വിപണികൾ കയറ്റം തുടരണോ വേണ്ടയോ എന്ന സന്ദേഹത്തിലാണ്. യുഎസ്- ചൈന വ്യാപാര ധാരണയുടെ വിശദാംശങ്ങൾ അറിയാത്തതു വിപണിയെ സംശയങ്ങളിലേക്കു നയിക്കുന്നു. ധാരണയ്ക്കു വേണ്ടി യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് കൂടുതൽ വിട്ടുവീഴ്ച നടത്തി എന്നു കരുതുന്നവർ ഉണ്ട്. അമേരിക്കൻ വിപണി രണ്ടു ദിവസമായി വലിയ മുന്നേറ്റം നടത്താത്തത് ഈ സാഹചര്യത്തിലാണ്.
ഇന്ത്യൻ വിപണിയിൽ നിന്നു വിദേശനിക്ഷേപകരെ ചൈനയിലേക്ക് ആകർഷിക്കുന്ന വിധം ചൈനയുമായി അമേരിക്ക നിക്ഷേപ കരാർ ഉണ്ടാക്കുമോ എന്ന ആശങ്കയും വിപണിയിൽ രൂപപ്പെട്ടിട്ടുണ്ട്. വിപണിയിൽ കുതിപ്പ് കാണാത്തതിന് ഇതും കാരണമാണ്. എങ്കിലും വിപണി പ്രതീക്ഷയോടെയാകും ഇന്നു വ്യാപാരം തുടങ്ങുക.
ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി ബുധനാഴ്ച രാത്രി 24,782 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 24,786.5 ൽ വരെ കയറിയിട്ട് 24,744 വരെ താഴ്ന്നു. പിന്നീട് അൽപം കയറി. ഇന്നു വിപണി നേട്ടത്തിൽ വ്യാപാരം തുടങ്ങുമെന്നാണ് ഇതു സൂചിപ്പിക്കുന്നത്.
യൂറോപ്യൻ വിപണികൾ ഇന്നലെ നഷ്ടത്തിൽ അവസാനിച്ചു. ഫ്രഞ്ച് ട്രെയിൻ നിർമ്മാതാക്കളായ ആൽസ്തോം വാർഷിക റിസൽട്ട് മോശമായതിനെ തുടർന്ന് 17 ശതമാനം ഇടിഞ്ഞു. ആഡംബരവസ്തുക്കൾ വിൽക്കുന്ന ബ്രിട്ടീഷ് കമ്പനി ബർബറിയുടെ ചെലവുചുരുക്കൽ പദ്ധതി ഇഷ്ടപ്പെട്ട വിപണി ഓഹരിയെ 17 ശതമാനം കയറ്റി.എൻവിഡിയയ്ക്കു വലിയ നേട്ടം നൽകുന്ന യുഎസ്- ചെെന വ്യാപാര ധാരണയും ട്രംപിൻ്റെ സൗദി, ഖത്തർ സന്ദർശനവും ഇന്നലെയും നാസ്ഡാക് സൂചികയെ കയറ്റി. ഡൗ ജോൺസ് നാമമാത്രമായി താഴുകയും എസ് ആൻഡ് പി നാമമാത്രമായി ഉയരുകയും ചെയ്തു. ട്രംപിൻ്റെ മുൻ പ്രഖ്യാപനങ്ങളെ തുടർന്നു 2025ലെ നേട്ടങ്ങൾ നഷ്ടപ്പെടുത്തിയ എൻവിഡിയ വീണ്ടും നേട്ടത്തിലായി. ചിപ്പ് കയറ്റുമതി വിലക്ക് മാറുന്നതും സൗദിയുമായുള്ള നിർമിതബുദ്ധി കരാറും കമ്പനിക്കു വലിയ നേട്ടമാകും.അഞ്ചു ദിവസം കൊണ്ട് ഓഹരി 16 ശതമാനം ഉയർന്നു.
ട്രംപിൻ്റെ ഖത്തർ സന്ദർശനം ബോയിംഗ്, ജിഇ ഏയ്റോസ്പേസ് കമ്പനികൾക്കു വലിയ നേട്ടമായി. ഖത്തർ എയർവേയ്സ് 200 ബോയിംഗ് വിമാനങ്ങൾ വാങ്ങും. അവയ്ക്കു വേണ്ട 400 എൻജിനുകൾ ജിഇ ഏയ്റോസ്പേസ് നൽകും.
ബുധനാഴ്ച ഡൗ ജോൺസ് സൂചിക 89.37 പോയിൻ്റ് (0.21%) താഴ്ന്ന് 42,051.06 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 500 സൂചിക 6.03 പോയിൻ്റ് (0.10%) ഉയർന്ന് 5892.58 ൽ അവസാനിച്ചു. നാസ്ഡാക് 136.72 പോയിൻ്റ് (0.72%) ഉയർന്ന് 19,146.81 ൽ എത്തി.
യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു രാവിലെ താഴ്ചയിലാണ്. ഡൗ 0.37 ഉം എസ് ആൻഡ് പി 0.15 ഉം നാസ്ഡാക് 0.13 ഉം ശതമാനം താഴ്ന്നു നിൽക്കുന്നു.
ഏഷ്യൻ വിപണികൾ ഇന്നും നഷ്ടത്തിലാണ്. ജപ്പാനിൽ നിക്കൈ സൂചിക തുടക്കത്തിൽ ഒരു ശതമാനം താഴ്ന്നു. ഹോങ് കോങ്, ഷാങ് ഹായ് സൂചികകൾ താഴ്ന്നു വ്യാപാരം തുടങ്ങി.
ഇന്ത്യൻ വിപണിക്കു ശരിയായ ദിശാബോധം വന്നിട്ടില്ല എന്നു കാണിക്കുന്നതായി ഇന്നലത്തെ വ്യാപാരം. ഇപ്പോൾ ഇന്ത്യയിൽ നിക്ഷേപിക്കുന്ന വിദേശനിക്ഷേപകർ വീണ്ടും ചൈനയിലേക്കു തിരിയുമോ എന്ന ആശങ്ക പലരിലും ഉണ്ട്. വ്യാപാര ഉടമ്പടിയോടൊപ്പം നിക്ഷേപ വിലക്കുകൾ നീക്കുന്ന കരാറിനും അമേരിക്ക ശ്രമിക്കുന്നുണ്ട്. അത് ഇന്ത്യയിലെ നിക്ഷേപകരെ അങ്ങോട്ടു തിരിച്ചുവിട്ടെന്നു വരാം.
കൊച്ചിൻ ഷിപ്പ് യാർഡ് അടക്കം പ്രതിരോധ ഓഹരികൾ ഇന്നലെയും ഗണ്യമായി മുന്നേറി.
ബുധനാഴ്ച നിഫ്റ്റി 88.55 പോയിൻ്റ് (0.36%) ഉയർന്ന് 24,666.90 ൽ ക്ലോസ് ചെയ്തു. സെൻസെക്സ് 182.34 പോയിൻ്റ് (0.22%) കയറി 81,330.56 ൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 139.55 പോയിൻ്റ് (0.25%) താഴ്ന്ന് 54,801.30 ൽ അവസാനിച്ചു. മിഡ് ക്യാപ് 100 സൂചിക 615.70 പോയിൻ്റ് (1.11 ശതമാനം) ഉയർന്ന് 56,136.40 ൽ എത്തി. സ്മോൾ ക്യാപ് 100 സൂചിക 244.05 പോയിൻ്റ് (1.44 ശതമാനം) കയറി 17,147.45 ൽ ക്ലോസ് ചെയ്തു.
വിശാല വിപണിയിലെ കയറ്റ - ഇറക്ക അനുപാതം കയറ്റത്തിന് അനുകൂലമായി തുടർന്നു. ബിഎസ്ഇയിൽ 2860 ഓഹരികൾ ഉയർന്നപ്പോൾ 1121 ഓഹരികൾ ഇടിഞ്ഞു. എൻഎസ്ഇയിൽ ഉയർന്നത് 2183 എണ്ണം. താഴ്ന്നത് 694 ഓഹരികൾ.
എൻഎസ്ഇയിൽ 61 ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന വിലയിൽ എത്തിയപ്പോൾ താഴ്ന്ന വിലയിൽ എത്തിയത് 13 എണ്ണമാണ്. 200 ഓഹരികൾ അപ്പർ സർകീട്ടിൽ എത്തിയപ്പോൾ 30 എണ്ണം ലോവർ സർകീട്ടിൽ എത്തി.
വിദേശനിക്ഷേപകർ ബുധനാഴ്ച ക്യാഷ് വിപണിയിൽ 931.80 കാേടി രൂപയുടെ അറ്റ വാങ്ങൽ നടത്തി. സ്വദേശി ഫണ്ടുകൾ 316.31 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
കുതിപ്പ് തുടർന്നാൽ നിഫ്റ്റി 24,800 - 25,000 ലക്ഷ്യമിട്ടു നീങ്ങും എന്നാണു പ്രതീക്ഷ. ഇന്നു നിഫ്റ്റിക്ക് 24,560 ഉം 24,430 ഉം പിന്തുണയാകും. 24,750 ലും 24,900 ലും തടസം ഉണ്ടാകാം.
വ്യാപാരയുദ്ധം അവസാനിക്കുകയും പലിശ കുറയ്ക്കൽ നീണ്ടു പോകുകയും ചെയ്യുന്നതു സ്വർണത്തെ താഴ്ത്തുകയാണ്. അഞ്ചാഴ്ചയ്ക്കുള്ളിലെ ഏറ്റവും താഴ്ന്ന നിലയിലായി സ്വർണം. ഔൺസിനു 3000 ഡോളറിലേക്ക് വില താഴും എന്നാണ് ഇപ്പോൾ വിലയിരുത്തുന്നത്. ജൂണിൽ പലിശ കുറയ്ക്കും എന്ന പ്രതീക്ഷ അകന്നു പോയി. സെപ്റ്റംബറിൽ ആണ് ഇനി ഫെഡിൻ്റെ പലിശ കുറയ്ക്കൽ പ്രതീക്ഷിക്കുന്നത്.
ഇന്നലെ സ്വർണം ഔൺസിന് 73.10 ഡോളർ ഇടിഞ്ഞ് 3178.10 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില 3186 ഡോളറിലേക്കു കയറി.
കേരളത്തിൽ ഇന്നലെ പവന് 400 രൂപ കുറഞ്ഞ് 70,440 രൂപയായി.
വെള്ളിവില ഔൺസിന് 32.25 ഡോളർ ആയി താഴ്ന്നു.
ബുധനാഴ്ച ചെമ്പുവില 1.21 ശതമാനം കയറി ടണ്ണിന് 9649.35 ഡോളറിൽ എത്തി. അലൂമിനിയം വില 1.47 ശതമാനം ഉയർന്നു ടണ്ണിന് 2524.50 ഡോളർ ആയി. ടിൻ 1.24ഉം സിങ്ക് 3.76ഉം നിക്കൽ 0.86ഉം ലെഡ് 0.36ഉം ശതമാനം ഉയർന്നു.
രാജ്യാന്തര വിപണിയിൽ റബർ വില 0.68 ശതമാനം കയറി കിലോഗ്രാമിന് 177.20 സെൻ്റിൽ എത്തി. കൊക്കോ 2.09 ശതമാനം കുതിച്ച് 9891.31 ഡോളറിൽ എത്തി. കാപ്പി 2.21 ശതമാനം താഴ്ന്നു. പാമോയിൽ വില 0.82 ശതമാനം കൂടി.
ഡോളർ സൂചിക ബുധനാഴ്ച കയറിയിറങ്ങി. സൂചിക 101.00 ൽ നിന്ന് താഴ്ന്ന് 100.27 വരെ ചെന്നിട്ട് കയറി 101.04 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക 100.86 ലാണ്.
യൂറോ 1.1186 ഡോളറിലേക്കും പൗണ്ട് 1.3264 ഡോളറിലേക്കും എത്തി. ജാപ്പനീസ് യെൻ ഡോളറിന് 146.46 യെൻ എന്ന നിരക്കിലേക്ക് കയറി.
യുഎസ് കടപ്പത്രവില കുറഞ്ഞു. 10 വർഷ കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം 4.542 ശതമാനത്തിലേക്കു കയറി. പലിശ ഉടനേ കുറയ്ക്കില്ല എന്നാണു വിപണിയുടെ നിഗമനം.
രൂപ ഇന്നലെ നേട്ടത്തിൽ വ്യാപാരം തുടങ്ങിയെങ്കിലും വ്യാപാരനേട്ടം മിക്കവാറും ഇല്ലാതാക്കിയാണു ക്ലോസ് ചെയ്തത്. ഡോളർ ആറു പൈസ കുറഞ്ഞ് 85.27 രൂപയിൽ അവസാനിച്ചു.
ചൈനയുടെ കറൻസി ഒരു ഡോളറിന് 7.21 യുവാൻ എന്ന നിലയിൽ തുടരുന്നു.
മാന്ദ്യഭീതി അകന്നതിൻ്റെ നേട്ടം വിപണി തള്ളിക്കളയാൻ തുടങ്ങി. ക്രൂഡ് ഓയിൽ രണ്ടര ശതമാനത്തോളം താഴ്ന്നു. യുഎസ് ക്രൂഡ് സ്റ്റോക്ക് വർധിച്ചതാണു കാരണം. ബ്രെൻ്റ് ഇനം ഇന്നലെ ഒരു ശതമാനം താഴ്ന്ന് ബാരലിന് 66.09 ഡോളറിൽ അവസാനിച്ചു. ഇന്നു രാവിലെ വീണ്ടും ഒന്നര ശതമാനം ഇടിഞ്ഞു. ബ്രെൻ്റ് 65.07 ഉം ഡബ്ല്യുടിഐ 62.08 ഉം മർബൻ ക്രൂഡ് 64.67 ഉം ഡോളറിൽ ആണ്.
ക്രിപ്റ്റോ കറൻസികൾ ഇന്നലെയും ചാഞ്ചാട്ടത്തിലായി. ബിറ്റ് കോയിൻ കയറിയിറങ്ങിയ ശേഷം ഇന്ന് 1,03,500 ഡോളറിനു മുകളിലായി. ഈഥർ നാലു ശതമാനം താഴ്ന്ന് 2590 ഡോളറിൽ എത്തി.
(2025 മേയ് 14, ബുധൻ)
സെൻസെക്സ്30 81,330.5 +0.22%
നിഫ്റ്റി50 24,666.90 +0.36%
ബാങ്ക് നിഫ്റ്റി 54,801.30 -0.25%
മിഡ് ക്യാപ്100 56,136.40 +1.11%
സ്മോൾക്യാപ്100 17,147.45 +1.44%
ഡൗജോൺസ് 42,051.10 -0.21%
എസ്ആൻഡ്പി 5892.58 +0.10%
നാസ്ഡാക് 19,146.80 +0.72%
ഡോളർ($) ₹85.27 -₹0.06
സ്വർണം(ഔൺസ്) $3178.10 -$73.10
സ്വർണം(പവൻ) ₹70,440 -₹400.00
ക്രൂഡ്(ബ്രെൻ്റ്)ഓയിൽ $65.85 -$0.78
Read DhanamOnline in English
Subscribe to Dhanam Magazine