Markets

വിപണികളിൽ അനിശ്ചിതത്വം; എൻവിഡിയ മേധാവി പുറത്തായേക്കും; ക്രൂഡ് ഓയിലും സ്വർണവും താഴുന്നു; ഏഷ്യൻ വിപണികളിൽ ചാഞ്ചാട്ടം

ഒക്ടോബറിലെ ചില്ലറ വിലക്കയറ്റ കണക്ക് ഇന്നു വിപണിസമയത്തിനു ശേഷം പുറത്തുവിടും. സിപിഐ ആറു ശതമാനമോ അതിൽ കൂടുതലോ ആകും എന്നാണു വിവിധ ഏജൻസികളും ബാങ്കുകളും കണക്കാക്കുന്നത്

T C Mathew

വിപണികൾ വീണ്ടും അനിശ്ചിതത്വത്തിലായി. ഇന്നലെ ഉയർന്ന യുഎസ് വിപണിയുടെ ഫ്യൂച്ചേഴ്സ് ഇന്നു താഴ്ന്നു. ഏഷ്യൻ വിപണികൾ ചാഞ്ചാട്ടത്തിലായി. ഡോളർ കുതിച്ചു കയറി. സ്വർണം താഴ്ന്നു. ക്രൂഡ് ഓയിൽ വില വീണ്ടും കുറഞ്ഞു.

വിദേശനിക്ഷേപകർ വലിയ തോതിൽ വാങ്ങലുകാരായത് ഇന്നലെയും ഇന്ത്യൻ വിപണിയെ നേട്ടത്തിലാക്കി.

ചാരക്കെണിയിൽ കുരുങ്ങിയ എൻവിഡിയ സിഇഒ ജെൻസൻ ഹുവാങ്ങിനെതിരേ വീണ്ടും ലൈംഗികാരോപണം ഉയർന്നു. ഹുവാങ്ങിനെ പുറത്താക്കാൻ കമ്പനി ഒരുങ്ങുന്നു എന്നാണു റിപ്പോർട്ട്. ഇന്നലെ വ്യാപാര സമയത്ത് ഉയർന്ന എൻവിഡിയ ഓഹരി തുടർവ്യാപാരത്തിൽ ഇടിഞ്ഞു. ഡിസംബർ ഒന്നിനകം ഹുവാങ്ങിനെ പുറത്താക്കാൻ 80 ശതമാനം സാധ്യത ഉണ്ടെന്നാണു പ്രവചന മാർക്കറ്റുകളിലെ വാതുവയ്പിൽ കാണുന്നത്.

ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ്

വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി ബുധനാഴ്ച രാത്രി 25,243.00 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 25,208 വരെ താഴ്ന്നിട്ട് അൽപം കയറി. ഇന്ത്യൻ വിപണി ഇന്നു കാര്യമായ മാറ്റമില്ലാതെ വ്യാപാരം തുടങ്ങും എന്നാണ് സൂചന.

ചില്ലറവിലക്കയറ്റം ഇന്നറിയാം

ഒക്ടോബറിലെ ചില്ലറ വിലക്കയറ്റ (സിപിഐ) കണക്ക് ഇന്നു വിപണിസമയത്തിനു ശേഷം പുറത്തുവിടും. സിപിഐ ആറു ശതമാനമോ അതിൽ കൂടുതലോ ആകും എന്നാണു വിവിധ ഏജൻസികളും ബാങ്കുകളും കണക്കാക്കുന്നത്. ഓഗസ്റ്റിൽ 4.83 ഉം സെപ്റ്റംബറിൽ 5.54ഉം ശതമാനമായിരുന്നു.

എൻവിഡിയ സിഇഒ പുറത്തേക്ക്?

