യുദ്ധസാഹചര്യത്തിൽ മാറ്റമില്ല. എണ്ണവില കുറയുന്നുമില്ല. എങ്കിലും ഇന്ന് ആശ്വാസറാലി പ്രതീക്ഷിച്ചാണ് ഇന്ത്യൻ വിപണി വ്യാപാരം തുടങ്ങുന്നത്. പശ്ചിമേഷ്യൻ യുദ്ധം അയവില്ലാതെ തുടരുന്നു. എണ്ണവില ഉയരും എന്നാണു പൊതുവേ ഭയപ്പെടുന്നത്. എങ്കിലും ഇന്നു രാവിലെ വിലയിൽ വലിയ കുതിപ്പ് ഉണ്ടായില്ല. വെടിനിർത്തലിനു ഗൾഫ് രാജ്യങ്ങൾ മുൻകൈ എടുത്തു ശ്രമങ്ങൾ നടത്തുന്നുണ്ട്. അതാണ് ഇന്നു വിപണിയിൽ വന്യമായ പ്രതികരണങ്ങൾ ഉണ്ടാകാതിരിക്കാൻ കാരണം. ചർച്ച ഇല്ലെന്നാണു യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപും ഇറാൻ്റെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്‌ചിയും പറയുന്നത്.
ഹോർമുസ് കപ്പൽച്ചാൽ തുറക്കാൻ മിത്രരാജ്യങ്ങൾ നാവികസേനയെ നിയോഗിക്കണം എന്ന ട്രംപിൻ്റെ അഭ്യർഥനയ്ക്ക് ആരും അനുകൂലമായി പ്രതികരിച്ചിട്ടില്ല. യുവാനിൽ വ്യാപാരം നടത്തുന്നവർക്ക് എണ്ണ കടത്താം എന്ന ഇറാൻ്റെ ഓഫറിനും പ്രതികരണം കണ്ടില്ല. കപ്പൽച്ചാൽ തുറക്കാൻ സഹായിച്ചില്ലെങ്കിൽ ചൈനാ സന്ദർശനം മാറ്റി വയ്ക്കും എന്നു ട്രംപ് മുന്നറിയിപ്പ് നൽകി.
ഇന്ന് ഇന്ത്യയുടെ ഫെബ്രുവരിയിലെ മൊത്തവിലക്കയറ്റ കണക്കും വിദേശവ്യാപാര കണക്കും പ്രസിദ്ധീകരിക്കും. രണ്ടും ആശ്വാസകരമായിരിക്കില്ല എന്നാണു നിഗമനം.
ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി വെള്ളിയാഴ്ച രാത്രി 23,203.00 ൽ അവസാനിച്ചു. ഇന്നു രാവിലെ 23,176-ൽ നിന്ന് 23,367വരെ കയറി. നിഫ്റ്റി ഗണ്യമായ നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതു സൂചിപ്പിക്കുന്നത്.
ബുധനാഴ്ച അമേരിക്കൻ ഫെഡറൽ റിസർവിൻ്റെ പണനയ പ്രഖ്യാപനം വരും. യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ പലിശ വേഗം കുറയ്ക്കണമെന്നു യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടിട്ടുണ്ട്. പക്ഷേ ഈ യോഗത്തിൽ ഫെഡ് പലിശനിരക്ക് മാറ്റില്ല എന്നാണു നിഗമനം. യുഎസിൽ ചില്ലറ വിലക്കയറ്റം കഴിഞ്ഞ മാസം 2.4 ശതമാനം കൂടി. കാതൽ വിലക്കയറ്റം 2.5 ശതമാനത്തിലേക്കു കയറിയത് വിലക്കയറ്റ പ്രവണത വർധിച്ചു. വരുന്നതായി കാണിക്കുന്നു. ഒക്ടോബർ- ഡിസംബറിലെ യുഎസ് ജിഡിപി വളർച്ച വെറും 0.7 ശതമാനമാണ്. 2025 ലെ വളർച്ച 2.2 ശതമാനവും. 2024 ൽ 2.8 ശതമാനം വളർന്നതാണ്. അമേരിക്ക ഉയർന്ന വിലക്കയറ്റവും മുരടിച്ച വളർച്ചയുമുള്ള സ്റ്റാഗ്ഫ്ലേഷനിലേക്കു വീഴും എന്ന ആശങ്ക പല വിദഗ്ധരും പ്രകടിപ്പിക്കുന്നുണ്ട്.
യുഎസ് വിപണികൾ വെള്ളിയാഴ്ചയും താഴ്‌ന്നു. മൂന്നു സൂചികകളും 2026 ലെ ഏറ്റവും താഴ്‌ന്ന നിലയിലാണ്. ഡൗ ജോൺസ് 119.38 പോയിൻ്റ് (0.26%) കുറഞ്ഞ് 46,558.47 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 40.43 പോയിൻ്റ് (0.61%) താഴ്‌ന്ന് 6632.19 ൽ അവസാനിച്ചു. നാസ്ഡാക് 206.62 പോയിൻ്റ് (0.93%) നഷ്ടത്തോടെ 22,105.36 ൽ ക്ലോസ് ചെയ്തു. യൂറോപ്യൻ വിപണികൾ വെള്ളിയാഴ്ചയും ഗണ്യമായ നഷ്ടത്തിൽ അവസാനിച്ചു.
ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്സ് ഉയർന്നു. ഡൗ ജോൺസ് 178 പോയിൻ്റും (0.38%) എസ് ആൻഡ് പി 30 പോയിൻ്റും (0.45%) നാസ്ഡാക് 124 പോയിൻ്റും (0.50%) ഉയർന്നു നീങ്ങുന്നു. ഏഷ്യൻ വിപണികൾ ഇന്നു ഭിന്നദിശകളിലാണ്. ജപ്പാനിലെ നിക്കൈ രാവിലെ 0.50 ശതമാനം താഴ്‌ന്നു. ദക്ഷിണ കൊറിയയിലെ കോസ്‌പി 0.75 ശതമാനം കയറി. ഓസ്ട്രേലിയൻ സൂചിക കയറിയും ഇറങ്ങിയും നീങ്ങി. ഹോങ് കോങ്, ചൈനീസ് വിപണികൾ നഷ്ടത്തിൽ വ്യാപാരം തുടങ്ങി.
സെൻസെക്സും നിഫ്റ്റിയും ജനുവരിയിലെ ഉയർന്ന നിലയിൽ നിന്നു 10 ശതമാനത്തിലധികം ഇടിഞ്ഞ് തിരുത്തൽ മേഖലയിലായി. യുദ്ധം തുടങ്ങിയ ശേഷം സൂചികകൾ 8.8 ശതമാനം നഷ്ടം വരുത്തിയിട്ടുണ്ട്. ബിഎസ്ഇയുടെ വിപണി മൂല്യം രണ്ടാഴ്ചകൊണ്ട് 34 ലക്ഷം കോടി രൂപ ഇടിഞ്ഞു.
സെൻസെക്‌സ് വെള്ളിയാഴ്ച 1470.50 പോയിൻ്റ് (1.93%) താഴ്‌ന്ന് 74,563.92 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 488.05 പോയിൻ്റ് (2.06%) ഇടിഞ്ഞ് 23,151.10 ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 1343.10 പോയിൻ്റ് (2.44%) നഷ്ടത്തോടെ 53,757.85 ൽ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 1492.65 പോയിൻ്റ് (2.65%) ഇടിഞ്ഞ് 54,761.10 ലും സ്മോൾ ക്യാപ് 100 സൂചിക 410.00 പോയിൻ്റ് (2.51%) നഷ്ടത്തോടെ 15,895.25 ലും അവസാനിച്ചു.
വിപണിയിൽ ബഹുഭൂരിപക്ഷം ഓഹരികളും ഇടിഞ്ഞു. ബിഎസ്ഇയിൽ 858 ഓഹരികൾ ഉയർന്നപ്പോൾ 3439 എണ്ണം താഴ്ന്നു. എൻഎസ്ഇയിൽ 578 എണ്ണം ഉയർന്നപ്പോൾ 2644 എണ്ണം ഇടിഞ്ഞു.
വിദേശനിക്ഷേപകർ വെള്ളിയാഴ്ചയും വിൽപന തുടർന്നു. ക്യാഷ് വിപണിയിൽ വിദേശ ഫണ്ടുകൾ 10,716.64 കോടി രൂപയുടെ അറ്റവിൽപന നടത്തി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 9977.42 കോടി രൂപയുടെ അറ്റവാങ്ങൽ നടത്തി. കഴിഞ്ഞ ആഴ്ച വിദേശികൾ 35,052 കോടി രൂപയുടെയും ഈ മാസം ഇതുവരെ 64,420 കോടി രൂപയുടെയും ഓഹരികൾ വിറ്റൊഴിഞ്ഞു.
സ്വർണവില ചാഞ്ചാടുകയാണ്. വെള്ളിയാഴ്ച 1.2 ശതമാനം താഴ്‌ന്ന് ഔൺസിന് 5019.70 ഡോളറിൽ ക്ലോസ് ചെയ്ത സ്വർണം ഇന്നു വീണ്ടും ചാഞ്ചാടി. രാവിലെ 4968- 5022 മേഖലയിൽ കയറിയിറങ്ങിയിട്ട് 5002 ഡോളറിൽ നിൽക്കുന്നു.
ജനുവരി 28 ന് 5595 ഡോളർ വരെ കയറിയ സ്വർണം പിന്നീട് താഴോട്ടു നീങ്ങുകയായിരുന്നു. ഡോളർ കരുത്താർജിക്കുന്നതും കേന്ദ്ര ബാങ്കുകൾ സ്വർണം വാങ്ങൽ കുറച്ചതും വില താഴ്ന്നപ്പോൾ സ്വർണനിക്ഷേപ ഫണ്ടുകളിൽ നിന്നു വലിയ പിൻമാറ്റം ഉണ്ടായതുമാണ് വിലയിടിവ് തുടരാൻ കാരണം. 5000 ഡോളറിനു താഴേക്കു വില വീണതു കൂടുതൽ ഇടിവിനു കാരണമാകാം എന്നു ഭയമുണ്ട്. യുദ്ധകാലത്തു സുരക്ഷിത നിക്ഷേപം എന്ന നിലയിൽ വില കുതിക്കാറുള്ള സ്വർണം ഇപ്പോൾ വിപരീത ദിശയിൽ നീങ്ങുന്നതിനു വിശദീകരണം നൽകാൻ നിരീക്ഷകർ വിഷമിക്കുന്നു.
വെള്ളിയും ഇടിവ് തുടരുന്നു. വെള്ളിയാഴ്ച നാലു ശതമാനം ഇടിഞ്ഞ് ഔൺസിന് 80.70 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 78.39 വരെ താഴ്ന്നിട്ട് 78.93 ഡോളറിൽ നിൽക്കുന്നു. പ്ലാറ്റിനം 2045 ഡോളർ, പല്ലാഡിയം 1541 ഡോളർ, റോഡിയം 11,200 ഡോളർ എന്നിങ്ങനെ നിൽക്കുന്നു..
കേരളത്തിൽ 22 കാരറ്റ് സ്വർണം വാരാന്ത്യത്തിൽ താഴ്‌ന്ന് 1,17,080 രൂപയിൽ എത്തി. മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ (എംസിഎക്സ്) വെള്ളിയാഴ്ച 24 കാരറ്റ് സ്വർണം 10 ഗ്രാം 1,58,400 രൂപയിൽ ക്ലോസ് ചെയ്തു. വെള്ളി കിലോഗ്രാമിന് 2,59,279 രൂപയിൽ അവസാനിച്ചു.
ലോഹങ്ങൾക്കു തകർച്ച
സിങ്ക് ഒഴികെയുള്ള വ്യാവസായിക ലോഹങ്ങൾ വെള്ളിയാഴ്ച ഇടിവിലായി. ചെമ്പ് 1.08 ശതമാനം താഴ്‌ന്നു ടണ്ണിന് 12,757.75 ഡോളറിൽ എത്തി. അലൂമിനിയം 2.13 ശതമാനം ഇടിഞ്ഞ് 3440.03 ഡോളർ ആയി. സിങ്ക് ഉയർന്നു. നിക്കലും ലെഡും ടിന്നും താഴ്‌ന്നു.
റബർ രാജ്യാന്തര വിപണിയിൽ വെള്ളിയാഴ്ച്ച 0.35 ശതമാനം താഴ്‌ന്നു കിലോഗ്രാമിന് 198.10 സെൻ്റിൽ എത്തി. കൃത്രിമ റബർ വില 1.82 ശതമാനം ഉയർന്ന് ടണ്ണിന് 15,850.00 യുവാൻ ആയി.
കൊക്കോ വില 0.54 ശതമാനം താഴ്‌ന്നു ടണ്ണിന് 3297.00 ഡോളറിൽ എത്തി. തേയിലവില 6.59 ശതമാനം ഇടിഞ്ഞ് കിലോഗ്രാമിൻ 149.61 രൂപയായി. കാപ്പി 2.31 ശതമാനം താഴ്‌ന്ന. പാം ഓയിൽ വില ടണ്ണിനു 4572 മലേഷ്യൻ റിംഗിറ്റിലേക്കു കയറി.
പോളി എഥിലിൻ, പോളിപ്രൊപ്പിലിൻ, പിവിസി വിലകൾ മൂന്നു ശതമാനം വരെ ഉയർന്നു. യൂറിയ 0.93 ശതമാനം കയറി ടണ്ണിന് 599.50 ഡോളർ ആയി.
ഡോളർ സൂചിക വെള്ളിയാഴ്ച ഉയർന്നു 100.36 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 100.26 ലേക്കു താഴ്‌ന്നു. യൂറോ 1.1445 ഡോളറിലേക്കും പൗണ്ട് 1.3255 ഡോളറിലേക്കും താഴ്‌ന്നു. ജാപ്പനീസ് യെൻ ഡോളറിന് 159.47 യെൻ എന്ന നിലയിലേക്ക് ഇടിഞ്ഞു. ചൈനീസ് യുവാൻ ഡോളറിന് 6.90 യുവാൻ എന്ന നിരക്കിലേക്കു താഴ്ന്നു.
അമേരിക്കയിൽ 10 വർഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം 4.261 ശതമാനമായി തുടർന്നു. നാളെ ആരംഭിക്കുന്ന ഫെഡറൽ റിസർവ് യോഗം പലിശനിരക്കിൽ മാറ്റം വരുത്തില്ല എന്നാണു വിപണിയുടെ നിഗമനം.
വെള്ളിയാഴ്ചയും രൂപ ഇടിവ് തുടർന്നു. ഡോളർ 27 പൈസ ഉയർന്നു 92.46 രൂപയിൽ ക്ലോസ് ചെയ്തു. രൂപ ഇന്നു വീണ്ടും താഴുന്ന സൂചനയാണുള്ളത്. വിദേശത്തെ നോൺ ഡെലിവെറേബിൾ ഫോറെക്സ് (എൻഡിഎഫ്) വിപണിയിൽ ഡോളർ ഇന്നലെ രാത്രി 92.58 രൂപ വരെ കയറി. ചൈനീസ് യുവാൻ 13.54 രൂപയിലേക്ക് ഉയർന്നു. യൂറോ 105.86 രൂപയിലേക്ക് ഇടിഞ്ഞു. ഇന്ന് ഇന്ത്യയിലെ കറൻസി വ്യാപാരത്തിൽ ഇവയുടെ സ്വാധീനം പ്രകടമാകും.
ഇറാൻ്റെ എണ്ണകയറ്റുമതിയുടെ 90 ശതമാനവും നടക്കുന്ന ഖാർഗ് ദ്വീപിൽ ശനിയാഴ്ച രാവിലെ അമേരിക്ക ബോംബ് വർഷിച്ചു. അവിടെ ഇറാൻ്റെ മിലിട്ടറി സംവിധാനങ്ങൾ മാത്രമാണു തകർത്തത്. എണ്ണ സംവിധാനങ്ങൾക്കു കേടുവരുത്തിയില്ല. ഇനി എണ്ണ സംവിധാനങ്ങൾ തകർക്കും എന്നു ട്രംപ് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ എണ്ണവില ഇന്നു രാവിലെ കുതിക്കും എന്നു കരുതിയെങ്കിലും അതുണ്ടായില്ല.
വെള്ളിയാഴ്ച ബ്രെൻ്റ് ഇനം ക്രൂഡ് വീപ്പയ്ക്ക് 103.14 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 105 നു മുകളിൽ കയറിയിട്ടു താഴ്‌ന്ന് 103.6 ഡോളറിലായി. ഡബ്ള്യുടിഐ ഇനം ക്രൂഡ് രാവിലെ 100 കടന്ന ശേഷം താഴ്‌ന്ന് 98.10 ഡോളറിലും യുഎഇയുടെ മർബൻ ക്രൂഡ് 114.36 ഡോളറിലും നിൽക്കുന്നു.
ക്രിപ്റ്റോകൾ കയറുന്നു
ക്രിപ്റ്റോ കറൻസികൾ കയറ്റം തുടരുകയാണ്. ബിറ്റ്കോയിൻ ഇന്നു രാവിലെ 72,500 ഡോളറിനു തൊട്ടടുത്ത് എത്തി. ഈഥർ 2170 ഡോളറിനും സൊലാന 92 ഡോളറിനും മുകളിൽ നിൽക്കുന്നു.
(2026 മാർച്ച് 13, വെള്ളി)
സെൻസെക്സ് 74,563.92 -1.93%
നിഫ്റ്റി50 23,151.10 -2.06%
ബാങ്ക് നിഫ്റ്റി 53,757.85 - 2.44%
മിഡ്ക്യാപ്100 54,761.10 -2.65%
സ്മോൾക്യാപ്100 15,895.25 -2.51%
ഡൗ ജോൺസ് 46,558.47 -0.26%
എസ് ആൻഡ് പി 6632.19 -0.61%
നാസ്ഡാക് 22,105.36 -0.93%
ഡോളർ ₹92.46 +₹0.27
സ്വർണം (ഔൺസ്) $5019.70 -$60.7.0
സ്വർണം (പവൻ) ₹1,17,840 -₹400
ശനി ₹1,17,080 -₹760
ക്രൂഡ് ഓയിൽ ബ്രെൻ്റ് $103.14 +$02.68
Read DhanamOnline in English
Subscribe to Dhanam Magazine