Morning business news Canva
Markets

യുദ്ധം എണ്ണപ്പാടങ്ങൾ കത്തിക്കുന്നു; 110 ഡോളർ കടന്നു ക്രൂഡ് ഓയിൽ; വിപണികൾ ഇടിവിൽ; രൂപയ്ക്കും ആഘാതം; സ്വർണം താഴുന്നു

അമേരിക്കൻ ഫെഡറൽ റിസർവ് നിരക്കുകളിൽ മാറ്റമില്ലാതെ പണനയം പ്രഖ്യാപിച്ചു

T C Mathew

വിപണിയെ വലിച്ചു താഴ്ത്താവുന്ന പല കാര്യങ്ങൾ ഒന്നിച്ചു വരുകയാണ്. ഇറാൻ യുദ്ധം ഗൾഫിലെ എണ്ണ- വാതക മേഖലയ്ക്കു വലിയ നാശം വരുത്താവുന്ന നിലയിലേക്കു മാറി. ക്രൂഡ് ഓയിൽ വില വീപ്പയ്ക്ക് 112 ഡോളറിൽ എത്തി. ഇനിയും കയറും എന്നാണു സൂചന.

അമേരിക്കൻ വിപണി ഇന്നലെ കുത്തനേ ഇടിഞ്ഞ ശേഷം ഇന്നു ഫ്യൂച്ചേഴ്സിലും താഴ്ന്നു. ഏഷ്യൻ വിപണികൾ രാവിലെ മൂന്നു ശതമാനം വരെ ഇടിഞ്ഞു.

ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി ബുധനാഴ്ച രാത്രി 23,218.00 ൽ അവസാനിച്ചു. ഇന്നു രാവിലെ 23,160 വരെ താഴ്ന്ന ശേഷം 23,250 ലേക്കു കയറി. നിഫ്റ്റി കനത്ത നഷ്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതു സൂചിപ്പിക്കുന്നത്.

അമേരിക്കൻ ഫെഡറൽ റിസർവ് നിരക്കുകളിൽ മാറ്റമില്ലാതെ പണനയം പ്രഖ്യാപിച്ചു. വിലക്കയറ്റം പ്രതീക്ഷ പോലെ കുറയുന്നില്ലെന്നും യുദ്ധം മൂലം കാര്യങ്ങൾ അനിശ്ചിതത്വത്തിലായി എന്നും ഫെഡ് വിലയിരുത്തി. യുഎസിൽ മൊത്തവിലയിലെ കയറ്റം പ്രതീക്ഷയിലധികമായി. ബാങ്ക് ഓഫ് ജപ്പാനും ബാങ്ക് ഓഫ് ഇംഗ്ലണ്ടും യൂറോപ്യൻ കേന്ദ്ര ബാങ്കും ഇന്നു തീരുമാനം പ്രഖ്യാപിക്കും. അവയും നിരക്കുകൾ മാറ്റില്ല എന്നാണു നിഗമനം.

എച്ച്ഡിഎഫ്സി ബാങ്ക് ചെയർമാൻ രാജിവച്ചു

എച്ച്ഡിഎഫ്സി ബാങ്ക് ചെയർമാൻ അതനു ചക്രവർത്തി ഇന്നലെ അപ്രതീക്ഷിതമായി രാജിവച്ചു. ബാങ്കിലെ ചില രീതികളും സംഭവങ്ങളും തൻ്റെ മൂല്യങ്ങൾക്കും ധാർമികതയ്ക്കും നിരക്കുന്നതല്ല എന്നാണ് അദ്ദേഹം പറഞ്ഞത്. സംഭവങ്ങൾ എടുത്തു പറഞ്ഞില്ല. കേന്ദ്രത്തിൽ ഇക്കണോമിക് അഫയേഴ്സ് സെക്രട്ടറിയായി റിട്ടയർ ചെയ്ത ചക്രവർത്തി 2021 ലാണ് ബാങ്ക് ഡയറക്ടർ ആയത്. അദ്ദേഹത്തിൻ്റെ കാലത്താണ് എച്ച്ഡിഎഫ്സിയെ ബാങ്കിൽ ലയിപ്പിച്ചത്. ന്യൂയോർക്കിൽ എച്ച്ഡിഎഫ്സി ബാങ്ക് എഡിആർ 7.28 ശതമാനം ഇടിഞ്ഞു. പിന്നീടു തുടർവ്യാപാരത്തിൽ 1.05 ശതമാനം ഉയർന്നു. ഐസിഐസിഐ ബാങ്ക് എഡിആർ 3.17 ശതമാനം താഴ്ന്നു.

യുഎസ് വിപണി ഇടിഞ്ഞു

യുഎസ് വിപണികൾ ബുധനാഴ്ച വലിയ നഷ്ടത്തിലായി. യുദ്ധം നീളുന്നതും എണ്ണവില കുതിച്ചുയരുന്നതും ആണ് വിപണിയെ വലിച്ചു താഴ്ത്തുന്നത്. യുദ്ധത്തിൽ അമേരിക്കയും ഇസ്രയേലും ഒറ്റപ്പെട്ടു എന്നതും ട്രംപ് ഭരണകൂടത്തിലെ വിയോജിപ്പുകളും ഇടിവിനു കാരണമായി.

ഡൗ ജോൺസ് 768.11 പോയിൻ്റ് (1.63%) ഇടിഞ്ഞ് 46,225.15 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 91.39 പോയിൻ്റ് (1.36%) നഷ്ടത്തോടെ 6624.70 ൽ അവസാനിച്ചു. നാസ്ഡാക് 327.11 പോയിൻ്റ് (1.46%) താഴ്ചയോടെ 22,152.42 ൽ ക്ലോസ് ചെയ്തു.

ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്സ് താഴ്ചയിലാണ്. ഡൗ ജോൺസ് 61 പോയിൻ്റും (0.13%) എസ് ആൻഡ് പി 6.5 പോയിൻ്റും (0.10%) നാസ്ഡാക് 32 പോയിൻ്റും (0.13%) താഴ്ന്നു നീങ്ങുന്നു.

യൂറോപ്യൻ വിപണികൾ ചൊവ്വാഴ്ച ഒരു ശതമാനം നഷ്ടത്തിൽ അവസാനിച്ചു.

ഏഷ്യൻ വിപണികൾ ഇന്നു വലിയ ഇടിവിലാണ്. ജപ്പാനിലെ നിക്കൈയും ദക്ഷിണ കൊറിയയിലെ കോസ്‌പിയും രാവിലെ മൂന്നു ശതമാനം താഴ്ചയിലായി. ഓസ്ട്രേലിയൻ സൂചിക 1.6 ശതമാനം താഴ്ന്നു. ഹോങ് കോങ്, ചൈനീസ് വിപണികളും താഴ്ന്നു വ്യാപാരം തുടങ്ങി.

ഇന്ത്യൻ വിപണി ഉയർന്നു

തുടർച്ചയായ മൂന്നാം ദിവസവും ഇന്ത്യൻ വിപണി ഉയർന്നു. എങ്കിലും വിപണി എത്തിയ ഉയരത്തിൽ നിന്നു ഗണ്യമായി താഴ്ന്നാണ് അവസാനിച്ചത്. ക്രൂഡ് ഓയിൽ വില ഉയർന്നു നിൽക്കുന്നതാണ് കാരണം. ഇന്ത്യ വാങ്ങുന്ന ക്രൂഡ് ഓയിൽ ബാസ്കറ്റ് വില 146 ഡോളറിനു മുകളിൽ തുടർന്നു. യുദ്ധം തുടങ്ങും മുൻപ് 70 ഡോളറായിരുന്നു. മുഖ്യ സൂചികകളെ അപേക്ഷിച്ചു വലിയ മുന്നേറ്റമാണ് മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികൾ കാഴ്ചവച്ചത്.

സെൻസെക്‌സ് ബുധനാഴ്ച 633.29 പോയിൻ്റ് (0.83%) ഉയർന്ന് 76,704.13 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 196.65 പോയിൻ്റ് (0.83%) കയറി 23,777.80 ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 450.05 പോയിൻ്റ് (0.82%) നേട്ടത്തോടെ 55,326.05 ൽ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 1115.45 പോയിൻ്റ് (2.02%) കുതിച്ച് 56,289.85 ലും സ്മോൾ ക്യാപ് 100 സൂചിക 266.25 പോയിൻ്റ് (1.67%) നേട്ടത്തോടെ 16,179.15 ലും അവസാനിച്ചു.

'

വിപണിയിൽ ബഹുഭൂരിപക്ഷം ഓഹരികളും ഉയർന്നു. ബിഎസ്ഇയിൽ 3169 ഓഹരികൾ ഉയർന്നപ്പോൾ 1130 എണ്ണം താഴ്ന്നു. എൻഎസ്ഇയിൽ 2532 എണ്ണം ഉയർന്നപ്പോൾ 698 എണ്ണം ഇടിഞ്ഞു.

വിദേശനിക്ഷേപകർ ബുധനാഴ്ചയും വിൽപന തുടർന്നു. എങ്കിലും അറ്റവിൽപന കുറവായിരുന്നു. ക്യാഷ് വിപണിയിൽ വിദേശ ഫണ്ടുകൾ 2714.35 കോടി രൂപയുടെ അറ്റവിൽപന നടത്തി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 3253.03 കോടി രൂപയുടെ അറ്റവാങ്ങൽ നടത്തി.

ഐടി, റിയൽറ്റി, ഓട്ടോ, മീഡിയ, കൺസ്യൂമർ ഡ്യൂറബിൾസ്, ടൂറിസം മേഖലകൾ ഇന്നലെ മികച്ച മുന്നേറ്റം നടത്തി. മെറ്റലും എഫ്എംസിജിയും നാമമാത്രമായി താഴ്ന്നു.

5000 നഷ്ടപ്പെടുത്തി സ്വർണം

ഔൺസിന് 5000 ഡോളറിൻ്റെ പിന്തുണ നഷ്ടപ്പെടുത്തിയാണു സ്വർണം ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്. 5017 ഡോളറിൽ നിന്നു 4805 ലേക്ക് ഇടിഞ്ഞ സ്വർണം 4819.70 ഡോളറിൽ ക്ലോസ് ചെയ്തു. മൂന്നു ശതമാനത്തിലധികം ഇടിവ്. ഇന്നു രാവിലെ വില 4856 ഡോളർ വരെ കയറി.

വെള്ളിയും ഇടിയുകയാണ്. ബുധനാഴ്ച 74.89 - 80.31 ഡോളറിൽ കയറിയിറങ്ങിയ വെള്ളി ഔൺസിന് 75.46 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 76.45 വരെ കയറി.

പ്ലാറ്റിനം 2040 ഡോളർ, പല്ലാഡിയം 1475 ഡോളർ, റോഡിയം 10,950 ഡോളർ എന്നിങ്ങനെ നിൽക്കുന്നു..

കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 480 രൂപ ഇടിഞ്ഞ് 1,15,440 രൂപയിൽ എത്തി.

മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ (എംസിഎക്സ്) ബുധനാഴ്ച 24 കാരറ്റ് സ്വർണം 10 ഗ്രാം 1,53,100 രൂപയിൽ ക്ലോസ് ചെയ്തു. വെള്ളി കിലോഗ്രാമിന് 2,47,700 രൂപയിൽ അവസാനിച്ചു.

സ്വർണവും വെള്ളിയും ഇടിയുന്നത്, കടം വാങ്ങിയുള്ള വ്യാപാരം കുറയ്ക്കുന്നതിൻ്റെ ഫലമാണെന്നും വില വീണ്ടും കയറുമെന്നും ബിഎൻപി പാരിബയുടെ ചീഫ് സ്ട്രാറ്റജി ഓഫീസർ ഫിലിപ്പ് ഗീസെൽ അഭിപ്രായപ്പെട്ടു. ചരിത്രത്തിലെ ഏറ്റവും വലിയ ബുൾ വിപണി തുടങ്ങുന്നതേ ഉള്ളൂ എന്നാണ് അദ്ദേഹം കരുതുന്നത്. രണ്ടു വർഷത്തിനുള്ളിൽ സ്വർണം ഔൺസിന് 10,000 ഡോളറും വെള്ളി 200 ഡോളറും എത്തുമെന്നാണു ഗീസെലിൻ്റെ പ്രവചനം.

ലോഹങ്ങൾ ഇടിവിൽ

അലൂമിനിയം ഒഴികെയുള്ള വ്യാവസായിക ലോഹങ്ങൾ ഇന്നലെ ഇടിഞ്ഞു. ചെമ്പ് 1.37 ശതമാനം താഴ്ന്നു ടണ്ണിന് 12,502.85 ഡോളറിൽ എത്തി. അലൂമിനിയം 0.06 ശതമാനം ഉയർന്ന് 3382.92 ഡോളർ ആയി. നിക്കലും ലെഡും ടിനും സിങ്കും താഴ്‌ന്നു.

റബർ താഴ്ന്നു

ബുധനാഴ്ച രാജ്യാന്തര വിപണിയിൽ റബർ 0.10 ശതമാനം താഴ്ന്നു കിലോഗ്രാമിന് 195.60 സെൻ്റിൽ എത്തി. കൃത്രിമ റബർ വില 0.05 ശതമാനം ഉയർന്ന് ടണ്ണിന് 15,883.33 യുവാൻ ആയി.

കൊക്കോ വില 3.40 ശതമാനം താഴ്ന്നു ടണ്ണിന് 3235.00 ഡോളറിൽ എത്തി.

തേയിലവില മാറ്റമില്ലാതെ തടരുന്നു. കാപ്പി 0.75 ശതമാനം താഴ്ന്നു. പാം ഓയിൽ വില ടണ്ണിനു 4557 മലേഷ്യൻ റിംഗിറ്റിലേക്കു താഴ്ന്നു.

പോളി എഥിലിൻ, പോളിപ്രൊപ്പിലിൻ, പിവിസി വിലകൾ 5.86 ശതമാനം വരെ കയറി. യൂറിയ ടണ്ണിന് 610.00 ഡോളർ ആയി.

ഡോളർ സൂചിക 100നു മുകളിൽ

ഡോളർ സൂചിക ഇന്നലെ വീണ്ടും ഉയർന്ന് 100.09 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 100.25 ലേക്കു കയറിയിട്ടു താഴ്ന്ന. ഫെഡ് പലിശനിരക്ക് കുറയ്ക്കാത്തതാണു കാരണം.

യൂറോ 1.1466 ഡോളറിലേക്കും പൗണ്ട് 1.3268 ഡോളറിലേക്കും ഇടിഞ്ഞു. ജാപ്പനീസ് യെൻ ഡോളറിന് 159.74 യെൻ എന്ന നിലയിലേക്ക് താണു. ചൈനീസ് യുവാൻ ഡോളറിന് 6.87 യുവാൻ എന്ന നിരക്കിലേക്ക് ഉയർന്നു.

അമേരിക്കയിൽ 10 വർഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം 4.283 ശതമാനമായി ഉയർന്നു. വിലക്കയറ്റം കൂടുമ്പോൾ യുഎസ് ഫെഡ് പലിശ കൂട്ടും എന്ന നിഗമനത്തിലാണ് വിപണി.

രൂപ താഴ്ചയിൽ

ഡോളർ കരുത്തു കാണിച്ചതോടെ ബുധനാഴ്ച രൂപ ദുർബലമായി. ഡോളർ 26 പൈസ വർധിച്ച് 92.63 രൂപയിൽ ക്ലോസ് ചെയ്തു. ഇതു ഡോളറിൻ്റെ റെക്കോർഡ് ക്ലോസിംഗ് ആണ്. റിസർവ് ബാങ്ക് വിപണിയിൽ ഡോളർ വിൽപന വലിയ തോതിൽ തുടർന്നിട്ടും രൂപയെ പിടിച്ചു നിർത്താനായില്ല.

ഇന്ത്യയുടെ അടവുശിഷ്ട നിലയെ (Balance of Payments) പറ്റി വലിയ ആശങ്ക വിപണിയിൽ ഉയരുന്നതാണു രൂപയെ താഴ്ത്തുന്ന വിഷയം. ക്രൂഡ് ഓയിൽ, പ്രകൃതിവാതക, പാചകവാതക വിലകൾ കുതിച്ചു കയറുന്നത് വാണിജ്യകമ്മി നിയന്ത്രണാതീതമാക്കുന്നു. കയറ്റുമതി കുറയുകയുമാണ്. മുൻവർഷങ്ങളിൽ മൂലധനവരവ് വാണിജ്യകമ്മിയെ മറികടക്കുമായിരുന്നു. ഇപ്പോൾ മൂലധനവരവ് ഇടിഞ്ഞു, ഓഹരികളിൽ നിന്നു വിദേശനിക്ഷേപകർ വിറ്റു മാറുന്നു, ഗൾഫ് മേഖലയിലെ തൊഴിൽനഷ്ടം പ്രവാസികളിൽ നിന്നുള്ള വരവ് കുറയ്ക്കുന്നു. ഇതെല്ലാം അടവുശിഷ്ടനിലയിൽ വലിയ കമ്മി വരുത്തും.

ഇന്നു ഡോളർ 93 രൂപ കടന്ന് ഓപ്പൺ ചെയ്യാൻ സാധ്യതയുണ്ട്. വിദേശത്തെ നോൺ ഡെലിവെറേബിൾ ഫോറെക്സ് (എൻഡിഎഫ്) വിപണിയിൽ ഡോളർ ഇന്നലെ രാത്രി 93.19 രൂപയിൽ എത്തിയിട്ട് 93.08 ലേക്കു താഴ്ന്നു. ചൈനീസ് യുവാൻ 13.55 രൂപയിലേക്കും യൂറോ 106.84 രൂപയിലേക്കും കയറി. ഇന്ന് ഇന്ത്യയിലെ കറൻസി വ്യാപാരത്തിൽ ഇവയുടെ സ്വാധീനം പ്രകടമാകും.

ക്രൂഡ് ഓയിൽ കുതിക്കുന്നു

എണ്ണവില കുതിക്കുകയാണ്. ഇറാനിലെ വലിയ വാതക ഖനനകേന്ദ്രത്തിൽ ഇസ്രേലി ബോംബിംഗ് നടന്നു. പകരം സൗദി അറേബ്യ, ഖത്തർ, യുഎഇ എന്നിവിടങ്ങളിലെ റിഫൈനറികളിലേക്കും എണ്ണ - വാതക ഖനന കേന്ദ്രങ്ങളിലേക്കും ഇറാൻ്റെ മിസൈലുകൾ ചെന്നു. ഇതോടെ ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ വില വീപ്പയ്ക്ക് 112 ഡോളർ വരെ എത്തി. ഡബ്ള്യുടിഐ ഇനം ക്രൂഡ് 99.62 ഡോളറിലും യുഎഇയുടെ മർബൻ ക്രൂഡ് 116.84 ഡോളറിലും നിൽക്കുന്നു.

ക്രിപ്റ്റോകൾ ഇടിഞ്ഞു

ക്രിപ്റ്റോ കറൻസികൾ ഇടിവു തുടരുകയാണ്. ബിറ്റ്കോയിൻ രാവിലെ 71,000 ഡോളറിനു താഴെയായി. ഈഥർ 2200 ഡോളറിനും സൊലാന 90 ഡോളറിനും താഴെ നിൽക്കുന്നു.

വിപണിസൂചനകൾ

(2026 മാർച്ച് 18, ബുധൻ)

സെൻസെക്സ് 76,704.13 +0.83%

നിഫ്റ്റി50 23,777.80 +0.83%

ബാങ്ക് നിഫ്റ്റി 55,326.05 +0.82%

മിഡ്ക്യാപ്100 56,289.85 + 2.02%

സ്മോൾക്യാപ്100 16,179.15 +1.67%

ഡൗ ജോൺസ് 46,225.15 -1.63%

എസ് ആൻഡ് പി 6624.70 -1.36%

നാസ്ഡാക് 22,152.42 -1.46%

ഡോളർ ₹92.63 +₹0.26

സ്വർണം(ഔൺസ്) $4819.70 -180.60

സ്വർണം (പവൻ) ₹1,15,440 -₹480

ക്രൂഡ്ഓയിൽബ്രെൻ്റ് $107.40 +$3.98

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT