സർകീട്ടിൽ എത്തിയപ്പോൾ 57 എണ്ണം ലോവർ സർകീട്ടിൽ എത്തി.
വിദേശനിക്ഷേപകർ വെള്ളിയാഴ്ച ക്യാഷ് വിപണിയിൽ 3366.40 കാേടി രൂപയുടെ അറ്റ വിൽപന നടത്തി. സ്വദേശി ഫണ്ടുകൾ 3186.86 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
കഴിഞ്ഞ ആഴ്ച സെൻസെക്സ് 1.06 ഉം നിഫ്റ്റി 1.09 ഉം ബാങ്ക് നിഫ്റ്റി 1.61 ഉം ശതമാനം ഇടിഞ്ഞു. മിഡ് ക്യാപ് 1.92 ഉം സ്മോൾ ക്യാപ് 2.97ഉം ശതമാനം താഴ്ചയിലായി. റിയൽറ്റി സൂചിക 5.6 ശതമാനം താഴ്ന്നപ്പോൾ എഫ്എംസിജി 2.41 ശതമാനം ഉയർന്നു. തുടർച്ചയായ നാലാമത്തെ ആഴ്ചയാണു വിപണിയുടെ താഴ്ച.
നിഫ്റ്റിയുടെ പിന്തുണനിലവാരം കൂടുതൽ താഴ്ന്നു. നിഫ്റ്റി 24,500 നു താഴെ പോയാൽ 24,200 - 24,000 ലേക്കു വീഴാം. ഇന്നു നിഫ്റ്റിക്ക് 24,525 ഉം 24,475 ഉം പിന്തുണയാകും. 24,725 ലും 24,785 ലും തടസം ഉണ്ടാകാം.
ട്രംപിൻ്റെ തീരുവ ആക്രമണം അപ്രതീക്ഷിതമായിരുന്നു എന്നും ഈ പ്രതികൂല സാഹചര്യം എങ്ങനെ മറികടക്കാം എന്നതിനു വ്യക്തമായ പദ്ധതി ഇന്ത്യാ ഗവണ്മെൻ്റിന് ഇല്ല എന്നും ഇന്ത്യൻ വിപണി മനസിലാക്കി വരുന്നതേ ഉള്ളൂ. ട്രംപുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉണ്ടായിരുന്ന അടുപ്പവും ഇന്ത്യയുടെ സൈനിക പ്രാധാന്യവും ഇന്ത്യൻ വിപണിയുടെ വലുപ്പവും യുഎസ് തീരുമാനത്തെ സ്വാധീനിച്ചില്ല. മുറിവിനെ കൂടുതൽ ആഴപ്പെടുത്തുന്ന രീതിയിൽ പാക്കിസ്ഥാനുമായി അമേരിക്ക എണ്ണ പര്യവേക്ഷണ കരാർ ഉണ്ടാക്കുകയും അവർക്കു ചുങ്കം 19 ശതമാനമായി കുറയ്ക്കുകയും ചെയ്തു. കടുത്ത വിമർശനം പോലും നടത്താൻ പറ്റാത്ത നിലയിലായി ഇന്ത്യ.
സ്വയംപര്യാപ്തത, സ്വദേശി തുടങ്ങിയ പഴയ മുദ്രാവാക്യങ്ങളിലേക്കു രാജ്യം മടങ്ങുന്നതാണ് ഇപ്പോൾ കാണുന്നത്. റഷ്യയിൽ നിന്നുളള എണ്ണവാങ്ങൽ തുടരും എന്നു ഗവണ്മെൻ്റ് പറയുന്നുണ്ട്. പക്ഷേ അതിൻ്റതോത് കുറച്ചു എന്നതു വസ്തുതയാണ്. റഷ്യൻ എണ്ണ വാങ്ങാതിരുന്നാൽ ഒരു വർഷം ആയിരം കോടി ഡോളർ എങ്കിലും അധികച്ചെലവ് വരും.
റഷ്യൻ എണ്ണ മാത്രമല്ല അമേരിക്കയുടെ വിഷയം. റഷ്യയുമായുള്ള സൈനിക സഹകരണവും അവിടെ നിന്ന് ആയുധങ്ങൾ വാങ്ങുന്നതും ട്രംപിനും യുഎസ് പ്രതിരോധ കമ്പനികൾക്കും ഇഷ്ടപ്പെടുന്നില്ല. റഷ്യൻ ബന്ധവും ഉപകരണങ്ങളും പെട്ടെന്ന് ഉപേക്ഷിക്കാൻ പറ്റില്ല എന്ന് ഇന്ത്യ വിശദീകരിക്കുന്നു.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ഈ മാസം റഷ്യ സന്ദർശിക്കും എന്ന് പ്രഖ്യാപിച്ചതു ശ്രദ്ധേയമാണ്. പാക്കിസ്ഥാൻ്റെ കൂടെയാണ് അമേരിക്ക എന്നു കാണിക്കുന്ന നടപടികളോടുള്ള പ്രതിഷേധപ്രകടനമാകാം അത്. അമേരിക്കയുമായി ഉന്നതതല ചർച്ച നടത്തുന്നതിനെപ്പറ്റി ഇതുവരെയും പരസ്യപ്രസ്താവനകൾ ഉണ്ടായിട്ടില്ല. ''റഷ്യയുടേതുപോലെ ചത്ത സമ്പദ്ഘടന'' തുടങ്ങിയ പരിഹാസങ്ങൾക്കോ 500 ശതമാനം ചുങ്കം ചുമത്തുമെന്ന തരം ഭീഷണികൾക്കോ മറുപടിയും നൽകിയിട്ടില്ല. ട്രംപ് ഒടുവിൽ മയപ്പെടും എന്ന പ്രതീക്ഷ പാക് ബന്ധം പ്രകടമായതോടെ ഇല്ലാതാവുകയും ചെയ്തതിലെ നയതന്ത്ര ആഘാതവും ഇന്ത്യ പരസ്യമായി അവഗണിക്കുകയാണ്.
ഇന്ത്യ- യുഎസ് ബന്ധത്തിൽ ഉലച്ചിൽ തുടർന്നാൽ വിപണിയെ അതു സാരമായി ബാധിക്കും. അമേരിക്കയിൽ നിന്നുള്ള നിക്ഷേപ സ്ഥാപനങ്ങൾ പിന്മാറുന്നതടക്കം പലതും സംഭവിക്കാം. അമേരിക്കൻ സമ്പദ്ഘടന ക്ഷീണം നേരിടാൻ തുടങ്ങി എന്നതും അത്ര ശുഭകരമല്ല.
വെള്ളിയാഴ്ച പുറത്തുവന്ന യുഎസ് തൊഴിൽ കണക്ക് വിപണിയുടെയും പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെയും കണക്കുകൂട്ടലുകൾ തെറ്റിച്ചു. ജൂലൈയിൽ 1.15 ലക്ഷം പുതിയ തൊഴിൽ ഉണ്ടാകുമെന്നു കരുതിയ സ്ഥാനത്ത് 73,000 മാത്രം. മേയിലെയും ജൂണിലെയും കണക്കുകൾ ഗണ്യമായി തിരുത്തുകയും ചെയ്തു. മേയിലേത് 1,44,000 ൽ നിന്ന് 19,000 ലേക്കം ജൂണിലേത് 1,47,000 ൽ നിന്ന് 14,000 ലേക്കും. തൊഴിലില്ലായ്മ 4.1 ൽ നിന്ന് 4.2 ശതമാനമായി.
തീരുവയുദ്ധം കൊണ്ടു യുഎസ് സമ്പദ്ഘടനയ്ക്ക് ഒന്നും സംഭവിച്ചില്ല, തൊഴിലുകൾ കൂടിയതേ ഉള്ളൂ എന്ന ട്രംപ് പക്ഷക്കാരുടെ വാദമെല്ലാം ഇതോടെ തള്ളിപ്പോയി. കണക്കിൻ്റെ പേരിൽ ആ വകുപ്പിൻ്റെ (ബ്യൂറോ ഓഫ് ലേബർ സ്റ്റാറ്റിസ്റ്റിക്സ്) മേധാവിയെ ട്രംപ് പിരിച്ചു വിട്ടു.
അതിനു മുൻപു പുറത്തുവന്ന ജിഡിപി വളർച്ചക്കണക്കിലും അഭിമാനിക്കാനോ ആശ്വസിക്കാനോ വകയില്ല. രണ്ടാം പാദത്തിലെ മൂന്നു ശതമാനം വളർച്ച ഇറക്കുമതിയിലെ ഇടിവു കൊണ്ടു മാത്രം വന്നതാണ്. ഒന്നാം പാദത്തിലെ 0.5 ശതമാനം ഇടിവ് ഇറക്കുമതി കുതിച്ചതിൻ്റെ ഫലവും. അവ ഒഴിവാക്കിയാൽ രണ്ടു പാദത്തിലും കൂടി ഒരു ശതമാനത്തിൽ താഴെ വളർച്ചയേ ഉള്ളൂ. അവ ഒഴിവാക്കാതെ പോലും അർധവർഷ വളർച്ച 1.2 ശതമാനമാണ്. 2024 ലേതിൻ്റെ പകുതി മാത്രം.
ഈ കണക്കുകൾ സെപ്റ്റംബറിൽ പലിശനിരക്ക് കുറയ്ക്കാൻ ഫെഡറൽ റിസർവിനെ പ്രേരിപ്പിക്കും എന്ന പ്രതീക്ഷ വിപണിയിൽ ഒരു വിഭാഗത്തിനുണ്ട്. പക്ഷേ വിലക്കയറ്റ ഭീഷണി ഉയരുകയാണ്. തീരുവകൾ വ്യാഴാഴ്ച നടപ്പിലാകുന്നതാേടെ അതു വർധിക്കാം. ഫെഡ് യോഗത്തിനു മുമ്പ് രണ്ടു തവണ വിലക്കയറ്റ കണക്ക് വരാനുണ്ട്. അവയാകും തീരുമാനത്തെ സ്വാധീനിക്കുക. എല്ലാം ചേരുമ്പോൾ യുഎസ് സമ്പദ്ഘടന ദുർബലമായ ഒരു ഘട്ടത്തിലേക്കു നീങ്ങുന്നതായി മനസിലാക്കാം. അതു വിപണിയെ ഉത്തേജിപ്പിക്കുന്ന ഒരു സാഹചര്യമല്ല
ട്രംപിൻ്റെ തീരുവനീക്കങ്ങളും അമേരിക്കൻ തൊഴിൽ കണക്കിലെ നാടകീയ തിരിച്ചടിയും ഡോളറിൻ്റെ ദൗർബല്യവും സ്വർണവില കുതിച്ചുയരാൻ കാരണമായി. ഒരു ദിവസം കൊണ്ട് ഔൺസിന് രണ്ടു ശതമാനത്തിലധികം ഉയർന്നു. വെള്ളിയാഴ്ച 73 ഡോളർ കുതിപ്പോടെ സ്വർണം ഔൺസിന് 3363.50 ഡോളറിൽ ക്ലോസ് ചെയ്തു. അവധിവില 3415 ഡോളറിനു മുകളിലായി. എന്നാൽ ഇന്നു രാവിലെ സ്വർണം അര ശതമാനം ഇടിഞ്ഞ് 3347 ഡോളറിലാണ്.
കേരളത്തിൽ വെള്ളിയാഴ്ച പവൻ വില 80 രൂപ കുറഞ്ഞ് 73,280 രൂപയിൽ എത്തി. ശനിയാഴ്ച പവന് 1040 രൂപ കുതിച്ച് 74,320 രൂപയിലേക്കു കയറി.
വെള്ളിവില വെള്ളിയാഴ്ച ഉയർന്ന് ഔൺസിന് 37.06 ഡോളറിൽ അവസാനിച്ചു. ഇന്നു രാവിലെ 36.65 ഡോളറിലേക്ക് താഴ്ന്നു.
വെള്ളിയാഴ്ച വ്യാവസായിക ലോഹങ്ങൾ ഭിന്ന ദിശകളിലായിരുന്നു. ചെമ്പ് 0.73 ശതമാനം താഴ്ന്നു ടണ്ണിന് 9535.50 ഡോളറിൽ എത്തി. അലൂമിനിയം 0.04 ശതമാനം കയറി 2566.00 ഡോളർ ആയി. നിക്കലും ലെഡും സിങ്കും താഴ്ന്നു. ടിൻ 1.17 ശതമാനം ഉയർന്നു.
രാജ്യാന്തര വിപണിയിൽ റബർ കിലോഗ്രാമിന് 2.31 ശതമാനം താഴ്ന്ന് 165.00 സെൻ്റിൽ എത്തി. കൊക്കോ 3.47 ശതമാനം താഴ്ന്നു ടണ്ണിന് 8211.23 ഡോളർ ആയി. കാപ്പി 2.98 ശതമാനം താഴ്ന്നു. തേയില 1.84 ശതമാനം കയറി. പാം ഓയിൽ വില 0.75 ശതമാനം താഴ്ന്നു.
തൊഴിൽ കണക്ക് നിരാശപ്പെടുത്തിയതോടെ ഡോളർ സൂചിക താഴ്ചയിലേക്കു മാറി. വെള്ളിയാഴ്ച സൂചിക ഒരു ശതമാനം ഇടിഞ്ഞ് 99.14 ൽ ക്ലോസ് ചെയ്തു. സൂചിക ഇന്നു രാവിലെ 98.95 ലാണ്.
കറൻസി വിപണിയിൽ യൂറോ 1.1555 ഡോളറിലേക്കും പൗണ്ട് 1.3258 ഡോളറിലേക്കും താഴ്ന്നു. ജാപ്പനീസ് യെൻ ഡോളറിന് 147.78 യെൻ എന്ന നിരക്കിലേക്ക് താഴ്ന്നു.
യുഎസ് 10 വർഷ കടപ്പത്രങ്ങളുടെ വില കുറഞ്ഞു. അവയിലെ നിക്ഷേപനേട്ടം 4.243 ശതമാനത്തിലേക്കു കയറി.
ഡോളർ രാജ്യാന്തര വിപണിയിൽ ദുർബലമായതു രൂപയെ അൽപം ഉയർത്തി. ഡോളർ ആറു പൈസ താഴ്ന്ന് 87.54 രൂപയിൽ ക്ലോസ് ചെയ്തു.
ചൈനയുടെ കറൻസി ഒരു ഡോളറിന് 7.21 യുവാൻ എന്ന നിലയിലേക്കു താഴ്ന്നു. ചൈന വ്യാപാര താൽപര്യം മുൻനിർത്തി വിനിമയ നിരക്ക് താഴ്ത്തും എന്നു വിപണി കരുതുന്നു.
ക്രൂഡ് ഓയിൽ വിപണി വലിയ താഴ്ചയിലായി. അമേരിക്കൻ തൊഴിൽ വളർച്ച കുറഞ്ഞതും തീരുവയുദ്ധം തുടരുന്നതും സാമ്പത്തികവളർച്ചയെ താഴ്ത്തുമെന്നും ക്രൂഡ് ഓയിൽ ആവശ്യം കുറയുമെന്നും വാരാന്ത്യത്തിനു മുൻപു വിലയിരുത്തി. വെള്ളിയാഴ്ച ബ്രെൻ്റ് ഇനം ക്രൂഡ് 2.23 ശതമാനം താണ് 69.67 ഡോളറിൽ ക്ലോസ് ചെയ്തു. ഞായറാഴ്ച ഒപെക് പ്ലസ് ഉൽപാദനം കൂട്ടാൻ തീരുമാനിച്ചതു വിലയെ വീണ്ടും താഴ്ത്തി. ഇന്നു രാവിലെ ബ്രെൻ്റ് 69.24 ഡോളറിലും ഡബ്ല്യുടിഐ 66.94 ഡോളറിലും മർബൻ ക്രൂഡ് 71.68 ഡോളറിലും ആണ്. പ്രകൃതിവാതക വില രണ്ടു ശതമാനം കുറഞ്ഞു.
ക്രിപ്റ്റോ എക്സ്ചേഞ്ചായ കോയിൻ ബേസിൻ്റെ നഷ്ടത്തെ തുടർന്നു താഴ്ന്ന ക്രിപ്റ്റോ കറൻസികൾ തിരിച്ചു കയറുകയാണ്. ബിറ്റ് കോയിൻ രണ്ടു ശതമാനം ഉയർന്ന് 1,15,000 ഡോളറിനു സമീപം എത്തി. ഈഥർ നാലു ശതമാനം കയറി 3550 ഡോളറിലായി.
(2025 ഓഗസ്റ്റ് 01, വെള്ളി)
സെൻസെക്സ്30 80,599.91 -0.72%
നിഫ്റ്റി50 24,565.35 -0.82%
ബാങ്ക് നിഫ്റ്റി 55,617.60 -0.62%
മിഡ് ക്യാപ്100 56,637.15 -1.33%
സ്മോൾക്യാപ്100 17,668.20 -1.66%
ഡൗജോൺസ് 43,588.60 -1.23%
എസ്ആൻഡ്പി 6238.01 -1.60%
നാസ്ഡാക് 20,650.10 -2.24%
ഡോളർ($) ₹87.54 -₹0.06
സ്വർണം(ഔൺസ്) $3363.50 +$73.00
സ്വർണം(പവൻ) ₹74,320 -₹1040
ക്രൂഡ്(ബ്രെൻ്റ്)ഓയിൽ $69.67 -$2.18
Read DhanamOnline in English
Subscribe to Dhanam Magazine