Morning business news canva
Markets

വിദേശ സൂചനകൾ നെഗറ്റീവ്; ക്രൂഡ് ഓയിലും സ്വർണവും ക്രിപ്റ്റോകളും ഇടിയുന്നു; ലോകം സാമ്പത്തിക മാന്ദ്യത്തിലേക്ക് എന്ന് പരക്കെ ഭീതി

സാമ്പത്തികമാന്ദ്യം വരാനുള്ള സാധ്യത 60 ശതമാനമായി എന്നു ജെപി മോര്‍ഗന്റെ വിലയിരുത്തല്‍

T C Mathew

വലിയ തകർച്ചയിലേക്ക് ഓഹരിവിപണി നീങ്ങുകയാണ്. ഒരവസരത്തിൽ 22,000 നു താഴെ എത്തിയ ഗിഫ്റ്റി നിഫ്റ്റി പിന്നീട് നഷ്ടം അൽപം കുറച്ചു. യുഎസ് വിപണികൾ കഴിഞ്ഞയാഴ്ച 2020 മാർച്ചിനു ശേഷമുള്ള ഏറ്റവും വലിയ തകർച്ച കണ്ടു. ഇന്നു യുഎസ് ഫ്യൂച്ചേഴ്സും ഏഷ്യൻ വിപണികളും വലിയ താഴ്ചയിലാണ്.

യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ തീരുവയുദ്ധവും അതിനോടുള്ള ചൈനീസ് പ്രതികരണവും ലോകം സാമ്പത്തിക മാന്ദ്യത്തിലേക്കു വീഴും എന്ന് ഉറപ്പാക്കുന്നതായി. ട്രംപ് നിലപാടിൽ മാറ്റം ഇല്ല എന്ന് ആവർത്തിച്ചു പ്രഖ്യാപിക്കുമ്പോഴും ഇന്ത്യ അടക്കം പല രാജ്യങ്ങളും തങ്ങളുടെ ചുങ്കം കുറച്ച് ട്രംപുമായി ഒത്തുതീർപ്പിനു ശ്രമിക്കുന്നുണ്ട്. അവ എന്തു ഫലം ഉണ്ടാക്കും എന്നതിനെ ആശ്രയിച്ചിരിക്കുന്നു വിപണിഗതി. നീണ്ടുനിൽക്കുന്ന ഒരു ശിശിരകാലമാണ് വിപണിയെ കാത്തിരിക്കുന്നത്. നല്ല നിക്ഷേപകർക്കു വാങ്ങാനുള്ള സമയം കുറേക്കൂടി കഴിഞ്ഞേ വരൂ എന്നു കരുതാം.

ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി വെള്ളിയാഴ്ച രാത്രി 22,343.50 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 21,951 വരെ താണിട്ട് 22,140 ലേക്കു കയറി. ഇന്ത്യൻ വിപണി ഇന്നു കനത്ത നഷ്ടത്തിൽ വ്യാപാരം തുടങ്ങുമെന്നാണ് ഇതു സൂചിപ്പിക്കുന്നത്.

വിദേശ വിപണി

യൂറോപ്യൻ വിപണികൾ വെള്ളിയാഴ്ച അഞ്ചു ശതമാനത്തിലധികം നഷ്ടത്തിൽ ക്ലോസ് ചെയ്തു. എങ്ങും മാന്ദ്യഭീതി വളരുകയാണ്.

കോവിഡിനു ശേഷമുള്ള ഏറ്റവും വലിയ ഇടിവിലാണു  യുഎസ് വിപണി വെള്ളിയാഴ്ച അവസാനിച്ചത്. ഫെബ്രുവരിയിലെ റെക്കോർഡ് നിലയിൽ നിന്നു 17.75 ശതമാനം താഴെയാണ് എസ് ആൻഡ് പി ഇപ്പോൾ. 

സാമ്പത്തികമാന്ദ്യം വരാനുള്ള സാധ്യത 60 ശതമാനമായി എന്നു ജെപി മോർഗനിലെ സാമ്പത്തിക വിശകലനക്കാർ വിലയിരുത്തി. വിപണികൾ ഉയരണമെന്നാണു തൻ്റെ ആഗ്രഹമെങ്കിലും ചില ഘട്ടങ്ങളിൽ കയ്പുള്ള മരുന്ന് വേണ്ടി വരുമെന്നു പ്രസിഡൻ്റ് ട്രംപ് ഇന്നലെ പറഞ്ഞത് വിപണിയിലെ ആശങ്ക വളർത്തി.

വെള്ളിയാഴ്ച ഡൗ ജോൺസ് സൂചിക 2231.07 പോയിൻ്റ് (5.50%) തകർന്നു 38,314.90 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 322.44 പോയിൻ്റ് (5.97%) ഇടിഞ്ഞ് 5074.08 ൽ അവസാനിച്ചു. നാസ്ഡാക് 962.82 പോയിൻ്റ് (5.87%) നഷ്ടത്തോടെ 15,587.80 ൽ എത്തി.

യുഎസ് ഫ്യൂച്ചേഴ്സ് ഇന്നും താഴ്ചയിലാണ്. ഡൗ 2.95 ഉം എസ് ആൻഡ് പി 3.69 ഉം നാസ്ഡാക് 3.9 ഉം ശതമാനം ഇടിഞ്ഞു നിൽക്കുന്നു.

ഏഷ്യൻ വിപണികൾ വലിയ തകർച്ചയിലാണ്. ജപ്പാനിൽ നിക്കെെ തുടക്കത്തിൽ 8.5 ശതമാനവും കൊറിയയിൽ കോസ്‌പി സൂചിക 4.5 ശതമാനവും താഴ്ചയിലാണ്. ഓസ്ട്രേലിയൻ വിപണി ആറു ശതമാനം താഴ്ന്നു  വ്യാപാരം തുടങ്ങി. ഹോങ്‌കോങ്ങിലെ ഹാങ് സെങ് സൂചിക 10 ശതമാനം ഇടിഞ്ഞു ചൈനയുടെ സിഎസ്ഐ സൂചിക അഞ്ചു ശതമാനം താഴ്ന്നു.

ഇന്ത്യൻ വിപണി

ഇന്ത്യക്കുളള പകരച്ചുങ്കം കുറയ്ക്കാൻ തയാറാകും എന്ന വിശ്വാസമാണ് ഇപ്പോഴും ഇന്ത്യൻ അധികൃതർ പ്രകടിപ്പിക്കുന്നത്. വ്യാപാര ഉടമ്പടി ക്കു വേണ്ടി ഓൺലൈൻ ചർച്ച നടന്നു വരികയാണ്. ഇന്ത്യ ബദൽ തീരുവകൾ ചുമത്താൻ ഉദ്ദേശിക്കുന്നില്ല. യുഎസ് ഉൽപന്നങ്ങൾക്കു ചുങ്കം കുറയ്ക്കാനും ഇറക്കുമതി നിയന്ത്രണങ്ങൾ നീക്കാനുമുള്ള നിർദേശങ്ങളാണു ചർച്ച ചെയ്യുന്നത്.

വെള്ളിയാഴ്ച നിഫ്റ്റി 345.65 പോയിൻ്റ് (1.49%) താഴ്ന്ന് 22,904.50 ൽ ക്ലോസ് ചെയ്തു. സെൻസെക്സ് 930.67 പോയിൻ്റ് (1.22%) ഇടിഞ്ഞ് 75,364.69 ൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 94.65 പോയിൻ്റ് (0.18%) താഴ്ന്ന് 51,502.70 ൽ അവസാനിച്ചു. മിഡ് ക്യാപ് സൂചിക 2.91 ശതമാനം (1516.20പോയിൻ്റ്) നഷ്ടത്തോടെ 50,645.95 ൽ എത്തി. സ്മോൾ ക്യാപ് സൂചിക 3.56 ശതമാനം ഇടിഞ്ഞ് 15,675.95 ൽ ക്ലോസ് ചെയ്തു.

വിശാല വിപണിയിലെ കയറ്റ - ഇറക്ക അനുപാതം ഇറക്കത്തിന്  അനുകൂലമായി മാറി. ബിഎസ്ഇയിൽ 1025 ഓഹരികൾ  ഉയർന്നപ്പോൾ 2923 ഓഹരികൾ ഇടിഞ്ഞു. എൻഎസ്ഇയിൽ ഉയർന്നത് 646 എണ്ണം. താഴ്ന്നത് 2230 എണ്ണം.

എൻഎസ്ഇയിൽ 26 ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന വിലയിൽ എത്തിയപ്പോൾ താഴ്ന്ന വിലയിൽ എത്തിയതു 66 എണ്ണമാണ്. 146 ഓഹരികൾ അപ്പർ സർകീട്ടിൽ എത്തിയപ്പോൾ 108 എണ്ണം ലോവർ സർക്കീട്ടിൽ എത്തി.

വിദേശനിക്ഷേപകർ വെള്ളിയാഴ്ച ക്യാഷ് വിപണിയിൽ 3483.98 കാേടി രൂപയുടെ അറ്റ വിൽപന നടത്തി. സ്വദേശി ഫണ്ടുകൾ 1720.32 കോടി രൂപയുടെ ഓഹരികളും വിറ്റു. 

വിപണി മനോഭാവം നിരാശയിലേക്കു മാറി. നിഫ്റ്റി 23,000 നു താഴെ ആയത് പ്രതീക്ഷകൾക്കു മങ്ങൽ ഏൽപ്പിച്ചു. ഇനി 22,500ലെ പിന്തുണ നഷ്ടമായാൽ 22,300 ആണ് ആശ്രയം. ചാർട്ടുകൾ കാണിക്കുന്ന പിന്തുണ -പ്രതിരോധ നിലകൾക്ക് ഇന്ന് അർഥം ഇല്ല എന്നതാണു വസ്തുത.

സ്വർണം ഇടിഞ്ഞു

അനിശ്ചിതത്വം മാറി, തകർച്ച ആരംഭിച്ചു. ട്രംപിൻ്റെ തീരുവ പ്രഖ്യാപനത്തിനു ശേഷം സാമ്പത്തികരംഗം എത്തിയ അവസ്ഥയെ വിപണി കാണുന്നത് ഇങ്ങനെയാണ്. ഇതിൻ്റെ ആഘാതം സ്വർണ വിപണിയിൽ വിലത്തകർച്ചയായി മാറി. സ്വർണം കഴിഞ്ഞ ആഴ്ച ഔൺസിന് 3167 ഡോളറിൽ നിന്നു 3015 ഡോളർ വരെ താഴ്ന്നിട്ട് 3038.80 ഡോളറിൽ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ 3046.60 ഡോളറിലേക്കു കയറി. സ്പോട്ട് വിപണിയിൽ വെള്ളിയാഴ്ച 2.5 ശതമാനം നഷ്ടപ്പെട്ടെങ്കിലും ആഴ്ചയിലെ നഷ്ടം 1.9 ശതമാനം മാത്രമാണ്. സ്വർണം അവധി വില രണ്ടു ദിവസം കൊണ്ടു 4.25 ശതമാനം ഇടിഞ്ഞ് 3056 ഡോളറിലാണ്.

സ്വർണം ഇപ്പോൾ 3000 നു മുകളിലെ പിന്തുണ നിലനിർത്തുന്നുണ്ടെങ്കിലും അതു നഷ്ടമായാൽ 2800 ഡോളർ വരെ ഇടിയാനുള്ള സാധ്യത സാങ്കേതിക വിശകലനക്കാർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ സ്വർണത്തെ 3100 നു മുകളിലേക്കു കയറ്റിയ സാമ്പത്തിക അനിശ്ചിതത്വം വർധിച്ചിട്ടേ ഉള്ളൂ എന്നും വില ഉയർന്നു തുടരും എന്നും മറ്റു ചിലർ അഭിപ്രായപ്പെടുന്നു.

കേരളത്തിൽ വെള്ളിയാഴ്ച 1280 രൂപയും ശനിയാഴ്ച 720 രൂപയും കുറഞ്ഞ് പവന് 66,480 രൂപയിൽ എത്തി. രണ്ടു ദിവസം കൊണ്ടു രണ്ടായിരം രൂപയുടെ ഇടിവ്.

രാജ്യാന്തര വിപണിയിൽ വെള്ളിവില കുത്തനേ ഇടിഞ്ഞു. രണ്ടു ദിവസം കൊണ്ടു 15 ശതമാനം തകർച്ച നേരിട്ട വെള്ളി ഔൺസിന് 29.55 ഡോളറിൽ ക്ലോസ് ചെയ്തു. ഇടിവ് തുടരാം എന്നാണു സൂചന. എങ്കിലും ഇന്നു രാവിലെ വില 30.55 ഡോളറിലേക്ക് കുതിച്ചു കയറി.

അലൂമിനിയം വില കഴിഞ്ഞയാഴ്ച ഏഴും ചെമ്പുവില 13 -ഉം ശതമാനം ഇടിഞ്ഞു. തീരുവ യുദ്ധം സാമ്പത്തിക മാന്ദ്യത്തിലേക്കു നയിക്കും എന്ന ആശങ്കയാണു കാരണം.

കഴിഞ്ഞ ആഴ്ച രാജ്യാന്തര വിപണിയിൽ റബർ മൂന്നും കാപ്പി അഞ്ചും കൊക്കോ എട്ടും പാമോയിൽ 3.5 ഉം ശതമാനം താഴ്ചയിലായി.

ഡോളർ സൂചിക ഉയർന്നു

ഡോളർ സൂചിക വെള്ളിയാഴ്ച ചാഞ്ചാടിയിട്ട് ഉയർന്നു ക്ലോസ് ചെയ്തു. 101.54 വരെ താഴുകയും 103.18 വരെ കയറുകയും ചെയ്തിട്ട് 103.02 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക 102.89 ആയി കുറഞ്ഞു. 

യുഎസ് കടപ്പത്രവില വെളളിയാഴ്ച  ഉയർന്നു. അവയിലെ നിക്ഷേപനേട്ടം കുറഞ്ഞു.10 വർഷ കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം 4.00 ശതമാനത്തിൽ എത്തി. ഇന്നു രാവിലെ വീണ്ടും കടപ്പത്ര വില ഉയരുകയും നിക്ഷേപനേട്ടം 3.89 ശതമാനമായി കുറയുകയും ചെയ്തു.

ക്രൂഡ്  ഓയിൽ ഇടിയുന്നു

സാമ്പത്തികമാന്ദ്യം മുന്നിൽ കണ്ടാണ് ക്രൂഡ് ഓയിൽ വിപസി നീങ്ങുന്നത്. യുഎസ് ക്രൂഡിൻ്റെ വില ബാരലിന് 60 ഡോളറിനു താഴെയായി. മൂന്നു ദിവസം കൊണ്ട് ക്രൂഡ് ഓയിൽ വില 12 ശതമാനം ഇടിഞ്ഞു.

 ബ്രെൻ്റ് ഇനം ക്രൂഡ് വെള്ളിയാഴ്ച  65.58 ഡോളറിലേക്കു താഴ്ന്നു ക്ലോസ് ചെയ്തു. ഇന്നു രാവിലെ വീണ്ടും ഇടിഞ്ഞ് 63.95 ഡോളറിലേക്ക് എത്തി. ഡബ്ല്യുടിഐ ഇനം 60.45 ഉം യുഎഇയുടെ മർബൻ ക്രൂഡ് 66.11 ഉം ഡോളറിലേക്കു നീങ്ങി. 

ക്രിപ്റ്റോകൾ തകർച്ചയിൽ

തീരുവയുദ്ധം ക്രിപ്റ്റോ കറൻസികളെ തകർച്ചയിലാക്കി. ഞായറാഴ്ച വെെകുന്നേരമാണു ക്രിപ്റ്റോകളിൽ വലിയ ഇടിവുണ്ടായത്. ബിറ്റ്കോയിൻ ആറു ശതമാനം ഇടിഞ്ഞ്  77,900 ഡോളറിനു താഴെ ആയി.  ഈഥർ 12 ശതമാനം വീണ് 1575 ഡോളറിനു സമീപം ആയി. മറ്റു ക്രിപ്റ്റോകൾ 12 മുതൽ 16 വരെ ശതമാനം താഴ്ചയിലാണ്.

വിപണിസൂചനകൾ

(2025 ഏപ്രിൽ 04, വെള്ളി)

സെൻസെക്സ്30    75,364.69   -1.22%

നിഫ്റ്റി50       22,904.50        -1.49%

ബാങ്ക് നിഫ്റ്റി      51,502.70     -0.18%

മിഡ് ക്യാപ്100    50,645.95      -2.91%

സ്മോൾക്യാപ്100  15,675.95   -3.56%

ഡൗജോൺസ്     38,314.90      -5.50%

എസ് ആൻഡ് പി    5074.08    - 5.97%

നാസ്ഡാക്      15,587.80    -5.82%

ഡോളർ($)     ₹85.23      -₹0.20

സ്വർണം(ഔൺസ്)  $3038.80   -$77.90

സ്വർണം(പവൻ) ₹67,200       -₹1280 

                    ശനി   ₹66,480         -₹720 

ക്രൂഡ്(ബ്രെൻ്റ്)ഓയിൽ $70.14    -$4.56

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT