അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിനെ തുടർന്നു യുഎസ് വിപണികൾ ഇന്നലെ കുതിച്ചുയർന്നു ഇന്ത്യൻ വിപണിയും ആവേശത്തിരയിലുള്ള വലിയ കയറ്റമാണു രാവിലെ പ്രതീക്ഷിക്കുന്നത്.
കംപ്യൂട്ടർ ചിപ്പ് നിർമാണ കമ്പനികൾ ഇടിവിലാണ്. ഏഷ്യൻ വിപണികൾ ഇന്നു രാവിലെ ഇടിഞ്ഞു. ഡാറ്റാ സെൻ്റർ നിർമാണത്തിനു ഡെമോക്രാറ്റുകൾ എതിരു നിൽക്കും എന്ന ആശങ്കയാണു കാരണം.
ക്രൂഡ് ഓയിൽ വില 94 ഡോളറിനു താഴെ വന്നു. ഇതോടെ പലിശപ്പേടി കുറഞ്ഞു. ഡോളർ ദുർബലമായി. സ്വർണം കുതിച്ചു.
വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി ബുധനാഴ്ച രാത്രി 24,385.00 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 24,289 വരെ താണിട്ടു 24,333 വരെ കയറി. ഇന്ത്യൻ വിപണി ഇന്നു കുതിപ്പോടെ വ്യാപാരം തുടങ്ങും എന്നാണ് സൂചന.
യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിനു രാഷ്ട്രീയ തിരിച്ചടി. ഭരണം തുടരുമ്പോൾ കോൺഗ്രസിൻ്റെ ഇരു സഭകളിലും ഭൂരിപക്ഷമുള്ള ഡെമോക്രാറ്റുകൾ ശക്തമായി എതിർക്കും. റിസൽട്ടിനു ശേഷം ട്രംപ് പറഞ്ഞ രണ്ടു കാര്യങ്ങൾ പ്രതീക്ഷ നൽകുന്നു. ഇറാൻ യുദ്ധമാണ് പരാജയത്തിൻ്റെ പ്രധാന കാര്യം എന്ന സമ്മതവും ഡെമോക്രാറ്റുകളോടു സഹകരിച്ചു പ്രവർത്തിക്കാൻ കഴിയും എന്ന പ്രഖ്യാപനവും. ട്രംപ് മയപ്പെടുന്നതിൻ്റെ സൂചനയായി ഇതു വ്യാഖ്യാനിക്കപ്പെട്ടു.
വിപണികൾ ഇതിനോട് അനുകൂലമായി പ്രതികരിച്ചു. സൂചികകൾ പ്രതീക്ഷയിലധികം ഉയർന്നു. ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ആത്മാർഥമായ ശ്രമം ഉണ്ടാകാം എന്ന പ്രതീക്ഷയിൽ ക്രൂഡ് ഓയിൽ വില ഒൻപതു ശതമാനത്തോളം ഇടിഞ്ഞു. ഒരാഴ്ചയ്ക്കകം 20 ശതമാനമാണ് താഴ്ന്നത്.
സ്വർണം നാലു ശതമാനത്തിലധികം കയറി. പൊതു വിലക്കയറ്റവും പലിശ വർധനയും കുറയുമെന്ന പ്രതീക്ഷയാണു സ്വർണത്തെ കയറ്റുന്നത്.
റിസൽട്ടിനു ശേഷം ഡോളർ സൂചിക താഴ്ന്നെങ്കിലും അസാധാരണ വീഴ്ച ഉണ്ടായില്ല. യുഎസ് കടപ്പത്രങ്ങളുടെ വില വർധിച്ചു, അവയിലെ നിക്ഷേപനേട്ടം കുറഞ്ഞു. ഡിസംബറിൽ ഫെഡറൽ റിസർവ് നിരക്കു കൂട്ടാനുള്ള സാധ്യത 82.7 ശതമാനമായി ഉയർന്നു. പിന്നീടുള്ള രണ്ടു ഫെഡ് യോഗങ്ങളിൽ നിരക്കു കൂട്ടാനുള്ള സാധ്യത കുറഞ്ഞു. യുദ്ധരംഗത്തു മാറ്റമുണ്ടായാൽ വിലക്കയറ്റം കുറയും എന്ന പ്രതീക്ഷയാണു വിപണിയിൽ കാണുന്നത്.
ഇന്നലെ യുഎസ് വിപണികൾ മികച്ച മുന്നേറ്റം കാഴ്ചവച്ചു. റിസൽട്ട് വന്നു തുടങ്ങിയപ്പോൾ 450 പോയിൻ്റ് ഇടിഞ്ഞ ഡൗ സൂചിക 1500-ലേറെ പോയിൻ്റ് നേട്ടത്തിലാണ് അവസാനിച്ചത്. 19 മാസത്തിനിടയിലെ ഏറ്റവും വലിയ കുതിപ്പ്.
തുടക്കത്തിൽ 650 പോയിൻ്റ് ഇടിഞ്ഞ നാസ്ഡാക് 1.44 ശതമാനം കയറിയാണ് ക്ലോസ് ചെയ്തത്. ഡാറ്റാ സെൻ്ററുകൾക്ക് എതിരായ ഡെമോക്രാറ്റ് നിലപാട് നിർമിതബുദ്ധി (എഐ) വികസനത്തെ ബാധിക്കും എന്ന ആശങ്ക ടെക് കമ്പനികളുടെ മുന്നേറ്റത്തെ ബാധിച്ചു. വിപണിസമയം കഴിഞ്ഞു വന്ന ക്വാൽകോം റിസൽട്ട് നിരാശപ്പെടുത്തി. തുടർ വ്യാപാരത്തിൽ ഓഹരി ഏഴു ശതമാനം ഇടിഞ്ഞു.
ഡാറ്റാ സെൻ്റർ നിർമാണങ്ങൾ മന്ദീഭവിച്ചേക്കാം എന്ന ധാരണ വിപണിയിൽ ഉണ്ട്. അപ്പോൾ വമ്പൻ ഹൈപ്പർ സ്കെയിലർ കമ്പനികൾ വലിയ കടമെടുത്തു നിർമാണം നടത്തുന്നതു കുറയും. കമ്പനികളുടെ നിക്ഷേപച്ചെലവു കുറയും. അതു മെമ്മറി ചിപ്പുകളുടെ വില കുറയാൻ ഇടയാക്കും. ആപ്പിൾ, മൈക്രോസോഫ്റ്റ്, ആമസോൺ എന്നീ ഹൈപ്പർ സ്കെയിലർ കമ്പനികൾ ഇന്നലെ ആറു ശതമാനത്തിലധികം കുതിച്ചത് ഈ കണക്കു കൂട്ടലിൽ ആണ്. അതേ സമയം ചിപ്പ്, ജീപിയു നിർമാതാക്കളായ എൻവിഡിയ, മൈക്രോൺ, ഇൻ്റെൽ, ഡാറ്റാ സെൻ്റർ നിർമാതാക്കളായ കോർവീവ്, നെബിയസ്, ഐറെൻ തുടങ്ങിയവ ഇടിഞ്ഞു. ഡാറ്റാ ഡോഗ്, സീഗേറ്റ്, സാൻഡിസ്ക് തുടങ്ങിയവയും താഴ്ചയിലാണ്. കഴിഞ്ഞ ദിവസം ലയനം പ്രഖ്യാപിച്ച മാർവെലും ലൂമെൻ്റവും ഏഴു ശതമാനത്തിലധികം ഇടിഞ്ഞു. ഔഷധ കമ്പനി മോഡേണ, മക്ഡോണൾഡ്സ്, ഹോം ഡിപ്പോ, ത്രീ എം തുടങ്ങിയവ മുന്നേറി. ചിപ്പ് നിർമാതാക്കളായ കൊറിയൻ ഭീമന്മാർ (എസ്കെ ഹൈനിക്സും സാംസങ്ങും) വലിയ ഇടിവിലായി.
ബുധനാഴ്ച ഡൗ ജോൺസ് സൂചിക 1569.40 പോയിൻ്റ് (3.03 ശതമാനം) കുതിച്ച് 53,356.12 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 119.70 പോയിൻ്റ് (1.58%) നേട്ടത്തോടെ 7688.62 ൽ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് 364.50 പോയിൻ്റ് (1.44%) കയറി 25,736.51 ൽ ക്ലോസ് ചെയ്തു.
യുഎസ് ഫ്യൂച്ചേഴ്‌സ് ഇന്നു ഭിന്നദിശകളിലാണ്. ഡൗ ജോൺസ് 148 പോയിൻ്റ് (0.28 ശതമാനം) ഉയർന്നും എസ് ആൻഡ് പി 10 പോയിൻ്റും (0.12%) നാസ്ഡാക് 215 പോയിൻ്റ് (0.75%) താഴ്ന്നു നീങ്ങുന്നു.
ന്യൂയോർക്കിലെ എഡിആർ (അമേരിക്കൻ ഡെപ്പോസിറ്ററി റെസീറ്റ്) വിപണിയിൽ ബുധനാഴ്ച എച്ച്ഡിഎഫ്സി ബാങ്ക് വ്യാപാരസമയത്ത് 5.55 ശതമാനം കുതിച്ചിട്ടു തുടർ വ്യാപാരത്തിൽ 0.21% ഉയർന്ന് 24.38 ഡോളറിൽ ക്ലോസ് ചെയ്തു. ഐസിഐസിഐ ബാങ്ക് നിശ്ചിത സമയത്ത് 3.75% ഉയർന്നിട്ടു തുടർ വ്യാപാരത്തിൽ മാറ്റമില്ലാതെ 31.26 ഡോളറിൽ അവസാനിച്ചു. ഇൻഫോസിസ് നിശ്ചിതസമയത്ത് 2.60% കയറിയ ശേഷം തുടർ വ്യാപാരത്തിൽ 1.39% താഴ്ന്നു 12.07 ഡോളറിൽ ക്ലോസ് ചെയ്തു. വിപ്രോ വിപണിസമയത്ത് 0.47% കയറി തുടർവ്യാപാരത്തിൽ 0.46 ശതമാനം കൂടി ഉയർന്ന് 2.17 ഡോളറിൽ അവസാനിച്ചു.
ട്രംപ് ദുർബലനാകുന്നതിലും ക്രൂഡ് ഓയിൽ ഇടിയുന്നതിലും ആശ്വസിച്ചു യൂറോപ്യൻ ഓഹരി സൂചികകൾ ഇന്നലെ കുതിച്ചുയർന്നു.
ഏഷ്യൻ വിപണികൾ ഇന്നും താഴ്ചയിലാണ്. ദക്ഷിണ കൊറിയയിലെ കോസ്‌പി സൂചിക 4.6 ശതമാനം ഇടിഞ്ഞു. സെമികണ്ടക്ടർ കമ്പനികളായ എസ്കെ ഹൈനിക്സ് ഒൻപതും സാംസംഗ് എട്ടും ശതമാനം ഇടിഞ്ഞു. ജപ്പാനിലെ നിക്കൈ സൂചിക 1.4 ശതമാനം താണു. ചിപ്പ് കമ്പനികളിൽ വലിയ നിക്ഷേപമുള്ള സോഫ്റ്റ് ബാങ്ക് ഗ്രൂപ്പ് 5.5% ഇടിവിലായി. ഓസ്ട്രേലിയൻ സൂചിക 0.60 നഷ്‌ടത്തിലാണ്. തായ്‌വാൻ സൂചിക 1.85 ശതമാനം താഴ്ന്നു. ഷാങ്ഹായ് സൂചിക 0.50 ശതമാനം താഴ്ന്നു. ഹോങ്കോങ്ങിലെ ഹാങ് സെങ് 2.35% നേട്ടത്തിലാണ്.
വിദേശനിക്ഷേപസ്ഥാപനങ്ങൾ വാങ്ങൽ വർധിപ്പിച്ചതും ട്രംപിനു നേരിട്ട രാഷ്ട്രീയ തിരിച്ചടിയും ക്രൂഡ് ഓയിലിൻ്റെ ഇടിവും തുടർച്ചയായ അഞ്ചാം ദിവസവും ഇന്ത്യൻ വിപണിയെ ഉയർത്തി. മുൻ ദിവസങ്ങളേക്കാൾ കൂടുതൽ തുക വിദേശികൾ ഇന്നലെ ഇന്ത്യൻ വിപണിയിൽ നിക്ഷേപിച്ചു
ഓഹരിനിക്ഷേപത്തിനു ദീർഘകാല മൂലധനാദായ (എൽടിസിജി) നികുതി ഗണ്യമായി കുറയ്ക്കുകയോ എടുത്തു കളയുകയോ ചെയ്യുമെന്നു വിദേശനിക്ഷേപകർ പ്രതീക്ഷിക്കുന്നു.
ഐടിയും ക്യാപ്പിറ്റൽ മാർക്കറ്റും ഒഴികെയുള്ള മേഖലകൾ നേട്ടം ഉണ്ടാക്കി. സരിഗമയും സീയും കുതിച്ചുകയറിയപ്പോൾ മീഡിയ സൂചിക 5.15% ഉയർന്നു. പ്രതിരോധം, റിയൽറ്റി, മെറ്റൽ, കൺസ്യൂമർ ഡ്യുറബിൾസ്, ഓയിൽ, ഓട്ടോ, എഫ്എംസിജി മേഖലകൾ വലിയ മുന്നേറ്റം നടത്തി. പൊതുമേഖലാ രാസവള കമ്പനിയായ എഫ്എസിടി 6.01 ശതമാനം കുതിച്ചു. മറ്റു രാസവള കമ്പനികൾ മൂന്നു ശതമാനം വരെ ഉയർന്നു.
മുത്തൂറ്റ് ഫിനാൻസ് 7.18 ശതമാനം നേട്ടത്തിലായി. ഐഐഎഫ്എൽ ഫിനാൻസ് 7.48% കയറി. മണപ്പുറം ഫിനാൻസ് 3.13% ഉയർന്നു. സ്വർണവില കൂടുന്നതാണു കാരണം.
സൗത്ത് ഇന്ത്യൻ, സിഎസ്ബി, ധനലക്ഷ്മി ബാങ്കുകൾ മൂന്നു ശതമാനം കയറിയപ്പോൾ ഫെഡറൽ ബാങ്ക് 0.43% ഉയർന്നു.
വിശാലവിപണിയിൽ ബഹുഭൂരിപക്ഷം ഓഹരികൾ ഉയർന്നു. ബിഎസ്ഇയിൽ 3047 ഓഹരികൾ ഉയർന്നു, 1349 ഓഹരികൾ നഷ്‌ടത്തിലായി. എൻഎസ്ഇയിൽ 2713 ഓഹരികൾ കയറിയപ്പോൾ 875 എണ്ണം ഇടിഞ്ഞു.
ബുധനാഴ്ച വിദേശനിക്ഷേപകർ ക്യാഷ് വിപണിയിൽ 7284.03 കോടി രൂപയുടെ അറ്റവാങ്ങൽ നടത്തി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 3712.23 കോടി രൂപയുടെ അറ്റവിൽപന നടത്തി.
ബുധനാഴ്ച സെൻസെക്‌സ് 383.55 പോയിൻ്റ് (0.50%) ഉയർന്ന് 77,301.40 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 149.75 പോയിൻ്റ് (0.63%) കയറി 23,960.60 ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 373.55 പോയിൻ്റ് (0.67%) നേട്ടത്തോടെ 55,913.60 ൽ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 909.25 പോയിൻ്റ് (1.55%) കുതിച്ച് 59,505.50 ൽ അവസാനിച്ചു. സ്മോൾ ക്യാപ് 100 സൂചിക 373.55 പോയിൻ്റ് (2.00%) മുന്നേറി 19,026.40 ൽ ക്ലോസ് ചെയ്തു.
യുഎസ് തെരഞ്ഞെടുപ്പുഫലം സ്വർണത്തെ വീണ്ടും കയറ്റത്തിലാക്കി. ഇന്നലെ മൂന്നു ശതമാനത്തിലധികം കയറിയ സ്വർണം ഇന്നു രാവിലെ ഒരു ശതമാനം കൂടി കുതിച്ച് ഔൺസിന് 4100 ഡോളർ കടന്നു. ബുധനാഴ്ച സ്വർണം 129.80 ഡോളർ (3.30%) നേട്ടത്തോടെ ഔൺസിന് 4061.20 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 1.75 ശതമാനം ഉയർന്നു 4136 ഡോളറിൽ എത്തി.
കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് ബുധനാഴ്ച രണ്ടു തവണയായി 2320 രൂപ കൂടി 1,04,720 രൂപയിൽ എത്തി.
വെള്ളിവില ബുധനാഴ്ച അഞ്ചു ശതമാനം കയറി ഔൺസിന് 52.35 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 52.80 ഡോളറിലായി.
പ്ലാറ്റിനം 1522 ഡോളർ, പല്ലാഡിയം 1002 ഡോളർ, റോഡിയം 8650 ഡോളർ എന്നിങ്ങനെ നിൽക്കുന്നു.
റബർ വില വിദേശത്തു വീണ്ടും താഴ്ന്നു. കേരളത്തിൽ കിലോഗ്രാമിനു റെക്കോർഡ് വിലയായ 300 രൂപ നിലനിന്നു. ബാങ്കോക്കിൽ ആർഎസ്എസ് ഒന്ന് ക്വിൻ്റലിന് 280.35 ഡോളറും ആർഎസ്എസ് മൂന്ന് 276.90 ഡോളറും ആയി താഴ്ന്നു. കേരളത്തിൽ ആർഎസ്എസ് നാല് ഇനം ക്വിൻ്റലിന് 30,000 രൂപയിൽ നിന്നു.
പ്രധാന വ്യാവസായിക ലോഹങ്ങൾ ബുധനാഴ്ച നേട്ടത്തിലായി. ചെമ്പ് 0.63 ശതമാനം കയറി ടണ്ണിന് 14,199.85 ഡോളർ ആയി. അലൂമിനിയം 1.06 ശതമാനം ഉയർന്ന് 3073.85 ഡോളറിൽ എത്തി. നിക്കലും സിങ്കും ടിന്നും ഉയർന്നു. ലെഡ് താഴ്ന്നു.
കൊക്കോ വില കയറി ടണ്ണിന് 5427 ഡോളറിൽ ക്ലോസ് ചെയ്തു. 2026-27 സീസണിൽ ആഫ്രിക്കൻ ഉൽപാദനം 10 ശതമാനം കുറയും എന്നാണു നിഗമനം.
അറബിക്ക കാപ്പി പൗണ്ടിന് 1.57 ശതമാനം താഴ്ന്നു 2.795 ഡോളർ ആയി. ബ്രസീലിയൻ കറൻസിയുടെ ഇടിവ് വിലയെ താഴ്ത്തുന്നു.
പാം ഓയിൽ 1.21 ശതമാനം താഴ്ന്നു ടണ്ണിന് 4496 മലേഷ്യൻ റിംഗിറ്റ് ആയി.
യുഎസ് ഡോളർ സൂചിക ബുധനാഴ്ച താഴ്ന്ന് 101.57 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 101.29 ലേക്ക് താണു.
യൂറോ ഉയർന്ന് 1.125 ഡോളറിലും പൗണ്ട് 1.3484 ഡോളറിലും എത്തി. ജാപ്പനീസ് യെൻ ഒരു ഡോളറിന് 158.07 യെൻ ആയി ഉയർന്നു.
ചൈനീസ് യുവാൻ ഡോളറിന് 6.67 യുവാനിൽ തുടരുന്നു
അമേരിക്കയിൽ 10 വർഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം (yield) ഇന്നു രാവിലെ 4.855 ശതമാനമായി താഴ്ന്നു.
രൂപ ബുധനാഴ്ചയും മുന്നേറി. ഡോളർ 10 പൈസ കുറഞ്ഞു 94.64 രൂപയിൽ ക്ലോസ് ചെയ്തു. രൂപ ഇന്നും നേട്ടം ഉണ്ടാക്കും എന്നാണു സൂചന.
ഇന്നു രാവിലെ വിദേശത്തെ ഫോർവേഡ് വിപണിയിൽ ഡോളർ 94.24 രൂപയിലേക്കു താഴ്ന്നു.
ചൈനീസ് യുവാൻ 14.17 രൂപയായി താണു. യൂറോ 106.38 രൂപയിലേക്ക് വന്നു.
യുഎസ് തെരഞ്ഞെടുപ്പ് ഫലത്തെ തുടർന്നു ക്രൂഡ് ഓയിൽ ഒൻപതു ശതമാനം കൂടി ഇടിഞ്ഞു. ബുധനാഴ്ച 8.98 ഡോളർ കുറഞ്ഞു 94.62 ഡോളറിൽ ക്ലോസ് ചെയ്ത ബ്രെൻ്റ് ഇനം ക്രൂഡ് ഇന്നു രാവിലെ 93.88 ഡോളറിലേക്കു താണു. ഡബ്ള്യുടിഐ ഇനം 87.35 ഡോളറിലാണ്.
ക്രിപ്റ്റോ കറൻസികൾ കയറ്റത്തിലായി. ബിറ്റ്കോയിൻ 80,450 ഡോളറിനു മുകളിൽ എത്തി. ഈഥർ 2420 ഡോളറിനും സൊലാന 95.50 ഡോളറിനും മുകളിലാണ്.
(2026 നവംബർ 04, ബുധൻ)
സെൻസെക്സ് 77,301.40 +0.50%
നിഫ്റ്റി50 23,960.600 +0.63%
ബാങ്ക് നിഫ്റ്റി 55,913.60 +0.67%
മിഡ്ക്യാപ്100 59,505.50 +1.55%
സ്മോൾക്യാപ്100 19,026.40 +2.00%
ഡൗജോൺസ് 53,356.12 +3.03%
എസ്ആൻഡ്പി 7688.62 +1.58%
നാസ്ഡാക് 25,736.51 +1.44%
ഡോളർ ₹94.64 -₹0.10
സ്വർണം(ഔൺസ്)$4061.20 +$129.80
സ്വർണം(പവൻ) ₹1,04,720 +₹2320
ക്രൂഡ്ഓയിൽബ്രെൻ്റ് $94.62 -$8.98
Read DhanamOnline in English
Subscribe to Dhanam Magazine