Morning Business News Dhanam Media
Markets

ഹോർമുസ് അശാന്തം; ക്രൂഡ് ഓയിൽ 91 ഡോളറിൽ; വിപണികൾ അനിശ്ചിതത്വത്തിൽ; ജി.ഡി.പിയിൽ മുന്നേറ്റം

ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി സൂചിക ഇന്നു രാവിലെ 24,212 വരെ ഉയർന്നിട്ടു താഴ്ന്നു; ഇന്ത്യൻ വിപണി ഇന്നു നഷ്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതു സൂചിപ്പിക്കുന്നത്

T C Mathew

ഹോർമുസിലെ എണ്ണ ടാങ്കർ ആക്രമണവും ക്രൂഡ് ഓയിൽ 91 ഡോളർ കടന്നതും ആഗോള വിപണികളെ വീണ്ടും അനിശ്ചിതത്വത്തിലാക്കി. യു.എസ്, യൂറോപ്പ്, ഏഷ്യൻ വിപണികൾ ഭിന്നദിശകളിൽ നീങ്ങുമ്പോൾ ഗിഫ്റ്റ് നിഫ്റ്റി സൂചിക ഇന്ത്യൻ വിപണിക്ക് ഇന്ന് നഷ്ടത്തോടെയുള്ള തുടക്കം സൂചിപ്പിക്കുന്നു. ഇതേസമയം ഇന്ത്യയുടെ ഏപ്രിൽ-ജൂൺ പാദത്തിലെ ജി.ഡി.പി 7.8% വളർച്ച രേഖപ്പെടുത്തിയത് പ്രതീക്ഷകളെ കവച്ചുവെക്കുന്ന പ്രകടനമായി.

ഹോർമുസിൽ എണ്ണ ടാങ്കറിനു നേരേ ആക്രമണം ഉണ്ടായെങ്കിലും പുതിയ മിസൈൽ, ബോംബ്, ഡ്രോൺ ആക്രമണങ്ങൾ ഈ രാത്രി റിപ്പോർട്ട് ചെയ്തിട്ടില്ല. ക്രൂഡ് ഓയിൽ വില 91 ഡോളറിനു മുകളിൽ കയറി. യുഎസ് വിപണി ഇന്നലെ ഗണ്യമായ താഴ്ചയിലായി. ഏഷ്യൻ വിപണികൾ ഇന്നു രാവിലെ ഭിന്ന ദിശകളിലാണ്. യു.എസ് ഫ്യൂച്ചേഴ്സ് കാര്യമായി മാറിയിട്ടില്ല.

ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി സൂചിക തിങ്കളാഴ്ച രാത്രി 24,171.50-ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 24,212 വരെ ഉയർന്നിട്ടു താഴ്ന്നു. ഇന്ത്യൻ വിപണി ഇന്നു നഷ്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതു സൂചിപ്പിക്കുന്നത്.

ജി.ഡി.പിയിൽ കുതിപ്പ്

ഏപ്രിൽ -ജൂൺ പാദത്തിൽ ജി.ഡി.പി 7.8 ശതമാനം വളർന്നതു പ്രതീക്ഷകൾക്കപ്പുറമായി. ജനുവരി- മാർച്ചിലെ 8.6-ൽ നിന്നു താഴെയാണെങ്കിലും കഴിഞ്ഞ വർഷം ജൂൺ പാദത്തിലെ 6.9 ശതമാനത്തേക്കാൾ കൂടുതലാണ്. തന്നാണ്ടു വിലയിലെ വർധന 8.1% ൽ നിന്ന് 10.3 ശതമാനമായി. സ്ഥിരവിലയിൽ 81.36 ലക്ഷം കോടിയും തന്നാണ്ടു വിലയിൽ 88.27 ലക്ഷം കോടിയും രൂപയാണ് ജി.ഡി.പി. മൂലധന നിക്ഷേപം 5.8 ശതമാനത്തിൽ നിന്ന് 11.9 ശതമാനം ആയി വർധിച്ചു. സ്വകാര്യ ഉപഭോഗം 7.1 ശതമാനം വർധിച്ചു.

യു.എസ് വിപണി ഇടിഞ്ഞു

യു.എസ്- ഇറാൻ യുദ്ധവും ക്രൂഡ് ഓയിൽ വിലക്കയറ്റവും ഇന്നലെ യു.എസ് വിപണികളെ താഴ്‌ത്തി. എന്നാൽ ഓഗസ്റ്റിലെ വ്യാപാരം മൊത്തത്തിൽ നേട്ടത്തിലാണ് അവസാനിച്ചത്. ഡൗ 1.3-ഉം എസ് ആൻഡ് പി 2.6-ഉം നാസ്ഡാക് 3.9-ഉം ശതമാനം പ്രതിമാസ മുന്നേറ്റം നടത്തി. ഇതു തുടർച്ചയായ അഞ്ചാമത്തെ മാസമാണ് ഡൗ നേട്ടത്തിൽ ക്ലോസ് ചെയ്യുന്നത്. ഓഗസ്റ്റ് ടെക്നോളജി മേഖല വലിയ കുതിപ്പ് നടത്തിയ മാസമായി. എൻവിഡിയ പത്തും മൈക്രോസോഫ്റ്റ് ഒൻപതും മൈക്രോൺ 16-ഉം ശതമാനം പ്രതിമാസ നേട്ടം ഉണ്ടാക്കി.

തിങ്കളാഴ്ച ഡൗ ജോൺസ് സൂചിക 374.09 പോയിൻ്റ് (0.70 ശതമാനം) ഇടിഞ്ഞ് 53,185.90 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 25.62 പോയിൻ്റ് (0.33%) നഷ്‌ടത്തോടെ 7686.14 ൽ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് 31.53 പോയിൻ്റ് (0.12%) ഇടിവോടെ 26,370.89-ൽ ക്ലോസ് ചെയ്തു.

ഫ്യൂച്ചേഴ്സ് നേട്ടത്തിൽ

യു.എസ് ഫ്യൂച്ചേഴ്സ് ഇന്നു നേരിയ കയറ്റത്തിലാണ്. ഡൗ ജോൺസ് 68 പോയിൻ്റും (0.13%) എസ് ആൻഡ് പി 6 പോയിൻ്റും (0.07%) ഉയർന്നു. നാസ്ഡാക് 9 പോയിൻ്റ് (0.03%) താഴ്ന്നു നീങ്ങുന്നു.

എ.ഡി.ആർ വിപണി

ന്യൂയോർക്കിലെ എ.ഡി.ആർ (അമേരിക്കൻ ഡെപ്പോസിറ്ററി റെസീറ്റ്) വിപണിയിൽ തിങ്കളാഴ്ച എച്ച്.ഡി.എഫ്.സി ബാങ്ക് വ്യാപാര സമയത്ത് 1.65 ശതമാനം താഴ്ന്നിട്ടു ടർവ്യാപാരത്തിൽ 1.23% ഉയർന്ന് 22.98 ഡോളറിൽ ക്ലോസ് ചെയ്തു. ഐ.സി.ഐ.സി.ഐ ബാങ്ക് നിശ്ചിത സമയത്ത് 1.61% കയറിയ ശേഷം തുടർവ്യാപാരത്തിൽ 0.69% ഉയർന്ന് 30.57 ഡോളറിൽ അവസാനിച്ചു. ഇൻഫോസിസ് നിശ്ചിത സമയത്ത് 0.08% ഉയർന്ന ശേഷം തുടർവ്യാപാരത്തിൽ 1.13% കയറി 12.20 ഡോളറിൽ ക്ലോസ് ചെയ്തു. വിപ്രോ വിപണിസമയത്ത് 1.65% കയറിയ ശേഷം തുടർ വ്യാപാരത്തിൽ മാറ്റമില്ലാതെ 1.85 ഡോളറിൽ അവസാനിച്ചു.

യൂറോപ്പ് താഴ്ചയിൽ

യൂറോപ്യൻ ഓഹരി വിപണികൾ തിങ്കളാഴ്ച താഴ്ന്നു. പശ്ചിമേഷ്യൻ യുദ്ധവും ക്രൂഡ് ഓയിൽ വിലക്കയറ്റവും ആണു കാരണം. ജർമനിയിലെ കൊമേഴ്സ് ബാങ്കിൽ ഇറ്റാലിയൻ ബാങ്ക് യൂണി ക്രെഡിറ്റിൻ്റെ ഓഹരി 49.65 ശതമാനമായി ഉയർന്നു. ട്രഷറി ഓഹരികൾ കാൻസൽ ചെയ്തതു മൂലമാണ് 50 ശതമാനത്തിനു തൊട്ടടുത്തു യൂണിക്രെഡിറ്റ് എത്തിയത്. അടുത്ത 14-ന് യൂണിക്രെഡിറ്റ് സി.ഇ.ഒ ആൻഡ്രിയ ഓർസെൽ ജർമൻ ധനമന്ത്രിയെ കണ്ടു ചർച്ച നടത്തുന്നുണ്ട്..

ഏഷ്യ ചാഞ്ചാടുന്നു

ഏഷ്യൻ വിപണികൾ ഇന്നു ചെറിയ കയറ്റിറക്കങ്ങളിലാണ്. ജപ്പാനിൽ നിക്കൈ സൂചിക 0.15 ശതമാനം ഉയർന്നു. ഓസ്ട്രേലിയൻ വിപണി 0.60 ശതമാനം താഴ്ന്നു. ദക്ഷിണ കൊറിയയിൽ കോസ്‌പി 0.2 ശതമാനം കയറി. ഹോങ് കോങ് സൂചിക 0.70 ശതമാനം ഇടിവിലാണ്. തായ്‌‍വാൻ സൂചിക 1.2 ശതമാനം ഉയർന്നു. ഷാങ്ഹായ് സൂചിക 0.2 ശതമാനം നഷ്ടത്തിലാണ്.

വിപണി ഭിന്നദിശകളിൽ

എം.എസ്.സി.ഐ എമേർജിംഗ് മാർക്കറ്റ് ഇൻഡെക്സ് അഴിച്ചുപണി ദിവസമായിരുന്ന ഇന്നലെ ക്ലോസിംഗ് ഓക്‌ഷൻ സെഷനിൽ (CAS) കൂടുതൽ പ്രാതിനിധ്യം ഉണ്ടായി. ക്യാഷ് വിപണി ടേണോവറിൻ്റെ 22 ശതമാനം (39,712 കോടി രൂപ) കാസിൽ നടന്നു. മുൻ ദിവസങ്ങളിൽ ഒരു ശതമാനത്തിൽ താഴെ ആയിരുന്നു. കാസിനു മുൻപ് 0.17 ശതമാനം (98.95 പോയിൻ്റ്) നഷ്‌ടത്തിലായിരുന്ന ബാങ്ക് നിഫ്റ്റി പിന്നീട് 0.92 ശതമാനം (528.65 പോയിൻ്റ്) നേട്ടത്തിലായി.

വിദേശ നിക്ഷേപകർ ഇന്നലെയും വലിയ വിൽപനക്കാരായി. ക്യാഷ് വിപണിയിൽ 7985.88 കോടി രൂപയുടെ അറ്റ വിൽപന നടത്തി. സ്വദേശി ഫണ്ടുകൾ 4588.88 കോടി രൂപയുടെ അറ്റ വാങ്ങലും നടത്തി.

തിങ്കളാഴ്ച സെൻസെക്‌സ് 307.24 പോയിൻ്റ് (0.40%) താഴ്ന്ന് 76,957.27-ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 95.25 പോയിൻ്റ് (0.39%) നഷ്ടത്തോടെ 24,080.40-ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 528.65 പോയിൻ്റ് (0.92%) ഉയർന്ന് 58,024.95-ൽ ക്ലോസ് ചെയ്തു. മിഡ് ക്യാപ്-100 സൂചിക 155.25 പോയിൻ്റ് (0.24%) കയറി 64,224.75-ൽ അവസാനിച്ചു. സ്മോൾ ക്യാപ്-100 സൂചിക 148.35 പോയിൻ്റ് (0.74%) താഴ്ന്ന് 19,931.05-ൽ ക്ലോസ് ചെയ്തു.

വിശാല വിപണിയിൽ ഭൂരിപക്ഷം ഓഹരികൾ നഷ്‌ടത്തിലായി. ബി.എസ്.ഇയിൽ 1785 ഓഹരികൾ കയറി, 2665 ഓഹരികൾ താഴ്ന്നു. എൻ.എസ്.ഇയിൽ 1331 എണ്ണം ഉയർന്നപ്പോൾ 2187 എണ്ണം താഴ്ന്നു.

എച്ച്.ഡി.എഫ്.സി ബാങ്ക് ഓഹരി

നേതൃപ്രതിസന്ധി നേരിടുന്ന എച്ച്.ഡി.എഫ്.സി ബാങ്ക് ഓഹരിക്ക് പ്രമുഖ ബ്രോക്കറേജുകൾ ഇന്നലെ വാങ്ങൽ ശിപാർശ നൽകി ലക്ഷ്യവില ഉയർത്തി. രാവിലെ ഓഹരി രണ്ടര ശതമാനം ഉയരുകയും ചെയ്തു. എന്നാൽ പിന്നീടു വിൽപന സമ്മർദത്തിൽ ഓഹരി ഒന്നര ശതമാനം നഷ്‌ടത്തിൽ ക്ലോസ് ചെയ്തു. ജൂലൈയിൽ 6.2 ശതമാനം ഇടിഞ്ഞ ഓഹരി ഓഗസ്റ്റിൽ 5.2% കൂടി താഴ്ന്നു. മ്യൂച്വൽ ഫണ്ടുകൾ ഓഹരി വാങ്ങാൻ ഉത്സാഹിച്ചു.

എച്ച്.ഡി.എഫ്.സി ബാങ്ക് ഓഹരി ഒരു വർഷത്തിനിടയിലെ താഴ്ന്ന നിരക്കിന് അടുത്താണിപ്പോൾ. ബാങ്കിൻ്റെ വിപണിമൂല്യം 10,92,648 കോടി രൂപയായി. അതനു ചക്രവർത്തി ചെയർമാൻ സ്ഥാനം ഒഴിയുന്നതിനു തലേന്ന് 14,24,475 കോടി വിപണിമൂല്യം ഉണ്ടായിരുന്നു. രാജ്യത്തെ ഏറ്റവും വിപണിമൂല്യം ഉള്ള ബാങ്ക് എന്ന സ്ഥാനം ഇപ്പോഴും ഉണ്ടെങ്കിലും രണ്ടാം സ്ഥാനക്കാരായ ഐസിഐസിഐ ബാങ്കുമായുള്ള അകലം തീരെ കുറവായി. ഐ.സി.ഐ.സി.ഐ ബാങ്കിൻ്റെ മൂല്യം ഇപ്പോൾ 10,43,481 കോടി രൂപ.

കമ്പനികൾ, വാർത്തകൾ

ഐ.ടി.സിയുടെ ഉപകമ്പനിയായ ഐ.ടി.സി ഇൻഫോടെക്, ലിസ്റ്റ് ചെയ്ത സോഫ്റ്റ്‌‍വേർ സർവീസ് കമ്പനിയായ ഹാപ്പിയെസ്റ്റ് മൈൻഡ്സിൽ ലയിക്കുന്നു. ഐ.ടി.സി ഇൻഫോടെക്, ഹാപ്പിയെസ്റ്റിൻ്റെ 22.1 ശതമാനം ഓഹരി പ്രൊമോട്ടർ അശോക് സൂട്ടായിൽ നിന്നു വാങ്ങും. പിന്നീട് ഹാപ്പിയെസ്റ്റ് ഓഹരി ഉടമകൾക്ക് ഐ.ടി.സി ഇൻഫോടെക്കിൻ്റെ ഓഹരികൾ നൽകും. ഹാപ്പിയെസ്റ്റിൻ്റെ 81 ഓഹരിക്ക് ഇൻഫോടെക്കിൻ്റെ 25 ഓഹരി ലഭിക്കും. ഇതോടെ കമ്പനിയുടെ 73.4% ഓഹരി ഐ.ടി.സിയുടേതാകും.

ഒ.എൻ.ജി.സി ഈ വർഷം 30,000 കോടി രൂപയുടെ മൂലധന നിക്ഷേപം നടത്തും. 430 കോടി രൂപയുടെ പുതിയ നിർമാണ കരാർ ലഭിച്ചതായി എൻ.സി.സി ലിമിറ്റഡ് അറിയിച്ചു. ഒരു ചൈനീസ് കമ്പനിയുടെ കാൻസർ മരുന്നു പരീക്ഷണം നടത്തി വ്യാപാരത്തിനിറക്കാനുള്ള കരാർ സിപ്ല നേടി. ഇന്ത്യക്കു പുറമെ ദക്ഷിണാഫ്രിക്ക അടക്കം ആറു രാജ്യങ്ങളിലും വ്യാപാരത്തിന് അനുമതിയുണ്ട്.

സ്വർണം ചാഞ്ചാട്ടത്തിൽ

തിങ്കളാഴ്ച 4,395 ഡോളർ വരെ താഴ്ന്ന സ്വർണം 7.30 ഡോളർ നഷ്‌ടത്തിൽ ഔൺസിന് 4,449.10 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില നേരിയ താഴ്ചയിലാണ്. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് തിങ്കളാഴ്ച 1080 രൂപ കുറഞ്ഞ് 1,14,960 രൂപ ആയി. വെള്ളിവില തിങ്കളാഴ്ച ഔൺസിന് 66.67 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ അൽപം താഴ്ന്നു. പ്ലാറ്റിനം 1808 ഡോളർ, പല്ലാഡിയം 1395 ഡോളർ, റോഡിയം 8400 ഡോളർ എന്നിങ്ങനെ നിൽക്കുന്നു.

റബർ രാജ്യാന്തരവില കുറഞ്ഞു

രാജ്യാന്തര റബർവില വീണ്ടും കുറഞ്ഞു. കേരളത്തിൽ വില മാറ്റമില. ബാങ്കോക്കിൽ ആർ.എസ്.എസ്-1 ക്വിൻ്റലിന് 281.70 ഡോളറിലും ആർ.എസ്.എസ്-3 ക്വിൻ്റലിന് 278.20 ഡോളറിലും എത്തി. കേരളത്തിൽ ക്വിൻ്റലിന് 27,500 രൂപ തുടർന്നു.

കൊക്കോ വീണ്ടും കയറി

കൊക്കോ വില 1.85 ശതമാനം ഉയർന്നു ടണ്ണിന് 6,771.00 ഡോളറിൽ ക്ലോസ് ചെയ്തു. തലേന്നും വില കുതിച്ചു കയറിയിരുന്നു. 2026-27 സീസണിൽ കൊക്കോ ലഭ്യത കുറയും എന്നതാണു വിലക്കയറ്റത്തിനു കാരണം. ഐവറി കോസ്റ്റും ഘാനയും സീസൺ ഒരു മാസം നേരത്തേ സെപ്റ്റംബറിൽ തുടങ്ങും എന്നു പറഞ്ഞിട്ടുണ്ട്. എന്നാൽ ചരക്കുവരവ് കൂടും എന്നു സൂചനയില്ല.

ഡോളർ താഴ്ന്നു

യു.എസ് ഡോളർ സൂചിക തിങ്കളാഴ്ച താഴ്ന്നു 99.43 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക 99.48 വരെ കയറി. യൂറോ 1.1611 ഡോളറിലേക്കു കയറി. പൗണ്ട് 1.3543 ഡോളറിലേക്കു താഴ്ന്നു. ജാപ്പനീസ് യെൻ ഒരു ഡോളറിന് 159.80 യെന്നിൽ തുടരുന്നു. ചൈനീസ് യുവാൻ ഡോളറിന് 6.73 എന്ന നിരക്കിൽ തുടരുന്നു. അമേരിക്കയിൽ 10 വർഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം (yield) 4.778 ശതമാനത്തിൽ എത്തി. പലിശ നിരക്കു കൂടുമെന്ന സൂചനയിലാണിത്.

രൂപ നേട്ടത്തിൽ

തിങ്കളാഴ്ചയും രൂപ നേട്ടം ഉണ്ടാക്കി. താഴ്ന്നു തുടങ്ങിയ ശേഷം ഡോളർ 22 പൈസ കുറഞ്ഞ് 95.16 രൂപയിൽ ക്ലോസ് ചെയ്തു. വിദേശത്തെ ഫോർവേഡ് വിപണിയിൽ ഡോളർ ഇന്നു രാവിലെ 95.18 രൂപയിലാണ്. ചൈനീസ് യുവാൻ 14.15 രൂപയിലേക്കു താഴ്ന്നു. യൂറോ 110.50 രൂപയായി.

ക്രൂഡ് ഓയിൽ 91 ഡോളറിൽ

ക്രൂഡ് ഓയിൽ വില 91 ഡോളറിനു മുകളിലേക്കു കയറ്റി. തിങ്കളാഴ്ച 2.39 ഡോളർ കയറി 90.49 ഡോളറിൽ ക്ലോസ് ചെയ്ത ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ ഇന്നു രാവിലെ 91.13 ഡോളറിൽ എത്തി. ഡബ്ള്യു.ടി.ഐ ഇനം ക്രൂഡ് ഓയിൽ 86.60 ഡോളറിലാണ്.

ക്രിപ്റ്റോകൾ താഴെ

ക്രിപ്റ്റോ കറൻസികൾ താഴ്ചയിൽ തുടരുന്നു. ബിറ്റ്കോയിൻ 78,500 ഡോളറിനു താഴെയാണ്. ഈഥർ ഇന്ന് 2460 ഡോളറിനും സൊലാന 103 ഡോളറിനും താഴെ ആയി.

വിപണി സൂചനകൾ

(2026 ഓഗസ്റ്റ് 31, തിങ്കൾ)

  • സെൻസെക്സ്: 76,957.27 -0.40%

  • നിഫ്റ്റി-50: 24,080.40 -0.39%

  • ബാങ്ക് നിഫ്റ്റി: 58,024.95 +0.92%

  • മിഡ് ക്യാപ്-100: 64,224.75 +0.24%

  • സ്മോൾ ക്യാപ്-100: 19,931.65 -0.74%

  • ഡൗജോൺസ്: 53,185.90 -0.70%

  • എസ്ആൻഡ്പി: 7686.14 -0.33%

  • നാസ്ഡാക്: 26,370.89 -0.12%

  • ഡോളർ: ₹95.16 -₹0.22

  • സ്വർണം (ഔൺസ്): $4449.10 -$07.30

  • സ്വർണം (പവൻ): ₹1,14,960 -₹1080

  • ക്രൂഡ് ഓയിൽ-ബ്രെൻ്റ്: $90.49 +2.39

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT