പശ്ചിമേഷ്യയിലെ അനിശ്ചിതത്വം തുടരുന്നതിനിടെ ഹോർമുസ് കരാറിനെ കുറിച്ചുള്ള ആശയക്കുഴപ്പം ക്രൂഡ് ഓയിൽ വില 90 ഡോളറിനോട് ചേർന്ന് ഉയരാൻ കാരണമായി. ഇതിന്റെ ആഘാതം ഏഷ്യൻ വിപണികളിൽ ചാഞ്ചാട്ടമായി പ്രതിഫലിക്കുന്നു. ഇന്നലെ (ഓഗസ്റ്റ് 11) ഇന്ത്യൻ വിപണിയിൽ എഫ്.എം.സി.ജി, റിയൽറ്റി, ബാങ്ക് ഓഹരികൾ താഴ്ന്നപ്പോൾ ഫാർമ, ഐടി, ഹെൽത്ത് കെയർ ഓഹരികൾ നേട്ടം നേടി. സ്വർണ വിലയിൽ ഇന്നും (ഓഗസ്റ്റ് 12) ഉയർച്ച തുടരുന്നു.
പശ്ചിമേഷ്യൻ സമാധാന നീക്കങ്ങൾ എങ്ങുമെത്തിയിട്ടില്ല. മധ്യസ്ഥ ശ്രമങ്ങൾ തുടരുന്നുണ്ട്. വിട്ടുവീഴ്ച പാടില്ലെന്നു ശഠിക്കുന്ന വിഭാഗം ഇറാനിൽ പിടിമുറുക്കുന്നതായി സൈനിക നേതൃനിരയിലെ അഴിച്ചുപണി കാണിക്കുന്നു. ക്രൂഡ് ഓയിൽ വില 90 ഡോളറിനടുത്ത് എത്തി. ഏഷ്യൻ വിപണികൾ അനിശ്ചിതത്വമാണ് കാണിക്കുന്നത്.
ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി ചൊവ്വാഴ്ച രാത്രി 24,546-ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 24,527 വരെ താഴ്ന്നു. വീണ്ടും കയറി. ഇന്ത്യൻ വിപണി ഇന്നു കാര്യമായ മാറ്റമില്ലാതെ വ്യാപാരം തുടങ്ങും എന്നാണ് ഇതു സൂചിപ്പിക്കുന്നത്.
ജൂലൈയിലെ ഇന്ത്യൻ ചില്ലറവിലക്കയറ്റം ഇന്ന് വൈകുന്നേരം അറിയാം. ജൂണിലെ 4.38-ൽ നിന്ന് 4.50 ശതമാനത്തിലേക്കു വിലക്കയറ്റം വർധിച്ചിട്ടുണ്ട് എന്നാണ് ധനകാര്യ നിരീക്ഷകരുടെ സർവേയിലെ നിഗമനം. യു.എസിലെ ചില്ലറ വിലക്കയറ്റ കണക്കും ഇന്നു പ്രസിദ്ധീകരിക്കും. വിലക്കയറ്റം 3.40 ശതമാനം ആകുമെന്നാണു നിഗമനം.
ഹോർമുസ് ധാരണ ഉണ്ടാകുമെന്നും ഇല്ലെന്നും മാറി മാറി റിപ്പോർട്ടുകൾ വരുന്നു. വ്യക്തത ഇല്ലാത്ത പശ്ചിമേഷ്യൻ സാഹചര്യത്തിൽ എണ്ണവില കയറുകയും ഓഹരികൾ ഇടിയുകയും ചെയ്തു.
ഇലോൺ മസ്കിൻ്റെ സ്പേസ് എക്സ് ഇന്നലെ മൂന്നു ശതമാനത്തിലധികം താഴ്ന്നു. ടെസ്‌ല അൽപം ഉയർന്നു. എൻവിഡിയയും ആപ്പിളും അടക്കം ടെക് ഓഹരികൾ താഴ്ചയിലായി.
ചൊവ്വാഴ്ച ഡൗ ജോൺസ് സൂചിക 184.13 പോയിൻ്റ് (0. 34 ശതമാനം) താഴ്‌ന്ന് 53,791.85 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 24.91 പോയിൻ്റ് (0.32%) കുറഞ്ഞ് 7728.20 ൽ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് 159.91 പോയിൻ്റ് (0.60%) നഷ്ടത്തോടെ 26,445.45 ൽ ക്ലോസ് ചെയ്തു.
യു.എസ് ഫ്യൂച്ചേഴ്സ് ഇന്നു ഭിന്ന ദിശകളിലാണ്. ഡൗ ജോൺസ് 19 പോയിൻ്റ് (0.04%) താഴ്ന്നു. എസ് ആൻഡ് പി അഞ്ചു പോയിൻ്റും (0.06%) നാസ്ഡാക് 40 പോയിൻ്റും (0.13%) ഉയർന്നു നീങ്ങുന്നു.
ന്യൂയോർക്കിലെ എ.ഡി.ആർ (അമേരിക്കൻ ഡെപ്പോസിറ്ററി റെസീറ്റ്) വിപണിയിൽ ചൊവ്വാഴ്ച എച്ച്.ഡി.എഫ്.സി ബാങ്ക് വ്യാപാര സമയത്ത് 0.68 ശതമാനം താഴ്ന്നിട്ടു തുടർവ്യാപാരത്തിൽ 0.52% കയറി 23.41 ഡോളറിൽ ക്ലോസ് ചെയ്തു. ഐ.സി.ഐ.സി.ഐ ബാങ്ക് നിശ്ചിത സമയത്ത് 0.70% താഴ്ന്നിട്ട് തുടർ വ്യാപാരത്തിൽ മാറ്റമില്ലാതെ 29.87 ഡോളറിൽ അവസാനിച്ചു. ഇൻഫോസിസ് നിശ്ചിത സമയത്ത് 0.32% ഉയർന്ന ശേഷം തുടർവ്യാപാരത്തിൽ 0.79% താഴ്ന്ന് 12.50 ഡോളറിൽ ക്ലോസ് ചെയ്തു. വിപ്രോ വിപണിസമയത്ത് 1.01% ഇടിഞ്ഞ ശേഷം തുടർവ്യാപാരത്തിൽ 0.51 ശതമാനം കയറി 1.98 ഡോളറിൽ അവസാനിച്ചു.
യൂറോപ്യൻ വിപണികൾ ചൊവ്വാഴ്ച ഭിന്ന ദിശകളിൽ നീങ്ങി. യൂറോ സ്റ്റോക്സും ജർമൻ ഡാക്സും ഉയർന്നു. ഫ്രഞ്ച് സൂചികയും യുകെയിലെ എഫ്.ടി.എസ്.ഇ.യും താഴ്ന്നു. എനർജി ഓഹരികൾ നല്ല നേട്ടം ഉണ്ടാക്കി. ട്രാവൽ, കൺസ്യൂമർ ഓഹരികൾ താഴ്ന്നു.
ഏഷ്യൻ വിപണികൾ ഇന്നു ചാഞ്ചാട്ടത്തിലാണ്. ദക്ഷിണ കൊറിയയിൽ കോസ്‌പി സൂചിക രണ്ടു ശതമാനം കയറി. ജപ്പാനിൽ നിക്കൈ സൂചിക 0.20 ശതമാനം താഴ്ന്നു. തായ്‌വാൻ സൂചികയും നേട്ടത്തിലാണ്. ഹോങ്കോങ് 0.60 ശതമാനം താഴ്ന്നു. ഷാങ്ഹായ് സൂചിക കയറി.
ക്രൂഡ് ഓയിൽ വിലയും പശ്ചിമേഷ്യൻ അശാന്തിയും ചൊവ്വാഴ്ച ഇന്ത്യൻ വിപണിയെ വീണ്ടും താഴ്‌ത്തി. ഫാർമ, ഐടി, ഹെൽത്ത് കെയർ ഓഹരികൾ ഉയർന്നു. എഫ്.എം.സി.ജി, റിയൽറ്റി, മെറ്റൽ, ഓട്ടോ, ബാങ്ക് ധനകാര്യ ഓഹരികൾ താഴ്ന്നു.
ഇന്നലെ ചെന്നൈ പെട്രോ 16.79-ഉം എം.ആർ.പി.എൽ 11.94-ഉം ശതമാനം കുതിച്ചു. ക്രൂഡ് ഓയിൽ വില കൂടുന്നതും ഗ്രോസ് റിഫൈനിംഗ് മാർജിൻ കയറിയതും മാത്രമാണു കാരണമായി പറയപ്പെട്ടത്.
വിദേശ നിക്ഷേപകർ അറ്റ വാങ്ങൽ തുടർന്നു. ഇന്നലെ അവർ ക്യാഷ് വിപണിയിൽ 258.55 കോടി രൂപയുടെ അറ്റ വാങ്ങൽ നടത്തി. സ്വദേശി ഫണ്ടുകൾ 24.77 കോടി രൂപയുടെ അറ്റ വാങ്ങൾ നടത്തി.
ചൊവ്വാഴ്ച സെൻസെക്‌സ് 388.19 പോയിൻ്റ് (0.49%) താഴ്‌ന്ന് 78,154.25 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 112.10 പോയിൻ്റ് (0.46%) കുറഞ്ഞ് 24,471.70 ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 240.70 പോയിൻ്റ് (0.42%) നഷ്ടത്തോടെ 57,446.25 ൽ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 7.60 പോയിൻ്റ് (0.01%) കുറഞ്ഞ് 63,848.10 ൽ അവസാനിച്ചു. സ്മോൾ ക്യാപ് 100 സൂചിക 54.49 പോയിൻ്റ് (0.27%) ഉയർന്ന് 19,868.40 ൽ ക്ലോസ് ചെയ്തു.
വിശാല വിപണിയിൽ കൂടുതൽ ഓഹരികൾ താഴ്ന്നു. ബി.എസ്.ഇയിൽ 1919 ഓഹരികൾ കയറി, 2396 ഓഹരികൾ താഴ്ന്നു. എൻഎസ്ഇയിൽ 1475 എണ്ണം ഉയർന്നപ്പോൾ 1852 എണ്ണം താഴ്ന്നു.
മണപ്പുറം ഫിനാൻസ് അറ്റ പലിശ വരുമാനം 28.1 ശതമാനം വർധിച്ചപ്പോൾ അറ്റാദായം നാലിരട്ടിയാക്കി. 584.5 കോടി രൂപയാണ് ഒന്നാം പാദ അറ്റാദായം. ബാറ്റാ ഇന്ത്യ വരുമാനം 3.9 ശതമാനം ഉയർന്നപ്പോൾ അറ്റാദായം 23.1 ശതമാനം വർധിപ്പിച്ചു.
പൊതുമേഖലാ കമ്പനിയായ എൻ.ബി.സി.സി ഒന്നാം പാദ വരുമാനം ആറു ശതമാനം കുറഞ്ഞെങ്കിലും അറ്റാദായം 17.2 ശതമാനം വർധിപ്പിച്ചു. ജെ.എസ്.ഡബ്ല്യു ഡുലക്സിൻ്റെ ഒന്നാം പാദ വരുമാനം 2.8 ശതമാനം കുറഞ്ഞപ്പോൾ അറ്റാദായം 12.42 ശതമാനം ഇടിഞ്ഞു.
പശ്ചിമേഷ്യൻ സാഹചര്യത്തിലെ മാറ്റമനുസരിച്ചു സ്വർണവും മാറുന്നു. സമാധാന സാധ്യതയിൽ വില കൂടും, മറിച്ചായാൽ വില താഴും. ഇതാണു ദിവസങ്ങളായി കാണുന്നത്. ഇന്നലെ അര ശതമാനത്തോളം താഴ്ന്ന് ഔൺസിന് 4369.10 ഡോളറിൽ സ്വർണം ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില ഉയർന്നു 4396 ഡോളറിൽ എത്തി.
കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് തിങ്കളാഴ്ച 1360 രൂപ ഉയർന്ന് 1,12,800 രൂപയിൽ എത്തി. വെള്ളിവില ചെവ്വാഴ്ച താഴ്‌ന്ന് ഔൺസിന് 64.77 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 65.05 ഡോളറിൽ എത്തി. പ്ലാറ്റിനം 1739 ഡോളർ, പല്ലാഡിയം 1349 ഡോളർ, റോഡിയം 8425 ഡോളർ എന്നിങ്ങനെ നിൽക്കുന്നു.
നിക്കലും ടിന്നും ഒഴികെ വ്യാവസായിക ലോഹങ്ങൾ ചൊവ്വാഴ്ച ഉയർന്നു. ചെമ്പ് 0.94 ശതമാനം വർധിച്ച് 14,424.05 ഡോളറിൽ എത്തി. അലൂമിനിയം 1.55 ശതമാനം കുതിച്ച് 3373.30 ഡോളർ ആയി. സിങ്കും ലെഡ്ഡും ഉയർന്നു.
രാജ്യാന്തര റബർവില അൽപം ഉയർന്നു. കേരളത്തിൽ വില നാമമാത്രമായി കുറഞ്ഞു. ബാങ്കോക്കിൽ ആർ.എസ്.എസ്-1 ക്വിൻ്റലിന് 284.40 ഡോളറിലും ആർ.എസ്.എസ്-3 ക്വിൻ്റലിന് 280.95 ഡോളറിലും എത്തി. കേരളത്തിൽ ആർ.എസ്.എസ്-4 ക്വിൻ്റലിന് 28,300 രൂപയിലേക്കു താഴ്ന്നു.
കൊക്കോ വില ചൊവ്വാഴ്ച 5.06 ശതമാനം താഴ്ന്നു ടണ്ണിന് 5527 ഡോളറിൽ എത്തി. കാലാവസ്ഥ പ്രതികൂലമായതിനാൽ ഉൽപാദനം 16 ശതമാനം കുറയുമെന്നാണു ഘാനയിലെ കൊക്കോ ബോർഡ് കണക്കാക്കുന്നത്. ഐവറി കോസ്റ്റിലും ഉൽപാദനം 10 ശതമാനത്തിലധികം ഇടിയും. ഏറ്റവുമധികം കൊക്കോ ഉൽപാദിപ്പിക്കുന്ന രാജ്യങ്ങളാണ് ഇവ. ഏഷ്യയിലും ലാറ്റിൻ അമേരിക്കയിലും കൂടി ഉൽപാദനം ഒരു ലക്ഷം ടൺ കുറയുമെന്നാണ് എസ്റ്റിമേറ്റ്.
അറബിക്ക കാപ്പിവില 0.35 ശതമാനം താഴ്ന്നു പൗണ്ടിന് 3.13 ഡോളർ ആയി. എൽ നിനോ മൂലം അടുത്ത വർഷത്തെ ഉൽപാദനം കുറയും എന്ന ആശങ്കയുണ്ട്.
യു.എസ് ഡോളർ സൂചിക ചൊവ്വാഴ്ച 99.83-ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക 99.85 വരെ ഉയർന്നു. യൂറോ 1.1542 ഡോളറിലേക്കും പൗണ്ട് 1.3508 ഡോളറിലേക്കും എത്തി. ജാപ്പനീസ് യെൻ ഒരു ഡോളറിന് 159.25 യെൻ എന്ന നിലയിലേക്ക് താഴ്ന്നു. ചൈനീസ് യുവാൻ ഡോളറിന് 6.75 നിരക്കിൽ തുടർന്നു. അമേരിക്കയിൽ 10 വർഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം (yield) ഇന്നു രാവിലെ 4.692 ശതമാനത്തിലേക്കു താഴ്ന്നു.
ചൊവ്വാഴ്ച ഇന്ത്യൻ രൂപ കയറ്റിറക്കങ്ങൾക്കു ശേഷം നഷ്‌ടത്തിൽ അവസാനിച്ചു. ഡോളർ 14 പൈസ കൂടി 95.44 രൂപയിൽ ക്ലോസ് ചെയ്തു. വിദേശത്തെ നോൺ ഡെലിവെറേബിൾ ഫോർവേഡ് (എൻ.ഡി.എഫ്) വിപണിയിൽ ഡോളർ ഇന്നു രാവിലെ 95.38 രൂപയിൽ ആണ്. ചൈനീസ് യുവാൻ 14.15 രൂപയിലേക്കും യൂറോ 110.17 രൂപയിലേക്കും കയറി.
ചൊവ്വാഴ്ച ക്രൂഡ് ഓയിൽ വില ഉയർന്നുനിന്നു. ഹോർമുസ് കരാർ സാധ്യത തെളിയാത്തതാണു സാഹചര്യം. ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ വീപ്പയ്ക്ക് 1.19 ഡോളർ കയറി 88.91 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില വീണ്ടും കൂടി 89.78 ഡോളർ ആയി. ഡബ്ള്യു.ടി.ഐ ഇനം ക്രൂഡ് ഓയിൽ 84.03 ഡോളറിൽ എത്തി.
ക്രിപ്റ്റോകറൻസികൾ ഭിന്ന ദിശകളിലായി. ബിറ്റ് കോയിൻ ഇന്നു രാവിലെ 63,650 ഡോളറിനു താഴെ എത്തി. ഈഥർ 1880 ഡോളറിനും സൊലാന 76.00 ഡോളറിനും മുകളിലാണ്.
(2026 ഓഗസ്റ്റ് 11, ചൊവ്വ)
സെൻസെക്സ്: 78,154.25 -0.49%
നിഫ്റ്റി-50: 24,471.70 -0.46%
ബാങ്ക് നിഫ്റ്റി: 57,446.25 -0.42%
മിഡ്ക്യാപ്-100: 63,848.10 -0.01%
സ്മോൾ ക്യാപ്-100: 19,868.40 +0.27%
ഡൗജോൺസ്: 53,791.85 -0.34%
എസ്ആൻഡ്പി: 7728.20 -0.32%
നാസ്ഡാക്: 26,445.45 -0.60%
ഡോളർ: ₹95.44 +₹0.14
സ്വർണം (ഔൺസ്): $4369.10 -$21.00
സ്വർണം (പവൻ): ₹1,12,800 +₹1360
ക്രൂഡ്ഓയിൽ-ബ്രെൻ്റ്: $88.91 +$1.19