ചാരക്കുരുക്കിലായ എൻവിഡിയ മേധാവി ജെൻസൻ ഹുവാങ്ങിനെ പുറത്താക്കാൻ സാധ്യത. ഇതിനായി കമ്പനിയുടെ ഡയറക്ടർ ബോർഡ് അടിയന്തരയോഗം ചേർന്നേക്കും. ചൈനാക്കാരി ആലീസ് ഹുവാങ്ങിനു പുറമേ സ്വന്തം കമ്പനിയിലെ ഒരു വനിതാ മാനേജരുമായും അവിഹിതബന്ധം പുലർത്തിയെന്നു വെളിപ്പെട്ടതോടെയാണു നടപടിക്കു നീക്കം. കമ്പനിയുടെ ഓഹരിവില വിപണി സമയത്തിനു ശേഷമുള്ള വ്യാപാരത്തിൽ കുത്തനേ ഇടിഞ്ഞു.

സിംഗപുരിലെ മെഗാസ്‌പീഡ് എന്ന കമ്പനിയുടെ സിഇഒ ആലീസുമായുള്ള വിവാഹേതരബന്ധം ജെൻസൻ കഴിഞ്ഞദിവസം ഏറ്റു പറഞ്ഞു. ആലീസ് ചാരവനിതയാണെന്നു യുഎസ് ഏജൻസികൾ നിർണയിച്ചിട്ടുണ്ട്. ചാരപ്പണിയെപ്പറ്റി ജെൻസന് അറിവില്ലായിരുന്നു എന്നാണു യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പറയുന്നത്. അക്കാര്യമാണ് എഫ്ബിഐ അന്വേഷിക്കുന്നത്. അതിൻ്റെ ഫലം അറിയും മുൻപാണു കമ്പനിയിൽ നടന്ന അവിഹിതം പുറത്തായത്. ഹെൽത്ത് കെയർ വിഭാഗം വൈസ് പ്രസിഡൻ്റ് കിംബർലി പവറുമായുള്ള ഈ ബന്ധത്തെപ്പറ്റി കുറേ നാളായി കിംവദന്തികൾ ഉണ്ടായിരുന്നു. ന്യൂയോർക്ക് ടൈംസ് ഇതു റിപ്പോർട്ട് ചെയ്ത ശേഷം പുറത്താക്കലിനു കമ്പനി ഒരുങ്ങുന്നതായി വോൾ സ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്തു.

ഓഹരി വീണ്ടും ഇടിയുന്നു

കഴിഞ്ഞ ദിവസങ്ങളിൽ ഇടിഞ്ഞ എൻവിഡിയ ഓഹരി ഇന്നലെ 2.92 ശതമാനം കയറിയിരുന്നു. പുതിയ വിവരങ്ങൾൾക്കു ശേഷം തുടർവ്യാപാരത്തിൽ പത്തു ശതമാനത്തോളം ഇടിഞ്ഞു.

എൻവിഡിയ വലിയ നിക്ഷേപം നടത്തിയിട്ടുള്ള കോർവീവ് ഇന്നലെ പ്രതീക്ഷകൾ മറികടന്ന മികച്ച റിസൽട്ട് പുറത്തിറക്കി. കോർവീവ് ഓഹരി 24 ശതമാനം കുതിച്ചു. എഐ, സെമികണ്ടക്ടർ ഓഹരികൾക്കെല്ലാം മുന്നേറ്റം പകരുന്നതായിരുന്നു കോർവീവ് റിസൽട്ട്. അത് എൻവിഡിയയെയും ഉയർത്തി.

ജെൻസനു പകരം ലിസ?

പുതിയ സാഹചര്യം എൻവിഡിയയ്ക്കു മാത്രമല്ല എഐ മേഖലയ്ക്കു മൊത്തം ക്ഷീണമാകാം. എഐ മേഖലയിൽ ഉപയോഗിക്കുന്ന ഗ്രാഫിക് പ്രോസസർ യൂണിറ്റു (ജീപിയു) കളിൽ 90 ശതമാനവും എൻവിഡിയയുടേതാണ്. ഈ രംഗത്ത് കോർവീവ് അടക്കമുള്ള പുതിയ തലമുറ കംപ്യൂട്ടിംഗ്, ഡാറ്റാ സെൻ്റർ കമ്പനികളിൽ എൻവിഡിയയ്ക്കു വലിയ നിക്ഷേപമുണ്ട്. പഴയ തലമുറ കമ്പനികളായ ഇൻ്റെൽ, ഓറക്കിൾ തുടങ്ങിയവയും മെഗാ ഐടി കമ്പനികളായ മൈക്രോസോഫ്റ്റ്, ഗൂഗിൾ, മെറ്റാ പ്ലാറ്റ്ഫോംസ്, ആമസോൺ, ആപ്പിൾ തുടങ്ങിയവയും എൻവിഡിയ ജിപിയുകളാണ് എഐ മേഖലയിൽ ഉപയോഗിക്കുന്നത്.

ജെൻസൻ ഹുവാംഗ് പിൻഗാമിയായി ആരെയും വളർത്തിയിട്ടില്ല. കമ്പനിയിൽ വലിയ നേതൃശേഷി പ്രകടമാക്കുന്നവരെയും അറിവില്ല. പ്രോസസർ ബിസിനസിൽ എൻവിഡിയയുമായി മത്സരിക്കുന്ന അഡ്വാൻസ്‌ഡ് മൈക്രോ ഡിവൈസസി (എഎംഡി) ൻ്റെ ചെയർപേഴ്സണും സിഇഒയുമായ ലിസാ സൂവിനെ പിൻഗാമിയാക്കാൻ നിർദേശിക്കുന്നവർ ഉണ്ട്. ജെൻസൻ്റെ കസിൻ സഹോദരിയായ ലിസയും തായ്‌വാനിൽ ജനിച്ചു യുഎസിൽ പഠിച്ചു വളർന്നയാളാണ്.

യുഎസ് വിപണി ഉയർന്നു

കോർവീവ് കമ്പനിയുടെ മികച്ച മൂന്നാം പാദ റിസൽട്ടും ഉയർന്ന വരുമാന പ്രതീക്ഷയും ബുധനാഴ്ച ടെക്നോളജി, എഐ മേഖലകളെ പറ്റിയുള്ള ആശങ്ക അകറ്റാൻ സഹായിച്ചു. യുഎസ് ഓഹരിവിപണി നല്ല നേട്ടം ഉണ്ടാക്കി.

എഐ രംഗത്തു മുൻനിരക്കാരായ ആന്ത്രോപിക്കിൻ്റെ ഐപിഒയ്ക്ക് നിക്ഷേപകരിൽ നിന്ന് ആവേശകരമായ പ്രതികരണം കിട്ടുന്നതും വിപണിയെ സഹായിച്ചു. ഈ 19 -നു വ്യാപാരം തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്. കമ്പനിക്ക് 1.4 ട്രില്യൺ (ലക്ഷം കോടി) ഡോളർ മൂല്യം കണക്കാക്കുന്നു.

ബുധനാഴ്ച ഡൗ ജോൺസ് സൂചിക 254.60 പോയിൻ്റ് (0.49 ശതമാനം) ഉയർന്ന് 52,486.49 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 98.45 പോയിൻ്റ് (1.31%) നേട്ടത്തോടെ 7619.38 ൽ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് 400.31 പോയിൻ്റ് (1.60%) കുതിച്ച് 25,466.19 ൽ ക്ലോസ് ചെയ്തു.

ഫ്യൂച്ചേഴ്സ് ഇടിയുന്നു

യുഎസ് ഫ്യൂച്ചേഴ്‌സ് ഇന്നു നഷ്‌ടത്തിലാണ്. ഡൗ ജോൺസ് ചാഞ്ചാട്ടത്തിലായി. എസ് ആൻഡ് പി 30 പോയിൻ്റും (0.40%) നാസ്ഡാക് 100 സൂചിക 192 പോയിൻ്റും (0.67%) താഴ്ന്നു നീങ്ങുന്നു.

എഡിആർ വിപണി

ന്യൂയോർക്കിലെ എഡിആർ (അമേരിക്കൻ ഡെപ്പോസിറ്ററി റെസീറ്റ്) വിപണിയിൽ ബുധനാഴ്ച എച്ച്ഡിഎഫ്സി ബാങ്ക് വ്യാപാരസമയത്ത് 0.15 ശതമാനം ഉയർന്നിട്ടു തുടർ വ്യാപാരത്തിൽ മാറ്റമില്ലാതെ 26.02 ഡോളറിൽ ക്ലോസ് ചെയ്തു. ഐസിഐസിഐ ബാങ്ക് നിശ്ചിത സമയത്ത് 0.40% താഴ്ന്നിട്ടു തുടർ വ്യാപാരത്തിൽ മാറ്റമില്ലാതെ 34.74 ഡോളറിൽ അവസാനിച്ചു. ഇൻഫോസിസ് നിശ്ചിതസമയത്ത് 2.30% ഇടിഞ്ഞ ശേഷം തുടർ വ്യാപാരത്തിൽ 0.35% കയറി 12.34 ഡോളറിൽ ക്ലോസ് ചെയ്തു. വിപ്രോ വിപണിസമയത്ത് 0.46 ശതമാനം താഴ്ന്നിട്ടു തുടർ വ്യാപാരത്തിൽ 1.94% ഇടിഞ്ഞു 2.1181 ഡോളറിൽ അവസാനിച്ചു.

യൂറോപ്പ് കയറി

ടെക്‌നോളജി ഓഹരികളുടെ നേട്ടവും മികച്ച കമ്പനി റിസൽട്ടുകളും ബുധനാഴ്ച യൂറോപ്യൻ ഓഹരി സൂചികകളെ ഒരു ശതമാനത്തിലധികം ഉയർത്തി. ക്രൂഡ് ഓയിൽ വില താഴ്ന്നതും വിപണിക്ക് ആശ്വാസമായി.

ഏഷ്യൻ വിപണികൾ ചാഞ്ചാടുന്നു

ഏഷ്യൻ വിപണികൾ ഇന്നു ചാഞ്ചാട്ടത്തിലാണ്. ദക്ഷിണ കൊറിയയിലെ കോസ്‌പി സൂചിക 0.50 ശതമാനം താഴ്ന്നു. ജപ്പാനിലെ നിക്കൈ സൂചിക 0.25 ശതമാനം ഉയർന്നു. ഓസ്ട്രേലിയൻ സൂചിക 0.40 ശതമാനം നഷ്‌ടത്തിലാണ്. തായ്‌വാൻ സൂചിക 0.50 ശതമാനം കയറി. ഷാങ്ഹായ് സൂചിക നാമമാത്ര നേട്ടത്തിലാണ്. ഹോങ്കോങ്ങിലെ ഹാങ് സെങ് ഒരു ശതമാനം താഴ്ന്നു.

കുതിച്ചിട്ടു കിതച്ച് ഇന്ത്യൻ വിപണി

രാവിലെ ആവേശപൂർവം കുതിച്ചു കയറിയ ഇന്ത്യൻ വിപണി ഉച്ചയ്ക്കു ശേഷം ലാഭമെടുക്കലിനെ തുടർന്നു കുത്തനേ ഇടിഞ്ഞു. എങ്കിലും മികച്ച നേട്ടത്തിൽ അവസാനിച്ചു. 1400 ലധികം പോയിൻ്റ് കയറിയ സെൻസെക്സും 380 പോയിൻ്റിലധികം ഉയർന്ന നിഫ്റ്റിയും അതിൻ്റെ പകുതിയോളം നേട്ടം നഷ്‌ടമാക്കി. ക്ലോസിംഗ് ലേലത്തിനു മുൻപ് സെൻസെക്സ് 1000 ലധികം പോയിൻ്റ് താഴെയായിരുന്നു.

ബിഎസ്ഇയുടെ വിപണിമൂല്യം 510.72 ലക്ഷം കോടി (ട്രില്യൺ) രൂപ (5.44 ട്രില്യൺ ഡോളർ) ആയി ഉയർന്നു. എൻഎസ്ഇയുടെ വിപണിമൂല്യം 506.65 ട്രില്യൺ രൂപ (5.40 ട്രില്യൺ ഡോളർ) ആണ്.

വിശാലവിപണിയിൽ ഇന്നലെ ഭൂരിപക്ഷം ഓഹരികൾ നേട്ടത്തിലായി. ബിഎസ്ഇയിൽ 2873 ഓഹരികൾ ഉയർന്നു, 1644 ഓഹരികൾ നഷ്‌ടത്തിലായി. എൻഎസ്ഇയിൽ 2487 ഓഹരികൾ കയറിയപ്പോൾ 1155 എണ്ണം ഇടിഞ്ഞു.

ബുധനാഴ്ച വിദേശനിക്ഷേപകർ ക്യാഷ് വിപണിയിൽ 12,563.33 കോടി രൂപയുടെ അറ്റവാങ്ങൽ നടത്തി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 8434.53 കോടി രൂപയുടെ അറ്റവിൽപന നടത്തി.

ബുധനാഴ്ച സെൻസെക്‌സ് 772.75 പോയിൻ്റ് (0.95%) ഉയർന്ന് 81,879.40 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 210.40 പോയിൻ്റ് (0.84%) കയറി 25,255.05 ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 1051.15 പോയിൻ്റ് (1.76%) കുതിപ്പോടെ 600,792.40 ൽ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 496.55 പോയിൻ്റ് (0.81%) മുന്നേറി 61,519.10 ൽ അവസാനിച്ചു. സ്മോൾ ക്യാപ് 100 സൂചിക 304.30 പോയിൻ്റ് (1.59%) കയറി 19,489.35 ൽ ക്ലോസ് ചെയ്തു.

കമ്പനികൾ, വാർത്തകൾ

മോർഗൻ സ്റ്റാൻലിയുടെ എമേർജിംഗ് മാർക്കറ്റ് ഇൻഡെക്സിൽ നാല് ഇന്ത്യൻ ഓഹരികളെ കൂടി പെടുത്തി. ഒരെണ്ണം ഒഴിവാക്കി. എൽഐസി, കോഫോർജ്, അദാനി ഗ്രീൻ എനർജി, മീഷോ എന്നിവയാണു ചേർക്കപ്പെട്ടത്. പിഐ ഇൻഡസ്ട്രീസിനെ നീക്കി. ചേർക്കപ്പെട്ട കമ്പനികളിലേക്കു മൊത്തം 175 കോടി ഡോളർ നിക്ഷേപം വരാം. പിഐയിൽ നിന്ന് 12കോടി ഡോളർ പിൻവലിക്കാം. വേറെ ഒരു ഡസൻ ഇന്ത്യൻ കമ്പനികൾക്കു സൂചികയിൽ വെയിറ്റേജ് കൂടും.

സ്വർണം ഇടിഞ്ഞു

അമേരിക്കൻ ഫെഡറൽ റിസർവ് ഡിസംബറിൽ പലിശനിരക്ക് 0.50 ശതമാനം വരെ വർധിപ്പിച്ചേക്കാം എന്ന നിഗമനം സ്വർണത്തെ വീണ്ടും താഴ്‌ത്തി. ഡിസംബർ ഒൻപതിനാണു ഫെഡ് പ്രഖ്യാപനം. 0.25% വർധനയ്ക്ക് 87.1% സാധ്യതയും 0.50% വർധനയ്ക്ക് 12.9% സാധ്യതയുമാണു സിഎംഇ ഫെഡ് വാച്ച് കാണിക്കുന്നത്.

ബുധനാഴ്ച 44.80 ഡോളർ (1.11%) താഴ്‌ന്ന് ഔൺസിന് 3989 ഡോളറിൽ സ്വർണം ക്ലോസ് ചെയ്തു. ഇന്നു രാവിലെ അൽപം ഉയർന്നു 3995 ഡോളറിൽ എത്തി.

കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് ബുധനാഴ്ച 520 രൂപ കുറഞ്ഞ് 1,04,120 രൂപയിൽ നിൽക്കുന്നു.

വെള്ളിവില ബുധനാഴ്ച 0.25 ശതമാനം ഉയർന്ന് ഔൺസിന് 51.80

ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 51.93 ഡോളർ ആയി.

പ്ലാറ്റിനം 1538 ഡോളർ, പല്ലാഡിയം 1014 ഡോളർ, റോഡിയം 8725 ഡോളർ എന്നിങ്ങനെ നിൽക്കുന്നു.

റബർ: ബാങ്കോക്കിൽ ഉയർന്നു

റബർ വില വിദേശത്തു കയറി, കേരളത്തിൽ താഴ്ന്നു. ബാങ്കോക്കിൽ ആർഎസ്എസ് ഒന്ന് ക്വിൻ്റലിന് 278.00 ഡോളറും ആർഎസ്എസ് മൂന്ന് 274.55 ഡോളറും ആയി. കേരളത്തിൽ ആർഎസ്എസ് നാല് ഇനം ക്വിൻ്റലിന് 29,200 രൂപ ആയി.

ലോഹങ്ങൾ പലവഴി

വ്യാവസായിക ലോഹങ്ങൾ ബുധനാഴ്ച ഭിന്ന ദിശകളിലായി. ചെമ്പ് 0.83 ശതമാനം ഇടിഞ്ഞു ടണ്ണിന് 13,875.50 ഡോളർ ആയി. അലൂമിനിയം 1.93 ശതമാനം കുതിച്ച് 3068.50 ഡോളറിൽ എത്തി. നിക്കലും സിങ്കും ടിന്നും താഴ്ന്നു. ലെഡ് ഉയർന്നു.

കൊക്കോ ഉയർന്നു

കൊക്കോ വില 3.90 ശതമാനം കയറി ടണ്ണിന് 5061.11 ഡോളറിൽ ക്ലോസ് ചെയ്തു. ഒരു മാസം കൊണ്ട് 16.77 ശതമാനം താഴ്ച ഉണ്ടായി. ഐസ് എക്സ്ചേഞ്ചിലെ സ്റ്റോക്ക് രണ്ടര വർഷത്തിനിടയിലെ ഉയർന്ന നിലയായ 37.52 ലക്ഷം ചാക്ക് ആയി. എന്നാൽ 2026-27 സീസണിൽ ഐവറി കോസ്റ്റിലെ ഇടക്കാല വിളവ് പകുതിയായി കുറഞ്ഞ് 3.5 ലക്ഷം ടൺ ആകുമെന്നു റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. വരണ്ട കാലാവസ്ഥയാണു കാരണം. ഘാനയിലും നൈജീരിയയിലും വിളവ് കുറവാണ്.

അറബിക്ക കാപ്പി പൗണ്ടിന് 0.70 ശതമാനം താഴ്ന്നു 2.695 ഡോളറിൽ എത്തി.

പാം ഓയിൽ 3.62 ശതമാനം ഉയർന്നു ടണ്ണിന് 4410 മലേഷ്യൻ റിംഗിറ്റ് ആയി.

ഡോളർ സൂചിക കുതിച്ചു

പലിശ കൂടുമെന്ന ധാരണയിൽ യുഎസ് ഡോളർ സൂചിക ബുധനാഴ്ച കുതിച്ചു കയറി 102.91 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 102.84 വരെ താഴ്ന്നു.

യൂറോ 1.1092 ഉം പൗണ്ട് 1.3273 ഉം ഡോളറിലേക്കു താഴ്ന്നു. ഡോളർ 159.77 ജാപ്പനീസ് യെൻ ആയി ഉയർന്നു.

ചൈനീസ് യുവാൻ ഡോളറിന് 6.67 യുവാനിൽ തുടരുന്നു.

അമേരിക്കയിൽ 10 വർഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം (yield) ഇന്നു രാവിലെ 4.984 ശതമാനമായി താഴ്ന്നു.

രൂപ മുന്നേറി

വിദേശനിക്ഷേപകർ ഇന്ത്യയിലേക്കു തിരിച്ചു വന്നതും ക്രൂഡ് ഓയിൽ വില താഴ്ന്നതും രൂപയ്ക്കു കരുത്തായി. ബുധനാഴ്ച ഡോളർ 24 പൈസ താഴ്ന്ന് 93.69 രൂപയിൽ ക്ലോസ് ചെയ്തു. വ്യാപാരത്തിനിടെ 93.63 വരെ ഡോളർ താഴ്ന്നതാണ്.

ഇന്നു രാവിലെ വിദേശത്തെ ഫോർവേഡ് വിപണിയിൽ ഡോളർ 93.76 രൂപയിൽ നിൽക്കുന്നു.

ചൈനീസ് യുവാൻ 14.05 രൂപയായി താണു. യൂറോ താഴ്ന്നു 103.96 രൂപയിൽ എത്തി.

ക്രൂഡ് ഓയിൽ താഴോട്ട്

ഇറാൻ സമാധാന നീക്കത്തിൽ സന്ദേഹം ഉയർന്നതിനെ തുടർന്നു ബുധനാഴ്ച ക്രൂഡ് ഓയിൽ അല്പം ഉയർന്നു. എന്നാൽ ഇന്നു രാവിലെ വീണ്ടും താഴ്ന്നു. ബ്രെൻ്റ് ഇനം ക്രൂഡ് ബുധനാഴ്ച 1.4 ശതമാനം കയറി 92.76 ഡോളറിൽ എത്തി. ഇന്നു രാവിലെ 91.92 ഡോളർ ആയി താഴ്ന്നു. ഡബ്ള്യുടിഐ ഇനം 85.78 ഡോളറിലാണ്.

ക്രിപ്റ്റോകൾ ചാഞ്ചാടുന്നു

ക്രിപ്റ്റോ കറൻസികൾ ചാഞ്ചാട്ടത്തിലാണ്. യുഎസ് കോൺഗ്രസിൽ ഡെമോക്രാറ്റുകൾക്കു ഭൂരിപക്ഷം വന്നതുമൂലം ക്രിപ്റ്റോ വിപണിക്കു നിയന്ത്രണങ്ങൾ വരുമെന്നാണു ഭീതി.

ബിറ്റ്കോയിൻ അൽപം ഉയർന്നെങ്കിലും 73,600 ഡോളറിനു താഴെയാണ്. ഈഥർ 2050 ഡോളറിനും സൊലാന 83.20 ഡോളറിനും താഴെ നിൽക്കുന്നു.

വിപണി സൂചനകൾ

(2026 നവംബർ 11, ബുധൻ)

സെൻസെക്സ് 81,879.40 +0.95%

നിഫ്റ്റി50 25,255.05 +0.84%

ബാങ്ക് നിഫ്റ്റി 60,792.40 +1.76%

മിഡ്ക്യാപ്100 61,519.10 +0.81%

സ്മോൾക്യാപ്100 19,489.35 +1.59%

ഡൗജോൺസ് 52,486.49 +0.49%

എസ്ആൻഡ്പി 7619.38 +1.31%

നാസ്ഡാക് 25,466.19 +1.60%

ഡോളർ ₹93.69 -₹0.24

സ്വർണം(ഔൺസ്)$3989.00 -$44.80

സ്വർണം(പവൻ) ₹1,04,120 -₹520

ക്രൂഡ്ഓയിൽബ്രെൻ്റ് $92.76 +$1.27

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT