Morning business news Canva
Markets

ഇറാൻ- യുഎസ് ചർച്ചയിൽ പുരോഗതി; ഹോർമുസിൽ സംഘർഷം നീങ്ങി; ക്രൂഡ് ഓയിൽ 108 ഡോളറിനു താഴെ; സ്വർണം കയറുന്നു; ഓഹരികൾ കുതിക്കുന്നു

ചൊവ്വാഴ്ചയും വിദേശനിക്ഷേപകരുടെ വിൽപന വലിയ തോതിൽ നടന്നു. വിദേശികൾ ക്യാഷ് വിപണിയിൽ 3621.58 കോടി രൂപയുടെ അറ്റവിൽപന നടത്തി

T C Mathew

ഇറാനുമായി കരാർ ഉണ്ടാക്കാനുളള രഹസ്യ ചർച്ചകളിൽ പുരോഗതി ഉണ്ടെന്നു യുഎസ്. ഇതേ തുടർന്ന് ഹോർമുസിൽ കപ്പലുകൾക്ക് അകമ്പടി സേവിക്കുന്നതു നിർത്തുമെന്നു പ്രസിഡൻ്റ് ട്രംപ് അറിയിച്ചു. കപ്പൽച്ചാലിലെ സംഘർഷം നീങ്ങി. ഇതു വിപണികളെ ഉത്സാഹത്തിലാക്കി. യുഎസ് ഫ്യൂച്ചേഴ്‌സും ഏഷ്യൻ വിപണികളും ഉയർന്നു. ക്രൂഡ് ഓയിൽ 108 ഡോളറിനു താഴെയായി. സ്വർണം രണ്ടു ശതമാനത്തിലധികം കുതിച്ചു.

ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി ചൊവ്വാഴ്ച രാത്രി 24,200.00 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 24,327 വരെ കയറി. നിഫ്റ്റി ഇന്നു രാവിലെ വലിയ മുന്നേറ്റത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതു സൂചിപ്പിക്കുന്നത്.

യുഎസ് വിപണി ഉയർന്നു

യുഎസും ഇറാനും തമ്മിലുള്ള നയതന്ത്ര ചർച്ചകളിൽ പുരോഗതി ഉണ്ടായതും എണ്ണവില കുറഞ്ഞതും യുഎസ് വിപണിയെ ഇന്നലെ റെക്കോർഡ് ഉയരങ്ങളിലേക്കു നയിച്ചു. എസ് ആൻഡ് പിയും നാസ്ഡാകും റെക്കോർഡ് കുറിച്ചു ക്ലോസ് ചെയ്തു. കമ്പനികളുടെ മികച്ച റിസൽട്ടുകളും സഹായിച്ചു.

ചൊവ്വാഴ്ച ഡൗ ജോൺസ് സൂചിക 356.35 പോയിൻ്റ് (0.73%) ഉയർന്ന് 49,298.25 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 58.47 പോയിൻ്റ് (0.81%) കയറി 7259.22 ൽ അവസാനിച്ചു. നാസ്ഡാക് 258.32 പോയിൻ്റ് (1.03%) കുതിച്ച് 25,326.13 ൽ ക്ലോസ് ചെയ്തു.

ഫ്യൂച്ചേഴ്സ് കയറുന്നു

ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്സ് കയറ്റത്തിലാണ്. ഡൗ ജോൺസ് 140 പോയിൻ്റും (0.29%) എസ് ആൻഡ് പി 20 പോയിൻ്റും (0.27%) നാസ്ഡാക് 150 പോയിൻ്റും (0.54%) നേട്ടത്തോടെ നീങ്ങുന്നു.

ഇന്ത്യൻ എഡിആറുകൾ കുതിച്ചു

ചൊവ്വാഴ്ച ന്യൂയോർക്കിൽ എച്ച്ഡിഎഫ്സി ബാങ്ക് എഡിആർ 0.08 ശതമാനം താഴ്ന്നിട്ടു തുടർവ്യാപാരത്തിൽ 1.73 ശതമാനം കുതിച്ച് 25.26 ഡോളറിൽ എത്തി. ഐസിഐസിഐ ബാങ്ക് എഡിആർ നിശ്ചിത സമയത്ത് 0.46 ശതമാനം താഴ്ന്ന ശേഷം തുടർവ്യാപാരത്തിൽ 2.04 ശതമാനം കയറി 26.55 ഡോളറിൽ വന്നു. ഇൻഫോസിസ് എഡിആർ 1.80 ശതമാനം കയറിയിട്ട് തുടർ വ്യാപാരത്തിൽ 0.31 ശതമാനം ഉയർന്നു 12.50 ഡോളറിൽ ക്ലോസ് ചെയ്തു. വിപ്രോ മാറ്റമില്ലാതെ നിന്നശേഷം തുടർ വ്യാപാരത്തിൽ 1.00 ശതമാനം കയറി 2.0099 ഡോളർ ആയി.

യൂറോപ്പ്, ഏഷ്യ

ഹോർമുസ് സാഹചര്യത്തിൽ അയവ് വരുമെന്ന സൂചനയും ക്രൂഡ് വിലയിലെ ഇടിവും ചൊവ്വാഴ്ച യൂറോപ്യൻ വിപണികളെ ഒരു ശതമാനത്തിലധികം ഉയർത്തി. ജർമനിയിലെ കൊമേഴ്സ് ബാങ്കിനെ ഏറ്റെടുക്കാൻ ശ്രമം തുടരുന്ന ഇറ്റാലിയൻ ബാങ്ക് യൂണിക്രെഡിറ്റ് 16.1 ശതമാനം ലാഭ വളർച്ചയോടെ ഒന്നാം പാദ ഫലം പ്രസിദ്ധീകരിച്ചു.

ഏഷ്യൻ വിപണികൾ ഇന്നു കയറ്റത്തിലാണ്. ജപ്പാനിൽ വിപണിക്ക് അവധിയാണ്. ദക്ഷിണ കൊറിയൻ സൂചിക കോസ്പി 5.6 ശതമാനം കുതിച്ച് 7000 കടന്നു റെക്കോർഡ് ഇട്ടു. സാംസംഗും എസ്കെ ഹൈനിക്സും ഒൻപതു ശതമാനം കയറി. ഓസ്ട്രേലിയൻ സൂചിക ഒരു ശതമാനം ഉയർന്നു. ഹോങ് കോങ് വിപണി 0.20 ശതമാനവും ഷാങ്ഹായ് സൂചിക 0.50 ശതമാനവും നേട്ടത്തിലാണ്.

ഇന്ത്യൻ വിപണി താഴ്ന്നു

യുദ്ധഭീതിയും രൂപയുടെ ഇടിവും ക്രൂഡ് ഓയിൽ കയറ്റവും ചേർന്നു രാവിലെ വലിയ താഴ്ചയിലാക്കിയ ഇന്ത്യൻ വിപണി ഇന്നലെ നഷ്‌ടം ഗണ്യമായി കുറച്ചു വ്യാപാരം ക്ലോസ് ചെയ്തു. സെൻസെക്സ് 76,515 ൽ എത്തിയ ശേഷം 500 പോയിൻ്റും നിഫ്റ്റി 23,882 ൽ എത്തിയിട്ട് 150 പോയിൻ്റും കയറിയാണു വ്യാപാരം അവസാനിപ്പിച്ചത്. മുഖ്യസൂചികകൾ മിതമായ നഷ്ടത്തിൽ അവസാനിച്ചെങ്കിലും വിശാലവിപണി നേട്ടത്തിൽ നിന്നു. റിയൽറ്റിയും കൺസ്യൂമർ ഡ്യുറബിൾസും ബാങ്കുകളും ധനകാര്യ കമ്പനികളും താഴ്‌ന്നു. ഓട്ടോ, എഫ്എംസിജി, പ്രതിരോധം, കാപ്പിറ്റൽ മാർക്കറ്റ്, ഫാർമ മേഖലകൾ മുന്നേറി.

ചൊവ്വാഴ്ചയും വിദേശനിക്ഷേപകരുടെ വിൽപന വലിയ തോതിൽ നടന്നു. വിദേശികൾ ക്യാഷ് വിപണിയിൽ 3621.58 കോടി രൂപയുടെ അറ്റവിൽപന നടത്തി. സ്വദേശികൾ 2602.62 കോടി രൂപയുടെ വാങ്ങലും നടത്തി. 2026-ൽ ആദ്യ നാലു മാസം കൊണ്ട് വിദേശ നിക്ഷേപകർ ഇന്ത്യയിൽ നിന്ന് 2.03 ലക്ഷം കോടി രൂപ പിൻവലിച്ചിട്ടുണ്ട്. 2025 ൽ (മുഴുവൻ വർഷം) 2.40 ലക്ഷം കോടി രൂപയേ പിൻവലിച്ചിരുന്നുള്ളു.

ചൊവ്വാഴ്ച സെൻസെക്‌സ് 251.61 പോയിൻ്റ് (0.33%) താഴ്‌ന്ന് 77,017.79 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 86.50 പോയിൻ്റ് (0.36%) നഷ്ടത്തോടെ 24,032.80 ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 331.45 പോയിൻ്റ് (0.60%) കുറഞ്ഞ് 54,547.05 ൽ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 104.75 പോയിൻ്റ് (0.17%) കയറി 60,264.50 ൽ അവസാനിച്ചു. സ്മോൾ ക്യാപ് 100 സൂചിക 49.90 പോയിൻ്റ് (0.28%) ഉയർന്ന് 18,182.40 ൽ ക്ലോസ് ചെയ്തു.

വിശാലവിപണിയിൽ കൂടുതൽ ഓഹരികൾ നഷ്‌ടത്തിലായിരുന്നു. ബിഎസ്ഇയിൽ 1882 ഓഹരികൾ കയറി, 2293 ഓഹരികൾ താഴ്ന്നു. എൻഎസ്ഇയിൽ 1596 എണ്ണം ഉയർന്നപ്പോൾ 1669 എണ്ണം ഇടിഞ്ഞു.

കമ്പനികൾ, വാർത്തകൾ

ലാർസൻ ആൻഡ് ടൂബ്രോ നാലാം പാദ വരുമാനം 11 ശതമാനം വർധിപ്പിച്ചപ്പോൾ അറ്റാദായം മൂന്നു ശതമാനം കുറഞ്ഞു. പ്രവർത്തന ലാഭം അഞ്ചു ശതമാനം വർധിച്ചു. കഴിഞ്ഞ വർഷം നാലാം പാദത്തിൽ ഒറ്റപ്പെട്ട വരുമാനം ഉണ്ടായതുമൂലം ലാഭം ഉയർന്നു നിന്നിരുന്നു. എങ്കിലും വിപണിയുടെ പ്രതീക്ഷയിലും താഴെയാണു കമ്പനിയുടെ പ്രകടനം.

മഹീന്ദ്ര ആൻഡ് മഹീന്ദ്ര നാലാം പാദത്തിൽ വരുമാനം 29 ശതമാനം വർധിപ്പിച്ചപ്പോൾ അറ്റാദായം 42 ശതമാനം കുതിച്ചു. ട്രാക്ടർ വിൽപന 36 ഉം മൊത്തം വാഹന വിൽപന 21 ഉം ശതമാനം ഉയർന്നു. എസ് യു വി വിപണിയിൽ 25.3 ശതമാനം ഓഹരിയുമായി മഹീന്ദ്ര ഒന്നാം സ്ഥാനം നിലനിർത്തി. വിപണിയുടെ നിഗമനത്തേക്കാൾ മെച്ചമായി റിസൽട്ട്.

ഐടി കമ്പനി കോഫോർജ് നാലാം പാദത്തിൽ അറ്റാദായം 261.2 കോടിയിൽ നിന്ന് 612.3 കോടി രൂപയായി ഉയർത്തി. വിറ്റുവരവ് 30 ശതമാനം വർധിച്ചു.

ഹീറോ മോട്ടോകോർപ് നാലാം പാദത്തിൽ വരുമാനവും അറ്റാദായവും റെക്കോർഡ് ആക്കി. വരുമാനം 30 ശതമാനം കൂടിയപ്പോൾ അറ്റാദായം 26 ശതമാനം ഉയർന്നു. നാലാം പാദത്തിൽ വാഹന വിൽപന 17.14 ലക്ഷം എന്ന റെക്കോർഡിൽ എത്തി.

മാരികോ നാലാം പാദ വരുമാനം 22 ശതമാനവും അറ്റാദായം 14 ശതമാനവും വർധിപ്പിച്ചു.

പൂനാവാല ഫിൻകോർപ് നാലാം പാദത്തിൽ അറ്റാദായം 309 ശതമാനം ഉയർത്തി 255 കോടി രൂപയാക്കി.

ആദിത്യ ബിർല ഗ്രൂപ്പ് മേധാവി കുമാർ മംഗലം ബിർല വോഡഫോൺ ഐഡിയയുടെ നോൺ എക്സിക്യൂട്ടീവ് ചെയർമാൻ പദവി ഏറ്റെടുത്തു. കമ്പനി ധനകാര്യപ്രതിസന്ധിയിൽ ആകും വരെ ബിർല ആയിരുന്നു ചെയർമാൻ. ഇപ്പോൾ സർക്കാർ കുടിശിക കുറച്ചു നൽകിയ സാഹചത്തിലാണു ബിർലയുടെ തിരിച്ചു വരവ്.

ബയോകോൺ മേധാവി കിരൺ മജുംദാർ ഷോ പിൻഗാമിയായി സഹോദര പുത്രി ക്ലെയർ മജുംദാറിനെ തീരുമാനിച്ചു. 37 വയസുള്ള ക്ലെയർ കാൻസർ ഗവേഷണത്തിൽ പിഎച്ച്ഡി ക്കു ശേഷം എംബിഎ എടുത്തു. കാൻസർ ഔഷധ ഗവേഷണത്തിലള്ള ബികാര തെറാപ്യൂട്ടിക്സ് എന്ന കമ്പനി അമേരിക്കയിൽ സ്ഥാപിച്ച് നടത്തിവരുന്നു. നാസ്ഡാകിൽ ലിസ്റ്റ് ചെയ്ത കമ്പനിക്ക് 7500 കോടി രൂപയുടെ വിപണിമൂല്യം ഉണ്ട്. ബയോകോൺ ചെയർപേഴ്സൺ സ്ഥാനത്തുനിന്നു താൻ സാവധാനമേ മാറൂ എന്ന് കിരൺ അറിയിച്ചു.

സ്വർണം കുതിപ്പിൽ

പശ്ചിമേഷ്യയിൽ സമാധാന കരാറിനു ചർച്ച നടക്കാൻ സാധ്യത വർധിച്ചതോടെ സ്വർണം കുതിപ്പിലായി. തിങ്കളാഴ്ച രണ്ടു ശതമാനം നഷ്‌ടപ്പെടുത്തിയ അതത്രയും തിരിച്ചു പിടിച്ചു. ഇന്നലെ ഔൺസിന് 35.60 ഡോളർ ഉയർന്നു 4558.60 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ ഒന്നര ശതമാന ഉയർന്ന് 4629 ഡോളറിലേക്കു കുതിച്ചു.

കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് ചൊവ്വാഴ്ച 320 രൂപ കുറഞ്ഞ് 1,09,400 രൂപയിൽ എത്തി. ഇന്നു വില ഗണ്യമായി കൂടും.

വെള്ളിവില ചൊവ്വാഴ്ച ഔൺസിന് 72.95 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 75.02 ഡോളറിലേക്ക് ഉയർന്നു.

പ്ലാറ്റിനം 1983 ഡോളർ, പല്ലാഡിയം 1499 ഡോളർ, റോഡിയം 9500 ഡോളർ എന്നിങ്ങനെ നിൽക്കുന്നു.

ലോഹങ്ങൾ നേട്ടത്തിൽ

വ്യാവസായിക ലോഹങ്ങൾ മിക്കതും കയറ്റത്തിലാണ്. ചെമ്പ് 0.60 ശതമാനം ഉയർന്ന് 12,969.90 ഡോളറിൽ എത്തി. അലൂമിനിയം 1.66 ശതമാനം കുതിച്ച് 3571.33 ഡോളർ ആയി. ലെഡ്, നിക്കൽ, ടിൻ എന്നിവ ഉയർന്നപ്പോൾ സിങ്ക് താഴ്ന്നു.

റബറിനു കയറ്റം

ബാങ്കോക്ക് വിപണിയിൽ റബർ ആർഎസ്എസ് 3 ഇനം ക്വിൻ്റലിന് 289.50 ഡോളറിലേക്കു കയറി. കൃത്രിമ റബർ ടണ്ണിനു 16,350 യുവാനിൽ തുടർന്നു.

കാപ്പി 1.33 ശതമാനം കയറി പൗണ്ടിന് 289.30 സെൻ്റ് ആയി. പാമോയിൽ വില 1.90 ശതമാനം ഉയർന്നു ടണ്ണിന് 4710 മലേഷ്യൻ റിംഗിറ്റിൽ എത്തി.

4000 ഡോളർ കടന്നു കൊക്കോ

രാജ്യാന്തര വിപണിയിൽ കൊക്കോ വില 4.92 ശതമാനം കുതിച്ചു ടണ്ണിന് 4074 ഡോളർ ആയി. ഫെബ്രുവരിക്കു ശേഷമുള്ള ഏറ്റവും ഉയർന്ന വിലയാണിത്. ഒരു മാസ ഒരു മാസം കൊണ്ട് വില 25.94 ശതമാനം കയറി. ഐവറി കോസ്റ്റിലും ഘാനയിലും വിളവെടുപ്പ് സീസണിൽ വരൾച്ച വന്നത് ബീൻസിൻ്റെ ലഭ്യതയും ഗുണവും കുറയ്ക്കും എന്ന് ആശങ്കയുണ്ട്. വരും മാസങ്ങളിൽ രാസവള വിലക്കയറ്റവും എൽ നിനോ പ്രതിഭാസവും വിളവ് കുറയ്ക്കും എന്ന ഭീതി വിപണിയിൽ സജീവമായി. 2025-26, 2026-27 സീസണുകളിലെ മിച്ചം സ്റ്റോക്ക് സംബന്ധിച്ച പ്രവചനം ഏജൻസികൾ തിരുത്തിത്തുടങ്ങി. 2024 ഡിസംബറിൽ വന്ന ടണ്ണിനു 12,906 ഡോളറാണു കൊക്കോയുടെ റെക്കോർഡ് വില.

ഡോളർ സൂചിക താഴുന്നു

യുഎസ് ഡോളർ സൂചിക ചൊവ്വാഴ്ച അൽപാ ഉയർന്ന് 98.44 ൽ ക്ലോസ് ചെയ്തു. എന്നാൽ ഇന്നു രാവിലെ 98.24 ലേക്കു താഴ്ന്നു. സമാധാന സാധ്യതയാണു ഡോളറിനെ ദുർബലമാക്കിയത്.

യൂറോ 1.172 ഡോളറിലേക്കും പൗണ്ട് 1.3575 ഡോളറിലേക്കും കയറി. ജാപ്പനീസ് യെൻ ഡോളറിന് 157.5 8 യെൻ എന്ന നിലയിലേക്ക് ഉയർന്നു.

ചൈനീസ് യുവാൻ ഡോളറിന് 6.83 യുവാൻ എന്ന നിരക്കിൽ തുടർന്നു.

അമേരിക്കയിൽ 10 വർഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം (yield) കുത്തനേ കൂടി 4.426 ശതമാനമായി കുറഞ്ഞു.

95.40 രൂപ വരെ കയറി ഡോളർ

ഡോളറുമായുള്ള വിനിമയത്തിൽ രൂപ ചൊവ്വാഴ്ചയും വലിയ ഇടിവിലായി. . ഡോളർ ഇന്നലെ 95.40 രൂപ വരെ ഉയർന്ന ശേഷം 95.28 ൽ ക്ലോസ് ചെയ്തു. രണ്ടും റെറെക്കോർഡ് നിരക്കുകളാണ്. ക്രൂഡ് ഓയിൽ വില താഴുന്നത് ഇന്നു രൂപയെ സഹായിക്കും എന്നു ചിലർ കരുതുന്നു. എന്നാൽ വിദേശനിക്ഷേപകരുടെ മടങ്ങിപ്പോക്ക് രൂപയ്ക്കു ക്ഷീണമാണ്.

വിദേശത്തെ നോൺ ഡെലിവെറേബിൾ ഫോർവേഡ് (എൻഡിഎഫ്) വിപണിയിൽ ഡോളർ ഇന്നു രാവിലെ 95.04 രൂപയിലേക്കു താഴ്ന്നു. ചൈനീസ് യുവാൻ 13.94 രൂപയിലും യൂറോ 111.61 രൂപയിലും എത്തി.

ക്രൂഡ് ഓയിൽ താഴ്ന്നു

ഹോർമുസിൽ ധാരണ ഉണ്ടാകാം എന്ന സൂചന ക്രൂഡ് ഓയിലിനെ താഴ്‌ത്തി.

ചൊവ്വാഴ്ച ബ്രെൻ്റ് ഇനം ക്രൂഡ് അഞ്ചു ശതമാനം ഇടിഞ്ഞ് വീപ്പയ്ക്ക് 109.81 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വീപ്പയ്ക്ക് 107.76 ഡോളറിലേക്കു വില താഴ്ന്നു. ഡബ്ള്യുടിഐ ഇനം ക്രൂഡ് 100.35 ഡോളറിലേക്ക് നീങ്ങി. യുഎഇയുടെ മർബൻ ക്രൂഡ് 105.97 ഡോളറിലാണ്.. ഇന്ത്യ വാങ്ങുന്ന പശ്ചിമേഷ്യൻ ക്രൂഡിൻ്റെ (ഇന്ത്യൻ ബാസ്കറ്റ്) വില തിങ്കളാഴ്ച 118.70 ഡോളർ ആയി.

ക്രിപ്റ്റോകൾ ഉയരുന്നു

ക്രിപ്റ്റോ കറൻസികൾ കുതിപ്പ് തുടരുന്നു. ബിറ്റ്കോയിൻ ഇന്നു രാവിലെ 81,150 ഡോളറിൽ എത്തി. ഈഥർ 2370 ഡോളറിനും സൊലാന 86.5 ഡോളറിനും മുകളിൽ നിൽക്കുന്നു.

വിപണിസൂചനകൾ

(2026 മേയ് 05, ചൊവ്വ)

സെൻസെക്സ് 77,017.79 -0.33%

നിഫ്റ്റി50 24,032.80 -0.36%

ബാങ്ക് നിഫ്റ്റി 54,547.05 -0.60%

മിഡ്ക്യാപ്100 60,264.50 +0.17%

സ്മോൾക്യാപ്100 18,182.40 +0.28%

ഡൗജോൺസ് 49,298.25 +0.73%

എസ്ആൻഡ്പി 7259.22 +0.81%

നാസ്ഡാക് 25,326.13 +1.03%

ഡോളർ ₹95.28 +₹0.19

സ്വർണം(ഔൺസ്)$4558.60 +34.60

സ്വർണം(പവൻ) ₹1,09,400 -₹320

ക്രൂഡ്ഓയിൽബ്രെൻ്റ്$109.87 -$4.57

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT