Morning business news Canva
Markets

സമാധാനം അകലെ; കാലവർഷം ചതിക്കും; ക്രൂഡ് ഓയിൽ വില കൂടുന്നു; ഏഷ്യൻ വിപണികൾ കയറുന്നു; യുഎസ് ഫ്യൂച്ചേഴ്സ് നേട്ടത്തിൽ

ഗിഫ്റ്റ് നിഫ്റ്റി ഇന്നു രാവിലെ 23,728 വരെ കയറി. നിഫ്റ്റി ഇന്നു താഴ്ന്നു വ്യാപാരം തുടങ്ങും എന്നാണ് ഇതു സൂചിപ്പിക്കുന്നത്

T C Mathew

പശ്ചിമേഷ്യൻ യുദ്ധത്തിനു പരിഹാരം അകന്നു നിൽക്കുന്നു. റിസർവ് ബാങ്ക് ഈയാഴ്ച പണനയ അവലോകനം നടത്തുന്നു. പലിശ മാറ്റുകയില്ലെന്നാണു സൂചന. കാലവർഷമഴ ഗണ്യമായി കുറയും എന്ന മുന്നറിയിപ്പ് വിലക്കയറ്റ ഭീഷണി കൂട്ടുന്നു. ക്രൂഡ് ഓയിൽ വില വീണ്ടും ഉയരുന്നു. ഇങ്ങനെ പ്രതികൂല ഘടകങ്ങൾ പലതാണു ജൂണിലെ ആദ്യ വാരത്തിൽ വിപണി നേരിടുന്നത്.

ഇന്ത്യ -അമേരിക്ക വ്യാപാര കരാർ ചർച്ച ഇന്നു പുനരാരംഭിക്കുന്നതു മാത്രമാണു പ്രതീക്ഷ പകരുന്ന കാര്യം. പൊതുവേ വിപണി മനോഭാവം നെഗറ്റീവ് ആണ്. ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി വെള്ളിയാഴ്ച രാത്രി 23,722.50 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 23,728 വരെ കയറി. നിഫ്റ്റി ഇന്നു താഴ്ന്നു വ്യാപാരം തുടങ്ങും എന്നാണ് ഇതു സൂചിപ്പിക്കുന്നത്.

റിസർവ് ബാങ്ക് പലിശ മാറ്റിയേക്കില്ല

റിസർവ് ബാങ്കിൻ്റെ പണനയ കമ്മിറ്റി (എംപിസി) ബുധനാഴ്ച തുടങ്ങുന്ന യോഗത്തിലെ തീരുമാനങ്ങൾ വെള്ളിയാഴ്ച രാവിലെ ഗവർണർ സഞ്ജയ് മൽഹോത്ര വെളിപ്പെടുത്തും. ഉയർന്നു പോകുന്ന വിലക്കയറ്റത്തെപ്പറ്റി ആശങ്ക ഉണ്ടെങ്കിലും തൽക്കാലം പലിശ നിരക്കിൽ മാറ്റം വരുത്തുകയില്ല എന്നാണു നിഗമനം. 5.25 ശതമാനമാണ് ഇപ്പോൾ റീപോ നിരക്ക്. പലിശ നിരക്ക് ഇപ്പോൾ കൂട്ടുന്നതാണു യുക്തിസഹം എന്നു പലരും പറയുന്നുണ്ടെങ്കിലും ഗവണ്മെൻ്റ് മറിച്ചാണു ചിന്തിക്കുന്നത്. അതാകും റിസർവ് ബാങ്കിനെ സ്വാധീനിക്കുക. ഇപ്പോൾ കൂട്ടിയില്ലെങ്കിലും ഈ ധനകാര്യ വർഷം നിരക്ക് 0.50 -0.75 ശതമാനം കൂട്ടേണ്ടിവരും എന്നാണു വിദഗ്ധ നിരീക്ഷണം.

വിലക്കയറ്റവും ജിഡിപി വളർച്ചയും സംബന്ധിച്ച ആർബിഐയുടെ പ്രതീക്ഷകളിൽ മാറ്റം വരുത്താൻ സാധ്യത ഉണ്ട്. ജിഡിപി പ്രതീക്ഷ കുറയ്ക്കുകയും വിലക്കയറ്റ പ്രതീക്ഷ കൂട്ടുകയും ചെയ്യും. രൂപയെ പിടിച്ചു നിർത്താൻ എന്തെങ്കിലും നടപടികൾ ഉണ്ടാകുമെന്നും കരുതപ്പെടുന്നു.

ഇന്ത്യ-യു.എസ് കരാർ ചർച്ച തുടങ്ങുന്നു

ഇന്ത്യ-അമേരിക്ക വ്യാപാരകരാർ ചർച്ച ഇന്നു പുനരാരംഭിക്കും. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ കഴിഞ്ഞയാഴ്ച ഡൽഹിയിൽ നടത്തിയ ചർച്ചകൾ കരാർ കാര്യത്തിൽ പുരോഗതി ഉണ്ടാക്കാൻ സഹായിച്ചിട്ടുണ്ട്. എങ്കിലും കരുതലോടെയുള്ള ശുഭപ്രതീക്ഷയേ ഇന്ത്യ പുലർത്തുന്നുള്ളൂ. ഫെബ്രുവരിയിൽ ഓഫർ ചെയ്ത 18 ശതമാനം തീരുവ ഇന്ത്യ അംഗീകരിക്കേണ്ടി വരും. ഇന്ത്യയോടു മത്സരിക്കുന്ന മറ്റു രാജ്യങ്ങളുടെ നിരക്ക് എന്താകുമെന്ന് ഇന്ത്യക്ക് അറിവില്ല. നേരത്തേ 25 ശതമാനം (റഷ്യൻ എണ്ണയുടെ പേരിൽ വേറൊരു 25 ശതമാനവും) ആയിരുന്നു ട്രംപ് ഭരണകൂടം ചുമത്തിയത്. 18% സ്വീകരിച്ചാൽ സൂപ്പർ 301 പ്രകാരം നടക്കുന്ന അന്വേഷണങ്ങളുടെ ഭാഗമായി പിഴച്ചുങ്കം ഉണ്ടാകില്ല എന്നു റൂബിയോ ഉറപ്പു നൽകിയിട്ടുണ്ട്.

ഇറാൻ ചർച്ച തുടരുന്നു

യുഎസ് -ഇറാൻ യുദ്ധവിരാമ കരാർ ചർച്ച മുടന്തിമുടന്തി നീങ്ങുന്നു. യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് കരടുകരാറിൽ ചില മാറ്റങ്ങൾ നിർദേശിച്ചത് ഇറാൻ്റെ പരിഗണനയിലാണ്. കരാർ ഉണ്ടാക്കുന്നതിനു തനിക്കു ധൃതി ഇല്ലെന്നു ട്രംപ് ശനിയാഴ്ച പറഞ്ഞു. ഇതിനിടെ തീവ്ര സൈനിക വിഭാഗമായ ഐആർജിസി (ഇസ്‌ലാമിക് റെവലൂഷണറി ഗാർഡ് കോർ) പ്രായോഗികമായി ഭരണനിയന്ത്രണം പിടിച്ചെന്ന് ആരോപിച്ച് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസെഷ്കിയൻ രാജി സമർപ്പിച്ചതായി റിപ്പോർട്ടുണ്ട്. ഔദ്യോഗിക ചാനലുകൾ ഇതു നിഷേധിച്ചു. ഇതിനിടെ ലബനനിൽ ഇസ്രേലി ആക്രമണം കൂടുതൽ തീവ്രമാക്കി.

യു.എസ് വിപണി മുന്നേറി

ഇറാൻ സമാധാനപ്രതീക്ഷ തുടർന്നു. നിർമിതബുദ്ധിയുടെ വിരാമമില്ലാത്ത ആവേശക്കുതിപ്പിൽ ടെക് ഓഹരികൾ യുഎസ് വിപണിയെ വീണ്ടും റെക്കോർഡ് ഉയരങ്ങളിൽ എത്തിച്ചു. മേയ് മാസത്തിൽ നാസ്ഡാക് എട്ടും എസ് ആൻഡ് പി അഞ്ചും ഡൗ മൂന്നും ശതമാനം മുന്നേറി. കഴിഞ്ഞ ആഴ്ചയും സൂചികകൾ മികച്ച നേട്ടം ഉണ്ടാക്കി. മേയിൽ മൈക്രോൺ ടെക്നോളജി 88 ഉം ക്വാൽകോം 40 ഉം ശതമാനം ഉയർന്നു. പ്രതീക്ഷയേക്കാൾ വരുമാനവും ലാഭവും ഉണ്ടാക്കിയ ഡെൽ ടെക്നോളജീസ് ഭാവിപ്രതീക്ഷ ഉയർത്തിയതോടെ ഓഹരി വെള്ളിയാഴ്ച 33 ശതമാനം കുതിച്ചു.

വെള്ളിയാഴ്ച ഡൗ ജോൺസ് സൂചിക 363.49 പോയിൻ്റ് (0.72%) ഉയർന്ന് 51,032.46 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 500 സൂചിക 16.43 പോയിൻ്റ് (0.22%) കയറി 7580.06 ൽ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് സൂചിക 55.15 പോയിൻ്റ് (0.21%) നേട്ടത്തോടെ 26,972.62 ൽ അവസാനിച്ചു.

ഫ്യൂച്ചേഴ്സ് ഉയരുന്നു

യുഎസ് ഫ്യൂച്ചേഴ്സ് ചെറിയ കയറ്റത്തിലാണ്. ഇന്നു രാവിലെ ഡൗ ജോൺസ് 57 പോയിൻ്റും (0.12%) എസ് ആൻഡ് പി 18 പോയിൻ്റും (0.2 3%) നാസ്ഡാക് 136 പോയിൻ്റും (0.45%) ഉയർന്നു നീങ്ങുന്നു.

എഡിആറുകൾ

ന്യൂയോർക്കിലെ എഡിആർ (അമേരിക്കൻ ഡെപ്പോസിറ്ററി റെസീറ്റ്) വിപണിയിൽ വെള്ളിയാഴ്യ എച്ച്ഡിഎഫ് സി ബാങ്ക് നിശ്ചിത സമയത്ത് 0.51 ശതമാനം ഉയർന്ന ശേഷം തുടർവ്യാപാരത്തിൽ 1.43 ശതമാനം കുതിച്ച് 24.12 ഡോളറിൽ എത്തി. ഐസിഐസിഐ ബാങ്ക് വിപണി സമയത്തു 0.23 ശതമാനം ഉയർന്നിട്ടു തുടർവ്യാപാരത്തിൽ 0.15 ശതമാനം കയറി 26.27 ൽ ക്ലോസ് ചെയ്തു. ഇൻഫോസിസ് നിശ്ചിത സമയത്ത് 0.39 ശതമാനം താഴ്ന്ന ശേഷം തുടർവ്യാപാരത്തിൽ 0.47% കയറി 12.71 ഡോളറിൽ അവസാനിച്ചു. വിപ്രോ പതിവു സമയത്ത് 2.88 ശതമാനം ഇടിഞ്ഞ ശേഷം തുടർ വ്യാപാരത്തിൽ 2.54 ശതമാനം കൂടി താഴ്‌ന്ന് 2.30 ഡോളർ ആയി.

യൂറോപ്പ് കയറി

ഗൾഫിലെ സമാധാന പ്രതീക്ഷയിൽ യൂറോപ്യൻ ഓഹരി സൂചികകൾ വെള്ളിയാഴ്ച ഉയർന്നു. നാറ്റോ സഖ്യരാജ്യമായ റൊമാനിയയിൽ റഷ്യൻ ഡ്രോൺ പതിച്ചതിനെ തുടർന്ന് യൂറോപ്യൻ പ്രതിരോധ നിർമാണ കമ്പനികൾ തുടർച്ചയായ രണ്ടാം ദിവസവും ഉയർന്നു.

കൊറിയ റെക്കോർഡിൽ

ഏഷ്യൻ വിപണികൾ ഇന്നും കയറ്റത്തിലാണ്. ജപ്പാനിൽ നിക്കൈ സൂചിക 1.10 ശതമാനം കയറി ഓസ്ട്രേലിയൻ സൂചിക ആദ്യം താഴ്ന്നിട്ടു നഷ്‌ടം കുറച്ചു. ദക്ഷിണ കൊറിയൻ വിപണി സൂചിക കോസ്‌പി വീണ്ടും കുതിച്ചു റെക്കോർഡ് തിരുത്തി. അപായനിലയിലാണു കൊറിയൻ വിപണി എന്നു പലരും വിലയിരുത്തുന്നു. ഹോങ് കോങ് വിപണി 0.85 ശതമാനം കയറി ഷാങ്ഹായ് വിപണി 0.10 ശതമാനം താഴ്‌ന വ്യാപാരം തുടങ്ങി.

ഇന്ത്യൻ വിപണി ഇടിഞ്ഞു

ഇറാൻ സമാധാനസാധ്യതയിലെ അനിശ്ചിതത്വത്തിനു പിന്നാലെ കാലവർഷ മഴ കുറയും എന്ന കാലാവസ്ഥാ വകുപ്പിൻ്റെ പ്രവചനം വെള്ളിയാഴ്ച ഇന്ത്യൻ വിപണിയെ ഇടിച്ചുതാഴ്ത്തി.വിദേശനിക്ഷേപകർ അസാധാരണമായ തോതിൽ വിൽപന നടത്തിയതും ഇടിവിനു കാരണമായി. മുഖ്യ സൂചികകൾ ഒന്നര ശതമാനം താഴ്ന്നു. ഐടി ഒഴികെ എല്ലാ മേഖലകളും വെള്ളിയാഴ്ച വലിയ ഇടിവിലായിരുന്നു. മികച്ച റിസൽട്ടിനെ തുടർന്നു കോഫീഡേ എൻ്റർപ്രൈസസും സുപ്രിയ ലൈഫ് സയൻസും ത്രിഭുവൻദാസ് ഭീംജി ജാവേരിയും 20 ശതമാനം വീതം കുതിച്ചു.

വെള്ളിയാഴ്ച സെൻസെക്‌സ് 1092.06 പോയിൻ്റ് (1.44%) താഴ്ന്ന് 74,775.74 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 359.40 പോയിൻ്റ് (1.50%) ഇടിഞ്ഞ് 23,547.75 ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 614.65 പോയിൻ്റ് (1.12%) നഷ്ടത്തോടെ 54,239.20 ൽ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 835.05 പോയിൻ്റ് (1.33%) താഴ്‌ന്ന് 61,723.80 ൽ അവസാനിച്ചു. സ്മോൾ ക്യാപ് 100 സൂചിക 155.50 പോയിൻ്റ് (0.85%) നഷ്‌ടത്തോടെ 18,138.80 ൽ ക്ലോസ് ചെയ്തു. വിശാലവിപണിയിൽ ബഹുഭൂരിപക്ഷം ഓഹരികൾ ഇടിഞ്ഞു. ബിഎസ്ഇയിൽ 1611 ഓഹരികൾ കയറി, 2673 ഓഹരികൾ താഴ്ന്നു. എൻഎസ്ഇയിൽ 1135 എണ്ണം ഉയർന്നപ്പോൾ 2163 എണ്ണം താഴ്ന്നു.

മൺസൂൺ ചതിക്കും

തെക്കുപടിഞ്ഞാറൻ മൺസൂണിൽ ദീർഘകാല ശരാശരിയുടെ 90 ശതമാനം മഴയേ കിട്ടൂ എന്നാണു കാലാവസ്ഥാ വകുപ്പിൻ്റെ പുതിയ പ്രവചനം. എല്ലാ പ്രധാന കാർഷിക മേഖലകളിലും മഴക്കുറവാണു പ്രവചിച്ചിട്ടുള്ളത്. ഭക്ഷ്യധാന്യങ്ങളുടെയും എണ്ണക്കുരുക്കൾ, പയറുവർഗങ്ങൾ, പഞ്ചസാര തുടങ്ങിയവയുടെയും ഉൽപാദനം കുറയും. വിലക്കയറ്റം കുതിച്ചു കയറാൻ ഇതു കാരണമാകും. കാർഷിക വരുമാനത്തിലെ ഇടിവ് ഗ്രാമീണമേഖലയിലെ ഉപഭോഗം കുറയ്ക്കും. ജിഡിപി വളർച്ച കുറയും. ടൂവീലർ, എഫ്എംസിജി, കൺസ്യൂമർ ഡ്യൂറബിൾ കമ്പനികൾ വിൽപനയിൽ ഇടിവ് ഭയപ്പെടുന്നു.

വിദേശികൾ വിൽപന കൂട്ടി

വിദേശനിക്ഷേപകർ 21,105.86 കോടി രൂപയുടെ അറ്റവിൽപനയാണു വെള്ളിയാഴ്ച നടത്തിയത്. സമീപ മാസങ്ങളിലെ റെക്കോർഡ് ആണ് ഇത്. എംഎസ് സിഐ സൂചികയിലെ ഓഹരികൾ അഴിച്ചു പണിതതും ഈ വിൽപനയ്ക്കു കാരണമായി. ഇതോടെ മേയിലെ വിദേശികളുടെ വിൽപന 32,963 കോടി രൂപയായി. ജനുവരി ഒന്നു മുതൽ ഇതുവരെ വിദേശികൾ പിൻവലിച്ച തുക 2.25 ലക്ഷം കോടി രൂപയാണ്. കഴിഞ്ഞ വർഷം മൊത്തം പിൻവലിച്ചത് 1.66 ലക്ഷം കോടി രൂപയായിരുന്നു.

ഇന്ത്യയിലെ ഓഹരികൾ ഉയർന്ന പിഇ അനുപാതത്തിലാണ്. അടുത്ത വർഷത്തെ ലാഭം കണക്കാക്കിയാൽ ശരാശരി 18 അനുപാതത്തിലാണു നിഫ്റ്റി. കിഴക്കൻ ഏഷ്യയിലും അമേരിക്കയിലും കൂടുതൽ ലാഭ സാധ്യതയുള്ള കമ്പനികൾ 12 - 14 പിഇ അനുപാതത്തിൽ കിട്ടും. വിദേശികൾ ഇന്ത്യ വിട്ടുപോകുന്നതിൻ്റെ ഒരു പ്രധാന കാരണം ഇതാണ്. വിദേശികൾ ഈ മാസവും വിൽപന തുടരും എന്നാണു വിലയിരുത്തൽ.

സ്വർണം ഉയർന്നു

ഇറാനിലെ സമാധാനസാധ്യത അടുത്തു എന്ന സൂചനയിൽ വെള്ളിയാഴ്ച സ്വർണം ഉയർന്നു. ഔൺസിനു 4547 ഡോളർ വരെ ഉയർന്ന സ്വർണം 43.50 ഡോളർ നേട്ടത്തോടെ 4540.30 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 4530 ഡോളറിലാണ്.

കേരളത്തിൽ വെള്ളിയാഴ്ച 22 കാരറ്റ് സ്വർണം പവന് 160 രൂപ കൂടി 1,15,160 രൂപയായി. വെള്ളിവില ഇന്നു രാവിലെ ഔൺസിന് 75.66 ഡോളർ ആയി ഉയർന്നു. പ്ലാറ്റിനം 1936 ഡോളർ, പല്ലാഡിയം 1348 ഡോളർ, റോഡിയം 8450 ഡോളർ എന്നിങ്ങനെ നിൽക്കുന്നു.

വ്യാവസായിക ലോഹങ്ങൾ കുതിച്ചു

വ്യാവസായിക ലോഹങ്ങൾ വെള്ളിയാഴ്ച ഉയർന്നു. ചെമ്പ് 0.74 ശതമാനം കയറി ടണ്ണിനു 13,612.70 ഡോളർ ആയി. അലൂമിനിയം 3685 ഡോളറിൽ കയറി റെക്കോർഡ് കുറിച്ചിട്ട് 3665.04 ൽ ക്ലോസ് ചെയ്തു. ലെഡ്, സിങ്ക്, നിക്കൽ, ടിൻ എന്നിവ നേട്ടം ഉണ്ടാക്കി.

റബറിനു കയറ്റം

റബർ വില ബാങ്കോക്കിൽ ആർഎസ്എസ് 3 ക്വിൻ്റലിന് 295.20 ഡോളറിലും ആർഎസ്എസ് ഒന്ന് 298.70 ഡോളറിലുമാണ്. കേരളത്തിൽ ആർഎസ്എസ് നാല് ഇനം ശനിയാഴ്ച 25,650 രൂപയിലേക്കു കയറി.

കൊക്കോ താഴ്ന്നു

കൊക്കോ രാജ്യാന്തര വിപണിയിൽ താഴ്ന്നു. വെള്ളിയാഴ്ച 4.29 ശതമാനം ഇടിഞ്ഞ് 3923 ഡോളർ ആയി. എൽ നിനോ കാലാവസ്ഥാ പ്രതിഭാസം കൊക്കോ ഉൽപാദനത്തെ പ്രതികൂലമായി ബാധിക്കും എന്ന നിഗമനമാണു വിപണിയിൽ ഉള്ളത്.

ഡോളർ സൂചിക കയറി

യുഎസ് ഡോളർ സൂചിക വെള്ളിയാഴ്ച താഴ്‌ന്ന് 98.91 ൽ എത്തി. ഇന്നു രാവിലെ 99.07 ലേക്കു കയറി. യൂറോ 1.1647 ഡോളറിലേക്കും പൗണ്ട് 1.345 ഡോളറിലേക്കും താഴ്ന്നു. ജാപ്പനീസ് യെൻ ഒരു ഡോളറിന് 159.43 യെൻ എന്ന നിലയിലേക്ക് താഴ്ന്നു. ചൈനീസ് യുവാൻ ഡോളറിന് 6.77 യുവാൻ എന്ന നിരക്കിലേക്കു കയറി.

അമേരിക്കയിൽ 10 വർഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം (yield) ഇന്നു രാവിലെ 4.467 ശതമാനമായി ഉയർന്നു. ജപ്പാനിൽ സർക്കാർ കടപ്പത്രങ്ങളുടെ നിക്ഷം നേട്ടം 40 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന 2.684 ശതമാനമായി.

രൂപ മികച്ച മുന്നേറ്റത്തിൽ

സമീപകാലത്തെ ഏറ്റവും മികച്ച മുന്നേറ്റമാണു രൂപ വെള്ളിയാഴ്ച നടത്തിയത്. ഡോളർ 69 പൈസ ഇടിഞ്ഞു 95.00 രൂപയിൽ അവസാനിച്ചു. റിസർവ് ബാങ്ക് ഗണ്യമായ അളവിൽ ഡോളർ വിറ്റു. വിദേശത്തെ നോൺ ഡെലിവെറേബിൾ ഫോർവേഡ് (എൻഡിഎഫ്) വിപണിയിൽ ഡോളർ ഇന്നു രാവിലെ 95.26 രൂപയിൽ നിന്നു 95.12 ലേക്കു താണു. ചൈനീസ് യുവാൻ 14.07 രൂപയിലേക്കും യൂറോ 110.79 രൂപയിലേക്കും താഴ്ന്നു.

ക്രൂഡ് ഓയിൽ ഉയർന്നു

ഇറാൻ - യുഎസ് സംഘർഷം തീരാൻ സാധ്യത തെളിയാത്തതു ക്രൂഡ് ഓയിൽ വിലയെ ഉയരത്തിൽ നിർത്തി. ബ്രെൻ്റ് ഇനം വീപ്പയ്ക്ക് ഇന്നു രാവിലെ 93.44 ഡോളർ ആണ്. ഡബ്ള്യുടിഐ ഇനം 89.93 ഡോളറിൽ നിൽക്കുന്നു.

ക്രിപ്റ്റോകൾ ഇടിവിൽ

ക്രിപ്റ്റോ കറൻസികൾ താഴ്ന്ന നിലയിൽ തുടർന്നു. ബിറ്റ്കോയിൻ ഇന്നു രാവിലെ 73,500 ഡോളറിനു താഴെയാണ്. ഈഥർ 2000 ഡോളറിനും സൊലാന 82 ഡോളറിനും തൊട്ടുമുകളിൽ നിൽക്കുന്നു.

വിപണി സൂചനകൾ

(2026 മേയ് 29, വെള്ളി)

  • സെൻസെക്സ് 74,775.74 -1.44%

  • നിഫ്റ്റി50 23,544.75 -1.50%

  • ബാങ്ക് നിഫ്റ്റി 54,239.20 -1.12%

  • മിഡ്ക്യാപ്-100 61,723.80 -1.33%

  • സ്മോൾക്യാപ്-100 18,138.80 -0.85%

  • ഡൗജോൺസ് 51,032.46 +0.72%

  • എസ്ആൻഡ്പി 7580.06 +0.22%

  • നാസ്ഡാക് 26,972.62 +0.21%

  • ഡോളർ ₹95.00 -₹0.69

  • സ്വർണം (ഔൺസ്) $4540.30 +$43.50

  • സ്വർണം (പവൻ) ₹1,15,160 +₹160

  • ബ്രെൻ്റ് ക്രൂഡ്ഓയിൽ $93.20 +$2.08

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT