അമേരിക്കൻ കടപ്പത വിപണിയിലെ കോളിളക്കം തൽക്കാലം ശാന്തമായി. യുഎസ് ഓഹരിവിപണി ഉയർന്നു. ഇന്നു ഫ്യൂച്ചേഴ്സും ചെറിയ കയറ്റത്തിലാണ്. ഏഷ്യൻ വിപണികൾ രാവിലെ മുന്നേറി. ഏഴു ദിവസം തുടർച്ചയായി താഴ്ന്ന ഇന്ത്യൻ വിപണി ഇന്ന് മികച്ച മുന്നേറ്റത്തിനു ശ്രമിക്കും. എന്നാൽ അടുത്ത പാദത്തിൽ റിസർവ് ബാങ്ക് റീപോ നിരക്കു കൂട്ടും എന്ന ആശങ്ക ഉണ്ട്.
ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി ബുധനാഴ്ച രാത്രി 24,202.00 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 24,226 വരെ ഉയർന്നു. ഇന്ത്യൻ വിപണി ഇന്നു മികച്ച നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതു സൂചിപ്പിക്കുന്നത്.
ഹോർമുസിൽ ഇറാനു കപ്പം നൽകേണ്ട വഴി ഒഴിവാക്കി ഒമാൻ തീരത്തോടു ചേർന്ന പാതയിലൂടെ കൂടുതൽ കപ്പലുകൾ സഞ്ചരിക്കുന്നുണ്ട്. ഹോർമുസിൽ ഇറാൻ്റെ പിടി കുറയുന്നതായാണ് ഇതു സൂചിപ്പിക്കുന്നത്. എണ്ണവിപണിയിൽ ദൗർലഭ്യം കുറയ്ക്കാൻ കഴിഞ്ഞിട്ടുണ്ട്. ക്രൂഡ് ഓയിൽ വില 90 -92 ഡോളർ മേഖലയിൽ തുടരുന്നത് ഈ സാഹചര്യത്തിലാണ്.
ഇറാനുമായുള്ള ധനകാര്യ, വാണിജ്യ ബന്ധങ്ങൾ മുഴുവൻ നിർത്തിവച്ചതായി യുഎഇ പ്രഖ്യാപിച്ചു. ഇത് ഇറാനു വലിയ പ്രയാസങ്ങൾ ഉണ്ടാക്കും. ഇറാനെ ഞെരുക്കുന്ന വിധം കൂടുതൽ സാമ്പത്തിക ഒറ്റപ്പെടുത്തലുകൾ ഉണ്ടാകുമെന്നു യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്.
കടപ്പത്രവിപണിയിലെ കോളിളക്കം തീർക്കാൻ യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസൻ്റ് അതിവേഗം ഇടപെട്ടു. ട്രഷറി കടപ്പത്രം തിരിച്ചു വാങ്ങൽ ഇരട്ടിപ്പിച്ചു. ഇതോടെ കടപ്പത്രവിലകൾ ഉയർന്നു, കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം കുറഞ്ഞു. വിപണി തൽക്കാലത്തേക്കു ശാന്തമായി.
ഇതു താൽക്കാലിക ശാന്തി മാത്രം ആണെന്നാണു വിദഗ്ധർ കരുതുന്നത്. അമേരിക്കൻ സർക്കാരിൻ്റെ കടം ഇന്നലെ 40 ട്രില്യൺ (ലക്ഷം കോടി) ഡോളർ കടന്നു. ഒരു ദശകം കൊണ്ടു കടം ഇരട്ടിയിലേറെയായി. നാലര വർഷം മുൻപാണു 30 ട്രില്യൺ കടന്നത്.
ജൂലൈയിലെ സർക്കാർ കമ്മി 43,230 കോടി ഡോളർ ആയിരുന്നു. അഞ്ചു വർഷത്തിനിടയിലെ ഏറ്റവും കൂടിയ കമ്മി.
കമ്മി കൂടുമ്പോൾ കടം കൂടുന്നു. കടം വർധിക്കുന്നതനുസരിച്ചു പലിശച്ചെലവും കൂടുന്നു. ഈ വർഷം 1.2 ട്രില്യൺ (ലക്ഷം കോടി) ഡോളർ പലിശയ്ക്കു മാത്രം വേണ്ടിവരും എന്നാണു പ്രതീക്ഷ. കടം ഇപ്പോൾ യുഎസ് ജിഡിപിയുടെ 124 ശതമാനം ആയിട്ടുണ്ട്. ഇതാണു കടപ്പത്ര വില താഴ്‌ത്തുന്ന ഘടകം. വില താഴുമ്പോൾ കടപ്പത്രങ്ങളിലെ നിക്ഷേപ നേട്ടം വർധിക്കും. പലിശപ്രതീക്ഷ കൂടും. ദീർഘകാല പലിശ പ്രതീക്ഷ ആറു ശതമാനത്തിലേക്കു കയറിയതാണു തിങ്കളാഴ്ച സംഭവിച്ചത്. അതുകൂടുമ്പോൾ ഭവന വായ്പകളും മറ്റും ചെലവേറിയതാകും. സെപ്റ്റംബറിൽ വീണ്ടും കടപ്പത്രവിപണി പ്രക്ഷുബ്ധമാകും എന്നാണു വിദഗ്ധ നിരീക്ഷണം.
കടപ്പത്ര വിപണിയെ തൽക്കാലം ശാന്തമാക്കാൻ ട്രഷറി സെക്രട്ടറി ഇടപെട്ടതു മൂലം സാധിച്ചു. കടപ്പത്രവിലകൾ ഉയർന്നു. എങ്കിലും വർധിച്ചുവരുന്ന കടം എപ്പോഴും പ്രതിസന്ധി ഉണ്ടാകാം എന്നു കാണിക്കുന്നു. ഇറാൻ വിഷയം പുതിയ സംഭവവികാസങ്ങൾ ഇല്ലാതെ തുടരുന്നു.
ബുധനാഴ്ച ഡൗ ജോൺസ് സൂചിക 119.65 പോയിൻ്റ് (0.22 ശതമാനം) ഉയർന്ന് 53,463.05 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 16.22 പോയിൻ്റ് (0.21%) കയറി 7707.98 ൽ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് 41.38 പോയിൻ്റ് (0.16%) നേട്ടത്തോടെ 26,331.09 ൽ ക്ലോസ് ചെയ്തു.
ചർമത്തെ ബാധിക്കുന്ന മെലനോമ എന്ന കാൻസറിന് മോഡേണയും മെർക്കും കൂടി രൂപപ്പെടുത്തിയ വാക്സിൻ - ഔഷധ കൂട്ടുചികിത്സ ഫലപ്രദമാണെന്നു പരീക്ഷണങ്ങളിൽ കണ്ടത് ഇരു കമ്പനികളെയും വലിയ മുന്നേറ്റത്തിലാക്കി. മെസഞ്ചർ ആർഎൻഎ ഉപയോഗിച്ചുള്ള മോഡേണാ വാക്സിനും മെർക്കിൻ്റെ കീട്രുഡ എന്ന ഔഷധവും ചേർന്ന ചികിത്സയാണു 1100 പേരിലെ ക്ലിനിക്കൽ ട്രയലിൽ ഫലപ്രദമായത്. മോഡേണ ഓഹരി തലേദിവസത്തെ 62.96 ഡോളറിൽ നിന്നു 177 ശതമാനം കുതിച്ച് 174.38 ഡോളറിൽ എത്തി. മെർക്ക് ഓഹരി 12.60 ശതമാനം ഉയർന്നു. ലക്ഷക്കണക്കിനു പേരെ ബാധിക്കുന്നതാണു മെലനോമ.
യുഎസ് ഫ്യൂച്ചേഴ്സ് ഉയർന്നു. ഡൗ ജോൺസ് 19 പോയിൻ്റും (0.04%) എസ് ആൻഡ് പി 11 പോയിൻ്റും (0.14%) നാസ്ഡാക് 131 പോയിൻ്റും (0.44%) ഉയർന്നു നീങ്ങുന്നു.
ന്യൂയോർക്കിലെ എഡിആർ (അമേരിക്കൻ ഡെപ്പോസിറ്ററി റെസീറ്റ്) വിപണിയിൽ ബുധനാഴ്ച എച്ച്ഡിഎഫ്സി ബാങ്ക് വ്യാപാര സമയത്ത് 0.04 ശതമാനം താഴ്ന്നിട്ടു തുടർവ്യാപാരത്തിൽ 0.82% കയറി 23.35 ഡോളറിൽ ക്ലോസ് ചെയ്തു. ഐസിഐസിഐ ബാങ്ക് നിശ്ചിത സമയത്ത് 0.64% താഴ്ന്ന ശേഷം തുടർ വ്യാപാരത്തിൽ മാറ്റമില്ലാതെ 29.44 ഡോളറിൽ അവസാനിച്ചു. ഇൻഫോസിസ് നിശ്ചിത സമയത്ത് 1.69% ഉയർന്ന ശേഷം തുടർവ്യാപാരത്തിൽ 0.17% താഴ്ന്നു 12.01 ഡോളറിൽ ക്ലോസ് ചെയ്തു. വിപ്രോ വിപണിസമയത്തു 2.09 ശതമാനം കുതിച്ച ശേഷം തുടർ വ്യാപാരത്തിൽ 0.21 ശതമാനം താഴ്ന്ന് 1.946 ഡോളറിൽ അവസാനിച്ചു.
യൂറോപ്യൻ വിപണികൾ ബുധനാഴ്ചയും താഴ്ചയിലായി. അമേരിക്കയിലെ കടപ്പത്ര തകർച്ച ഇവിടെയും ബാധിച്ചു. യുഎസ് ട്രഷറി നടപടികൾ ചെറിയ ആശ്വാസമായെങ്കിലും പലിശ കൂട്ടേണ്ടിവരുമെന്ന യൂറോപ്യൻ കേന്ദ്രബാങ്കിൻ്റെ സൂചന ആശങ്ക നിലനിർത്തുന്നു. സെപ്റ്റംബറിൽ അടിസ്ഥാന പലിശ നിരക്ക് 0.25 ശതമാനം കൂട്ടുമെന്നാണ് വിപണി കണക്കാക്കുന്നത്. യുകെയിലെ എഫ്ടിഎസ്ഇ ഒഴികെ എല്ലാ സൂചികകളും താഴ്ന്നു.
ഏഷ്യൻ വിപണികൾ ഇന്നു കയറ്റത്തിലാണ്. ദക്ഷിണ കൊറിയയിൽ കോസ്‌പി സൂചിക അഞ്ചു ശതമാനം കുതിച്ചു. എസ്കെ ഹൈനിക്സ് 2900 കോടി ഡോളറിൻ്റെ ഓഹരി തിരിച്ചു വാങ്ങൽ പ്രഖ്യാപിച്ചു. സാംസങ് ഓഹരി ഏഴര ശതമാനം ഉയർന്നു. ജപ്പാനിൽ നിക്കൈ സൂചിക ഒരു ശതമാനം കയറി. ഓസ്ട്രേലിയൻ വിപണി 0.35 ശതമാനം ഉയർന്നു. തായ്‌വാൻ സൂചികയും നേട്ടത്തിലാണ്. ഹോങ് കോങ്ങിലെ ഹാങ് സെങ് സൂചിക ഒരു ശതമാനവും ഷാങ്ഹായ് സൂചിക 0.50 ശതമാനവും ഉയർന്നു.
ഉയർന്ന ക്രൂഡ് ഓയിൽ വിലയും പലിശപ്പേടിയും ഇന്ത്യൻ വിപണിയെ ഏഴാം ദിവസവും താഴ്‌ത്തി. വിലകൾ താഴ്ന്നില്ലെങ്കിൽ ഒക്ടോബർ -ഡിസംബറിൽ റിസർവ് ബാങ്ക് റീപോ നിരക്ക് വർധിപ്പിക്കും എന്ന സൂചനയാണു റിസർവ് ബാങ്കിൻ്റെ മിനിറ്റ്സ് നൽകിയത്. ജൂൺ പാദത്തിൽ കമ്പനികൾ പ്രതീക്ഷയിലും വലിയ ലാഭവർധന കാണിച്ചത് ഇനി തുടരാനാവില്ല എന്ന വിലയിരുത്തലും ഉണ്ട്.
ഐടിയും കൺസ്യൂമർ ഡ്യുറബിൾസും ഒഴികെ എല്ലാ സൂചികകളും ഇന്നലെ നഷ്‌ടത്തിലായി. ഐടി ഓഹരികൾ രാവിലത്തെ നേട്ടം ഗണ്യമായി നഷ്ടപ്പെടുത്തിയാണു ക്ലോസ് ചെയ്തത്. പ്രതിരോധ, മീഡിയ, ധനകാര്യ, എഫ്എംസിജി, ഓട്ടോ ഓയിൽ, ഹെൽത്ത് മേഖലകൾ കൂടുതൽ താഴ്ന്നു.
വിദേശനിക്ഷേപകർ ബുധനാഴ്ച വാങ്ങൽ കുറച്ചു. അവർ ക്യാഷ് വിപണിയിൽ 407.99 കോടി രൂപയുടെ അറ്റ വാങ്ങൽ മാത്രം നടത്തി. സ്വദേശിഫണ്ടുകൾ 3973.72 കോടി രൂപയുടെ അറ്റ വാങ്ങലും നടത്തി.
ബുധനാഴ്ച സെൻസെക്‌സ് 325.78 പോയിൻ്റ് (0.42%) ഇടിഞ്ഞ് 76,909.68 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 76.60 പോയിൻ്റ് (0.32%) നഷ്ടത്തോടെ 24,078.30 ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 22.65 പോയിൻ്റ് (0.04%) കുറഞ്ഞ് 57,239.75 ൽ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 130.65 പോയിൻ്റ് (0.21%) നഷ്ടത്തോടെ 63,408.75 ൽ അവസാനിച്ചു. സ്മോൾ ക്യാപ് 100 സൂചിക 101.70 പോയിൻ്റ് (0.50%) താഴ്ന്ന് 19,707.15 ൽ ക്ലോസ് ചെയ്തു.
രണ്ട് ഓഹരികൾ ഉയരുമ്പോൾ മൂന്നെണ്ണം താഴുന്ന നിലയായിരുന്നു വിശാലവിപണിയിൽ. ബിഎസ്ഇയിൽ 1728 ഓഹരികൾ കയറി, 2572 ഓഹരികൾ താഴ്ന്നു. എൻഎസ്ഇയിൽ 1314 എണ്ണം ഉയർന്നപ്പോൾ 2157 എണ്ണം താഴ്ന്നു.
ക്ലോസിംഗ് ഓക്‌ഷൻ സെഷനിൽ (കാസ്) കൃത്രിമം നടത്തുന്നതിനെതിരേ സെബി മേധാവി ഇന്നലെ മുന്നറിയിപ്പ് നൽകി. കോപ്തൽ മൗറീഷ്യസ് എന്ന വിദേശ നിക്ഷേപ സ്ഥാപനത്തെയും മാൻസി ഷെയർ എന്ന ബ്രോക്കറെയും വിലക്കുകയും ചെയ്തു.
പഞ്ചസാര വില കുതിച്ചു കയറുന്നത് ഇന്നലെ പഞ്ചസാരമിൽ കമ്പനികളെ പത്തു ശതമാനം വരെ ഉയർത്തി. എഥനോൾ നിർമാണത്തിനു നൽകുന്ന പ്രോത്സാഹനം കുറയ്ക്കാനും തീരുവ ഇല്ലാതെ പഞ്ചസാര ഇറക്കുമതി ചെയ്യാനും നടപടി ഉണ്ടാകുമെന്നു സംസാരമുണ്ട്.
കടപ്പത്രവിപണിയെ ശാന്തമാക്കാൻ യുഎസ് സർക്കാർ ഇറങ്ങിയതു സ്വർണബുള്ളുകൾക്ക് ആവേശമായി. ബുധനാഴ്ച സ്വർണവില 4.35 ശതമാനം കുതിച്ചു. ഇന്നു രാവിലെ ലാഭമെടുക്കലിൽ വില അൽപം താഴ്ന്നു. ഇന്നലെ സ്വർണം ഔൺസിസ് 188.50 ഡോളർ കുതിച്ച് 4523.90 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില 4507 ഡോളറിലേക്കു താഴ്ന്നു.
പലിശ കൂടുന്നതു സ്വർണനിക്ഷേപം കുറയ്ക്കും, പലിശ കുറയുന്നതു സ്വർണനിക്ഷേപം വർധിപ്പിക്കും. പലിശവർധന ഉടൻ ഉണ്ടാകില്ലെന്ന സൂചനയാണു കടപ്പത്രവിപണിയിലെ ഇടപെടൽ നൽകിയത്.
കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 680 രൂപ താഴ്‌ന്ന് 1,13,640 രൂപയിൽ എത്തി. ഇന്നു രാവിലെ വില ഗണ്യമായി കൂടും.
വെള്ളിവില ബുധനാഴ്ച 5.83 ശതമാനം കുതിച്ച് ഔൺസിന് 67.12 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 67.07 ഡോളറിലേക്കു താഴ്ന്നു.
പ്ലാറ്റിനം 1810 ഡോളർ, പല്ലാഡിയം 1321 ഡോളർ, റോഡിയം 8550 ഡോളർ എന്നിങ്ങനെ നിൽക്കുന്നു.
രാജ്യാന്തര റബർവില വീണ്ടും നാമമാത്രമായി താഴ്ന്നു. കേരളത്തിലും വില കുറഞ്ഞു. ബാങ്കോക്കിൽ ആർഎസ്എസ് ഒന്ന് ക്വിൻ്റലിന് 281.00 ഡോളറിലും ആർഎസ്എസ് മൂന്ന് 277.50 ഡോളറിലും എത്തി. കേരളത്തിൽ ആർഎസ്എസ് നാല് ക്വിൻ്റലിന് 27,400 രൂപയിലേക്കു താഴ്ന്നു.
വ്യാവസായിക ലോഹങ്ങൾ ഇന്നലെയും താഴ്ന്നു. ചെമ്പ് ഇന്നലെ 1.08 ശതമാനം താഴ്ന്ന് 14,178.85 ഡോളറിൽ എത്തി. അലൂമിനിയം 0.25 ശതമാനം നഷ്ടത്തോടെ 3211.35 ഡോളർ ആയി. സിങ്കും ലെഡ്ഡും ടിന്നും നിക്കലും താഴ്ന്നു.
കൊക്കോ വില ബുധനാഴ്ച 0.25 ശതമാനം കയറി ടണ്ണിന് 5934 ഡോളറിൽ എത്തി. കാലാവസ്ഥ പ്രതികൂലമായതിനാൽ ഉൽപാദനം 16 ശതമാനം കുറയുമെന്നാണു ഘാനയിലെ കൊക്കോ ബോർഡ് കണക്കാക്കുന്നത്. ഐവറി കോസ്റ്റിലും ഉൽപാദനം 10 ശതമാനത്തിലധികം ഇടിയും. ഏറ്റവുമധികം കൊക്കോ ഉൽപാദിപ്പിക്കുന്ന രാജ്യങ്ങളാണ് ഇവ.
അറബിക്ക കാപ്പിവില 1.29 ശതമാനം താന്നു പൗണ്ടിന് 3.28 ഡോളർ ആയി. എൽ നിനോ മൂലം ഉൽപാദനം കുറയും എന്ന ആശങ്കയുണ്ട്.
യുഎസ് ഡോളർ സൂചിക ബുധനാഴ്ച ഇടിഞ്ഞത് 98.83 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക 99.85 വരെ കയറി.
യൂറോ 1.1673 ഡോളറിലേക്കും പൗണ്ട് 1.3597 ഡോളറിലേക്കും കയറി. ജാപ്പനീസ് യെൻ ഒരു ഡോളറിന് 158.47 യെൻ എന്ന നിലയിൽ ആയി. ചൈനീസ് യുവാൻ ഡോളറിന് 6.73 എന്ന നിരക്കിലേക്ക് കയറി.
അമേരിക്കയിൽ 10 വർഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം (yield) ഇന്നു രാവിലെ 4.647 ശതമാനത്തിലേക്കു താഴ്ന്നു. 30 വർഷ കടപ്പത്രങ്ങളുടേത് 5.188 ആയി കുറഞ്ഞു.
ബുധനാഴ്ചയും ഇന്ത്യൻ രൂപ നഷ്ടത്തിൽ അവസാനിച്ചു. ഡോളർ ഏഴു പൈസ കൂടി 95.75 രൂപയിൽ ക്ലോസ് ചെയ്തു.
വിദേശത്തെ ഫോർവേഡ് വിപണിയിൽ ഡോളർ ഇന്നു രാവിലെ 95.56 രൂപയിൽ ആണ്. രൂപ ഇന്നു ശക്‌തമാകാം എന്നതാണു സൂചന.
ചൈനീസ് യുവാൻ 14.23 രൂപയിലേക്കും യൂറോ 111.77 രൂപയിലേക്കും കയറി.
ക്രൂഡ് ഓയിൽ വില 92 ഡോളർ കടന്നു മുന്നേറുന്നു. ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ ബുധനാഴ്ച 0.60 ഡോളർ കൂടി 91.62 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വീണ്ടും കയറി ബ്രെൻ്റ് വീപ്പയ്ക്ക് 92.23 ഡോളറിലും ഡബ്ള്യുടിഐ ഇനം 84.85 ഡോളറിലും എത്തി.
കടപ്പത്രവിപണിയിലെ ട്രഷറി ഇടപെടൽ ക്രിപ്റ്റോ കറൻസികൾക്കു വലിയ കുതിപ്പ് പകർന്നു. ബിറ്റ്കോയിൻ 7.7 ശതമാനത്തിലധികം കയറി 69,600 ഡോളറിനു മുകളിൽ എത്തി. ഈഥർ 18 ശതമാനം കുതിച്ച് 2260 ഡോളറിനും സൊലാന 10 ശതമാനം ഉയർന്ന് 85.1 ഡോളറിനും മുകളിൽ ആയി.
(2026 ഓഗസ്റ്റ് 19, ബുധൻ)
സെൻസെക്സ് 76,909.68 -0.42%
നിഫ്റ്റി50 24,078.30 -0.32%
ബാങ്ക് നിഫ്റ്റി 57,239.75 -0.04%
മിഡ്ക്യാപ്100 63,408.75 -0.21%
സ്മോൾക്യാപ്100 19,707.15 -0.50%
ഡൗജോൺസ് 53,463. 05 +0.22%
എസ്ആൻഡ്പി 7707.98 +0.21%
നാസ്ഡാക് 26,331.09 +0.16%
ഡോളർ ₹95.75 +₹0.07
സ്വർണം(ഔൺസ്)$4523.90+$188.50
സ്വർണം(പവൻ) ₹1,13,640 -₹680
ക്രൂഡ്ഓയിൽബ്രെൻ്റ് $91.62 +0.60
Read DhanamOnline in English
Subscribe to Dhanam Magazine