Morning business news Canva
Markets

യുദ്ധം, വളർച്ചയിലെ ഇടിവ്, വിലക്കയറ്റം: വിപണിയുടെ ആശങ്കകൾ കൂടുന്നു; ഏഷ്യൻ വിപണികൾ ഭിന്നദിശകളിൽ; യു.എസ് ഫ്യൂച്ചേഴ്സ് താഴ്ന്നു

ഗിഫ്റ്റ് നിഫ്റ്റി സൂചിക തിങ്കളാഴ്ച രാത്രി 23,730-ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 23,600 വരെ ഇടിഞ്ഞിട്ട് അൽപം കയറി. ഇതു നിഫ്റ്റി ഇന്നും കനത്ത നഷ്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് സൂചിപ്പിക്കുന്നത്.

T C Mathew

പശ്ചിമേഷ്യൻ സംഘർഷ ഭീഷണിയിൽ അയവില്ല. ക്രൂഡ് ഓയിൽ വില വീണ്ടും 105 ഡോളറിലേക്ക് കുതിച്ചു. ആഗോള വിപണിയിൽ ആശങ്ക കനക്കുന്നു. ഇന്ധനവില വർധനയും വിലക്കയറ്റ ഭീതിയും ചേർന്ന് ഇന്ത്യയുടെ സാമ്പത്തിക വളർച്ചാനിരക്ക് ആറുശതമാനത്തിന് താഴെയാകുമെന്ന നി​ഗമനം ശക്തിപ്പെടുന്നു. വിദേശനിക്ഷേപകർ വൻ അറ്റവിൽപന തുടരുന്നതും ഇന്ത്യൻ ഓഹരിവിപണിയെ കൂടുതൽ സമ്മർദ്ദത്തിലാക്കുന്നു. ഗിഫ്റ്റ് നിഫ്റ്റി ഇടിവ് കാണിക്കുന്നതിനാൽ, ഇന്ന് രാവിലെ നിഫ്റ്റിയും കനത്ത നഷ്ടത്തോടെ വ്യാപാരം ആരംഭിക്കുമെന്ന് സൂചന.

പശ്ചിമേഷ്യയിൽ ഏതു സമയവും വെടി പൊട്ടാവുന്ന നിലയിലേക്കു കാര്യങ്ങൾ നീങ്ങി. എങ്കിലും യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ ചൈനാ സന്ദർശനം കഴിയും വരെ സംഘർഷം വർധിപ്പിക്കില്ല എന്നു വിപണി കരുതുന്നു. എങ്കിലും ക്രൂഡ് ഓയിൽ വില രാവിലെ 105 ഡോളറിലേക്കു കടന്നു.

ഇന്ത്യയിൽ ഇന്ധനക്ഷാമമില്ലെന്നും സ്വർണ ഇറക്കുമതിക്കു ചുങ്കം കൂട്ടാൻ നീക്കയില്ലെന്നും കേന്ദ്ര സർക്കാർ വിശദീകരിച്ചെങ്കിലും സാമ്പത്തിക വളർച്ചയെപ്പറ്റി വിപണിയിൽ ആശങ്കയാണ്. പല ഏജൻസികളും ഇന്ത്യയുടെ വളർച്ച പ്രതീക്ഷ ആറു ശതമാനമോ അതിലും താഴെയോ ആക്കി. ഇന്ധനവില ഉടനേ ഉയർത്തുമെന്നും അതു വിലക്കയറ്റം കൂട്ടുമെന്നും വിപണി കരുതുന്നു. ഇതെല്ലാം ഇന്നു വിപണിയെ കൂടുതൽ താഴോട്ടു നയിക്കും.

ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി സൂചിക തിങ്കളാഴ്ച രാത്രി 23,730.00 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 23,600 വരെ ഇടിഞ്ഞിട്ട് അൽപം കയറി. നിഫ്റ്റി ഇന്നും കനത്ത നഷ്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതു സൂചിപ്പിക്കുന്നത്.

യു.എസ് വിപണി ഉയർന്നു

ഇറാൻ - യു.എസ് ധാരണ ഇല്ലെന്നു വ്യക്തമായ സാഹചര്യത്തിലും യു.എസ് വിപണി ചെറിയ തോതിൽ ഉയർന്നു. എസ് ആൻഡ് പി-യും നാസ്ഡാകും റെക്കോർഡ് കുറിച്ചു ക്ലോസ് ചെയ്തു. ഡൗ ജോൺസ് റെക്കോർഡിൽ നിന്ന് 700 പോയിൻ്റ് മാത്രം താഴെയാണ്. ഇന്നു രാവിലെ വരുന്ന ഏപ്രിലിലെ ചില്ലറ വിലക്കയറ്റ കണെക്കിലാണു വിപണിയുടെ ശ്രദ്ധ. വിലക്കയറ്റം 3.7 ശതമാനമാകും എന്നാണു നിഗമനം. മാർച്ചിൽ 3.3 ശതമാനമായിരുന്നു.

തിങ്കളാഴ്ച ഡൗ ജോൺസ് സൂചിക 95.31 പോയിൻ്റ് (0.19%) ഉയർന്ന് 49,704.47 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 13.91 പോയിൻ്റ് (0.19%) കയറി 7412.84 ൽ അവസാനിച്ചു. നാസ്ഡാക് 27.05 പോയിൻ്റ് (0.10%) വർധിച്ച് 26,274.13 ൽ ക്ലോസ് ചെയ്തു.

ഫ്യൂച്ചേഴ്സ് നഷ്‌ടത്തിൽ

ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്സ് താഴ്ന്നു. ഡൗ ജോൺസ് 75 പോയിൻ്റും (0.15%) എസ് ആൻഡ് പി 22 പോയിൻ്റും (0. 29%) നാസ്ഡാക് 164 പോയിൻ്റും (0.55%) നഷ്‌ടത്തിലായി.

എ.ഡി.ആറുകൾ താഴ്ചയിൽ

തിങ്കളാഴ്ച ന്യൂയോർക്കിൽ എച്ച്.ഡി.എഫ്.സി ബാങ്ക് എ.ഡി.ആർ 3.28 ശതമാനം ഇടിഞ്ഞിട്ടു തുടർവ്യാപാരത്തിൽ 0.21 ശതമാനം ഉയർന്ന് 24.25 ഡോളറിൽ എത്തി. ഐ.സി.ഐ.സി.ഐ ബാങ്ക് എ.ഡി.ആർ നിശ്ചിത സമയത്ത് 1.47 ശതമാനം താഴ്ന്ന ശേഷം തുടർവ്യാപാരത്തിൽ 0.31 ശതമാനം കുറഞ്ഞ് 26.02 ഡോളറിൽ ആയി. ഇൻഫോസിസ് എ.ഡി.ആർ 4.13 ശതമാനം ഇടിഞ്ഞിട്ട് തുടർ വ്യാപാരത്തിൽ 0.40 ശതമാനം കയറി 12.35 ഡോളറിൽ ക്ലോസ് ചെയ്തു. വിപ്രോ 2.56 ശതമാനം താഴ്ന്ന ശേഷം തുടർ വ്യാപാരത്തിൽ 0.53 ശതമാനം കയറി 1.91 ഡോളറിൽ അവസാനിച്ചു.

യൂറോപ്പ്, ഏഷ്യ

പശ്ചിമേഷ്യൻ സമാധാന കാര്യത്തിൽ പുരോഗതി ഇല്ലെങ്കിലും യൂറോപ്യൻ വിപണികൾ ഇന്നലെ ഉയർന്നു ക്ലോസ് ചെയ്തു. ഏഷ്യൻ വിപണികൾ ഇന്നു ഭിന്നദിശകളിലാണ്. ജപ്പാനിൽ നിക്കൈ സൂചിക ഒരു ശതമാനവും ദക്ഷിണ കൊറിയയിൽ കോസ്‌പി സൂചിക രണ്ടു ശതമാനവും കയറി റെക്കോർഡ് കുറിച്ചു. ഓസ്ട്രേലിയൻ സൂചിക 0.60 ശതമാനം താഴ്ന്നു. ഹോങ് കോങ് വിപണി നേട്ടത്തിലും ഷാങ്ഹായ് വിപണി നഷ്‌ടത്തിലും വ്യാപാരം തുടങ്ങി.

ഇന്ത്യൻ വിപണി ഇടിഞ്ഞു

പശ്ചിമേഷ്യൻ സംഘർഷത്തിനു പിന്നാലെ രാജ്യത്തു സാമ്പത്തിക നിയന്ത്രണങ്ങൾ വന്നേക്കും എന്ന ഭീതി തിങ്കളാഴ്ച ഇന്ത്യൻ വിപണിയെ ഇടിച്ചതാഴ്ത്തി. പ്രധാനമന്ത്രിയുടെ ചെലവുചുരുക്കൽ ആഹ്വാനവും ''വീട്ടിൽ ജോലി'' നിർദേശവും സ്വർണം വാങ്ങൽ മാറ്റിവയ്ക്കാനുളള ഉപദേശവും വിപണിയിൽ വലിയ ആശങ്ക ഉണ്ടാക്കി. ഇന്ധനവും വളവും കിട്ടാതാകുമെന്ന ഭീതി പടർന്നു. പിന്നീട് ഒന്നിനും ക്ഷാമമില്ലെന്നു സർക്കാർ വിശദീകരിക്കേണ്ടി വന്നു. ഇന്നലെ മുഖ്യസൂചികകൾ ഒന്നര ശതമാനത്തിലധികം നഷ്‌ടത്തിൽ അവസാനിച്ചു. വിശാല വിപണിയും ഇടിഞ്ഞു.

റിയൽറ്റിയും കൺസ്യൂമർ ഡ്യുറബിൾസും ഓയിലും ഓട്ടോയും ബാങ്കും ധനകാര്യ കമ്പനികളും ഇന്നലെ വലിയ നഷ്ടത്തിലായി. സ്വർണം വാങ്ങുന്നത് ഒരു വർഷത്തേക്കു മാറ്റിവയ്ക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനം ജ്വല്ലറി കമ്പനികളെ ഇടിവിലാക്കി. ടൈറ്റൻ, കല്യാൺ, പിഎൻ ഗാഡ്ഗിൽ, സെൻകോ, തങ്കമയിൽ, ഗോൾഡിയാം, ടിബിസെഡ് തുടങ്ങിയവ ഒൻപതു ശതമാനം വരെ ഇടിഞ്ഞു. ഇന്ധനവിലകൂടുന്നതിനെ തുടർന്ന് വ്യോമയാന കമ്പനി ഇൻഡിഗോ അഞ്ചു ശതമാനം താഴ്ന്നു. റിസൽട്ട് മോശമായതിനെ തുടർന്ന് എസ്ബിഐ 4.36 ശതമാനം നഷ്ടത്തിലായി. രണ്ടു ദിവസം കൊണ്ട് ഓഹരിവില 11 ശതമാനം ഇടിഞ്ഞു.

വിദേശനിക്ഷേപകർ വിൽപന വർധിച്ച തോതിൽ തുടരുകയാണ്. വിദേശികൾ ഇന്നലെ ക്യാഷ് വിപണിയിൽ 8,437.56 കോടി രൂപയുടെ അറ്റവിൽപന നടത്തി. സ്വദേശികൾ 5,939.65 കോടി രൂപയുടെ വാങ്ങലും നടത്തി. 2026-ൽ ഇതുവരെ 2,26,000 കോടിയിലധികം രൂപ അവർ ഇന്ത്യൻ വിപണിയിൽ നിന്ന് പിൻവലിച്ചു.

തിങ്കളാഴ്ച സെൻസെക്‌സ് 1312.91 പോയിൻ്റ് (1.70%) ഇടിഞ്ഞ് 76,015.28 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 360.30 പോയിൻ്റ് (1.49%) താഴ്ന്ന് 23,815.85 ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 870.65 പോയിൻ്റ് (1.57%) നഷ്ടത്തോടെ 54,439.90 ൽ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 652.50 പോയിൻ്റ് (1.05%) താഴ്ന്ന് 61,258.40 ൽ അവസാനിച്ചു. സ്മോൾ ക്യാപ് 100 സൂചിക 211.20 പോയിൻ്റ് (1.13%) കുറഞ്ഞ് 18,525.80 ൽ ക്ലോസ് ചെയ്തു.

വിശാല വിപണിയിൽ ബഹുഭൂരിപക്ഷം ഓഹരികളും നഷ്ടത്തിലായിരുന്നു. ബിഎസ്ഇയിൽ 1358 ഓഹരികൾ കയറി, 3000 ഓഹരികൾ താഴ്ന്നു. എൻഎസ്ഇയിൽ 954 എണ്ണം ഉയർന്നപ്പോൾ 2350 എണ്ണം ഇടിഞ്ഞു.

കമ്പനികൾ, വാർത്തകൾ

ഇന്ത്യൻ ഹോട്ടൽസ് മികച്ച നാലാം പാദ റിസൽട്ട് പുറത്തുവിട്ടു. അറ്റാദായം 522 കോടിയിൽ നിന്ന് 14.9 ശതമാനം കുതിച്ച് 600 കോടി രൂപയായി. ഹെരിറ്റേജ് ഫുഡ്സ് നാലാം പാദത്തിൽ വരുമാനം 10.40 ശതമാനം വർധിപ്പിച്ചപ്പോൾ അറ്റാദായം 37.28 ശതമാനം ഇടിഞ്ഞു. കനറാ ബാങ്കിൻ്റെ നാലാം പാദ അറ്റ വലിയ വരുമാനം 3.88 ശതമാനം വർധിച്ചപ്പോൾ അറ്റാദായം 9.95 ശതമാനം ഇടിഞ്ഞു. യുപിഎൽ ലിമിറ്റഡിൻ്റെ നാലാം പാദ വരുമാനം 18 ശതമാനം കൂടിയപ്പോൾ അറ്റാദായം 20 ശതമാനം വർധിച്ചു.

സ്വർണം കയറുന്നു

പശ്ചിമേഷ്യയിൽ പ്രത്യക്ഷമായ സമാധാന നീക്കങ്ങൾ കാണാനില്ലെങ്കിലും സ്വർണവില ഉയരുകയാണ്. തിങ്കളാഴ്ച സ്വർണം ഔൺസിന് 20.80 ഡോളർ കയറി 4736.50 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സ്വർണം 4774 ഡോളറിലേക്കു കയറിയിട്ട് 4728 ലേക്കു താഴ്ന്നു. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് തിങ്കളാഴ്ച 800 രൂപ വർധിച്ച് 1,12,520 രൂപയിൽ എത്തി.

വെള്ളിവില തിങ്കളാഴ്ച ഏഴു ശതമാനത്തിലധികം കുതിച്ച് ഔൺസിന് 86.22 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 86.79 ഡോളറിലേക്ക് കയറി. പ്ലാറ്റിനം 2131 ഡോളർ, പല്ലാഡിയം 1494 ഡോളർ, റോഡിയം 9500 ഡോളർ എന്നിങ്ങനെ നിൽക്കുന്നു.

ലോഹങ്ങൾ കുതിച്ചു

തിങ്കളാഴ്ച വ്യാവസായിക ലോഹങ്ങൾ മികച്ച മുന്നേറ്റത്തിലായി. ചെമ്പ് 1.70 ശതമാനം കുതിച്ച് 13,672.65 ഡോളറിൽ എത്തി. 13,843.40 ഡോളറാണു ചെമ്പിൻ്റെ റെക്കോർഡ് വില. അലൂമിനിയം 1.48 ശതമാനം കയറി 3558.59 ഡോളർ ആയി. നിക്കല് സിങ്കും ലെഡും ടിന്നും ഉയർന്നു.

റബറിനു കിതപ്പ്

ഏതാനും ദിവസം തുടർച്ചയായി ഉയർന്ന ശേഷം ബാങ്കോക്ക് വിപണിയിൽ റബർ ആർഎസ്എസ് 3 ഇനം ക്വിൻ്റലിന് 1.20 ഡോളർ കുറഞ്ഞ് 303.30 ഡോളറിൽ എത്തി. ആർഎസ്എസ് 1 ഇനം 306.90 ഡോളറിലാണ്. കേരളത്തിൽ ഇന്നലെയും വില ഒരു ശതമാനത്തിലധികം കയറി. കൃത്രിമ റബർ 0.05 ശതമാനം ഉയർന്നു ടണ്ണിനു 16,050.00 യുവാനിൽ എത്തി.

കാപ്പി 2.37 ശതമാനം ഉയർന്നു പൗണ്ടിന് 281.30 സെൻ്റ് ആയി. പാമോയിൽ വില ടണ്ണിന് 4516 മലേഷ്യൻ റിംഗിറ്റിൽ എത്തി.

കൊക്കോ തിരിച്ചു കയറി

രാജ്യാന്തര വിപണിയിൽ കഴിഞ്ഞ വാരാന്ത്യത്തിൽ താഴ്ന്ന കൊക്കോ വില തിങ്കളാഴ്ച കുതിച്ചു കയറി. 12.34 ശതമാനം ഉയർന്നു ടണ്ണിന് 4698 ഡോളറിൽ വില എത്തി. ഘാനയിൽ കൊംക്കാ സംഭരണത്തിനു സർക്കാർ 100 കോടി ഡോളറിൻ്റെ പദ്ധതി തയാറാക്കി വരികയാണ്. ഐവറി കോസ്റ്റിലും ഘാനയിലും വരൾച്ച വന്നത് ബീൻസിൻ്റെ ലഭ്യതയും ഗുണവും കുറയ്ക്കും എന്ന് ആശങ്കയുണ്ട്. വരും മാസങ്ങളിൽ രാസവള വിലക്കയറ്റവും എൽ നിനോ പ്രതിഭാസവും വിളവ് കുറയ്ക്കും എന്ന ഭീതി വിപണിയിൽ സജീവമായി. 2024 ഡിസംബറിൽ വന്ന ടണ്ണിനു 12,906 ഡോളറാണു കൊക്കോയുടെ റെക്കോർഡ് വില.

ഡോളർ സൂചിക കയറുന്നു

യുഎസ് ഡോളർ സൂചിക തിങ്കളാഴ്ച നാമമാത്രമായി ഉയർന്ന് 97.96 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 98.12 ലേക്കു കയറി. യൂറോ 1.1766 ഡോളറിലേക്കും പൗണ്ട് 1.3587 ഡോളറിലേക്കും താഴ്ന്ന. ജാപ്പനീസ് യെൻ ഡോളറിന് 157.51 യെൻ എന്ന നിലയിലേക്ക് താണു. ചൈനീസ് യുവാൻ ഡോളറിന് 6.80 യുവാൻ എന്ന നിരക്കിൽ നിൽക്കുന്നു. അമേരിക്കയിൽ 10 വർഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം (yield) വെള്ളിയാഴ്ച താഴ്ന്നിട്ട് ഇന്നു രാവിലെ 4.42 ശതമാനമായി ഉയർന്നു.

രൂപ ഇടിഞ്ഞു

ക്രൂഡ് ഓയിൽ വില കയറുന്നതും ഇറക്കുമതി നിയന്ത്രിക്കാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തതും തിങ്കളാഴ്ച രൂപയെ വലിയ ഇടിവിലാക്കി. ഡോളർ 83 പൈസ വർധിച്ച് 95.31 രൂപയിൽ ക്ലോസ് ചെയ്തു. രൂപയുടെ ഏറ്റവും താഴ്ന്ന ക്ലോസിംഗാണിത്. ഇന്നും രൂപ സമ്മർദത്തിലാകും.

വിദേശത്തെ നോൺ ഡെലിവെറേബിൾ ഫോർവേഡ് (എൻഡിഎഫ്) വിപണിയിൽ ഡോളർ ഇന്നു രാവിലെ 95.50 രൂപയിലാണ്. ചൈനീസ് യുവാൻ 14.03 രൂപയിലേക്കും യൂറോ 112.24 രൂപയിലേക്കും കയറി. ഇതെല്ലാം രൂപയുടെ മേൽ സമ്മർദമാകും.

ക്രൂഡ് ഓയിൽ ഉയരുന്നു

പശ്ചിമേഷ്യയിൽ സംഘർഷനിലയ്ക്ക് അയവില്ലാത്തതു തിങ്കളാഴ്ച ക്രൂഡ് ഓയിലിനെ കയറ്റത്തിലാക്കി. ബ്രെൻ്റ് ഇനം ക്രൂഡ് വീപ്പയ്ക്ക് 106 ഡോളറിനു സമീപം ചെന്നിട്ടു താഴ്ന്ന് 104.21 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ ബ്രെൻ്റ് 105.02 ഡോളറിൽ എത്തി. ഡബ്ള്യുടിഐ ഇനം 98.78 ൽ നിൽക്കുന്നു. യുഎഇയുടെ മർബൻ ക്രൂഡ് 103.60 ഡോളറിലാണ്.

ക്രിപ്റ്റോകൾ താഴുന്നു

ക്രിപ്റ്റോ കറൻസികൾ ഇന്നലെ താഴ്ന്നു. ബിറ്റ്കോയിൻ ഇന്നു രാവിലെ 81,200 ഡോളറിനു താഴേക്കു നീങ്ങി. ഈഥർ 2320 ഡോളറിനു താഴെയായി. സൊലാന 96.5 ഡോളറിനു താഴെ നിൽക്കുന്നു.

വിപണി സൂചനകൾ

(2026 മേയ് 11, തിങ്കൾ)

  • സെൻസെക്സ് 76,015.28 -1.70%

  • നിഫ്റ്റി50 23,815.85 -1.49%

  • ബാങ്ക് നിഫ്റ്റി 54,439.90 -1.57%

  • മിഡ്ക്യാപ്-100 61,258.40 -1.05%

  • സ്മോൾക്യാപ്-100 18,525.80 -1.13%

  • ഡൗജോൺസ് 49,704.47 +0.19%

  • എസ്&പി 7412.84 +0.19%

  • നാസ്ഡാക് 26,274.13 +0.10%

  • ഡോളർ ₹95.31 +₹0.83

  • സ്വർണം (ഔൺസ്) $4736.50 +$20.80

  • സ്വർണം (പവൻ) ₹1,12,520 +₹800

  • ബ്രെൻ്റ് ക്രൂഡ് ഓയിൽ $104.21 +$2.92

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT