Morning business news Canva
Markets

ട്രംപ് -ഷി ചർച്ചയിൽ വെളുത്തപുക വന്നില്ല; പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; ഏഷ്യൻ വിപണികൾ താഴ്ചയിൽ; യു.എസ് ഫ്യൂച്ചേഴ്‌സ് ഇടിവിൽ; ക്രൂഡ് 107 ഡോളർ കടന്നു

ഗിഫ്റ്റ് നിഫ്റ്റി വ്യാഴാഴ്ച രാത്രി 23,845ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 23,647 വരെ താഴ്ന്നു. നിഫ്റ്റി ഇന്നു ചെറിയ നഷ്‌ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതു സൂചിപ്പിക്കുന്നത്

T C Mathew

യുഎസ്, ചൈനീസ് പ്രസിഡൻ്റുമാരുടെ ഉച്ചകോടി രണ്ടാം ദിവസത്തിൽ കയറിയിട്ടും വെളുത്ത പുക വന്നിട്ടില്ല. ചൈനയിൽ നിന്നു മടങ്ങിയ ശേഷം ഇറാനെ ആക്രമിക്കാൻ പ്രസിഡൻ്റ് ട്രംപ് ഉത്തരവിടുമെന്ന ആശങ്കയും വിപണിയിൽ ഉണ്ട്. ഇതേതുടർന്നു ക്രൂഡ് ഓയിൽ 107 ഡോളർ കടന്നു, ഡോളർ സൂചിക 99 കടന്നു, ഏഷ്യൻ വിപണികളും യുഎസ് ഫ്യൂച്ചേഴ്‌സും താഴ്ചയിലായി.

ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി വ്യാഴാഴ്ച രാത്രി 23,845.00 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 23,647 വരെ താഴ്ന്നു. നിഫ്റ്റി ഇന്നു ചെറിയ നഷ്‌ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതു സൂചിപ്പിക്കുന്നത്.

യു.എസ് സൂചികകൾ റെക്കോർഡിൽ

പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ ചൈനാ സന്ദർശനം കയറ്റുമതി കാര്യത്തിൽ പ്രമുഖ് അമേരിക്കൻ കമ്പനികൾക്കു നേട്ടമായി. അതും ടെക്നോളജി കമ്പനികളുടെ മുന്നേറ്റവും ഡൗ ജോൺസ് സൂചികയെ വീണ്ടും 50,000 നു മുകളിൽ കയറ്റി. നെറ്റ്‌വർക്കിംഗ് ഭീമൻ സിസ്കോ സിസ്റ്റംസ് 13 ശതമാനം കുതിച്ചു. കമ്പനി 4000 ജോലിക്കാരെ പിച്ചു വിടുന്നതും വരുമാനപ്രതീക്ഷ ഉയർത്തിയതും ആണു കാരണം. എച്ച് 200 ചിപ് പത്തു ചൈനീസ് കമ്പനികൾക്കു വിൽക്കാൻ യുഎസ് അനുവദിച്ച ശേഷം എൻവിഡിയയുടെ ഓഹരി നാലു ശതമാനം കയറി. എസ് ആൻഡ് പിയും നാസ്ഡാക് കോംപസിറ്റും റെക്കോർഡ് തിരുത്തി.

വ്യാഴാഴ്ച ഡൗ ജോൺസ് സൂചിക 370.26 പോയിൻ്റ് (0.75%) ഉയർന്ന് 50,063.46 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 56.99 പോയിൻ്റ് (0.77%) കയറി 7501.24 ൽ അവസാനിച്ചു. നാസ്ഡാക് 232.88 പോയിൻ്റ് (0.88%) നേട്ടത്തോടെ 26,635.22 ൽ ക്ലോസ് ചെയ്തു.

ഫ്യൂച്ചേഴ്സ് നഷ്ടത്തിൽ

ഇന്നു രാവിലെ യു.എസ് ഫ്യൂച്ചേഴ്സ് താഴ്ചയിലാണ്. ഡൗ ജോൺസ് 162 പോയിൻ്റും (0.32%) എസ് ആൻഡ് പി 20 പോയിൻ്റും (0.27%) നാസ്ഡാക് 100 പോയിൻ്റും (0.34%) നഷ്ടത്തിൽ നീങ്ങുന്നു.

എ.ഡി.ആറുകൾക്കു നേട്ടം

വ്യാഴാഴ്ച ന്യൂയോർക്കിൽ എച്ച്.ഡി.എഫ്.സി ബാങ്ക് എ.ഡി.ആർ 4.02 ശതമാനം കുതിച്ചുകയറിയിട്ട് തുടർവ്യാപാരത്തിൽ 0.04 ശതമാനം ഉയർന്ന് 24.85 ഡോളറിൽ എത്തി. ഐ.സി.ഐ.സി.ഐ ബാങ്ക് എ.ഡി.ആർ നിശ്ചിത സമയത്ത് 1.95 ശതമാനം ഉയർന്ന ശേഷം തുടർവ്യാപാരത്തിൽ 0.69 ശതമാനം താഴ്ന്ന് 26.00 ഡോളറിൽ അവസാനിച്ചു. ഇൻഫോസിസ് എ.ഡി.ആർ 1.69 ശതമാനം ഇടിഞ്ഞിട്ട് തുടർ വ്യാപാരത്തിൽ 0.94 ശതമാനം കയറി 11.77 ഡോളറിൽ ക്ലോസ് ചെയ്തു. വിപ്രോ എ.ഡി.ആർ 1.65 ശതമാനം ഉയർന്ന ശേഷം തുടർ വ്യാപാരത്തിൽ 1.08 ശതമാനം കൂടി കയറി 1.87 ഡോളറിൽ അവസാനിച്ചു.

യൂറോപ്പ്, ഏഷ്യ

യുകെയിൽ രാഷ്‌ട്രീയ പ്രതിസന്ധി രൂക്ഷമായി. ഇന്നലെ രാജിവച്ച ആരോഗ്യ മന്ത്രി വെസ് സ്ട്രീറ്റിംഗും മുമ്പു രാജിവച്ച ഉപപ്രധാനമന്ത്രി ഏഞ്ജല റെയ്‌നറും പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർക്കെതിരേ ലേബർ പാർട്ടി നേതൃത്വത്തിനു മത്സരിക്കുമെന്ന് ഇന്നു പ്രഖ്യാപിച്ചേക്കും. ട്രംപിൻ്റെ ചൈനാ സന്ദർശനവും വിപണികൾ ശ്രദ്ധിച്ചു വരികയാണ്. ഇതെല്ലാമാണെങ്കിലും യൂറോപ്യൻ വിപണികൾ ഇന്നലെ ഉയർന്നു.

ഏഷ്യൻ വിപണികൾ ഇന്നു നഷ്‌ടത്തിലായി. ട്രംപ് - ഷി ഉച്ചകോടിയിൽ നിന്നുള്ള സൂചനകൾ തൃപ്‌തികരമല്ലാത്തതാണു കാരണം. ജപ്പാനിൽ നിക്കൈ സൂചിക ഒരു ശതമാനം താഴ്ന്നു. ദക്ഷിണ കൊറിയയിൽ കോസ്‌പി സൂചിക 8000 കടന്നു റെക്കോർഡ് കുറിച്ചിട്ട് താഴ്‌ന്ന് ഒന്നര ശതമാനം നഷ്ടത്തിലായി. ഓസ്ട്രേലിയൻ സൂചിക 030 ശതമാനം താഴ്ന്നു. ഹോങ് കോങ് സൂചിക 0.60 ശതമാനവും ഷാങ്ഹായ് വിപണി 0.40 ശതമാനവും നഷ്‌ടത്തിലാണ്.

കുതിച്ചുകയറി ഇന്ത്യൻ വിപണി

തുടക്കത്തിലെ ചാഞ്ചാട്ടത്തിനു ശേഷം ഇന്നലെ ഇന്ത്യൻ വിപണി വലിയ മുന്നേറ്റം നടത്തി. ക്രൂഡ് ഓയിൽ വില ഉയർന്നുപോകുന്നതും രൂപ താഴ്ചയിലായതും അവഗണിച്ചാണു വിപണി ഇന്നലെ കുതിച്ചത്. രൂപയുടെ തകർച്ച ഒഴിവാക്കാൻ ഇന്ത്യയിലേക്കു കൂടുതൽ വിദേശനിക്ഷേപം വരുത്തുന്ന നടപടികൾ ഉണ്ടാകും എന്ന സൂചനയാണു കയറ്റത്തിനു പ്രധാനകാരണം. ഇന്ത്യൻ സർക്കാർ കടപ്പത്രങ്ങളിൽ നിക്ഷേപിക്കുന്ന വിദേശഫണ്ടുകൾക്ക് മൂലധനാദായ നികുതി 20 -ൽ നിന്നു മൂന്നോ അഞ്ചോ ശതമാനമായി കുറയ്ക്കാൻ ഗവണ്മെൻ്റ് ആലോചിക്കുന്നതായി ബ്ലൂംബെർഗ് ഇന്നലെ റിപ്പോർട്ട് ചെയ്തു. ഇത് ഇന്ത്യയിലേക്കു ശതകോടിക്കണക്കിനു ഡോളർ വരാൻ സഹായിക്കും. ഈ റിപ്പോർട്ട് രൂപയെയും ഓഹരി സൂചികകളെയും ഉയർത്തി.

ബാങ്ക്, ധനകാര്യ, മെറ്റൽ, ഫാർമ, ഹെൽത്ത് കെയർ, കൺസ്യൂമർ ഡ്യൂറബിൾസ് മേഖലകൾ കുതിച്ചു. ഐ.ടി മേഖല വലിയ ക്ഷീണത്തിലായി. പാശ്ചാത്യ കമ്പനികൾ ഐടി സേവന ചെലവുകൾ ചുരുക്കും എന്നതും നിർമിത ബുദ്ധിയിൽ വേണ്ടത്ര നിക്ഷേപിക്കാത്തതും ഇന്ത്യൻ കമ്പനികൾക്കു തിച്ചെടിയാകും എന്നാണു വിപണി വിലയിരുത്തുന്നത്.

സ്വർണകമ്പനികൾ ഭിന്നദിശകളിൽ നീങ്ങി. ടൈറ്റനും കല്യാണും സെൻകോയും ഉയർന്നപ്പോൾ മറ്റു കമ്പനികൾ താഴ്ന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഇടിഞ്ഞ സ്വർണപ്പണയ കമ്പനികൾ ഇന്നലെ ഉയർന്നു. കഴിഞ്ഞ ദിവസങ്ങളിൽ താഴ്ന്ന കേരളീയ ബാങ്കുകളും ഇന്നലെ നേട്ടത്തിലായി. വിദേശ നിക്ഷേപകർ ഇന്നലെ ചെറിയ തോതിൽ വാങ്ങലുകാരായി. ഇന്നലെ അവർ ക്യാഷ് വിപണിയിൽ 187.46 കോടി രൂപയുടെ അറ്റ വാങ്ങൽ നടത്തി. സ്വദേശികൾ 684.33 കോടി രൂപയുടെ വാങ്ങലും നടത്തി.

വ്യാഴാഴ്ച സെൻസെക്‌സ് 789.74 പോയിൻ്റ് (1.06%) ഉയർന്ന് 75,398.72 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 277.00 പോയിൻ്റ് (1.18%) കയറി 23,689.60 ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 672.80 പോയിൻ്റ് (1.26%) നേട്ടത്തോടെ 54,128.95 ൽ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 675.05 പോയിൻ്റ് (1.12%) കയറി 60,839.70 ൽ അവസാനിച്ചു. സ്മോൾ ക്യാപ് 100 സൂചിക 2.50 പോയിൻ്റ് (0.01%) താഴ്‌ന്ന് 17,991.55 ൽ ക്ലോസ് ചെയ്തു.

വിശാലവിപണിയിൽ ഭൂരിപക്ഷം ഓഹരികൾ നഷ്‌ടത്തിലായിരുന്നു. ബിഎസ്ഇയിൽ 2009 ഓഹരികൾ കയറി, 2196 ഓഹരികൾ താഴ്ന്നു. എൻഎസ്ഇയിൽ 1717 എണ്ണം ഉയർന്നപ്പോൾ 1521 എണ്ണം ഇടിഞ്ഞു.

കമ്പനികൾ, വാർത്തകൾ

ടാറ്റാ മോട്ടോഴ്സ് പിവി നാലാം പാദത്തിൽ മികച്ച വളർച്ച കാഴ്ചവച്ചു. ഇന്ത്യയിലെ കമ്പനിയുടെ വിൽപന എണ്ണത്തിൽ 37 ശതമാനവും വരുമാനത്തിൽ 49.4 ശതമാനവും വർധിച്ചു. എന്നാൽ യുകെയിലെ ജഗ്വാർ ലാൻഡ് റോവർ വിഭാഗത്തിനു വരുമാനവും ലാഭമാർജിനും കുറയുകയും ചെയ്തു. തന്മൂലം വരുമാന വളർച്ച 7.2 ശതമാനം മാത്രമായി. അറ്റാദായത്തിൽ 31.3 ശതമാനം ഇടിവുവന്നു.

യുനൈറ്റഡ് സ്പിരിറ്റ്സിനു നാലാം പാദ വരുമാനം 3.7 ശതമാനം വർധിച്ചപ്പോൾ അറ്റാദായം 28 ശതമാനം ഉയർന്നു. ലാഭമാർജിൻ 17.3 ൽ നിന്നു 19.4 ശതമാനമായി. ഗൃഹോപകരണ നിർമാതാക്കളായ വോൾട്ടാസിനു നാലാം പാദത്തിൽ വിറ്റുവരവ് 2.5 ശതമാനം മാത്രം കൂടി. അറ്റാദായം 51.8 ശതമാനം ഇടിഞ്ഞു.

മുത്തൂറ്റ് ഫിനാൻസിനു നാലാം പാദത്തിൽ വലിയ കുതിപ്പ്. അറ്റപലിശ വരുമാനം 79 ശതമാനം വർധിച്ചപ്പോൾ അറ്റാദായം 105 ശതമാനം കയറി. അറ്റപലിശ വരുമാനം 5193.4 കോടി രൂപയും അറ്റാദായം 3086 കോടി രൂപയുമാണ്. നൽകിയിരിക്കുന്ന വായ്പകൾ 50 ശതമാനം വർധിച്ചു. അപ്പോളോ ടയേഴ്‌സിനു നാലാം പാദവിറ്റുവരവ് 14 ശതമാനം കൂടിയപ്പോൾ അറ്റാദായം 241 ശതമാനം കുതിച്ചു. കിർലോസ്കർ ഓയിൽ എൻജിൻസിനു നാലാം പാദത്തിൽ വരുമാനവും അറ്റാദായവും 21 ശതമാനം വർധിച്ചു.

സ്വർണം താഴോട്ട്

ട്രംപിൻ്റെ ചൈനാ സന്ദർശനം കഴിഞ്ഞാൽ താമസിയാതെ അമേരിക്ക ഇറാനെ വീണ്ടും ആക്രമിക്കുമെന്ന ആശങ്കയിൽ സ്വർണം താഴോട്ടു നീങ്ങുകയാണ്. സ്വർണ ഇറക്കുമതി കുറയ്ക്കാൻ ഇന്ത്യ എടുക്കുന്ന നടപടികളും വില കുറയാൻ കാരണമായി. ഇന്നലെ സ്വർണം ഔൺസിന് 4613- 4719 മേഖലയിൽ കയറിയിറങ്ങിയ ശേഷം 37 ഡോളർ താഴ്ന്ന് 4653.00 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സ്വർണം ഔൺസിന് 4612 ഡോളറിലേക്കു താഴ്ന്നു.

കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് വ്യാഴാഴ്ച 240 രൂപ വർധിച്ച് 1,19,040 രൂപയായി. വെള്ളിവില വ്യാഴാഴ്ച ഔൺസിന് 83.67 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 82.50 ഡോളറിലേക്ക് താഴ്ന്നു. പ്ലാറ്റിനം 2040 ഡോളർ, പല്ലാഡിയം 1418 ഡോളർ, റോഡിയം 9450 ഡോളർ എന്നിങ്ങനെ നിൽക്കുന്നു.

ലോഹങ്ങൾ ഭിന്നദിശകളിൽ

വ്യാഴാഴ്ച വ്യാവസായിക ലോഹങ്ങൾ ഭിന്നദിശകളിലായി. ലാഭമെടുക്കലിനെ തുടർന്നു ചെമ്പ് 0.78 ശതമാനം താഴ്ന്നു 13,985.85 ഡോളറിൽ നിന്നു. അലൂമിനിയം 0.17 ശതമാനം കയറി 3655.42 ഡോളർ ആയി. 3666 ഡോളറാണ് ഒരു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വില. നിക്കലും ലെഡും ഉയർന്നു. സിങ്കും ടിന്നും താഴ്ന്നു.

റബർ കയറി

രാജ്യാന്തര വിപണിയിൽ ഇന്നലെ റബർ വില ഉയർന്നു. ബാങ്കോക്കിൽ ആർഎസ്എസ് 3 ക്വിൻ്റലിന് 296.30 ഡോളർ ആയി. ആർഎസ്എസ് ഒന്ന് 299.90 ഡോളറിൽ എത്തി. കേരളത്തിൽ ആർഎസ്എസ് നാല് ഇനം 26,200 രൂപയിലേക്കു കയറി.

കൊക്കോ താഴ്ന്നു

രാജ്യാന്തര വിപണിയിൽ കഴിഞ്ഞ ദിവസം കുതിച്ചു കയറിയ കൊക്കോ തുടർച്ചയായ മൂന്നാം ദിവസവും താഴ്ന്നു. 3.87 ശതമാനം കുറഞ്ഞ് ടണ്ണിന് 4223.00 ഡോളറിൽ വില എത്തി.

ഡോളർ സൂചിക 99 കടന്നു

യുഎസ് ഡോളർ സൂചിക വ്യാഴാഴ്ച ഉയർന്ന് 98.82 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ കയറി 99.06 ൽ എത്തി. യൂറോ 1.16 49 ഡോളറിലേക്കും പൗണ്ട് 1.3368 ഡോളറിലേക്കും താഴ്ന്നു. ജാപ്പനീസ് യെൻ ഒരു ഡോളറിന് 158.47 യെൻ എന്ന നിലയിലേക്ക് താണു. ചൈനീസ് യുവാൻ ഡോളറിന് 6.79 യുവാൻ എന്ന നിരക്കിൽ തുടരുന്നു. അമേരിക്കയിൽ 10 വർഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം (yield) ഇന്നു രാവിലെ 4.51 ശതമാനമായി ഉയർന്നു.

ഡോളർ കയറി, ഇറങ്ങി

ഡോളർ ഇന്നലെ രാവിലെ 96 രൂപയ്ക്കടുത്ത് എത്തിയെങ്കിലും ചില വാർത്തകളെ തുടർന്നു താഴ്ന്നു. രാവിലെ 95.96 രൂപ വരെ ഡോളർ കയറി. ഇന്ത്യയിലെ കടപ്പത്രനിക്ഷേപങ്ങൾക്കു നികുതിയിളവ് നൽകി വിദേശ ഫണ്ടുകളെ ആകർഷിക്കാൻ ശ്രമിക്കുന്നു എന്ന ബ്ലുംബെർഗ് റിപ്പോർട്ടിനെ തുടർന്നു 95.55 രൂപയിലേക്കു ഡോളർ താണു. വൈകുന്നേരം 95.76 രൂപയിൽ ക്ലോസ് ചെയ്തു. ഡോളർ സൂചിക ഉയർന്നതിനാൽ രൂപ ഇന്നും താഴാം എന്നാണു സൂചന.

വിദേശത്തെ നോൺ ഡെലിവെറേബിൾ ഫോർവേഡ് (എൻഡിഎഫ്) വിപണിയിൽ ഡോളർ ഇന്നു രാവിലെ 95.86 രൂപയിലാണ്. ചൈനീസ് യുവാൻ 14.11 രൂപയിലേക്കു കയറി. യൂറോ 111.59 രൂപയിലേക്കു താണു.

ക്രൂഡ് ഓയിൽ കയറുന്നു

വ്യാഴാഴ്ച ക്രൂഡ് ഓയിൽ നാമമാത്രമായി ഉയർന്നു. ബ്രെൻ്റ് ഇനം ക്രൂഡ് വീപ്പയ്ക്ക് 105.72 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ ബ്രെൻ്റ് 107.20 ഡോളറിലേക്കു കയറി. ഡബ്ള്യുടിഐ ഇനം 102.69 ഡോളറിൽ എത്തി. യുഎഇയുടെ മർബൻ ക്രൂഡ് 104.70 ഡോളറിലാണ്.

ക്രിപ്റ്റോകൾ ഉയർന്നു

ക്രിപ്റ്റോ കറൻസികൾ തിരച്ചുകയറി. ബിറ്റ്കോയിൻ ഇന്നു രാവിലെ 81,500 ഡോളറിനു മുകളിലേക്ക് നീങ്ങി. ഈഥർ 2290 ഡോളറിനും സൊലാന 92 ഡോളറിനും മുകളിൽ നിൽക്കുന്നു.

വിപണി സൂചനകൾ

(2026 മേയ് 14, വ്യാഴം)

  • സെൻസെക്സ്: 75,398.72 +1.06%

  • നിഫ്റ്റി-50: 23,689.60 +1.18%

  • ബാങ്ക് നിഫ്റ്റി: 54,128.95 +1.26%

  • മിഡ്ക്യാപ്-100: 60,839.70 +1.12%

  • സ്മോൾക്യാപ്-100: 17,991.55 -0.01%

  • ഡൗജോൺസ്: 50,063.46 +0.75%

  • എസ്&പി: 7501.24 +0.77%

  • നാസ്ഡാക്: 26,635.22 +0.88%

  • ഡോളർ: ₹95.76 +₹0.06

  • സ്വർണം (ഔൺസ്): $4653.00 -$37.00

  • സ്വർണം (പവൻ): ₹1,19,040 +₹ 240

  • ബ്രെൻ്റ് ക്രൂഡ്ഓയിൽ: $105.72 +$0.09

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT