Morning business news canva
Markets

മൂഡീസ് റേറ്റിംഗില്‍ അങ്കലാപ്പ്; വിദേശ നിക്ഷേപകര്‍ ഇന്ത്യയിലേക്ക് വരുമോ? ഏഷ്യന്‍ വിപണികള്‍ താഴ്ചയില്‍; സ്വര്‍ണം കയറി

ഡോളർ സൂചിക താഴുന്നു; ക്രൂഡും ക്രിപ്‌റ്റോകളും മുന്നോട്ട്; നിഫ്റ്റി 24,800-24,850 മേഖലയില്‍ പിന്തുണ നിലനിര്‍ത്തിയാല്‍ മുന്നേറ്റത്തിന് സാധ്യത

T C Mathew

മൂഡീസ് അമേരിക്കയുടെ ക്രെഡിറ്റ് റേറ്റിംഗ് താഴ്ത്തിയതിൻ്റെ അങ്കലാപ്പ് ഇന്നു വിപണികളിൽ ഉണ്ടാകും. അമേരിക്കൻ ഓഹരികളിലും വിപണികളിലും നിന്നു പിൻവലിക്കുന്ന പണത്തിൽ കുറേ ഇന്ത്യൻ വിപണിയിൽ എത്തുമെന്നും ഇന്ത്യൻ ഓഹരികൾ കയറുമെന്നും പ്രതീക്ഷിക്കുന്നവർ കുറവല്ല. വിപണിയിൽ അതിൻ്റെ പ്രതിഫലനം കാണാം. 

മൂഡീസ് വെള്ളിയാഴ്ച ഓഹരി വിപണി ക്ലോസ് ചെയ്ത ശേഷമാണ് അമേരിക്കയുടെ ക്രെഡിറ്റ് റേറ്റിംഗ് താഴ്ത്തിയത്. യുഎസ് കമ്മി ജിഡിപിയുടെ 6.4 ശതമാനം ആയതും രാജ്യത്തിൻ്റെ കടം ജിഡിപിയുടെ മുകളിൽ കടക്കാൻ ഒരുങ്ങുന്നതും കണക്കിലെടുത്താണ് മൂഡീസ് നടപടി. ട്രിപ്പിൾ എയിൽ നിന്ന് ഡബിൾ എ പോസിറ്റീവിലേക്കാണു താഴ്ത്തൽ. ഇതു യുഎസ് ഡോളറിനെ താഴ്ത്തുകയും യുഎസ് ഓഹരികളുടെയും കടപ്പത്രങ്ങളുടെയും വില ഇടിക്കുകയും സ്വർണവില ഉയർത്തുകയും ചെയ്യും. വെള്ളിയാഴ്ചയും ഇന്നു രാവിലെയുമായി സ്വർണം രണ്ടര ശതമാനം കയറി. യുഎസ് ഓഹരി ഫ്യൂച്ചേഴ്സ് താഴ്ന്നു. ഏഷ്യൻ വിപണികൾ ഇടിഞ്ഞു. 

ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി വെള്ളിയാഴ്ച രാത്രി 25,089 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 25,050 വരെ താഴ്ന്നു. പിന്നീട് അൽപം കയറി. ഇന്നു വിപണി നഷ്ടത്തിൽ വ്യാപാരം തുടങ്ങുമെന്നാണ് ഇതു സൂചിപ്പിക്കുന്നത്. 

വിദേശ വിപണി

യൂറോപ്യൻ വിപണികൾ വെള്ളിയാഴ്ച മികച്ച നേട്ടത്തിൽ അവസാനിച്ചു. ടെക് ഓഹരികളുടെ കുതിപ്പിൽ യുഎസ് വിപണി കഴിഞ്ഞയാഴ്ച മികച്ച നേട്ടമുണ്ടാക്കി. യുഎസ് - ചെെന വ്യാപാര സന്ധിയാണ് വിപണിക്ക് ഊർജമായത്. നാസ്ഡാക് കോംപസിറ്റ് സൂചിക ഏഴും എസ് ആൻഡ് പി 500 സൂചിക അഞ്ചും ഡൗ ജോൺസ് മൂന്നും ശതമാനം പ്രതിവാര നേട്ടം ഉണ്ടാക്കി.

വെള്ളിയാഴ്ച ഡൗ ജോൺസ് സൂചിക 331.99 പോയിൻ്റ് (0.78%) ഉയർന്ന് 42,654.74 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 500 സൂചിക 41.45 പോയിൻ്റ് (0.70%) കയറി 5958.38 ൽ അവസാനിച്ചു. നാസ്ഡാക് 98.78 പോയിൻ്റ് (0.52%) നേട്ടത്താേടെ  19,211.10 ൽ എത്തി.

യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു രാവിലെ താഴ്ചയിലാണ്. ഡൗ 0.60ഉം  എസ് ആൻഡ് പി 0.78 ഉം നാസ്ഡാക് 1.02 ഉം ശതമാനം താഴ്ന്നു നിൽക്കുന്നു. 

ഏഷ്യൻ വിപണികൾ ഇന്നും നഷ്ടത്തിലാണ്.  ജപ്പാനിൽ നിക്കൈ സൂചിക അര ശതമാനം താഴ്ന്നു. കൊറിയ, ഹോങ് കോങ്,  ഷാങ് ഹായ് സൂചികകളും താഴ്ന്നു വ്യാപാരം തുടങ്ങി.

ഇന്ത്യൻ വിപണി താഴ്ന്നു

തലേന്നു കുതിച്ചു കയറിയ ഇന്ത്യൻ വിപണി തുടക്കത്തിൽ നേരിയ നേട്ടം കാണിച്ചെങ്കിലും പിന്നീടു താഴ്ചയിലായി. തിരികെ നേട്ടത്തിൽ വരാൻ സാധിച്ചുമില്ല. നിഫ്റ്റി 24,953 നും 25,070 നു മിടയിൽ ചാഞ്ചാടി.

പ്രതിരോധ ഓഹരികൾ മികച്ച പ്രകടനം നടത്തി. കൊച്ചിൻ ഷിപ്പ് യാർഡ് 12.96 ശതമാനം ഉയർന്ന് 2047 രൂപയിൽ എത്തി അഞ്ചു ദിവസം കൊണ്ട് 35 ആറു മാസം കൊണ്ട് 57 ഉം ശതമാനം ഉയർന്നതാണ് ഓഹരി. മസഗാേൺ ഡോക്ക് ഷിപ്പ് യാർഡും ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്സും 10 ശതമാനത്തിലധികം കയറി. ഡാറ്റാ പാറ്റേൺസ് 9.75 ശതമാനം ഉയർന്നു. ബെൽ, ഭാരത് ഡൈനമിക്സ് തുടങ്ങിയവയും കുതിപ്പിലാണ്.

വെള്ളിയാഴ്ച നിഫ്റ്റി 42.30 പോയിൻ്റ് (0.17%) താഴ്ന്ന് 25,019.80 ൽ ക്ലോസ് ചെയ്തു. സെൻസെക്സ് 200.15 പോയിൻ്റ് (0.24%) നഷ്ടത്തോടെ 82,330.59 ൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 0.70 പോയിൻ്റ് (0.00) താഴ്ന്ന് 55,354.90 ൽ അവസാനിച്ചു. മിഡ് ക്യാപ് 100 സൂചിക 529.65 പോയിൻ്റ് (0.94 ശതമാനം) കയറി 57,060.50 ൽ എത്തി. സ്മോൾ ക്യാപ് 100 സൂചിക 320.45 പോയിൻ്റ് (1.86 ശതമാനം) കയറി 17,560.40 ൽ ക്ലോസ് ചെയ്തു.

വിശാല വിപണിയിലെ കയറ്റ - ഇറക്ക അനുപാതം കയറ്റത്തിന്  അനുകൂലമായി തുടർന്നു. ബിഎസ്ഇയിൽ 2542 ഓഹരികൾ ഉയർന്നപ്പോൾ 1449 ഓഹരികൾ ഇടിഞ്ഞു. എൻഎസ്ഇയിൽ  ഉയർന്നത് 1969 എണ്ണം. താഴ്ന്നത് 911 ഓഹരികൾ.

എൻഎസ്ഇയിൽ 57 ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന വിലയിൽ എത്തിയപ്പോൾ താഴ്ന്ന വിലയിൽ എത്തിയത് എട്ട് എണ്ണമാണ്. 175 ഓഹരികൾ അപ്പർ സർകീട്ടിൽ എത്തിയപ്പോൾ 33 എണ്ണം ലോവർ സർകീട്ടിൽ എത്തി.

വിദേശനിക്ഷേപകർ വെള്ളിയാഴ്ച ക്യാഷ് വിപണിയിൽ 8831.05 കാേടി രൂപയുടെ അറ്റ വാങ്ങൽ നടത്തി. സ്വദേശി ഫണ്ടുകൾ 5187.09 കോടി രൂപയുടെ ഓഹരികളും വാങ്ങി.

നിഫ്റ്റി 24,800 - 24,850 മേഖലയിലെ പിന്തുണ നിലനിർത്തിയാൽ സൂചിക മുന്നറ്റത്തിനുള്ള ആക്കം തുടരും. ഇന്നു നിഫ്റ്റിക്ക് 24,970 ഉം 24,900 ഉം പിന്തുണയാകും. 25,060 ലും 25,125 ലും തടസം ഉണ്ടാകാം.

സ്വർണം ഇറങ്ങി, കയറി

വെള്ളിയാഴ്ച സ്വർണം താഴ്ച തുടർന്നു. ഡോളർ കരുത്തുനേടുന്ന സാഹചര്യത്തിൽ വേറേ വഴി ഉണ്ടായിരുന്നില്ല. ഔൺസിന് 3152 ഡോളർ വരെ വില എത്തി. എന്നാൽ വിപണി ക്ലോസ് ചെയ്യുന്നതിന് അൽപം മുൻപ് മൂഡീസ് അമേരിക്കയുടെ ക്രെഡിറ്റ് റേറ്റിംഗ് താഴ്ത്തി. വിപണി പെട്ടെന്നു പ്രതികരിച്ചു. താഴ്ന്ന നിലയിൽ നിന്ന് 51 ഡോളർ ഉയർന്ന് 3203.70 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ ഏഷ്യൻ വ്യാപാരം ആരംഭിച്ചപ്പോൾ വീണ്ടും കയറി ഔൺസിന് 3247 ഡോളറിൽ എത്തി. പിന്നീട് 3226 ലേക്കു താഴ്ന്നു.

കേരളത്തിൽ ഇന്നലെ 880 രൂപ വർധിച്ച് പവൻ വില 69,760 രൂപയിൽ എത്തി. 

വെള്ളിവില ഔൺസിന് 32.50 ഡോളറിലാണ്.

വെള്ളിയാഴ്ച വ്യാവസായിക ലോഹങ്ങൾ ഇടിഞ്ഞു. ചെമ്പുവില 0.04 ശതമാനം താഴ്ന്ന് ടണ്ണിന് 9533.30 ഡോളറിൽ എത്തി. അലൂമിനിയം വില 0.70 ശതമാനം ഇടിഞ്ഞു ടണ്ണിന് 2471.52 ഡോളർ ആയി. ടിൻ 0.30ഉം സിങ്ക് 0.36ഉം നിക്കൽ 0.26 ഉം ശതമാനം താഴ്ന്നു. ലെഡ് 0.90 ശതമാനം ഉയർന്നു.

രാജ്യാന്തര വിപണിയിൽ റബർ വില 1.71 ശതമാനം താഴ്ന്നു കിലോഗ്രാമിന് 172.40 സെൻ്റിൽ എത്തി. കൊക്കോ 3.48 ശതമാനം കുതിച്ച് 10,931.77 ഡോളറിൽ എത്തി. കാപ്പി 2.14 ശതമാനം താഴ്ന്നു. പാമോയിൽ വില 1.29 ശതമാനം താഴ്ന്നു.

ഡോളർ സൂചിക താഴുന്നു

 ഡോളർ സൂചിക വെള്ളിയാഴ്ച ഉയർന്നു. സൂചിക 101.09ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക 100.69 ലേക്കു താഴ്ന്നു.

യൂറോ 1.1189 ഡോളറിലേക്കും പൗണ്ട് 1.3305 ഡോളറിലേക്കും എത്തി. ജാപ്പനീസ് യെൻ ഡോളറിന് 145.00 യെൻ എന്ന നിരക്കിലേക്ക് കയറി.

റേറ്റിംഗ് താഴ്ത്തലിനെ തുടർന്ന് ഇന്നു യുഎസ് കടപ്പത്രവില കുറഞ്ഞു. 10 വർഷ കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം 4.481 ശതമാനത്തിലേക്കു കുതിച്ചുകയറി. 

രൂപ വെള്ളിയാഴ്ച മികച്ച നേട്ടത്തിൽ വ്യാപാരം തുടങ്ങി ഒടുവിൽ നേരിയ നേട്ടത്തിൽ ക്ലോസ് ചെയ്തു. ഡോളർ അഞ്ചു പൈസ കുറഞ്ഞ് 85.50 രൂപയിൽ അവസാനിച്ചു.

ചൈനയുടെ കറൻസി ഒരു ഡോളറിന്  7.21 യുവാൻ എന്ന നിലയിൽ തുടരുന്നു.

ക്രൂഡ്  ഓയിൽ കയറി

ഡോളർ താഴും എന്ന നിഗമനത്തിൽ ഇന്നു ക്രൂഡ് ഓയിൽ വില ഉയർന്നു. ബ്രെൻ്റ് ഇനം 1.4 ശതമാനം ഉയർന്ന് ബാരലിന് 65.41 ഡോളറിൽ അവസാനിച്ചു. ഇന്നു രാവിലെ ബ്രെൻ്റ് 65.31 ഉം ഡബ്ല്യുടിഐ 62.44 ഉം  ഡോളറിൽ ആണ്.

ക്രിപ്റ്റോകൾ  കയറുന്നു

യുഎസ് ക്രെഡിറ്റ് റേറ്റിംഗ് താഴ്ത്തിയത് ക്രിപ്റ്റോ കറൻസികളെ ഉയർത്തി. ബിറ്റ് കോയിൻ  ഇന്ന് 1,07,000 ഡോളർ വരെ കയറിയിട്ട് 1,05,300 ലേക്കു താഴ്ന്നു. ഈഥർ 2450 ഡോളറിൽ എത്തി.

വിപണിസൂചനകൾ

(2025 മേയ് 16, വെള്ളി)

സെൻസെക്സ്30   82,330.59     -0.24%

നിഫ്റ്റി50       25,019.80         -0.17%

ബാങ്ക് നിഫ്റ്റി   55,354.90       -0.00%

മിഡ് ക്യാപ്100   57,060.50     +0.94%

സ്മോൾക്യാപ്100  17,560.40    +1.86%

ഡൗജോൺസ്   42,654.74     +0.78%

എസ്ആൻഡ്പി   5958.38      +0.70%

നാസ്ഡാക്      19,211.10     +0.52%

ഡോളർ($)     ₹85.50        -₹0.05

സ്വർണം(ഔൺസ്) $3203.70   -$37.80

സ്വർണം(പവൻ)    ₹69,760      +₹880

ക്രൂഡ്(ബ്രെൻ്റ്)ഓയിൽ $65.41   +$0.88 

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT