Morning business news Canva
Markets

യുദ്ധം മുറുകുന്നു; വിപണികളിൽ ചോരപ്പുഴ; ഏഷ്യൻ വിപണികൾ ഇടിയുന്നു; ക്രൂഡ് ഓയിൽ വീണ്ടും കയറ്റത്തിൽ

ഹോർമുസിൽ എണ്ണക്കപ്പലുകൾക്കു സംരക്ഷണം നൽകുമെന്ന പ്രസിഡൻ്റ് ട്രംപിൻ്റെ പ്രഖ്യാപനം നടപ്പിലായില്ല

T C Mathew

യുദ്ധം മുറുകിയതോടെ ലോകമെങ്ങും വിപണിയിൽ ചോരപ്പുഴയാണ്. അമേരിക്കൻ വിപണി ഇന്നലെ വലിയ താഴ്ചയിൽ നിന്ന് അൽപം ഉയർന്നു ക്ലോസ് ചെയ്തെങ്കിലും ഫ്യൂച്ചേഴ്സ് ഇന്നും താഴ്ചയിലാണ്. ഇന്നലെ 85 ഡോളർ കടന്ന ക്രൂഡ് ഓയിൽ താഴ്‌ന്നു ക്ലോസ് ചെയ്തെങ്കിലും ഇന്നു രാവിലെ വീണ്ടും കയറ്റത്തിലാണ്. ഹോർമുസിൽ എണ്ണക്കപ്പലുകൾക്കു സംരക്ഷണം നൽകുമെന്ന പ്രസിഡൻ്റ് ട്രംപിൻ്റെ പ്രഖ്യാപനം നടപ്പിലായില്ല. ഏഷ്യൻ വിപണികൾ ഇന്നും ഇടിഞ്ഞു.

ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി ചൊവ്വാഴ്ച രാത്രി 24,568.50 ൽ എത്തി. ഇന്നു രാവിലെ 24,589.50 ൽ വ്യാപാരം തുടങ്ങിയിട്ട് 24,405 വരെ ഇടിഞ്ഞു. പിന്നീടു ചാഞ്ചാടി. ഇന്നു നിഫ്റ്റി 800 പോയിൻ്റ് ഇടിയും എന്ന സൂചന രാത്രി ഉണ്ടായി എങ്കിലും വ്യാപാരം ക്ലോസ് ചെയ്തപ്പോൾ നഷ്‌ടസൂചന 400 പോയിൻ്റിൽ ഒതുങ്ങി. ഇന്നു രാവിലെ 500 ലധികം പോയിൻ്റ് നഷ്‌ടമാണു സൂചിപ്പിക്കുന്നത്.

ന്യൂയോർക്കിലെ എഡിആർ (അമേരിക്കൻ ഡെപ്പോസിറ്ററി റെസീറ്റ്) വിപണിയിൽ ഇൻഫോസിസ് ചൊവ്വാഴ്ച 0.21ശതമാനം ഉയർന്നു. തുടർ വ്യാപാരത്തിൽ 1.20 ശതമാനം ഇടിഞ്ഞു. വിപ്രോ 1.85 ശതമാനം ഉയർന്ന ശേഷം തുടർവ്യാപാരത്തിൽ 0.03 ശതമാനം താഴ്‌ന്നു.

യുഎസ് വിപണി ഇടിഞ്ഞു, നഷ്ടം കുറച്ചു

യുഎസ് വിപണികൾ ചൊവ്വാഴ്ച തുടക്കത്തിൽ കുത്തനേ ഇടിഞ്ഞ ശേഷം നഷ്‌ടം ഗണ്യമായി കുറച്ച് വ്യാപാരം അവസാനിപ്പിച്ചു. ആദ്യം ഡൗ ജോൺസ് സൂചിക 1277.93 പോയിൻ്റ് താഴ്ചയിലായി. മറ്റു സൂചികകളും രണ്ടര ശതമാനത്തിലധികം ഇടിഞ്ഞു. ഹോർമുസ് കടലിടുക്കിൽ എണ്ണ ടാങ്കറുകളെ ആക്രമിക്കും എന്ന ഇറാനിയൻ ഭീഷണിയും യുദ്ധം അനന്തമായി നീളും എന്ന ആശങ്കയുമാണു തകർച്ചയ്ക്കു കാരണം. ഹോർമുസിൽ ടാങ്കറുകൾക്കു യുഎസ് നേവി സംരക്ഷണം നൽകുമെന്നും ഇൻഷ്വറൻസ് ഒരുക്കുമെന്നും പ്രസിഡൻ്റ് ട്രംപ് പ്രസ്താവിച്ച ശേഷമാണു വിപണി തിരിച്ചു കയറിയത്. ക്രൂഡ് ഓയിൽ വില 85 ഡോളറിൽ നിന്നു താഴുകയും ചെയ്തു. ഇറാൻ്റെ പ്രത്യാക്രമണത്തിൻ്റെ വീര്യം കുറഞ്ഞതും വിപണിയെ സഹായിച്ചു.

ഡൗ ജോൺസ് 403.51 പോയിൻ്റ് (0.83%) താഴ്ന്ന് 48,501.27 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 64.99 പോയിൻ്റ് (0.94%) ഇടിഞ്ഞ് 6816.63 ലും നാസ്ഡാക് 232.17 പോയിൻ്റ് (1.02%) നഷ്‌ടത്തോടെ 22,516.69 ലും ക്ലോസ് ചെയ്തു.

ഇന്നു രാവിലെയും യുഎസ് ഫ്യൂച്ചേഴ്സ് താഴ്ചയിലാണ്. ഡൗ ജോൺസ് 0.30 ഉം എസ് ആൻഡ് പി 0.25 ഉം നാസ്ഡാക് 0.26 ഉം ശതമാനം താഴ്ചയിൽ നിൽക്കുന്നു.

യൂറോപ്യൻ വിപണികൾ ചൊവ്വാഴ്ചയും വലിയ ഇടിവിലായി. യൂറോപ്യൻ, ജർമൻ, ഫ്രഞ്ച് വിപണികൾ മൂന്നു ശതമാനത്തിലധികം ഇടിഞ്ഞു. യുകെ സൂചിക 2.75 ശതമാനം താഴ്‌ന്നു.

ഏഷ്യൻ വിപണികൾ ഇന്നും നഷ്ടത്തിലാണ്. ഇന്നലെ മൂന്നു ശതമാനം താഴ്‌ന്ന ജപ്പാനിൽ നിക്കൈ ഇന്നു രാവിലെ 2.8 ശതമാനം ഇടിഞ്ഞു. ഇന്നലെ ഏഴു ശതമാനം ഇടിഞ്ഞ ദക്ഷിണ കൊറിയയിലെ കോസ്‌പി ഇന്ന് അഞ്ചു ശതമാനം കൂടി വീണു. ഓസ്ട്രേലിയൻ സൂചിക 2.2 ശതമാനം താണു. ഹോങ് കോങ് സൂചിക 1.3 ശതമാനം താഴ്‌ന്നു. ചൈനീസ് വിപണി ഒരു ശതമാനം നഷ്ടത്തിൽ വ്യാപാരം തുടങ്ങി.

ഇന്ത്യൻ വിപണി ആശങ്കയിൽ

തിങ്കളാഴ്ച വലിയ താഴ്ചയിലായ ഇന്ത്യൻ വിപണിക്ക് ഇന്നലെ ഹോളി പ്രമാണിച്ച് അവധിയായിരുന്നു. ഇന്ന് ആശങ്കയോടെയാണു വിപണി വ്യാപാരത്തിന് ഒരുങ്ങുന്നത്.

സ്വർണം കുത്തനേ ഇടിഞ്ഞു; വീണ്ടും കയറുന്നു

പശ്ചിമേഷ്യൻ യുദ്ധം സ്വർണവിലയെ വല്ലാതെ ഉയർത്തും എന്ന ആശങ്കകൾ അസ്ഥാനത്തായി. വില ഇടിഞ്ഞു. മറ്റു വിശിഷ്ട ലോഹങ്ങളും ഇടിവിലായി. ഇന്നലെ സ്വർണം 4.38 ശതമാനവും വെള്ളി 8.16 ശതമാനവും താഴ്‌ന്നു. പ്ലാറ്റിനവും പല്ലാഡിയവും 10 ശതമാനം വീതവും ഇടിഞ്ഞു.

യുദ്ധസാഹചര്യത്തിൽ സുരക്ഷിത നിക്ഷേപം എന്നു കണക്കാക്കി സ്വർണമടക്കം വിശിഷ്ട ലോഹങ്ങളുടെ വില കുതിക്കുന്നതാണു പതിവ്. തിങ്കളാഴ്ച വിപണി കുതിച്ചതുമാണ്. എന്നാൽ ഇന്നലെ ഹോർമുസിലുടെയുള്ള എണ്ണടാങ്കർ നീക്കം മുടങ്ങിയപ്പോൾ കാഴ്ചപ്പാട് മാറി. കടൽ വഴിയുള്ള ക്രൂഡ് ഓയിൽ, പ്രകൃതിവാതക നീക്കത്തിൻ്റെ 30 ശതമാനത്തിലധികം ഹോർമുസ് വഴിയാണ്. ഇന്ത്യയും ചൈനയും അടക്കം ഏഷ്യൻ രാജ്യങ്ങളുടെ ആവശ്യത്തിൻ്റെ പകുതിയും അതിലുടെയാണു നീക്കുന്നത്. അതു മുടങ്ങിയാൽ വിലക്കയറ്റം വല്ലാതെ കുതിച്ചു കയറും. ചൊവ്വാഴ്ച യൂറോപ്പിൽ പ്രകൃതിവാതകവില 50 ശതമാനം ഉയർന്നത് സൂചനയാണ്. വിലക്കയറ്റം പലിശ കൂട്ടാൻ ഇടയാക്കും. അതാണു സ്വർണത്തിലേക്കുള്ള ഒഴുക്ക് തടഞ്ഞത്. ഒപ്പം ഡോളറിൻ്റെ വിനിമയ നിരക്ക് ഒരു ശതമാനത്തിലധികം കയറുകയും ചെയ്തു. ഇതോടെ വിശിഷ്‌ട ലോഹങ്ങളിൽ വിൽപന സമ്മർദമായി, വില ഇടിഞ്ഞു.

ഇന്നലെ രാവിലെ ഔൺസിന് 5380.80 ഡോളർ വരെ കയറിയ മഞ്ഞലോഹം പിന്നീട് 4996.60 വരെ ഇടിഞ്ഞു. ഒടുവിൽ 233.10 ഡോളർ (4.38%)

നഷ്ടത്തോടെ ഔൺസിന് 5089.70 ഡോളറിൽ സ്വർണം ക്ലോസ് ചെയ്തു. ഇന്നു രാവിലെ 1.40 ശതമാനം ഉയർന്ന വില 5160 ഡോളറിൽ എത്തി.

വെള്ളിയും ചാഞ്ചാടി. രാവിലെ ഔൺസിന് 91.45 ഡോളറിൽ നിന്നു താഴ്‌ന്ന് 77.87 ഡോളറിൽ എത്തി. പിന്നീട് 82.18 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 83.40 ഡോളറിലേക്കു കയറി. രണ്ടു ദിവസം കൊണ്ടു വെള്ളിക്ക് 20 ശതമാനം വിലയിടിഞ്ഞു.

കേരളത്തിൽ 22 കാരറ്റ് സ്വർണം 2120 രൂപ ഇടിഞ്ഞു പവന് 1,22,920 രൂപയിൽ എത്തി.

മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ (എംസിഎക്സ്) ചൊവ്വാഴ്ച 24 കാരറ്റ് സ്വർണം 10 ഗ്രാം 1,64,900 രൂപ വരെ ഉയർന്നിട്ട് 1,61,102 ലേക്കു താഴ്‌ന്നു ക്ലോസ് ചെയ്തു. വെള്ളി 2,67,953 രൂപ വരെ കയറിയ ശേഷം 2,65,942 രൂപയിൽ അവസാനിച്ചു.

പ്ലാറ്റിനം 2100 ഉം പല്ലാഡിയം 1640 ഉം റോഡിയം 11,350 ഉം ഡോളറിലേക്ക് ഇടിഞ്ഞു.

ലോഹങ്ങൾ ഭിന്നദിശകളിൽ

അലൂമിനിയം ഒഴികെയുള്ള ലോഹങ്ങൾ ചൊവ്വാഴ്ച താഴ്‌ന്നു. ചെമ്പ് 4.62 ശതമാനം ഇടിഞ്ഞ് ടണ്ണിനു 12,818.85 ഡോളർ ആയി. അലൂമിനിയം 1.90 ശതമാനം കുതിച്ചു ടണ്ണിന് 3257.16 ഡോളറിൽ ക്ലോസ് ചെയ്തു. ടിൻ 13.19 ശതമാനം ഇടിഞ്ഞു. നിക്കലും സിങ്കും ലെഡും താഴ്‌ന്നു.

റബർ താഴ്ന്നു

റബർ രാജ്യാന്തര വിപണിയിൽ 0.73 ശതമാനം താഴ്‌ന്നു കിലോഗ്രാമിന് 203.30 സെൻ്റിൽ എത്തി. സാമ്പത്തിക മാന്ദ്യ ആശങ്ക മൂലമാണു താഴ്ച. ക്രൂഡ് ഓയിൽ വില കൂടിയതുകൊണ്ട് കൃത്രിമ റബർ വില 5.69 ശതമാനം വർധിച്ചു.

കൊക്കോ വില ഇന്നലെ ചാഞ്ചാടി. 3050 ഡോളറിനടുത്തു വരെ ഉയർന്ന വില 2900 വരെ ഇടിഞ്ഞ ശേഷം കയറി 3018.20 ഡോളറിൽ ക്ലോസ് ചെയ്തു.

തേയിലവില മാറ്റമില്ലാതെ തുടർന്നു. കാപ്പി 0.74 ശതമാനം താഴ്ന്നു. പാം ഓയിൽ വില ടണ്ണിനു 4148 മലേഷ്യൻ റിംഗിറ്റിലേക്കു കയറി.

ക്രൂഡ് വിലക്കയറ്റത്തെ തുടർന്നു പിവിസി, പോളി എഥിലിൻ, പോളിപ്രൊപ്പിലിൻ തുടങ്ങിയവയുടെ വില അഞ്ചു ശതമാനം ഉയർന്നു. യൂറിയ വില 14 ശതമാനം കുതിച്ചു.

ഡോളർ സൂചിക വീണ്ടും കയറി

പശ്ചിമേഷ്യൻ യുദ്ധം ഡോളറിനു കരുത്തായി. വെള്ളിയാഴ്ച 97.61 ൽ ആയിരുന്ന ഡോളർ സൂചിക ഇന്നലെ 99.68 വരെ എത്തിയിട്ട് 99.05 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 99.23 ലേക്കു കയറി.

യൂറോ 1.159 ഡോളറിലേക്കും പൗണ്ട് 1.3323 ഡോളറിലേക്കും താഴ്‌ന്നു. ജാപ്പനീസ് യെൻ ഒരു ഡോളറിന് 157.63 യെൻ എന്ന നിലയിലേക്കു വീണു. ചൈനീസ് യുവാൻ ഡോളറിന് 6.90 യുവാൻ എന്ന നിരക്കിലേക്കു താഴ്‌ന്നു.

അമേരിക്കയിൽ 10 വർഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം 4.06 ശതമാനമായി ഉയർന്നു. യുഎസ് കടപ്പത്രങ്ങൾ വാങ്ങാൻ പ്രതീക്ഷിച്ചത്ര തിരക്ക് വരാത്തതാണു കാരണം.

രൂപ ദുർബലം

തിങ്കളാഴ്ച രൂപയുടെ വിനിമയ നിരക്ക് ഇടിഞ്ഞു. ഡോളർ 91.47 രൂപയിൽ ക്ലോസ് ചെയ്തു. ഇന്നും രൂപ ദുർബലമാകാം എന്നാണു സൂചന. വിദേശത്തെ നോൺ ഡെലിവെറേബിൾ ഫോറെക്സ് (എൻഡിഎഫ്) വിപണിയിൽ ഡോളർ ഇന്നു രാവിലെ 92.10 രൂപയിലാണ്. ഇന്നലെ 92.38 വരെ കയറിയതാണ്. ചൈനീസ് യുവാൻ 13.35 രൂപയിലേക്ക് ഉയർന്നു. യൂറോ 106.67 രൂപയായി കുറഞ്ഞു. ഇന്ന് ഇന്ത്യയിലെ കറൻസി വ്യാപാരത്തിൽ ഇവയുടെ സ്വാധീനം പ്രകടമാകും.

ക്രൂഡ് ഓയിൽ വീണ്ടും കുതിക്കുന്നു

ഹോർമുസ് കടലിടുക്കിലുടെയുള്ള കപ്പൽ നീക്കം ഇറാൻ വിലക്കി. എണ്ണക്കപ്പലുകൾക്കു സംരക്ഷണം നൽകുമെന്നു പ്രസിഡൻ്റ് ട്രംപും പറഞ്ഞു. എങ്കിലും അവിടെ കപ്പൽനീക്കം പുനരാരംഭിച്ചിട്ടില്ല. വിലക്കിനെ തുടർന്ന് 85 ഡോളറിലേക്കു കുതിച്ച ബ്രെൻ്റ് ഇനം 80 ഡോളറിനു താഴെയാണു ക്ലോസ് ചെയ്തത്. ഇന്നു രാവിലെ വില വീണ്ടും കുതിച്ച് 82.50 ഡോളറിൽ എത്തി. ഡബ്ള്യുടിഐ ഇനം 75.43 ഉം യുഎഇയുടെ മർബൻ 79.98 ഉം ഡോളറിലാണ്. പ്രകൃതിവാതകവില 3.047 ഡോളറിലേക്കു കയറി

യുദ്ധം നീളുകയും ഹോർമുസ് കടലിടുക്ക് അടഞ്ഞു കിടക്കുകയും ചെയ്താൽ ക്രൂഡ് വില ബാരലിനു 100 ഡോളറും കടന്നു കുതിക്കും എന്നു വിപണി കണക്കാക്കുന്നു. 2007 ലെ 147 ഡോളറിനു മുകളിലേക്കു വരെ വില കയറാം.

ക്രിപ്റ്റോകൾ ചാഞ്ചാടുന്നു

ക്രിപ്റ്റോ കറൻസികൾ ഉയർന്നിട്ടു വീണ്ടും താഴ്ന്നു. ബിറ്റ്കോയിൻ ഇന്നു രാവിലെ 68,250 ഡോളറിനു താഴെയാണ്. ഈഥർ 1980 ഡോളറിനും സൊലാന 87 ഡോളറിനും മുകളിൽ നിൽക്കുന്നു.

വിപണിസൂചനകൾ

(2026 മാർച്ച് 03, ചൊവ്വ)

സെൻസെക്സ് 80,238.85 -0.00%

നിഫ്റ്റി50 24,865.70 -0.00%

ബാങ്ക് നിഫ്റ്റി 59,839.65 -0.00%

മിഡ്ക്യാപ്100 58,180.50 -0.00%

സ്മോൾക്യാപ്100 16,632.40 -0.00%

ഡൗ ജോൺസ് 48,501.27 -0.83%

എസ് ആൻഡ് പി 6816.63 -0.94%

നാസ്ഡാക് 22,516.69 -1.02%

ഡോളർ ₹91.47 +₹0.00

സ്വർണം(ഔൺസ്) $5089.70 -$233.10

സ്വർണം (പവൻ) ₹1,22,920 -₹2120

ക്രൂഡ്ഓയിൽബ്രെൻ്റ് $81.40 +$3.44

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT