പശ്ചിമേഷ്യൻ യുദ്ധം ഉടനേ തീരുന്നതിനു സാധ്യത കുറവാണെന്ന നിഗമനം ഇന്നു വിപണികളെ താഴ്‌ത്തുകയാണ്. ഏഷ്യൻ വിപണികൾ നഷ്‌ടത്തിലാണു വ്യാപാരം തുടങ്ങിയതും തുടരുന്നതും. ക്രൂഡ് ഓയിൽ വില 100 ഡോളറിനടുത്തേക്കു കയറിയിട്ട് അൽപം താഴ്ന്നിട്ടുണ്ട്. ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി വ്യാഴാഴ്ച രാത്രി 24,218.00ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 24,138 വരെ താഴ്ന്നിട്ടു തിരിച്ചു കയറി. നിഫ്റ്റി ഇന്നു ചെറിയ നഷ്‌ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതു സൂചിപ്പിക്കുന്നത്.
ലബനനിൽ പത്തു ദിവസത്തെ വെടിനിർത്തൽ നിലവിൽ വന്നു. അമേരിക്കൻ സമ്മർദത്തെ തുടർന്നാണ് ഇസ്രയേൽ ഹിസ്ബുള്ളയ്ക്കെതിരായ നീക്കങ്ങൾ നിർത്തിയത്. ഇറാൻ്റെ സഹായമുള്ള ഗ്രൂപ്പാണ് ഹിസ്ബുള്ള. ലബനനിലെ വെടിനിർത്തൽ യുഎസ്- ഇറാൻ ചർച്ച പുനരാരംഭിക്കാൻ സഹായിക്കും.
ഇറാൻ്റെ പക്കലുള്ള സമ്പുഷ്ട യുറേനിയം വിട്ടുനൽകാനും അണ്വായുധ പരിപാടി 20 വർഷത്തേക്ക് നിർത്തിവയ്ക്കാനും ഇറാൻ സമ്മതിച്ചതായി യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് അവകാശപ്പെട്ടു. ഇറാൻ പ്രതികരിച്ചിട്ടില്ല. പാക് സേനാധിപൻ മുനീർ ഇറാനിൽ ഉന്നത നേതാക്കളുമായി ഇന്നലെ ചർച്ച നടത്തി.
ലബനനിലെ വെടിനിർത്തലും ഇറാനുമായുളള ചർച്ചയിലെ പുരോഗതിയും യുഎസ് വിപണിയുടെ റെക്കോർഡ് മുന്നേറ്റം തുടരാൻ സഹായിച്ചു. എസ് ആൻഡ് പി 500 ഉം നാസ്ഡാക് കോംപസിറ്റും പുതിയ റെക്കോർഡിൽ ക്ലോസ് ചെയ്തു. നാസ്ഡാക് തുടർച്ചയായ 12 ദിവസം കയറിയപ്പോൾ എസ് ആൻഡ് പി കഴിഞ്ഞ 12 ൽ 10 ദിവസവും ഉയർന്നു.
ഡൗ ജോൺസ് സൂചിക വ്യാഴാഴ്ച 115 പോയിൻ്റ് (0.24%) ഉയർന്ന് 48,578.72 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 18.33 പോയിൻ്റ് (0.26%) നേട്ടത്തോടെ 7041.28 ൽ അവസാനിച്ചു. നാസ്ഡാക് 86.69 പോയിൻ്റ് (0.36%) കയറി 24,102.70 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്സ് നേരിയ കയറ്റത്തിലാണ്. ഡൗ ജോൺസ് 80 പോയിൻ്റും (0.16%) എസ് ആൻഡ് പി 7.5 പോയിൻ്റും (0.11%) നാസ്ഡാക് 8 പോയിൻ്റും (0.03%) ഉയർന്നു നീങ്ങുന്നു.
എച്ച്ഡിഎഫ്സി ബാങ്ക് എഡിആർ വ്യാഴാഴ്ച 2.62 ശതമാനം താഴ്ന്നിട്ടു തുടർവ്യാപാരത്തിൽ 1.48 ശതമാനം കയറി 26.82 ഡോളറിൽ എത്തി. ഐസിഐസിഐ ബാങ്ക് എഡിആർ നിശ്ചിത സമയത്ത് 0.28 ശതമാനം താഴ്ന്ന ശേഷം തുടർവ്യാപാരത്തിൽ 0.32 ശതമാനം ഉയർന്ന് 28.47 ഡോളറിൽ നിന്നു. ഇൻഫോസിസ് എഡിആർ 0.49 ശതമാനം ഉയർന്നിട്ടു തുടർ വ്യാപാരത്തിൽ 0.07 ശതമാനം കയറി 14.39 ഡോളറിൽ എത്തി. വിപ്രോ 4.85 ശതമാനം ഇടിഞ്ഞിട്ട് തുടർ വ്യാപാരത്തിൽ 0.93 ശതമാനം ഉയർന്ന് 2.18 ഡോളർ ആയി.
യൂറോപ്യൻ വിപണികൾ വ്യാഴാഴ്ചയും ഭിന്നദിശകളിൽ നീങ്ങി. ഫെബ്രുവരിയിൽ യുകെ ജിഡിപി വളർച്ച 0.5 ശതമാനമായി. 0.1 ശതമാനമായിരുന്നു പ്രതീക്ഷ. ഇറാൻ യുദ്ധം മൂലം യൂറോ സോണിലെ വിലക്കയറ്റം മാർച്ചിൽ 2.6 ശതമാനമായി ഉയർന്നു.
ഏഷ്യൻ വിപണികൾ ഇന്നു നഷ്‌ടത്തിലാണ്. ജപ്പാനിലെ നിക്കൈ 0.85 ഉം ദക്ഷിണ കൊറിയയിലെ കോസ്പി 0.60 ഉം ശതമാനം താഴ്‌ന്നു. ഓസ്ട്രേലിയൻ സൂചിക 0.50 ശതമാനം നഷ്‌ടത്തിലായി. ചൈനീസ്, ഹോങ്കോങ് വിപണികളും താഴ്ന്നു വ്യാപാരം തുടങ്ങി. ജപ്പാനിലെ നിക്കൈ വ്യാഴാഴ്ച 59,518.34 എന്ന റെക്കോർഡ് നിലയിൽ ക്ലോസ് ചെയ്തിരുന്നു. ചൈനീസ് ജിഡിപി ജനുവരി-മാർച്ച് പാദത്തിൽ അഞ്ചു ശതമാനം ഉയർന്നു. 4.8% ആയിരുന്നു വിദഗ്ധരുടെ പ്രതീക്ഷ. ഒക്ടോബർ -ഡിസംബറിൽ 4.5% മാത്രമായിരുന്നു വളർച്ച.
സമാധാന പ്രതീക്ഷ വീണ്ടും ബലപ്പെട്ട് ഇന്ത്യൻ വിപണി ഇന്നലെ രാവിലെ മികച്ച മുന്നേറ്റം നടത്തിയെങ്കിലും പിന്നീടു ലാഭമെടുക്കലിൽ താഴ്ന്നു ചെറിയ നഷ്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് രാവിലെ 600 ലധികം പോയിൻ്റ് കയറിയിട്ട് ആയിരത്തിലധികം പോയിൻ്റ് നഷ്‌ടപ്പെടുത്തി.
മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഇറാൻ യുദ്ധത്തിനു മുൻപുളള നിലയിലേക്കു തിരിച്ചു കയറിയിട്ടുണ്ട്. വിദേശ നിക്ഷേപകർ ഇന്നലെയും ചെറിയ തോതിൽ വാങ്ങിയപ്പോൾ സ്വദേശി ഫണ്ടുകൾ വലിയ വിൽപനക്കാരായി. ക്യാഷ് വിപണിയിൽ വിദേശികൾ 382.36 കോടി രൂപയുടെ അറ്റവാങ്ങൽ നടത്തി. സ്വദേശികൾ 3427.75 കോടി രൂപയുടെ അറ്റവിൽപനക്കാരായി.
സെൻസെക്‌സ് വ്യാഴാഴ്ച 122.56 പോയിൻ്റ് (0.16%) താഴ്ന്ന് 77,988.68 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 34.55 പോയിൻ്റ് (0.14%) കുറഞ്ഞ് 24,196.75 ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 215.55 പോയിൻ്റ് (0.38%) നഷ്ടത്തോടെ 56,086.40 ൽ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 369.00 പോയിൻ്റ് (0.63%) കയറി 59,146.75 ൽ അവസാനിച്ചു. സ്മോൾ ക്യാപ് 100 സൂചിക 152.45 പോയിൻ്റ് (0.89%) ഉയർന്ന് 17,308.85 ൽ ക്ലോസ് ചെയ്തു.
വിശാലവിപണിയിൽ ഭൂരിപക്ഷം ഓഹരികൾ നേട്ടത്തിലായിരുന്നു. ബിഎസ്ഇയിൽ 2775 ഓഹരികൾ കയറിയപ്പോൾ 1574 എണ്ണം താഴ്ന്നു. എൻഎസ്ഇയിൽ 2134 എണ്ണം ഉയർന്നപ്പോൾ 1083 എണ്ണം ഇടിഞ്ഞു.
ഐടി വമ്പൻ വിപ്രോയുടെ നാലാം പാദ റിസൽട്ട് നിരാശാജനകമായി. വരുമാനം 7.7 ശതമാനം ഉയർന്നെങ്കിലും അറ്റാദായം 1.9 ശതമാനം കുറഞ്ഞു.ലാഭമാർജിൻ 17.6 ൽ നിന്ന് 17.3 ശതമാനമായി താണു. നടപ്പു പാദത്തിലെ വരുമാനം രണ്ടു ശതമാനം കുറഞ്ഞേക്കും എന്നു കമ്പനി മുന്നറിയിപ്പ് നൽകി. വിപ്രോ 15,000 കോടി രൂപ ഓഹരികൾ തിരിച്ചു വാങ്ങാനായി നീക്കിവച്ചു. 5.7 ശതമാനം (60 കോടി) ഓഹരികൾ, ഒന്നിന് 250 രൂപ വച്ചാണു വാങ്ങുക. 2023-ൽ 12,000 കോടി രൂപ മുടക്കി ഓഹരികൾ തിരിച്ചു വാങ്ങിയിരുന്നു. അന്നു 445 രൂപയാണ് ഓഹരിക്കു നൽകിയത്.
എച്ച്ഡിഎഫ്സി ബാങ്ക്, യെസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവ നാളെ നാലാം പാദ റിസൽട്ട് പ്രസിദ്ധീകരിക്കും.
യുദ്ധഭാവിയെ പറ്റിയുള്ള അനിശ്ചിതത്വം സ്വർണത്തെ ചാഞ്ചാട്ടത്തിലാക്കി. വ്യാഴാഴ്ച 4773-4839 ഡോളർ പരിധിയിൽ കയറിയിറങ്ങിയ സ്വർണം നാമമാത്രമായ കുറവോടെ ഔൺസിന് 4791.30 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ താഴ്‌ന്ന് 4779 ൽ നിൽക്കുന്നു.
കേരളത്തിൽ 22 കാരറ്റ് സ്വർണം പവൻവില വ്യാഴാഴ്ച 160 രൂപ ഉയർന്ന് 1,14,080 രൂപയായി. വെള്ളി വില വ്യാഴാഴ്ച ഔൺസിന് 80.96 ഡോളർ വരെ കയറിയിട്ട് 78.56 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 78.18 ഡോളറിലേക്ക് താണു. പ്ലാറ്റിനം 2072 ഡോളർ, പല്ലാഡിയം 1534 ഡോളർ, റോഡിയം 9600 ഡോളർ എന്നിങ്ങനെ നിൽക്കുന്നു.
ലോഹങ്ങൾ ഭിന്നവഴികളിൽ
പ്രധാന വ്യാവസായിക ലോഹങ്ങൾ കയറ്റം തുടർന്നപ്പോൾ മറ്റുള്ളവ ഇന്നലെ താഴ്ന്നു. ചെമ്പ് 0.19 ശതമാനം ഉയർന്ന് ടണ്ണിന് 13,178.85 ഡോളറിൽ എത്തി. അലൂമിനിയം 0.88 ശതമാനം നേട്ടത്തോടെ ടണ്ണിന് 3652.10 ഡോളറിൽ ക്ലോസ് ചെയ്തു. . നിക്കൽ, ടിൻ, ലെഡ് എന്നിവ താഴ്‌ന്നപ്പോൾ സിങ്ക് ഉയർന്നു.
രാജ്യാന്തര വിപണിയിൽ റബർ വില ഇന്നലെ 0.44 ശതമാനം ഉയർന്നു കിലോഗ്രാമിന് 203.50 സെൻ്റിൽ എത്തി. കൃത്രിമ റബർ വില 0.39 ശതമാനം കയറി ടണ്ണിന് 16,966.67 യുവാൻ ആയി. കൊക്കോ വില 1.66 ശതമാനം താഴ്ന്നു ടണ്ണിന് 3504.00 ഡോളർ ആയി. പ്രമുഖ സ്വിസ് ചോക്കലേറ്റ് നിർമാണ കമ്പനി ബിസിനസ് സാധ്യത മോശമാണെന്നു മുന്നറിയിപ്പ് നൽകിയത് വിപണിക്കു തിരിച്ചടിയായി.
തേയിലവില മാറ്റമില്ലാതെ തുടർന്നു. കാപ്പി 2.55 ശതമാനം താഴ്‌ന്ന് പൗണ്ടിന് 290.65 സെൻ്റ് ആയി. പാം ഓയിൽ വില 0.09 ശതമാനം കയറി ടണ്ണിനു 4476 മലേഷ്യൻ റിംഗിറ്റിൽ എത്തി. പോളി എഥിലിൻ, പോളിപ്രൊപ്പിലിൻ, പിവിസി വിലകൾ 1.78 ശതമാനം വരെ ഉയർന്നു. യൂറിയ 1.01 ശതമാനം കുറഞ്ഞ് ടണ്ണിന് 713.00 ഡോളർ ആയി. ഡൈ അമോണിയം ഫോസ്ഫേറ്റ് മാറ്റമില്ലാതെ ടണ്ണിന് 730 ഡോളറിൽ തുടർന്നു.
യുഎസ് ഡോളർ സൂചിക ഇന്നലെ നേട്ടത്തിലായി. വ്യാഴാഴ്ച ഉയർന്ന് 98.22 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 98.26 ലേക്കു കയറി. യൂറോ 1.1782 ഡോളറിലേക്കും പൗണ്ട് 1.3524 ഡോളറിലേക്കും താഴ്ന്നു. ജാപ്പനീസ് യെൻ ഡോളറിന് 159.21 യെൻ എന്ന നിലയിലേക്ക് താണു. ചൈനീസ് യുവാൻ ഡോളറിന് 6.82 യുവാൻ എന്ന നിരക്കിൽ തുടർന്നു. അമേരിക്കയിൽ 10 വർഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം (yield) 4.31 ശതമാനമായി ഉയർന്നു.
ഡോളറുമായുള്ള വിനിമയത്തിൽ രൂപ ഇന്നലെ മെച്ചപ്പെട്ടു. ഡോളർ 18 പൈസ താഴ്‌ന്ന് 93.19 രൂപയിൽ ക്ലോസ് ചെയ്തു. ക്രൂഡ് ഓയിൽ വില ഉയർന്നിട്ടു താഴുന്നത് രൂപയെ ഇന്നു സഹായിച്ചേക്കാം. വിദേശത്തെ നോൺ ഡെലിവെറേബിൾ ഫോറെക്സ് (എൻഡിഎഫ്) വിപണിയിൽ ഡോളർ 92.99 രൂപ വരെ താഴ്ന്നു. ചൈനീസ് യുവാൻ 13.63 രൂപയിലേക്കും യൂറോ 109.68 രൂപയിലേക്കും താഴ്ന്നു.
വെടിനിർത്തൽ തുടരുമോ എന്ന സന്ദേഹത്തിൽ വ്യാഴാഴ്ച ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ 100 ഡോളറിനടുത്തേക്ക് ഉയർന്നു. 99.39 ഡോളറിൽ ക്ലോസ് ചെയ്ത ബ്രെൻ്റ് ഇനം ഇന്നുരാവിലെ 98.39 ഡോളറിലേക്കു താഴ്ന്നു. ഡബ്ള്യുടിഐ ഇനം ക്രൂഡ് 93.37 ൽ നിൽക്കുന്നു. ജൂൺ അവധിവില 89.98 ഡോളർ വരെ ഇടിഞ്ഞിട്ടുണ്ട്. യുഎഇയുടെ മർബൻ ക്രൂഡ് 101.66 ൽ നിൽക്കുന്നു. ഇന്ത്യ പശ്ചിമേഷ്യയിൽ നിന്നു വാങ്ങുന്ന എണ്ണയുടെ ശരാശരിവില (ഇന്ത്യൻ ബാസ്‌കറ്റ്) 110.52 ഡോളറിലേക്കു താഴ്ന്നു.
ക്രിപ്റ്റോകൾ താഴ്ന്നു
യുദ്ധഗതി സംബന്ധിച്ച ആശങ്കകളിൽ ക്രിപ്റ്റോ കറൻസികൾ നഷ്ടത്തിലായി. ബിറ്റ്കോയിൻ 75,000 ഡോളറിനു താഴെയായി. ഈഥർ 2345 ഡോളറിനും സൊലാന 89.00 ഡോളറിനും മുകളിൽ നിൽക്കുന്നു.
(2026 ഏപ്രിൽ 16, വ്യാഴം)
സെൻസെക്സ് 77,988.68 -0.16%
നിഫ്റ്റി-50 24,196. 75 -0.14%
ബാങ്ക് നിഫ്റ്റി 56,086.40 -0.38%
മിഡ്ക്യാപ്-100 59,146.75 +0.63%
സ്മോൾക്യാപ്-100 17,308.85 +0.89%
ഡൗജോൺസ് 48,578.72 +0.24%
എസ്ആൻഡ്പി 7041.28 +0.26%
നാസ്ഡാക് 24,102.70 +0.36%
ഡോളർ ₹93.19 -₹0.18
സ്വർണം (ഔൺസ്) $4791.30 -00.70
സ്വർണം (പവൻ) ₹1,14,080 +₹160
ക്രൂഡ് ഓയിൽ ബ്രെൻ്റ് $99.39 +$04.66
Read DhanamOnline in English
Subscribe to Dhanam Magazine