യു.എസ്, യൂറോപ്പ്, ഏഷ്യൻ വിപണികൾ ഭിന്ന ദിശകളിൽ നീങ്ങുന്നത്, ക്രൂഡ് ഓയിൽ, സ്വർണം, വ്യാവസായിക ലോഹങ്ങൾ, റബർ എന്നിവയുടെ വിലയിൽ നേരിടുന്ന ചാഞ്ചാട്ടം, ഫെഡ് പലിശ നിർണയ പ്രതീക്ഷ, എ.ഐ. ഭീഷണി ആശങ്കകൾ എന്നിവയെല്ലാം ചേർന്ന് ആഗോള സാമ്പത്തിക വ്യവസ്ഥയിൽ അനിശ്ചിതത്വം സൃഷ്ടിക്കുന്നു. ഇന്ത്യൻ വിപണിയിൽ വിദേശ നിക്ഷേപകരുടെ വിൽപ്പന, ആഭ്യന്തര ഫണ്ടുകളുടെ വാങ്ങൽ, ബാങ്ക്, ഐടി ഓഹരികളുടെ ചെറിയ നേട്ടം, മെറ്റൽ, റിയൽറ്റി, ഓട്ടോ ഓഹരികളുടെ ഇടിവ് എന്നിവ നിക്ഷേപകരെ ജാഗ്രതയിലാക്കുന്നു.
ഇന്തൻ വിപണിക്ക് അവധിയായ ഇന്ന് ഏഷ്യൻ വിപണികൾ വലിയ താഴ്ചയിലായി. യു.എസ് ഫ്യൂച്ചേഴ്സും താഴ്ന്നു നീങ്ങുന്നു. ബുധനാഴ്ച യു.എസ് ഫെഡറൽ റിസർവ് പലിശ കൂട്ടുമോ എന്നതാണു വിപണികൾ ഉറ്റു നോക്കുന്നത്. ഇന്നു വൈകുന്നേരം ഇന്ത്യയുടെ ഓഗസ്റ്റിലെ ചില്ലറ വിലക്കയറ്റം അറിയാം. 4.8 ശതമാനം വർധനയാണു പ്രതീക്ഷ.
ക്രൂഡ് ഓയിൽ വില വീണ്ടും 108 ഡോളറിനു സമീപം എത്തി. സൗദി അറേബ്യയുടെ എണ്ണ കയറ്റുമതി തടസപ്പെട്ടതാണു കാരണം. ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി വെള്ളിയാഴ്ച രാത്രി 23,455.50-ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 23,505 വരെ കയറിയിട്ടു താഴ്ന്നു. ഇന്ത്യൻ വിപണി നാളെ കാര്യമായ മാറ്റമില്ലാതെ വ്യാപാരം തുടങ്ങും എന്നാണ് സൂചന.
ടാറ്റാ ഗ്രൂപ്പ് കമ്പനികളുടെ ഹോൾഡിംഗ് കമ്പനിയായ ടാറ്റാ സൺസ് ഓഹരിവിപണിയിൽ ലിസ്റ്റ് ചെയ്യണം എന്ന് റിസർവ് ബാങ്ക് വീണ്ടും വ്യക്തമാക്കി. ടാറ്റാ സൺസിൻ്റെ 67 ശതമാനം ഓഹരി കൈയിൽ വച്ചിട്ടുള്ള ടാറ്റാ ട്രസ്റ്റുകൾ ഇതിനെ എതിർക്കുന്നു. 18 ശതമാനം ഓഹരിയുള്ള ഷപ്പൂർജി പല്ലോൺജി (എസ്പി) ഗ്രൂപ്പ് ലിസ്റ്റിംഗിനെ അനുകൂലിക്കുന്നു. കടക്കെണിയിൽ കിടക്കുന്ന എസ്പി ഗ്രൂപ്പിനു ലിസ്റ്റിംഗ് വഴി ഓഹരിവിറ്റ് കടങ്ങൾ തീർക്കാം. ടാറ്റാ ട്രസ്റ്റുകളുടെ ചെയർമാൻ നോയൽ ടാറ്റയുടെ ഭാര്യവീട്ടുകാരാണ് എസ്.പി മിസ്ത്രി കുടുംബം. ലിസ്റ്റിംഗിനു സാവകാശം തേടാനോ കോടതി വഴി ചോദ്യം ചെയ്യാനോ ഉള്ള സാധ്യത വ്യാഴാഴ്ച ചേരുന്ന ടാറ്റാ സൺസ് ബോർഡ് യോഗം ചർച്ച ചെയ്യും. ലിസ്റ്റിംഗിനെപ്പറ്റി പരസ്യമായി പ്രതികരിക്കാത്ത ചെയർമാൻ എൻ. ചന്ദ്രശേഖരനോടു രാജി തീരുമാനം പുന:പരിശോധിക്കാൻ ബോർഡ് ആവശ്യപ്പെടും എന്നും സൂചനയുണ്ട്.
ടാറ്റാ സൺസ് ലിസ്റ്റ് ചെയ്താൽ ടാറ്റാ സ്റ്റീൽ, ടാറ്റാ മോട്ടോഴ്സ്, ടാറ്റാ കെമിക്കൽസ് തുടങ്ങി ലിസ്റ്റ് ചെയ്ത ഏഴു ഗ്രൂപ്പ് കമ്പനികളുടെ ഓഹരിവിലകൾ കുതിച്ചു കയറും ആ കമ്പനികൾക്കു ടാറ്റാ സൺസിൽ മൂന്നു ശതമാനം വരെ ഓഹരിയുണ്ട് ഇപ്പോൾ വ്യാപാരമില്ലാത്ത ഓഹരികൾക്കു വിപണിവിലയിലേക്കു മൂല്യവർധന കിട്ടും. ടാറ്റാ സ്റ്റീലിനും ടാറ്റാ മോട്ടോഴ്‌സ് പിവിക്കും വിപണിമൂല്യം 30,000 കോടിയിൽ പരം രൂപ വീതം കൂടും.
എച്ച്ഡിഎഫ്സി ബാങ്ക് സിഇഒ പദവിയിലേക്ക് രണ്ടു പേരുകൾ ബാങ്ക് ബോർഡ് റിസർവ് ബാങ്കിനു സമർപ്പിച്ചു. ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ കൈസാദ് ഭറൂച്ചയുടെ പേരിനാണു മുൻഗണന എന്നാണു റിപ്പോർട്ട്. ബാങ്കിനു പുറത്തുള്ള ഏതാനും പേരുടെ സാധ്യതയും ചർച്ച ചെയ്യപ്പെടുന്നുണ്ട്. സിഇഒ എസ്. ജഗദീശൻ അടുത്ത മാസം പിരിയും.
വെള്ളിയാഴ്ച ക്രൂഡ് ഓയിൽ വില താഴ്ന്നതു യു.എസ് വിപണിയെ ഉയർത്തി. നാല് ദിവസത്തെ താഴ്ചയ്ക്കു ശേഷം നേട്ടത്തിലേക്കു മാറാൻ ചില്ലറവിലക്കയറ്റ കണക്കും സഹായിച്ചു. ഓഗസ്റ്റിലെ വിലക്കയറ്റം പ്രതീക്ഷ പോലെ പ്രതിമാസം 0.4 ഉം പ്രതിവർഷം 3.4ഉം ശതമാനം വർധിച്ചു. വിലക്കയറ്റ പ്രവണത കുറയുന്നു എന്ന വ്യാഖ്യാനത്തിന് ഇത് അവസരമായി. ഫെഡ് ഈയാഴ്ച നിരക്കു കൂട്ടാനുള്ള സാധ്യത 90 ശതമാനത്തിലേക്കു കയറിയെങ്കിലും തുടർന്നു വർധിപ്പിക്കാനുള്ള സാധ്യത കുറഞ്ഞെന്നു വിപണി വ്യാഖ്യാനിച്ചു.
വെള്ളിയാഴ്ച ഡൗ ജോൺസ് സൂചിക 509.19 പോയിൻ്റ് (0.98 ശതമാനം) കുതിച്ച് 52,573.29 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 65.28 പോയിൻ്റ് (0.86%) നേട്ടത്തോടെ 7656.98 ൽ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് 251.31 പോയിൻ്റ് (0.96%) കയറി 26,333.04 ൽ ക്ലോസ് ചെയ്തു.
ക്രൂഡ് ഓയിൽ വിലക്കയറ്റവും നിർമിതബുദ്ധിയിലെ പുരോഗതിയുടെ അപായങ്ങൾ സംബന്ധിച്ച പുതിയ ആശങ്കകളും ഇന്നു യു.എസ് ഫ്യൂച്ചേഴ്‌സിനെ താഴ്ചയിലാക്കി. ഡൗ ജോൺസ് 62 പോയിൻ്റും (0.12%) എസ് ആൻഡ് പി 36 പോയിൻ്റും (0.46%) നാസ്ഡാക് 380 പോയിൻ്റും (1.27%) താഴ്ന്നു നീങ്ങുന്നു.
ന്യൂയോർക്കിലെ എ.ഡി.ആർ (അമേരിക്കൻ ഡെപ്പോസിറ്ററി റെസീറ്റ്) വിപണിയിൽ വെള്ളിയാഴ്ച എച്ച്ഡിഎഫ്സി ബാങ്ക് വ്യാപാര സമയത്ത് 6.87 ശതമാനം കുതിച്ചിട്ട് തുടർവ്യാപാരത്തിൽ 0.43% താഴ്ന്ന് 23.24 ഡോളറിൽ ക്ലോസ് ചെയ്തു. ഐസിഐസിഐ ബാങ്ക് നിശ്ചിത സമയത്ത് 1.87% ഉയർന്ന ശേഷം തുടർ വ്യാപാരത്തിൽ മാറ്റമില്ലാതെ 29.39 ഡോളറിൽ അവസാനിച്ചു. ഇൻഫോസിസ് നിശ്ചിത സമയത്ത് 1.47% കയറിയ ശേഷം തുടർ വ്യാപാരത്തിൽ 0.36 ശതമാനം താഴ്ന്നു 11.03 ഡോളറിൽ ക്ലോസ് ചെയ്തു. വിപ്രോ വിപണിസമയത്തു 1.20% ഉയർന്നു തുടർ വ്യാപാരത്തിൽ 0.59 ശതമാനം കൂടി കയറി 1.70 ഡോളറിൽ അവസാനിച്ചു.
യൂറോപ്യൻ ഓഹരിവിപണികൾ വെള്ളിയാഴ്ച ഗണ്യമായി ഉയർന്നു. ഇനി പലിശ വർധിപ്പിക്കില്ല എന്ന സൂചന യൂറോപ്യൻ കേന്ദ്ര ബാങ്ക് നൽകിയതു വിപണികൾക്ക് ആശ്വാസമായി. ക്രൂഡ് ഓയിൽ താഴ്ന്നതും സഹായിച്ചു.
ഏഷ്യൻ വിപണികൾ ഇന്നും വലിയ ഇടിവിലായി. ജപ്പാനിൽ നിക്കൈ സൂചിക 1.6 ശതമാനം താഴ്ന്നു. ഓസ്ട്രേലിയൻ വിപണി 0.30 ശതമാനം ഉയർന്നു. ദക്ഷിണ കൊറിയയിൽ കോസ്‌പി 3.5 ശതമാനം ഇടിഞ്ഞു. ഹോങ് കോങ്ങിലെ ഹാങ് സെങ് സൂചിക 0.50 ശതമാനവും തായ്‌വാൻ സൂചിക 1.20 ശതമാനവും താഴ്ന്നു. ഷാങ്ഹായ് സൂചിക 0.25 ശതമാനം നഷ്‌ടത്തിലാണ്.
വ്യാഴാഴ്ചത്തെ നേട്ടങ്ങൾ നഷ്‌ടപ്പെടുത്തി ഇന്ത്യൻ വിപണി വെള്ളിയാഴ്ച താഴ്ന്നു. പതിവു പോലെ ക്ലോസിംഗ് ഓക്‌ഷൻ സെഷനി (കാസ്) ൽ ഗണ്യമായ മാറ്റം ഉണ്ടായി. ആഗോളവിപണിയിൽ ലോഹവിലകൾ ഇടിഞ്ഞതു മെറ്റൽ ഓഹരികളെ വലിയ നഷ്‌ടത്തിലാക്കി. റിയൽറ്റി, ഓട്ടോ, ഓയിൽ, പ്രതിരോധ ഓഹരികളും ഇടിവിലായി. ബാങ്കുകളും ഐടിയും ചെറിയ നേട്ടം ഉണ്ടാക്കി.
ജൂലൈയിലും ഓഗസ്റ്റിലും അറ്റവാങ്ങലുകാരായിരുന്ന വിദേശ നിക്ഷേപകർ സെപ്റ്റംബറിലെ ആദ്യ പകുതിയിൽ വിൽപനക്കാരായി. 13,138 കോടി രൂപയാണ് അവർ രണ്ടാഴ്ച കൊണ്ടു വിപണിയിൽ നിന്നു പിൻവലിച്ചത്. വെള്ളിയാഴ്ച അവർ ക്യാഷ് വിപണിയിൽ 930.90 കോടി രൂപയുടെ അറ്റ വിൽപന നടത്തി. സ്വദേശിഫണ്ടുകൾ 1968.17 കോടി രൂപയുടെ അറ്റ വാങ്ങലും നടത്തി.
വെള്ളിയാഴ്ച സെൻസെക്‌സ് 120.83 പോയിൻ്റ് (0.16%) താഴ്ന്ന് 74,781.76 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 79.70 പോയിൻ്റ് (0.34%) നഷ്‌ടത്തോടെ 23,398.10 ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 134.60 പോയിൻ്റ് (0.24%) നേട്ടത്തോടെ 56,606.55 ൽ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 160.15 പോയിൻ്റ് (0.26%) താഴ്ന്ന് 62,197.20 ൽ അവസാനിച്ചു. സ്മോൾ ക്യാപ് 100 സൂചിക 115.65 പോയിൻ്റ് (0.58%) കുറഞ്ഞ് 19,906.30 ൽ ക്ലോസ് ചെയ്തു.
വിശാലവിപണിയിൽ ഭൂരിപക്ഷം ഓഹരികൾ നഷ്‌ടത്തിൽ തുടർന്നു. ബിഎസ്ഇയിൽ 1739 ഓഹരികൾ കയറി, 2612 ഓഹരികൾ താഴ്ന്നു. എൻഎസ്ഇയിൽ 1471 എണ്ണം ഉയർന്നപ്പോൾ 2038 എണ്ണം താഴ്ന്നു.
പലിശപ്പേടിയിൽ സ്വർണവിപണി ചാഞ്ചാട്ടം തുടർന്നു. ബുധനാഴ്ച യുഎസ് ഫെഡറൽ റിസർവിൻ്റെ തീരുമാനം വരുന്നതു വരെ കയറ്റവും ഇറക്കവും തുടരും എന്നാണു നിഗമനം. വെള്ളിയാഴ്ച ഗണ്യമായി ഉയർന്ന സ്വർണം ഇന്നു രാവിലെ വീണ്ടും കയറി. സ്വർണം 32 ഡോളർ (0.74%) നേട്ടത്തോടെ ഔൺസിന് 4349.70 ഡോളറിൽ വെള്ളിയാഴ്ച ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില 4328 ഡോളർ വരെ താഴ്ന്ന ശേഷം 4356 ഡോളറിലേക്കു കുതിച്ചു.
കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് വെള്ളിയാഴ്ച 800 രൂപ കുറഞ്ഞ് 1,13,240 രൂപ ആയി. വെള്ളി വില വെള്ളിയാഴ്ച 1.45 ശതമാനം ഉയർന്ന് ഔൺസിന് 64.61 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ അല്പം താഴ്ന്നു. പ്ലാറ്റിനം 1786 ഡോളർ, പല്ലാഡിയം 1276 ഡോളർ, റോഡിയം 9200 ഡോളർ എന്നിങ്ങനെ നിൽക്കുന്നു.
പലിശപ്പേടിയിൽ വ്യാവസായിക ലോഹങ്ങൾ വെള്ളിയാഴ്ച വലിയ ഇടിവിലായി. ചെമ്പ് 1.04 ശതമാനം നഷ്ടത്തോടെ ടണ്ണിന് 14,238.50 ഡോളർ ആയി. അലൂമിനിയം 184 ശതമാനം ഇടിഞ്ഞു 3256.00 ഡോളറിൽ എത്തി. ലെഡും നിക്കലും സിങ്കും ടിന്നും 2.19 ശതമാനം വരെ നഷ്‌ടത്തിലായി.
വെള്ളിയാഴ്ച രാജ്യാന്തര വിപണിയിൽ റബർ വില ചെറിയ താഴ്ചയിലായി. ബാങ്കോക്കിൽ ആർഎസ്എസ്-1 ക്വിൻ്റലിന് 284.50 ഡോളറിലും ആർഎസ്എസ്-3 ക്വിൻ്റലിന് 281.00 ഡോളറിലും എത്തി. കേരളത്തിൽ ക്വിൻ്റലിന് 27,400 രൂപ തുടർന്നു. എൽ നിനോ കൂടുതൽ ശക്തമാകുന്നതു തെക്കു കിഴക്കൻ ഏഷ്യയിൽ റബർ ഉൽപാദനത്തിൽ ഗണ്യമായ കുറവു വരുത്തും. ഈ വർഷം ആഗോള റബർ ഉൽപാദനം 152.8 ലക്ഷം ടണ്ണും ഉപയോഗം 153.6 ലക്ഷം ടണ്ണും ആകുമെന്നാണ് സ്വഭാവിക റബർ ഉൽപാദക രാജ്യങ്ങളുടെ സംഘടന രണ്ടാഴ്ച മുൻപ് കണക്കാക്കിയത്.
കൊക്കോ വില അൽപം കയറി ടണ്ണിന് 5961 ഡോളറിൽ ക്ലോസ് ചെയ്തു. കഴിഞ്ഞമാസം ഐവറി കോസ്റ്റിൽ നിന്നുള്ള കയറ്റുമതി 19 ശതമാനം വർധിച്ചതും ഐസ് എക്സ്ചേഞ്ചിലെ സ്റ്റോക്ക് രണ്ടു വർഷത്തെ ഉയർന്ന നിലയിലേക്കു കയറിയതുമാണ് കഴിഞ്ഞ ആഴ്ച വിലയിടിച്ചത്. എന്നാൽ ഒക്ടോബറിൽ തുടങ്ങുന്ന 2026-27 സീസണിൽ ഐവറി കോസ്റ്റിൽ 20 ഉം ഘാനയിൽ 38 ഉം ശതമാനം കുറവാകും ഉൽപാദനം എന്നാണു കണക്കാക്കുന്നത്. ഘാനയിലെ ഉൽപാദനക്കുറവ് നേരത്തേ കണക്കാക്കിയതിൻ്റെ ഇരട്ടിയാക്കി ഘാനയിലെ കൊക്കോ മാർക്കറ്റിംഗ് കമ്പനി.
അറബിക്ക കാപ്പി പൗണ്ടിന് 2.86 ഡോളറിലേക്കു താഴ്‌ന്നു. ബ്രസീലിൽ ഉൽപാദനം റെക്കോർഡ് നിലവാരത്തിലേക്കു കയറുന്നതാണ് ഇടിവിനു കാരണം. ഓഗസ്റ്റിലെ ബ്രസീലിയൻ കയറ്റുമതി 45 ശതമാനം വർധിച്ചു. പാം ഓയിൽ 1.45 ശതമാനം താഴ്ന്നു ടണ്ണിന് 4814 മലേഷ്യൻ റിംഗിറ്റ് ആയി.
യു.എസ് ഡോളർ സൂചിക വെള്ളിയാഴ്ച ഉയർന്നു 99.12-ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 99.21-ലേക്കു കയറി. യൂറോ 1.1583 ഡോളറിലേക്കും പൗണ്ട് 1.351 ഡോളറിലേക്കും താഴ്ന്നു. ജാപ്പനീസ് യെൻ ഒരു ഡോളറിന് 153.84 യെൻ ആയി. ചൈനീസ് യുവാൻ ഡോളറിന് 6.71 എന്ന നിരക്കിൽ തുടർന്നു. അമേരിക്കയിൽ 10 വർഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം (yield) വീണ്ടും ഉയർന്ന് 4.975 ശതമാനത്തിൽ എത്തി.
വെള്ളിയാഴ്ചയും രൂപ താഴ്ന്നു. ഡോളർ 11 പൈസ കയറി 95.55 രൂപയിൽ ക്ലോസ് ചെയ്തു. വിദേശത്തെ ഫോർവേഡ് വിപണിയിൽ ഡോളർ ഇന്നു രാവിലെ 94.50 രൂപ വരെ ഇടിഞ്ഞു. രൂപയുടെ വിപണി നിരക്ക് ഒരു ശതമാനത്തിലധികം ഉയർന്നു. ചൈനീസ് യുവാൻ 14.22 രൂപയും യൂറോ 110.71 രൂപയും ആയി കുറഞ്ഞു.
വെള്ളിയാഴ്ച ക്രൂഡ് ഓയിൽ വില മൂന്നു ശതമാനത്തോളം താഴ്ന്നു. പശ്ചിമേഷ്യൻ സാഹചര്യത്തിൽ അനുകൂല മാറ്റം പ്രതീക്ഷിച്ചായിരുന്നു അത്. എന്നാൽ സൗദി അറേബ്യയുടെ പ്രധാന പൈപ്പ് ലൈനിൽ ഇറാഖിൽ നിന്ന് ആക്രമണം ഉണ്ടായതുമൂലം ലൈൻ അടച്ചതും ചെങ്കടലിലെ ചരക്കു നീക്കം ഇറാൻ പക്ഷ ഹൂതികൾ നിയന്ത്രണത്തിലാക്കിയതും ഇന്നു വില വീണ്ടും കയറാൻ കാരണമായി.
വെള്ളിയാഴ്ച ബ്രെൻ്റ് ഇനം ക്രൂഡ് മൂന്നു ശതമാനം താഴ്‌ന്ന് 104.61 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വീണ്ടും കയറി 107.71 ഡോളറിൽ എത്തി. ഡബ്ള്യുടിഐ ഇനം 102.76 ഡോളറിലാണ്.
ക്രിപ്റ്റോ കറൻസികൾ വീണ്ടും താഴ്ചയിലായി. ബിറ്റ്കോയിൻ 76,700 ഡോളറിനു താഴെ എത്തി. ഈഥർ ഇന്ന് 2480 ഡോളറിനും സൊലാന 99.50 ഡോളറിനും താഴെ ആയി.
(2026 സെപ്റ്റംബർ 11, വെള്ളി)
സെൻസെക്സ്: 74,781.76 -0.16%
നിഫ്റ്റി-50: 23,398.10 -0.34%
ബാങ്ക് നിഫ്റ്റി: 56,606.55 +0.24%
മിഡ് ക്യാപ്-100: 62,197.20 -0.26%
സ്മോൾ ക്യാപ്-100: 19,906.30 -0.58%
ഡൗജോൺസ്: 52,573.29 +0.98%
എസ്ആൻഡ്പി: 7656.98 +0.86%
നാസ്ഡാക്: 26,333.04 +0.96%
ഡോളർ: ₹95.55 +₹0.11
സ്വർണം (ഔൺസ്): $4349.70 +$32.00
സ്വർണം (പവൻ): ₹1,13,240 -₹800
ക്രൂഡ് ഓയിൽ-ബ്രെൻ്റ്: $104.61 -3.02
Read DhanamOnline in English
Subscribe to Dhanam Magazine