അമേരിക്കൻ വിപണി ഇന്നലെ റെക്കോർഡിലേക്കു കുതിച്ചെങ്കിലും ഏഷ്യൻ വിപണികൾ അത്ര മുന്നേറ്റത്തിലല്ല. എങ്കിലും ഉയരാമെന്ന പ്രതീക്ഷയിലാണ് വിപണി ഇന്നു വ്യാപാരത്തിനു തുടങ്ങുന്നത്.
റിസർവ് ബാങ്കിൻ്റെ പണനയ കമ്മിറ്റി ഇന്നലെ യോഗം തുടങ്ങി. നാളെ രാവിലെ 10 -ന് ഗവർണർ സഞ്ജയ് മൽഹോത്ര തീരുമാനങ്ങൾ പ്രഖ്യാപിക്കും. റീപോ നിരക്കിൽ മാറ്റം പ്രതീക്ഷിക്കുന്നില്ല. എന്നാൽ പണലഭ്യത സംബന്ധിച്ച സമീപനം മാറ്റിയേക്കാം.
ജൂലൈയിലെ ഫാക്ടറി ഉൽപാദന സൂചിക അഞ്ചു വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിൽ എത്തിയെന്ന് പിഎംഐ സർവ കാണിച്ചു.
ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി തിങ്കളാഴ്ച രാത്രി 24,590.00 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 24,648 വരെ കയറി. ഇന്ത്യൻ വിപണി ഇന്നു ചെറിയ നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതു സൂചിപ്പിക്കുന്നത്.
തെക്കുപടിഞ്ഞാറൻ മൺസൂൺ മഴയിലെ കമ്മി ഓഗസ്റ്റ് മൂന്നിനു 11.9 ശതമാനം ആയി എന്നു കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു. ഐഎംഡിയുടെ നിർവചനമനുസരിച്ച് ശരാശരിയിൽ നിന്നു 19 ശതമാനം കൂടിയതോ കുറഞ്ഞതോ ആയ മഴ നോർമൽ ആണ്. കേരളത്തിൽ കമ്മി 23.23 ശതമാനമായി കുറഞ്ഞു. ഉത്തർപ്രദേശ്, ബിഹാർ, പഞ്ചാബ്, ഹരിയാന, ജാർഖണ്ഡ്, കർണാടക, ആന്ധ്രപ്രദേശ്, കേരളം, ആസാം, മേഘാലയ സംസ്ഥാനങ്ങളിൽ 20 ശതമാനത്തിലധികമാണു മഴക്കുറവ്. രാജ്യത്തെ ഭൂവിസ്തൃതിയിൽ 37 ശതമാനത്തിലും മഴയുടെ കമ്മി 20 ശതമാനത്തിൽ കൂടുതലാണ്. എങ്കിലും ഖാരിഫ് കൃഷിയിറക്കൽ കഴിഞ്ഞ വർഷത്തെ വിസ്തൃതിയുടെ തൊട്ടടുത്ത് എത്തിയെന്നാണു സർക്കാരിൻ്റെ കണക്ക്.
യുഎസ് വിപണി വലിയ ആവേശത്തിലാണ്. ഡൗ ജോൺസ് സൂചിക റെക്കോർഡ് കുറിച്ചു. ക്രൂഡ് ഓയിൽ വില താഴുകയും പ്രമുഖ ടെക് കമ്പനികൾ മികച്ച റിസൽട്ട് പുറത്തുവിടുകയും ചെയ്തു. ഫാക്ടറി ഉൽപാദനവും സേവന മേഖലയും നല്ല വളർച്ച കാണിക്കുന്നതായ റിപ്പോർട്ടുകൾ നിക്ഷേപകരുടെ പ്രതീക്ഷകൾ ഉയർത്തി.
ഇലോൺ മസ്കിൻ്റെ സ്പേസ് എക്സ് ഇന്നു റിസൽട്ട് പുറത്തു വിടാനിരിക്കെ ഓഹരി ഇന്നലെ 5.68 ശതമാനം കുതിച്ചു. എങ്കിലും ഐപിഒ വിലയിലും ഗണ്യമായി താഴെയാണ് ഓഹരി. ടെസ്‌ല ഓഹരിയും ഇന്നലെ ഉയർന്നു.
ആമസോൺ 4.58 ശതമാനം കുതിച്ച് വിപണിമൂല്യം. മൂന്നു ലക്ഷം കോടി ഡോളറിനു മുകളിൽ എത്തിച്ചു. എൻവിഡിയ, ആൽഫബെറ്റ്, മൈക്രോസോഫ്റ്റ് തുടങ്ങിയവ ഉയർന്നു. ആപ്പിൾ വീണ്ടും താഴ്ന്നു .
തിങ്കളാഴ്ച ഡൗ ജോൺസ് സൂചിക 693.38 പോയിൻ്റ് (1.32 ശതമാനം) ഉയർന്ന് 53,178.41 എന്ന റെക്കോർഡിൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 110.78 പോയിൻ്റ് (1.48%) മുന്നേറി 7600.50 ൽ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് 540.04 പോയിൻ്റ് (2.13%) കുതിച്ച് 25,913.90 ൽ ക്ലോസ് ചെയ്തു.
യുഎസ് ഫ്യൂച്ചേഴ്സ് കയറ്റത്തിലാണ്. ഡൗ ജോൺസ് 129 പോയിൻ്റും (0.24%) എസ് ആൻഡ് പി 14 പോയിൻ്റും (0.18%) നാസ്ഡാക് 77 പോയിൻ്റും (0. 27%) ഉയർന്നു നീങ്ങുന്നു.
ന്യൂയോർക്കിലെ എഡിആർ (അമേരിക്കൻ ഡെപ്പോസിറ്ററി റെസീറ്റ്) വിപണിയിൽ തിങ്കളാഴ്ച എച്ച്ഡിഎഫ്സി ബാങ്ക് വ്യാപാര സമയത്ത് 0.71 ശതമാനം ഉയർന്നിട്ട് തുടർവ്യാപാരത്തിൽ 0.12 ശതമാനം കയറി 24.13 ഡോളറിൽ ക്ലോസ് ചെയ്തു. ഐസിഐസിഐ ബാങ്ക് നിശ്ചിത സമയത്ത് 1.75% ഉയർന്നിട്ട് തുടർ വ്യാപാരത്തിൽ മാറ്റമില്ലാതെ 30.26 ഡോളറിൽ അവസാനിച്ചു. ഇൻഫോസിസ് നിശ്ചിത സമയത്ത് 1.83% കയറിയ ശേഷം തുടർവ്യാപാരത്തിൽ 0.24% താഴ്ന്ന് 12.22 ഡോളറിൽ ക്ലോസ് ചെയ്തു. വിപ്രോ വിപണിസമയത്ത് 1
3.54% കുതിച്ച ശേഷം തുടർവ്യാപാരത്തിൽ മാറ്റമില്ലാതെ 2.05 ഡോളറിൽ അവസാനിച്ചു.
യൂറോപ്യൻ വിപണികൾ തിങ്കളാഴ്ച കുതിച്ചു. എണ്ണവില താഴ്ന്നതും പശ്ചിമേഷ്യൻ വെടിനിർത്തൽ പ്രതീക്ഷയുമാണ് കാരണം. യുകെയിലെ എഫ്ടിഎസ്ഇ നാമമാത്രമായി താഴ്ന്നു. അമേരിക്കൻ കമ്പനി ബ്രിസ്റ്റോൾ മയേഴ്സ് സ്‌ക്വിബ്ബുമായി ലയന ചർച്ച നടത്തുന്നതായ റിപ്പോർട്ടിനെ തളർന്നു ഫാർമ ഭീമൻ അസ്ട്രാ സെനെക്ക ഒൻപതു ശതമാനം വരെ ഇടിഞ്ഞു.
ഏഷ്യൻ വിപണികൾ ഇന്നു ഭിന്ന ദിശകളിലാണ്. ദക്ഷിണകൊറിയയിൽ കോസ്‌പി സൂചിക 1.5 ശതമാനം നഷ്‌ടത്തിലായി. ജപ്പാനിൽ നിക്കൈ സൂചിക 1.4 ശതമാനം താഴ്ന്നു. ഓസ്ട്രേലിയൻ സൂചിക ഒരു ശതമാനം ഉയർന്നു. ഹോങ് കോങ് സൂചിക 0.30 ശതമാനവും ഷാങ്ഹായ് സൂചിക 0.20 ശതമാനം നേട്ടത്തിലാണ്.
ക്രൂഡ് ഓയിൽ വില താഴ്ന്നത് ഇന്നലെ ഇന്ത്യൻ വിപണിക്ക് ഓഗസ്‌റ്റിലേക്കു മികച്ച തുടക്കം നൽകി. പുതിയ ക്ലോസിംഗ് വിലനിർണയ രീതി (സിഎഎസ്) നടപ്പിൽ വന്ന ഇന്നലെ എൻഎസ്ഇ ക്ലോസിംഗ് ബിഎസ്ഇയേക്കാൾ ഒരു ശതമാനത്തോളം ഉയരത്തിലായി. ക്യാഷ് വിപണി 3.15-നു ക്ലോസ് ചെയ്തിട്ട് എഫ് ആൻഡ് ഒ ഓഹരികളുടെ ക്ലോസിംഗ് വില നിർണയത്തിനുള്ള ലേലം നടത്തുകയാണു പുതിയ രീതി. 3.30 ന് അതു തീർത്ത് ക്ലോസിംഗ് വില 3.35 ന് അറിയിക്കും. എഫ് ആൻഡ് ഒ വ്യാപാരം 3.40 വരെ തുടരും. ആദ്യദിവസമായതു കൊണ്ടുള്ള വ്യത്യാസമാണ് ഇന്നലെ ദൃശ്യമായത് എന്നാണു വിപണി അധികൃതർ പറഞ്ഞത്. ക്യാഷ് വിപണി ക്ലോസ് ചെയ്തപ്പോൾ 24,590 ആയിരുന്ന നിഫ്റ്റി പിന്നീട് 20 മിനിറ്റ് കൊണ്ട് 24,774 ലേക്കു കയറി. ബാങ്ക് നിഫ്റ്റിയും കുതിച്ചു.
സെൻസെക്സിന് സമാനമാറ്റം ഉണ്ടായില്ല.
ഐടി സൂചിക ഇന്നലെ 3.28 ശതമാനം കുതിച്ചുയർന്നു. പ്രമുഖ ഐടി കമ്പനികൾ അഞ്ചു ശതമാനത്തോളം കയറി. ടൂറിസം, റെയിൽവേ, പ്രതിരോധ, ബാങ്ക്, ധനകാര്യ, ഓട്ടോ, എഫ്എംസിജി, റിയൽറ്റി, കൺസ്യൂമർ ഡ്യുറബിൾസ് കമ്പനികൾ വലിയ നേട്ടം ഉണ്ടാക്കി.
മീഡിയ ഇടിഞ്ഞു. സീ എൻ്റർടെയ്ൻമെൻ്റിനും പ്രൊമോട്ടർ സുഭാഷ് ചന്ദ്രയ്ക്കും സിഇഒ ഗോയങ്കയ്ക്കും സെബി നൽകിയ ശിക്ഷയും വിപണിവിലക്കും ആണു മീഡിയ സൂചികയുടെ ഇടിവിനു കാരണം. സീ ഓഹരി 16 ശതമാനം വരെ താഴ്ന്നു.
ഫെഡറൽ ബാങ്ക് ഓഹരി 371.70 രൂപ എന്ന റെക്കോർഡിൽ ക്ലോസ് ചെയ്തു. നേട്ടം 3.58 ശതമാനം.
ജൂൺ പാദത്തിൽ മികച്ച വരുമാന, ലാഭവർധന ഉണ്ടായെങ്കിലും പലിശ, ലാഭ മാർജിനുകൾ കുറയുന്നു എന്നു ചൂണ്ടിക്കാട്ടി മുത്തൂറ്റ് ഫിനാൻസ് ഓഹരി 12 ശതമാനം വരെ ഇടിഞ്ഞു. 7.3 ശതമാനം നഷ്ടത്തിൽ ക്ലോസ് ചെയ്തു. ബ്രോക്കറേജുകൾ ഓഹരിക്കു ഭിന്ന റേറ്റിംഗുകളാണു നൽകിയത്. വിദേശ ബ്രോക്കറേജ് ബേൺസ്റ്റൈൻ ഔട്പെർഫോം എന്നു വിശേഷിപ്പിച്ച് ലക്ഷ്യവില 4500 രൂപയാക്കി. അതേ റേറ്റിംഗ് നൽകിയ സിഎൽഎസ്എ 4000 രൂപയായി ലക്ഷ്യവില താഴ്ത്തി. മോർഗൻ സ്റ്റാൻലി ഓവർ വെയ്റ്റ് നൽകി 3705 രൂപ ലക്ഷ്യവില പറഞ്ഞു. ജെഫറീസ് ഹോൾഡ് ശിപാർശ ചെയ്ത് 3300 രൂപ നിർണയിച്ചു. മോട്ടിലാൽ ഓസ്വാൾ 2850 രൂപയാണു നിർദേശിച്ചത്.
വിദേശനിക്ഷേപകർ തിങ്കളാഴ്ച വാങ്ങൽ തുടർന്നു. അവർ ക്യാഷ് വിപണിയിൽ 922.26 കോടി രൂപയുടെ അറ്റവാങ്ങൽ നടത്തി. സ്വദേശിഫണ്ടുകൾ 1571.18 കോടി രൂപയുടെ അറ്റ വാങ്ങൽ നടത്തി.
തിങ്കളാഴ്ച സെൻസെക്‌സ് 544.39 പോയിൻ്റ് (0.70%) ഉയർന്ന് 78,639.03 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 390.70 പോയിൻ്റ് (1.60%) കുതിച്ച് 24,774.30 ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 983.10 പോയിൻ്റ് (1.72%) നേട്ടത്തോടെ 58,247.95 ൽ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 764.00 പോയിൻ്റ് (1.21%) ഉയർന്ന് 63,679.30 ൽ അവസാനിച്ചു. സ്മോൾ ക്യാപ് 100 സൂചിക 249.70 പോയിൻ്റ് (1.29%) കയറി 19,589.35 ൽ ക്ലോസ് ചെയ്തു.
വിശാലവിപണിയിൽ കൂടുതൽ ഓഹരികൾ ഉയർന്നു. ബിഎസ്ഇയിൽ 2841 ഓഹരികൾ കയറി, 1564 ഓഹരികൾ താഴ്ന്നു. എൻഎസ്ഇയിൽ 2346 എണ്ണം ഉയർന്നപ്പോൾ 1020 എണ്ണം താഴ്ന്നു .
എൽഐസിയുടെ 6.5 ശതമാനം ഓഹരികൾ കേന്ദ്ര സർക്കാർ വിൽക്കും. ഓഫർ ഫോർ സെയിൽ രീതിയിലുള്ള വിൽപന ഇന്നും നാളെയുമായി നടക്കും. ഓഫർ വില 382 രൂപ. ഇത് ഇന്നലത്തെ ക്ലോസിംഗ് വിലയിൽ നിന്നു 10 ശതമാനം കുറവാണ്. ഇതുവഴി 35,000 കോടി രൂപ കേന്ദ്രത്തി ലഭിക്കും. മൊത്തം 82.2 കോടി ഓഹരികൾ ഇതുവഴി വിപണിയിൽ എത്തും. സർക്കാരിൻ്റെ ബജറ്റ് വരുമാനം ഉയർത്താൻ ലക്ഷയമിട്ടാണ് വിലപന.
ഡിഎൽഎഫിന് ഒന്നാം പാദത്തിൽ വരുമാനം 52.9 ശതമാനം ഇടിഞ്ഞു. അറ്റാദായം 4.1 ശതമാനം വർധിച്ചു.
ഇന്ത്യൻ റിന്യൂവബിൾ എനർജി ഡവലപ്മെൻ്റ് ഏജൻസി (ഐആർഇഡിഎ) ജൂൺ പാദത്തിൽ അറ്റാദായം 36.8 ശതമാനം വർധിപ്പിച്ചു.
ജിഇ ഷിപ്പിംഗിന് ഒന്നാം പാദത്തിൽ അറ്റാദായം 505 കോടി രൂപയിൽ നിന്ന് 1309 കോടിയിലേക്കു കുതിച്ചു.
പശ്ചിമേഷ്യയിൽ യുദ്ധവിരാമ സാധ്യത തെളിയുന്നതും ക്രൂഡ് ഓയിൽ വിലയിടിവും സ്വർണത്തെ ഇന്നലെ ഉയർത്തി. തിങ്കളാഴ്ച 12.80 ഡോളർ ഉയർന്ന് ഔൺസിന് 4056.50 ഡോളറിൽ സ്വർണം ക്ലോസ് ചെയ്തു. എന്നാൽ ഇന്നു രാവിലെ വില 4049 ഡോളറിലേക്കു താഴ്ന്നു.
കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് വിലമാറ്റമില്ലാതെ 1,05,760 രൂപയിൽ തുടർന്നു.
വെള്ളിവില ഔൺസിന് 58.30 ഡോളറിൽ ക്ലോസ് ചെയ്തു.
പ്ലാറ്റിനം 1632 ഡോളർ, പല്ലാഡിയം 1246 ഡോളർ, റോഡിയം 7825 ഡോളർ എന്നിങ്ങനെ നിൽക്കുന്നു.
പ്രധാന വ്യാവസായിക ലോഹങ്ങൾ തിങ്കളാഴ്ചയും കയറ്റം തുടർന്നു. ചെമ്പ് 0.81 ശതമാനം ഉയർന്നു ടണ്ണിനു 13,944.85 ഡോളർ ആയി. അലൂമിനിയം 1.25 ശതമാനം കയറി 3218.71 ൽ ക്ലോസ് ചെയ്തു. സിങ്കും ടിന്നും ഉയർന്നു. നിക്കലും ലെഡ്ഡും . താഴ്ന്നു.
.
റബറിനു രാജ്യാന്തര വില ഉയർന്നു. കേരളത്തിൽ മാറ്റമില്ല. ബാങ്കോക്കിൽ ആർഎസ്എസ് ഒന്ന് ക്വിൻ്റലിന് 284.10 ഡോളറിലും ആർഎസ്എസ് മൂന്ന് 280.60 ഡോളറിലും ആണ്. കേരളത്തിൽ ആർഎസ്എസ് നാല് ക്വിൻ്റലിന് 28,400 രൂപയിലാണ്.
കൊക്കോ വില തിങ്കളാഴ്ച 10.04 ശതമാനം കുതിച്ചു ടണ്ണിന് 5939 ഡോളറിൽ എത്തി. 2026-27 സീസണിലെ ഉൽപാദനം കുത്തനേ ഇടിയുമെന്നു ഘാന അറിയിച്ചതാണു കാരണം. കാലാവസ്ഥ പ്രതിളലമായതിനാൽ ഉൽപാദനം 16 ശതമാനം കുറയുമെന്നാണു ഘാനയിലെ കൊക്കോ ബോർഡ് കണക്കാക്കുന്നത്. ഐവറി കോസ്റ്റിലും ഉൽപാദനം 10 ശതമാനത്തിലധികം ഇടിയും. ഏറ്റവുമധികം കൊക്കോ ഉൽപാദിപ്പിക്കുന്ന രാജ്യങ്ങളാണ് ഇവ.
അറബിക്ക കാപ്പിവില 3.79 ശതമാനം താന്നു പൗണ്ടിന് 3.195 ഡോളർ ആയി. ഈ വർഷം ആഗോള കാപ്പി ഉൽപാദനം റെക്കോർഡ് ആകുമെന്ന് യുഎസ് കൃഷി വകുപ്പ് കണക്കാക്കുന്നു. ബ്രസീലിൽ അറബിക്കയും വിയറ്റ്നാമിൽ റോബസ്റ്റയും റെക്കോർഡ് വിളവ് പ്രതീക്ഷിക്കുന്നു. എൽ നിനോ മൂലം അടുത്ത വർഷത്തെ ഉൽപാദനം കുറയും എന്ന ആശങ്കയുണ്ട്.
യുഎസ് ഡോളർ സൂചിക തിങ്കളാഴ്ച താഴ്‌ന്ന് 99.90 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക 100.05 വരെ കയറിയിട്ട് അൽപം താഴ്ന്നു.
യൂറോ 1.1511 ഡോളറിലേക്കും പൗണ്ട് 1.3427 ഡോളറിലേക്കും താഴ്ന്നു. ജാപ്പനീസ് യെൻ ഒരു ഡോളറിന് 157. 45 യെൻ എന്ന നിലയിലേക്ക് താഴ്ന്നു. ബാങ്ക് ഓഫ് ജപ്പാനും യുഎസ് ഫെഡും സംയുക്തമായി യെന്നിനെ ഉയർത്താൻ ശ്രമിക്കുകയാണ്. ചൈനീസ് യുവാൻ ഡോളറിന് 6.75 യുവാനിൽ തുടർന്നു.
അമേരിക്കയിൽ 10 വർഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം (yield) ഇന്നു രാവിലെ 4.686 ശതമാനത്തിലേക്കു താഴ്ന്നു.
വെള്ളിയാഴ്ച ഇന്ത്യൻ രൂപ ശക്തിപ്പെട്ടു. ഡോളർ അഞ്ചു പൈസ കുറഞ്ഞ് 95.33 രൂപയിൽ ക്ലോസ് ചെയ്തു.
വിദേശത്തെ നോൺ ഡെലിവെറേബിൾ ഫോർവേഡ് (എൻഡിഎഫ്) വിപണിയിൽ ഡോളർ ഇന്നു രാവിലെ 95.33 രൂപയിൽ ആണ്. ചൈനീസ് യുവാൻ 14.12 രൂപയിലേക്കും യൂറോ 109.71 രൂപയിലേക്കും ഉയർന്നു.
ക്രൂഡ് ഓയിൽ വില ഇന്ന് അൽപം ഉയർന്നു. തിങ്കളാഴ്ച ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ 4.2 ശതമാനം താഴ്ന്നു വീപ്പയ്ക്ക് 83.77 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില 84.27 ഡോളർ വരെ കയറി. ഡബ്ള്യുടിഐ ഇനം 80.82 ഡോളറിൽ എത്തി.
ക്രിപ്റ്റോകറൻസികൾ ചാഞ്ചാട്ടത്തിലായി. ബിറ്റ് കോയിൻ ഇന്നു രാവിലെ 63,600 ഡോളറിനു മുകളിൽ എത്തി. ഈഥർ 1860 ഡോളറിനും സൊലാന 73.5 ഡോളറിനും താഴെയായി.
(2026 ഓഗസ്റ്റ് 03, തിങ്കൾ)
സെൻസെക്സ് 78,639.03 +0.70%
നിഫ്റ്റി50 24,774.30 +1.60%
ബാങ്ക് നിഫ്റ്റി 58,247.85 +1.72%
മിഡ്ക്യാപ്100 63,679.30 +1.27%
സ്മോൾക്യാപ്100 19,589.35 +1.29%
ഡൗജോൺസ് 53,178.41 +1.32%
എസ്ആൻഡ്പി 7600.50 +1.48%
നാസ്ഡാക് 25,913.90 +2.13%
ഡോളർ ₹95.33 -₹0.05
സ്വർണം(ഔൺസ്)$4056.50 +$12.80
സ്വർണം(പവൻ) ₹1,05,760 -₹280
ക്രൂഡ്ഓയിൽബ്രെൻ്റ്$83.77 -$4.16
Read DhanamOnline in English
Subscribe to Dhanam Magazine