Morning Business News Dhanam Media
Markets

ക്രൂഡ് ഓയിൽ 102 ഡോളറിലേക്ക്; ആഗോളവിപണികൾ ചുവപ്പിൽ; രൂപയും താഴോട്ട്; സ്വർണം ഉയരുന്നു

വിദേശികളുടെ വിൽപന തുടരുകയാണ്. അവർ ക്യാഷ് വിപണിയിൽ 582.99 കോടി രൂപയുടെ അറ്റ വിൽപന നടത്തി

T C Mathew

യുഎസ്- ഇറാൻ സംഘട്ടനം തുടരുന്നു. ഹോർമുസിലൂടെയുള്ള ചരക്കുനീക്കം മിക്കവാറും നിലച്ചു. ക്രൂഡ് ഓയിൽ വില 102 ഡോളറിനെ സമീപിക്കുന്നു. വിപണികൾ മിക്കതും ചുവപ്പിലാണ്. ഇന്നലെയും യുഎസ് വിപണി ഇടിഞ്ഞു. ഇന്ന് ഏഷ്യൻ വിപണികൾ താഴ്ചയിലായി. ഇന്ത്യൻ വിപണി മറ്റൊരു നഷ്ടദിവസം പ്രതീക്ഷിക്കുന്നു. സ്വർണം വീണ്ടും 4400 ഡോളറിനു മുകളിൽ കയറി. ഡോളർ 95 രൂപയ്ക്കു മുകളിലായി.

ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി ബുധനാഴ്ച രാത്രി 23,415.50 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 23,481 വരെ കയറിയിട്ടു താഴ്ന്നു. ഇന്ത്യൻ വിപണി ഇന്നും ഗണ്യമായ നഷ്‌ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് സൂചന.

യുഎസ് വിപണി ഇടിവിൽ

ക്രൂഡ് ഓയിൽ വില 102 ഡോളറിലേക്ക് അടുത്തതും യുഎസ് -ഇറാൻ സംഘർഷം രൂക്ഷമാകുന്നതും മൂന്നാം ദിവസവും യുഎസ് വിപണിയെ തകർച്ചയിലാക്കി. പലിശനിരക്ക് അടുത്തയാഴ്ച വർധിപ്പിക്കും എന്ന ധാരണയും വിപണിക്കു ക്ഷീണമാണ്. 600 കോടി ഡോളറിൻ്റെ ദീർഘകാല കടപ്പത്രങ്ങൾ തിരിച്ചുവാങ്ങുമെന്നു യുഎസ് സർക്കാർ പറഞ്ഞതും വിപണിയെ സമാധാനിപ്പിച്ചില്ല. കടപ്പതങ്ങളുടെ വില ഇടിഞ്ഞു. അവയിലെ നിക്ഷേപനേട്ടം റെക്കോർഡ് നിലയിലായി. 30 വർഷ പാർപ്പിട വായ്പയുടെ പലിശ 6.97 ശതമാനം വരെ കയറി. ക്രൂഡ് ഓയിൽ വില 120 ഡോളർ വരെ എത്താമെന്നു ഗോൾഡ്മാൻ സാക്സ് പ്രവചിച്ചു.

ബുധനാഴ്ച ഡൗ ജോൺസ് സൂചിക 405.41 പോയിൻ്റ് (0.77 ശതമാനം) ഇടിഞ്ഞ് 52,380.66 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 37.16 പോയിൻ്റ് (0.48%) നഷ്ടത്തോടെ 7636.36 ൽ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് 168.07 പോയിൻ്റ് (0.64%) താഴ്‌ന്ന് 26,253.34 ൽ ക്ലോസ് ചെയ്തു.

ഫ്യൂച്ചേഴ്സ് കയറുന്നു

യുഎസ് ഫ്യൂച്ചേഴ്സിൽ ഡൗവും എസ് ആൻഡ് പിയും ഉയർന്നു. ഡൗ ജോൺസ് 60 പോയിൻ്റും (0.11%) എസ് ആൻഡ് പി 6 പോയിൻ്റും (0.07%) ഉയർന്നു. നാസ്ഡാക് 15 പോയിൻ്റ് (0.05%) താഴ്ന്നു നീങ്ങുന്നു.

എഡിആറുകൾ താഴ്ന്നു

ന്യൂയോർക്കിലെ എഡിആർ (അമേരിക്കൻ ഡെപ്പോസിറ്ററി റെസീറ്റ്) വിപണിയിൽ ബുധനാഴ്ച എച്ച്ഡിഎഫ്സി ബാങ്ക് വ്യാപാര സമയത്ത് 1.78 ശതമാനം ഇടിഞ്ഞിട്ടു തുടർവ്യാപാരത്തിൽ 1.22% ഉയർന്ന് 22.35 ഡോളറിൽ ക്ലോസ് ചെയ്തു. ഐസിഐസിഐ ബാങ്ക് നിശ്ചിത സമയത്ത് 1.73% ഇടിഞ്ഞ ശേഷം തുടർ വ്യാപാരത്തിൽ 1.55% ഉയർന്ന് 29.47 ഡോളറിൽ അവസാനിച്ചു. ഇൻഫോസിസ് നിശ്ചിത സമയത്ത് 1.80% താഴ്ന്ന ശേഷം തുടർ വ്യാപാരത്തിൽ 1.10 ശതമാനം കയറി 11.05 ഡോളറിൽ ക്ലോസ് ചെയ്തു. വിപ്രോ വിപണിസമയത്തു 2.89% ഇടിഞ്ഞും തുടർ വ്യാപാരത്തിൽ 1.01 ശതമാനം ഉയർന്നും 1.697 ഡോളറിൽ അവസാനിച്ചു.

യൂറോപ്പ് ഇടിഞ്ഞു

യൂറോപ്യൻ ഓഹരിവിപണികൾ ബുധനാഴ്ച രണ്ടു ശതമാനം വരെ ഇടിഞ്ഞു. ക്രൂഡ് ഓയിലിൻ്റെയും പ്രകൃതിവാതകത്തിൻ്റെയും വിലക്കയറ്റവും യുദ്ധങ്ങൾ അവസാനിക്കാൻ വഴിതെളിയാത്തതും ആണു വിപണികളെ താഴ്ത്തുന്നത്.

ഏഷ്യയിൽ തകർച്ച

ഏഷ്യൻ വിപണികൾ ഇന്നു വലിയ നഷ്‌ടത്തിലാണ്. ജപ്പാനിൽ നിക്കൈ സൂചിക 1.35 ശതമാനം താഴ്ന്നു. ഓസ്ട്രേലിയൻ വിപണി 1.75 ശതമാനം ഇടിഞ്ഞു. ദക്ഷിണ കൊറിയയിൽ കോസ്‌പി 1.70 ശതമാനം നഷ്‌ടത്തിലായി. ഹോങ് കോങ്ങിലെ ഹാങ് സെങ് സൂചിക 1.20 ശതമാനം ഇടിഞ്ഞു. തായ്‌വാൻ സൂചിക ഒരു ശതമാനം താഴ്ചയിലായി. ഷാങ്ഹായ് സൂചിക 0.35 ശതമാനം താഴ്ന്നു.

ഇന്ത്യയിൽ വീണ്ടും തകർച്ച

ക്രൂഡ് ഓയിൽ വിലയും രൂപയുടെ ദൗർബല്യവും ഹോർമുസിലെ സംഘർഷം രൂക്ഷമാകുന്നതും അമേരിക്കയിൽ പലിശ കൂട്ടുന്നതും ഇന്ത്യൻ വിപണിയെ ആശങ്കയിലാക്കി. മുഖ്യ സൂചികകൾ ഒരു ശതമാനം ഇടിഞ്ഞു. മെറ്റൽ കമ്പനികൾ ഒഴികെ എല്ലാ മേഖലകളും ഇന്നലെ താഴോട്ടു പോയി. ഐടി സൂചിക 3.24 ഉം റിയൽറ്റി സൂചിക 2.23 ഉം ശതമാനം ഇടിഞ്ഞു. ധനകാര്യ, കാപ്പിറ്റൽ മാർക്കറ്റ്, പ്രതിരോധ സൂചികകളും ഒരു ശതമാനത്തിലധികം നഷ്‌ടത്തിലായി.

കോഫോർജ് (പഴയ എൻഐഐടി) ചെയർമാൻ ഒ.പി. ഭട്ട് ഇൻ്റേണൽ ഓഡിറ്റുമായി ബന്ധപ്പെട്ടു രാജിവച്ചത് കമ്പനിയുടെ ഭരണത്തെപ്പറ്റി ആശങ്ക ജനിപ്പിച്ചു. ഓഹരി ഏഴു ശതമാനം വരെ ഇടിഞ്ഞു. എസ്ബിഐയുടെ മുൻ ചെയർമാനാണു ഭട്ട്.

വിദേശികളുടെ വിൽപന തുടരുകയാണ്. അവർ ക്യാഷ് വിപണിയിൽ 582.99 കോടി രൂപയുടെ അറ്റ വിൽപന നടത്തി. സ്വദേശിഫണ്ടുകൾ 1509.04 കോടി രൂപയുടെ അറ്റ വാങ്ങലും നടത്തി.

ബുധനാഴ്ച സെൻസെക്‌സ് 813.35 പോയിൻ്റ് (1.08%) ഇടിഞ്ഞ് 74,764.23 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 203.60 പോയിൻ്റ് (0.86%) താഴ്ചയോടെ 23,431.50 ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 482.00 പോയിൻ്റ് (0.85%) നഷ്ടത്തോടെ 56,295.55 ൽ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 323.00 പോയിൻ്റ് (0.51%) താഴ്ന്ന് 62,592.80 ൽ അവസാനിച്ചു. സ്മോൾ ക്യാപ് 100 സൂചിക 96.85 പോയിൻ്റ് (0.48%) കുറഞ്ഞ് 20,036.90 ൽ ക്ലോസ് ചെയ്തു.

വിശാലവിപണിയിൽ ഭൂരിപക്ഷം ഓഹരികൾ നഷ്‌ടത്തിൽ തുടർന്നു. ബിഎസ്ഇയിൽ 1792 ഓഹരികൾ കയറി, 2600 ഓഹരികൾ താഴ്ന്നു. എൻഎസ്ഇയിൽ 1466 എണ്ണം ഉയർന്നപ്പോൾ 2079 എണ്ണം താഴ്ന്നു.

കമ്പനികൾ, വാർത്തകൾ

എൻഎസ്ഇയുടെ ഐപിഒ ഇഷ്യു വലിപ്പം കുറച്ചു. ആറു ശതമാനം ഓഹരി വിൽക്കാനിരുന്നത് 5.5 ശതമാനമായി കുറയും. ചിലപ്പോൾ 5.25 ശതമാനമാകാം. എൻഎസ്ഇയിലെ പ്രൊമോട്ടർമാരായിരുന്ന ഇൻഷ്വറൻസ് കമ്പനികളും ബാങ്കുകളും ഉദ്ദേശിച്ചിരുന്ന വിലയിൽ ഐപിഒ നടക്കില്ലെന്നു വന്നതോടെ അവർ വിൽക്കുന്ന ഓഹരികളുടെ എണ്ണം കുറയ്ക്കുകയാണ്. 2000 രൂപ പ്രതീക്ഷിച്ചെങ്കിലും 1700- 1785 രൂപയിലാകും വിൽപന എന്നാണു സൂചന. അടുത്തയാഴ്ചയാണു വില പരസ്യപ്പെടുത്തുക. മൊത്തം 30,000 കോടി രൂപയുടെ ഐപിഒ/ഒഎഫ്എസ് പ്രതീക്ഷിച്ചിരുന്നതാണ്. അത് 25,000 കോടിയായി കുറയും. സെപ്റ്റംബർ 25 നാണു ലിസ്റ്റിംഗ്. ഇപ്പോൾ എൻഎസ്ഇ ഓഹരിക്ക് അനൗദ്യോഗിക വിപണിയിൽ 2025 രൂപ വിലയുണ്ട്. ലിസ്റ്റിംഗിനു ശേഷം ഉയർന്ന വിലയ്ക്ക് ഓഹരി വിൽക്കാം എന്നാണു ബാങ്കുകളും ഇൻഷ്വറൻസ് കമ്പനികളും കരുതുന്നത്.

ഐസിഐസിഐ പ്രൂഡൻഷ്യൻ അസറ്റ് മാനേജ്മെൻ്റ് കമ്പനിക്കു കൊട്ടക് മഹീന്ദ്ര, സിഎസ്ബി, ഡിസിബി, എയു സ്മോൾ ഫിനാൻസ് ബാങ്കുകളിലെ ഓഹരി 9.95 ശതമാനമായി ഉയർത്താൻ റിസർവ് ബാങ്കിൻ്റെ അംഗീകാരം ലഭിച്ചു.

ശക്തി പമ്പ്‌സിനു മഹാരാഷ്ട ഇലക്ട്രിസിറ്റി വിതരണ കമ്പനിയിൽ നിന്ന് 10,000 പമ്പുകൾക്കുള്ള 236 കോടി രൂപയുടെ കരാർ ലഭിച്ചു.

ഒഡീഷയിലെ പാരദീപിൽ നിന്ന് ചത്തീസ്ഗഢിലെ റായ്പുരിന് എണ്ണ പൈപ്പ്ലൈൻ സ്ഥാപിക്കാൻ ദിലീപ് ബിൽഡ്കോണിന് 1800 കോടി രൂപയുടെ കരാർ ലഭിച്ചു.

സ്വർണം കയറി

ചൊവ്വാഴ്ച ഒരു ശതമാനം ഇടിഞ്ഞ സ്വർണം ഇന്നലെ അത്രത്തോളം തിരിച്ചുകയറി. ഡോളറിൻ്റെ ഇടിവും കടപ്പത്ര വിലയിടിവും ആണു സ്വർണത്തെ ഉയർത്തിയത്. നാളെ യുഎസ് ചില്ലറ വിലക്കയറ്റം അറിവാകും. ബുധനാഴ്ചയാണു ഫെഡറൽ റിസർവ് പലിശ നിരക്ക് തീരുമാനിക്കുന്നത്. ഫെഡ് റേറ്റ് കൂട്ടാൻ 60.2 ശതമാനം സാധ്യതയാണു വിപണി കാണുന്നത്.

ഇന്നലെ സ്വർണം 46.10 ഡോളർ (1.06%) നേട്ടത്തോടെ ഔൺസിന് 4402.80 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില 4412 ഡോളർ വരെ കയറി.

കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് ബുധനാഴ്ച 760 രൂപ കുറഞ്ഞ് 1,13,160 രൂപ ആയി.

വെള്ളിവില ബുധനാഴ്ച ഔൺസിന് 67.41 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ അല്പം ഉയർന്നു.

പ്ലാറ്റിനം 1883 ഡോളർ, പല്ലാഡിയം 1341 ഡോളർ, റോഡിയം 9050 ഡോളർ എന്നിങ്ങനെ നിൽക്കുന്നു.

റബർ ഉയരുന്നു

രാജ്യാന്തര വിപണിയിൽ റബർവില വീണ്ടും കയറ്റത്തിലായി. ബാങ്കോക്കിൽ ആർഎസ്എസ് ഒന്ന് ക്വിൻ്റലിന് 285.50 ഡോളറിലും ആർഎസ്എസ് മൂന്ന് 282.00 ഡോളറിലും എത്തി. കേരളത്തിൽ ക്വിൻ്റലിന് 27,300 രൂപയിലേക്കു കയറി. ഈ വർഷം ആഗോള റബർ ഉൽപാദനം 152.8 ലക്ഷം ടണ്ണും ഉപയോഗം 153.6 ലക്ഷം ടണ്ണും ആകുമെന്നാണ് സ്വഭാവിക റബർ ഉൽപാദക രാജ്യങ്ങളുടെ സംഘടന കണക്കാക്കുന്നത്.

ലോഹങ്ങൾ കയറ്റത്തിൽ

ചെമ്പും ടിന്നും ഒഴികെ പ്രധാന വ്യാവസായിക ലോഹങ്ങൾ ബുധനാഴ്ച ഉയർന്നു. ലാഭമെടുക്കലിനെ തുടർന്നു ചെമ്പ് 0.44 ശതമാനം താഴ്ന്നു ടണ്ണിന് 14,671.15 ഡോളർ ആയി. ഓഗസ്റ്റിൽ എത്തിയ 14,851 ഡോളർ ആണു ചെമ്പിൻ്റെ റെക്കോർഡ് വില. തീരുവ വർധന ഭയന്ന് അമേരിക്കൻ കമ്പനികളും സ്റ്റോക്കിസ്റ്റുകളും ചെമ്പ് വലിയ തോതിൽ സ്റ്റോക്ക് ചെയ്യുന്നുണ്ട്. ചെമ്പിൻ്റെ ആവശ്യം ഈ വർഷങ്ങളിൽ കുതിച്ചുയരും എന്നാണു വിലയിരുത്തൽ. അലൂമിനിയം 0.83 ശതമാനം കയറി 3346.60 ഡോളറിൽ എത്തി. ലെഡും നിക്കലും സിങ്കും ഉയർന്നു. ടിൻ താഴ്ന്നു.

കൊക്കോ ഉയർന്നു

കൊക്കോ വില 0.41 ശതമാനം കൂടി ടണ്ണിന് 5937 ഡോളറിൽ ക്ലോസ് ചെയ്തു. കഴിഞ്ഞമാസം ഐവറി കോസ്റ്റിൽ നിന്നുള്ള കയറ്റുമതി 19 ശതമാനം വർധിച്ചതും ഐസ് എക്സ്ചേഞ്ചിലെ സ്റ്റോക്ക് ഉയർന്നതുമാണ് ഈ ദിവസങ്ങളിൽ വിലയിടിച്ചത്. 2026-27 സീസണിൽ ഐവറി കോസ്റ്റിൽ 20 ഉം ഘാനയിൽ 38 ഉം ശതമാനം കുറവാകും ഉൽപാദനം എന്നാണു കണക്കാക്കുന്നത്. ഘാനയിലെ ഉൽപാദനക്കുറവ് നേരത്തേ കണക്കാക്കിയതിൻ്റെ ഇരട്ടിയാക്കി ഘാനയിലെ കൊക്കോ മാർക്കറ്റിംഗ് കമ്പനി.

അറബിക്ക കാപ്പി പൗണ്ടിന് 2.91 ഡോളറിൽ എത്തി.

പാം ഓയിൽ 0.20 ശതമാനം താഴ്ന്നു ടണ്ണിന് 4966 മലേഷ്യൻ റിംഗിറ്റ് ആയി.

ഡോളർ താഴോട്ട്

യുഎസ് ഡോളർ സൂചിക താഴ്ന്ന് 98.81 ൽ ക്ലോസ് ചെയ്തു.

യൂറോ 1.1633 ഡോളറിലേക്കും പൗണ്ട് 1.3547 ഡോളറിലേക്കും കയറി. ജാപ്പനീസ് യെൻ ഒരു ഡോളറിന് 153.60 യെന്നിലേക്ക് ഉയർന്നു. ചൈനീസ് യുവാൻ ഡോളറിന് 6.71 എന്ന നിരക്കിൽ തുടർന്നു.

അമേരിക്കയിൽ 10 വർഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം (yield) വീണ്ടും ഉയർന്ന് 4.847 ശതമാനത്തിൽ എത്തി. 2023 നു ശേഷമുള്ള ഏറ്റവും ഉയർന്ന നിലയാണിത്.

രൂപ ഇടിവ് തുടർന്നു

ബുധനാഴ്ചയും രൂപ ഗണ്യമായ ഇടിവിലായി. ക്രൂഡ് ഓയിൽ വിലക്കയറ്റം ആണു രൂപയ്ക്കു ഭീഷണി. ഡോളർ 30 പൈസ കയറി 95.12 രൂപയിൽ ക്ലോസ് ചെയ്തു.

വിദേശത്തെ ഫോർവേഡ് വിപണിയിൽ ഡോളർ ഇന്നു രാവിലെ 95.12 രൂപയിലാണ്.

ചൈനീസ് യുവാൻ 14.17 രൂപയും യൂറോ 110.70 രൂപയും ആയി ഉയർന്നു.

ക്രൂഡ് ഓയിൽ 102 ഡോളറിലേക്ക്

വിപണിയിൽ ക്രൂഡ് ഓയിൽ കുറഞ്ഞു. വില 100 ഡോളർ കടന്നു മുന്നേറുന്നു. ഹോർമുസിലെ ചരക്കുനീക്കം നിലച്ചു. ഇറാൻ നേരത്തേ ഉപരോധം മറികടന്നു ഇന്ത്യാസമുദ്രത്തിൽ എത്തിച്ച ക്രൂഡ് ഓയിൽ വില്പന തീരാറായി. ഈ സാഹചര്യത്തിലാണു വിലക്കയറ്റം.. ബ്രെൻ്റ് ഇനം ക്രൂഡ് ഇന്നലെ 3.36 ശതമാനം ഉയർന്ന് 101.21 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വീണ്ടും കയറി 101.69 ഡോളറിൽ എത്തി. ഡബ്ള്യുടിഐ ഇനം 96.84 ഡോളറിലാണ്.

ക്രിപ്റ്റോകൾ ചെറിയ താഴ്ചയിൽ

ക്രിപ്റ്റോ കറൻസികൾ താഴോട്ടുള്ള യാത്ര മന്ദഗതിയിലാക്കി. ബിറ്റ്കോയിൻ 78,200 ഡോളറിനു താഴെ എത്തി. ഈഥർ ഇന്ന് 2470 ഡോളറിനും സൊലാന 101 ഡോളറിനും താഴെ ആയി.

വിപണിസൂചനകൾ

(2026 സെപ്റ്റംബർ 09, ബുധൻ)

സെൻസെക്സ് 74,764.23 -1.08%

നിഫ്റ്റി50 23,431.50 -0.86%

ബാങ്ക് നിഫ്റ്റി 56,295.55 -0.85%

മിഡ്ക്യാപ്100 62,592.80 -0.51%

സ്മോൾക്യാപ്100 20,036.90 -0.48%

ഡൗജോൺസ് 52,380.66 -0.77%

എസ്ആൻഡ്പി 7636.36 -0.48%

നാസ്ഡാക് 26,253.34 -0.64%

ഡോളർ ₹95.12 +₹0.30

സ്വർണം(ഔൺസ്)$4402.80 +$46.10

സ്വർണം(പവൻ) ₹1,13,160 -₹760

ക്രൂഡ്ഓയിൽബ്രെൻ്റ്$101.21 +3.29

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT