Morning business news Canva
Markets

വിപണിക്ക് ആവേശം കുറവ്; വിദേശ വിപണികൾ ഉയർന്നു; ക്രൂഡ് ഓയിൽ വില ഉയർന്നു തന്നെ

ഇന്നു രാവിലെ 23,450 ൽ എത്തി. നിഫ്റ്റി ചെറിയ നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതു സൂചിപ്പിക്കുന്നത്.

T C Mathew

ഇന്നലെ ആവേശകരമായ ആശ്വാസറാലി നടത്തിയ ഇന്ത്യൻ വിപണി ഇന്നു മിതമായ നേട്ടമാണു പ്രതീക്ഷിക്കുന്നത്. ക്രൂഡ് ഓയിൽ - വാതക നീക്കം സംബന്ധിച്ച് ഉറപ്പുകൾ ഇല്ല. യുഎഇയുടെ സാമ്പത്തിക ഭദ്രത തകർക്കുന്ന വിധം ഇറാൻ ആക്രമണം തുടരുകയാണ്. ഇന്നും യുഎഇ വ്യോമഗതാഗതം നിർത്തിവച്ചു. യുദ്ധം വേഗം തീരുമെന്നല്ലാതെ എപ്പോൾ, എങ്ങനെ തീരുമെന്ന് അമേരിക്ക പറയുന്നില്ല.

ഇന്നലെ യുഎസ് വിപണികൾ നല്ല നേട്ടത്തോടെ അവസാനിച്ചതിൻ്റെ ചുവടു പിടിച്ച് ഏഷ്യൻ വിപണികൾ ഇന്നു കയറ്റത്തിലായി. എന്നാൽ യുഎസ് ഫ്യൂച്ചേഴ്സ് 0.25 ശതമാനം താഴ്ചയിലാണ്. ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി തിങ്കളാഴ്ച രാത്രി 23,588.50 ൽ അവസാനിച്ചു. ഇന്നു രാവിലെ 23,450 ൽ എത്തി. നിഫ്റ്റി ചെറിയ നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതു സൂചിപ്പിക്കുന്നത്.

നാളെ രാത്രി അമേരിക്കൻ ഫെഡറൽ റിസർവിൻ്റെ പണനയ പ്രഖ്യാപനം വരും. ഫെഡ് പലിശനിരക്ക് മാറ്റില്ല എന്നാണു നിഗമനം. ബാങ്ക് ഓഫ് ഇംഗ്ലണ്ടും യൂറോപ്യൻ കേന്ദ്ര ബാങ്കും വ്യാഴാഴ്ച തീരുമാനം പ്രഖ്യാപിക്കും. അവയും നിരക്കുകൾ മാറ്റില്ല എന്നാണു നിഗമനം. ഈ മാസാവസാനം നടത്താനിരുന്ന ചൈനാ സന്ദർശനം യുദ്ധം മൂലം ഒരു മാസത്തേക്കു നീട്ടാൻ ഉദ്ദേശിക്കുന്നതായി യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഇന്നലെ പറഞ്ഞു.

ഫെബ്രുവരിയിൽ ഇന്ത്യയുടെ കയറ്റുമതി നാമമാത്രമായി കുറഞ്ഞു. വാണിജ്യ കമ്മി 2,710 കോടി ഡോളറിലേക്ക് ഇരട്ടിച്ചു. മാർച്ചിൽ കയറ്റുമതി ഗണ്യമായി ഇടിയുമെന്നു വാണിജ്യസെക്രട്ടറി മുന്നറിയിപ്പ് നൽകി. അമേരിക്ക പുതിയ തീരുവനയവും നിരക്കുകളും രൂപപ്പെടുത്തിയ ശേഷമേ ഇനി വ്യാപാരകരാർ ചർച്ച നടത്തൂ എന്ന് ഇന്ത്യ തീരുമാനിച്ചു. മാസങ്ങളെടുക്കുന്നതാണു തീരുവ നയരൂപീകരണം. ഫെബ്രുവരിയിലെ മൊത്തവിലക്കയറ്റം 11 മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 2.13 ശതമാനത്തിൽ എത്തി.

യുഎസ് വിപണി കയറി

യുഎസ് വിപണികൾ തിങ്കളാഴ്ച ഉയർന്നു. എണ്ണ വിലക്കയറ്റത്തിലെ ആശങ്ക കുറഞ്ഞു എന്നാണ് വിലയിരുത്തൽ. ഡൗ ജോൺസ് 387.94 പോയിൻ്റ് (0.83%) ഉയർന്ന് 46,946.41 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 67.19 പോയിൻ്റ് (1.01%) കയറി 6699.38 ൽ അവസാനിച്ചു. നാസ്ഡാക് 268.82 പോയിൻ്റ് (1.22%) നേട്ടത്തോടെ 22,374.18 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്സ് താഴ്ന്നു. ഡൗ ജോൺസ് 111 പോയിൻ്റും (0.23%) എസ് ആൻഡ് പി 17 പോയിൻ്റും (0.25%) നാസ്ഡാക് 65 പോയിൻ്റും (0.26%) താഴ്ന്നു നീങ്ങുന്നു.

ബ്ലായ്ക്ക് വെൽ, വേരാ റൂബിൻ സിസ്റ്റങ്ങളുടെ വിൽപന രണ്ടു വർഷം കൊണ്ട് ഒരു ലക്ഷം കോടി ഡോളർ കവിയുമെന്ന് എൻവിഡിയ സിഇഒ ജെൻസൻ ഹുവാങ് ഡവലപ്പർമാരുടെ വാർഷിക സമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ 11 പാദങ്ങളിൽ വിറ്റുവരവ് 55 ശതമാനത്തിലധികം വർധിപ്പിച്ച കമ്പനി ആ പാരമ്പര്യം നിലനിർത്തും എന്ന സൂചനയാണ് ഹുവാങ് നൽകിയത്. യൂറോപ്യൻ വിപണികൾ തിങ്കളാഴ്ച 0.50 ശതമാനം നേട്ടത്തിൽ അവസാനിച്ചു.

ഏഷ്യൻ വിപണികൾ ഇന്നു കയറ്റത്തിലാണ്. ജപ്പാനിലെ നിക്കൈ രാവിലെ 0.75 ശതമാനം താഴ്‌ന്നു. ദക്ഷിണ കൊറിയയിലെ കോസ്‌പി മൂന്നു ശതമാനം കയറി. ഓസ്ട്രേലിയൻ സൂചിക 0.35 ശതമാനം ഉയർന്നു. ഹോങ് കോങ്, ചൈനീസ് വിപണികൾ ഉയർന്നു വ്യാപാരം തുടങ്ങി.

തിരിച്ചുകയറി ഇന്ത്യൻ വിപണി

തിരുത്തൽ മേഖലയിൽ എത്തിയ വിപണി ശക്തമായ ആശ്വാസറാലിയാണ് ഇന്നലെ നടത്തിയത്. നിഫ്റ്റി 507 ഉം സെൻസെക്സ് 1866 ഉം പോയിൻ്റ് ഇറങ്ങിക്കയറി ഒരു ശതമാനത്തിലധികം നേട്ടത്തിൽ ക്ലോസ് ചെയ്തു. രാവിലെ മുതൽ ചാഞ്ചാട്ടത്തിലായിരുന്ന വിപണി രണ്ടു മണിക്കു ശേഷമാണ് കുതിച്ചു കയറിയത്. എന്നാൽ മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികൾ ഈ റാലിയിൽ ആവേശം കൊണ്ടില്ല. വിശാല വിപണിയിൽ കൂടുതൽ ഓഹരികൾ താഴ്ചയിൽ അവസാനിച്ചു.

സെൻസെക്‌സ് തിങ്കളാഴ്ച 938.93 പോയിൻ്റ് (1.26%) ഉയർന്ന് 75,502.85 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 257.70 പോയിൻ്റ് (1.11%) കയറി 23,408.80 ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 655.55 പോയിൻ്റ് (1.22%) നേട്ടത്തോടെ 54,413.40 ൽ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 146.15 പോയിൻ്റ് (0.27%) താഴ്ന്ന് 54,614.95 ലും സ്മോൾ ക്യാപ് 100 സൂചിക 84.90 പോയിൻ്റ് (0.53%) നഷ്ടത്തോടെ 15,810.35 ലും അവസാനിച്ചു.

വിപണിയിൽ ബഹുഭൂരിപക്ഷം ഓഹരികളും ഇടിഞ്ഞു. ബിഎസ്ഇയിൽ 1470 ഓഹരികൾ ഉയർന്നപ്പോൾ 2910 എണ്ണം താഴ്ന്നു. എൻഎസ്ഇയിൽ 1070 എണ്ണം ഉയർന്നപ്പോൾ 2206 എണ്ണം ഇടിഞ്ഞു.

വിദേശനിക്ഷേപകർ തിങ്കളാഴ്ചയും വിൽപന തുടർന്നു. ക്യാഷ് വിപണിയിൽ വിദേശ ഫണ്ടുകൾ 9365.52 കോടി രൂപയുടെ അറ്റവിൽപന നടത്തി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 12,593.36 കോടി രൂപയുടെ അറ്റവാങ്ങൽ നടത്തി.

ഇന്ത്യ വാങ്ങുന്ന ക്രൂഡ് ഓയിലിൻ്റെ ശരാശരി വില (Basket Price) വീപ്പയ്ക്കു 136.56 ഡോളറിൽ എത്തി. ഇതനുസരിച്ച് ഇന്ധനവില കൂട്ടാനോ ഉൽപന്നങ്ങൾ കയറ്റുമതി ചെയ്യാനോ ഓയിൽ മാർക്കറ്റിംഗ് കമ്പനികൾക്ക് അനുവാദമില്ല. ഇതു കമ്പനികളെ നഷ്ടത്തിലേക്കു നയിക്കാം എന്നു വിലയിരുത്തി എച്ച്എസ്ബിസി ബാങ്ക് ഐഒസി, ബിപിസിഎൽ, എച്ച്പിസിഎൽ എന്നിവയുടെ ലക്ഷ്യവില 25 ശതമാനത്തിലധികം താഴ്ത്തി. ഓഹരികൾ ഇന്നലെ അഞ്ചു ശതമാനത്തോളം ഇടിഞ്ഞു.

ഐഡിബിഐ ബാങ്ക് വിൽപനനീക്കം കേന്ദ്രം ഉപേക്ഷിച്ചതായി റിപ്പോർട്ടുകൾ വന്നു. ബാങ്കിനെ സ്വന്തമാക്കാൻ ആഗ്രഹിച്ച കാനഡയിലെ ഫെയർഫാക്സും യുഎഇയിലെ എമിറേറ്റ്സ് എൻഡിബിയും നിർദേശിച്ച വില ഗവണ്മെൻ്റിനു സ്വീകാര്യമായില്ല. ഗവണ്മെൻ്റ് വച്ച റിസർവ് വിലയിലും താഴെയാണ് ഇരു കൂട്ടരുടെയും ഓഫർ. ഐഡിബിഐ ബാങ്ക് ഓഹരി 17 ശതമാനം ഇടിഞ്ഞു. ഐഡിബിഐയിൽ ഗണ്യമായ ഓഹരി ഉള്ള എൽഐസി ചെറിയ താഴ്ചയിലായി. പൊതുമേഖലാ ബാങ്കുകളുടെ ഓഹരി വിൽപന അടുത്തെങ്ങും നടക്കുകയില്ല എന്ന ധാരണ ഇതുമൂലം വിപണിയിൽ ഉണ്ടായി.

5000 പരീക്ഷിച്ചു സ്വർണം

5000 ഡോളറിനു താഴേക്കു പോകുമോ എന്ന പരീക്ഷണത്തിലാണു സ്വർണവില. കഴിഞ്ഞ രണ്ടു ദിവസവും ഔൺസിന് 5000 ഡോളറിൽ താഴെ വില എത്തിയെങ്കിലും തിരിച്ചു കയറി ക്ലോസ് ചെയ്തു. ഇന്നു രാവിലെയും താഴോട്ടു ചാഞ്ഞാണു വില നീങ്ങുന്നത്.

ഇന്നലെ സ്വർണം ട്രോയ് ഔൺസിന് (31.1 ഗ്രാം) 12.50 ഡോളർ കുറഞ്ഞ് 5007.20 ഡോളറിൽ അവസാനിച്ചു. നേരത്തേ 4968 ഡോളർ വരെ എത്തിയിരുന്നു. ഇന്നു രാവിലെ വില 5002 ഡോളർ വരെ താഴ്ന്നിട്ട് 5020 ലേക്കു കയറി. സ്വർണം വർഷാവസാനത്തോടെ ഔൺസിന് 6200 ഡോളറിൽ എത്തുമെന്ന് സ്വിസ് ബാങ്കായ യുബിഎസിലെ അനാലിസ്റ്റുകൾ പ്രവചിച്ചു.

വെള്ളിയും ചാഞ്ചാട്ടം തുടരുന്നു. തിങ്കളാഴ്ച 76.96-81.75 ഡോളറിൽ കയറിയിറങ്ങിയ വെള്ളി ഔൺസിന് 80.70 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 81.20 വരെ കയറി. പ്ലാറ്റിനം 2116 ഡോളർ, പല്ലാഡിയം 1589 ഡോളർ, റോഡിയം 11,200 ഡോളർ എന്നിങ്ങനെ നിൽക്കുന്നു..

കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 1640 രൂപ കുറഞ്ഞ് 1,15,440 രൂപയിൽ എത്തി. മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ (എംസിഎക്സ്) തിങ്കളാഴ്ച 24 കാരറ്റ് സ്വർണം 10 ഗ്രാം 1,55,890 രൂപയിൽ ക്ലോസ് ചെയ്തു. വെള്ളി കിലോഗ്രാമിന് 2,56,426. രൂപയിൽ അവസാനിച്ചു.

ലോഹങ്ങൾ ഭിന്നദിശകളിൽ

വ്യാവസായിക ലോഹങ്ങൾ തിങ്കളാഴ്ച പലവഴി നീങ്ങി. ചെമ്പ് 0.01 ശതമാനം ഉയർന്നു ടണ്ണിന് 12,759.50 ഡോളറിൽ എത്തി. അലൂമിനിയം 1.21 ശതമാനം ഇടിഞ്ഞ് 3398.47 ഡോളർ ആയി. ടിൻ ഉയർന്നു. നിക്കലും ലെഡും സിങ്കും താഴ്‌ന്നു.

റബർ വീണ്ടും താഴോട്ട്

റബർ രാജ്യാന്തര വിപണിയിൽ തിങ്കളാഴ്ച 1.56 ശതമാനം താഴ്‌ന്നു കിലോഗ്രാമിന് 195.00 സെൻ്റിൽ എത്തി. കൃത്രിമ റബർ വില 0.05 ശതമാനം ഉയർന്ന് ടണ്ണിന് 15,858.33 യുവാൻ ആയി.

കൊക്കോ വില 2.88 ശതമാനം ഉയർന്നു ടണ്ണിന് 3392.00 ഡോളറിൽ എത്തി. തേയിലവില മാറ്റമില്ലാതെ തടരുന്നു. കാപ്പി 2.79 ശതമാനം കയറി. പാം ഓയിൽ വില ടണ്ണിനു 4572 മലേഷ്യൻ റിംഗിറ്റിൽ തുടരുന്നു.

പോളി എഥിലിൻ, പോളിപ്രൊപ്പിലിൻ, പിവിസി വിലകൾ മൂന്നു ശതമാനം വരെ താഴ്ന്നു. യൂറിയ 0.25 ശതമാനം കയറി ടണ്ണിന് 601.00 ഡോളർ ആയി.

ഡോളർ സൂചിക 100നു താഴെ

ഡോളർ സൂചിക തിങ്കളാഴ്ച താഴ്ന്ന് 99.71 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 99.96 ലേക്കു കയറി. യൂറോ 1.149 ഡോളറിലേക്കും പൗണ്ട് 1.3302 ഡോളറിലേക്കും ഉയർന്നു. ജാപ്പനീസ് യെൻ ഡോളറിന് 159.20 യെൻ എന്ന നിലയിലേക്ക് കയറി. ചൈനീസ് യുവാൻ ഡോളറിന് 6.96 യുവാൻ എന്ന നിരക്കിലേക്കു താഴ്ന്നു.

അമേരിക്കയിൽ 10 വർഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം 4.238 ശതമാനമായി ഉയർന്നു. ഇന്ന് ആരംഭിക്കുന്ന ഫെഡറൽ റിസർവ് യോഗം പലിശനിരക്കിൽ മാറ്റം വരുത്തില്ല എന്നാണു വിപണിയുടെ നിഗമനം.

രൂപ കയറി

ഡോളർ ദുർബലമായപ്പോൾ തിങ്കളാഴ്ച രൂപ അൽപം ഉയർന്നു. ഡോളർ നാലു പൈസ താഴ്ന്ന 92.42 രൂപയിൽ ക്ലോസ് ചെയ്തു. നേരത്തേ 92.48 രൂപ എന്ന റെക്കോർഡ് താഴ്ചവരെ രൂപ എത്തിയിരുന്നു. ഇന്നും രൂപ നില മെച്ചപ്പെടുത്തിയേക്കാം.

വിദേശത്തെ നോൺ ഡെലിവെറേബിൾ ഫോറെക്സ് (എൻഡിഎഫ്) വിപണിയിൽ ഡോളർ ഇന്നലെ രാത്രി 92.27 രൂപ വരെ താഴ്ന്നിട്ടു കയറി 92.30 രൂപയിൽ എത്തി. ചൈനീസ് യുവാൻ 13.27 രൂപയിലേക്ക് താണു. യൂറോ 106.00 രൂപയിലേക്ക് കയറി. ഇന്ന് ഇന്ത്യയിലെ കറൻസി വ്യാപാരത്തിൽ ഇവയുടെ സ്വാധീനം പ്രകടമാകും.

ക്രൂഡ് ഓയിൽ വീണ്ടും ഉയർന്നു

തിങ്കളാഴ്ച എണ്ണവില അൽപം താഴ്ന്നു ക്ലോസ് ചെയ്തെങ്കിലും ഇന്നു രാവിലെ വില തിരിച്ചു കയറി. ബ്രെൻ്റ് ഇനം ക്രൂഡ് വീപ്പയ്ക്ക് 100.21 ൽ നിന്ന് 102.93 ഡോളറിലേക്കു കയറി. ഡബ്ള്യുടിഐ ഇനം ക്രൂഡ് രാവിലെ 95.96 ഡോളറിലും യുഎഇയുടെ മർബൻ ക്രൂഡ് 106.90 ഡോളറിലും നിൽക്കുന്നു.

ക്രിപ്റ്റോകൾ ഉയരുന്നു

ക്രിപ്റ്റോ കറൻസികൾ കയറ്റം തുടരുകയാണ്. ബിറ്റ്കോയിൻ ഇന്നു രാവിലെ 75,000 ഡോളറിനു മുകളിൽ എത്തി. ഈഥർ 2350 ഡോളറിനും സൊലാന 95 ഡോളറിനും മുകളിൽ നിൽക്കുന്നു.

വിപണി സൂചനകൾ

(2026 മാർച്ച് 16, തിങ്കൾ)

സെൻസെക്സ് 75,502.85 +1.26%

നിഫ്റ്റി50 23,408.80 +1.11%

ബാങ്ക് നിഫ്റ്റി 54,413.40 +1.22%

മിഡ്ക്യാപ്100 54,614.95 -0.27%

സ്മോൾക്യാപ്100 15,810.35 -0.53%

ഡൗ ജോൺസ് 46,946.41 +0.83%

എസ് ആൻഡ് പി 6699.38 +1.01%

നാസ്ഡാക് 22,374.18 +1.22%

ഡോളർ ₹92.42 -₹0.04

സ്വർണം (ഔൺസ്) $5007.20 -12.50

സ്വർണം (പവൻ) ₹1,15,440 -₹1640

ക്രൂഡ് ഓയിൽ ബ്രെൻ്റ് $100.21 -$2.93

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT