Morning Business News Image: Dhanam Business Media
Markets

എൻവിഡിയ റിസൽട്ടും പ്രതീക്ഷയും മികച്ചത്; യുഎസ് ഫ്യൂച്ചേഴ്സ് ഉയർന്നു; ഏഷ്യയിൽ നേട്ടം; ഇന്ത്യൻ വിപണി കരുതലോടെ; സ്വർണം ഇടിയുന്നു

വിദേശനിക്ഷേപകർ ക്യാഷ് വിപണിയിൽ 4195.38 കോടി രൂപയുടെ അറ്റവാങ്ങൽ നടത്തി. ഇതോടെ നവംബറിലെ അവരുടെ വാങ്ങൽ 88,362 കോടി രൂപയിൽ എത്തി

T C Mathew

എൻവിഡിയയെപ്പറ്റിയുള്ള ആശങ്ക അകറ്റിക്കൊണ്ട് മികച്ച റിസൽട്ടും പ്രതീക്ഷയെ മറികടന്ന ബിസിനസ് പ്രതീക്ഷയും പുതിയ മാനേജ്മെൻ്റ് അവതരിപ്പിച്ചു. ഇനി സ്ഥിരം സിഇഒ സംബന്ധിച്ച വിഷയമാണുള്ളത്. എൻവിഡിയ ഓഹരിയും യുഎസ് സൂചികകളും ഫ്യൂച്ചേഴ്‌സിൽ ഉയർന്നു. ഏഷ്യൻ വിപണികൾ ചെറിയ നേട്ടത്തിലായി.

ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ്

വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി ചൊവ്വാഴ്ച രാത്രി 25,362.50 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 25,255 വരെ താഴ്ന്നു. ഇന്ത്യൻ വിപണി ഇന്നു ഗണ്യമായ നഷ്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് സൂചന.

ആശങ്ക നീക്കി എൻവിഡിയ

എഐ, ടെക് മേഖലകളുടെ മേൽ ഉണ്ടായിരുന്ന വലിയ കരിനിഴൽ നീക്കുന്നതായി എൻവിഡിയയുടെ മൂന്നാം പാദ ഫലവും വരുന്ന പാദങ്ങളെപ്പറ്റിയുള്ള പ്രതീക്ഷയും. എൻവിഡിയ ഓഹരി തുടർ വ്യാപാരത്തിൽ ആറു ശതമാനത്തോളം കുതിച്ചു. വ്യാപാരത്തിനിടെ ഇടിഞ്ഞ നാസ്ഡാകും മറ്റു സൂചികകളും ഫ്യൂച്ചേഴ്സിൽ ഗണ്യമായ മുന്നേറ്റം നടത്തി.

മൂന്നാം പാദത്തിൽ വരുമാനം പ്രതീക്ഷിച്ച 10,910 കോടിക്കു പകരം ഇരട്ടിയിലേറെ കൂടി 11,584 കോടി ഡോളർ ആയി. ഇതു പ്രതിഓഹരി വരുമാനം 2.48 പ്രതീക്ഷിച്ചത് 2.68 ഡോളർ ആയി.

നാലാം പാദ വരുമാനം 90 ശതമാനം കൂടി 13,000 കോടി ഡോളർ എത്തുമെന്ന് ഇടക്കാല സിഇഒയും സിഎഫ്ഒയുമായ കോളെറ്റ് ക്രെസ് പറഞ്ഞു. അനാലിസ്റ്റ് പ്രതീക്ഷ 12,510 കോടി ആയിരുന്നു.

2028 ധനകാര്യ വർഷം പ്രതീക്ഷിക്കുന്ന വരുമാനവളർച്ച 70% ൽ നിന്ന് 74% ആയി ഉയർത്തി. ലാഭമാർജിനുകൾ കുറയാതെ നിലനിർത്തുമെന്നും ക്രെസ് പറഞ്ഞു. ചൈനയിലേക്കുള്ള വിൽപന കണക്കിലെടുക്കാതെയാണു വരുമാനനിഗമനം.

നിക്ഷേപങ്ങൾ തുടരും

കമ്പനിയുടെ ഇടപാടുകാർ ആരും വിട്ടുപോകുന്ന സൂചന ഇല്ലെന്നു മാനേജ്മെൻ്റ് പറഞ്ഞു. ഹഗ്ഗിംഗ് ഫേസ് എന്ന കമ്പനിയെ ഏറ്റെടുക്കുന്ന നടപടി പൂർത്തിയാക്കും. കമ്പനി പ്രഖ്യാപിച്ചിട്ടുള്ള നിക്ഷേപങ്ങൾ എല്ലാം നടത്തും.

ഒക്ടോബറിലെ ഉയർന്ന നിലയിൽ നിന്നു 32% ലധികം ഇടിഞ്ഞ ഓഹരിക്ക് ഇന്നു മുന്നേറാൻ വഴിയൊരുക്കുന്നതായി റിസൽട്ടും വരുമാന പ്രതീക്ഷ ഉയർത്തലും. ക്രെസ് മികച്ച നേതൃപാടവം കാണിച്ചു. 1993 ലെ തുടക്കം മുതൽ കമ്പനിയോടു ബന്ധമുള്ള ചെയർമാൻ ഹാർവി ജോൺസ് സഹസ്ഥാപകനായ സിഇഒ ജെൻസൻ ഹുവാംഗിനെ തിരിച്ചു കൊണ്ടു വരാൻ നീക്കമില്ല എന്നു പറഞ്ഞു. ഹുവാംഗിൻ്റെ രാജി കമ്പനിയെ ഉലയ്ക്കുന്നില്ല എന്ന് റിസൽട്ട് അവതരണം കാണിച്ചു. കമ്പനി വൈസ് പ്രസിഡൻ്റും എൻവിഡിയ പ്രോസസറുകളെ പ്രവർത്തിപ്പിക്കുന്ന കൂഡ (CUDA) സോഫ്റ്റ്‌വേറിൻ്റെ ആവിഷ്കാരകനുമായ ഇയാൻ ബക്കും മാധ്യമ സമ്മേളനത്തിൽ പങ്കെടുത്തു.

ഹുവാംഗിനെ തിരിച്ചെടുക്കണമെന്നു യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപും സമ്പന്ന വ്യവസായി ഇലോൺ മസ്‌കും ആവശ്യപ്പെട്ടിരുന്നു. അതിനായുള്ള ഒപ്പുശേഖരണത്തിൽ 9500 ലധികം എൻവിഡിയ ജീവനക്കാർ അടക്കം രണ്ടു ലക്ഷത്തോളം പേർ പങ്കെടുത്തു. ജെൻസനെ ഉപദേഷ്ടാവായി കൊണ്ടുവരാൻ ചില ടെക് സംരംഭകർ ഉപദേശിക്കുന്നുണ്ട്.

ആന്ത്രോപിക്കിനു കൂടിയ വില

നാളെ എഐ രംഗത്തെ മുൻനിര ഗവേഷണ കമ്പനി ആന്ത്രോപിക്കിൻ്റെ ഐപിഒ നടക്കുന്നുണ്ട്. നിർദിഷ്‌ട വിലയുടെ ഉയർന്ന പരിധിയിലോ അതിനു മുകളിലോ വില നിശ്ചയിക്കാനാണു നീക്കം. വലിയ ടെക് കമ്പനികൾ അടക്കം നിക്ഷേപകരുടെ താൽപര്യം വർധിച്ചതാണു കാരണം. രണ്ടു ലക്ഷം കോടി ഡോളർ മൂല്യനിർണയം പ്രതീക്ഷിച്ചിരുന്ന കമ്പനി ഇപ്പോൾ 1.4 ലക്ഷം കോടിയാണു കഴിഞ്ഞ ദിവസങ്ങളിൽ കണക്കാക്കിയത്. അത് ഉയർത്താനാണു നീക്കം. അതും വിപണിക്ക് ഉത്സാഹം പകരും.

യുഎസ് വിപണി നഷ്ടത്തിൽ

എൻവിഡിയ റിസൽട്ടിനെ പറ്റിയുള്ള ആശങ്കയിൽ യുഎസ് വിപണികൾ ഇന്നലെയും ഇടിഞ്ഞു. വിപണി ക്ലോസ് ചെയ്ത ശേഷം വന്ന റിസൽട്ട് ഭീതി മാറ്റി. ഫ്യൂച്ചേഴ്‌സ് നേട്ടത്തിലായി.

ചൊവ്വാഴ്ച ഡൗ ജോൺസ് സൂചിക 848.75 പോയിൻ്റ് (1.64 ശതമാനം) താഴ്ന്ന് 50,759.42 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 76.06 പോയിൻ്റ് (1.03%) നഷ്ടത്തോടെ 7340.53ൽ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് 181.38 പോയിൻ്റ് (0.72%) കുറഞ്ഞ് 24,328.38 ൽ ക്ലോസ് ചെയ്തു.

ഫ്യൂച്ചേഴ്സ് കയറ്റത്തിൽ

യുഎസ് ഫ്യൂച്ചേഴ്‌സ് ഇന്നു നേട്ടത്തിലാണ്. ഡൗ ജോൺസ് 80 പോയിൻ്റും (0.16%) എസ് ആൻഡ് പി 40 പോയിൻ്റും (0.54%) നാസ്ഡാക് 100 സൂചിക 258 പോയിൻ്റും (0.95%) ഉയർന്നു. പിന്നീടു സൂചികകൾ താഴ്ന്നു.

എഡിആർ വിപണി

ന്യൂയോർക്കിലെ എഡിആർ (അമേരിക്കൻ ഡെപ്പോസിറ്ററി റെസീറ്റ്) വിപണിയിൽ ചൊവ്വാഴ്ച എച്ച്ഡിഎഫ്സി ബാങ്ക് വ്യാപാരസമയത്ത് 0.11 ശതമാനം താഴ്ന്നിട്ടു തുടർ വ്യാപാരത്തിൽ 0.04% കുറഞ്ഞ് 26.25 ഡോളറിൽ ക്ലോസ് ചെയ്തു. ഐസിഐസിഐ ബാങ്ക് നിശ്ചിത സമയത്ത് 1.10% ഉയർന്നിട്ടു തുടർ വ്യാപാരത്തിൽ 0.43% കയറി 34.95 ഡോളറിൽ അവസാനിച്ചു. ഇൻഫോസിസ് നിശ്ചിതസമയത്ത് 1.95% ഇടിഞ്ഞിട്ടു തുടർ വ്യാപാരത്തിൽ 0.50% താഴ്ന്നു 12.01 ഡോളറിൽ ക്ലോസ് ചെയ്തു. വിപ്രോ വിപണിസമയത്തു 2.84% ഇടിഞ്ഞ ശേഷം തുടർ വ്യാപാരത്തിൽ 0.49% കയറി 2.06 ഡോളറിൽ അവസാനിച്ചു.

യൂറോപ്പ് ഇടിഞ്ഞു

എഐ, ടെക് കമ്പനികളെപ്പറ്റിയുള്ള ആശങ്കയിൽ യൂറോപ്യൻ ഓഹരി സൂചികകൾ ഇന്നലെ രണ്ടു ശതമാനം വരെ ഇടിഞ്ഞു. ഡോയിച്ച് ബാങ്കിൽ നിന്നു യുഎസ് പ്രസിഡൻ്റ് ട്രംപ് അടക്കം ലക്ഷക്കണക്കിന് ഇടപാടുകാരുടെ വിവരങ്ങൾ ചോർന്നു എന്ന റിപ്പോർട്ട് ബാങ്ക് ഓഹരിയെ ആറു ശതമാനം താഴ്‌ത്തി. ചോർന്നതു 2020 നു മുമ്പുള്ള വിവരങ്ങളാണ്.

ഏഷ്യൻ വിപണികൾ നേട്ടത്തിൽ

ഏഷ്യൻ വിപണികൾ ഇന്നു നേട്ടത്തിലാണ്. ദക്ഷിണ കൊറിയയിലെ കോസ്‌പി സൂചിക മൂന്നു ശതമാനം വരെ കയറി.

ജപ്പാനിലെ നിക്കൈ സൂചിക ഒരു ശതമാനം ഉയർന്നിട്ടു 0.50 ശതമാനം നഷ്ടത്തിലേക്കു മാറി. ഒക്ടോബറിൽ ജപ്പാൻ്റെ കയറ്റുമതി പ്രതീക്ഷകളെ മറികടന്ന് 20.5 ശതമാനം വർധിച്ചു. കംപ്യൂട്ടർ ചിപ്പ് അനുബന്ധ ഇനങ്ങളിലാണു കുതിപ്പ്. ഓസ്ട്രേലിയൻ സൂചിക 0.30 ശതമാനം നഷ്‌ടത്തിലാണ്. തായ്‌വാൻ സൂചിക രണ്ടു ശതമാനം കയറിയിട്ടു താഴ്ന്നു. ഷാങ്ഹായ് സൂചിക നാമമാത്ര നഷ്ടത്തിലാണ്. ഹോങ്കോങ്ങിലെ ഹാങ് സെങ് 0.60 ശതമാനം താഴ്ന്നു.

ഒൻപതു മാസത്തെ ഉയരത്തിൽ സൂചികകൾ, ബാങ്കുകൾ കുതിച്ചു

വിദേശ പണത്തിൻ്റെ വരവിൽ ഇന്ത്യൻ വിപണി സൂചികകൾ ഇന്നലെ ഒൻപതു മാസത്തെ ഏറ്റവും ഉയർന്ന ക്ലോസിംഗിൽ എത്തി. ഇറാനിലെ യുദ്ധം തുടങ്ങിയ ശേഷമുണ്ടായ നഷ്‌ടം സൂചികകൾ നികത്തി. ബാങ്ക് നിഫ്റ്റി കുതിച്ചു ഫെബ്രുവരിയിലെ റെക്കോർഡ് തിരുത്തി. 62,442.20 ആണു പുതിയ റെക്കോർഡ്.

എന്നാൽ മിഡ് ക്യാപ് സൂചിക നാമമാത്ര നേട്ടത്തിൽ ഒതുങ്ങി. സ്മോൾ ക്യാപ് ഓഹരികൾ നഷ്ടം തുടർന്നു.

ബിഎസ്ഇയുടെ വിപണിമൂല്യം 510.56 ലക്ഷം കോടി (ട്രില്യൺ) രൂപ (5.46 ട്രില്യൺ ഡോളർ) ആയി ഉയർന്നു. എൻഎസ്ഇയുടെ വിപണിമൂല്യം 505.82 ട്രില്യൺ രൂപ (5.41 ട്രില്യൺ ഡോളർ) ആയി.

വിശാലവിപണിയിൽ കൂടുതൽ ഓഹരികൾ നഷ്ടത്തിലായി. ബിഎസ്ഇയിൽ 2103 ഓഹരികൾ ഉയർന്നു, 2343 ഓഹരികൾ നഷ്‌ടത്തിലായി. എൻഎസ്ഇയിൽ 1800 ഓഹരികൾ കയറിയപ്പോൾ 1809 എണ്ണം താഴ്ന്നു.

ചൊവ്വാഴ്ച വിദേശനിക്ഷേപകർ ക്യാഷ് വിപണിയിൽ 4195.38 കോടി രൂപയുടെ അറ്റവാങ്ങൽ നടത്തി. ഇതോടെ നവംബറിലെ അവരുടെ വാങ്ങൽ 88,362 കോടി രൂപയിൽ എത്തി.സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി ഇന്നലെ 196.93 കോടി രൂപയുടെ അറ്റവാങ്ങലും നടത്തി.

ചൊവ്വാഴ്ച സെൻസെക്‌സ് 427.40 പോയിൻ്റ് (0.52%) ഉയർന്ന് 82,532.19 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 96.30 പോയിൻ്റ് (0.38%) നേട്ടത്തോടെ 25,387.40 ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 697.35 പോയിൻ്റ് (1.13%) കുതിച്ച് 62,273. 25 ൽ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 153.60 പോയിൻ്റ് (0.25%) കയറി 61,730.00 ൽ അവസാനിച്ചു. സ്മോൾ ക്യാപ് 100 സൂചിക 42.40 പോയിൻ്റ് (0.22%) താഴ്ന്നു 19,398.70 ൽ ക്ലോസ് ചെയ്തു.

കമ്പനികൾ, വാർത്തകൾ

ഐഡിബിഐ ബാങ്കിനെ വാങ്ങുന്ന കാനഡയിലെ ഫെയർഫാക്സ് ഐഐഎഫ്എൽ ഫിനാൻസിലെ ഓഹരി ബൾക്ക് ഇടപാടിൽ വിൽക്കുന്നു. 13.3 ശതമാനം ഓഹരി 3450 കോടി രൂപയ്ക്കാണു വിൽക്കുന്നത്. എന്നാൽ ഐഐഎഫ്എൽ കാപ്പിറ്റലിലെ 38 ശതമാനം ഓഹരി വിൽക്കുന്നില്ല. ആ കമ്പനിയെ ഐഡിബിഐ ബാങ്കിൽ ലയിപ്പിക്കും എന്നാണു സൂചന. സിഎസ്ബി ബാങ്കിലെ ഓഹരിയെപ്പറ്റി ഫെയർഫാക്സ് ഒന്നും പറഞ്ഞിട്ടില്ല.

അശോക ബിൽഡ്കോണിനു നാഷണൽ ഹൈവേ അഥോറിറ്റിയിൽ നിന്ന് 1465 കോടി രൂപയുടെ റോഡ് നിർമാണ കരാർ ലഭിച്ചു.

സ്വർണം വീണ്ടും ഇടിവിൽ

ഡിസംബറിൽ പലിശവർധന ഉറപ്പായതു സ്വർണത്തെ വീണ്ടും താഴ്ചയിലാക്കി. ചൊവ്വാഴ്ച ഏഴു ഡോളർ (0.18%) താഴ്ന്ന് ഔൺസിന് 3850.50 ഡോളറിൽ സ്വർണം ക്ലോസ് ചെയ്തു. ഇന്നു രാവിലെ 1.18 ശതമാനം ഇടിഞ്ഞ് 3800 ഡോളറിൽ എത്തി.

കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് ചൊവ്വാഴ്ച 560 രൂപ കുറഞ്ഞ് 99,760 രൂപയിൽ വന്നു.

വെള്ളിവില ചൊവ്വാഴ്ച 0.88 ശതമാനം കയറി ഔൺസിന് 47.52

ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ ഒന്നര ശതമാനം താഴ്ന്ന് 46.77 ഡോളർ ആയി.

പ്ലാറ്റിനം 1410ഡോളർ, പല്ലാഡിയം 944 ഡോളർ, റോഡിയം 8425 ഡോളർ എന്നിങ്ങനെ നിൽക്കുന്നു.

സ്വർണക്കയറ്റം 2027 ൽ തുടങ്ങും

യുഎസ് ഫെഡറൽ റിസർവ് ഡിസംബറിലും മാർച്ചിലും പലിശ നിരക്ക് കൂട്ടുമെന്നു നിക്ഷേപ ബാങ്ക് ഗോൾഡ്മാൻ സാക്സ് പ്രവചിച്ചു. അതോടെ പലിശ വർധന നിലയ്ക്കും. തുടർന്നു 2027 ൽ സ്വർണം 800 ഡോളർ ഉയർന്ന് ഔൺസിനു 4650 ഡോളറിൽ എത്തുമെന്നാണു ബാങ്കിൻ്റെ വിലയിരുത്തൽ. 2027 നവംബറിൽ പലിശ കുറയ്ക്കൽ തുടങ്ങും. 2028 ൽ സ്വർണവില ഈ വർഷമെത്തിയ 5600 ഡോളർ എന്ന റെക്കോർഡ് കടക്കും എന്നും ബാങ്ക് പറയുന്നു.

റബർ: വിദേശത്തു കയറ്റവും കേരളത്തിൽ താഴ്ചയും

ചൊവ്വാഴ്ച റബർ വില വിദേശത്തു കയറുകയും കേരളത്തിൽ താഴുകയും ചെയ്തു. ബാങ്കോക്കിൽ ആർഎസ്എസ് ഒന്ന് ക്വിൻ്റലിന് 284.80 ഡോളറും ആർഎസ്എസ് മൂന്ന് 281.40 ഡോളറും ആയി ഉയർന്നു. കേരളത്തിൽ ആർഎസ്എസ് നാല് ഇനം ക്വിൻ്റലിന് 28,200 രൂപ ആയി താഴ്ന്നു.

ലോഹങ്ങൾ ഇടിയുന്നു

പലിശപ്പേടിയിൽ വ്യാവസായിക ലോഹങ്ങൾ ഇടിഞ്ഞു. ചെമ്പ് 1.12 ശതമാനം താഴ്ന്നു ടണ്ണിന് 13,225.50 ഡോളർ ആയി. അലൂമിനിയം 2.35 ശതമാനം ഇടിഞ്ഞു 2934 ഡോളറിൽ എത്തി. ടിന്നും നിക്കലും സിങ്കും ലെഡും ഇടിഞ്ഞു.

കൊക്കോ താഴ്ന്നു

കൊക്കോ വില അൽപം കുറഞ്ഞ് ടണ്ണിന് 5178 ഡോളറിൽ ക്ലോസ് ചെയ്തു.

അറബിക്ക കാപ്പി പൗണ്ടിന് 1.84 ശതമാനം കയറി 2.799 ഡോളറിൽ എത്തി.

പാം ഓയിൽ 2.53 ശതമാനം താഴ്ന്നു ടണ്ണിന് 4348 മലേഷ്യൻ റിംഗിറ്റ് ആയി.

ഡോളർ സൂചിക ഉയർന്നു

പലിശ കൂടുമെന്ന വിശ്വാസം യുഎസ് ഡോളർ സൂചികയെ ഉയരത്തിൽ നിർത്തി. ചൊവ്വാഴ്ച സൂചിക 103.49 ൽ ക്ലോസ് ചെയ്തിട്ട് ഇന്നു രാവിലെ 103.71 വരെ കയറി.

യൂറോ 1.0991 ഡോളറും പൗണ്ട് 1.3206 ഡോളറും ആയി കയറി. ഡോളർ 159.58 ജാപ്പനീസ് യെന്നിലാണ്.

ഡോളർ 6.67 ചൈനീസ് യുവാനിലേക്കു കയറി.

അമേരിക്കയിൽ 10 വർഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം (yield) ഇന്നു രാവിലെ 5.095 ശതമാനത്തിലേക്കു താഴ്ന്നു.

രൂപ മുന്നേറി

വിദേശനിക്ഷേപകർ വീണ്ടും വന്നതു രൂപയെ ഉയർത്തി. ചൊവ്വാഴ്ച ഡോളർ 45 പൈസ താഴ്ന്ന് 93.47 രൂപയിൽ ക്ലോസ് ചെയ്തു.

ഇന്നു രാവിലെ വിദേശത്തെ ഫോർവേഡ് വിപണിയിൽ ഡോളർ 93.43 രൂപയിലേക്കു താഴ്ന്നു.

ചൈനീസ് യുവാൻ 14.02 രൂപയായി താഴ്ന്നു. യൂറോ ഇടിഞ്ഞു 102.71 രൂപയിൽ എത്തി.

ക്രൂഡ് ഉയർന്നു

ചൊവ്വാഴ്ച ക്രൂഡ് ഓയിൽ നേരിയ തോതിൽ കയറി. ബ്രെൻ്റ് ഇനം ക്രൂഡ് 0.70 ഡോളർ ഉയർന്നു 93.14 ഡോളറിൽ എത്തി. ഇന്നു രാവിലെ 93.17 ആയി. ഡബ്ള്യുടിഐ ഇനം 85.69 ഡോളറിലാണ്.

ക്രിപ്റ്റോകൾ താഴോട്ട്

ക്രിപ്റ്റോ കറൻസികൾ ചാഞ്ചാട്ടത്തിനു ശേഷം താഴ്ന്നു നിൽക്കുന്നു. ബിറ്റ്കോയിൻ 64,400 ഡോളറിനു താഴെയായി. ഈഥർ 1810 ഡോളറിനും സൊലാന 74.50 ഡോളറിനും താഴെയാണ്.

വിപണിസൂചനകൾ

(2026 നവംബർ 17, ചൊവ്വ)

സെൻസെക്സ് 82,532.19 +0.52%

നിഫ്റ്റി50 25,387.40 +0.38%

ബാങ്ക് നിഫ്റ്റി 62,273. 25 +1.13%

മിഡ്ക്യാപ്100 61,730.00 +0.25%

സ്മോൾക്യാപ്100 19,398.70 -0.2 2%

ഡൗജോൺസ് 50,759.42 -1.64%

എസ്ആൻഡ്പി 7340.53 -1.03%

നാസ്ഡാക് 24,328.38 -0.74%

ഡോളർ ₹93.47 -₹0.45

സ്വർണം(ഔൺസ്)$3850.50 -$07.00

സ്വർണം(പവൻ) ₹99,760 -₹560

ക്രൂഡ്ഓയിൽബ്രെൻ്റ് $93.14 +$0.70

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT