Morning business news Canva
Markets

യുദ്ധഭീതി വീണ്ടും; ഹോർമുസിൽ ഉപരോധനീക്കം; വിപണികൾ ഇടിവിൽ; ക്രൂഡ് ഓയിൽ 105 ഡോളറിനടുത്ത്

പശ്ചിമേഷ്യൻ യുദ്ധം അവസാനിക്കും എന്ന പ്രതീക്ഷയിൽ കഴിഞ്ഞയാഴ്ച ഉയർന്ന വിപണികൾക്കു പുതിയ ആഴ്ചയിൽ വലിയ തിരിച്ചടിയാണു ലഭിക്കുന്നത്

T C Mathew

വിപണി വീണ്ടും തകർച്ചയിലേക്കാണ്. യുദ്ധം പുതിയ ഘട്ടത്തിലേക്കു കയറുന്ന സാഹചര്യം കൂടുതൽ ആശങ്ക നൽകുന്നു.

പശ്ചിമേഷ്യൻ യുദ്ധം അവസാനിക്കും എന്ന പ്രതീക്ഷയിൽ കഴിഞ്ഞയാഴ്ച ഉയർന്ന വിപണികൾക്കു പുതിയ ആഴ്ചയിൽ വലിയ തിരിച്ചടിയാണു ലഭിക്കുന്നത്. സന്ധിചർച്ച പരാജയപ്പെട്ടു. ഹോർമുസ് കപ്പൽച്ചാലിൻ്റെ നിയന്ത്രണം ഇറാൻ പിടിച്ചതോടെ ആ പാതയ്ക്കു സമ്പൂർണ ഉപരോധം പ്രഖ്യാപിക്കുന്നതിലേക്ക് അമേരിക്ക നീങ്ങി. ഇറാൻ്റെ എണ്ണ കയറ്റുമതി സമ്പൂർണമായി മുടക്കി സമ്പത്തികമായി ഞെരുക്കുക, ചൈനയും ജപ്പാനും ഇന്ത്യയുമടക്കം ഉള്ള രാജ്യങ്ങളുടെ ഇന്ധനലഭ്യത മുടക്കി ഇറാൻ്റെ മേൽ സമ്മർദം ചെലുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഈ നടപടി.

ഇസ്ലാമാബാദിൽ നടന്ന ചർച്ച പരാജയപ്പെട്ടെങ്കിലും തുടർചർച്ച ഇല്ലെന്ന് ഇരുകക്ഷികളും പറഞ്ഞിട്ടില്ല. ആ നേരിയ പ്രതീക്ഷ രാവിലെ ഏഷ്യൻ വിപണികളിൽ വലിയ തകർച്ച ഒഴിവാക്കി. എണ്ണവില 105 ഡോളർ വരെ എത്തിയിട്ട് അല്പം പിന്നോട്ടു മാറി. ഡോളർ സൂചികയുടെ കയറ്റവും മന്ദഗതിയിലായി. സ്വർണം രണ്ടു ശതമാനം ഇടിഞ്ഞിട്ടു തിരിച്ചു കയറി.

ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി വെള്ളിയാഴ്ച രാത്രി 24,091.50ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 23,740 വരെ താഴ്ന്നിട്ട് അൽപം കയറി. നിഫ്റ്റി ഇന്നു 300 ലധികം പോയിൻ്റ് നഷ്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതു സൂചിപ്പിക്കുന്നത്.

മാർച്ചിലെ ചില്ലറവിലക്കയറ്റ കണക്ക് ഇന്നും മൊത്ത വിലക്കയറ്റ കണക്ക് 15-നും പ്രസിദ്ധീകരിക്കും. വിലക്കയറ്റത്തിൽ വർധന ഉണ്ടാകും. ഫെബ്രുവരിയിലെ 3.21 ൽ നിന്ന് മാർച്ചിൽ ചില്ലറ വിലക്കയറ്റം 3.48 ശതമാനമായി എന്നാണ് ധനകാര്യ വിദഗ്ധരുടെ സർവേയിലെ നിഗമനം. അമേരിക്കയിൽ മാർച്ചിലെ വിലക്കയറ്റം 3.3 ശതമാനമായി കുതിച്ചു. യുദ്ധം മൂലം ഇന്ധനവില 21.2 ശതമാനം വർധിച്ചതാണു കാരണം. ഇന്ത്യയിൽ ഇന്നന വില സർക്കാർ വർധിപ്പിച്ചിട്ടില്ല.

യുഎസ് വിപണി ഉയർന്നു, ഫ്യൂച്ചേഴ്സ് ഇടിഞ്ഞു

യുദ്ധവിരാമത്തിലെ ആശങ്കകൾ വെള്ളിയാഴ്ച യുഎസ് വിപണികളെ താഴ്ത്തി. നാസ്ഡാക് മാത്രം നേട്ടം ഉണ്ടാക്കി. എങ്കിലും ആഴ്ചയിൽ പ്രധാന സൂചികകൾ മികച്ച മുന്നേറ്റം കാഴ്ചവച്ചു. ഡൗ മൂന്നും എസ് ആൻഡ് പി മൂന്നരയും നാസ്ഡാക് നാലും ശതമാനം പ്രതിവാര നേട്ടം ഉണ്ടാക്കി.

ഡൗ ജോൺസ് സൂചിക വെള്ളിയാഴ്ച 269.23 പോയിൻ്റ് (0.56%) താഴ്ന്നു 47,916.57 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 7.77 പോയിൻ്റ് (0.11%) നഷ്‌ടത്തോടെ 6816.89 ൽ അവസാനിച്ചു. നാസ്ഡാക് 80.48 പോയിൻ്റ് (0.35%) നേട്ടത്തോടെ 22,902.89 ൽ ക്ലോസ് ചെയ്തു.

ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്സ് കുത്തനേ താഴ്ന്നു. ഡൗ ജോൺസ് 500 പോയിൻ്റും (1.07%) എസ് ആൻഡ് പി 70 പോയിൻ്റും (1.02%) നാസ്ഡാക് 265 പോയിൻ്റും (1.05%) താഴ്ന്നു. പിന്നീടു നഷ്ടം കുറച്ചു.

ഇന്ത്യൻ എഡിആറുകൾ

എച്ച്ഡിഎഫ്സി ബാങ്ക് എഡിആർ വെള്ളിയാഴ്ച 0.05 ശതമാനം താഴ്ന്നിട്ടു തുടർവ്യാപാരത്തിൽ 0.15 ശതമാനം ഉയർന്ന് 26.77 ഡോളറിൽ എത്തി. ഐസിഐസിഐ ബാങ്ക് എഡിആർ നിശ്ചിത സമയത്ത് 0.95 ശതമാനം ഉയർന്ന ശേഷം തുടർവ്യാപാരത്തിൽ മാറ്റമില്ലാതെ 27. 73 ഡോളറിൽ നിന്നു. ഇൻഫോസിസ് എഡിആർ 3.42 ശതമാനം ഇടിഞ്ഞിട്ടു തുടർ വ്യാപാരത്തിൽ 0.98 ശതമാനം ഉയർന്നു 13.42 ഡോളറിൽ എത്തി. വിപ്രോ 3.98 ശതമാനം താഴ്ന്നിട്ട് തുടർ വ്യാപാരത്തിൽ 0.46 ശതമാനം കുതിച്ച് 2.18 ഡോളറിൽ കയറി.

യൂറോപ്പ്, ഏഷ്യ

യൂറോപ്യൻ വിപണികൾ വെള്ളിയാഴ്ച ഭിന്നവഴികളിൽ നീങ്ങി.

ഏഷ്യൻ വിപണികൾ ഇന്നു താഴ്ചയിലാണ്. ജപ്പാനിലെ നിക്കൈ 0.85 ശതമാനം താഴ്ന്നു. ദക്ഷിണ കൊറിയയിലെ കോസ്‌പി 1.83 ശതമാനം ഇടിഞ്ഞു. ഓസ്ട്രേലിയൻ സൂചിക 0.60 ശതമാനം താഴെയാണ്. ഹോങ് കോങ്, ചൈനീസ് വിപണികൾ 0.50 ശതമാനത്തിലധികം താഴ്ന്നു വ്യാപാരം തുടങ്ങി.

നേട്ടവുമായി ഇന്ത്യൻ വിപണി

സമാധാന പ്രതീക്ഷ വളർന്ന വെള്ളിയാഴ്ച ഇന്ത്യൻ വിപണി മികച്ച നേട്ടം കുറിച്ചു കൊണ്ട് ആഴ്ചയെ മുന്നേറ്റ പാതയിൽ നിർത്തി. തുടർച്ചയായ ആറ് ആഴ്ചത്തെ തകർച്ചകൾക്കു ശേഷമായിരുന്നു പ്രതിവാര നേട്ടം. അതാകട്ടെ അഞ്ചുവർഷത്തിനിടയിലെ ഏറ്റവും വലിയ പ്രതിവാര കുതിപ്പിൽ അവസാനിച്ചു. സെൻസെക്സ് 4230.7 പോയിൻ്റും (5.77 ശതമാനം) നിഫ്റ്റി 1337.5 പോയിൻ്റും (5.88 ശതമാനം) കയറി.

സൂചികകൾ ഉയർന്നതോടൊപ്പം വിദേശനിക്ഷേപകർ ചെറിയ തോതിലാണെങ്കിലും വാങ്ങലിലേക്കു മാറുകയും ചെയ്തു. ക്യാഷ് വിപണിയിൽ അവർ 672.09 കോടി രൂപയുടെ വാങ്ങൽ നടത്തി. സ്വദേശി ഫണ്ടുകൾ 410.05 കോടി രൂപയുടെ ഓഹരികൾ വാങ്ങി. വിദേശികൾ ഏപ്രിലിൽ ഇതുവരെ 48,213 കോടി രൂപയുടെ (514 കോടി ഡോളർ) ഓഹരികളാണ് ഇന്ത്യൻ വിപണിയിൽ വിറ്റത്.

സെൻസെക്‌സ് വെള്ളിയാഴ്ച 918.60 പോയിൻ്റ് (1.20%) ഉയർന്ന് 77,550.25 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 275.50 പോയിൻ്റ് (1.16%) കയറി 24,050.60 ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 1091. 05 പോയിൻ്റ് (1.99%) നേട്ടത്തോടെ 55,912.75 ൽ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 865.20 പോയിൻ്റ് (1.52%) ഉയർന്ന് 57,843.95 ൽ അവസാനിച്ചു. സ്മോൾ ക്യാപ് 100 സൂചിക 274.10 പോയിൻ്റ് (1.65%) നേട്ടത്തോടെ 16,840.10 ൽ ക്ലോസ് ചെയ്തു.

വിശാലവിപണിയിൽ ഭൂരിപക്ഷം ഓഹരികൾ നേട്ടത്തിലായിരുന്നു. ബിഎസ്ഇയിൽ 3325 ഓഹരികൾ കയറിയപ്പോൾ 986 എണ്ണം താഴ്ന്നു. എൻഎസ്ഇയിൽ 2006 എണ്ണം ഉയർന്നപ്പോൾ 575 എണ്ണം ഇടിഞ്ഞു.

സ്വർണം ഇടിഞ്ഞു, കയറി

വെടിനിർത്തലിനെ പറ്റി ആശയും ആശങ്കയും മാറിമാറി വന്ന വെള്ളിയാഴ്ച സ്വർണവിപണി അൽപം താഴ്ന്നു ക്ലോസ് ചെയ്തു. ഔൺസിന് 4749.20 ഡോളറിൽ വ്യാപാരം അവസാനിച്ചു. വെടിനിർത്തൽ ചർച്ചകൾ പരാജയപ്പെട്ടു സംഘർഷം വീണ്ടും രൂക്ഷമായതോടെ ഇന്നു രാവിലെ വില രണ്ടു ശതമാനത്തോളം ഇടിഞ്ഞു. ഔൺസിന് 4637.50 ഡോളർ വരെ താഴ്ന്ന വില പിന്നീടു 4722 ഡോളറിലേക്കു കയറി.

കേരളത്തിൽ 22 കാരറ്റ് സ്വർണം പവൻവില വെള്ളിയാഴ്ച 120 രൂപയും ശനിയാഴ്ച 360 രൂപയും കയറി 1,12,080 രൂപയായി.

വെള്ളി വെള്ളിയാഴ്ച ഔൺസിന് 76.07 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 73.98 ഡോളറിലേക്ക് ഇടിഞ്ഞു.

പ്ലാറ്റിനം 1998 ഡോളർ, പല്ലാഡിയം 1481 ഡോളർ, റോഡിയം 9600 ഡോളർ എന്നിങ്ങനെ നിൽക്കുന്നു.

ലോഹങ്ങൾ കുതിച്ചു

യുദ്ധം അവസാനിക്കും എന്ന പ്രതീക്ഷ പടർന്ന വെള്ളിയാഴ്ച വ്യാവസായിക ലോഹങ്ങൾ കുതിച്ചുകയറി. ചെമ്പ് 1.67 ശതമാനം ഉയർന്ന് 12,660.55 ഡോളറിൽ എത്തി. അലൂമിനിയം 1.56 ശതമാനം കയറി 3503.77 ഡോളറിൽ ക്ലോസ് ചെയ്തു. നിക്കൽ, ടിൻ, സിങ്ക് എന്നിവ ഉയർന്നപ്പോൾ ലെഡ് താഴ്ന്നു.

റബർ താഴ്ന്നു

രാജ്യാന്തര വിപണിയിൽ റബർ 0.39 ശതമാനം കുറഞ്ഞു കിലോഗ്രാമിന് 205.70 സെൻ്റിൽ എത്തി. കൃത്രിമ റബർ വില 0.29 ശതമാനം താഴ്ന്നു ടണ്ണിന് 17,400.00 യുവാൻ ആയി.

കൊക്കോ വില 2.66 ശതമാനം ഉയർന്നു ടണ്ണിന് 3246.00 ഡോളർ ആയി.

തേയിലവില മാറ്റമില്ലാതെ തുടർന്നു. കാപ്പി 2.18 ശതമാനം ഉയർന്നു പൗണ്ടിന് 300.10 സെൻ്റ് ആയി. പാം ഓയിൽ വില 2.26 ശതമാനം താഴ്ന്ന ടണ്ണിനു 4538 മലേഷ്യൻ റിംഗിറ്റിൽ എത്തി.

പോളി എഥിലിൻ, പോളിപ്രൊപ്പിലിൻ, പിവിസി വിലകൾ 3 .06 ശതമാനം വരെ താഴ്ന്നു. യൂറിയ 0.96 ശതമാനം താഴ്ന്നു ടണ്ണിന് 694.25 ഡോളർ ആയി. ഡൈ അമോണിയം ഫോസ്ഫേറ്റ് ടണ്ണിന് 720 ഡോളറിൽ തുടരുന്നു.

ഡോളർ സൂചിക ഉയരുന്നു

വാരാന്ത്യത്തിലേക്കു താഴ്ന്നു നിന്ന യുഎസ് ഡോളർ സൂചിക ഇന്നു കയറ്റത്തിലാണ്. വെള്ളിയാഴ്ച താഴ്ന്ന് 98.65 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 99.18 ലേക്കു കയറിയിട്ടു 99.06 ലേക്കു താഴ്ന്നു.

യൂറോ 1.1684 ഡോളറിലേക്കും പൗണ്ട് 1.3397 ഡോളറിലേക്കും താഴ്ന്നു. ജാപ്പനീസ് യെൻ ഡോളറിന് 159.75 യെൻ എന്ന നിലയിലേക്ക് താഴ്ന്നു. ചൈനീസ് യുവാൻ ഡോളറിന് 6.83 യുവാൻ എന്ന നിരക്കിൽ തുടർന്നു.

അമേരിക്കയിൽ 10 വർഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം (yield) 4.359 ശതമാനമായി ഉയർന്നു. യുദ്ധം വിലക്കയറ്റം വർധിപ്പിക്കും എന്ന ഭീതിയിലാണിത്.

രൂപ താഴ്ചയിൽ

ഡോളറുമായുള്ള വിനിമയത്തിൽ രൂപ വെള്ളിയാഴ്ചയും ദുർബലമായി. ഡോളർ ഏഴു പൈസ കയറി 92.73 രൂപയിൽ ക്ലോസ് ചെയ്തു. രൂപയ്ക്കെതിരായ ഷോർട്ട് പൊസിഷനുകൾ അവസാനിപ്പിക്കാനുള്ള അവസാന ദിവസം വെള്ളിയാഴ്ച ആയിരുന്നു.

വിദേശത്തെ നോൺ ഡെലിവെറേബിൾ ഫോറെക്സ് (എൻഡിഎഫ്) വിപണിയിൽ ഡോളർ 93.09 രൂപ വരെ ഉയർന്നു. ചൈനീസ് യുവാൻ 13.57 രൂപയിലേക്കും യൂറോ 108.66 രൂപയിലേക്കും ഉയർന്നു. രൂപ ഇന്നു ഗണ്യമായി ദുർബലമാകാം എന്നാണ് ഇതു നൽകുന്ന സൂചന.

ക്രൂഡ് ഓയിൽ കുതിക്കുന്നു

ഹോർമുസ് കപ്പൽച്ചാൽ ഉപരോധിക്കാനുള്ള അമേരിക്കൻ പ്രഖ്യാപനത്തെ തുടർന്നു ക്രൂഡ് ഓയിൽ വില കുതിച്ചു കയറി. തിങ്കളാഴ്ച അതിരാവിലെ വില എട്ടു ശതമാനത്തിലധികം ഉയർന്നു വീപ്പയ്ക്ക് 104 ഡോളറിനു മുകളിൽ എത്തി. വെള്ളിയാഴ്ച 95.20 ഡോളറിൽ ക്ലോസ് ചെയ്ത ബ്രെൻ്റ് ഇനം ക്രൂഡ് ഇന്നു രാവിലെ 103.25 ഡോളറിൽ എത്തി. പിന്നീട് 101.8 ലേക്കു താഴ്ന്നു. ഡബ്ള്യുടിഐ ഇനം ക്രൂഡ് 104.59 ഡോളറിൽ എത്തിയിട്ട് 104.18 ലേക്കു താഴ്ന്നു. യുഎഇയുടെ മർബൻ ക്രൂഡ് 98.16 ൽ നിൽക്കുന്നു. ഇന്ത്യ പശ്ചിമേഷ്യയിൽ നിന്നു വാങ്ങുന്ന എണ്ണയുടെ ശരാശരിവില (ഇന്ത്യൻ ബാസ്‌കറ്റ്) കഴിഞ്ഞയാഴ്ച 120.28 ഡോളർ ആയി. ക്രൂഡ് ഓയിൽ സ്പോട്ട് വില 140 ഡോളറിനു മുകളിലാണ്.

ക്രിപ്റ്റോകൾ ഇടിഞ്ഞു

ക്രിപ്റ്റോ കറൻസികൾ വാരാന്ത്യത്തിൽ ഉയർന്നിട്ടു താഴ്ന്നു. ഇന്നുരാവിലെ ബിറ്റ്കോയിൻ 71,100 ഡോളറിനു താഴെയായി. ഈഥർ 2200 ഡോളറിനും സൊലാന 82.00 ഡോളറിനും താഴെ നിൽക്കുന്നു.

വിപണിസൂചനകൾ

(2026 ഏപ്രിൽ 10, വെള്ളി)

സെൻസെക്സ് 77,550.25 +1.20%

നിഫ്റ്റി50 24,050.60 +1.16%

ബാങ്ക് നിഫ്റ്റി 55,912.75 +1.99%

മിഡ്ക്യാപ്100 57,843.95 +1.52%

സ്മോൾക്യാപ്100 16,840.10 +1.65%

ഡൗജോൺസ് 47,916.57 -0.56%

എസ്ആൻഡ്പി 6816.89 -0.11%

നാസ്ഡാക് 22,902.89 +0.35%

ഡോളർ ₹92.73 +₹0.07

സ്വർണം(ഔൺസ്)$4749.20 -18.30

സ്വർണം(പവൻ) ₹1,11,720 +₹120

ശനി ₹1,12,080 +₹360

ക്രൂഡ്ഓയിൽബ്രെൻ്റ്$95.20 -$00.72

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT