ഓഹരി വിപണികൾ വീണ്ടും ചോരപ്പുഴയിലേക്ക്. ഇറാൻ കരാറിനു വഴങ്ങിയില്ലെങ്കിൽ ചുട്ടെരിക്കും എന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് വീണ്ടും ഭീഷണി മുഴക്കി. കനത്ത തിരിച്ചടി പ്രതീക്ഷിച്ചു കൊള്ളാൻ ഇറാനും പറയുന്നു. ഏതു ദിവസവും യുദ്ധം വീണ്ടും തുടങ്ങാവുന്ന നിലയിലാണു പശ്ചിമേഷ്യ. ക്രൂഡ് ഓയിൽ വില 111 ഡോളറിനു മുകളിലായി. യുദ്ധഭീതിയിൽ സ്വർണം ഇടിയുകയും ഡോളർ കയറുകയും ചെയ്തു. ഏഷ്യൻ വിപണികളും അമേരിക്കൻ വിപണി ഫ്യൂച്ചേഴ്‌സും വലിയ താഴ്ചയിലാണ്.
ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി വെള്ളിയാല്ല രാത്രി 23,662.00 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 23,508 വരെ താഴ്ന്നു. നിഫ്റ്റി ഇന്നു ഗണ്യമായ നഷ്‌ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതു സൂചിപ്പിക്കുന്നത്.
പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ ചൈനാ സന്ദർശനം നിർണായകമായ നേട്ടമൊന്നും ഇല്ലാതെ അവസാനിച്ചതും ഇറാനിൽ ആക്രമണം പുനരാരംഭിക്കും എന്ന ഭീതി വളർന്നതും വെള്ളിയാഴ്ച അമേരിക്കൻ വിപണിയെ നഷ്ടത്തിലാക്കി. ടെക്നോളജി ഓഹരികളിലെ ലാഭമെടുക്കൽ കൂടിയായപ്പോൾ തകർച്ച സമ്പൂർണമായി. എൻവിഡിയ, ഇൻ്റെൽ, എഎംഡി, മൈക്രോൺ തുടങ്ങിയവ നാലു ശതമാനത്തിലധികം താഴ്ന്നു. പലിശ നിരക്ക് കൂടുമെന്ന സൂചന നൽകിക്കൊണ്ടു 30 വർഷ കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം അഞ്ചു ശതമാനത്തിനു മുകളിലായി.
വെള്ളിയാഴ്ച ഡൗ ജോൺസ് സൂചിക 537.29 പോയിൻ്റ് (1.07%) താഴ്ന്ന് 49,526.17 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 92.74 പോയിൻ്റ് (1.24%) നഷ്ടത്തോടെ 7408.50 ൽ അവസാനിച്ചു. നാസ്ഡാക് 410 .08 പോയിൻ്റ് (1.54%) ഇടിവോടെ 26,225.15 ൽ ക്ലോസ് ചെയ്തു.
ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്സ് താഴ്ചയിലാണ്. ഡൗ ജോൺസ് 344 പോയിൻ്റും (0.69%) എസ് ആൻഡ് പി 41 പോയിൻ്റും (0.56%) നാസ്ഡാക് 200 പോയിൻ്റും (0.68%) നഷ്ടത്തിൽ നീങ്ങുന്നു.
വെള്ളിയാഴ്ച ന്യൂയോർക്കിൽ എച്ച്ഡിഎഫ്സി ബാങ്ക് എഡിആർ 1.57 ശതമാനം താഴ്ന്നിട്ട് തുടർവ്യാപാരത്തിൽ മാറ്റമില്ലാതെ 24.45 ഡോളറിൽ നിന്നു. ഐസിഐസിഐ ബാങ്ക് എഡിആർ നിശ്ചിത സമയത്ത് 0.50 ശതമാനം താഴ്ന്ന ശേഷം തുടർവ്യാപാരത്തിൽ 0.19 ശതമാനം ഉയർന്ന് 26.10 ഡോളറിൽ അവസാനിച്ചു. ഇൻഫോസിസ് എഡിആർ 3.52 ശതമാനം ഉയർന്നിട്ട് തുടർ വ്യാപാരത്തിൽ 0.25 ശതമാനം താഴ്ന്ന് 12.04 ഡോളറിൽ ക്ലോസ് ചെയ്തു. വിപ്രോ 2.16 ശതമാനം ഉയർന്ന ശേഷം തുടർ വ്യാപാരത്തിൽ 0.38 ശതമാനം കൂടി കയറി 1.897 ഡോളറിൽ അവസാനിച്ചു.
വിലക്കയറ്റവും രാഷ്ട്രീയ അനിശ്ചിതത്വവും വർധിക്കുന്നത് വെള്ളിയാഴ്ച യൂറോപ്യൻ ഓഹരികളെ രണ്ടു ശതമാനത്തോളം താഴ്ചയിലാക്കി. യുകെയിൽ പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർക്കെതിരേ ലേബർ പാർട്ടിയിൽ മാഞ്ചസ്റ്റർ മേയർ ആൻഡി ബേർണാമും രംഗത്തു വന്നു. ഇതോടെ പാർട്ടിയിലെ ഉൾപ്പോരും വർധിച്ചു.
ഏഷ്യൻ വിപണികൾ ഇന്നു വലിയ നഷ്‌ടത്തിലാണ്. ജപ്പാനിൽ നിക്കൈ സൂചിക 1.7 ശതമാനം താഴ്ന്നു. ദക്ഷിണ കൊറിയയിൽ കോസ്‌പി രണ്ടു ശതമാനം താഴ്ന്നു വ്യാപാരം തുടങ്ങി. വെള്ളിയാഴ്ച കോസ്‌പി സൂചിക 8000 കടന്നു റെക്കോർഡ് കുറിച്ച ശേഷം ആറു ശതമാനം ഇടിഞ്ഞു ടെക്നോളജി ഓഹരികളാണു വലിയ തകർച്ചയിലായത്.
ഓസ്ട്രേലിയൻ സൂചിക 1.35 ശതമാനം താഴ്ന്നു. ഹോങ് കോങ് സൂചിക 1.10 ശതമാനവും ഷാങ്ഹായ് വിപണി 0.30 ശതമാനവും നഷ്‌ടത്തിലാണ്.
തുടക്കത്തിൽ വലിയ കുതിപ്പു നടത്തിയ ശേഷ വെള്ളിയാഴ്ച ഇന്ത്യൻ വിപണി താഴ്ചയിലേക്കു മാറി. ട്രംപിൻ്റെ ചൈനാ സന്ദർശനം ഒരു കാര്യത്തിലും നേട്ടം ഉണ്ടാക്കാതെ അവസാനിച്ചതും ഇറാൻ യുദ്ധം പുനരാരംഭിക്കും എന്ന ഭീതിയും എണ്ണവിലക്കയറ്റവും രൂപയുടെ തകർച്ചയും ആണു കാരണം. വിപരീത സാഹചര്യങ്ങൾ പലതുണ്ടെങ്കിലും വിപണി ഇടിയാതെ ഫണ്ടുകളും ധനകാര്യ സ്ഥാപനങ്ങളും ശ്രദ്ധിക്കുന്നുണ്ട്. ഇന്ത്യൻ കടപ്പത്രങ്ങൾ വാങ്ങുന്ന വിദേശ ഫണ്ടുകൾക്കു നികുതിയിളവ് നൽകുമെന്ന റിപ്പോർട്ടുകൾ ഉണ്ടായെങ്കിലും ഒന്നും നടന്നില്ല.
ബാങ്ക്, ധനകാര്യ, മെറ്റൽ, റിയൽറ്റി, ഓയിൽ, പ്രതിരോധ മേഖലകൾ വെള്ളിയാഴ്ച ഇടിഞ്ഞു. ഐടി, മീഡിയ, ഫാർമ, ഹെൽത്ത് കെയർ മേഖലകൾ ഉയർന്നു.
സ്വർണ ഓഹരികൾ മിക്കതും നഷ്‌ടം തുടുന്നു. പിഎൻ ഗാഡ്ഗിൽ 10 ശതമാനം ഇടിഞ്ഞു.
വിദേശനിക്ഷേപകർ വെള്ളിയാഴ്ചയും വാങ്ങലുകാരായി. അവർ ക്യാഷ് വിപണിയിൽ 1329.17 കോടി രൂപയുടെ അറ്റ വാങ്ങൽ നടത്തി. സ്വദേശികൾ 1958.82 കോടി രൂപയുടെ വിൽപനയും നടത്തി. മേയ് മാസത്തിൽ ഇതുവരെ വിദേശികൾ 27,028 കോടി രൂപ ഇന്ത്യൻ വിപണിയിൽ നിന്നു പിൻവലിച്ചു. 2026-ൽ ഇതുവരെ പിൻവലിച്ചത് 2.2 ലക്ഷം കോടി രൂപയാണ്. 2025 ൽ മൊത്തം പിൻവലിച്ച 1.66 ലക്ഷം കോടിയേക്കാൾ 33 ശതമാനം കൂടുതൽ.
വെള്ളിയാഴ്ച സെൻസെക്‌സ് 160.73 പോയിൻ്റ് (0.21%) താഴ്ന്ന് 75,237.99 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 46.10 പോയിൻ്റ് (0.19%) കയറി 23,643.50 ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 418.60 പോയിൻ്റ് (0.77%) നഷ്ടത്തോടെ 53,710.35 ൽ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 272.55 പോയിൻ്റ് (0.45%) താഴ്ന്ന് 60,567.15 ൽ അവസാനിച്ചു. സ്മോൾ ക്യാപ് 100 സൂചിക 108.95 പോയിൻ്റ് (0.61%) കുറഞ്ഞ് 17,882.60 ൽ ക്ലോസ് ചെയ്തു.
വിശാലവിപണിയിൽ ഭൂരിപക്ഷം ഓഹരികൾ നഷ്‌ടത്തിലായിരുന്നു. ബിഎസ്ഇയിൽ 1619 ഓഹരികൾ കയറി, 2566 ഓഹരികൾ താഴ്ന്നു. എൻഎസ്ഇയിൽ 1211 എണ്ണം ഉയർന്നപ്പോൾ 2012 എണ്ണം ഇടിഞ്ഞു.
കടഭാരത്താൽ വഞ്ഞിരുന്ന വോഡഫോൺ ഐഡിയ നാലാം പാദത്തിൽ 51,970 കോടി രൂപയുടെ അറ്റാദായത്തിലേക്കു മാറി. കമ്പനിയുടെ എജിആർ (അഡ്ജസ്റ്റഡ് ഗ്രോസ് റവന്യു) ബാധ്യതയും ഭാവിയിൽ നൽകേണ്ട കുടിശികയുടെ നടപ്പുവിലയും പുനർനിർണയിച്ചതു വഴി 51,976 കോടിയുടെ ഒറ്റത്തവണ വരുമാനം കാണിക്കാൻ സാധിച്ചു. മുൻപാദത്തിൽ കമ്പനി 5286 കോടി രൂപയുടെ നഷ്‌ടത്തിലായിരുന്നു. കമ്പനി പ്രൊമോട്ടറായ ആദിത്യ ബിർല ഗ്രൂപ്പിന്, ഓഹരിയാക്കാവുന്ന 4730 കോടി രൂപയുടെ പ്രിഫറൻഷ്യൽ വാറൻ്റുകൾ നൽകാൻ തീരുമാനിച്ചു. ആദിത്യ ബിർല ഗ്രൂപ്പ് സാരഥി കുമാർ മംഗലം ബിർല ഈയിടെ കമ്പനിയുടെ ചെയർമാൻ സ്ഥാനം ഏറ്റെടുത്തിരുന്നു.
റൂറൽ ഇലക്‌ട്രിഫിക്കേഷൻ കോർപറേഷനെ (ആർഇസി) പവർ ഫിനാൻസ് കോർപറേഷനിൽ (പിഎഫ്സി) ലയിപ്പിക്കാൻ നടപടി തുടങ്ങി. രാഷ്ട്രപതിക്ക് അപേക്ഷ നൽകാൻ പിഎഫ് സി സിഎംഡിയെ ചുമതലപ്പെടുത്തി.
ടാറ്റാ സ്റ്റീൽ നാലാം പാദത്തിൽ പ്രതീക്ഷയിലധികം അറ്റാദായം ഉണ്ടാക്കി. വരുമാനം 13 ശതമാനം വർധിച്ച് 63,270 കോടി രൂപയായപ്പോൾ അറ്റാദായം 125 ശതമാനം കുതിച്ച് 2926 കോടി രൂപയായി.
ആർബിഎൽ ബാങ്കിൽ എമിറേറ്റ്സ് എൻബിഡിയുടെ ഓഹരി 49 -ൽ നിന്ന് 74 ശതമാനമാക്കാൻ ഗവണ്മെൻ്റ് അനുമതി നൽകി.
കോൾ ഇന്ത്യയുടെ ഉപകമ്പനി മഹാനദി കോൾ ഫീൽഡ്സ് ലിമിറ്റഡിനെ ഐപിഒ നടത്തി ലിസ്റ്റ് ചെയ്യാൻ ഗവൺമെൻ്റ് അനുവദിച്ചു.
കൊച്ചിൻ ഷിപ്പ് യാർഡ് നാലാ പാദത്തിൽ ലാഭമാർജിൻ മെച്ചപ്പെടുത്തിയെങ്കിലും വരുമാനവും ലാഭവും കുറഞ്ഞു. വിറ്റുവരവ് 15.6 ശതമാനം താഴ്ന്ന് 1484 കോടിയായപ്പോൾ അറ്റാദായം 3.7 ശതമാനം കുറഞ്ഞ് 276 കോടി രൂപയായി.
സ്റ്റീൽ അഥോറിറ്റി (സെയിൽ) നാലാം പാദത്തിൽ അറ്റാദായം 46.7 ശതമാനം വർധിപ്പിച്ച് 1836 കോടി രൂപയിൽ എത്തിച്ചു.
അമേരിക്ക ഇറാനെ വീണ്ടും ആക്രമിക്കുമെന്ന ആശങ്കയിൽ സ്വർണം താഴോട്ടു നീങ്ങുകയാണ്. വെള്ളിയാഴ്ച സ്വർണം ഔൺസിന് 4511- 4669 മേഖലയിൽ കയറിയിറങ്ങിയ ശേഷം 111.80 ഡോളർ ഇടിഞ്ഞ് 4541.20 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സ്വർണം ഔൺസിന് 4480 ഡോളറിലേക്കു താഴ്ന്ന ശേഷം 4530 ഡോളറിലേക്കു കയറി.
കേരളത്തിൽ വെള്ളിയാഴ്ച 22 കാരറ്റ് സ്വർണം പവന് 3960 രൂപ ഇടിഞ്ഞ് 1,15,080 രൂപയായി.
വെള്ളിവില വെള്ളിയാഴ്ച ഒൻപതു ശതമാനം ഇടിഞ്ഞ് ഔൺസിന് 76.09 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 74.72 ഡോളറിലേക്ക് താഴ്ന്നു.
പ്ലാറ്റിനം 1960 ഡോളർ, പല്ലാഡിയം 1377 ഡോളർ, റോഡിയം 9325 ഡോളർ എന്നിങ്ങനെ നിൽക്കുന്നു.
യുഎസ്-ചൈന ഉച്ചകോടിയിൽ ധാരണകൾ ഉണ്ടാകാത്തതും യുദ്ധം വീണ്ടും തുടങ്ങുമെന്ന ഭീതിയും വ്യാവസായിക ലോഹങ്ങളെ ഇടിവിലാക്കി. ചെമ്പ് 3.09 ശതമാനം ഇടിവോടെ 13,553.40 ഡോളറിൽ നിന്നു. അലൂമിനിയം 2.27 ശതമാനം താഴ്ന്നു 3572.35 ഡോളർ ആയി.
നിക്കലും ലെഡും സിങ്കും താഴ്ന്നു. ടിൻ 10 ശതമാനം ഇടിഞ്ഞു.
രാജ്യാന്തര വിപണിയിൽ വെള്ളിയാഴ്ച റബർ വില താഴ്ന്നു. ബാങ്കോക്കിൽ ആർഎസ്എസ് 3 ക്വിൻ്റലിന് 293.40 ഡോളർ ആയി. ആർഎസ്എസ് ഒന്ന് 296.90 ഡോളറിൽ എത്തി. കേരളത്തിൽ ആർഎസ്എസ് നാല് ഇനം 26,200 രൂപയിലാണ്.
രാജ്യാന്തര വിപണിയിൽ കൊക്കോ തുടർച്ചയായ നാലാം ദിവസവും താഴ്ന്നു. 4.46 ശതമാനം കുറഞ്ഞ് ടണ്ണിന് 4002.00 ഡോളറിൽ വില എത്തി. ഐവറി കോസ്റ്റ് 2025-26 സീസണിലെ ഉൽപാദന പ്രതീക്ഷ 19 ലക്ഷം ടണ്ണിൽ നിന്ന് 22 ലക്ഷം ടൺ ആയി വർധിപ്പിച്ചതാണു വിലയിടിവിനു കാരണം.
യുഎസ് ഡോളർ സൂചിക വെള്ളിയാഴ്ച ഉയർന്ന് 99 28 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ കയറി 99.37 ൽ എത്തി.
യൂറോ 1.16 11 ഡോളറിലേക്കും പൗണ്ട് 1.3306 ഡോളറിലേക്കും താഴ്ന്നു. ജാപ്പനീസ് യെൻ ഒരു ഡോളറിന് 158.88 യെൻ എന്ന നിലയിലേക്ക് താണു.
ചൈനീസ് യുവാൻ ഡോളറിന് 6.81 യുവാൻ എന്ന നിരക്കിലേക്കു താഴ്ന്നു.
അമേരിക്കയിൽ 10 വർഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം (yield) ഇന്നു രാവിലെ 4.51 ശതമാനമായി ഉയർന്നു.
വെള്ളിയാഴ്ച ഡോളർ 96 രൂപയ്ക്കു മുകളിൽ കയറി. 96.14 രൂപ വരെ എത്തിയ ശേഷം റിസർവ് ബാങ്കിൻ്റെ ഡോളർ വിൽപനയെ തുടർന്നു താഴ്ന്ന് 95.97 രൂപയിൽ ക്ലോസ് ചെയ്തു. രാജ്യത്തേക്കു കൂടുതൽ വിദേശനാണ്യം വരുത്തുന്നതിനു നടപടികൾ പ്രഖ്യാപിക്കും എന്നു സൂചനകൾ ഉണ്ടായിരുന്നെങ്കിലും വാരാന്ത്യത്തിൽ ഒന്നും നടന്നില്ല. അതിനാൽ ഇന്നും രൂപ സമ്മർദത്തിലാകും എന്നാണു നിഗമനം. ഡോളർ സൂചിക ഉയർന്നു പോകുന്നതും രൂപയെ ക്ഷീണിപ്പിക്കും.
വിദേശത്തെ നോൺ ഡെലിവെറേബിൾ ഫോർവേഡ് (എൻഡിഎഫ്) വിപണിയിൽ ഡോളർ ഇന്നു രാവിലെ 96.02 രൂപയിലേക്കു കയറിയ ശേഷം 95.99 അയി. ചൈനീസ് യുവാൻ 14.09 രൂപയിലേക്കു താഴ്‌ന്നു. യൂറോ 111.44 രൂപയിലേക്കു താണു.
വെള്ളിയാഴ്ച നാലു ശതമാനം കുതിച്ച ക്രൂഡ് ഓയിൽ ഇന്നുരാവിലെ രണ്ടു ശതമാനം കൂടി കയറി. ബ്രെൻ്റ് ഇനം ക്രൂഡ് വെള്ളിയാഴ്ച വീപ്പയ്ക്ക് 109.26 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ ബ്രെൻ്റ് 111.29 ഡോളറിലേക്കു കയറി. ഡബ്ള്യുടിഐ ഇനം 107.90 ഡോളറിൽ എത്തി. യുഎഇയുടെ മർബൻ ക്രൂഡ് 108.00 ഡോളറിലാണ്.
ക്രിപ്റ്റോ കറൻസികൾ വീണ്ടും ഇടിഞ്ഞു. ബിറ്റ്കോയിൻ ഇന്നു രാവിലെ 76,900 ഡോളറിനു താഴേക്കു നീങ്ങി. ഈഥർ 2100 ഡോളറിനും സൊലാന 85 ഡോളറിനും താഴെ നിൽക്കുന്നു.
(2026 മേയ് 15, വെള്ളി)
സെൻസെക്സ് 75,237.99 -0.21%
നിഫ്റ്റി50 23,643.50 -0.19%
ബാങ്ക് നിഫ്റ്റി 53,710.35 -0.77%
മിഡ്ക്യാപ്100 60,567.15 -0.45%
സ്മോൾക്യാപ്100 17,882.60 -0.61%
ഡൗജോൺസ് 49,526.17 -1.07%
എസ്ആൻഡ്പി 7408.50 -1.24%
നാസ്ഡാക് 26,225.15 -1.54%
ഡോളർ ₹95.97 +₹0.21
സ്വർണം(ഔൺസ്)$4541.20 -$111.20
സ്വർണം(പവൻ) ₹1,15,080 -₹3960
ക്രൂഡ്ഓയിൽബ്രെൻ്റ്$109.26 +$3.54
Read DhanamOnline in English
Subscribe to Dhanam Magazine