Markets

ടെക് ഭീതി മാറി, വിപണികൾ ഉണർവിൽ; വീണ്ടും ആക്രമണ ഭീതിയിൽ പശ്ചിമേഷ്യ; ക്രൂഡ് ഓയിൽ 70 ഡോളറിനു മുകളിൽ

ഇന്നലെ യൂറോപ്പിലും അമേരിക്കയിലും ഇന്നു രാവിലെ ഏഷ്യയിലും വിപണികൾ കയറ്റത്തിലാണ്. ഇന്തൻ വിപണിയും ഇന്നു പ്രതീക്ഷയോടെയാണു വ്യാപാരം തുടങ്ങുന്നത്.

T C Mathew

വിപണികൾ ഉണർവിലാണ്. എന്നാൽ അമേരിക്ക ഈ വാരാന്ത്യത്തിൽ ഇറാനെ ആക്രമിക്കുമെന്ന് ഇസ്രേലി പത്രങ്ങൾ റിപ്പോർട്ട് ചെയ്തത് ആശങ്ക പടർത്തുന്നുണ്ട്. ട്രംപ് ആക്രമണ തീരുമാനം എടുത്തിട്ടില്ലെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്തു. ക്രൂഡ് ഓയിൽ വില 70 ഡോളറിനു മുകളിലായി. ടെക്നോളജി ഓഹരികളിലെ ഭീതി മാറി. ഇന്നലെ യൂറോപ്പിലും അമേരിക്കയിലും ഇന്നു രാവിലെ ഏഷ്യയിലും വിപണികൾ കയറ്റത്തിലാണ്. ഇന്തൻ വിപണിയും ഇന്നു പ്രതീക്ഷയോടെയാണു വ്യാപാരം തുടങ്ങുന്നത്.

ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി ബുധനാഴ്ച രാത്രി 25,842.00 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 25,819 വരെ താഴ്ന്നിട്ടു തിരിച്ചു കയറി. ഇന്ത്യൻ വിപണി നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന. ന്യൂയോർക്കിലെ എഡിആർ (അമേരിക്കൻ ഡെപ്പോസിറ്ററി റെസീറ്റ്) വിപണിയിൽ ഇൻഫോസിസ് ഇന്നലെ 2.03 ശതമാനം കയറി. തുടർവ്യാപാരത്തിൽ 0.40 ശതമാനം താഴ്‌ന്നു. വിപ്രോ 0.44 ശതമാനം കയറിയ ശേഷം തുടർവ്യാപാരത്തിൽ 2.17 ശതമാനം നേട്ടം ഉണ്ടാക്കി.

യുഎസ് വിപണി കയറ്റത്തിൽ

അമേരിക്കൻ വിപണി ബുധനാഴ്ച ആവേശത്തോടെ ഉയർന്നിട്ട് ഉച്ചയ്ക്കു ശേഷം നേട്ടം അൽപം കുറച്ചു ക്ലോസ് ചെയ്തു. ടെക്നോളജി ഓഹരികളിലെ ആശങ്ക വിപണി ഉപേക്ഷിക്കുന്നതാണു കാണുന്നത്. ഇന്നലെ പുറത്തു വന്ന ഫെഡ് മിനിറ്റ്സ് വിലക്കയറ്റം കുറഞ്ഞാൽ മാത്രം നിരക്ക് കുറച്ചാൽ മതി എന്ന നിലപാടിനാണു ഭൂരിപക്ഷം എന്നു കാണിച്ചു. ഈ വർഷം രണ്ടു തവണ പലിശ കുറയ്ക്കും എന്ന പ്രതീക്ഷയ്ക്ക് ഇതു മങ്ങലേൽപിച്ചു. ഇറാൻ വേണ്ടത്ര അയവ് കാണിച്ചില്ല എന്നു വൈസ് പ്രസിഡൻ്റ് ജെ.ഡി. വാൻസ് പറഞ്ഞതു സംഘർഷ ഭീതി കൂട്ടി, ക്രൂഡ് ഓയിൽ വില നാലു ശതമാനം കുതിച്ചു.

ഡൗ ജോൺസ് 129.47 പോയിൻ്റ് (0.26%)ഉയർന്ന് 49,662.66ലും എസ് ആൻഡ് പി 38.09 പോയിൻ്റ് (0.56%) കയറി 6881.31ലും നാസ്ഡാക് കോംപസിറ്റ് 175.25 പോയിൻ്റ് (0.78%) നേട്ടത്തോടെ 22,753.64ലും ക്ലോസ് ചെയ്തു. ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്സ് നാമമാത്ര നേട്ടത്തിലാണ്. ഡൗ ജോൺസ് 0.02 ഉം എസ് ആൻഡ് പി 0.05 ഉം നാസ്ഡാക് 0.06 ഉം ശതമാനം ഉയർന്നു നീങ്ങുന്നു.

യൂറോപ്യൻ വിപണികൾ ബുധനാഴല്ലേ ഒരു ശതമാനത്തിലധികം നേട്ടത്തോടെ ക്ലോസ് ചെയ്തു. റൗണ്ടപ് കളനാശിനിയുടെ പേരിലുള്ള നഷ്ട പരിഹാര കേസുകൾക്ക് ഒറ്റത്തവണ തീർപ്പാക്കലിന് 725 കോടി ഡോളർ നൽകാനുള്ള നീക്കത്തെ തുടർന്നു ബായർ കമ്പനിയുടെ ഓഹരി 7.2 ശതമാനം ഇടിഞ്ഞു. യൂറോപ്യൻ കേന്ദ്രബാങ്ക് (ഇസിബി) പ്രസിഡൻ്റ് ക്രിസ്റ്റീൻ ലഗാർഡ് കാലാവധിക്കു മുമ്പേ സ്ഥാനമൊഴിയും എന്ന റിപ്പോർട്ടുകൾ യൂറോയെ ദുർബലമാക്കി. 2027 ലാണു കാലാവധി തീരുന്നത്. അതിനു മുൻപു നടക്കുന്ന ഫ്രഞ്ച് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുകയോ ബാങ്ക് ഓഫ് ഫ്രാൻസ് അധ്യക്ഷസ്ഥാനം ഏറ്റെടുക്കുകയോ ചെയ്യാൻ ലഗാർഡ് ആഗ്രഹിക്കുന്നതായി റിപ്പോർട്ട് ഉണ്ട്.

ഏഷ്യൻ വിപണികൾ ഇന്നു നേട്ടത്തിലാണ്. ജപ്പാനിൽ നിക്കൈ സൂചിക 0.80 ശതമാനം ഉയർന്നു. ദക്ഷിണ കൊറിയയുടെ കോസ്‌പി സൂചിക 2.93 ശതമാനം കുതിച്ചു റെക്കോർഡ് കുറിച്ചു. ഓസ്ട്രേലിയൻ വിപണി 1.2 ശതമാനം കയറി. പുതുവർഷം പ്രമാണിച്ച് ചൈനീസ് വിപണി 23 വരെ അവധിയാണ്.

ഇന്ത്യൻ വിപണി നേട്ടത്തിൽ

ഇന്ത്യൻ വിപണി ഇന്നലെയും താഴ്‌ന്നു തുടങ്ങി കൂടുതൽ താഴ്ന്ന ശേഷം തിരിച്ചു കയറി മിതമായ നേട്ടത്തിൽ അവസാനിച്ചു. രാവിലെ ഉയർന്നു തുടങ്ങിയ ഐടി മേഖല പിന്നീട് ഇടിഞ്ഞു. വൈകുന്നേരം നഷ്ടം അൽപം കുറച്ച് ക്ലോസ് ചെയ്തു. മെറ്റൽ, എഫ്എംസിജി, പൊതുമേഖലാ ബാങ്ക്, കാപ്പിറ്റൽ മാർക്കറ്റ് ഓഹരികളുടെ കുതിപ്പാണു വിപണിയെ ഉയർത്തിയത്.

സെൻസെക്സ് 283.29 പോയിൻ്റ് (0.34%) ഉയർന്ന് 83,734.25 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 93.95 പോയിൻ്റ് (0.37%) നേട്ടത്തോടെ 25,819.35 ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 376.80 പോയിൻ്റ് (0.62%) കയറി 61,550.80 ൽ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 301.50 പോയിൻ്റ് (0.50%) ഉയർന്ന് 60,183.20 ലും സ്മോൾ ക്യാപ് 100 സൂചിക 92.55 പോയിൻ്റ് (0.54%) കൂടി 17,239.25 ലും വ്യാപാരം അവസാനിപ്പിച്ചു.

വിപണിയിൽ കയറ്റ -ഇറക്ക അനുപാതം കയറ്റത്തിന് അനുകൂലമായി തുടർന്നു. ബിഎസ്ഇയിൽ 2187 ഓഹരികൾ കയറിയപ്പോൾ 2018 എണ്ണം താഴ്‌ന്നു. എൻഎസ്ഇയിൽ 1707 എണ്ണം ഉയർന്നു, 1453 എണ്ണം ഇടിഞ്ഞു.എൻഎസ്ഇയിൽ 70 ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന നിലയിൽ എത്തിയപ്പോൾ 80 എണ്ണം 52 ആഴ്ചയിലെ താഴ്‌ന്ന നിലയിലായി. ഒൻപതെണ്ണം അപ്പർ സർകീട്ടിലും രണ്ടെണ്ണം ലോവർ സർകീട്ടിലും എത്തി.

വിദേശനിക്ഷേപകർ ബുധനാഴ്ചയും അറ്റവാങ്ങലുകാരായി. വിദേശ ഫണ്ടുകൾ ക്യാഷ് വിപണിയിൽ 1154.34 കോടി രൂപയുടെ അറ്റ വാങ്ങൽ നടത്തി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 440.34 കോടി രൂപയുടെ അറ്റവാങ്ങലും നടത്തി.

നിഫ്റ്റി 25,800 നു മുകളിൽ ക്ലോസ് ചെയ്തത് 26,000 ലേക്കുള്ള യാത്രയ്ക്കു വേഗം കൂട്ടുന്നു. സൂചികയുടെ പിന്തുണ നിലവാരം 25,650 ലേക്ക് ഉയർന്നിട്ടുണ്ട്. 25,700 ഉം 25,650 ഉം ഇന്നു നിഫ്റ്റിക്കു പിന്തുണയാകാം. 25,875 ലും 25,945 ലും തടസം ഉണ്ടാകാം.

കമ്പനികൾ, വാർത്തകൾ

ഡോ. റെഡ്ഡീസ് ലബോറട്ടറീസ് ബ്രിട്ടനിലെ മെർക്കുറി ഫാർമഗ്രൂപ്പിൻ്റെ പ്രോജിനോവ, സൈക്ലോ പ്രോജിനോവ എന്നീ ബ്രാൻഡുകളും ഇന്ത്യയിലെ അനുബന്ധ ആസ്തികളും 3.215 കോടി ഡോളറിന് വാങ്ങി. പ്രീമിയം സൗന്ദര്യ, ചർമ സംരക്ഷണ ഉൽപന്നങ്ങളുടെ നിർമാണശേഷി കൂട്ടാൻ രണ്ടു വർഷത്തിനകം 2000 കോടി രൂപയുടെ മൂലധന നിക്ഷേപത്തിന് ഹിന്ദുസ്ഥാൻ യൂണിലീവർ ബോർഡ് അനുമതി നൽകി.

പൾമണറി ആർട്ടറിയിലെ രക്തസമ്മർദം കുറയ്ക്കാനുള്ള ബോസൻടാൻ ടാബ്‌ലറ്റിന് സൈഡസ് ലൈഫ് സയൻസസ് യുഎസ് എഫ്ഡിഎയുടെ അംഗീകാരം നേടി. നാഷണൽ ഹൈവേ അഥോറിറ്റി ഓഫ് ഇന്ത്യ, എൻസിസി ലിമിറ്റഡിനെയും ഉപകമ്പനി ഒബി ഇൻഫ്രാസ്ട്രക്ചറിനെയും രണ്ടു വർഷത്തെക്കു ടെൻഡറുകളിൽ പങ്കെടുന്നതിൽ നിന്നു വിലക്കി.

സ്വർണം കയറിയിട്ടു ചാഞ്ചാട്ടം

സ്വർണവും വെള്ളിയും ഇന്നലെ നല്ല മുന്നേറ്റം നടത്തിയെങ്കിലും വീണ്ടും ചാഞ്ചാട്ടമായി. മൂന്നു ശതമാനം ഉയർന്ന് ഔൺസിന് 5011.90 ഡോളർ വരെ എത്തിയ ശേഷം സ്വർണം ഗണ്യമായി താഴ്ന്നു. ചൈനീസ് വിപണിയിലെ വലിയ ഊഹക്കച്ചവടങ്ങളാണു ലോക വിപണിയിലും ഇപ്പോൾ വിലയെ നിയന്ത്രിക്കുന്നത്. വെള്ളി ആറു ശതമാനത്തിലധികം കുതിച്ചിട്ട് നേട്ടം കുറച്ചു.സ്വർണം ഇന്നലെ ഔൺസിന് 4978 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 4963 വരെ താഴ്‌ന്നു. പിന്നീട് 4972 ഡോളർ ആയി.

വെള്ളി ഔൺസിന് 77.32 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ ഔൺസിന് 77.12 ലാണു വെള്ളി. കേരളത്തിൽ 22 കാരറ്റ് സ്വർണം ഇന്നലെ വിലമാറ്റം ഇല്ലാതെ പവന് 1,13,080 രൂപയിൽ തുടർന്നു. മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ (എംസിഎക്സ്) ബുധനാഴ്ച 24 കാരറ്റ് സ്വർണം 10 ഗ്രാം 1,55,687 രൂപയിൽ ക്ലോസ് ചെയ്തു. വെള്ളി കിലോഗ്രാമിന് 2,42,520 രൂപയിൽ അവസാനിച്ചു. പ്ലാറ്റിനം 2075 ഉം പല്ലാഡിയം 1692 ഉം റോഡിയം 10,550 ഉം ഡോളറിലാണ്.

ലോഹങ്ങൾ ഭിന്ന ദിശകളിൽ

വ്യാവസായിക ലോഹങ്ങൾ ബുധനാഴ്ച ഭിന്നദിശകളിൽ നീങ്ങി. ചെമ്പ് 0.34 ശതമാനം ഉയർന്നു ടണ്ണിനു 12,602.90 ഡോളറിൽ എത്തി. അലൂമിനിയം 0.64 ശതമാനം കയറി ടണ്ണിന് 3058. 72 ഡോളറിൽ ക്ലോസ് ചെയ്തു. നിക്കലും ടിന്നും സിങ്കും ലെഡും താഴ്ച തുടർന്നു.

റബർ രാജ്യാന്തര വിപണിയിൽ മാറ്റമില്ലാതെ കിലോഗ്രാമിന് 192.50 സെൻ്റിൽ തുടർന്നു. കൊക്കോ 3.87 ശതമാനം കൂടി ഇടിഞ്ഞു ടണ്ണിനു 3332 ഡോളറിൽ എത്തി. വ്യാപാരത്തിനിടെ 3200 ഡോളർ വരെ താഴ്ന്നിരുന്നു. 2023 ഒക്ടോബറിനു ശേഷമുള്ള ഏറ്റവും താഴ്‌ന്ന വിലയാണിത്. 2024 -ൽ ടണ്ണിനു 12,000 ഡോളറിനു മുകളിൽ എത്തിയതാണു കൊക്കോ. ഘാനയിലും ഐവറി കോസ്റ്റിലും ഗോഡൗണുകളിൽ കൊക്കോ സ്റ്റോക്ക് റെക്കോർഡ് നിലയിലാണ്. ലണ്ടനിലെ ഐസ് എക്സ്ചേഞ്ചിൽ സറ്റോക്ക് 19.42 ലക്ഷം ചാക്ക് ആയി. പടിഞ്ഞാറൻ ആഫ്രിക്കയിൽ കാലാവസ്ഥ അനുകൂലമായത് ഉൽപാദനം ഉയർന്ന നിലയിൽ തുടരാൻ സഹായിക്കുന്നു.

കാപ്പി 0.74 ശതമാനം കയറി. തേയില വില മാറ്റമില്ല. പാം ഓയിൽ ടണ്ണിനു 4001 മലേഷ്യൻ റിംഗിറ്റിൽ തുടർന്നു.

ഡോളർ സൂചിക ഉയർന്നു

ഡോളർ സൂചിക ബുധനാഴ്ച 0.56 ശതമാനം ഉയർന്ന് 97.70 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 97.66 വരെ താണിട്ട് തിരിച്ചു കയറി. യൂറോ 1.1787 ഡോളറിലേക്കും പൗണ്ട് 1.3489 ഡോളറിലേക്കും താഴ്‌ന്നു. ഇസിബി അധുക്ഷ ക്രിസ്റ്റീൻ ലഗാർഡ് നേരത്തേ സ്ഥാനമൊഴിയും എന്ന റിപ്പോർട്ടാണ് യൂറോയെ താഴ്‌ത്തിയത്.

ജാപ്പനീസ് യെൻ ഒരു ഡോളറിന് 154.77 യെൻ എന്ന നിലയിലേക്കു താഴ്ന്നു. സ്വിസ് ഫ്രാങ്ക് 0.7728 ഡോളറിലേക്കു കയറി. ചൈനീസ് യുവാൻ ഡോളറിന് 6.91 യുവാൻ എന്ന നിരക്കിൽ തുടർന്നു. അമേരിക്കയിൽ 10 വർഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം 4.087 ശതമാനമായി ഉയർന്നു. ഫെഡ് നിരക്ക് കുറയ്ക്കൽ വൈകും എന്ന നിഗമനത്തിലാണിത്.

രൂപ മാറ്റമില്ലാതെ

ബുധനാഴ്ച രൂപ ചാഞ്ചാട്ടങ്ങൾക്കു ശേഷം മാറ്റമില്ലാതെ. ഡോളർ രണ്ടു പൈസ കൂടി 90.67 രൂപയിൽ ക്ലോസ് ചെയ്തു

ക്രൂഡ് ഓയിൽ കുതിക്കുന്നു

അമേരിക്ക -ഇറാൻ ചർച്ചയിൽ പുരോഗതി ഉണ്ടെങ്കിലും ഇറാൻ വേണ്ടത്ര അയവ് കാണിക്കുന്നില്ലെന്ന യുഎസ് വൈസ് പ്രസിഡൻ്റിൻ്റെ പ്രസ്താവന സംഘർഷ ഭീതി വളർത്തി. ക്രൂഡ് ഓയിൽ വില കുതിച്ചു കയറി. ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ ബുധനാഴ്ച ബാരലിന് 70.30 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നുരാവിലെ 70.35 ഡോളറിലേക്കു കയറി. ഡബ്ള്യുടിഐ ഇനം 65.15 ഉം യുഎഇയുടെ മർബൻ 70.73 ഉം ഡോളറിലാണ്. പ്രകൃതിവാതകവില കയറി 3.064 ഡോളറിൽ എത്തി.

ക്രിപ്റ്റോകൾ ഇടിഞ്ഞു

ക്രിപ്റ്റോ കറൻസികൾ ഇടിവ് തുടരുകയാണ്. ബിറ്റ്കോയിൻ 66,500 ഡോളറിനു താഴെ എത്തി. ഈഥർ 1960 ഡോളറിനും സൊലാന 82 ഡോളറിനും താഴെ നിൽക്കുന്നു.

വിപണി സൂചനകൾ

(2026 ഫെബ്രുവരി 18, ബുധൻ)

സെൻസെക്സ് 83,734.25 +0.34%

നിഫ്റ്റി50 25,819.35 +0.37%

ബാങ്ക് നിഫ്റ്റി 61,550.80 +0.62%

മിഡ്ക്യാപ്100 60,183.20 +0.50%

സ്മോൾക്യാപ്100 17,239.25 +0.54%

ഡൗ ജോൺസ് 49,662.66 +0.26%

എസ് ആൻഡ് പി 6881.31 +0.56%

നാസ്ഡാക് 22,753.64 +0.78%

ഡോളർ ₹90.67 +₹0.00

സ്വർണം (ഔൺസ്) $4978.00 +$99.00

സ്വർണം (പവൻ) ₹1,13,080 +₹00

ക്രൂഡ്ഓയിൽബ്രെൻ്റ് $70.30 +$2.88

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT