Morning business news Canva
Markets

വിപണിയിൽ കരുതലോടെയുള്ള പ്രതീക്ഷ; യുഎസിൽ റെക്കോർഡ് തിരുത്തി; ചെറിയ നേട്ടം തേടി ഇന്ത്യൻ വിപണി; ക്രൂഡ് ഓയിൽ ഉയർന്നു

ഗിഫ്റ്റ് നിഫ്റ്റി ഇന്നു രാവിലെ 24,376 വരെ കയറിയിട്ട് 24,298 വരെ താഴ്ന്നു. നിഫ്റ്റി ഇന്നു ചെറിയ നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതു സൂചിപ്പിക്കുന്നത്.

T C Mathew

യുദ്ധം അവസാനിക്കുന്ന കാര്യത്തിൽ കരുതലോടെയുള്ള പ്രതീക്ഷ വിപണികൾ നിലനിർത്തുന്നു. ഇന്നലെ യുഎസ് വിപണികൾ റെക്കോർഡിലേക്കു കുതിച്ചു. ഇന്നു രാവിലെ ഏഷ്യൻ വിപണികൾ കയറ്റത്തിലായി. ക്രൂഡ് ഓയിൽ വില നാമമാത്രമായി ഉയർന്നു 95 ഡോളറിൽ എത്തി. ഡോളർ സൂചിക താഴുകയും സ്വർണം ഉയരുകയും ചെയ്തു. ഇന്ത്യൻ വിപണി ഉയർന്നു വ്യാപാരം തുടങ്ങും എന്നാണു പ്രതീക്ഷ.

പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കുന്നതിനു നയതന്ത്ര ശ്രമങ്ങൾ ത്വരിതഗതിയിൽ നടക്കുന്നു. പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് സൗദി അറേബ്യൻ കിരീടാവകാശിയുമായി റിയാദിലും സേനാമേധാവി മുനീർ ടെഹറാനിൽ ഇറാൻ ഭരണാധികാരികളുമായും ചർച്ച നടത്തി. ഈയാഴ്ചയോ അടുത്തയാഴ്ച ആദ്യമോ യുഎസ് -ഇറാൻ ചർച്ച വീണ്ടും നടക്കും എന്നാണു സൂചന. ആണവ വിഷയങ്ങളിലും ഹോർമുസ് ഉപരോധത്തിലും ഇറാൻ നിലനിർത്തുന്ന ഭീകരസംഘടനകളുടെ കാര്യത്തിലുമാണു ചർച്ചകൾ.

ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി ബുധനാഴ്ച രാത്രി 24,346.50ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 24,376 വരെ കയറിയിട്ട് 24,298 വരെ താഴ്ന്നു. നിഫ്റ്റി ഇന്നു ചെറിയ നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതു സൂചിപ്പിക്കുന്നത്.

മൊത്ത വിലക്കയറ്റം കുതിച്ചു

മാർച്ചിലെ മൊത്തവിലക്കയറ്റം 3.88 ശതമാനമായി കുതിച്ചു. ഫെബ്രുവരിയിൽ 2.13 ശതമാനമായിരുന്നു. ചില്ലറ വിലക്കയറ്റം 3.4 ശതമാനത്തിലേക്കു മാത്രം ഉയർന്നപ്പോഴാണ് മൊത്തവിലസൂചിക 38 മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലേക്കു കയറിയത്. ഇന്ധന -വൈദ്യുതി വിലകൾ 4.13 ശതമാനം വർധിച്ചു. ക്രൂഡ് ഓയിൽ, എൽപിജി, എൽഎൻജി വിലകൾ ആണു ഗണ്യമായി കൂടിയത്. ഭക്ഷ്യവില ഒഴികെ പ്രൈമറി ഉൽപന്ന വിലകൾ 2.28 ശതമാനം കൂടി. ഫാക്ടറി ഉൽപന്ന വില 0.88 ശതമാനം വർധിച്ചു.

യുദ്ധം മൂലം കയറ്റുമതി ഇടിഞ്ഞു

യുദ്ധത്തെ തുടർന്നു മാർച്ചിൽ പശ്ചിമേഷ്യയിലേക്കുള്ള കയറ്റുമതി 58 ശതമാനം ഇടിഞ്ഞു. മറ്റു മേഖലകളിലേക്കു കയറ്റുമതി വർധിച്ചതു മൂലം മാർച്ചിലെ മൊത്തം ഉൽപന്ന കയറ്റുമതിയിലെ ഇടിവ് 7.44 ശതമാനം മാത്രമായി. മാർച്ചിൽ ഉൽപന്ന കയറ്റുമതി 3892 കോടി ഡോളർ. ഉൽ വന്ന ഇറക്കുമതി 6.51 ശതമാനം കുറഞ്ഞ് 5959 കോടി ഡോളർ ആയി. വ്യാപാരകമ്മി 2067 കോടി ഡോളറിലേക്കു കുറഞ്ഞു

2025-26 ധനകാര്യ വർഷം ഇന്ത്യയുടെ കയറ്റുമതി (ഉൽപന്നങ്ങളും സേവനങ്ങളും അടക്കം) 4.22 ശതമാനം വർധിച്ച് 86,009 കോടി ഡോളർ ആയി. ഇറക്കുമതി 6.47 ശതമാനം കൂട 97,939 കോടി ഡോളറിൽ എത്തി. വ്യാപാരകമ്മി 11,930 കോടി ഡോളർ. ഉൽപന്ന കയറ്റുമതി നാമമാത്രമായി വർധിച്ച് 44,178 കോടി ഡോളർ ആയി, ഇറക്കുമതി 77,498 കോടി ഡോളറിലേക്കു കയറി. സേവന കയറ്റുമതി 7.9 ശതമാനം വർധിച്ച് 41,830 കോടി ഡോളർ ആയി.

ജിഡിപി: ഇന്ത്യ ആറാം സ്ഥാനത്തായി

ജിഡിപി (മൊത്ത ആഭ്യന്തര ഉൽപാദനം) വലുപ്പത്തിൽ നാലാം സ്ഥാനത്തേക്കു കയറി എന്ന ഇന്ത്യയുടെ അവകാശവാദം പൊളിഞ്ഞു. കഴിഞ്ഞ മേയിലാണ് യുകെയെയും ജപ്പാനെയും മറികടന്ന് ഇന്ത്യ നാലാമതായി എന്നു നീതി ആയോഗ് മേധാവി അവകാശപ്പെട്ടത്. ഐഎംഎഫ് പ്രസിദ്ധീകരിച്ച വളർച്ച പ്രതീക്ഷകൾ ഉദ്ധരിച്ചായിരുന്നു അത്. 2028 ൽ ജർമനിയെ പിന്നിലാക്കി മൂന്നാം സ്ഥാനത്ത് എത്തുമെന്നും അവകാശപ്പെട്ടിരുന്നു. പക്ഷേ കഴിഞ്ഞ വർഷം ഡോളറുമായുള്ള വിനിമയത്തിൽ ഇന്ത്യൻ രൂപ ഇടിഞ്ഞതോടെ എല്ലാ നിഗമനങ്ങളും പാളി.

ഐഎംഎഫ് 2025 ലെ വളർച്ചയുടെയും 2026 മുതലുള്ള പ്രതീക്ഷയുടെയും പുതിയ കണക്ക് (World Economic Outlook April 2026) കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചു. അതനുസരിച്ച് 2025 ൽ ഇന്ത്യയുടെ ജിഡിപി 3.9163 ട്രില്യൺ (ലക്ഷം കോടി) ഡോളർ. സ്ഥാനം ആറ്. നാലാം സ്ഥാനത്തെ ജപ്പാന് 4.4352 ട്രില്യണും അഞ്ചാമതുള്ള യുകെയ്ക്ക് 4.003 ട്രില്യണും ആണു ജിഡിപി. 2026-ൽ ഇന്ത്യയുടെ പ്രതീക്ഷ 4.1532 ട്രില്യൺ ഡോളർ. അപ്പോൾ ജപ്പാനു 4.3792 ട്രില്യണും യുകെയ്ക്ക് 4.2648 ട്രില്യണും ഉണ്ടാകും ജിഡിപി.

മുന്നേറ്റം തുടർന്നു യുഎസ് വിപണി

ഇറാനുമുള്ള ചർച്ച പുനരാരംഭിക്കും എന്ന സൂചന അമേരിക്കൻ വിപണികളെ ഇന്നലെയും ഉയർത്തി. ഡൗ ജോൺസ് സൂചിക മാത്രം നാമമാത്രമായി താഴ്ന്നു. എസ് ആൻഡ് പി 500 ഉം നാസ്ഡാക് കോംപസിറ്റും റെക്കോർഡിൽ ക്ലോസ് ചെയ്തു. നാസ്ഡാക് തുടർച്ചയായ 11 ദിവസം കയറിയപ്പോൾ എസ് ആൻഡ് പി കഴിഞ്ഞ 11ൽ 10 ദിവസവും ഉയർന്നു.

ഡൗ ജോൺസ് സൂചിക ബുധനാഴ്ച 72.27 പോയിൻ്റ് (0.15%) താഴ്‌ന്നു 48,463.72 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 55.57 പോയിൻ്റ് (0.80%) നേട്ടത്തോടെ 7022.95 ൽ അവസാനിച്ചു. നാസ്ഡാക് 376.93 പോയിൻ്റ് (1.60%) കുതിച്ച് 24,016.02 ൽ ക്ലോസ് ചെയ്തു.

ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്സ് കയറ്റത്തിലാണ്. ഡൗ ജോൺസ് 87 പോയിൻ്റും (0.18%) എസ് ആൻഡ് പി 13 പോയിൻ്റും (0.19%) നാസ്ഡാക് 73 പോയിൻ്റും (0.28%) ഉയർന്നു നീങ്ങുന്നു.

ഇന്ത്യൻ എഡിആറുകൾക്കു നേട്ടം

എച്ച്ഡിഎഫ്സി ബാങ്ക് എഡിആർ ബുധനാഴ്ച 1.31 ശതമാനം ഉയർന്നിട്ടു തുടർവ്യാപാരത്തിൽ 0.77 ശതമാനം കൂടി കയറി 27.35 ഡോളറിൽ എത്തി. ഐസിഐസിഐ ബാങ്ക് എഡിആർ നിശ്ചിത സമയത്ത് 0.60 ശതമാനം ഉയർന്ന ശേഷം തുടർവ്യാപാരത്തിൽ മാറ്റമില്ലാതെ 28.46 ഡോളറിൽ നിന്നു. ഇൻഫോസിസ് എഡിആർ 2.65 ശതമാനം ഉയർന്നിട്ടു തുടർ വ്യാപാരത്തിൽ 0.30 ശതമാനം കയറി 14.35 ഡോളറിൽ എത്തി. വിപ്രോ 2.71 ശതമാനം കയറിയിട്ട് തുടർ വ്യാപാരത്തിൽ 0.44 ശതമാനം ഉയർന്ന് 2.28 ഡോളർ ആയി.

യൂറോപ്പ്, ഏഷ്യ

യൂറോപ്യൻ വിപണികൾ ബുധനാഴ്ച ഭിന്നദിശകളിൽ നീങ്ങി. സമാധാന നീക്കങ്ങളെ പറ്റി അവ്യക്തത വളർന്നതാണു കാരണം.

ഏഷ്യൻ വിപണികൾ ഇന്നും കയറ്റത്തിലാണ്. ജപ്പാനിലെ നിക്കൈ രാവിലെ 1.70 ശതമാനം ഉയർന്നു. ദക്ഷിണ കൊറിയയിലെ കോസ്‌പി 1.2 ശതമാനം കയറി. ഓസ്ട്രേലിയൻ സൂചിക 0.20 ശതമാനം നേട്ടത്തിൽ നിന്ന് നാമമാത്ര നഷ്‌ടത്തിലേക്കു മാറി. ഹോങ് കോങ്, ചൈനീസ് വിപണികൾ ഒരു ശതമാനത്തിലധികം കയറി.

നഷ്ടം നികത്തി ഇന്ത്യൻ വിപണി

സമാധാന പ്രതീക്ഷ വീണ്ടും ബലപ്പെട്ടതോടെ ഇന്ത്യൻ വിപണി കഴിഞ്ഞ ദിവസങ്ങളിലെ നഷ്ടം നികത്തി മികച്ച മുന്നേറ്റം നടത്തി. വിദേശ നിക്ഷേപകർ നാമമാത്രമായ തോതിലാണെങ്കിലും അറ്റ വാങ്ങലുകാരായി. ക്യാഷ് വിപണിയിൽ വിദേശികൾ 666.15 കോടി രൂപയുടെ അറ്റവാങ്ങൽ നടത്തി. സ്വദേശികൾ 568.98 കോടി രൂപയുടെ അറ്റവിൽപനക്കാരായി.

സെൻസെക്‌സ് ബുധനാഴ്ച 1263.67 പോയിൻ്റ് (1.64%) കുതിച്ച് 78,111.24 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 388.65 പോയിൻ്റ് (1.63%) ഉയർന്ന് 24,231.30 ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 696.90 പോയിൻ്റ് (1.25%) നേട്ടത്തോടെ 56,301.95 ൽ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 1264.45 പോയിൻ്റ് (2.20%) കയറി 58,777.75 ൽ അവസാനിച്ചു. സ്മോൾ ക്യാപ് 100 സൂചിക 394.40 പോയിൻ്റ് (2.35%) കുതിച്ച് 17,156.40 ൽ ക്ലോസ് ചെയ്തു.

വിശാലവിപണിയിൽ ബഹുഭൂരിപക്ഷം ഓഹരികൾ നേട്ടത്തിലായി. ബിഎസ്ഇയിൽ 3547 ഓഹരികൾ കയറിയപ്പോൾ 836 എണ്ണം താഴ്ന്നു. എൻഎസ്ഇയിൽ 2827 എണ്ണം ഉയർന്നപ്പോൾ 431 എണ്ണം ഇടിഞ്ഞു.

സ്വർണം വീണ്ടും കയറുന്നു

യുദ്ധത്തെപ്പറ്റിയുള്ള വ്യത്യസ്ത വിലയിരുത്തലുകൾ ഇന്നലെ സ്വർണ വിപണിയെ വലിയ ചാഞ്ചാട്ടത്തിലാക്കി. വില ഗണ്യമായി കുതിച്ചു കയറിയിട്ട് ഒരു ശതമാനത്തിലധികം താഴ്ന്ന് അവസാനിച്ചു. ഇന്നുരാവിലെ വില വീണ്ടും മുന്നേറ്റത്തിലാണ്. ബുധനാഴ്ച രാജ്യാന്തര വില ഔൺസിന് 49.90 ഡോളർ കുറഞ്ഞ് 4792 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില ഒരു ശതമാനം കയറി 4842 ഡോളറിൽ എത്തിയിട്ടു 4819 ലേക്കു താഴ്ന്നു.

കേരളത്തിൽ 22 കാരറ്റ് സ്വർണം പവൻവില ബുധനാഴ്ച 1040 രൂപ ഉയർന്ന് 1,13,920 രൂപയായി.

വെള്ളി ബുധനാഴ്ച ഔൺസിന് 79.11 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 80.25 ഡോളറിലേക്ക് കയറി. പ്ലാറ്റിനം 2135 ഡോളർ, പല്ലാഡിയം 1565 ഡോളർ, റോഡിയം 9600 ഡോളർ എന്നിങ്ങനെ നിൽക്കുന്നു.

ലോഹങ്ങൾ കുതിപ്പ് തുടരുന്നു

വ്യാവസായിക ലോഹങ്ങൾ കയറ്റം തുടരുകയാണ്. ഇന്നലെ ചെമ്പ് 0.46 ശതമാനം ഉയർന്ന് ടണ്ണിന് 13,154.00 ഡോളറിൽ എത്തി. അലൂമിനിയം 1.29 ശതമാനം നേട്ടത്തോടെ ടണ്ണിന് 3620.25 ഡോളറിൽ ക്ലോസ് ചെയ്തു. ഒരു മാസം കൊണ്ട് അലൂമിനിയം വില 6.75 ശതമാനം കൂടിയിട്ടുണ്ട്. 2022 മാർച്ചിൽ എത്തിയ 4103 ഡോളർ ആണ് റെക്കോർഡ് വില. നിക്കൽ, ടിൻ, ലെഡ്, സിങ്ക് എന്നിവയെല്ലാം ഉയർന്നു.

മാറ്റമില്ലാതെ റബർ

രാജ്യാന്തര വിപണിയിൽ റബർ വില ഇന്നലെ മാറ്റമില്ലാതെ കിലോഗ്രാമിന് 202.60 സെൻ്റിൽ തുടർന്നു. കൃത്രിമ റബർ വില 0.70 ശതമാനം കയറി ടണ്ണിന് 16,900.00 യുവാൻ ആയി.

കൊക്കോ വില 2.28 ശതമാനം താഴ്ന്നു ടണ്ണിന് 3563.00 ഡോളർ ആയി. തേയിലവില മാറ്റമില്ലാതെ തുടർന്നു. കാപ്പി 0.10 ശതമാനം ഉയർന്നു പൗണ്ടിന് 297.90 സെൻ്റ് ആയി. പാം ഓയിൽ വില 0.13 ശതമാനം കയറി ടണ്ണിനു 4472 മലേഷ്യൻ റിംഗിറ്റിൽ എത്തി.

പോളി എഥിലിൻ, പോളിപ്രൊപ്പിലിൻ, പിവിസി വിലകൾ ഭിന്ന ദിശകളിൽ നീങ്ങി. യൂറിയ 0.17 ശതമാനം ഉയർന്നു ടണ്ണിന് 720.25 ഡോളർ ആയി. ഡൈ അമോണിയം ഫോസ്ഫേറ്റ് 1.35 ശതമാനം കുറഞ്ഞ് ടണ്ണിന് 730 ഡോളറിൽ എത്തി.

ഡോളർ സൂചിക താഴോട്ട്

യുഎസ് ഡോളർ സൂചിക വീണ്ടും താഴ്ന്നു. ബുധനാഴ്ച താഴ്ന്ന് 98.06 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 97.98 ലേക്കു താഴ്ന്നു. യൂറോ 1.1804 ഡോളറിലേക്കും പൗണ്ട് 1.3567 ഡോളറിലേക്കും കയറി. ജാപ്പനീസ് യെൻ ഡോളറിന് 158.74 യെൻ എന്ന നിലയിലേക്ക് ഉയർന്നു. ചൈനീസ് യുവാൻ ഡോളറിന് 6.82 യുവാൻ എന്ന നിരക്കിലേക്കു കയറി. അമേരിക്കയിൽ 10 വർഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം (yield) 4.276 ശതമാനമായി ഉയർന്നു.

രൂപയുടെ മേൽ സമ്മർദം

ഡോളറുമായുള്ള വിനിമയത്തിൽ രൂപ ഇന്നലെ തുടക്കത്തിൽ 93.13 ലേക്ക് ഉയർന്നെങ്കിലും ആ നേട്ടം നിലനിർത്തിയില്ല. ഡോളർ ഒരു പൈസ താഴ്‌ന്ന് 93.37 രൂപയിൽ ക്ലോസ് ചെയ്തു. ക്രൂഡ് ഓയിൽ വില താഴ്ന്നിട്ട് ഉയർന്നതാണു രൂപയെ സമ്മർദത്തിൽ ആക്കുന്നത്.

വിദേശത്തെ നോൺ ഡെലിവെറേബിൾ ഫോറെക്സ് (എൻഡിഎഫ്) വിപണിയിൽ ഡോളർ 93.15 രൂപ വരെ താഴ്ന്നിട്ടു രാവിലെ 93.35 രൂപയിലേക്കു കയറി. ചൈനീസ് യുവാൻ 13.70 രൂപയിലേക്കും യൂറോ 110.25 രൂപയിലേക്കും ഉയർന്നു.

ക്രൂഡ് ഓയിൽ ഫ്ലാറ്റ്

വെടിനിർത്തൽ തുടരുന്നതിലെ അവ്യക്തത ക്രൂഡ് ഓയിൽ വിലയെ കാര്യമായ മാറ്റമില്ലാതെ നിലനിർത്തി. ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ ഇന്നുരാവിലെ 95 ഡോളറിലാണ്. ഡബ്ള്യുടിഐ ഇനം ക്രൂഡ് 91.33 ൽ നിൽക്കുന്നു. ജൂൺ അവധിവില 87.41 ഡോളർ വരെ ഇടിഞ്ഞിട്ടുണ്ട്. യുഎഇയുടെ മർബൻ ക്രൂഡ് 100.85 ൽ നിൽക്കുന്നു. ഇന്ത്യ പശ്ചിമേഷ്യയിൽ നിന്നു വാങ്ങുന്ന എണ്ണയുടെ ശരാശരിവില (ഇന്ത്യൻ ബാസ്‌കറ്റ്) കഴിഞ്ഞയാഴ്ച 120.28 ഡോളർ ആയിരുന്നതു 116.26 ഡോളറിലേക്കു താഴ്ന്നു.

ക്രിപ്റ്റോകൾ ഉയരുന്നു

ഇന്നലെ ഇടിഞ്ഞ ശേഷം ക്രിപ്റ്റോ കറൻസികൾ ഇന്നു രാവിലെ നേട്ടത്തിലായി. ബിറ്റ്കോയിൻ 74,650 ഡോളറിനു മുകളിലാണ്. ഈഥർ 2350 ഡോളറിനും സൊലാന 85.00 ഡോളറിനും മുകളിൽ നിൽക്കുന്നു.

വിപണി സൂചനകൾ

(2026 ഏപ്രിൽ 15, ബുധൻ)

  • സെൻസെക്സ് 78,111.24 +1.64%

  • നിഫ്റ്റി50 24,231.30 +1.63%

  • ബാങ്ക് നിഫ്റ്റി 56,301.95 +1.25%

  • മിഡ്ക്യാപ്-100 58,777.75 +2.20%

  • സ്മോൾക്യാപ്-100 17,156.40 +2.35%

  • ഡൗജോൺസ് 48,463.72 -0.15%

  • എസ്ആൻഡ്പി 7022.95 +0.80%

  • നാസ്ഡാക് 24,016.02 +1.60%

  • ഡോളർ ₹93.37 -₹0.01

  • സ്വർണം (ഔൺസ്) $4792.00 -49.90

  • സ്വർണം (പവൻ) ₹1,13,920 +₹1040

  • ക്രൂഡ് ഓയിൽ ബ്രെൻ്റ് $94.73 -$00.14

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT