ക്രൂഡ് ഓയിൽ വില കുറയുന്നു. ഓഹരികൾ കയറുന്നു. കടപ്പത്രവില ഉയരുന്നു. വിപണികളിലെ കോളിളക്കം ശമിക്കുന്നു. ഇതിൻ്റെ ആശ്വാസം ഇന്നു വിപണിയിൽ പ്രതീക്ഷിക്കാം. ഏഷ്യൻ വിപണികൾ ഇന്നു നേട്ടത്തിലാണ്. ഡോളറിൻ്റെ കയറ്റം തൽക്കാലം അവസാനിച്ചതു രൂപയ്ക്കും കരുത്താകും. സ്വർണവില കയറ്റം പുനരാരംഭിച്ചു.
ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി വ്യാഴാഴ്ച രാത്രി 23,369.00 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 23,352.50 വരെ കയറി. ഇന്ത്യൻ വിപണി ഇന്നു ചെറിയ നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് സൂചന.
ടാറ്റാ ഗ്രൂപ്പിലെ പോര് ഇന്നു ഗ്രൂപ്പ് കമ്പനികളുടെ ഓഹരികളെ ബാധിക്കാം.
ഫെഡ് പലിശ കൂട്ടിയതിനെ തുടർന്നു ബുധനാഴ്ച താഴ്‌ന്ന യുഎസ് വിപണി ഇന്നലെ ശക്തമായി തിരിച്ചു കയറി. ടെക് കമ്പനികൾ നിറഞ്ഞ നാസ്ഡാകും വിശാലവിപണിയെ പ്രതിനിധീകരിക്കുന്ന എസ് ആൻഡ് പി 500 ഉം നല്ല മുന്നേറ്റം നടത്തി.
വ്യാഴാഴ്ച ഡൗ ജോൺസ് സൂചിക 316.14 പോയിൻ്റ് (0.61 ശതമാനം) ഉയർന്ന് 51,778.04 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 85.95 പോയിൻ്റ് (1.14%) നേട്ടത്തോടെ 7637.76 ൽ എത്തി. നാസ്ഡാക് കോംപസിറ്റ് 439.88 പോയിൻ്റ് (1.69%) കുതിച്ച് 26,418.30 ൽ ക്ലോസ് ചെയ്തു.
ഈ വർഷത്തേതിൻ്റെ ഇരട്ടി ചിപ്പുകൾ എൻവിഡിയ അടുത്ത വർഷം വിൽക്കുമെന്നു സിഇഒ ജെൻസൻ ഹുവാങ് പറഞ്ഞത് എൻവിഡിയ ഓഹരിയെ രണ്ടര ശതമാനം ഉയർത്തി..
യുഎസ് ഫ്യൂച്ചേഴ്‌സ് ഇന്നു താഴ്ന്നു. ഡൗ ജോൺസ് 16 പോയിൻ്റും (0.03%) എസ് ആൻഡ് പി 10 പോയിൻ്റും (0.13%) നാസ്ഡാക് 90 പോയിൻ്റും (0.30%) താഴ്‌ന്നാണു നീങ്ങുന്നത്.
ന്യൂയോർക്കിലെ എഡിആർ (അമേരിക്കൻ ഡെപ്പോസിറ്ററി റെസീറ്റ്) വിപണിയിൽ വ്യാഴാഴ്ച എച്ച്ഡിഎഫ്സി ബാങ്ക് വ്യാപാര സമയത്ത് 1.25 ശതമാനം ഉയർന്നിട്ടു തുടർവ്യാപാരത്തിൽ 0.53% കയറി 22.78 ഡോളറിൽ ക്ലോസ് ചെയ്തു. ഐസിഐസിഐ ബാങ്ക് നിശ്ചിത സമയത്ത് 0.11% ഉയർന്ന ശേഷം തുടർ വ്യാപാരത്തിൽ മാറ്റമില്ലാതെ 28.18 ഡോളറിൽ അവസാനിച്ചു. ഇൻഫോസിസ് നിശ്ചിത സമയത്ത് 0.09% താഴ്ന്ന ശേഷം തുടർ വ്യാപാരത്തിലും 0.09 ശതമാനം കുറഞ്ഞ് 11.06 ഡോളറിൽ ക്ലോസ് ചെയ്തു. വിപ്രോ വിപണിസമയത്ത് മാറ്റമില്ലാതെ നിന്ന ശേഷം തുടർ വ്യാപാരത്തിൽ 2.01 ശതമാനം കയറി 1.7138 ഡോളറിൽ അവസാനിച്ചു.
യൂറോപ്യൻ ഓഹരിവിപണികൾ വ്യാഴാഴ്ച കുതിച്ചുകയറി. ക്രൂഡ് ഓയിൽ വില താഴ്ന്നതു വിപണിക്കു തുണയായി. ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ കൂട്ടാതിരുന്നത് യുകെയിലെ എഫ്ടിഎസ്ഇ സൂചികയെ 1.19 ശതമാനം ഉയർത്തി. ആമസോൺ ഡാറ്റാ സെൻ്ററുകൾക്കു വേണ്ട ജനറേറ്ററുകൾ നൽകാൻ 800 കോടി ഡോളറിൻ്റെ കരാർ ഉണ്ടാക്കിയ ജനറാക് ഹോൾഡിംഗ്സ് 18 ശതമാനത്തിലധികം ഉയർന്നു.
ഏഷ്യൻ വിപണികൾ ഇന്നും നേട്ടത്തിലാണ്. ജപ്പാനിൽ നിക്കൈ സൂചിക ഒരു ശതമാനം ഉയർന്നു. ഓസ്ട്രേലിയൻ വിപണി 0.25 ശതമാനം കയറി. ദക്ഷിണ കൊറിയയിൽ കോസ്‌പി രണ്ടു ശതമാനം കുതിച്ചു. ഹോങ് കോങ്ങിലെ ഹാങ് സെങ് സൂചിക 0.65 ശതമാനം കയറി. തായ്‌വാൻ സൂചിക 1.2 ശതമാനം കുതിച്ചു. ഷാങ്ഹായ് സൂചിക 0.35 ശതമാനം നേട്ടത്തിലായി.
ഇന്ത്യൻ വിപണി ഇന്നലെയും ചാഞ്ചാട്ടത്തിലായി. സൂചികകൾ ഒന്നിലേറെത്തവണ വലിയ മുന്നേറ്റം നടത്തിയെങ്കിലും അതു നിലനിർത്താൻ കഴിഞ്ഞില്ല. എന്നാൽ മിഡ് ക്യാപ്പുകളും സ്മോൾ ക്യാപ്പുകളും നല്ല നേട്ടത്തിൽ അവസാനിച്ചു.
ബാങ്കുകളും ഓയിൽ-ഗ്യാസ് മേഖലയും ഒഴികെ എല്ലാ വ്യവസായ മേഖലകളും ഇന്നലെ കയറി. റിയൽറ്റി, ഫാർമ, ഹെൽത്ത്, പ്രതിരോധം, ടൂറിസം, ഓട്ടോ, കാപ്പിറ്റൽ മാർക്കറ്റ്, മെറ്റൽ എന്നിവ നേട്ടത്തിനു മുന്നിൽ നിന്നു. സെമികണ്ടക്ടർ കമ്പനികൾക്ക് ഇന്നലെ നല്ല ദിവസമായിരുന്നു.
ഭൂരിപക്ഷം ഓഹരികൾ ഇന്നലെ ഉയർന്നു. ബിഎസ്ഇയിൽ 2626 ഓഹരികൾ നേട്ടം ഉണ്ടാക്കി, 1712 ഓഹരികൾ നഷ്‌ടത്തിലായി. എൻഎസ്ഇയിൽ 2249 ഓഹരികൾ കയറിയപ്പോൾ 1269 എണ്ണം മാത്രം താഴ്ന്നു.
വിദേശ നിക്ഷേപകർ വിൽപന വലിയ തോതിൽ തുടരുകയാണ്. ഇന്നലെ അവർ ക്യാഷ് വിപണിയിൽ 3208.76 കോടി രൂപയുടെ അറ്റവിൽപന നടത്തി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 3617.75 കോടി രൂപയുടെ അറ്റവാങ്ങലും നടത്തി.
വ്യാഴാഴ്ച സെൻസെക്‌സ് 21.86 പോയിൻ്റ് (0.03%) താഴ്ന്ന് 74,314.59 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 53.00 പോയിൻ്റ് (0.23%) നേട്ടത്തോടെ 23,270.60 ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 236.70 പോയിൻ്റ് (0.42%) നഷ്ടത്തോടെ 56,055.75 ൽ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 557.90 പോയിൻ്റ് (0.92%) കയറി 61,432.10 ൽ അവസാനിച്ചു. സ്മോൾ ക്യാപ് 100 സൂചിക 147.40 പോയിൻ്റ് (0.76%) ഉയർന്ന് 19,535.70 ൽ ക്ലോസ് ചെയ്തു.
ഇന്നലെ ചേർന്ന ടാറ്റാ സൺസ് ഡയറക്ടർ ബോർഡ് യോഗം ഗ്രൂപ്പിലെ ഭിന്നതകൾ വർധിപ്പിച്ചു. ഗ്രൂപ്പിൻ്റെ ഭാവി സംബന്ധിച്ചു മഹാഭൂരിപക്ഷം ഓഹരികൾ കൈവശം വച്ചിട്ടുള്ള ടാറ്റാ ട്രസ്റ്റുകളും നോമിനി -സ്വതന്ത്ര ഡയറക്ടർമാരും തമ്മിൽ ധാരണയില്ല. തുറന്ന പോരിലേക്കാണു കാര്യങ്ങൾ പോകുന്നത്. ഗ്രൂപ്പിൻ്റെ വികസന പ്രവർത്തനങ്ങൾ അടക്കമുള്ള കാര്യങ്ങൾ തടസപ്പെടും. കേന്ദ്ര സർക്കാർ തലത്തിൽ ഇടപെടലുകൾ ഉണ്ടായാൽ മാത്രമേ എന്തെങ്കിലും പരിഹാരം കാണാനാവൂ.
എൻ. ചന്ദ്രശേഖരന് അഞ്ചു വർഷം കൂടി ചെയർമാൻ സ്ഥാനം നൽകാനുള്ള തീരുമാനം ചന്ദ്രശേഖരൻ്റെ കാസ്റ്റിംഗ് വോട്ടിലാണു തീരുമാനിച്ചത്. ട്രസ്റ്റ് നോമിനിമാരിൽ നോയൽ ടാറ്റാ എതിർത്തപ്പോൾ വേണു ശ്രീനിവാസൻ അനുകൂലിച്ചു. ചന്ദ്രശേഖരൻ്റെ വോട്ട് സ്വന്തം പദവി തുടരാൻ നിർണായകമായി. ഈ തീരുമാനം നിയമവിരുദ്ധമാണെന്ന് നോയൽ പിന്നീടു പത്രക്കുറിപ്പ് ഇറക്കി. റിസർവ് ബാങ്ക് നിർദേശ പ്രകാരം ടാറ്റാ സൺസ് ലിസ്റ്റ് ചെയ്യാനുള്ള നടപടികൾ തുടരാനും ബോർഡ് തീരുമാനിച്ചു. നോയൽ എതിർത്തു. റിസർവ് ബാങ്കിനോടു മൂന്നു വർഷം സാവകാശം ചോദിച്ചുവാങ്ങി കമ്പനിയെ ലിസ്റ്റ് ചെയ്യാതെ നിലനിർത്താനുള്ള വഴികൾ കണ്ടെത്താനായിരുന്നു നോയലിൻ്റെ നിർദേശം.
ടാറ്റാമാരുടെ രണ്ടു ചാരിറ്റബിൾ ട്രസ്റ്റുകളാണു ടാറ്റാ സൺസിൽ 66 ശതമാനം ഓഹരി കൈയാളുന്നത്. 18 ശതമാനം ഷപ്പൂർജി പല്ലോൺജി ((എസ്പി)മിസ്ത്രി ഗ്രൂപ്പും. ബാക്കി ഗ്രൂപ്പിലെ ചില കമ്പനികളുടെ കൈവശമാണ്.
ടാറ്റാ ട്രസ്റ്റുകളുടെ ചെയർമാൻ നോയൽ ടാറ്റായാണ്. അദ്ദേഹത്തിൻ്റെ ഭാര്യവീട്ടുകാരാണ് എസ്പി മിസ്‌ത്രി കുടുംബം. വലിയ കടത്തിൽ കുടുങ്ങിയിട്ടുള്ള മിസ്ത്രി ഗ്രൂപ്പിന് ടാറ്റാ സൺസ് ലിസ്റ്റ് ചെയ്തോ അല്ലാതെയോ തങ്ങളുടെ ഓഹരി പണമാക്കണം എന്നുണ്ട്. ലിസ്റ്റിംഗ് അല്ലാതെ ചില ഇടപാടുകളിലൂടെ അവർക്കു പണം നൽകാനുള്ള ഒരു പദ്ധതി നോയൽ അവതരിപ്പിച്ചിട്ടുണ്ട്.
ലിസ്റ്റിംഗ് പ്രതീക്ഷയിൽ ടാറ്റാ ഗ്രൂപ്പ് ഓഹരികൾ പലതും ഇന്നലെ ഉയർന്നു. എന്നാൽ ഇന്നു വിപണിഗതി മാറാം.
പലിശനിരക്കുകൾ ഇനിയും കൂടുമെന്നു വ്യക്തമായെങ്കിലും സ്വർണം വീണ്ടും കയറ്റത്തിലായി. ഇന്നലെ രണ്ടു ശതമാനത്തോളം ഉയർന്ന മഞ്ഞലോഹം ഇന്നു രാവിലെ കയറ്റം തുടർന്നു.
വ്യാഴാഴ്ച 77.70 ഡോളർ (1.82%) കൃതിപ്പോടെ ഔൺസിന് 4342.70 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില 4365 ഡോളർ വരെ എത്തിയിട്ടു താഴ്ന്നു.
കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് വ്യാഴാഴ്ച 440 രൂപ കുറഞ്ഞ് 1,12,080 രൂപ ആയി.
വെള്ളിവില വ്യാഴാഴ്ച 3.57 ശതമാനം കുതിച്ച് ഔൺസിന് 65.35 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 65.92 ഡോളറിലേക്കു കയറി.
പ്ലാറ്റിനം 1781 ഡോളർ, പല്ലാഡിയം 1275 ഡോളർ, റോഡിയം 8500 ഡോളർ എന്നിങ്ങനെ നിൽക്കുന്നു.
ഏതാനും ദിവസം തുടർച്ചയായി താഴ്ന്ന റബർ ഇന്നലെ രാജ്യാന്തര വിപണിയിൽ ഉയർന്നു. ബാങ്കോക്കിൽ ആർഎസ്എസ് ഒന്ന് ക്വിൻ്റലിന് 280.20 ഡോളറിലും ആർഎസ്എസ് മൂന്ന് 278.80 ഡോളറിലും എത്തി. കേരളത്തിൽ ക്വിൻ്റലിന് 27,400 രൂപ തുടർന്നു.
ചെമ്പ് ഒഴികെയുള്ള വ്യാവസായിക ലോഹങ്ങൾ വ്യാഴാഴ്ച ഉയർന്നു. ചെമ്പ് 1.58 ശതമാനം താഴ്ന്നു ടണ്ണിന് 14,000.40 ഡോളർ ആയി. അലൂമിനിയം 0.22. ശതമാനം ഉയർന്നു 3284.30 ഡോളറിൽ എത്തി. ലെഡും സിങ്കും ടിന്നും നിക്കലും ഉയർന്നു.
കൊക്കോ വില 6.00 ശതമാനം ഇടിഞ്ഞതു ടണ്ണിന് 5620 ഡോളറിൽ ക്ലോസ് ചെയ്തു. കഴിഞ്ഞമാസം ഐവറി കോസ്റ്റിൽ നിന്നുള്ള കയറ്റുമതി 18 ശതമാനം വർധിച്ച് 21.4 ലക്ഷം ടൺ ആയി. ഐസ് എക്സ്ചേഞ്ചിലെ സ്റ്റോക്ക് രണ്ടു വർഷത്തെ ഉയർന്ന നിലയായ 34.2 ലക്ഷം ചാക്ക് ആയി.
അറബിക്ക കാപ്പി 1.70 ശതമാനം താഴ്ന്നു പൗണ്ടിന് 2.77 ഡോളർ ആയി. ബ്രസീലിൽ ഉൽപാദനം റെക്കോർഡ് നിലവാരത്തിലേക്കു കയറി. ഓഗസ്റ്റിലെ ബ്രസീലിയൻ കയറ്റുമതി 45 ശതമാനം വർധിച്ചു.
പാം ഓയിൽ1.39 ശതമാനം താണു ടണ്ണിന് 4816 മലേഷ്യൻ റിംഗിറ്റ് ആയി.
പലിശ വർധനയ്ക്കു ശേഷം ഉയർന്ന യുഎസ് ഡോളർ സൂചിക വ്യാഴാഴ്ച 100.25 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 100.22 ലേക്കു താഴ്ന്നു.
യൂറോ 1.1478 ഡോളറിലേക്കു കയറി. പൗണ്ട് 1.3358 ഡോളറിലേക്കു താഴ്ന്നു. ജാപ്പനീസ് യെൻ ഒരു ഡോളറിന് 156.26 യെൻ ആയി. ചൈനീസ് യുവാൻ ഡോളറിന് 6.71 എന്ന നിരക്കിൽ തുടർന്നു.
അമേരിക്കയിൽ 10 വർഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം (yield) താഴ്ന്ന് 4.939 ശതമാനത്തിൽ നിൽക്കുന്നു.
വ്യാഴാഴ്ച രാവിലെ ഡോളർ 96 രൂപയ്ക്കു മുകളിൽ കയറിയെങ്കിലും പിന്നീടു താഴ്ന്നു മൂന്നു പൈസ നഷ്‌ടത്തോടെ 95.93 രൂപയിൽ ക്ലോസ് ചെയ്തു. രൂപ ഇന്നു കൂടുതൽ ബലപ്പെടും എന്നാണു നിഗമനം.
വിദേശത്തെ ഫോർവേഡ് വിപണിയിൽ ഡോളർ ഇന്നു രാവിലെ 95.83 രൂപ വരെ താഴ്ന്നു.
ചൈനീസ് യുവാൻ 14.30 രൂപയായി താണു. യൂറോ 110.14 രൂപയായി ഉയർന്നു.
സൗദി അറേബ്യ ഹോർമുസിൽ അമേരിക്കൻ നിയന്ത്രിത തെക്കൻ പാതയിലുടെ ഒമാനു സമീപം ടാങ്കറുകളിൽ എത്തിച്ചു കൂടുതൽ ക്രൂഡ് ഓയിൽ വിൽക്കാൻ തീരുമാനിച്ചു. ഇതു ക്രൂഡ് ഓയിൽ ലഭ്യത സംബന്ധിച്ച ആശങ്കകൾക്ക് അറുതി വരുത്തി. ഒമാൻ്റെ സമുദ്രഭാഗത്തു വച്ചു ടാങ്കറിൽ നിന്നു ടാങ്കിലേക്ക് ക്രൂഡ് പകർത്താനാണ് ഉദ്ദേശിക്കുന്നത്. ഇറാൻ്റെ ആക്രമണങ്ങളെ യുഎസ് നാവികസേന ചെറുക്കും. ഹോർമുസ് വഴി അടച്ച ഇറാൻ്റെ നീക്കം പ്രായോഗികമായി പരാജയത്തിലേക്കു നീങ്ങുകയാണ് എന്നു ചിലർ കരുതുന്നു. അതേ സമയം ഇറാൻ്റെ കപ്പലുകൾക്കുളള വിലക്ക് യുഎസ് കർശനമായി നടപ്പാക്കുന്നുമുണ്ട്.
ഈ സാഹചര്യത്തിൽ ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ വ്യാഴാഴ്ച 1.02 ഡോളർ കുറഞ്ഞ് 104.81 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വീണ്ടും താഴ്‌ന്ന് 103.81 ഡോളറിൽ എത്തി. ഡബ്ള്യുടിഐ ഇനം 101.03 ഡോളറിലാണ്.
ക്രിപ്റ്റോ കറൻസികൾ ഇന്നലെ താഴ്ന്നിട്ട് ഇന്നു രാവിലെ കയറ്റം തുടർന്നു. ബിറ്റ്കോയിൻ 76,500 ഡോളറിനു മുകളിൽ എത്തി. ഈഥർ 2450 ഡോളറിനും സൊലാന 101.75 ഡോളറിനും മുകളിലാണ്.
(2026 സെപ്റ്റംബർ 17, വ്യാഴം)
സെൻസെക്സ് 74,314.59 -0.03%
നിഫ്റ്റി50 23,270.60 +0.23%
ബാങ്ക് നിഫ്റ്റി 56,055.75 -0.42%
മിഡ്ക്യാപ്100 61,432.10 +0.92%
സ്മോൾക്യാപ്100 19,535.70 +0.76%
ഡൗജോൺസ് 51,778.04 +0.61%
എസ്ആൻഡ്പി 7637.76 +1.14%
നാസ്ഡാക് 26, 418.30 +1.69%
ഡോളർ ₹95.93 -₹0.03
സ്വർണം(ഔൺസ്)$4342.70 +$77.70
സ്വർണം(പവൻ) ₹1,12,080 -₹440
ക്രൂഡ്ഓയിൽബ്രെൻ്റ് $104.82 -1.01
Read DhanamOnline in English
Subscribe to Dhanam Magazine