പശ്ചിമേഷ്യയിൽ സംഘർഷം ശക്തമാകുമ്പോൾ യു.എസ് നാവിക ഉപരോധം ആരംഭിച്ചതോടെ ക്രൂഡ് ഓയിൽ വില വീണ്ടും കയറുന്നു. യു.എസിലെ പലിശ വർധന ഭീതി കുറഞ്ഞത് സ്വർണവില ഉയർത്തി. ഏഷ്യൻ വിപണികൾ ഇന്ന് നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു. യു.എസ് ബാങ്കുകളുടെ മികച്ച ഫലങ്ങൾ വിപണിക്ക് ആശ്വാസം നൽകുമ്പോൾ ഐ.ബി.എം ഓഹരിയുടെ ചരിത്രപരമായ ഇടിവ് ആഗോള ഐ.ടി മേഖലയെ കുറിച്ചുള്ള ആശങ്കകൾ വർധിപ്പിക്കുന്നു.
ഇറാനിൽ യു.എസ് വ്യോമാക്രമണവും ഗൾഫ് രാജ്യങ്ങളിലെ യു.എസ് താവളങ്ങളിൽ ഇറാനിയൻ ആക്രമണവും തുടരുന്നു. ഇറാനുമേൽ നാവിക ഉപരോധം കഴിഞ്ഞ രാത്രി നിലവിൽ വന്നു. അതിനു ശേഷം ഒമാൻ തീരത്തോടു ചേർന്ന ചാലിലൂടെ കപ്പലുകൾ പോന്നോ എന്ന് അറിവില്ല. ഇറാനുമായി ബന്ധപ്പെട്ട കപ്പലുകളെ ആക്രമിച്ചതായും റിപ്പോർട്ട് ഇല്ല. ഹോർമുസ് ടോൾ നിർദേശം ട്രംപ് പിൻവലിച്ചതു മൂലം ഇന്നലെ ക്രൂഡ് ഓയിൽ വില താഴ്ന്നു. എന്നാൽ ഇന്നു രാവിലെ ഒരു ശതമാനം കയറി. പലിശ വർധന ഭീതി മാറിയതു സ്വർണവിലയെ ഉയർത്തി.
സംഘർഷത്തിനു കുറവില്ലെങ്കിലും ഏഷ്യൻ വിപണികൾ ഇന്ന് (ജൂലൈ 15) കയറ്റത്തിലാണ്. യു.എസ് ഫ്യൂച്ചേഴ്സും നേട്ടത്തിലായി. അതുപോലെ ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി ചൊവ്വാഴ്ച രാത്രി 24,031-ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 24,076-ൽ എത്തിയിട്ടു താഴ്ന്നു. ഇന്നു വിപണി നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതു സൂചിപ്പിക്കുന്നത്.
തെക്കുപടിഞ്ഞാറൻ മൺസൂൺ മഴയിലെ കമ്മി ജൂലൈ 14 ന് 21 ശതമാനം ആയെന്നു കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴ കുറഞ്ഞു വരികയാണ്. കേരളത്തിൽ കമ്മി 31 ശതമാനത്തിലേക്കു കയറി. ബിഹാർ, പഞ്ചാബ്, ഗുജറാത്ത്, കർണാടക, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിൽ 20 ശതമാനത്തിലധികമാണു മഴക്കുറവ്. രാജ്യത്തെ ഭൂവിസ്തൃതിയിൽ 49 ശതമാനത്തിലും മഴയുടെ കമ്മി 20 ശതമാനത്തിൽ കൂടുതലായി.
ഹോർമുസ് ടോൾ നിർദേശം അമേരിക്ക പിൻവലിച്ചു. ക്രൂഡ് ഓയിൽ വില കുറഞ്ഞു. യു.എസ് ചില്ലറ വിലക്കയറ്റം പ്രതീക്ഷയിലും കുറവായി. രണ്ടും പലിശവർധനയുടെ ഭീതി അകറ്റി. യു.എസ് ഫെഡിൻ്റെ ചെയർമാൻ കോൺഗ്രസിൽ നൽകിയ മൊഴിയിൽ സ്വതന്ത്രനിലപാട് സ്വീകരിക്കും എന്ന് ഉറപ്പിച്ചു പറഞ്ഞതും വിപണിക്ക് ആശ്വാസമായി.
ജെ.പി മോർഗൻ ചെയ്സ്, ബാങ്ക് ഓഫ് അമേരിക്ക, സിറ്റി ഗ്രൂപ്പ്, വെൽസ് ഫാർഗോ, ഗോൾഡ്മാൻ സാക്സ് എന്നീ വമ്പൻ ബാങ്കുകൾ പ്രതീക്ഷയിലും മികച്ച രണ്ടാം പാദ റിസൽട്ട് പ്രസിദ്ധീകരിച്ചു. ബാങ്ക് ഓഹരികൾ കുതിച്ചു. പ്രതീക്ഷയിലും മോശമായ രണ്ടാം പാദ റിസൽട്ടിനെ തുടർന്ന് ഐ.ബി.എം ഓഹരി 25 ശതമാനം ഇടിഞ്ഞു. 1916 മുതൽ വിപണിയിൽ ഉള്ള കമ്പനിയുടെ രേഖപ്പെടുത്തപ്പെട്ട ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയാണിത്.
ഇലോൺ മസ്‌കിൻ്റെ സ്പേസ് എക്സ് ഓഹരി ഇന്നലെ 2.2 ശതമാനം താഴ്ന്നു 136 ഡോളറിൽ ആയി. ചൊവ്വാഴ്ച ഡൗ ജോൺസ് സൂചിക 9.63 പോയിൻ്റ് (0.02ശതമാനം) ഉയർന്ന് 52,508-ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 28.25 പോയിൻ്റ് (0.38%) നേട്ടത്തോടെ 7544-ൽ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് 234 പോയിൻ്റ് (0.90%) കയറി 26,107-ൽ ക്ലോസ് ചെയ്തു.
യു.എസ് ഓഹരി സൂചികകളുടെ ഫ്യൂച്ചേഴ്സ് ഇന്നു ചെറിയ കയറ്റത്തിലാണ്. ഡൗ ജോൺസ് 27 പോയിൻ്റും (0.05%) എസ് ആൻഡ് പി 10 പോയിൻ്റും (0.12%) നാസ്ഡാക് 112 പോയിൻ്റും (0.38%) നേട്ടത്തിലാണ്.
ന്യൂയോർക്കിലെ എ.ഡി.ആർ (അമേരിക്കൻ ഡെപ്പോസിറ്ററി റെസീറ്റ്) വിപണിയിൽ ചൊവ്വാഴ്ച എച്ച്.ഡി.എഫ്.സി ബാങ്ക് വിപണിസമയത്ത് 1.67 ശതമാനം താഴ്ന്നിട്ടു തുടർവ്യാപാരത്തിൽ ഒരു ശതമാനം കയറി 26.23 ഡോളറിൽ ക്ലോസ് ചെയ്തു. ഐ.സി.ഐ.സി.ഐ ബാങ്ക് നിശ്ചിത സമയത്ത് 0.89 ശതമാനം താഴ്ന്നിട്ടു തുടർ വ്യാപാരത്തിൽ 0.03% കൂടി കുറഞ്ഞ് 28.99 ഡോളറിൽ അവസാനിച്ചു. ഇൻഫോസിസ് നിശ്ചിത സമയത്ത് 3.91% ഇടിഞ്ഞ ശേഷം തുടർവ്യാപാരത്തിൽ 0.63% കയറി 11.12 ഡോളറിൽ ക്ലോസ് ചെയ്തു. വിപ്രോ വിപണിസമയത്ത് 3.16% താഴ്ന്ന ശേഷം തുടർവ്യാപാരത്തിൽ 1.07 ശതമാനം ഉയർന്ന് 1.86 ഡോളറിൽ അവസാനിച്ചു.
യൂറോപ്യൻ വിപണികൾ ചൊവ്വാഴ്ചയും മിതമായ നേട്ടം കൈവരിച്ചു.
പ്രധാന ഏഷ്യൻ വിപണികൾ ഇന്നു കയറ്റത്തിലാണ്. ദക്ഷിണ കൊറിയൻ സൂചിക കോസ്‌പി ആറു ശതമാനം കയറി. ജാപ്പനീസ് സൂചിക നിക്കൈ 0.50 ശതമാനം കയറി. ഓസ്ട്രേലിയൻ സൂചിക 0.45 ശതമാനം ഉയർന്നു. ഹോങ്കോംഗ് സൂചിക 0.90 ശതമാനം കയറി. ഷാങ്ഹായ് സൂചിക 0.10 ശതമാനം താഴ്ന്നു.
തുടർച്ചയായ മൂന്നു ദിവസം ഉയർന്ന ഇന്ത്യൻ വിപണി ചൊവ്വാഴ്ച ഇടിഞ്ഞു. ക്രൂഡ് ഓയിൽ ഉയർന്നു നിന്നതും ഹോർമുസിലെ ടോൾ ഭീഷണിയുമാണു കാരണം. വിദേശനിക്ഷേപകർ ഇന്നലെയും വിൽപനക്കാരായിരുന്നു. അവർ കാഷ് വിപണിയിൽ 740 കോടി രൂപയുടെ അറ്റ വിൽപന നടത്തി. സ്വദേശി ഫണ്ടുകൾ 2927.71 കോടി രൂപയുടെ അറ്റ വാങ്ങലുകാരായി.
ചൊവ്വാഴ്ച സെൻസെക്‌സ് 562 പോയിൻ്റ് (0.72%) താഴ്ന്ന് 77,055-ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 159 പോയിൻ്റ് (0.66%) നഷ്ടത്തോടെ 24,052-ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 669. പോയിൻ്റ് (1.15%) ഇടിഞ്ഞ് 57,462-ൽ ക്ലോസ് ചെയ്തു. മിഡ് ക്യാപ്-100 സൂചിക 275 പോയിൻ്റ് (0.44%) കുറഞ്ഞ് 62,766-ൽ അവസാനിച്ചു. സ്മോൾ ക്യാപ്-100 സൂചിക 196 പോയിൻ്റ് (1.01%) താഴ്ന്ന് 19,227-ൽ ക്ലോസ് ചെയ്തു.
വിശാല വിപണിയിൽ ഉയരുന്ന ഒന്നിനു രണ്ട് എന്ന തോതിൽ ഓഹരികൾ ഇടിഞ്ഞു. ബി.എസ്.ഇയിൽ 1431 ഓഹരികൾ കയറി, 2838 ഓഹരികൾ താഴ്ന്നു. എൻ.എസ്.ഇയിൽ 1011 എണ്ണം ഉയർന്നപ്പോൾ 2259 എണ്ണം താഴ്ന്നു. റിയൽറ്റി, ഐടി, ബാങ്ക്, ധനകാര്യ, വാഹന, ടൂറിസം, പ്രതിരോധ ഓഹരികൾ ഇന്നലെ ഇടിഞ്ഞു. ഫാർമ, ഹെൽത്ത് കെയർ, മെറ്റൽ ഓഹരികൾ കയറി.
കല്യാൺ ജ്വല്ലേഴ്സ് ഇന്നലെ 3.99 ശതമാനം ഉയർന്ന് 531 രൂപയായി. ഒരാഴ്ച കൊണ്ട് ഓഹരിയിൽ 50 ശതമാനം കയറ്റം ഉണ്ടായി. കമ്പനിയുടെ വിറ്റുവരവ് ഒന്നാം പാദത്തിൽ 38 ശതമാനം വർധിച്ചു. ബാങ്ക് ഓഹരികൾ ഇടിഞ്ഞ ഇന്നലെ കേരളത്തിൽ നിന്നുളള നാലു വാണിജ്യബാങ്കുകളും നഷ്‌ടത്തിലായി.
ഐഡിബിഐ ബാങ്കിനെ ഇന്തോ- കനേഡിയൻ നിക്ഷേപകൻ പ്രേം വത്സയുടെ ഫെയർഫാക്സ് ഹോൾഡിംഗ്സിനു നൽകാൻ ധാരണയായെന്നു മാധ്യമ റിപ്പോർട്ട്. ഓഹരിക്ക് 81 രൂപ വച്ചാണ് ഇടപാട്. നേരത്തേ 75 രൂപയാണു വത്സ ഓഫർ ചെയ്തത്. ഗവണ്മെൻ്റിനു 45.48 ശതമാനം ഓഹരി ബാങ്കിലുണ്ട്. ഇതിൽ 30.48 ശതമാനം ഫെയർഫാക്സിനു നൽകും. 26,620 കോടി രൂപ ഗവണ്മെൻ്റിനു കിട്ടും. ബാങ്കിൽ 50 ശതമാനത്തിനടുത്ത് ഓഹരി ഉള്ള എൽഐസി 30.24 ശതമാനം ഓഹരിയും വിൽക്കും. മൊത്തം 53,000 കോടി രൂപ (550 കോടി ഡോളർ) മുടക്കുന്ന വത്സ തുടർന്ന് ഓപ്പൺ ഓഫറും നടത്തും.
തൃശൂർ ആസ്ഥാനമായുളള സിഎസ്ബി ബാങ്കിൽ 40 ശതമാനം ഓഹരിയുമായി പ്രൊമോട്ടർ സ്ഥാനമുള്ള ഗ്രൂപ്പാണ് ഫെയർഫാക്സ്. സിഎസ്ബി ബാങ്കിനെ ഐഡിബിഐയിൽ ലയിപ്പിക്കും എന്നു കരുതപ്പെടുന്നു. ഐ.ഐ.എഫ്.എൽ കാപ്പിറ്റൽ സർവീസസിൽ 51 ശതമാനം ഓഹരിയും ഫെയർഫാക്സിനുണ്ട്.
അമേരിക്കൻ വിപണിയിൽ ഐ.ബി.എം ഇന്നലെ 25 ശതമാനം ഇടിഞ്ഞത് ഇന്ന് ഇന്ത്യൻ വിപണിയെ ബാധിക്കുമോ എന്നു നിക്ഷേപകർ ആശങ്കപ്പെടുന്നു. ഉപയോക്താക്കൾ ഐടി സോഫ്റ്റ്‍വേറിനും ഹാർഡ്‌വേറിനും പണം മുടക്കാൻ മടിക്കുന്നു എന്നതാണ് വരുമാനം കുറയുന്നതിന് ഐ.ബി.എം നൽകിയ വിശദീകരണം. അരവിന്ദ് കൃഷ്ണയാണ് ഐ.ബി.എം സി.ഇ.ഒ. ഇൻഫോസിസ്, വിപ്രോ എ.ഡി.ആറുകൾ ഇന്നലെ ന്യൂയോർക്കിൽ നാലു ശതമാനം വരെ ഇടിഞ്ഞിരുന്നു. കുറേ മാസങ്ങളായി താഴോട്ടു പോയിരുന്ന ഇന്ത്യൻ ഐ.ടി സേവന കമ്പനികൾ ഈ മാസമാണു നേട്ടത്തിലേക്കു മാറിയത്.
എൽ ആൻഡ് ടി ടെക്നോളജി സർവീസസ് ഒന്നാം പാദത്തിൽ അനാലിസ്റ്റ് പ്രതീക്ഷയേക്കാൾ മികച്ച റിസൽട്ട് പ്രസിദ്ധീകരിച്ചു. കമ്പനി കൂടുതൽ കരാറുകൾ നേടി. ടാറ്റാ എൽക്സി ഒന്നാം പാദ അറ്റാദായം 18.2 ശതമാനം വർധിപ്പിച്ചു. അസോസ്യേറ്റ് കമ്പനിയായ ഏതർ എനർജിയിൽ 1000 കോടി രൂപകൂടി നിക്ഷേപിക്കാൻ ഹീറോ മോട്ടോകോർപ് തീരുമാനിച്ചു.
യു.എസ് ചില്ലറ വിലക്കയറ്റം പ്രതീക്ഷയിലും കുറവായതും ക്രൂഡ് ഓയിൽ വില താഴ്ന്നതും പലിശ വർധനയെ പറ്റിയുള്ള ഭീതി നീക്കി. സ്വർണം തിരിച്ചു കയറി. സ്വർണം 51.60 ഡോളർ നേട്ടത്തിൽ ഔൺസിനു 4053.70 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 4,058 ഡോളർ വരെ കയറി.
കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 80 രൂപ കുറഞ്ഞ് 1,04,720 രൂപ ആയി. വെള്ളിവില ഇന്നലെ ഉയർന്ന് ഔൺസിന് 58.80 ഡോളറിൽ എത്തി. ഇന്നു രാവിലെ 59.12 ഡോളർ ആയി. പ്ലാറ്റിനം 1635 ഡോളർ, പല്ലാഡിയം 1289 ഡോളർ, റോഡിയം 7600 ഡോളർ എന്നിങ്ങനെ നിൽക്കുന്നു.
ചൊവ്വാഴ്ച വ്യാവസായിക ലോഹങ്ങൾ ഉയർന്നു. ചെമ്പ് 0.60 ശതമാനം കയറി ടണ്ണിനു 13,540.60 ഡോളർ ആയി. അലൂമിനിയം 0.98 ശതമാനം ഉയർന്ന് 3176.55 ൽ ക്ലോസ് ചെയ്തു. സിങ്കും ടിന്നും നിക്കലും ഉയർന്നു. ലെഡ് താഴ്ന്നു.
രാജ്യാന്തര റബർ വില ചൊവ്വാഴ്ചയും കുതിച്ചു. ബാങ്കോക്കിൽ ആർ.എസ്.എസ്-1 ഇനം ക്വിൻ്റലിന് 307.20 ഡോളറിലും ആർ.എസ്.എസ്-3 ഇനം 303.70 ഡോളറിലും എത്തി. കേരളത്തിൽ ആർ.എസ്.എസ്-4 ഇനം ക്വിൻ്റലിന് 27,900 രൂപയിലേക്കു കയറി റെക്കോർഡ് കുറിച്ചു.
കൊക്കോ വില ചൊവ്വാഴ്ച 1.56 ശതമാനം കയറി ടണ്ണിന് 5,933.24 ഡോളറിൽ എത്തി. കഴിഞ്ഞ വാരാന്ത്യത്തിൽ കൂടുതൽ കുരു വിപണിയിൽ എത്തിയതാണു വില 6,000 ഡോളറിനു താഴെയാകാൻ കാരണം. എൽ നിനോ പ്രതിഭാസം പടിഞ്ഞാറൻ ആഫ്രിക്കയിലെ ഉൽപാദനം കുറയ്ക്കും എന്നാണു വിലയിരുത്തൽ.
അറബിക്ക കാപ്പിവില 0.96 ശതമാനം താഴ്ന്നു പൗണ്ടിന് 3.27 ഡോളർ ആയി. ബ്രസീലിൽ കാപ്പി ഉൽപാദനം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. കാപ്പി സ്റ്റോക്ക് 2024 മാർച്ചിനു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലാണ്.
യു.എസ് ഡോളർ സൂചിക ചൊവ്വാഴ്ച താഴ്ന്ന് 100.92 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക 100.81 വരെ താഴ്ന്നു. യൂറോ 1.1436 ഡോളറിലേക്കും പൗണ്ട് 1.3401 ഡോളറിലേക്കും ഉയർന്നു. ജാപ്പനീസ് യെൻ ഒരു ഡോളറിന് 162.08 യെൻ എന്ന നിലയിലേക്കു കയറി. ചൈനീസ് യുവാൻ ഡോളറിന് 6.77 യുവാനിൽ എത്തി. അമേരിക്കയിൽ 10 വർഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം (yield) ഇന്നു രാവിലെ 4.585 ശതമാനത്തിലേക്കു താഴ്ന്നു.
ചൊവ്വാഴ്ച ഇന്ത്യൻ രൂപ വലിയ ഇടിവിലായി. ക്രൂഡ് വിലക്കയറ്റത്തിൽ ഡോളർ 96 ഡോളറിനു മുകളിൽ കയറി. ഡോളർ 58 പൈസ കൂടി 96.20 രൂപയിൽ അവസാനിച്ചു. ഇന്നു ഡോളർ അൽപം താഴും എന്നാണു സൂചന. വിദേശത്തെ നോൺ ഡെലിവെറേബിൾ ഫോർവേഡ് (എൻഡിഎഫ്) വിപണിയിൽ ഡോളർ ഇന്നു രാവിലെ 96.13 രൂപയിൽ എത്തി. ചൈനീസ് യുവാൻ 14.21 രൂപയിലും യൂറോ 109.90 രൂപയിലും നിൽക്കുന്നു.
ചൊവ്വാഴ്ച ക്രൂഡ് ഓയിൽ വില 88 ഡോളർ വരെ കയറിയിട്ട് ഇടിഞ്ഞു. അമേരിക്ക ഹോർമുസിലെ ടോൾ പ്രഖ്യാപനം പിൻവലിച്ചതോടെയാണ് ഇടിവ്. ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ വീപ്പയ്ക്ക് 84.73 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ ബ്രെൻ്റ് ഒരു ശതമാനം ഉയർന്ന് 85.64 ഡോളർ വരെ എത്തി. ഡബ്ള്യു.ടി.ഐ ഇനം ക്രൂഡ് ഓയിൽ 80.04 ഡോളറിലേക്കു കയറി.
പശ്ചിമേഷ്യൻ സാഹചര്യം മാറിയതു ക്രിപ്റ്റോകറൻസികളെ വീണ്ടും ഉയർത്തി. ബിറ്റ് കോയിൻ 64,650 ഡോളറിൽ എത്തി. ഈഥർ 1875 ഡോളറിനും സൊലാന 78 ഡോളറിനും തൊട്ടടുത്ത് എത്തി.
(2026 ജൂലൈ 14, ചൊവ്വ)
സെൻസെക്സ്: 77,054.94 -0.72%
നിഫ്റ്റി-50: 24,052.05 -0.66%
ബാങ്ക് നിഫ്റ്റി 57,462.30 -1.15%
മിഡ്ക്യാപ്-100: 62,766.40 -0.44%
സ്മോൾക്യാപ്-100: 19,227.35 -1.01%
ഡൗജോൺസ്: 52,508.27 +0.02%
എസ്ആൻഡ്പി: 7543.59 + 0.38%
നാസ്ഡാക്: 26,107.01 +0.90%
ഡോളർ: ₹96.20 +₹0.58.
സ്വർണം (ഔൺസ്): $4053.70 +$51.60
സ്വർണം (പവൻ): ₹1,04,720 -₹80
ക്രൂഡ്ഓയിൽ-ബ്രെൻ്റ്: $84.73 +$1.43
Read DhanamOnline in English
Subscribe to Dhanam Magazine