Market Morning Updates Image: Canva
Markets

ഇന്ത്യൻ വിപണി മുന്നേറ്റ പ്രതീക്ഷയിൽ; ഏഷ്യൻ വിപണികൾ പലവഴി; ക്രൂഡ് ഓയിൽ 107 ഡോളറിൽ; പലിശ വർധനയുടെ ആശങ്കയിൽ വിപണികൾ

ഗിഫ്റ്റ് നിഫ്റ്റി സൂചിക ഇന്നു രാവിലെ 23,550 വരെ കയറി; ഇന്ത്യൻ വിപണി ഇന്നു നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് സൂചന

T C Mathew

ഓഗസ്റ്റിൽ ചില്ലറ, മൊത്തവിലക്കയറ്റം കൂടിയതും ക്രൂഡ് ഓയിൽ വില വീണ്ടും 100 ഡോളർ കടന്നതും റിസർവ് ബാങ്കിനെ ഒക്ടോബർ, ഡിസംബർ യോഗങ്ങളിൽ പലിശ നിരക്ക് ഉയർത്താൻ നിർബന്ധിതരാക്കുമെന്ന ആശങ്ക ശക്തം. ഇന്ധനവില വർധന സാധ്യതയും യു.പി.ഐ ഇടപാടുകളിൽ ഫീസ് ചുമത്തലും ഉപഭോക്തൃഭാരം കൂട്ടും. വിദേശ നിക്ഷേപകർ സെപ്റ്റംബറിൽ 13,000 കോടി രൂപ പിൻവലിച്ചതോടെ വിപണിയിൽ ചാഞ്ചാട്ടം തുടരുന്നു.

അമേരിക്കൻ വിപണി ഇന്നലെ താഴ്ന്നെങ്കിലും ഇന്ന് ഏഷ്യൻ വിപണികൾ ഭിന്നദിശകളിലായി. ഒരു ദിവസത്തെ അവധിക്കു ശേഷം തുറക്കുന്ന ഇന്ത്യൻ വിപണി മുന്നേറ്റ സൂചനയാണു നൽകുന്നത്. അമേരിക്കൻ ഫെഡറൽ റിസർവ് ബുധനാഴ്ച പലിശ കൂട്ടും എന്നാണു സൂചന. ബാങ്ക് ഓഫ് ഇംഗ്ലണ്ടും ബാങ്ക് ഓഫ് ജപ്പാനും വ്യാഴാഴ്ച നിരക്ക് കൂട്ടും. ചില്ലറ വിലക്കയറ്റം കൂടിയത് ഒക്ടോബറിൽ റീപോ നിരക്ക് കൂട്ടാൻ റിസർവ് ബാങ്കിനെ നിർബന്ധിതമാക്കും. ക്രൂഡ് ഓയിൽ വില വീണ്ടും 107 ഡോളറിൽ എത്തി.

ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി തിങ്കളാഴ്ച രാത്രി 23,500.00ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 23,550 വരെ കയറി. ഇന്ത്യൻ വിപണി ഇന്നു നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് സൂചന.

ടാറ്റ സൺസ് ലിസ്റ്റ് ചെയ്യുന്നതു ടാറ്റാ ഗ്രൂപ്പ് കമ്പനികളിൽ പലതിനും വിപണിമൂല്യം വർധിപ്പിക്കും. സൂചികകളിലെ ഗ്രൂപ്പിൻ്റെ പങ്കും കൂടും. ഇതു ടാറ്റ സ്റ്റീൽ, ടാറ്റ മോട്ടോഴ്സ് പിവി, ടാറ്റ കെമിക്കൽസ്, ടാറ്റ കൺസ്യൂമർ, ഇന്ത്യൻ ഹോട്ടൽസ് തുടങ്ങിയ കമ്പനികളുടെ ഓഹരികൾക്കു നേട്ടമായേക്കും. ലിസ്റ്റിംഗ് നിബന്ധനയ്ക്ക് എതിരേ ടാറ്റ സൺസ് നിയമയുദ്ധത്തിനു നീങ്ങുമോ എന്നു വ്യാഴാഴ്ച അറിയാം.

ചെയർമാൻ ഒ.പി. ഭട്ടിനു പിന്നാലെ സ്വതന്ത്ര ഡയറക്ടർ ഡി.കെ. സിംഗ് കൂടി കോഫോർജ് ഡയറക്ടർ ബോർഡിൽ നിന്നു രാജിവച്ചു. എച്ച്ഡിഎഫ്‌സി ലൈഫ് ഇൻഷ്വറൻസിന് 2017-22 കാലയളവിലെ ജിഎസ്ടി ഇനത്തിൽ 942 കോടിയും പിഴയായി 2423 കോടിയും (പലിശയും) രൂപ ചുമത്തിയത് ജിഎസ്ടി അപ്പലേറ്റ് കമ്മീഷണർ ശരിവച്ചു.

വിലക്കയറ്റം കൂടി

ഓഗസ്റ്റിലെ ചില്ലറ, മൊത്ത വിലക്കയറ്റങ്ങൾ വർധിച്ചതായി കണക്ക്. ചില്ലറ വിലക്കയറ്റം ജൂലൈയിലെ 4.45ൽ നിന്നു 4.82 ശതമാനമായി. മൊത്തവിലക്കയറ്റം 9.78ൽ നിന്ന് 9.92 ശതമാനമായി.

ആഗോള ക്രൂഡ് ഓയിൽ വിലക്കയറ്റവും എൽ നിനോ പ്രതിഭാസം മൂലം കാർഷികോൽപാദനം കുറയുന്നതും വരം മാസങ്ങളിൽ വിലക്കയറ്റത്തോത് കൂട്ടുമെന്നാണ് ആശങ്ക. 2026-27ലെ ചില്ലറവിലക്കയറ്റം അഞ്ചു ശതമാനമാകും എന്ന റിസർവ് ബാങ്ക് നിഗമനം ഉയർത്തേണ്ടിവരും എന്നാണു സൂചന.

ഒക്ടോബർ, നവംബറിൽ ആറു ശതമാനത്തിലേക്കു കയറിയിട്ടു ചില്ലറ വിലക്കയറ്റം ജനുവരിയോടെ അഞ്ചു ശതമാനത്തിലേക്കു താഴുമെന്നാണ് എസ്ബിഐ റിസർച്ച് നേരത്തേ കണക്കാക്കിയത്. എന്നാൽ ക്രൂഡ് ഓയിൽ വീണ്ടും 100 ഡോളർ കടന്നതോടെ ചില്ലറ വിലക്കയറ്റം 6.5 ശതമാനത്തിലേക്കു കയറും എന്ന് അവർ കണക്കാക്കുന്നു. ചില്ലറ വിലക്കയറ്റം നാലു ശതമാനത്തിൽ നിർത്തണം എന്നതാണു റിസർവ് ബാങ്കിനു നൽകിയിട്ടുള്ള നിർദേശം.

പലിശ നിരക്ക് കൂട്ടിയേക്കും

ഉയരുന്ന വിലക്കയറ്റം നിയന്ത്രിക്കാൻ ഒക്ടോബറിലും ഡിസംബറിലും 0.25 ശതമാനം വീതം പലിശ നിരക്ക് വർധിപ്പിക്കണം എന്നാണ് എസ്ബിഐ റിസർച്ചിൻ്റെ ശിപാർശ. റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര ഇന്നലെ ധനമന്ത്രി നിർമല സീതാരാമനെ സന്ദർശിച്ചപ്പോൾ നിരക്കുവർധന ചർച്ച ചെയ്തിരിക്കാം എന്നു റിപ്പോർട്ടുകൾ ഉണ്ട്. ഭക്ഷവിലക്കയറ്റം ഓഗസ്റ്റിൽ 5.95 ശതമാനമായി. പച്ചക്കറി വിലയിലാണു വലിയ വർധന. മൊത്തവിലക്കയറ്റം കൂടുന്നതു വരും മാസങ്ങളിൽ ചില്ലറ വിലക്കയറ്റം കൂടും എന്ന മുന്നറിയിപ്പ് നൽകുന്നു.

പെട്രോൾ വില കൂട്ടുമോ?

ഇന്ത്യ മുൻപ് ഡിസ്‌കൗണ്ടിൽ വാങ്ങിയിരുന്ന ക്രൂഡ് ഓയിൽ ഇപ്പോൾ 15 ശതമാനം വരെ കൂടുതൽ വില നൽകിയാണു വാങ്ങുന്നത്. ലോകവിപണിയിൽ 100 ഡോളർ ഉള്ളപ്പോൾ 115-ഉം അതിലധികവും ഡോളർ നൽകുന്നു. രാജ്യത്തു പെട്രോൾ, ഡീസൽ ചില്ലറവില വർധിപ്പിക്കാൻ ഈ അധികച്ചെലവ് സർക്കാരിനെ നിർബന്ധിക്കുമോ എന്ന് പലരും സംശയിക്കുന്നു.

ഇന്ധനവില കൂടുന്നതു ചില്ലറവിലക്കയറ്റത്തിൽ വീണ്ടും കുതിപ്പ് ഉണ്ടാക്കും. ഇതുവരെ ക്രൂഡ് വിലയിലെ വർധനയുടെ വലിയ ഭാഗം എണ്ണകമ്പനികൾ വഹിക്കുകയായിരുന്നു. അത് അധികം തുടരാനാവില്ല. റഷ്യയിലും പശ്ചിമേഷ്യയിലും പല റിഫൈനറികളും യുദ്ധം മൂലം പ്രവർത്തനം നിർത്തിയതോടെ റഷ്യയും ഇറാനും ഒക്കെ പെട്രോളും ഡീസലും വാങ്ങുന്നവരായി മാറി. ഇതു ലോകമെങ്ങും ഇന്ധനവില കൂട്ടി. അമേരിക്കയിൽ ഡീസൽ ഗാലന് ആറു ഡോളർ കടന്നു.

യു.പി.ഐ ഇടപാടിനു ഫീസ്

രണ്ടായിരം രൂപയിൽ കൂടിയ യു.പി.ഐ ഇടപാടുകൾക്കു ഫീസ് (മർച്ചൻ്റ് ഡിസ്കൗണ്ട് റേറ്റ് - എം.ഡി.ആർ) ഈടാക്കാൻ ബാങ്കുകൾക്ക് അനുവാദം നൽകുന്ന രീതിയിൽ കേന്ദ്ര സർക്കാർ ചട്ടങ്ങൾ ഭേദഗതി ചെയ്തു. നിരക്ക് ബാങ്കുകൾ തീരുമാനിക്കും. ഫീസിൻ്റെ 40 ശതമാനം ബാങ്കുകൾക്കാണ്.

യു.എസ് വിപണി താഴ്ന്നു

ക്രൂഡ് ഓയിൽ വില വീണ്ടും 108 ഡോളർ കടന്ന സാഹചര്യത്തിലാണ് ഇന്നലെ യുഎസ് വിപണി തുറന്നത്. ബുധനാഴ്ച യുഎസ് ഫെഡ് പലിശ കൂട്ടാൻ നിർബന്ധിതമാകുന്ന നിലയിൽ യുഎസ് ചില്ലറവിലക്കയറ്റം വർധിച്ചതായ വെള്ളിയാഴ്ചത്തെ കണക്കും വിപണിയെ താഴാൻ പ്രേരിപ്പിച്ചു. നിർമിതബുദ്ധി (എഐ) മുന്നേറ്റം മാനവരാശിക്കു വിപത്താകും എന്ന എഐ കമ്പനി മേധാവികളുടെ മുന്നറിയിപ്പ് നാസ്ഡാക് സൂചികയെ ഒരു ശതമാനത്തിലധികം ഇടിവിലാക്കി.

ഇങ്ങനെ ഗണ്യമായ താഴ്ചയിൽ വ്യാപാരം തുടങ്ങിയ വിപണി പിന്നീടു നഷ്‌ടം കുറച്ചു. ക്രൂഡ് ഓയിൽ വില തുടക്കത്തിലെ നിരക്കിൽ നിന്നു താഴ്ന്നു. ഫെഡ് റേറ്റ് കൂട്ടാനുള്ള സാധ്യത 85.5 ശതമാനം എന്ന നിലയിലേക്കു കയറി. യുഎസ് 10 വർഷ കടപ്പത്രങ്ങളിലെ പ്രതീക്ഷിക്കുന്ന നിക്ഷേപനേട്ടം (yield) അഞ്ചു ശതമാനമായി.

തിങ്കളാഴ്ച ഡൗ ജോൺസ് സൂചിക 152.09 പോയിൻ്റ് (0.29 ശതമാനം) താഴ്ന്ന് 52,421.20 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 37.00 പോയിൻ്റ് (0.46%) നഷ്ടത്തോടെ 7619.98 ൽ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് 146.62 പോയിൻ്റ് (0.56%) ഇടിവോടെ 26,186.41 ൽ ക്ലോസ് ചെയ്തു.

ദിശ കാണാതെ ഫ്യൂച്ചേഴ്സ്

വ്യക്തമായ ദിശാബോധം ഇല്ലാതെ യു.എസ് ഫ്യൂച്ചേഴ്‌സ് നാമമാത്ര മാറ്റത്തിലായി. ഡൗ ജോൺസ് 52 പോയിൻ്റും (0.10%) എസ് ആൻഡ് പി 3.5 പോയിൻ്റും (0.05%) നാസ്ഡാക് 10 പോയിൻ്റും (0.04%) താഴ്ന്നു നീങ്ങുന്നു.

എ.ഡി.ആർ വിപണി

ന്യൂയോർക്കിലെ എ.ഡി.ആർ (അമേരിക്കൻ ഡെപ്പോസിറ്ററി റെസീറ്റ്) വിപണിയിൽ തിങ്കളാഴ്ച എച്ച്ഡിഎഫ്സി ബാങ്ക് വ്യാപാര സമയത്ത് 1.93 ശതമാനം താഴ്ന്നിട്ടു തുടർവ്യാപാരത്തിൽ 0.66% ഉയർന്ന് 23.04 ഡോളറിൽ ക്ലോസ് ചെയ്തു. ഐസിഐസിഐ ബാങ്ക് നിശ്ചിത സമയത്ത് 0.44% താഴ്ന്ന ശേഷം തുടർ വ്യാപാരത്തിൽ മാറ്റമില്ലാതെ 29.26 ഡോളറിൽ അവസാനിച്ചു. ഇൻഫോസിസ് നിശ്ചിത സമയത്ത് 4.79% കുതിച്ച ശേഷം തുടർ വ്യാപാരത്തിൽ 0.20 ശതമാനം കയറി 11.62 ഡോളറിൽ ക്ലോസ് ചെയ്തു. വിപ്രോ വിപണിസമയത്ത് 5.33% കുതിച്ച ശേഷം തുടർ വ്യാപാരത്തിൽ 0.56 ശതമാനം കുറഞ്ഞ് 1.77 ഡോളറിൽ അവസാനിച്ചു.

യൂറോപ്പ് താഴ്‌ന്നു

യു.കെയിലെ എഫ്ടിഎസ്ഇ ഒഴികെ യൂറോപ്യൻ ഓഹരിവിപണികൾ വെള്ളിയാഴ്ച ഗണ്യമായി താഴ്ന്നു. ക്രൂഡ് ഓയിൽ കയറ്റവും എഐ ആശങ്കകളും കാരണമായി. സെമികണ്ടക്ടർ, ഊർജ കമ്പനികൾ ഇടിഞ്ഞു.

ഏഷ്യൻ വിപണികൾ പലവഴി

ഏഷ്യൻ വിപണികൾ ഇന്നും വലിയ ഇടിവിലായി. ജപ്പാനിൽ നിക്കൈ സൂചിക 0.70 ശതമാനം ഉയർന്നു. ഓസ്ട്രേലിയൻ വിപണി 0.65 ശതമാനം താഴ്ന്നു. ദക്ഷിണ കൊറിയയിൽ കോസ്‌പി 0.15 ശതമാനം ഉയർന്നു. ഹോങ് കോങ്ങിലെ ഹാങ് സെങ് സൂചിക 0.40 ശതമാനവും തായ്‌വാൻ സൂചിക 0.25 ശതമാനവും താഴ്ന്നു. ഷാങ്ഹായ് സൂചിക 0.35 ശതമാനം നഷ്‌ടത്തിലാണ്.

ഇന്ത്യൻ വിപണി നഷ്ടത്തിൽ

വെള്ളിയാഴ്ച നഷ്‌ടത്തിൽ അവസാനിച്ച ഇന്ത്യൻ വിപണിക്ക് ഇന്നലെ അവധിയായിരുന്നു. ജൂലൈയിലും ഓഗസ്റ്റിലും അറ്റവാങ്ങലുകാരായിരുന്ന വിദേശ നിക്ഷേപകർ സെപ്റ്റംബറിലെ ആദ്യ പകുതിയിൽ വിൽപനക്കാരായി. 13,138 കോടി രൂപയാണ് അവർ രണ്ടാഴ്ച കൊണ്ടു വിപണിയിൽ നിന്നു പിൻവലിച്ചത്.

വെള്ളിയാഴ്ച സെൻസെക്‌സ് 120.83 പോയിൻ്റ് (0.16%) താഴ്ന്ന് 74,781.76 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 79.70 പോയിൻ്റ് (0.34%) നഷ്‌ടത്തോടെ 23,398.10 ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 134.60 പോയിൻ്റ് (0.24%) നേട്ടത്തോടെ 56,606.55 ൽ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 160.15 പോയിൻ്റ് (0.26%) താഴ്ന്ന് 62,197.20 ൽ അവസാനിച്ചു. സ്മോൾ ക്യാപ് 100 സൂചിക 115.65 പോയിൻ്റ് (0.58%) കുറഞ്ഞ് 19,906.30 ൽ ക്ലോസ് ചെയ്തു.

കൊച്ചിൻ ഷിപ്പ് യാർഡ് വരുംകാല ബിസിനസ് പ്രതീക്ഷയിൽ കരുതൽ സൂചിപ്പിച്ചത് വെള്ളിയാഴ്ച ഓഹരി വില 10 ശതമാനം ഇടിയാൻ കാരണമായി.

കാസിൽ മാറ്റം വരും

വിവാദത്തിലായ ക്ലോസിംഗ് ഓക്‌ഷൻ സെഷൻ (കാസ്) രീതി പരിഷ്‌കരിക്കും. ശനിയാഴ്ച സെബി പുറത്തിറക്കിയ ചർച്ചാരേഖ മാറ്റത്തിനു പല ഓപ്ഷനുകൾ നിർദേശിക്കുന്നു. കാസ് സമയത്തിലും ഡെറിവേറ്റീവുകളുടെ വിലനിർണയ രീതിയിലും മാറ്റങ്ങൾ വരും. വിലനിർണയത്തിനു കാസ് ഒരു വർഷം കഴിഞ്ഞ് ഉപയോഗിക്കാം എന്ന നിർദേശവും സെബി നൽകി.

കാസിൽ കൂടുതൽ ഇടപാടുകൾ ഉണ്ടാകാൻ ഒരു വർഷമെങ്കിലും കഴിയുമെന്നു ബ്രോക്കർമാർ നേരത്തേ പറഞ്ഞിരുന്നു. ക്യാഷ് വിപണിയിലെ ക്ലോസിംഗ് നിരക്കും കാസ് നിരക്കും തമ്മിൽ വലിയ വ്യത്യാസം തുടക്കം മുതലേ ഉണ്ടായിരുന്നു. ഇതു നിക്ഷേപകർക്കു നഷ്‌ടവും വരുത്തി. പുതിയ നിർദ്ദേശങ്ങൾ എക്‌സ്ചേഞ്ചുകൾക്കും ബ്രോക്കറേജുകൾക്കും നല്ലതാണ്.

സ്വർണം ഇടിവിൽ

പലിശവർധനയ്ക്കു സാധ്യത വർധിച്ചതോടെ സ്വർണം ഇടിവ് തുടർന്നു. ജൂലൈയിലേതു പോലെ ഔൺസിനു 4,000 ഡോളറിനു താഴേക്കു വില വീഴുമോ എന്നാണു വിപണി ചിന്തിക്കുന്നത്. ബുധനാഴ്ചയാണു യുഎസ് ഫെഡറൽ റിസർവിൻ്റെ തീരുമാനം വരുന്നത്. തിങ്കളാഴ്ച സ്വർണം 49.50 ഡോളർ (1.14%) നഷ്ടത്തോടെ ഔൺസിന് 4300.20 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില 4293 ഡോളർ വരെ താഴ്ന്നിട്ടു 4310 ഡോളറിൽ എത്തി.

കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് തിങ്കളാഴ്ച 1160 രൂപ കുറഞ്ഞ് 1,12,080 രൂപ ആയി. വെള്ളിവില തിങ്കളാഴ്ച രണ്ടു ശതമാനം താഴ്‌ന്ന് ഔൺസിന് 63.37 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ കാര്യമായ മാറ്റമില്ലാതെ തുടരുന്നു. പ്ലാറ്റിനം 1751 ഡോളർ, പല്ലാഡിയം 1269 ഡോളർ, റോഡിയം 9200 ഡോളർ എന്നിങ്ങനെ നിൽക്കുന്നു.

ലോഹങ്ങൾ വീണ്ടും താഴോട്ട്

പലിശപ്പേടിയിൽ വ്യാവസായിക ലോഹങ്ങൾ തിങ്കളാഴ്ചയും ഇടിവിലായി. ചെമ്പ് 1.37 ശതമാനം നഷ്ടത്തോടെ ടണ്ണിന് 14,043.85 ഡോളർ ആയി. അലൂമിനിയം 0.37 ശതമാനം താഴ്ന്നു 3244.03 ഡോളറിൽ എത്തി. ലെഡും നിക്കലും സിങ്കും ടിന്നും 2.98 ശതമാനം വരെ നഷ്‌ടത്തിലായി.

റബർ വീണ്ടും താഴ്ന്നു

തിങ്കളാഴ്ചയും രാജ്യാന്തര വിപണിയിൽ റബർവില താഴ്ന്നു. ബാങ്കോക്കിൽ ആർഎസ്എസ്-1 ക്വിൻ്റലിന് 283.30 ഡോളറിലും ആർഎസ്എസ്-3 ക്വിൻ്റലിന് 279.90 ഡോളറിലും എത്തി. കേരളത്തിൽ ക്വിൻ്റലിന് 27,400 രൂപ തുടർന്നു. എൽ നിനോ കൂടുതൽ ശക്തമാകുന്നതു തെക്കു കിഴക്കൻ ഏഷ്യയിൽ റബർ ഉൽപാദനത്തിൽ ഗണ്യമായ കുറവു വരുത്തും. ഈ വർഷം ആഗോള റബർ ഉൽപാദനം 152.8 ലക്ഷം ടണ്ണും ഉപയോഗം 153.6 ലക്ഷം ടണ്ണും ആകുമെന്നാണ് സ്വഭാവിക റബർ ഉൽപാദക രാജ്യങ്ങളുടെ സംഘടന രണ്ടാഴ്ച മുൻപ് കണക്കാക്കിയത്. ക്രൂഡ് ഓയിൽ വിലക്കയറ്റം സാമ്പത്തിക വളർച്ചയെപ്പറ്റി ആശങ്ക ഉയർത്തുന്നുണ്ട്.

കൊക്കോ കയറി

കൊക്കോ വില 1.04 ശതമാനം കയറി ടണ്ണിന് 6023 ഡോളറിൽ ക്ലോസ് ചെയ്തു. കഴിഞ്ഞമാസം ഐവറി കോസ്റ്റിൽ നിന്നുള്ള കയറ്റുമതി 19 ശതമാനം വർധിച്ചതും ഐസ് എക്സ്ചേഞ്ചിലെ സ്റ്റോക്ക് രണ്ടു വർഷത്തെ ഉയർന്ന നിലയിലേക്കു കയറിയതുമാണ് കഴിഞ്ഞ ദിവസങ്ങളിൽ വിലയിടിച്ചത്. എന്നാൽ ഒക്ടോബറിൽ തുടങ്ങുന്ന 2026-27 സീസണിൽ ഐവറി കോസ്റ്റിൽ 20 ഉം ഘാനയിൽ 38 ഉം ശതമാനം കുറവാകും ഉൽപാദനം എന്നാണു കണക്കാക്കുന്നത്. ഘാനയിലെ ഉൽപാദനക്കുറവ് നേരത്തേ കണക്കാക്കിയതിൻ്റെ ഇരട്ടിയാക്കി ഘാനയിലെ കൊക്കോ മാർക്കറ്റിംഗ് കമ്പനി.

അറബിക്ക കാപ്പി 0.76 ശതമാനം കൂടി പൗണ്ടിന് 2.89 ഡോളറിലേക്കു കയറി. ബ്രസീലിൽ ഉൽപാദനം റെക്കോർഡ് നിലവാരത്തിലേക്കു കയറി. ഓഗസ്റ്റിലെ ബ്രസീലിയൻ കയറ്റുമതി 45 ശതമാനം വർധിച്ചു. പാം ഓയിൽ 0.75 ശതമാനം ഉയർന്നു ടണ്ണിന് 4850 മലേഷ്യൻ റിംഗിറ്റ് ആയി.

ഡോളർ കുതിക്കുന്നു

യുഎസ് ഡോളർ സൂചിക തിങ്കളാഴ്ച കുതിച്ചു കയറി 99.39ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 99.55ലേക്കു കയറി. യൂറോ 1.1583 ഡോളറിലേക്കും പൗണ്ട് 1.351 ഡോളറിലേക്കും താഴ്ന്നു. ജാപ്പനീസ് യെൻ ഒരു ഡോളറിന് 154.70 യെൻ ആയി. ചൈനീസ് യുവാൻ ഡോളറിന് 6.71 എന്ന നിരക്കിൽ തുടർന്നു. അമേരിക്കയിൽ 10 വർഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം (yield) 5.014 ശതമാനം വരെ ഉയർന്ന ശേഷം താഴ്ന്ന് 5.00 ശതമാനത്തിൽ നിൽക്കുന്നു.

രൂപ വീണ്ടും താഴ്ന്നു

വെള്ളിയാഴ്ചയും രൂപ താഴ്ന്നു. ഡോളർ 11 പൈസ കയറി 95.55 രൂപയിൽ ക്ലോസ് ചെയ്തു. വിദേശത്തെ ഫോർവേഡ് വിപണിയിൽ ഡോളർ ഇന്നു രാവിലെ 95.88 രൂപ വരെ കയറി. ഇന്നു രൂപ താഴ്‌ന്നേക്കും എന്നാണു സൂചന. ചൈനീസ് യുവാൻ 14.25 രൂപയായി ഉയർന്നു. യൂറോ 110.32 രൂപ ആയി താഴ്ന്നു.

ക്രൂഡ് ഓയിൽ 107 ഡോളറിൽ

തിങ്കളാഴ്ച 108 ഡോളറിനു മുകളിൽ കയറിയ ക്രൂഡ് ഓയിൽ വില പിന്നീടു ചെറിയ നേട്ടത്തിൽ ക്ലോസ് ചെയ്തു ഇന്നു രാവിലെ വീണ്ടും കയറി.

തിങ്കളാഴ്ച ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ 1.35 ശതമാനം കയറി 105.68 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വീണ്ടും കയറി 107.02 ഡോളറിൽ എത്തി. ഡബ്ള്യു.ടി.ഐ ഇനം ഓയിൽ 102.81 ഡോളറിലാണ്.

ക്രിപ്റ്റോകൾ കയറുന്നു

ക്രിപ്റ്റോ കറൻസികൾ ഇന്നു കയറ്റത്തിലാണ്. ബിറ്റ്കോയിൻ 77,960 ഡോളറിനു മുകളിൽ എത്തി. ഈഥർ 2515 ഡോളറിനും സൊലാന 102 ഡോളറിനും മുകളിൽ ആയി.

വിപണി സൂചനകൾ

(2026 സെപ്റ്റംബർ 14, തിങ്കൾ)

  • സെൻസെക്സ്: 74,781.76 0.00

  • നിഫ്റ്റി-50: 23,398.10 0.00

  • ബാങ്ക് നിഫ്റ്റി: 56,606.55 0.00

  • മിഡ് ക്യാപ്-100: 62,197.20 0.00

  • സ്മോൾ ക്യാപ്-100: 19,906.30 0.00

  • ഡൗജോൺസ്: 52,421.20 -0.29%

  • എസ്ആൻഡ്പി: 7619.98 -0. 48%

  • നാസ്ഡാക്: 26,186.42 -0.56%

  • ഡോളർ: ₹95.55 ₹0.00

  • സ്വർണം (ഔൺസ്): $4300.20 -$49.50

  • സ്വർണം (പവൻ): ₹1,12,080 -₹1160

  • ക്രൂഡ് ഓയിൽ-ബ്രെൻ്റ്: $105.68 +1.07

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT