രാജ്യാന്തര തലത്തിൽ വ്യാപാരയുദ്ധം തീവ്രമായി. സ്റ്റീൽ, അലൂമിനിയം ഇറക്കുമതികൾക്ക് 25 ശതമാനം ചുങ്കം ചുമത്തിയ യുഎസ് പ്രസിഡൻ്റ് മറ്റ് ഉൽപന്നങ്ങളുടെ കാര്യത്തിലും ചുങ്കം ചുമത്താനാണ് ഒരുങ്ങുന്നത്.
ചില്ലറവിലക്കയറ്റം, വ്യവസായ ഉൽപാദന സൂചിക, കയറ്റിറക്കുമതി എന്നിവയുടെ കണക്കുകൾ നാളെ പുറത്തു വരും. അതു വിപണിയെ സ്വാധീനിക്കാം.
നാലു ദിവസം തുടർച്ചയായി താഴ്ന്ന വിപണി ഇന്ന് ഒരാശ്വാസ റാലി പ്രതീക്ഷിക്കുന്നുണ്ട്. എങ്കിലും വിശാലവിപണിയുടെ മനോഭാവം ദുർബലമാണ്. സാമ്പത്തിക വളർച്ച സംബന്ധിച്ച ആശങ്കയാണു പ്രധാന കാരണം.
ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി 23,492.50 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 23,485 ആയി. ഇന്ത്യൻ വിപണി ഇന്നു നേട്ടത്തിൽ വ്യാപാരം തുടങ്ങുമെന്നാണ് ഇതു സൂചിപ്പിക്കുന്നത്.
യൂറോപ്യൻ വിപണികൾ തിങ്കളാഴ്ച ഉയർന്നു. ട്രംപിൻ്റെ ചുങ്കം ഭീഷണിയെ വിപണി കാര്യമായി എടുത്തില്ല മിക്ക സൂചികകളും റെക്കോർഡ് ഉയരത്തിൽ എത്തി. പോൾ സിംഗറുടെ ആക്ടിവിസ്റ്റ് നിക്ഷേപ ഗ്രൂപ്പായ എലിയട്ട് മാനേജ്മെൻ്റ് ബ്രിട്ടീഷ് പെട്രോളിയത്തിൽ ഓഹരി എടുത്തെന്ന റിപ്പോർട്ടിനെ തുടർന്ന് ബിപി ഓഹരി 7.4 ശതമാനം കുതിച്ചു.
യുഎസ് വിപണി തിങ്കളാഴ്ച ഉയർന്നു. സ്റ്റീൽ, അലൂമിനിയം ഇറക്കുമതികൾക്കു ട്രംപ് ഭരണകൂടം 25 ശതമാനം ചുങ്കം ചുമത്തിയത് യുഎസ് മെറ്റൽ കമ്പനികളെ ഉയർത്തി. തുടക്കത്തിൽ വിലക്കയറ്റവും ഡിമാൻഡ് കുറയലും ഉണ്ടാകുമെങ്കിലും ക്രമേണ ഈ 6 മേഖലയിൽ മൂലധന നിക്ഷേപം വർധിക്കുമെന്നാണു പൊതുവേ വിലയിരുത്തുന്നത്.
നാളെ യുഎസ് ചില്ലറ വിലക്കയറ്റ റിപ്പോർട്ടും തുടർന്നു തൊഴിലില്ലായ്മ, മൊത്തവില കണക്കും വരും. ഇന്നു ഫെഡ് ചെയർമാൻ ജെറോം പവൽ യുഎസ് കോൺഗ്രസിൽ സംസാരിക്കുന്നുണ്ട്. പലിശഗതി സംബന്ധിച്ച ഫെഡ് നയം അദ്ദേഹം വിശദീകരിക്കും.
ഡൗ ജോൺസ് സൂചിക 167.01 പോയിൻ്റ് (0.38%) ഉയർന്ന് 44,470.40 ൽ ക്ലാേസ് ചെയ്തു. എസ് ആൻഡ് പി 500 സൂചിക 40.45 പോയിൻ്റ് (0.67%) കയറി 6066.44 ലും നാസ്ഡാക് സൂചിക 190.87 പോയിൻ്റ് (0.98%) നേട്ടത്തോടെ 19,714.30 ലും അവസാനിച്ചു.
ഫ്യൂച്ചേഴ്സിൽ ഡൗജോൺസ് 0.17 ഉം എസ് ആൻഡ് പി 0.22 ഉം നാസ്ഡാക് 0.28 ഉം ശതമാനം താഴ്ന്നു.
യുഎസ് 10 വർഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം 4.505 ശതമാനത്തിലേക്കു കയറി. മിക്കവാറും ഏഷ്യൻ വിപണികൾ രാവിലെ ഉയർന്നു. ജപ്പാനിൽ നിക്കൈ നാമമാത്രമായി കയറി. ചൈനീസ് വിപണിയും കയറി.
ട്രംപിൻ്റെ ചുങ്കം ഭീഷണിയിൽ ഇന്ത്യൻ വിപണി തുടർച്ചയായ നാലാം ദിവസവും ഇടിഞ്ഞു. മുഖ്യ സൂചികകൾ മുക്കാൽ ശതമാനം താഴ്ന്നപ്പോൾ മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ രണ്ടു ശതമാനത്തിലധികം ഇടിവിലായി. എല്ലാ വ്യവസായ മേഖലകളും ഇന്നലെ നഷ്ടം കുറിച്ചു.
റിയൽറ്റി, മെറ്റൽ, കൺസ്യൂമർ ഡ്യൂറബിൾസ്, ഓട്ടോ, ഫാർമ, ഹെൽത്ത് കെയർ, ഓയിൽ - ഗ്യാസ്, മീഡിയ, ബാങ്ക്, ധനകാര്യ, ഐടി മേഖലകൾ കൂടുതൽ താഴ്ന്നു.
സ്റ്റീൽ, അലൂമിനിയം ഇറക്കുമതികൾക്ക് ട്രംപ് ചുങ്കം ചുമത്തിയത് ഇന്ത്യയെ നേരിട്ടു ബാധിക്കുകയില്ല. കാരണം ഇന്ത്യയിൽ നിന്നു യുഎസിലേക്ക് നാമമാത്ര കയറ്റുമതിയേ ഉള്ളൂ. എന്നാൽ യുഎസ് വാങ്ങൽ കുറയുമ്പോൾ ചൈന അടക്കമുള്ള വലിയ കയറ്റുമതിക്കാർ ഇവ ഇന്ത്യയിലേക്ക് വിലകുറച്ചു വിൽക്കും. അത് ഇന്ത്യൻ കമ്പനികളെ വിഷമത്തിലാക്കും. അതാണ് വിഷയം.
തിങ്കളാഴ്ച നിഫ്റ്റി 178.35 പോയിൻ്റ് (0.76%) താഴ്ന്ന് 23,381.60 ൽ ക്ലോസ് ചെയ്തു. സെൻസെക്സ് 548.39 പോയിൻ്റ് (0.70%) കുറഞ്ഞ് 77,311.80 ൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 177.85 പോയിൻ്റ് (0.35%) താഴ്ന്ന് 49,981.00 ൽ അവസാനിച്ചു. മിഡ് ക്യാപ് സൂചിക 2.12 ശതമാനം (1138.10 പോയിൻ്റ്) ഇടിഞ്ഞ് 52,471.05 ൽ എത്തിയപ്പോൾ സ്മോൾ ക്യാപ് സൂചിക 2.11 ശതമാനം നഷ്ടത്തോടെ 16,648.70 ൽ ക്ലോസ് ചെയ്തു.
വിദേശനിക്ഷേപകർ തിങ്കളാഴ്ച ക്യാഷ് വിപണിയിൽ 2463.72 കോടി രൂപയുടെ അറ്റ വിൽപന നടത്തി. സ്വദേശി ഫണ്ടുകളും ധനകാര്യ സ്ഥാപനങ്ങളും കൂടി 1515.52 കോടി രൂപയുടെ അറ്റ വാങ്ങലും നടത്തി.
വിശാലവിപണിയിലെ കയറ്റ - ഇറക്ക അനുപാതം ഇറക്കത്തിന് അനുകൂലമായി തുടരുന്നു. ബിഎസ്ഇയിൽ 993 ഓഹരികൾ ഉയർന്നപ്പോൾ 3125 ഓഹരികൾ താഴ്ന്നു. എൻഎസ്ഇയിൽ 627 എണ്ണം ഉയർന്നു, താഴ്ന്നത് 2258 എണ്ണം. നിഫ്റ്റി ഇന്നും ദുർബലമായാൽ 23,200 വരെ ഇടിയാം. ഇന്ന് ഉയരുന്ന പക്ഷം 23,450 ൽ തടസം നേരിടാം. നിഫ്റ്റിക്ക് ഇന്ന് 23,330 ലും 23,270 ലും ഹ്രസ്വകാല പിന്തുണ കിട്ടാം. 23,520 ഉം 23,580 ഉം തടസങ്ങൾ ആകാം.
ലൂപിൻ, ബെർജർ പെയിൻ്റ്സ്, വോഡഫോൺ ഐഡിയ, ബേയർ ക്രോപ് സയൻസസ്, ബിർലാ സോഫ്റ്റ്, സെല്ലോ വേൾഡ്, ഇർകോൺ, ഐആർസിടിസി, എൻബിസിസി, സെയിൽ, ടോളിൻസ് ടയേഴ്സ് തുടങ്ങിയവ ഇന്നു മൂന്നാം പാദ റിസൽട്ട് പുറത്തുവിടും.,
സ്വർണവില കയറ്റം തുടരുകയാണ്. ഔൺസിനു 2900 ഡോളറിനു മുകളിൽ കയറിയ സ്വർണം ഹ്രസ്വകാല ലക്ഷ്യം 3000 ഡോളറിൽ നിന്ന് 3250-3500 ഡോളറിലേക്ക് ഉയർത്തി എന്നാണു വിപണിയുടെ വിലയിരുത്തൽ. ട്രംപിൻ്റെ ചുങ്കം ചുമത്തലുകളുടെ പശ്ചാത്തലത്തിൽ സുരക്ഷിത നിക്ഷേപം എന്ന ഭദ്രത സ്വർണത്തിനു മാത്രമാണ് ഉള്ളതെന്നു പലരും കരുതുന്നു.
തിങ്കളാഴ്ച സ്വർണം ഔൺസിന് 2908.30 ഡോളർ വരെ കയറി ക്ലോസ് ചെയ്തു. ഇന്നു രാവിലെ സ്വർണം ഔൺസിന് 2932 ഡോളർ വരെ കയറിയിട്ട് അൽപം താഴ്ന്നു. ഏപ്രിൽ അവധിവില 2954 ഡോളർ വരെ ഉയർന്നു.
കേരളത്തിൽ തിങ്കളാഴ്ച സ്വർണവില പവന് 280 രൂപ കയറി 63,840 രൂപ എന്ന റെക്കോർഡ് കുറിച്ചു. ഇന്നു വില ഗണ്യമായി ഉയരും.
വെള്ളിവില ഔൺസിന് 32.07 ഡോളർ ആയി.
യുഎസ് കടപ്പത്രങ്ങളുടെ വില വീണ്ടും കുറഞ്ഞു, അവയിലെ നിക്ഷേപനേട്ടം കൂടി.10 വർഷ കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം 4.49 ൽ നിന്ന് 4.51 ശതമാനത്തിലേക്കു ലേക്കു കയറി. ഇതേ സമയം ഡോളർ സൂചിക തിങ്കളാഴ്ച ഉയർന്ന് 108.32 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 108.38 ആയി.
രൂപ തിങ്കളാഴ്ച വലിയ ഇടിവിനു ശേഷം തിരിച്ചു കയറി ചെറിയ നഷ്ടത്തിൽ അവസാനിച്ചു. രാവിലെ വ്യാപാരം തുടങ്ങിയപ്പോൾ 87.95 രൂപ വരെ ഉയർന്ന ഡോളർ ഒടുവിൽ 87.48 രൂപയിൽ ക്ലോസ് ചെയ്തു. നേട്ടം അഞ്ചു പൈസ. ഇന്നും രൂപ സമ്മർദത്തിലാകും എന്നാണു സൂചന. രൂപയുടെ വിനിമയ നിരക്കിനെ പറ്റി ആശങ്ക ഇല്ലെന്നു റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര ഇന്നലെ പറഞ്ഞു. എങ്കിലും ഇന്നലെ റിസർവ് ബാങ്ക് വലിയ തോതിൽ ഡോളർ ഇറക്കി രൂപയെ ഉയർത്തി.
ക്രൂഡ് ഓയിൽ കയറ്റം തുടരുകയാണ്. ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ 1.2 ശതമാനം ഉയർന്ന് 75.87 ഡോളറിൽ എത്തി. ഇന്നു രാവിലെ 75.98 ഡോളർ ആയി ഉയർന്നു. ഡബ്ല്യുടിഐ ഇനം 72.37 ഡോളർ ആയി. യുഎഇയുടെ മർബൻ ക്രൂഡ് 78.29 ഡോളറിലേക്കു കയറി.
ക്രിപ്റ്റോ കറൻസികൾക്കു ട്രംപ് ഭരണകൂടം എന്തു സ്ഥാനമാണു നൽകുക എന്നതു വ്യക്തമാകാത്തതിനാൽ വിപണി ചാഞ്ചാടുകയാണ്. ബിറ്റ് കോയിൻ 97,420 ഡോളറിനടുത്താണ്. ഈഥർ വില താഴ്ന്ന് 2660 ഡോളറിൽ എത്തി.
വ്യാവസായിക ലോഹങ്ങൾ ഭിന്ന ദിശകളിലായി. ചെമ്പ് 0.45 ശതമാനം ഉയർന്ന് ടണ്ണിന് 9330.16 ഡോളറിലെത്തി. അലൂമിനിയം 0.97 ശതമാനം കയറി 2658.50 ഡോളർ ആയി. ടിൻ 0.21 ശതമാനം ഉയർന്നു. ലെഡ് 1.65 ഉം നിക്കൽ 1.04 ഉം സിങ്ക് 1.08 ഉം ശതമാനം താഴ്ന്നു.
(2024 ഫെബ്രുവരി 10, തിങ്കൾ)
സെൻസെക്സ് 30 77,311.80 -0.70%
നിഫ്റ്റി50 23,381.60 -0.76%
ബാങ്ക് നിഫ്റ്റി 49,981.00 -0.35%
മിഡ് ക്യാപ് 100 52,471.05 -2.12%
സ്മോൾ ക്യാപ് 100 16,648.70 -2.11%
ഡൗ ജോൺസ് 44,470.40 +0.38%
എസ് ആൻഡ് പി 6066.44 +0.67%
നാസ്ഡാക് 19,714.30 +0.98%
ഡോളർ($) ₹87.48 +₹0.05
ഡോളർ സൂചിക 108.32 +0.28
സ്വർണം (ഔൺസ്) $2908.30 +$47.20
സ്വർണം(പവൻ) ₹63,840 +₹280.00
ക്രൂഡ് (ബ്രെൻ്റ്) ഓയിൽ $75.87 +$01.21
Read DhanamOnline in English
Subscribe to Dhanam Magazine