ഇന്നു രാവിലെ റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര നടത്തുന്ന പണനയ പ്രഖ്യാപനത്തിലേക്കാണു വിപണി ശ്രദ്ധിക്കുന്നത്. റീപോ നിരക്കിൽ കാൽ ശതമാനം (25 ബേസിസ് പോയിൻ്റ്) കുറയ്ക്കലും ബാങ്കുകൾക്കു പണലഭ്യത കൂട്ടാനുള്ള നടപടികളും ഉണ്ടാകും എന്നാണു പ്രതീക്ഷ. പലിശ കുറയ്ക്കൽ രൂപയുടെ വിനിമയ നിരക്കു വീണ്ടും താഴാൻ കാരണമാകും. വിദേശ സൂചനകൾ നെഗറ്റീവ് ആണ്. ഏഷ്യൻ വിപണികൾ രാവിലെ താഴ്ന്നു. യുഎസ് ഫ്യൂച്ചേഴ്സും താഴുകയാണ്.
ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി 23,673.00 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 23,705 ലേക്കു കയറി. ഇന്ത്യൻ വിപണി ഇന്നു ചെറിയ നേട്ടത്തോടെ വ്യാപാരം തുടങ്ങുമെന്നാണ് ഇതു സൂചിപ്പിക്കുന്നത്.
യൂറോപ്യൻ വിപണികൾ ഇന്നലെ മികച്ച നേട്ടത്തോടെ റെക്കോർഡിൽ അവസാനിച്ചു. ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഇന്നലെ പലിശ നിരക്ക് 0.25 ശതമാനം (25 ബേസിസ് പോയിൻ്റ്) കുറച്ചു. ഈ വർഷം മൂന്നു തവണ കൂടി കുറയ്ക്കും എന്നു സൂചിപ്പിച്ചു. യുകെയുടെ 2025 ലെ വളർച്ച പ്രതീക്ഷ 1.5 ൽ നിന്ന് 0.75 ശതമാനമായി താഴ്ത്തിയിട്ടുണ്ട്. ഷിപ്പിംഗ് കമ്പനി പ്രതീക്ഷയിലും മികച്ച റിസൽട്ട് പുറത്തുവിട്ടത് ഓഹരിയെ 6.35 ശതമാനം ഉയർത്തി. വരുമാന വളർച്ച കുറയുമെന്നു പറഞ്ഞ വോൾവോ കാർസ് 11 ശതമാനം ഇടിഞ്ഞു.
യുഎസ് വിപണി വ്യാഴാഴ്ച ഭിന്നദിശകളിലായി. ഡൗ ജോൺസ് അൽപം താഴ്ന്നു. മറ്റു രണ്ട് സൂചികകൾ ഉയർന്നു. ഈ വർഷം മോശമാകുമെന്നു പറഞ്ഞ ഫോഡ്
മോട്ടോർ ഏഴു ശതമാനം ഇടിവിലായി. പ്രതീക്ഷയിലും കുറഞ്ഞ വരുമാനം സൂചിപ്പിച്ച ഹണിവെൽ അഞ്ചു ശതമാനം താഴ്ന്നു. പ്രതീക്ഷയേക്കാൾ മികച്ച വരുമാനവുമായി ഫിലിപ്പ് മോറിസ് 11 ശതമാനം കുതിച്ചു.
ഡൗ ജോൺസ് സൂചിക 125.65 പോയിൻ്റ് (0.28%) താഴ്ന്ന് 44,747.63 ൽ ക്ലാേസ് ചെയ്തു. എസ് ആൻഡ് പി 500 സൂചിക 22.09 പോയിൻ്റ് (0.36%) ഉയർന്ന് 6083.57 ലും നാസ്ഡാക് സൂചിക 99.66 പോയിൻ്റ് (0.51%) കയറി 19,791.99 ലും അവസാനിച്ചു.
വ്യാപാര സമയത്തിനു ശേഷം വന്ന ആമസോൺ റിസൽട്ട് പ്രതീക്ഷയിലും മികച്ച ലാഭം കാണിച്ചു. എന്നാൽ വരും കാല വരുമാന വർധന മോശമാകുമെന്ന് സൂചിപ്പിച്ചു . ഓഹരി അഞ്ചു ശതമാനം താഴ്ന്നു. ഡോളറിൻ്റെ കയറ്റം കമ്പനിക്കു ദോഷമാകും.
ഫ്യൂച്ചേഴ്സിൽ ഡൗജോൺസ് 0.05 ഉം എസ് ആൻഡ് പി 0.11 ഉം നാസ്ഡാക് 0.12 ഉം ശതമാനം താഴ്ന്നു.
യുഎസ് 10 വർഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം 4.436 ശതമാനത്തിലേക്കു കയറി.
ഏഷ്യൻ വിപണികൾ രാവിലെ താഴ്ചയിലാണ്. ജപ്പാനിൽ നിക്കൈ 0.35 ശതമാനം വരെ കയറി. ജപ്പാനിലെ കുടുംബങ്ങളുടെ ശരാശരി ചെലവ് ഏഴു ശതമാനം വർധിച്ചു. ഇത് ഇനിയും പലിശ കൂട്ടാൻ ബാങ്ക് ഓഫ് ജപ്പാനെ പ്രേരിപ്പിക്കും.
ഇന്ത്യൻ വിപണി ഇന്നലെയും താഴ്ന്നു. വിദേശനിക്ഷേപ സ്ഥാപനങ്ങൾ വിൽപന വർധിപ്പിച്ചതും സാമ്പത്തിക വളർച്ച കുറയുമെന്ന ഭീതി പടരുന്നതും വിപണിയെ ദുർബലമാക്കി. തലേന്നത്തേതു പോലെ രാവിലെ നല്ല നേട്ടത്തിൽ വ്യാപാരം തുടങ്ങിയ ശേഷമാണ് വിപണി ഇടിവിലായത്.
മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികൾ ഇന്നലെയും മികച്ച നേട്ടം ഉണ്ടാക്കി. ഇടിവ് ലാർജ് ക്യാപ് ഓഹരികളിലായിരുന്നു.
ഐടി, ഫാർമ, സ്വകാര്യ ബാങ്ക് 6 മേഖലകളാണ് ഉയർന്നത്. റിയൽറ്റി, ഓട്ടോ, എഫ്എംസിജി, കൺസ്യൂമർ ഡ്യൂറബിൾസ്, മെറ്റൽ, മീഡിയ മേഖലകൾ വലിയ ഇടിവിലായി.
റിസർവ് ബാങ്ക് റീപോ നിരക്ക് കുറയ്ക്കും എന്ന പ്രതീക്ഷയിലാണു വിപണി. രാവിലെ പത്തിനു പണനയ പ്രഖ്യാപനം ഉണ്ടാകും.
വ്യാഴാഴ്ച നിഫ്റ്റി 92.95 പോയിൻ്റ് (0.39%) താഴ്ന്ന് 23,603.35 ൽ ക്ലോസ് ചെയ്തു. സെൻസെക്സ് 213.12 പോയിൻ്റ് (0.27%) കുറഞ്ഞ് 78,058.16 ൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 39.05 പോയിൻ്റ് (0.08%) കയറി 50,382.10 ൽ അവസാനിച്ചു. മിഡ് ക്യാപ് സൂചിക 1.28 ശതമാനം ഇടിഞ്ഞ് 53,500.85 ൽ എത്തിയപ്പോൾ സ്മോൾ ക്യാപ് സൂചിക 0.30 ശതമാനം താഴ്ന്ന് 17,056.75 ൽ ക്ലോസ് ചെയ്തു.
വിദേശനിക്ഷേപകർ ബുധനാഴ്ച ക്യാഷ് വിപണിയിൽ 3549.95 കോടി രൂപയുടെ അറ്റ വിൽപന നടത്തി. സ്വദേശി ഫണ്ടുകളും ധനകാര്യ സ്ഥാപനങ്ങളും കൂടി 2721.66 കോടി രൂപയുടെ അറ്റ വാങ്ങലും നടത്തി.
വിശാലവിപണിയിലെ കയറ്റ - ഇറക്ക അനുപാതം ഇറക്കത്തിന് അനുകൂലമായി മാറി. ബിഎസ്ഇയിൽ 1847 ഓഹരികൾ ഉയർന്നപ്പോൾ 2098 ഓഹരികൾ താഴ്ന്നു. എൻഎസ്ഇയിൽ 1334 എണ്ണം ഉയർന്നു, താഴ്ന്നത് 1495 എണ്ണം. നിഫ്റ്റി ഇന്നും ദുർബലമായാൽ 23,400- 23,200 മേഖലയിലാണു പിന്തുണ കാണുക. ഉയരുന്ന പക്ഷം23,800 നു മുകളിലേക്കു കുതിച്ചാൽ മാത്രമേ ബുള്ളിഷ് കരുത്ത് വീണ്ടെടുക്കാനാവൂ.നിഫ്റ്റിക്ക് ഇന്ന് 23,560 ലും 23,500 ലും ഹ്രസ്വകാല പിന്തുണ കിട്ടാം. 23,730 ഉം 23,860 ഉം തടസങ്ങൾ ആകാം.
എൽഐസി, ഓയിൽ ഇന്ത്യ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സ്, ബൽറാംപുർ ചീനി, ബോറോസിൽ, വൊക്കാർട്ട്, വാ ടെക് വബാഗ്, സാഗ്ലെ, സൺ ടിവി, എൻഎച്ച്പിപിസി, വിഎസ്ടി ഇൻഡസ്ട്രീസ്, ലിൻഡെ ഇന്ത്യ തുടങ്ങിയ കമ്പനികൾ ഇന്നു മൂന്നാം പാദ റിസൽട്ട് പുറത്തുവിടും.
എസ്ബിഐ മൂന്നാം പാദത്തിൽ 84.3 ശതമാനം അറ്റാദായ വർധന കുറിച്ചു. അറ്റ പലിശ വരുമാനം 4.6 ശതമാനം വർധിച്ചു. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ ശമ്പള പരിഷ്കാര കുടിശിക പെടുത്തിയതു ലാഭം കുറച്ചിരുന്നു.
അരബിന്ദാേ ഫാർമയുടെ വരുമാനം 8.5 ശതമാനം കൂടിയപ്പോൾ അറ്റാദായം 9.7 ശതമാനം കുറഞ്ഞു.
വരുമാനം 7.9 ശതമാനം കൂടിയപ്പോൾ ബ്രിട്ടാനിയ ഇൻഡസ്ട്രീസ് അറ്റാദായം 4.5 ശതമാനം മാത്രം ഉയർന്നു.
ഹീറോ മോട്ടോ കോർപ് മൂന്നാം പാദത്തിൽ വരുമാനം അഞ്ചു ശതമാനം വർധിപ്പിച്ചപ്പോൾ അറ്റാദായം 12.1 ശതമാനം ഉയർത്തി.
ഐടിസിയുടെ വിറ്റുവരവ് 8.6 ശതമാനം കൂടിയപ്പോൾ അറ്റാദായം 1.2 ശതമാനം മാത്രം ഉയർന്നു.
ബിഎസ്ഇയുടെ വരുമാനം നാലു ശതമാനം കൂടിയെങ്കിലും അറ്റാദായം കഴിഞ്ഞ പാദത്തിൽ നിന്ന് 37 ശതമാനം ഇടിഞ്ഞു.
രാംകോ സിമൻ്റ്സ് വരുമാനം ആറു ശതമാനം കുറഞ്ഞെങ്കിലും അറ്റാദായം 116 ശതമാനം കുതിച്ചു.
അപ്പോളോ ടയേഴ്സിൻ്റെ വരുമാനം അഞ്ചു ശതമാനം അഞ്ചു ശതമാനം ഉയർന്നപ്പോൾ അറ്റാദായം 32 ശതമാനം ഇടിഞ്ഞു.
എംആർഎഫ് വരുമാനം 14 ശതമാനം കുടിയപ്പോൾ അറ്റാദായം 40 ശതമാനം ഇടിവിലായി.
എയർടെൽ വരുമാനം 19 ശതമാനം വർധിച്ചപ്പോൾ അറ്റാദായം 505 ശതമാനം കുതിച്ചു. കമ്പനി 12,700 ടവറുകൾ ഇൻഡസ് ടവേഴ്സിന് 2174.6 കോടി രൂപയ്ക്കു വിൽക്കാൻ തീരുമാനിച്ചു. ഇൻഡസ് ടവേഴ്‌സിലെ ഓഹരി വിറ്റ് 7546 കോടി രൂപ ലഭിച്ചതാണു വലിയ ലാഭവർധനയ്ക്കു പിന്നിൽ.
റെക്കോർഡ് തകർത്തു മുന്നേറിയ സ്വർണം ലാഭമെടുക്കലിൽ താഴുന്നതാണ് ഇന്നലെ കണ്ടത്. സ്പോട്ട് വില ഔൺസിന് 11 ഡോളർ താഴ്ന്ന് 2856.40 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സ്വർണം ഔൺസിന് 2864 ഡോളർ വരെ കയറി.
കേരളത്തിൽ ബുധനാഴ്ച സ്വർണവില പവന് 200 രൂപ കയറി 63,440 രൂപ എന്ന റെക്കോർഡ് കുറിച്ചു.
വെള്ളിവില ഔൺസിന് 32.24 ഡോളറിൽ എത്തി.
യുഎസ് കടപ്പത്രങ്ങളുടെ വില കുറഞ്ഞു, അവയിലെ നിക്ഷേപനേട്ടം കൂടി.10 വർഷ കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം 4.42 ൽ നിന്ന് 4.436 ലേക്കു കയറി. ഇതേ തുടർന്നു ഡോളർ സൂചിക 107.70 ലേക്ക് കയറി. രൂപ വീണ്ടും ദുർബലമായി. ഡോളർ ഇന്നലെ 11 പൈസ കയറി 87.58 രൂപയിൽ ക്ലോസ് ചെയ്തു. ഇന്നു റിസർവ് ബാങ്ക് റീപോ നിരക്ക് 0.25 ശതമാനം (25 ബേസിസ് പോയിൻ്റ്) കുറയ്ക്കും എന്ന നിഗമനത്തിലാണു വിപണി. ഫ്യൂച്ചേഴ്സിൽ ഡോളർ 88.42 രൂപ വരെ കയറി.
ക്രൂഡ് ഓയിൽ ഇടിവ് തുടരുകയാണ്. ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ അം ശതമാനം താഴ്ന്ന് 74.28 ഡോളറിൽ എത്തി. ഇന്നു രാവിലെ 74.32 ഡോളർ ആയി ഉയർന്നു. ഡബ്ല്യുടിഐ ഇനം 70.60 ഡോളർ ആയി. യുഎഇയുടെ മർബൻ ക്രൂഡ് 76.93 ഡോളറിലേക്കു താഴ്ന്നു.
ക്രിപ്റ്റോ കറൻസികൾ താഴ്ന്നു. ബിറ്റ് കോയിൻ ഒരു ശതമാനം ഇടിഞ്ഞ് 96,600 ഡോളറിനടുത്ത് എത്തി. ഈഥർ വില ഉയർന്ന് 2690 ഡോളറിന് സമീപമാണ്.വ്യാവസായിക ലോഹങ്ങൾ ഇന്നലെ ഉയർന്നു. ചെമ്പ് 0.55 ശതമാനം ഉയർന്ന് ടണ്ണിന് 9164.70 ഡോളറിലെത്തി. അലൂമിനിയം 0.4 ശതമാനം കയറി 2626.80 ഡോളർ ആയി. ടിൻ 2.62 ഉം ലെഡ് 0.86 ഉം നിക്കൽ 2.27 ഉം സിങ്ക് 1.89 ഉം ശതമാനം ഉയർന്നു.
(2024 ഫെബ്രുവരി 06, വ്യാഴം)
സെൻസെക്സ് 30 78,058.16 -0.27%
നിഫ്റ്റി50 23,603.35 -0.39%
ബാങ്ക് നിഫ്റ്റി 50,343.05 +0.37%
മിഡ് ക്യാപ് 100 54,180.85 +0.68%
സ്മോൾ ക്യാപ് 100 17,108.50 +1.85%
ഡൗ ജോൺസ് 44,747.63 -0.28%
എസ് ആൻഡ് പി 6083.57 +0.36%
നാസ്ഡാക് 19,791.99 +0.51%
ഡോളർ($) ₹87.58 +₹0.11
ഡോളർ സൂചിക 107.70 +0.12-
സ്വർണം (ഔൺസ്) $2856.40 -$11.00
സ്വർണം(പവൻ) ₹63,440 +₹200.00
ക്രൂഡ് (ബ്രെൻ്റ്) ഓയിൽ $74.28 -$00.41
Read DhanamOnline in English
Subscribe to Dhanam Magazine