Markets

പശ്ചിമേഷ്യൻ സ്ഥിതി വഷളാകാം; ക്രൂഡ് ഓയിൽ 88 ഡോളറിനടുത്ത്; വിപണികളിൽ അനിശ്ചിതത്വം; ഇനി ശ്രദ്ധ വിലക്കയറ്റത്തിൽ; 4400 ഡോളർ കടന്നു സ്വർണക്കുതിപ്പ്

ഹോർമുസ് വിഷയത്തിൽ ചർച്ച ഇല്ലെന്ന നിലപാടിലേക്ക് ഇറാൻ മാറി

T C Mathew

പശ്ചിമേഷ്യൻ സാഹചര്യം വീണ്ടും വഷളായി. ക്രൂഡ് ഓയിൽ 88 ഡോളറിനടുത്തായി. സ്വർണം ഔൺസിനു 4400 ഡോളറിനു മുകളിൽ എത്തി. ഏഷ്യൻ വിപണികൾ പലതും കയറ്റത്തിലാണ്. യുഎസ് വിപണി ഇന്നലെ താഴ്ന്നു. നാളെ വരുന്ന ചില്ലറ വിലക്കയറ്റ കണക്കുകളാണു വിപണിക്കു ഹ്രസ്വകാല ലക്ഷ്യബോധം നൽകുക.

ഹോർമുസ് വിഷയത്തിൽ ചർച്ച ഇല്ലെന്ന നിലപാടിലേക്ക് ഇറാൻ മാറി. ഇറാഖുമായുള്ള യുദ്ധകാലത്തെ നായകരെ തിരിച്ചു വിളിച്ചു സേനാവിഭാഗങ്ങളുടെ തലവന്മാരായി നിയമിച്ചു. ഫെബ്രുവരി 28 ലെ ആക്രമണത്തിൽ മരിച്ച പലരുടെയും തസ്തികകൾ നികത്തിയിരുന്നില്ല. തീവ്രവാദികളുടെ മേധാവിത്തം കാണിക്കുന്നതാണ് പരമോന്നത നേതാവ് മുജ്താബ ഖമനെയ് നടത്തിയ നിയമനങ്ങൾ.

ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി തിങ്കളാഴ്ച രാത്രി 24,618.50 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 24,600 നും കയറിയിട്ട് 24,627 നുമിടയിൽ ചാഞ്ചാടി. ഇന്ത്യൻ വിപണി ഇന്നു ചെറിയ നഷ്‌ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതു സൂചിപ്പിക്കുന്നത്.

ചില്ലറ വിലക്കയറ്റം കൂടാം

ജൂലൈയിലെ ഇന്ത്യൻ ചില്ലറവിലസൂചിക ഇന്ന് വൈകുന്നേരം പ്രസിദ്ധീകരിക്കും. ജൂണിലെ 4.38 ൽ നിന്ന് 4.50 ശതമാനത്തിലേക്കു വിലക്കയറ്റം വർധിച്ചിട്ടുണ്ട് എന്നാണ് ധനകാര്യ നിരീക്ഷകരുടെ സർവേയിലെ നിഗമനം. ഭക്ഷ്യ വിലയിലാണു കൂടുതൽ വർധന.

യുഎസിലെ ചില്ലറ വിലക്കയറ്റ കണക്കും ഇന്നു പ്രസിദ്ധീകരിക്കും. വിലക്കയറ്റം ഉയർന്നു നിൽക്കും എന്നാണു നിഗമനം. പ്രതിമാസ വർധന O.1 ശതമാനവും വാർഷിക വർധന 3.4 ശതമാനവും ആകുമെന്നാണു നിഗമനം.

യുഎസ് വിപണി താഴോട്ട്

ഹോർമുസ് ധാരണ അകന്നുപോകുന്നതു യുഎസ് വിപണിയെ ഇന്നലെ ചെറിയ താഴ്ചയിലാക്കി.

ഓഹരിവിറ്റ് 1500 കോടി ഡോളർ സമാഹരിക്കാൻ പദ്ധതി അവതരിപ്പിച്ച ഇൻ്റൽ നാലു ശതമാനം ഇടിഞ്ഞു. എൻവിഡിയയും ആപ്പിളും താഴോട്ടായിരുന്നു.

ഇലോൺ മസ്കിൻ്റെ സ്പേസ് എക്സ് ഇന്നലെ താഴശതമാനത്തിലധികം ഉയർന്നു.

തിങ്കളാഴ്ച ഡൗ ജോൺസ് സൂചിക 60.95 പോയിൻ്റ് (0.11 ശതമാനം) താഴ്‌ന്ന് 53,975.98 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 4.53 പോയിൻ്റ് (0.06%) കുറഞ്ഞ് 7753.11 ൽ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് 85.26 പോയിൻ്റ് (0.32%) നഷ്ടത്തോടെ 26,605.36 ൽ ക്ലോസ് ചെയ്തു.

ഫ്യൂച്ചേഴ്സ് ഭിന്നദിശകളിൽ

ഹോർമുസ് വിഷയത്തെ തുടർന്നു യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു ഭിന്നദിശകളിലാണ്. ഡൗ ജോൺസ് 14 പോയിൻ്റ് (0.03%) താഴ്ന്നു. എസ് ആൻഡ് പി എട്ടു പോയിൻ്റും (0.10%) നാസ്ഡാക് 88 പോയിൻ്റും (0.30%) ഉയർന്നു നീങ്ങുന്നു.

എഡിആർ വിപണി

ന്യൂയോർക്കിലെ എഡിആർ (അമേരിക്കൻ ഡെപ്പോസിറ്ററി റെസീറ്റ്) വിപണിയിൽ തിങ്കളാഴ്ച എച്ച്ഡിഎഫ്സി ബാങ്ക് വ്യാപാര സമയത്ത് 0.76 ശതമാനം താഴ്ന്നിട്ടു തുടർവ്യാപാരത്തിൽ 0.09% കൂടി 23.47 ഡോളറിൽ ക്ലോസ് ചെയ്തു. ഐസിഐസിഐ ബാങ്ക് നിശ്ചിത സമയത്ത് 0.46% താഴ്ന്നിട്ട് തുടർ വ്യാപാരത്തിൽ മാറ്റമില്ലാതെ 30.08 ഡോളറിൽ അവസാനിച്ചു. ഇൻഫോസിസ് നിശ്ചിത സമയത്ത് 0.24% ഉയർന്ന ശേഷം തുടർവ്യാപാരത്തിൽ മാറ്റമില്ലാതെ 12.56 ഡോളറിൽ ക്ലോസ് ചെയ്തു. വിപ്രോ വിപണിസമയത്ത് 1.49% ഇടിഞ്ഞ ശേഷം തുടർവ്യാപാരത്തിൽ മാറ്റമില്ലാതെ 1.99 ഡോളറിൽ അവസാനിച്ചു.

യൂറോപ്പ് ഉയർന്നു

യൂറോപ്യൻ വിപണികൾ തിങ്കളാഴ്ച ചെറിയ കയറ്റം കാണിച്ചു. യുകെയിലെ എഫ്ടിഎസ്ഇ അൽപം താഴ്ന്നു.

എനർജി, സെമി കണ്ടക്ടർ ഓഹരികൾ നല്ല നേട്ടം ഉണ്ടാക്കി.

ഏഷ്യൻ വിപണികൾ പലവഴി

ഏഷ്യൻ വിപണികൾ ഇന്നു ഭിന്നദിശകളിലാണ്. ദക്ഷിണ കൊറിയയിൽ കോസ്‌പി സൂചിക 0.4 ശതമാനവും ജപ്പാനിൽ നിക്കൈ സൂചിക രണ്ടു ശതമാനവും ഉയർന്നു. തായ്‌വാൻ സൂചിക താഴ്ന്നു. ഹോങ് കോങ് ഉയർന്നപ്പോൾ ഷാങ്ഹായ് സൂചിക താഴ്ന്നു.

വിപണി ഫ്ലാറ്റ്

തിങ്കളാഴ്ച ഇന്ത്യൻ വിപണി കയറ്റിറക്കങ്ങൾക്കു ശേഷം കാര്യമായ മാറ്റമില്ലാതെ ക്ലോസ് ചെയ്തു. ഹോർമുസ് വിഷയത്തിൽ അടുത്തെങ്ങും പരിഹാരം ഉണ്ടാകുകയില്ല എന്ന ധാരണയാണു മുന്നേറ്റത്തിനു തടസം. ക്രൂഡ് ഓയിൽ വില കയുന്നത് ഇന്ത്യക്കു വലിയ ബാധ്യത ആകും.

പൊതുമേഖലാ ബാങ്ക് ഓഹരികൾ ഇന്നലെ വലിയ താഴ്ചയിലായി. എസ്ബിഐ 2.39 ഉം കനറാബാങ്ക് 2.24 ഉം ശതമാനം നഷ്‌ടത്തിലായി. ഏതാനും ദിവസങ്ങൾക്കു ശേഷം റിയൽറ്റി ഇന്നലെ നേട്ടം ഉണ്ടാക്കി.

പുതിയ ക്ലോസിംഗ് വിലനിർണയ രീതി നടപ്പാക്കിയ ആദ്യ ദിവസങ്ങളിൽ വ്യാപാരകൃത്രിമം നടന്നോ എന്നു സെബി പരിശോധന ആരംഭിച്ചു. പുതിയ രീതിക്കെതിരേ ചില്ലറ നിക്ഷേപകർ ബഹിഷ്‌കരണ ആഹ്വാനം നടത്തിയിരിക്കെ ആണ് പരിശോധന.

വിദേശനിക്ഷേപകർ തിങ്കളാഴ്ച അറ്റ വാങ്ങൽ തുടർന്നു. അവർ ക്യാഷ് വിപണിയിൽ 1974.76 കോടി രൂപയുടെ അറ്റ വാങ്ങൽ നടത്തി. സ്വദേശിഫണ്ടുകൾ 1290.29 കോടി രൂപയുടെ അറ്റവിൽപന നടത്തി.

തിങ്കളാഴ്ച സെൻസെക്‌സ് 43.27 പോയിൻ്റ് (0.06%) കയറി 78,542.44 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 13.15 പോയിൻ്റ് (0.05%) ഉയർന്ന് 24,583.80 ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 59.50 പോയിൻ്റ് (0.10%) നഷ്‌ടത്തോടെ 57,686.95 ൽ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 392.15 പോയിൻ്റ് (0.62%) കയറി 63,855.70 ൽ അവസാനിച്ചു. സ്മോൾ ക്യാപ് 100 സൂചിക 53.85 പോയിൻ്റ് (0.27%) താഴ്‌ന്ന് 19,813.95 ൽ ക്ലോസ് ചെയ്തു.

ബിഎസ്ഇയിൽ കൂടുതൽ ഓഹരികൾ താഴ്ന്നു .എൻഎസ്ഇയിൽ കയറ്റമായിരുന്നു കൂടുതൽ. ബിഎസ്ഇയിൽ 2148 ഓഹരികൾ കയറി, 2304 ഓഹരികൾ താഴ്ന്നു. എൻഎസ്ഇയിൽ 1727 എണ്ണം ഉയർന്നപ്പോൾ 1687 എണ്ണം താഴ്ന്നു.

കമ്പനികൾ, വാർത്തകൾ

അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിക്കും അനന്തരവൻ സാഗർ അദനിക്കും എതിരായ കേസ് ബ്രൂക്ക്ലിനിലെ യുഎസ് ഡിസ്ട്രിക്ട്ഡ് ജഡ്ജി തള്ളി. എന്നാൽ ഗ്രൂപ്പിലെ മറ്റ് ഉദ്യോഗസ്ഥർക്ക് എതിരായ കേസ് തള്ളുന്നതിൽ കോടതി കൂടുതൽ വിശദീകരണം ആവശ്യപ്പെട്ടു.

വോഡഫോൺ ഐഡിയ ഒന്നാം പാദത്തിൽ അറ്റനഷ്ടം63 ശതമാനം കുറച്ചു.

സീ എൻ്റർടെയ്ൻമെൻ്റിന് ഒന്നാം പാദത്തിൽ അറ്റാദായം പകുതിയായി ഇടിഞ്ഞു.

ജർമനിയിലെ ഉപകമ്പനിയുടെ അഴിച്ചു പണിയുമായി ബന്ധപ്പെട്ട ചെലവുകൾ മൂലം ഭാരത് ഫോർജിന് ഒന്നാം പാദത്തിൽ 90 കോടി രൂപയുടെ നഷ്‌ടം നേരിട്ടു.

സെപ്റ്റംബർ 30 -ന് നിഫ്റ്റി 50 സൂചികയിൽ ബിഎസ്ഇ ലിമിറ്റഡിനെ പെടുത്തും. വിപ്രോ പുറത്താകും. സൂചികയുടെ തുടക്കം മുതൽ ഉണ്ടായിരുന്നതാണ് വിപ്രോ.

സ്വർണം കുതിച്ചു

ഹോർമുസ് സമാധാന പ്രതീക്ഷ കുറയുകയും ക്രൂഡ് ഓയിൽ 90 ഡോളറിലേക്കു നീങ്ങുകയും ചെയ്തെങ്കിലും സ്വർണം കയറ്റം തുടർന്നു. ഇന്നലെ ഒരു ശതമാനത്തിലധികം നേട്ടത്തോടെ ഔൺസിന് 4390.10 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില 0.70 ശതമാനത്തിലധികം കുതിച്ച് 4422 ഡോളറിൽ എത്തി ഇനിയും കയറും എന്നാണു സൂചന. നാളെ പുറത്തുവരുന്ന ചില്ലറ വിലക്കയറ്റ കണക്ക് വിപണിഗതിയെ സ്വാധീനിക്കും.

കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് തിങ്കളാഴ്ച 280 രൂപ കുറഞ്ഞ് 1,11,440 രൂപയിൽ എത്തി.

വെള്ളിവില 3.4 ശതമാനം ഉയർന്നു തിങ്കളാഴ്ച ഔൺസിന് 65.60 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 66.25 ഡോളറിൽ എത്തി.

പ്ലാറ്റിനം 1759 ഡോളർ, പല്ലാഡിയം 1374 ഡോളർ, റോഡിയം 8325 ഡോളർ എന്നിങ്ങനെ നിൽക്കുന്നു.

ലോഹങ്ങൾ കയറുന്നു

തിങ്കളാഴ്ച ടിൻ ഒഴികെ വ്യാവസായിക ലോഹങ്ങൾ ഉയർന്നു. ചെമ്പ് 0.36 ശതമാനം വർധിച്ച് 14,289.90 ഡോളറിൽ എത്തി. അലൂമിനിയം 1.29 ശതമാനം കുതിച്ച് 3321.94 ഡോളർ ആയി. നിക്കലും സിങ്കും ലെഡ്ഡും ഉയർന്നു. ടിൻ താഴ്‌ന്നു.

റബർവില നാമമാത്രമായി കുറഞ്ഞു

രാജ്യാന്തര റബർവിലനാമമാത്രമായി കുറഞ്ഞു. കേരളത്തിൽ മാറ്റമില്ല. ബാങ്കോക്കിൽ ആർഎസ്എസ് ഒന്ന് ക്വിൻ്റലിന് 283.50 ഡോളറിലും ആർഎസ്എസ് മൂന്ന് 280.05 ഡോളറിലും എത്തി. കേരളത്തിൽ ആർഎസ്എസ് നാല് ക്വിൻ്റലിന് 28,400 രൂപയിലാണ്.

കൊക്കോയും കാപ്പിയും നേട്ടത്തിൽ

കൊക്കോ വില തിങ്കളാഴ്ച 2.11 ശതമാന കയറി ടണ്ണിന് 5904 ഡോളറിൽ എത്തി. കാലാവസ്ഥ പ്രതികൂലമായതിനാൽ ഉൽപാദനം 16 ശതമാനം കുറയുമെന്നാണു ഘാനയിലെ കൊക്കോ ബോർഡ് കണക്കാക്കുന്നത്. ഐവറി കോസ്റ്റിലും ഉൽപാദനം 10 ശതമാനത്തിലധികം ഇടിയും. ഏറ്റവുമധികം കൊക്കോ ഉൽപാദിപ്പിക്കുന്ന രാജ്യങ്ങളാണ് ഇവ. ഏഷ്യയിലും ലാറ്റിൻ അമേരിക്കയിലും കൂടി ഉൽപാദനം ഒരു ലക്ഷം ടൺ കുറയുമെന്നാണ് എസ്റ്റിമേറ്റ്.

അറബിക്ക കാപ്പിവില 0.22 ശതമാനം കയറി പൗണ്ടിന് 3.15 ഡോളർ ആയി. എൽ നിനോ മൂലം അടുത്ത വർഷത്തെ ഉൽപാദനം കുറയും എന്ന ആശങ്കയുണ്ട്.

ഡോളർ സൂചിക കയറുന്നു

യുഎസ് ഡോളർ സൂചിക തിങ്കളാഴ്ച ഉയർന്ന് 99.81 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക 99.76 വരെ താഴ്ന്നു.

യൂറോ 1.1549 ഡോളറിലേക്കും പൗണ്ട് 1.3513 ഡോളറിലേക്കും എത്തി. ജാപ്പനീസ് യെൻ ഒരു ഡോളറിന് 159.00 യെൻ എന്ന നിലയിലേക്ക് താഴ്ന്നു. ചൈനീസ് യുവാൻ ഡോളറിന് 6.75 യുവാനിൽ തുടർന്നു.

അമേരിക്കയിൽ 10 വർഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം (yield) ഇന്നു രാവിലെ 4.705 ശതമാനത്തിലേക്കു കയറി.

രൂപ താഴ്ന്നു

തിങ്കളാഴ്ച തുടക്കത്തിൽ ഇന്ത്യൻ രൂപ നേട്ടമുണ്ടാക്കിയ ശേഷം നഷ്‌ടത്തിൽ അവസാനിച്ചു. ഡോളർ 10 പൈസ കൂടി 95.30 രൂപയിൽ ക്ലോസ് ചെയ്തു.

വിദേശത്തെ നോൺ ഡെലിവെറേബിൾ ഫോർവേഡ് (എൻഡിഎഫ്) വിപണിയിൽ ഡോളർ ഇന്നു രാവിലെ 95.40 രൂപയിൽ ആണ്. ചൈനീസ് യുവാൻ 14.12 രൂപയിലേക്കും യൂറോ 110.05 രൂപയിലേക്കും കയറി.

ക്രൂഡ് ഓയിൽ കുതിച്ചു

തിങ്കളാഴ്ച ക്രൂഡ് ഓയിൽ വില അഞ്ചു ശതമാനം കുറിച്ചു. ഹോർമുസ് കരാർ സാധ്യത കുറഞ്ഞതാണു സാഹചര്യം.

ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ വീപ്പയ്ക്ക് 87.71 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില അൽപം കൂടി 87.83 ഡോളർ ആയി. ഡബ്ള്യുടിഐ ഇനം 82.20 ഡോളറിൽ എത്തി.

ക്രിപ്റ്റോകൾ ഇടിവിൽ

ക്രിപ്റ്റോകറൻസികൾ വീണ്ടും താഴ്ന്നു. ബിറ്റ് കോയിൻ ഇന്നു രാവിലെ 63,950 ഡോളറിനു താഴെ എത്തി. ഈഥർ 1875 ഡോളറിനും സൊലാന 76.00 ഡോളറിനും താഴെയായി.

വിപണിസൂചനകൾ

(2026 ഓഗസ്റ്റ് 10, തിങ്കൾ)

സെൻസെക്സ് 78,542.44 +0.06%

നിഫ്റ്റി50 24,583.80 +0.05%

ബാങ്ക് നിഫ്റ്റി 57,686.95 -0.10%

മിഡ്ക്യാപ്100 63,855.70 +0.62%

സ്മോൾക്യാപ്100 19,813.95 -0.27%

ഡൗജോൺസ് 53,975.98 -0.11%

എസ്ആൻഡ്പി 7753.11 -0.of%

നാസ്ഡാക് 26,605.36 -0.32%

ഡോളർ ₹95.30 +₹0.10

സ്വർണം(ഔൺസ്)$4390.10 +$46.80

സ്വർണം(പവൻ) ₹1,11,440 -₹280

ക്രൂഡ്ഓയിൽബ്രെൻ്റ് $87.72 +$4.65

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT