Morning business news Canva
Markets

മരുന്നിന് തീരുവ 200 ശതമാനം ആക്കുമെന്നു ട്രംപ്; ചെമ്പിന് 50 ശതമാനം; ചൈനയിൽ മാന്ദ്യഭീതി; ഏഷ്യൻ വിപണികൾ ചാഞ്ചാട്ടത്തിൽ

സ്വര്‍ണം വീണ്ടും താഴ്ചയില്‍; ഡോളറും ക്രൂഡും കയറി; ക്രിപ്‌റ്റോ വില ഉയരുന്നു

T C Mathew

ഏപ്രിലിൽ യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് തീരുവകൾ പ്രഖ്യാപിച്ചപ്പോൾ വിപണികൾ കുത്തനെ ഇടിഞ്ഞു. മൂന്നു മാസത്തിനു ശേഷം ഇന്നലെ തീരുവ വർധന പ്രഖ്യാപിച്ചപ്പോൾ വിപണികൾ ശാന്തമായിരുന്നു. തീരുവ നടപ്പാക്കൽ നീട്ടും എന്നതു മുതൽ ട്രംപ് ഒടുവിൽ പലതും പിൻവലിക്കും എന്നതു വരെയുള്ള ധാരണകൾ വിപണിയെ ശാന്തമാക്കി. എന്നാൽ ഈ ധാരണകളെ ശരിവയ്ക്കുന്നതല്ല ട്രംപിൻ്റെ തുടർ പ്രഖ്യാപനങ്ങൾ. ചൊവ്വാഴ്ച കൂടുതൽ രാജ്യങ്ങൾക്കു കത്ത് അയച്ചില്ല. എങ്കിലും വിപണിയെ കുലുക്കാവുന്ന മറ്റു പ്രഖ്യാപനങ്ങൾ ഉണ്ടായി. ചെമ്പിന് 50 ശതമാനം ചുങ്കം ചുമത്തി. എന്നു മുതൽ നടപ്പാക്കും എന്നു പറഞ്ഞിട്ടില്ല ഔഷധങ്ങളുടെ ഡ്യൂട്ടി ഒന്നൊന്നര വർഷം കൊണ്ട് 200 ശതമാനമാക്കും എന്നും പറഞ്ഞു. ഓഗസ്റ്റ് ആദ്യം നടപ്പാക്കുന്ന തീരുവകൾ നീട്ടിവയ്ക്കില്ലെന്നും അറിയിച്ചു.

ഇന്ത്യ - യുഎസ് ഇടക്കാല വ്യാപാരകരാർ ഇന്നലെ പ്രഖ്യാപിക്കും എന്നു പല സർക്കാർ വക്താക്കളും സൂചിപ്പിച്ചെങ്കിലും ഒന്നും സംഭവിച്ചില്ല മാസാവസാനം മാത്രം എന്തെങ്കിലും പ്രതീക്ഷിച്ചാൽ മതി എന്നാണ് ഇപ്പോൾ കരുതപ്പെടുന്നത്.

ചൈനയിൽ ജൂണിലെ മൊത്തവില സൂചിക 3.6 ശതമാനം ഇടിഞ്ഞത് പണച്ചുരുക്കം (Deflation) മാന്ദ്യത്തിലേക്കു നയിക്കും എന്ന ഭീതി വർധിപ്പിച്ചു. ഹോങ് കോങ്, ഓസ്ട്രേലിയൻ വിപണികൾ ഇതോടെ കൂടുതൽ താഴ്ന്നു.

ഇന്ന് ഏഷ്യൻ വിപണികൾ  കയറ്റിറക്കങ്ങളിലാണ്. യുഎസ് ഫ്യൂച്ചേഴ്സും താഴ്ന്നു നീങ്ങുന്നു.

ക്രൂഡ് ഓയിൽ വില ബാരലിന് 70 ഡോളറിനു മുകളിൽ കയറിയിട്ട് അൽപം താഴ്ന്നു.

ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി  ചൊവ്വാഴ്ച രാത്രി 25,590.50 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 25,575 ലേക്കു  താഴ്ന്നു. വിപണി ഇന്നും താഴ്ന്നു വ്യാപാരം തുടങ്ങും എന്നാണ് ഇതു സൂചിപ്പിക്കുന്നത്. 

വിദേശ വിപണി

യൂറോപ്യൻ വിപണികൾ ചൊവ്വാഴ്ച നേട്ടത്തിൽ അവസാനിച്ചു. ട്രംപ് പ്രഖ്യാപിച്ച തീരുവവർധനയിൽ വിപണി ഭീതമായില്ല. യൂറോപ്യൻ യൂണിയനുമായുളള ചർച്ചയുടെ പുരോഗതിയാണ് യൂറോപ്പ് ശ്രദ്ധിക്കുന്നത്. ഇന്നലെ ഭൂരിഭാഗം സമയവും താഴ്ചയിൽ ആയിരുന്നിട്ടാണു വിപണികൾ അവസാന മണിക്കൂറിൽ ഗണ്യമായി ഉയർന്നത്. ചൈനയിലും ജർമനിയിലും വിൽപന 25 ശതമാനത്തോളം ഇടിഞ്ഞെങ്കിലും പോർഷെ ഓഹരികൾ നേരിയ നേട്ടത്തിൽ അവസാനിച്ചു.യുഎസ് വിപണി ഇന്നലെ നാമമാത്ര മാറ്റത്തോടെ ക്ലാേസ് ചെയ്തു. പുതിയ ചുങ്കം പ്രഖ്യാപനങ്ങളിൽ വിപണിക്ക് ആശങ്ക ഇല്ലെന്നു കാണിക്കുന്നതാണു  പ്രകടനം എന്ന വിലയിരുത്തൽ ഉണ്ടായി. ട്രംപിനെപ്പറ്റി ഈയിടെ ഉണ്ടായ പരിഹാസം വിപണിയും സ്വീകരിക്കുന്നു എന്ന മട്ടിലാണു വിലയിരുത്തൽ. ടാകോ (TACO- Trump Always Chicken Out ട്രംപ് എപ്പോഴും പേടിച്ചു മാറും) എന്നതാണു പരിഹാസം. ഉയർന്ന തീരുവ പ്രഖ്യാപനങ്ങൾ അവസാനം നടപ്പാക്കില്ല എന്നു വിപണി കരുതുന്നു എന്നു ചുരുക്കം. ഓഗസ്റ്റ് ഒന്ന് അന്തിമതീയതി അല്ലെന്നു തിങ്കളാഴ്ച ട്രംപ് പറഞ്ഞത് കണക്കാക്കിയാണ് ഈ പരിഹാസം. എന്നാൽ ഇന്നലെ വിപണി അടച്ചശേഷം നടത്തിയ പ്രഖ്യാപനങ്ങൾ ട്രംപിന് ഇപ്പോൾ മനം മാറ്റം ഇല്ലെന്നു കാണിക്കുന്നു.

ഡൗ ജോൺസ് സൂചിക 165.66 പോയിൻ്റ് (0.37%) താഴ്ന്ന് 44,240.80 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 500 സൂചിക 4.46 പോയിൻ്റ് (0.07%) നഷ്ടത്തോടെ 6225.82 ൽ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് സൂചിക 5.95 പോയിൻ്റ് (0.03%) ഉയർന്ന് 20,418.50 ൽ എത്തി.യുഎസ് ഫ്യൂച്ചേഴ്സ് ഇന്നും താഴ്ചയിലാണ്. ഡൗ 0.14 ഉം എസ് ആൻഡ് പി 0.12 ഉം  നാസ്ഡാക് 0.10 ഉം ശതമാനം താഴ്ന്നു നീങ്ങുന്നു. 

ഏഷ്യൻ വിപണികൾ ഇന്നു ചാഞ്ചാട്ടത്തിലാണ്. ജപ്പാനിൽ നിക്കൈ സൂചിക താഴുകയും കയറുകയും വീണ്ടും താഴുകയും ചെയ്തു. കൊറിയൻ വിപണി 0.20 ശതമാനം താഴ്ചയിലാണ്. ഹോങ് കോങ്, ചൈനീസ് വിപണികളും താഴ്ന്നു വ്യാപാരം തുടങ്ങി.

അവസാന മണിക്കൂറിൽ കുതിച്ച് ഇന്ത്യൻ വിപണി 

വ്യാപാര കരാർ കാര്യത്തിലെ ആശങ്ക തുടക്കം മുതൽ നിലനിന്നെങ്കിലും അവസാന മണിക്കൂറിലെ ചില കിംവദന്തികൾ ഇന്ത്യൻ വിപണിയെ ഉയർത്തി. ഇടക്കാല കരാർ ആയി, രാത്രി 10.30 നു പ്രഖ്യാപനം എന്നായിരുന്നു കിംവദന്തി. (അതു നടന്നില്ല).

അമേരിക്കൻ നിക്ഷേപസ്ഥാപനം ജെയ്ൻ സ്ട്രീറ്റ് നടത്തിയ തട്ടിപ്പിനെ തുടർന്നു താഴ്ന്ന ബിഎസ്ഇ ലിമിറ്റഡ് ഇന്നലെ 5.55 ശതമാനം ഇടിഞ്ഞു. രണ്ടു ദിവസം കൊണ്ട് 11 ശതമാനമാണു താഴ്ച. ഡെപ്പോസിറ്ററി സ്ഥാപനമായ സിഡിഎസ്എൽ ഒന്നര ശതമാനത്തോളം താഴ്ന്നു. ബ്രോക്കറേജ് ഏഞ്ചൽ വൺ ഇന്നലെ 3.7ഉം രണ്ടു ദിവസം കൊണ്ട് ഒൻപതും ശതമാനം ഇടിഞ്ഞു. ജെയ്നുമായി വ്യാപാരബന്ധം ഉള്ള നുവാമ വെൽത്ത് മാനേജ്മെൻ്റ് രണ്ടു ദിവസം കൊണ്ട് 10 ശതമാനം ഇടിഞ്ഞു. ഈ കമ്പനിയെ വാങ്ങാൻ മൂന്നു വിദേശസ്ഥാപനങ്ങൾ രംഗത്തുണ്ട്.

ഒന്നാം പാദ വിൽപന പ്രതീക്ഷയിലും കുറവാണെന്ന പേരിൽ ടൈറ്റൻ ഓഹരി ഇന്നലെ 6.17 ശതമാനം ഇടിഞ്ഞു. ആഭരണ വിൽപനയിലാണു കൂടുതൽ ക്ഷീണം. വിദേശ ബ്രോക്കറേജുകളായ മോർഗൻ സ്റ്റാൻലി 3876 രൂപയും സിഎൽഎസ്എ 4326 രൂപയും ലക്ഷ്യവില നിലനിർത്തി.

ഈ വർഷം ഇതുവരെ ഓഹരിവില 98 ശതമാനം വർധിപ്പിച്ച ഗബ്രിയേൽ ഇന്ത്യ ഇന്നലെ7.66 ശതമാനം കുതിച്ചു. ഇന്നലെ 992 രൂപയിൽ ക്ലോസ് ചെയ്ത ഓഹരിക്ക് ആനന്ദ് റഠി റിസർച്ച് 1400 രൂപ ലക്ഷ്യവില നിർണയിച്ചു.

ബംഗ്ലാദശിന് അമേരിക്ക 35 ശതമാനം തീരുവ ചുമത്തിയതിനെ തുടർന്ന് റിലയൻസിൻ്റെ അലോക് ഇൻഡസ്ട്രീസ് 6 ശതമാനം വരെ കയറി. പിന്നീട് 9.6 ശതമാനത്തിൽ ക്ലോസ് ചെയ്തു. വസ്ത്രങ്ങളും തുണികളും കയറ്റുമതി ചെയ്യുന്ന കമ്പനിയാണ് അലോക്. അമേരിക്കയിലേക്കു വസ്ത്ര കയറ്റുമതി നടത്തുന്ന കിറ്റെക്സ് ഗാർമെൻ്റ്സ്, റെയ്മണ്ട് ലൈഫ്സ്റ്റൈൽ, വർധമാൻ, ട്രൈഡൻ്റ്, വെൽസ്പൺ ലിവിംഗ്, അരവിന്ദ്, ഗോകൽദാസ്, ഇൻഡോ കൗണ്ട്, കെപിആർ മിൽസ് തുടങ്ങിയ ഓഹരികൾ മികച്ച മുന്നേറ്റം നടത്തി. ഇന്ത്യക്ക് 25 ശതമാനത്തിനടുത്ത തീരുവയാണു പ്രതീക്ഷിക്കുന്നത്. 

ചെമ്പിന് അമേരിക്ക 50 ശതമാനം ചുങ്കം പ്രഖ്യാപിച്ചതു വില കുത്തനേ ഇടിയാൻ കാരണമാകും. ചെമ്പ് ഓഹരികൾക്കു ക്ഷീണവും ഇലക്ട്രിക്കൽ കേബിളുകാർക്കു നേട്ടവും പ്രതീക്ഷിക്കാം. കൺസ്യൂമർ ഡ്യുറബിൾ കമ്പനികളും നേട്ടത്തിലാകും.

ചൊവ്വാഴ്ച നിഫ്റ്റി 61.20 പോയിൻ്റ് (0.24%) ഉയർന്ന് 25,522.50 ൽ ക്ലോസ് ചെയ്തു. സെൻസെക്സ് 270.01 പോയിൻ്റ് (0.32%) കയറി 83,712.51 ൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 307.10 പോയിൻ്റ് (0.54%) ഉയർന്ന് 57,256.30 ൽ അവസാനിച്ചു.  മിഡ് ക്യാപ് 100 സൂചിക 100.30 പോയിൻ്റ് (0.17%) താഴ്ന്ന് 59,415.45 ൽ എത്തി. സ്മോൾ ക്യാപ് 100 സൂചിക 54.95 പോയിൻ്റ് (0.29%) നഷ്ടത്തോടെ 18,895.20 ൽ ക്ലോസ് ചെയ്തു.

വിശാല വിപണിയിലെ കയറ്റ - ഇറക്ക അനുപാതം ഇറക്കത്തിന്  അനുകൂലമായി തുടർന്നു.  ബിഎസ്ഇയിൽ 1854 ഓഹരികൾ ഉയർന്നപ്പോൾ 2176 ഓഹരികൾ ഇടിഞ്ഞു. എൻഎസ്ഇയിൽ ഉയർന്നത് 1350 എണ്ണം. താഴ്ന്നത് 1561 ഓഹരികൾ.

എൻഎസ്ഇയിൽ 56 ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന വിലയിൽ എത്തിയപ്പോൾ താഴ്ന്ന വിലയിൽ എത്തിയത് 41 എണ്ണമാണ്. 86 ഓഹരികൾ അപ്പർ സർകീട്ടിൽ എത്തിയപ്പോൾ 62 എണ്ണം ലോവർ സർകീട്ടിൽ എത്തി.

വിദേശനിക്ഷേപകർ ഇന്നലെ ക്യാഷ് വിപണിയിൽ 26.12 കാേടി രൂപയുടെ അറ്റ വിൽപന നടത്തി. സ്വദേശി ഫണ്ടുകൾ 1366.82 കോടി രൂപയുടെ ഓഹരികൾ വാങ്ങി. 

ഇന്നലെ25,500 നു മുകളിൽ തിരിച്ചു കയറാൻ കഴിഞ്ഞ നിഫ്റ്റിക്ക് അവിടം നിലനിർത്താൻ പറ്റുമോ എന്നാണു വിപണി ഇന്നു നോക്കുക. ഇന്നു നിഫ്റ്റിക്ക് 25,450 ഉം 25,375 ഉം പിന്തുണയാകും. 25,550 ലും 25,620 ലും തടസം ഉണ്ടാകാം.

സ്വർണം വീണ്ടും താഴ്ചയിൽ

സ്വർണം വീണ്ടും താഴോട്ടുള്ള യാത്രയിലാണ്. യുഎസ് തീരുവ വർധന നടപ്പാക്കൽ നീണ്ടു പോകാം എന്ന വിപണിയുടെ നിഗമനമാണ് മഞ്ഞലോഹത്തെ ഒരു ശതമാനത്തിലധികം ഇടിച്ച് 3300 ഡോളറിനു താഴെ എത്തിച്ചത്. പിന്നീട് അൽപം കയറി ഔൺസിന് 3302.28 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില അൽപം ഉയർന്ന് 3305 ഡോളർ ആയി.

കേരളത്തിൽ ചൊവ്വാഴ്ച പവന് 400 രൂപ വർധിച്ച് 72,480 രൂപയായി. ഇന്നു വില കുറയാം.

വെള്ളിവില ഔൺസിന് 36.53 ഡോളറിലേക്ക് താഴ്ന്നു. 

ചെമ്പിനു യുഎസ് തിരിച്ചടി

മിക്ക വ്യാവസായിക ലോഹങ്ങളും ചൊവ്വാഴ്ച ഉയർന്നു. മെറ്റൽ എക്സ്ചേഞ്ചുകൾ ക്ലാേസ് ചെയ്ത ശേഷമാണു ചെമ്പിന്  50 ശതമാനം തീരുവ ചുമത്തിയ പ്രഖ്യാപനം. അമേരിക്കൻ വിപണിയിൽ ചെമ്പ് വില 13.2 ശതമാനം കുതിച്ചു കയറി. ലണ്ടനിൽ വ്യാപാര ശേഷം ചെമ്പ് കുത്തനേ താഴ്ന്നു. അമേരിക്കയിൽ ഇരുമ്പും അലൂമിനിയവും കഴിഞ്ഞാൽ കൂടുതൽ ഉപയോഗിക്കുന്ന ലോഹമാണ് ചെമ്പ്. ഇതിൻ്റെ 50 ശതമാനം ഇറക്കുമതിയാണ്. മുഖ്യമായും ചിലിയിൽ നിന്നാണ് ഇത്. ചെമ്പ് അവധിവില ടണ്ണിന് 8800 ഡോളർ വരെ ഇടിയും എന്നു ചില വിശകലനക്കാർ കണക്കാക്കുന്നു.

ഇന്നലെ ലണ്ടൻ മെറ്റൽ എക്സ്ചേഞ്ചിൽ ചെമ്പ് 0.33 ശതമാനം ഉയർന്ന് ടണ്ണിന് 9925.00 ഡോളറിൽ എത്തി. അലൂമിനിയം 0.51 ശതമാനം കയറി 2586.65 ഡോളർ ആയി. നിക്കലും ലെഡും  സിങ്കും ഉയർന്നു. ടിൻ താഴ്ന്നു.

റബർ രാജ്യാന്തര വിപണിയിൽ കിലോഗ്രാമിന് 0.43 ശതമാനം കുറഞ്ഞ് 162.00 സെൻ്റിൽ എത്തി. കൊക്കോ 2.23 ശതമാനം താഴ്ന്നു ടണ്ണിന് 7984.23 ഡോളർ ആയി. കാപ്പി 2.3 ശതമാനം ഉയർന്നു. തേയില വില മാറ്റമില്ല. പാം ഓയിൽ വില 0.60 ശതമാനം കയറി.

ഡോളർ വില ഉയർന്നു

 യുഎസ് ഡോളർ ഇന്നലെ നാമമാത്രമായി ഉയർന്നു. ഡോളർ സൂചിക ഉയർന്നു 97.52 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 97.55 ലേക്കു കയറി.

കറൻസി വിപണിയിൽ യൂറോ 1.1721 ഡോളറിലേക്കും പൗണ്ട്  1.3582 ഡോളറിലേക്കും താഴ്ന്നു. ജാപ്പനീസ് യെൻ ഡോളറിന് 146.83 യെൻ എന്ന നിരക്കിലേക്ക് ഇടിഞ്ഞു.

യുഎസ് 10 വർഷ കടപ്പത്രങ്ങളുടെ  വില കുറഞ്ഞു. അവയിലെ നിക്ഷേപനേട്ടം 4.407 ശതമാനത്തിലേക്ക് കയറി.

രൂപ ചാെവ്വാഴ്ച ചാഞ്ചാട്ടങ്ങൾക്കു ശേഷം ചെറിയ നേട്ടത്തോടെ ക്ലോസ് ചെയ്തു. ഡോളർ 15 പൈസ നഷ്ടത്തോടെ  85.70 രൂപയിൽ ക്ലോസ് ചെയ്തു. 

ചൈനയുടെ കറൻസി ഒരു ഡോളറിന് 7.17 യുവാൻ എന്ന നിലയിലായി.

ക്രൂഡ് ഓയിൽ കയറി

ക്രൂഡ് ഓയിൽ വില കയറ്റം തുടർന്നു. കയറുകയാണ്. ചെങ്കടലിൽ പുതിയ ആക്രമണങ്ങൾ ഉണ്ടായില്ല. ബ്രെൻ്റ് ഇനം ഇന്നു രാവിലെ ബാരലിന് 70.02 ഡോളറിലാണ്. ഡബ്ല്യുടിഐ ഇനം 68.17 ഡോളറിലും  മർബൻ ക്രൂഡ് 71.30 ഡോളറിലും നിൽക്കുന്നു. പ്രകൃതിവാതക വില രണ്ടു ശതമാനം കുറഞ്ഞു. 

ക്രിപ്റ്റോ കറൻസികൾ ഉയരുകയാണ്. ബിറ്റ് കോയിൻ 1,09, 000 ഡോളറിലേക്കു കയറി. ഈഥർ 2612 ഡോളറിൽ എത്തി. 

വിപണിസൂചനകൾ

(2025 ജൂലൈ 08, ചൊവ്വ)

സെൻസെക്സ്30 83,712.50   +0.32%

നിഫ്റ്റി50       25,522.50         +0.24%

ബാങ്ക് നിഫ്റ്റി   57,256.30     +0.54%

മിഡ് ക്യാപ്100  59,415.45    -0.17%

സ്മോൾക്യാപ്100 18,895.20   -0.29%

ഡൗജോൺസ്  44,240.80   -0.37%

എസ്ആൻഡ്പി  6225.52    -0.07%

നാസ്ഡാക്      20,418.50     +0.03%

ഡോളർ($)     ₹85.70       -₹0.15

സ്വർണം(ഔൺസ്)$3302.28   -$35.11

സ്വർണം(പവൻ)   ₹72,480     +₹400

ക്രൂഡ്(ബ്രെൻ്റ്)ഓയിൽ $70.15  +$0.55

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT