പശ്ചിമേഷ്യൻ യുദ്ധം പുതിയ തലത്തിലേക്കു പ്രവേശിച്ചു. വിപണികൾ വീണ്ടും അനിശ്ചിതത്വത്തിലായി. എന്നാൽ വലിയ തകർച്ചയുടെ സൂചനയല്ല യുഎസ് ഫ്യൂച്ചേഴ്സും ഏഷ്യൻ വിപണികളും നൽകുന്നത്. ക്രൂഡ് ഓയിൽ രാവിലെ ഏഴര ശതമാനം കുതിച്ചു കയറിയിട്ട് നേട്ടം അൽപം കുറച്ചു. സ്വർണം ഒന്നര ശതമാനത്തിലധികം ഇടിഞ്ഞ ശേഷം ഗണ്യമായി തിരിച്ചുകയറി.
ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി വെള്ളിയാഴ്ച രാത്രി 24,700.00ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 24,442 വരെ താഴ്ന്നിട്ടു തിരിച്ച് 24,500 വരെ കയറി. നിഫ്റ്റി ഇന്നു മിതമായ നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതു സൂചിപ്പിക്കുന്നത്.
ഹോർമുസ് കടലിടുക്ക് തുറന്നതായ വെള്ളിയാഴ്ചത്തെ ഇറാൻ്റെ പ്രഖ്യാപനം പാഴ്‌വാക്കായി. ഇറാനിലെ തീവ്രവിഭാഗമായ വിപ്ലവ ഗാർഡ് സേന (ഐആർജിസി) വിദേശകാര്യമന്ത്രിയുടെ പ്രസ്താവനയെ തള്ളിപ്പറയുകയും കപ്പൽച്ചാൽ അടയ്ക്കുകയും ചെയ്തു. യുഎസ് നാവികസേന ഇന്നലെ ഇറാൻ്റെ ഒരു ചരക്കുകപ്പൽ പിടിച്ചെടുത്തു. ഇറാൻ്റെ പീരങ്കി ബോട്ടുകൾ യുഎസ് കപ്പലുകൾക്കു നേരേ ആക്രമണം നടത്തി. ചർച്ചയ്ക്കും ഒത്തുതീർപ്പിനും വഴങ്ങിയില്ലെങ്കിൽ ഇറാനിലെ മുഴുവൻ പാലങ്ങളും വൈദ്യുതനിലയങ്ങളും തകർക്കുമെന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് വീണ്ടും മുന്നറിയിപ്പ് നൽകി. ചർച്ചയ്ക്കായി യുഎസ് പ്രതിനിധി ഇന്ന് പാക്കിസ്ഥാനിൽ എത്തുമെന്നു ട്രംപ് പറഞ്ഞ ശേഷമാണ് ഈ സംഭവങ്ങൾ. ചർച്ച അനിശ്ചിതത്വത്തിലായി. ചർച്ചയിൽ പങ്കെടുക്കില്ലെന്ന് ഇറാനിയൻ വാർത്താ ഏജൻസി പറയുന്നു. പക്ഷേ വിപണികൾ ചെറിയ പ്രതീക്ഷ നിലനിർത്തുന്നുണ്ട്.
ഇറാനിലെ രാഷ്ട്രീയ നേതൃത്വത്തെ തീവ്രവാദികളായ ഐആർജിസി പ്രായോഗികമായി അട്ടിമറിച്ചു എന്നാണു കരുതേണ്ടത്. സ്പീക്കർ മുഹമ്മദ് ഖാലിബാഫും വിദേശകാര്യമന്ത്രി അബ്ബാസ് അരാഖ്ചിയും അപ്രസക്തരാകും അല്ലെങ്കിൽ സ്ഥാനഭ്രഷ്ടരാകും എന്നു വരെയാണ് ചില വിമത ഇറാനിയൻ വെബ് സൈറ്റുകൾ പറയുന്നത്.
ഹോർമുസ് തുറന്നതായ ഇറാൻ വിദേശകാര്യ മന്ത്രിയുടെ പ്രസ്താവന വെള്ളിയാഴ്ച യുഎസ് വിപണിയിൽ റെക്കോർഡ് മുന്നേറ്റത്തിനു സഹായിച്ചു. എസ് ആൻഡ് പി 500 ഉം നാസ്ഡാക് കോംപസിറ്റും വീണ്ടും പുതിയ റെക്കോർഡിൽ ക്ലോസ് ചെയ്തു. നാസ്ഡാക് തുടർച്ചയായ 13 ദിവസം കയറി.
ഡൗ ജോൺസ് സൂചിക വെളളിയാഴ്ച 868.71 പോയിൻ്റ് (1.79%) കുതിച്ച് 49,447.43 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 84.78 പോയിൻ്റ് (1.20%) നേട്ടത്തോടെ 7126.06 ൽ അവസാനിച്ചു. നാസ്ഡാക് 365..78 പോയിൻ്റ് (1.52%) ഉയർന്ന് 24,468.48 ൽ ക്ലോസ് ചെയ്തു.
ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്സ് ഒരു ശതമാനത്തിലധികം താഴ്ചയിലായ ശേഷം നഷ്‌ടം കുറച്ചു. ഡൗ ജോൺസ് 366 പോയിൻ്റും (0.74%) എസ് ആൻഡ് പി 38 പോയിൻ്റും (0. 53%) നാസ്ഡാക് 123 പോയിൻ്റും (0.47%) താഴ്ന്നു നീങ്ങുന്നു.
എച്ച്ഡിഎഫ്സി ബാങ്ക് എഡിആർ വെള്ളിയാഴ്ച 4.09 ശതമാനം ഉയർന്നിട്ടു തുടർവ്യാപാരത്തിൽ 0.29 ശതമാനം കയറി 27.59 ഡോളറിൽ എത്തി. ഐസിഐസിഐ ബാങ്ക് എഡിആർ നിശ്ചിത സമയത്ത് 1.48 ശതമാനം കയറിയ ശേഷം തുടർവ്യാപാരത്തിൽ 0.03 ശതമാനം താഴ്ന്ന് 28.79 ഡോളറിൽ നിന്നു. ഇൻഫോസിസ് എഡിആർ 0.56 ശതമാനം ഉയർന്നിട്ടു തുടർ വ്യാപാരത്തിൽ 0.55 ശതമാനം കയറി 14.54 ഡോളറിൽ എത്തി. വിപ്രോ 1.39 ശതമാനം കയറിയ ശേഷം തുടർ വ്യാപാരത്തിൽ 1.37 ശതമാനം ഉയർന്ന് 2.22 ഡോളർ ആയി.
യൂറോപ്യൻ വിപണികൾ വെള്ളിയാഴ്ച രണ്ടു ശതമാനത്തോളം ഉയർന്നു.
പശ്ചിമേഷ്യൻ സാഹചര്യം മൂലം ഏഷ്യൻ വിപണികൾ ഇന്നു രാവിലെ ആദ്യം താഴ്ന്നിട്ടു വീണ്ടും കയറ്റത്തിലായി. ജപ്പാനിലെ നിക്കൈ 0.85 ഉം ദക്ഷിണ കൊറിയയിലെ കോസ്പി 1.20 ഉം ശതമാനം ഉയർന്നു. ഓസ്ട്രേലിയൻ സൂചിക 0.10 ശതമാനം കയറി. ചൈനീസ്, ഹോങ്കോങ് വിപണികളും ഉയർന്നു വ്യാപാരം തുടങ്ങി.
ഇന്ത്യൻ വിപണി വെള്ളിയാഴ്ച നഷ്‌ടത്തിൽ വ്യാപാരം തുടങ്ങിയിട്ടു മികച്ച നേട്ടത്തിൽ ക്ലോസ് ചെയ്തു. മുഖ്യസൂചികകളെ അപേക്ഷിച്ച് മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ വലിയ മുന്നേറ്റം നടത്തി.
വിദേശ നിക്ഷേപകർ വെള്ളിയാഴ്ച വാങ്ങലുകാരായപ്പോൾ സ്വദേശി ഫണ്ടുകൾ വലിയ വിൽപനക്കാരായി. ക്യാഷ് വിപണിയിൽ വിദേശികൾ 683.20 കോടി രൂപയുടെ അറ്റവാങ്ങൽ നടത്തി. സ്വദേശികൾ 4721.48 കോടി രൂപയുടെ അറ്റവിൽപനക്കാരായി.
സെൻസെക്‌സ് വെള്ളിയാഴ്ച 504.86 പോയിൻ്റ് (0.65%) ഉയർന്ന് 78,493.54 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 156.80 പോയിൻ്റ് (0.65%) കയറി 24,353.55 ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 479.30 പോയിൻ്റ് (0.85%) നേട്ടത്തോടെ 56,565.70 ൽ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 751.45 പോയിൻ്റ് (1.27%) കയറി 59,898.20 ൽ അവസാനിച്ചു. സ്മോൾ ക്യാപ് 100 സൂചിക 256.85 പോയിൻ്റ് (1.48%) കുതിച്ച് 17,565.70 ൽ ക്ലോസ് ചെയ്തു.
വിശാലവിപണിയിൽ ഭൂരിപക്ഷം ഓഹരികൾ നേട്ടത്തിലായിരുന്നു. ബിഎസ്ഇയിൽ 2999 ഓഹരികൾ കയറിയപ്പോൾ 1327 എണ്ണം താഴ്ന്നു. എൻഎസ്ഇയിൽ 2362 എണ്ണം ഉയർന്നപ്പോൾ 892 എണ്ണം ഇടിഞ്ഞു.
ഐസിഐസിഐ ബാങ്ക് നാലാം പാദത്തിൽ അറ്റാദായം 8.5 ശതമാനം വർധിപ്പിച്ചു. അറ്റ പലിശ വരുമാനം 8.4 ശതമാനം കൂടി. അറ്റപലിശ മാർജിൻ 4.32 ശതമാനം നിലനിർത്തി. വായ്പാവളർച്ച 15.8 ശതമാനമായി. നിക്ഷേപവളർച്ച 12 ശതമാനത്തിൽ താഴെയാണ്.
എച്ച്ഡിഎഫ്സി ബാങ്ക് നാലാം പാദ അറ്റാദായം ഒൻപതു ശതമാനം വർധിച്ചു. വാർഷിക അറ്റാദായം 10.9 ശതമാനം കൂടി. അറ്റപലിശ വരുമാനത്തിലെ വർധന മൂന്നു ശതമാനമാണ്. മൊത്തം എൻപിഎ 1.15 ശതമാനമായും അറ്റ എൻപിഎ 0.38 ശതമാനമായും കുറഞ്ഞു.
യെസ് ബാങ്കിൻ്റെ നാലാംപാദ അറ്റാദായം 44.7 ശതമാനം കുതിച്ച് 1068 കോടി രൂപയായി. അറ്റപലിശ മാർജിൻ 2.70 ശതമാനമായി ഉയർന്നു. മൊത്തം നിഷ്‌ക്രിയ ആസ്തി 1.3 ഉം അറ്റ നിഷ്‌ക്രിയ ആസ്തി 0.2ഉം ശതമാനമായി കുറഞ്ഞു.
ഹോർമുസ് തുറക്കുന്നു എന്ന പ്രഖ്യാപനത്തിൽ സ്വർണവില വെള്ളിയാഴ്ച ഒരു ശതമാനത്തോളം ഉയർന്നു. എന്നാൽ യുദ്ധം രൂക്ഷമാകുന്നു എന്നായതോടെ ഇന്നു രാവിലെ സ്വർണം കുത്തനേ ഇടിഞ്ഞു. എങ്കിലും തിരിച്ചുകയറി. വെള്ളിയാഴ്ച 40.10 ഡോളർ കയറി ഔൺസിന് 4831.40 ഡോളറിൽ ക്ലോസ് ചെയ്ത സ്വർണം ഇന്നു രാവിലെ ഇടിഞ്ഞ് 4736 ഡോളറിൽ എത്തി. പിന്നീട് 4812 ഡോളറിലേക്കു കയറി.
കേരളത്തിൽ 22 കാരറ്റ് സ്വർണം പവൻവില വെള്ളിയാഴ്ച 440 രൂപ കുറയുകയും ശനിയാഴ്ച 600 രൂപ കയറുകയും ചെയ്ത് ഉയർന്ന് 1,14,240 രൂപയിൽ നിൽക്കുന്നു. ഞായറാഴ്ചയായിരുന്നു അക്ഷയ തൃത്രീയ വ്യാപാരം.
വെള്ളി വില വെള്ളിയാഴ്ച കയറി ഔൺസിന് 80.95 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 78.53 വരെ താണിട്ട് 80.40 ഡോളറിലേക്ക് കയറി.
പ്ലാറ്റിനം 2100 ഡോളർ, പല്ലാഡിയം 1537 ഡോളർ, റോഡിയം 9800 ഡോളർ എന്നിങ്ങനെ നിൽക്കുന്നു.
ഹോർമുസിലെ ഗതാഗതം പുനരാരംഭിക്കും എന്ന പ്രതീക്ഷ വലിയ വ്യാവസായിക ലോഹങ്ങളെ വെള്ളിയാഴ്ച താഴ്‌ത്തി. ചെമ്പ് 0.23 ശതമാനം താഴ്ന്ന് ടണ്ണിന് 13,148.85 ഡോളറിൽ എത്തി. അലൂമിനിയം 1.51 ശതമാനം ഇടിഞ്ഞു ടണ്ണിന് 3597.12 ഡോളറിൽ ക്ലോസ് ചെയ്തു. നിക്കൽ, ലെഡ്, സിങ്ക് എന്നിവ ഉയർന്നപ്പോൾ ടിൻ താഴ്ന്നു.
രാജ്യാന്തര വിപണിയിൽ വെള്ളിയാഴ്ച റബർ വില 0.05 ശതമാനം താഴ്ന്ന കിലോഗ്രാമിന് 203.40 സെൻ്റിൽ എത്തി. കൃത്രിമ റബർ വില 0.64 ശതമാനം താഴ്ന്നു ടണ്ണിന് 16,858.33 യുവാൻ ആയി.
കൊക്കോ വില 5.07 ശതമാനം ഇടിഞ്ഞു ടണ്ണിന് 3280.00 ഡോളർ ആയി. പ്രമുഖ സ്വിസ് ചോക്കലേറ്റ് നിർമാണ കമ്പനി ബിസിനസ് സാധ്യത മോശമാണെന്നു മുന്നറിയിപ്പ് നൽകിയത് വിപണിക്കു തിരിച്ചടിയായി.
തേയിലവില 3.47 ശതമാനം കയറി കിലോഗ്രാമിനു 181.94 രൂപയായി. കാപ്പി 2.12 ശതമാനം താഴ്‌ന്ന് പൗണ്ടിന് 284.25 സെൻ്റിൽ നിന്നു. പാം ഓയിൽ വില 0.58 ശതമാനം കുറഞ്ഞു ടണ്ണിനു 4450 മലേഷ്യൻ റിംഗിറ്റിൽ എത്തി.
പോളി എഥിലിൻ, പോളിപ്രൊപ്പിലിൻ, പിവിസി വിലകൾ 3.35 ശതമാനം വരെ ഇടിഞ്ഞു. യൂറിയ 1.51 ശതമാനം കുറഞ്ഞ് ടണ്ണിന് 702.25 ഡോളർ ആയി. ഡൈ അമോണിയം ഫോസ്ഫേറ്റ് 1.03 ശതമാനം താഴ്ന്നു ടണ്ണിന് 722.50 ഡോളറിൽ എത്തി.
യുഎസ് ഡോളർ സൂചിക ഇന്നു നേട്ടത്തിലായി. വെള്ളിയാഴ്ച സൂചിക താഴ്ന്ന് 98.10 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 98.33 ലേക്കു കയറി.
യൂറോ 1.1754 ഡോളറിലേക്കും പൗണ്ട് 1.349 ഡോളറിലേക്കും താഴ്ന്നു. ജാപ്പനീസ് യെൻ ഡോളറിന് 158.95 യെൻ എന്ന നിലയിലേക്ക് താണു. ചൈനീസ് യുവാൻ ഡോളറിന് 6.82 യുവാൻ എന്ന നിരക്കിൽ തുടർന്നു.
അമേരിക്കയിൽ 10 വർഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം (yield) 4.272 ശതമാനമായി ഉയർന്നു.
ഡോളറുമായുള്ള വിനിമയത്തിൽ രൂപ വെള്ളിയാഴ്ച മികച്ച മുന്നേറ്റം നടത്തി മെച്ചപ്പെട്ടു. ഡോളർ 27 പൈസ താഴ്‌ന്ന് 92.93 രൂപയിൽ ക്ലോസ് ചെയ്തു. ക്രൂഡ് ഓയിൽ കയറുന്നതും യുദ്ധസാഹചര്യം വഷളാകുന്നതും ഇന്നു രൂപയെ ദുർബലമാക്കാൻ സാധ്യതയുണ്ട്.
വിദേശത്തെ നോൺ ഡെലിവെറേബിൾ ഫോർവേഡ് (എൻഡിഎഫ്) വിപണിയിൽ ഡോളർ 92.60 രൂപ വരെ താഴ്ന്നിട്ട് ഇന്നു രാവിലെ 92.77 ലേക്കു കയറി.
ചൈനീസ് യുവാൻ 13.67 രൂപയിലേക്കും യൂറോ 109.45 രൂപയിലേക്കും കയറി.
ഹോർമുസിൽ സംഘർഷം വർധിച്ചതോടെ ക്രൂഡ് ഓയിൽ വില വീണ്ടും കയറ്റത്തിലായി. ഇന്നു രാവിലെ ബ്രെൻ്റ് ഇനം 6.25 ഉം ഡബ്ള്യുടിഐ ഇനം 7.55 ഉം ശതമാനം വരെ ഉയർന്നിട്ട് അൽപം താഴ്ന്നു. ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ രാവിലെ 97.50 ഡോളറിലേക്കു കയറിയിട്ട് 94.75 ഡോളർ ആയി താഴ്ന്നു. ഡബ്ള്യുടിഐ ഇനം ക്രൂഡ് 90.20 ഡോളർ വരെ കയറിയിട്ട് 88.99 ൽ നിൽക്കുന്നു. ജൂൺ അവധിവില 86.97 ഡോളർ ആയി.
യുദ്ധഗതി സംബന്ധിച്ച ആശങ്കകളിൽ ക്രിപ്റ്റോ കറൻസികൾ വീണ്ടും നഷ്ടത്തിലായി. ബിറ്റ്കോയിൻ 74,400 ഡോളറിനു താഴെയായി. ഈഥർ 2300 ഡോളറിനും സൊലാന 84.00 ഡോളറിനും താഴെ നിൽക്കുന്നു.
(2026 ഏപ്രിൽ 17, വെള്ളി)
സെൻസെക്സ് 78,493.54 +0.65%
നിഫ്റ്റി50 24,353.55 +0.65%
ബാങ്ക് നിഫ്റ്റി 56,565.70 +0.85%
മിഡ്ക്യാപ്100 59,898.20 +1.27%
സ്മോൾക്യാപ്100 17,565.78 +1.48%
ഡൗജോൺസ് 49,447.43 +1.79%
എസ്ആൻഡ്പി 7126.06 +1.20%
നാസ്ഡാക് 24,468.48 +1.48%
ഡോളർ ₹92.93 -₹0.27
സ്വർണം(ഔൺസ്)$4831.40 +40.10
സ്വർണം(പവൻ) ₹1,13,640 -₹440
ശനി ₹1,14,240 +₹600
ക്രൂഡ്ഓയിൽബ്രെൻ്റ്$90.38 -$09.01
Read DhanamOnline in English
Subscribe to Dhanam Magazine