Morning business news Canva
Markets

ഇറാനുമായി കരാർ ആസന്നം എന്നു ട്രംപ്; വിപണികൾ കുതിക്കുന്നു; ഇന്ത്യൻ വിപണി ആവേശത്തിൽ; ക്രൂഡ് ഓയിൽ 90 ഡോളറിനു താഴെ; സ്വർണം ഉയരുന്നു

ഗിഫ്റ്റ് നിഫ്റ്റി സൂചിക ഇന്നു രാവിലെ 23,535-ലേക്കു കയറി. എൻ.എസ്.ഇ നിഫ്റ്റി സൂചികയും ഇന്നു വലിയ കുതിപ്പോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതു സൂചിപ്പിക്കുന്നത്.

T C Mathew

ഇറാനുമായി വാരാന്ത്യത്തിൽ സമാധാനകരാർ ഒപ്പുവയ്ക്കും എന്നു യു.എസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഇറാൻ ഇതു സ്ഥിരീകരിച്ചിട്ടില്ല. എങ്കിലും ഹോർമുസ് കടലിടുക്കും പ്രാന്തപ്രദേശങ്ങളും ശാന്തമാണ്. ഇറാൻ അണ്വായുധ ശേഷി ആർജിക്കില്ലെന്ന് ഉറപ്പാക്കുന്ന കരാറിൻ്റെ ഒപ്പുവയ്ക്കൽ യൂറോപ്പിൽ വച്ചു നടക്കും എന്നാണു ട്രംപ് പറഞ്ഞത്.

വിപണികൾ ഇതേ തുടർന്ന് ഉത്സാഹത്തിലായി ക്രൂഡ് ഓയിൽ 90 ഡോളറിനു താഴെ വന്നു. ഡോളർ താഴ്ന്നു. സ്വർണം കയറി. യുഎസ് ഓഹരി ഫ്യൂച്ചേഴ്സ് ഉയർന്നു. ഏഷ്യൻ വിപണികൾ കുതിച്ചു.

ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി വ്യാഴാഴ്ച രാത്രി 23,397.00 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 23,535 ലേക്കു കയറി. നിഫ്റ്റി ഇന്നു വലിയ കുതിപ്പോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതു സൂചിപ്പിക്കുന്നത്.

മസ്‌ക് ട്രില്യണയർ

ടെസ്‌ല സാരഥി ഇലോൺ മസ്കിൻ്റെ സ്പേസ് എക്സ് ഐ.പി.ഒ ഇന്നു യു.എസ് വിപണിയിൽ ലിസ്റ്റ് ചെയ്യും. കമ്പനിക്ക് 1.77 ട്രില്യൺ (ലക്ഷം കോടി) ഡോളർ വിപണി മൂല്യം കണക്കാക്കിയാണ് ഓഹരി വിൽപന. ഒരോഹരിക്ക് 135 ഡോളർ വച്ച് 7,500 കോടി ഡോളർ ഐ.പി.ഒ വഴി സമാഹരിച്ചു. ഇതു ലിസ്റ്റ് ചെയ്യുന്നതോടെ ഭൂമിയിലെ ആദ്യ ട്രില്യണയർ (ഒരു ലക്ഷം കോടി ഡോളർ സമ്പത്തുള്ള ആൾ) ആയി മസ്‌ക് മാറും. സ്പേസ് എക്സ് ലിസ്റ്റിംഗിൻ്റെ പേരിൽ ബ്ലൂംബെർഗ് പട്ടികയിൽ മസ്‌കിൻ്റെ സമ്പത്ത് 27,400 കോടി ഡോളർ കൂടി 97,100 കോടി ഡോളറിൽ എത്തി. ഇന്നു വ്യാപാരത്തിൽ ഓഹരി ഉയർന്നേക്കും.

യു.എസ് വിപണി കുതിച്ചു

യുഎസ് വിപണി വ്യാഴാഴ്ച തുടക്കം മുതലേ ഉയർന്നു വലിയ നേട്ടത്തിൽ അവസാനിച്ചു. ഇറാനുമായി വാരാന്ത്യത്തിൽ കരാർ ഒപ്പിടും എന്ന ട്രംപിൻ്റെ അറിയിപ്പാണു വിപണിക്കു കുതിപ്പ് നൽകിയത്. തലേന്നത്തെ വലിയ നഷ്‌ടമത്രയും വിപണി തിരിച്ചുപിടിച്ചു. ഇന്ന് സ്പേസ് എക്സ് ഐപിഒ ലിസ്റ്റ് ചെയ്യുന്നതിൻ്റെ ആവേശവും വിപണിയെ നയിച്ചു. മേയിലെ പ്രൊഡ്യൂസർ പ്രൈസ് സൂചികയിലെ 6.5 ശതമാനം കയറ്റം വിപണിയെ അധികം അലോസരപ്പെടുത്തിയില്ല. ട്രംപിൻ്റെ പ്രഖ്യാപനത്തിനു ശേഷം ക്രൂഡ് ഓയിൽ നാലു ശതമാനത്തിലധികം ഇടിഞ്ഞു.

വ്യാഴാഴ്ച ഡൗ ജോൺസ് സൂചിക 929.97 പോയിൻ്റ് (1.86%) കുതിച്ച് 50,848.75 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 500 സൂചിക 127.30 പോയിൻ്റ് (1.75%) കയറി 7394.30 ൽ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് സൂചിക 640.16 പോയിൻ്റ് (2.54%) നേട്ടത്തോടെ 25,809.66 ൽ ക്ലോസ് ചെയ്തു.

ഫ്യൂച്ചേഴ്സ് ഉയരുന്നു

യു.എസ് ഫ്യൂച്ചേഴ്സ് കയറുകയാണ്. ഡൗ ജോൺസ് 76 പോയിൻ്റും (0.15%) എസ് ആൻഡ് പി 16 പോയിൻ്റും (0.21%) നാസ്ഡാക് 86 പോയിൻ്റും (0.32%) ഉയർന്നു നീങ്ങുന്നു.

എ.ഡി.ആറുകൾ

ന്യൂയോർക്കിലെ എ.ഡി.ആർ (അമേരിക്കൻ ഡെപ്പോസിറ്ററി റെസീറ്റ്) വിപണിയിൽ വ്യാഴാഴ്ച എച്ച്.ഡി.എഫ്.സി ബാങ്ക് നിശ്ചിത സമയത്ത് 2.63 ശതമാനം കുതിച്ച ശേഷം തുടർവ്യാപാരത്തിൽ 0.17 ശതമാനം കയറി 23.85 ഡോളറിലായി. ഐ.സി.ഐ.സി.ഐ ബാങ്ക് വിപണിസമയത്ത് 2.58 ശതമാനം ഉയർന്നിട്ടു തുടർ വ്യാപാരത്തിൽ 1.13 ശതമാനം താഴ്ന്ന് 27.15 ൽ ക്ലോസ് ചെയ്തു. ഇൻഫോസിസ് നിശ്ചിത സമയത്ത് 1.36 ശതമാനം താഴ്‌ന്ന ശേഷം തുടർവ്യാപാരത്തിൽ 0.86 ശതമാനം ഉയർന്ന് 11.70 ഡോളറിൽ അവസാനിച്ചു. വിപ്രോ പതിവു സമയത്ത് 2.38 ശതമാനം ഉയർന്ന ശേഷം തുടർ വ്യാപാരത്തിൽ മാറ്റമില്ലാതെ 2.15 ഡോളറിൽ ക്ലോസ് ചെയ്തു.

യൂറോപ്പ് കയറി

യൂറോപ്യൻ ഓഹരികൾ വ്യാഴാഴ്ച ഉയർന്നു. യൂറോപ്യൻ കേന്ദ്രബാങ്ക് ഇന്നലെ കുറഞ്ഞ പലിശനിരക്ക് 0.25 ശതമാനം വർധിപ്പിച്ച് 2.25 ശതമാനമാക്കി. ഇന്ധന വിലക്കയറ്റത്തെ തുടർന്നു ചില്ലറ വിലക്കയറ്റം മൂന്നു ശതമാനം കടന്ന സാഹചലത്തിലാണിത്. 2023-നു ശേഷമുള്ള ആദ്യ നിരക്കുവർധന എല്ലാവരും പ്രതീക്ഷിച്ചിരുന്നു.

ഏഷ്യ കയറുന്നു

ഏഷ്യൻ വിപണികൾ ഇന്നു ഗണ്യമായ നേട്ടത്തിലാണ്. ജപ്പാനിൽ നിക്കൈ സൂചിക മൂന്നു ശതമാനം ഉയർന്നു. ഓസ്ട്രേലിയൻ സൂചിക 1.75 ശതമാനം കയറി. ദക്ഷിണ കൊറിയൻ വിപണി സൂചിക കോസ്‌പി എട്ടു ശതമാനം കുതിച്ചു. ഹോങ് കോങ് 1.25 ഉം ഷാങ്ഹായ് ഒന്നും ശതമാനം മുന്നേറി.

വീണ്ടും താഴ്‌ന്ന് ഇന്ത്യ

വിദേശ വിപണി സൂചനകൾക്ക് എതിരേ നീങ്ങി ഉയരാനുള്ള ഇന്ത്യൻ വിപണിയുടെ ശ്രമം ഒരു ദിവസം കൂടി പരാജയപ്പെട്ടു. വിശാല വിപണി കൂടുതൽ ദുർബലമാകുകയും ചെയ്തു. ഐടി, കൺസ്യൂമർ ഡ്യുറബിൾസ്, എഫ്.എം.സി.ജി, പ്രതിരോധ, ടൂറിസം, റിയൽറ്റി, ഓയിൽ കമ്പനികൾ വലിയ താഴ്ചയിലായി. മീഡിയ, ഫാർമ, ഹെൽത്ത് മേഖലകൾ ഉയർന്നു.

വ്യാഴാഴ്ച സെൻസെക്‌സ് 150.63 പോയിൻ്റ് (0.20%) താഴ്ന്ന് 73,832.55 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 53.35 പോയിൻ്റ് (0.23%) താഴ്ന്ന് 23,161.60 ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 76.45 പോയിൻ്റ് (0.14%) നേട്ടത്തോടെ 55,176.75 ൽ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 484.80 പോയിൻ്റ് (0.81%) താഴ്ന്ന് 59,325.40 ൽ അവസാനിച്ചു. സ്മോൾ ക്യാപ് 100 സൂചിക 119.90 പോയിൻ്റ് (0.67%) കുറഞ്ഞ് 17,702.60 ൽ ക്ലോസ് ചെയ്തു.

വിശാല വിപണിയിൽ കയറുന്ന ഒന്നിനു രണ്ട് എന്ന അനുപാതത്തിൽ ഓഹരികൾ താഴ്ന്നു. ബി.എസ്.ഇയിൽ 1,279 ഓഹരികൾ കയറി, 2,928 ഓഹരികൾ താഴ്ന്നു. എൻ,എസ്.ഇയിൽ 1,006 എണ്ണം ഉയർന്നപ്പോൾ 2,240 എണ്ണം താഴ്ന്നു.

വിദേശികൾ വില്പന തുടരുന്നു

വിദേശനിക്ഷേപകർ വ്യാഴാഴ്ചയും വിൽപന തുടർന്നു. അവർ ക്യാഷ് വിപണിയിൽ 1987.09 കോടി രൂപയുടെ അറ്റവിൽപന നടത്തി. സ്വദേശിഫണ്ടുകളും സ്ഥാപനങ്ങളും കൂടി 4224.51 കോടി രൂപയുടെ അറ്റവാങ്ങൽ നടത്തി.

റിലയൻസ് ജിയോ, എൻ.എസ്.ഇ: മെഗാ ഐ.പി.ഒകൾ വരുന്നു

റിലയൻസ് ജിയോയും നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചും ഐ.പി.ഒ നടത്താൻ പ്രാരംഭ പ്രോസ്പെക്ടസ് അടുത്തയാഴ്ച സെബിക്കു സമർപ്പിക്കും എന്നു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

റിലയൻസ് ജിയോ 35,000 കോടി രൂപ സമാഹരിക്കാനാണു ലക്ഷ്യമിടുന്നത്. ഇതോടെ 2024 -ൽ 27,900 കോടി രൂപ സമാഹരിച്ച ഹ്യൂണ്ടായ് മോട്ടോറിൻ്റെ റെക്കോർഡ് മറികടക്കും. റിലയൻസ് ജിയോയ്ക്ക് 13 ലക്ഷം കോടി രൂപ വിപണി മൂല്യം കണക്കാക്കിയാണ് ഐ.പി.ഒ. ഇന്ത്യൻ വിപണിയുടെ മൂല്യം ഒറ്റയടിക്ക് ഇത്രയും വർധിപ്പിച്ച ഐ.പി.ഒ ഉണ്ടായിട്ടില്ല. മുഴുവൻ പുതിയ ഓഹരികളാണ് ഐ.പി.ഒയിൽ ഇറക്കുന്നത്.

എൻ.എസ്.ഇ നിയമപരവും സാങ്കേതികവുമായ കടമ്പകൾ മറികടന്ന് എത്തുമ്പോൾ 20,000 കോടി രൂപ സമാഹരിക്കാൻ ഉദ്ദേശിക്കുന്നു. രാജ്യത്തെ ഏറ്റവും വലിയ ഓഹരി എക്സ്ചേഞ്ചിന് അഞ്ചു ലക്ഷം കോടി രൂപയാണ് വിപണി മൂല്യം കണക്കാക്കുന്നത്. എൽ.ഐ.സിക്കു 10.72 ഉം എസ്ബിഐ കാപ്പിറ്റൽ മാർക്കറ്റിന് 4.33 ഉം എസ്ബിഐക്കു 3.23 ഉം ശതമാനം ഓഹരി എൻ.എസ്.ഇയിൽ ഉണ്ട്.

കമ്പനികൾ, വാർത്തകൾ

വ്യാജകണക്ക് വിവാദത്തിൽ കുരുങ്ങിയ രാജേഷ് എക്സ്പോർട്സ് ആറാം ദിവസവും അഞ്ചു ശതമാനം ഇടിഞ്ഞു ലോവർ സർകീട്ടിൽ എത്തി. ഡാറ്റാ സെൻ്ററുകൾക്കു വേണ്ട ഓക്സൈഡ് ഫ്യൂവൽ സെൽ നിർമാണം നടത്തുന്ന എംടാർ ടെക്നോളജിക്ക് അമേരിക്കയിൽ ലഭിച്ച ഒരു കോൺട്രാക്ട് അനിശ്ചിതത്വത്തിലായി. ബ്ലൂം എനർജിയുടെ ഡാറ്റാ സെൻ്റർ പ്രോജക്ട് സ്റ്റേ ചെയ്യപ്പെട്ടു. അവർക്കു ഫ്യൂവൽ സെൽ നൽകാൻ കരാർ എടുത്ത എംടാറിൻ്റെ ഓഹരി 10.99 ശതമാനം ഇടിഞ്ഞു.

പരസ് ഡിഫൻസ്, ഐഡിയ ഫോർജ്, ഡാറ്റാ പാറ്റേൺസ് തുടങ്ങിയ പ്രതിരോധ ടെക്നോളജി കമ്പനികൾ അഞ്ചു ശതമാനം വരെ ഇടിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആസന്നമായ ഫ്രാൻസ് സന്ദർശനത്തിൽ റഫാൽ പോർവിമാന കരാറിൻ്റെ അടുത്ത ഘട്ടം ഉണ്ടാകുകയില്ല എന്ന സൂചനയിൽ ഹിന്ദുസ്ഥാൻ ഏറോനോട്ടിക്സ് 2.5 ശതമാനം താഴ്ന്നു.

വിദേശസഖ്യം ഉണ്ടാക്കിയതിനെ തുടർന്നു ബുധനാഴ്ച 15 ശതമാനം കുതിച്ച ന്യൂക്ലിയസ് സോഫ്റ്റ്‌വേർ എക്സ്പോർട്സ് ഇന്നലെ 6.57 ശതമാനം ഇടിഞ്ഞു. ഫ്രഞ്ച് കമ്പനി ഹച്ചിൻസനുമായി വാഹന ബോഡി സിലിംഗ് നിർമാണത്തിൽ കരാർ ഉണ്ടാക്കിയ പിപിഎപി ഓട്ടോമോട്ടീവ് 20 ശതമാനം കുതിച്ചു.

പേന നിർമാതാക്കളായ റെയ്നോൾഡ്‌സിനെ ഏറ്റെടുത്ത വിദ്യാഭ്യാസ ഉപകരണ നിർമാണ കമ്പനി ഡോംസ് ഇൻഡസ്ട്രീസ് 6.5 ശതമാനം ഉയർന്നു. 2,300 കോടി രൂപയുടെ വായ്പ-മൂലധന സമാഹരണത്തിന് അംഗീകാരം ലഭിച്ച സി എൻ്റർടെയ്ൻമെൻ്റ് ഓഹരി 8.52 ശതമാനം കയറി.

സ്വർണം തിരിച്ചുകയറുന്നു

പശ്ചിമേഷ്യൻ സമാധാന സാധ്യത തെളിഞ്ഞത് സ്വർണത്തെ തിരിച്ചുകയറ്റി. ഇന്നലെ ഔൺസിന് 140.40 ഡോളർ ഉയർന്ന സ്വർണം 4212.70 ഡോളറിൽ ക്ലോസ് ചെയ്തു. കയറ്റം ഇനിയും തുടരുമെന്നാണു സൂചന. എങ്കിലും ഇന്നു രാവിലെ വില 4190 ഡോളറിലേക്കു താഴ്ന്നു.

കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് വ്യാഴാഴ്ച 1560 രൂപ ഇടിഞ്ഞ് 1,06,800 രൂപ ആയി. ഇന്നു വില ഗണ്യമായി ഉയരും. വെള്ളിവില ഉയർന്ന് ഔൺസിന് 66.96 ഡോളർ ആയി. പ്ലാറ്റിനം 1721 ഡോളർ, പല്ലാഡിയം 1269 ഡോളർ, റോഡിയം 7625 ഡോളർ എന്നിങ്ങനെ നിൽക്കുന്നു.

വ്യാവസായിക ലോഹങ്ങൾ കയറി

വ്യാവസായിക ലോഹങ്ങൾ വ്യാഴാഴ്ച ഉയർന്നു. ചെമ്പ് 0.36 ശതമാനം ഉയർന്നു ടണ്ണിനു 13,417.65 ഡോളർ ആയി. അലൂമിനിയം 1.05 ശതമാനം കയറി 3533.00 ൽ ക്ലോസ് ചെയ്തു. സിങ്കും ലെഡും താഴ്ന്നു . ടിന്നും നിക്കലും ഉയർന്നു.

റബർ ഉയരുന്നു

ഉൽപാദനം കുറയുമെന്ന സൂചനയിൽ റബർ വില ഇന്നലെ ഉയർന്നു. ബാങ്കോക്കിൽ ആർഎസ്എസ് മൂന്ന് ക്വിൻ്റലിന് 309.90 ഡോളറിലും ആർഎസ്എസ് ഒന്ന് 313.40 ഡോളറിലും എത്തി. കേരളത്തിൽ ആർഎസ്എസ് നാല് ഇനം ക്വിൻ്റലിന് 26,900 രൂപ എന്ന റെക്കോർഡിൽ എത്തി. കൃത്രിമ റബർ വില 1.74 ശതമാനം താഴ്ന്നു. യൂറിയയുടെ അന്താരാഷ്ട്ര വില 1.26 ശതമാനം ഉയർന്നു 402.50 ഡോളറിൽ എത്തി. ഒരു മാസം കൊണ്ടു വില 26 ശതമാനം ഇടിഞ്ഞിട്ടുണ്ട്.

ഡോളർ സൂചിക താഴുന്നു

യുഎസ് ഡോളർ സൂചിക വ്യാഴാഴ്ച താഴ്‌ന്ന് 99.86 ൽ ക്ലോസ് ചെയ്തു. സൂചിക ഇന്നു രാവിലെ 99.79-ലാണ്. യൂറോ 1.1568 ഡോളറിലേക്കും പൗണ്ട് 1.3405 ഡോളറിലേക്കും കയറി. ജാപ്പനീസ് യെൻ ഒരു ഡോളറിന് 160.18 യെൻ എന്ന നില വരെ ഉയർന്നു. ചൈനീസ് യുവാൻ ഡോളറിന് 6.78 യുവാൻ എന്ന നിരക്കിലേക്കു താഴ്ന്നു. അമേരിക്കയിൽ 10 വർഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം (yield) ഇന്നു രാവിലെ 4.473 ശതമാനമായി ഇടിഞ്ഞു.

രൂപ താഴ്ന്നു

വ്യാഴാഴ്ച രൂപ സമ്മർദത്തിലാണു വ്യാപാരം തുടങ്ങിയത്. ക്രൂഡ് ഓയിൽ വില കയറിയതു രൂപയെ വീണ്ടും താഴ്‌ത്തി. ഡോളർ 49 പൈസ കൂടി 95.76 രൂപയിൽ അവസാനിച്ചു. വിദേശത്തെ നോൺ ഡെലിവെറേബിൾ ഫോർവേഡ് (എൻ.ഡി.എഫ്) വിപണിയിൽ ഡോളർ ഇന്നു രാവിലെ 95.23 രൂപയിലേക്കു താഴ്ന്നു. ചൈനീസ് യുവാൻ 14.13 രൂപയായി. യൂറോ 110.79 രൂപയിൽ എത്തി.

ക്രൂഡ് ഓയിൽ ഇടിയുന്നു

പശ്ചിമേഷ്യൻ സമാധാന സാധ്യതയിൽ ക്രൂഡ് ഓയിൽ വില ഇടിഞ്ഞു. ബ്രെൻ്റ് ഇനം ഇന്നലെ മൂന്നു ശതമാനം താഴ്ന്നു വീപ്പയ്ക്ക് 90.38 ഡോളറിൽ അവസാനിച്ചു. ഇന്നു രാവിലെ വീണ്ടും താഴ്‌ന്ന് 89.24 ഡോളർ ആയി. ഡബ്ള്യുടിഐ ഇനം 86.53 ഡോളറിലേക്കു നീങ്ങി.

ക്രിപ്റ്റോകൾ കയറുന്നു

ക്രിപ്റ്റോ കറൻസികൾ വീണ്ടും കയറ്റത്തിലായി. ബിറ്റ് കോയിൻ 63,300 ഡോളറിനു മുകളിൽ എത്തി. ഈഥർ 1660 ഡോളറിനും സൊലാന 66 ഡോളറിനും മുകളിലാണ്.

വിപണി സൂചനകൾ

(2026 ജൂൺ 11, വ്യാഴം)

  • സെൻസെക്സ്: 73,832.55 -0.20%

  • നിഫ്റ്റി-50: 23,161.60 -0.23%

  • ബാങ്ക് നിഫ്റ്റി: 55,176.75 +0.14%

  • മിഡ്ക്യാപ്-100: 59,325.400 -0.81%

  • സ്മോൾക്യാപ്-100: 17,702.60 -0.67%

  • ഡൗജോൺസ്: 50,848.75 +1.86%

  • എസ്ആൻഡ്പി: 7394.30 +1.75%

  • നാസ്ഡാക്: 25,809.50 +2.54%

  • ഡോളർ: ₹95.76 +₹0.49

  • സ്വർണം (ഔൺസ്): $4212.7 +$140.40

  • സ്വർണം (പവൻ): ₹1,06,800 -₹1560

  • ബ്രെൻ്റ് ക്രൂഡ് ഓയിൽ: $90.38 -$2.72

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT