അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് തീരുവയുദ്ധം രൂക്ഷമാക്കുകയാണ്. അയൽ രാജ്യമായ കാനഡയ്ക്ക് 35 ശതമാനം ചുങ്കം ചുമത്തി. മറ്റു മിക്ക രാജ്യങ്ങൾക്കും 15 മുതൽ 20 വരെ ശതമാനം ചുങ്കം ചുമത്തുമെന്നു പ്രഖ്യാപിക്കുകയും ചെയ്തു. സ്റ്റീൽ, അലുമിനിയം, ചെമ്പ്, വാഹനങ്ങൾ, ഔഷധങ്ങൾ തുടങ്ങിയവയ്ക്കു പ്രഖ്യാപിച്ചിട്ടുള്ള ഉയർന്ന നിരക്കിനു പുറമേയാണിത്.
ഇന്ത്യയുമായുള്ള കരാറിനെപ്പറ്റി ട്രംപ് ഒന്നും പറഞ്ഞില്ല. ചർച്ചകൾ തുടരാൻ ഇന്ത്യൻ സംഘം ഈ ദിവസങ്ങളിൽ വാഷിംഗ്ടണിൽ എത്തും. ഇടക്കാല കരാർ തയാറായി എന്ന പ്രസ്താവന ഇന്ത്യ വിഴുങ്ങേണ്ടി വന്നു.
നിലവിൽ എല്ലാ രാജ്യങ്ങൾക്കും ഉള്ള 10 ശതമാനം ശിഷ്ട രാജ്യങ്ങൾക്ക് എത്രയായി വർധിപ്പിക്കുമെന്ന് ഈ ദിവസങ്ങളിൽ പ്രഖ്യാപിക്കും എന്ന് ട്രംപ് ഒരു മീറ്റ് ദ പ്രസ് പരിപാടിയിൽ പറഞ്ഞു. ഇതോടെ യുഎസ് ഫ്യൂച്ചേഴ്സ് താണു, ഏഷ്യൻ വിപണികൾ ദുർബലമായി, സ്വർണം കയറി, ക്രൂഡ് ഓയിൽ ഉയർന്നു. ഇന്ത്യൻ വിപണിയും താഴ്ന്ന തുടക്കമാണു പ്രതീക്ഷിക്കുന്നത്.
കാനഡ യുഎസ് തീരുവകൾക്കു ബദൽ തീരുവ പ്രഖ്യാപിച്ചതു പരിഗണിച്ചാണ് ഉയർന്ന നിരക്ക് പ്രഖ്യാപിച്ചതെന്നു ട്രംപ് വ്യക്തമാക്കി.
ടിസിഎസും ടാറ്റാ എൽക്സിയും ഇന്നലെ പ്രഖ്യാപിച്ച ഒന്നാം പാദ ഫലങ്ങൾ വിപണിയുടെ ആശങ്കകൾ ശരിവയ്ക്കുന്നതായി. ടിസിഎസിനു വിറ്റുവരവ് കുറഞ്ഞു. അറ്റാദായം ആറു ശതമാനം കൂടി. മൂന്നു ശതമാനമായിരുന്നു പ്രതീക്ഷ. പക്ഷേ പ്രമുഖ ബ്രോക്കറേജുകൾ ഓഹരിയുടെ ലക്ഷ്യവില താഴ്ത്തി. ഇന്ന് ഓഹരിവില താഴുമെന്നു കരുതപ്പെടുന്നു.
ഐടി കമ്പനികളായ ഇൻഫോസിസിൻ്റെയും വിപ്രോയുടെയും എഡിആറുകൾ ഇന്നലെ രാത്രി ന്യൂയോർക്കിൽ യഥാക്രമം നാലും അഞ്ചും ശതമാനം ഇടിഞ്ഞു. ഐടി ഓഹരികൾക്ക് ഇതു നൽകുന്ന സൂചന നെഗറ്റീവാണ്.
ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി വ്യാഴാഴ്ച രാത്രി 25,336.50 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 25,268 ലേക്കു താഴ്ന്നിട്ട് അൽപം കയറി. വിപണി ഇന്നു ഗണ്യമായി താഴ്ന്നു വ്യാപാരം തുടങ്ങും എന്നാണ് ഇതു സൂചിപ്പിക്കുന്നത്.
യൂറോപ്യൻ വിപണികൾ ഇന്നലെയും നേട്ടത്തിൽ അവസാനിച്ചു. തീരുവ സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതിനിടയിലും ബ്രിട്ടീഷ്, ഫ്രഞ്ച് സൂചികകൾ ഒന്നര ശതമാനത്താേളം കയറി. ജർമൻ ഓഹരികൾ അൽപം താഴ്ന്നു. തീരുവകാര്യത്തിൽ പ്രസിഡൻ്റ് ട്രംപ് അവസാന നിമിഷം പിന്മാറും എന്നു യൂറോപ്യൻ നിക്ഷേപകർ ഇന്നലെ കരുതി.
തീരുവപ്രഖ്യാപനങ്ങളെ അവഗണിച്ച യുഎസ് വിപണിയിൽ ഇന്നലെ എസ് ആൻഡ് പി 500 ഉം നാസ്ഡാക് കോംപസിറ്റും റെക്കോർഡ് നിലയിൽ ക്ലോസ് ചെയ്തു.
ഡൗ ജോൺസ് സൂചിക 192.34 പോയിൻ്റ് (0.43%) ഉയർന്ന് 44,650.64 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 500 സൂചിക 17.20 പോയിൻ്റ് (0.27%) നേട്ടത്തോടെ 6280.46 ൽ റെക്കോർഡ് കുറിച്ച് അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് സൂചിക 19.33 പോയിൻ്റ് (0.09%) ഉയർന്ന് 20,630.66 എന്ന റെക്കോർഡിൽ ക്ലോസ് ചെയ്തു.
യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു വലിയ താഴ്ചയിലാണ്. ഡൗ 0.52 ഉം എസ് ആൻഡ് പി 0.51 ഉം നാസ്ഡാക് 0.56 ഉം ശതമാനം താഴ്ന്നു നീങ്ങുന്നു.
ഏഷ്യൻ വിപണികൾ പലതും ഇന്നു താഴ്ചയിലാണ്. ജപ്പാനിൽ നിക്കൈ സൂചിക രാവിലെ ഉയർന്നു തുടങ്ങിയിട്ട് നേട്ടങ്ങൾ കൈവിട്ടു. കൊറിയൻ വിപണിയും ഇതേ വഴിയിലാണ്. ഹോങ് കോങ്, ചൈനീസ് വിപണികൾ താഴ്ന്നു വ്യാപാരം തുടങ്ങി.
അമേരിക്കയുമായുള്ള വ്യാപാരകരാറിൽ ധാരണ ആയില്ല എന്നത് ഇന്നലെ ഇന്ത്യൻ വിപണിയെ വീണ്ടും താഴ്ത്തി. ഒപ്പം കമ്പനികളുടെ ഒന്നാം പാദ റിസൽട്ട് പ്രതീക്ഷയിലും മോശമാകുമെന്ന വിലയിരുത്തലുകളും വിപണിയെ ദുർബലമാക്കി. റിയൽറ്റി, മെറ്റൽ, കൺസ്യൂമർ ഡ്യൂറബിൾ മേഖലകൾ മാത്രമാണ് ഇന്നലെ ഉയർന്നത്.
അമേരിക്കൻ നിക്ഷേപസ്ഥാപനം ജെയ്ൻ സ്ട്രീറ്റ് നടത്തിയ തട്ടിപ്പിനെ തുടർന്നു താഴ്ന്ന ബിഎസ്ഇ ലിമിറ്റഡ്, ഡെപ്പോസിറ്ററി സ്ഥാപനമായ സിഡിഎസ്എൽ, ബ്രോക്കറേജ് ഏഞ്ചൽ വൺ എന്നിവ ഇന്നലെയും ഉയർന്നു. എന്നാൽ നുവാമ വെൽത്ത് മാനേജ്മെൻ്റ് ഇന്നലെ നേരിയ നേട്ടത്തിലായി.
അമേരിക്കൻ ഷോർട്ട് സെല്ലിംഗ് കമ്പനി ധനകാര്യ വെട്ടിപ്പ് ആരോപിച്ച വേദാന്ത ഗ്രൂപ്പിൻ്റെ കമ്പനികൾക്ക് - വേദാന്തലിമിറ്റഡ്, ഹിന്ദുസ്ഥാൻ സിങ്ക് - ഇന്നലെ നാമമാത്ര താഴ്ചയേ ഉണ്ടായുള്ളു. സ്വർണവില കുറയുന്നതിൻ്റെ പേരിൽ ബുധനാഴ്ച താഴ്ന്ന മണപ്പുറം ഫിനാൻസ് ഇന്നലെ ഒരു ശതമാനത്തിലധികം ഉയർന്നു.
വ്യാഴാഴ്ച നിഫ്റ്റി 120.85 പോയിൻ്റ് (0.47%) താഴ്ന്ന് 25,355.25 ൽ ക്ലോസ് ചെയ്തു. സെൻസെക്സ് 345.80 പോയിൻ്റ് (0.41%) കുറഞ്ഞ് 83,190.28 ൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 257.55 പോയിൻ്റ് (0.45%) താഴ്ന്ന് 56,956.00 ൽ അവസാനിച്ചു. മിഡ് ക്യാപ് 100 സൂചിക 179.65 പോയിൻ്റ് (0.30%) കുറഞ്ഞ് 59,159.95 ൽ എത്തി. സ്മോൾ ക്യാപ് 100 സൂചിക 51.15 പോയിൻ്റ് (0.27.%) കയറി 19,007.40 ൽ ക്ലോസ് ചെയ്തു.
വിശാല വിപണിയിലെ കയറ്റ - ഇറക്ക അനുപാതം ഇറക്കത്തിന് അനുകൂലമായി തുടർന്നു. ബിഎസ്ഇയിൽ 1887 ഓഹരികൾ ഉയർന്നപ്പോൾ 2142 ഓഹരികൾ ഇടിഞ്ഞു. എൻഎസ്ഇയിൽ ഉയർന്നത് 1387 എണ്ണം. താഴ്ന്നത് 1521 ഓഹരികൾ.
എൻഎസ്ഇയിൽ 68 ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന വിലയിൽ എത്തിയപ്പോൾ താഴ്ന്ന വിലയിൽ എത്തിയത് 29 എണ്ണമാണ്. 101 ഓഹരികൾ അപ്പർ സർകീട്ടിൽ എത്തിയപ്പോൾ 34 എണ്ണം ലോവർ സർകീട്ടിൽ എത്തി.
വിദേശനിക്ഷേപകർ ഇന്നലെ ക്യാഷ് വിപണിയിൽ 221.06 കാേടി രൂപയുടെ അറ്റ വാങ്ങൽ നടത്തി. സ്വദേശി ഫണ്ടുകൾ 591.33 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
ഇന്നലെ 25,400 നിലനിർത്താൻ കഴിയാതെ താഴ്ന്ന നിഫ്റ്റി കൂടുതൽ താഴേക്കു നീങ്ങും എന്നു സാങ്കേതിക വിശകലന വിദഗ്ധർ പറയുന്നു. പല ഓഹരികളുടെയും പിഇ അനുപാതം താഴ്ത്തേണ്ടി വരുമെന്നു വിദേശ ബ്രോക്കറേജുകൾ കരുതുന്നു. 25,300 ലെ പിന്തുണ നഷ്ടമാക്കിയാൽ നിഫ്റ്റി 25,000 നു താഴെ എത്തേണ്ടി വരും എന്നാണു വിലയിരുത്തൽ.
ഇന്നു നിഫ്റ്റിക്ക് 25,330 ഉം 25,220 ഉം പിന്തുണയാകും. 25,480 ലും 25,530 ലും തടസം ഉണ്ടാകാം.
ചെമ്പിനു യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച 50 ശതമാനം ചുങ്കം ഓഗസ്റ്റ് ഒന്നിനാണു നടപ്പാക്കുന്നത്. ഇതോടെ മൂന്നു പ്രധാന വ്യാവസായിക ലോഹങ്ങളുടെയും -അലൂമിനിയം, സ്റ്റീൽ, ചെമ്പ് - അമേരിക്കയിലെ ഇറക്കുമതിച്ചുങ്കം 50 ശതമാനമാകും. അമേരിക്ക ഉപയോഗിക്കുന്ന ചെമ്പിൻ്റെയും അലൂമിനിയത്തിൻ്റെയും 50 ശതമാനം വീതവും സ്റ്റീലിൻ്റെ 22 ശതമാനവും ഇറക്കുമതിയാണ്.
ഉയർന്ന തീരുവ അമേരിക്കയിലെ വാഹനങ്ങൾ അടക്കം ഫാക്ടറി ഉൽപന്നങ്ങളുടെയും കെട്ടിട നിർമാണങ്ങളുടെയും ചെലവ് വളരെയധികം വർധിപ്പിക്കും. മറ്റു രാജ്യക്കാർ ചെമ്പ് ടണ്ണിനു 10,000 ഡോളർ നൽകുമ്പോൾ അമേരിക്കൻ ജനങ്ങളും വ്യവസായികളും 15,000 ഡോളർ നൽകേണ്ട നിലയാണു വരുന്നത്. യുഎസിലെ കോമെക്സിൽ ഇന്നലെ ചെമ്പുവില ഗണ്യമായി ഉയർന്നപ്പോൾ ലണ്ടനിൽ ചെറിയ കയറ്റമേ ഉണ്ടായുള്ളു.. ചൈനയിലെ ഷാങ്ഹായിയിൽ വില താഴ്ന്നു.
ഡിസംബറിൽ അമേരിക്കൻ ഇറക്കുമതിയുടെ ശരാശരി ചുങ്കം 2.4 ശതമാനമായിരുന്നത് ഇന്നലെ വരെയുള്ള തീരുവ പ്രഖ്യാപനങ്ങളോടെ 17.5 ശതമാനമായി. ഇതു വിലക്കയറ്റ നിരക്കിൽ 1.7 ശതമാനം വർധന വരുത്തും. ശരാശരി കുടുംബച്ചെലവ് വർഷം 2300 ഡോളർ കൂടും.
സ്വർണത്തിൻ്റെ തിരിച്ചുകയറ്റം ഇന്നലെ സാവധാനമായിരുന്നു. ഡോളർ ശക്തമാകുന്നതും അമേരിക്കൻ ഓഹരികളും കടപ്പത്രങ്ങളും ഉയരുന്നതും സ്വർണത്തിലേക്കുള്ള ഒഴുക്ക് കുറച്ചു. ഇന്നലെ സ്വർണം ഔൺസിന് 3325.82 ഡോളറിൽ ക്ലോസ് ചെയ്തു. എന്നാൽ ഇന്നു രാവിലെ സ്വർണം 3335 ഡോളറിലേക്കു കുതിച്ചു കയറി. ട്രംപിൻ്റെ വ്യാപാരനയങ്ങളുടെ അപകടം ഓഹരിവിപണി വേണ്ട രീതിയിൽ കണക്കിലെടുത്തിട്ടില്ലെന്ന് ജെപി മോർഗൻ ചേയ്സ് ബാങ്കിൻ്റെ മേധാവി ജയ്മീ ഡിമൺ വിമർശിച്ചതാണു സ്വർണത്തെ ഉയർത്തിയത്.
കേരളത്തിൽ വ്യാഴാഴ്ച പവനു 160 രൂപ കൂടി 72,160 രൂപയായി. ഇന്നും വില കൂടാം.
വെള്ളിവില ഔൺസിന് 37.02 ഡോളറിലേക്ക് കയറി.
ഇന്നലെ ലണ്ടൻ മെറ്റൽ എക്സ്ചേഞ്ചിൽ ചെമ്പ് 1.22 ശതമാനം ഉയർന്നു ടണ്ണിന് 9751.85 ഡോളറിൽ എത്തി. അലൂമിനിയം 0.21 ശതമാനം കയറി 2609.85 ഡോളർ ആയി. നിക്കലും ലെഡും ടിന്നും സിങ്കും ഉയർന്നു.
റബർ രാജ്യാന്തര വിപണിയിൽ കിലോഗ്രാമിന് 0.06 ശതമാനം കൂടി 162.70 സെൻ്റിൽ എത്തി. കൊക്കോ ടണ്ണിന് 8742.00 ഡോളർ ആയി. കാപ്പി 1.42 ശതമാനം ഉയർന്നു. തേയില 0.58 ശതമാനം കയറി. പാം ഓയിൽ വില 0.24 ശതമാനം കയറി.
യുഎസ് ഡോളർ ഇന്നലെയും അൽപം ഉയർന്നു. ഡോളർ സൂചിക 97.65 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 97.84 ലേക്കു കയറി.
കറൻസി വിപണിയിൽ യൂറോ 1.16 8 ഡോളറിലേക്കും പൗണ്ട് 1.356 ഡോളറിലേക്കും താഴ്ന്നു. ജാപ്പനീസ് യെൻ ഡോളറിന് 146.72 യെൻ എന്ന നിരക്കിലേക്ക് താഴ്ന്നു.
യുഎസ് 10 വർഷ കടപ്പത്രങ്ങളുടെ വില നാമമാത്രമായി കുറഞ്ഞു. അവയിലെ നിക്ഷേപനേട്ടം 4.36 ശതമാനത്തിലേക്ക് കൂടി.
രൂപ വ്യാഴാഴ്ച ചാഞ്ചാട്ടങ്ങൾക്കു ശേഷം ചെറിയ നഷ്ടത്തിൽ ക്ലോസ് ചെയ്തു. ഡോളർ ആറു പൈസ കയറി 85.73 രൂപയിൽ എത്തി.
ചൈനയുടെ കറൻസി ഒരു ഡോളറിന് 7.18 യുവാൻ എന്ന നിലയിൽ തുടരുന്നു.
ക്രൂഡ് ഓയിൽ വില താഴുകയാണ്. ബ്രെൻ്റ് ഇനം ഇന്നു രാവിലെ ബാരലിന് രണ്ടു ശതമാനം താഴ്ന്ന് 68.78 ഡോളറിലായി. പിന്നീട് 69.05 ഡോളറിലേക്കു കയറി. ഡബ്ല്യുടിഐ ഇനം 67.04 ഡോളറിലും മർബൻ ക്രൂഡ് 70.44 ഡോളറിലും നിൽക്കുന്നു. പ്രകൃതിവാതക വില ഒരു ശതമാനം ഉയർന്നു.
ക്രിപ്റ്റോ കറൻസികൾ കുതിച്ചുകയറുകയാണ്. ബിറ്റ് കോയിൻ 1,15,900 ഡോളറിലേക്കു കയറിയിട്ട് അൽപ്പം താഴ്ന്നു. ഈഥർ 2951 ഡോളർ വരെ എത്തി. മറ്റു ക്രിപ്റ്റാേകളും റെക്കോർഡ് നിലവാരത്തിലാണ്.
(2025 ജൂലൈ 10, വ്യാഴം)
സെൻസെക്സ് 30 83,190.28 -0.41%
നിഫ്റ്റി50 25,355.25 -0.47%
ബാങ്ക് നിഫ്റ്റി 56,956.00 -0.45%
മിഡ് ക്യാപ്100 59,159.95 -0.30%
സ്മോൾക്യാപ്100 18,956.25 -0.2%
ഡൗജോൺസ് 44,650.60 +0.43%
എസ്ആൻഡ്പി 6280.40 +0.27%
നാസ്ഡാക് 20,630.70 +0.09%
ഡോളർ($) ₹85.73 +₹0.06
സ്വർണം(ഔൺസ്)$3320.73 +$17.45
സ്വർണം(പവൻ) ₹72,160 +₹160
ക്രൂഡ്(ബ്രെൻ്റ്)ഓയിൽ $68.64 -$1.54
Read DhanamOnline in English
Subscribe to Dhanam Magazine