പശ്ചിമേഷ്യൻ യുദ്ധം രൂക്ഷമാകുന്നതിന്റെ സൂചനകൾ നൽകിയതോടെ ക്രൂഡ് ഓയിൽ വില 90 ഡോളറിന് മുകളിലേക്ക് മടങ്ങിയെത്തി. എന്നിരുന്നാലും ഈ ഘട്ടത്തിൽ ആഗോള ഓഹരി വിപണികളിൽ സമ്മിശ്ര പ്രതികരണമാണ് കാണാനാകുന്നത്. ഇന്ന് രാവിലെ ഏഷ്യൻ വിപണികൾ ഭിന്ന ദിശകളിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി സൂചിക ഇന്നു രാവിലെ 24,279 വരെ താഴ്ന്നിട്ട് അൽപം കയറി. ഇത് ആഭ്യന്തര വിപണിയിൽ ഇന്ന് നഷ്ടത്തോടെ വ്യാപാരം തുടങ്ങുമെന്നാണ് സൂചിപ്പിക്കുന്നത്.
പശ്ചിമേഷ്യൻ യുദ്ധം കൂടുതൽ രാജ്യങ്ങളിലേക്കു വ്യാപിക്കുകയാണ്. എപ്പോഴാണ് ഇറാൻ്റെ മിസൈൽ ഇസ്രയേലിൽ എത്തുക എന്നാണ് എല്ലാവരും നോക്കുന്നത്. ക്രൂഡ് ഓയിൽ വില 90 ഡോളറിനു മുകളിലാണ്. എങ്കിലും ഓഹരി വിപണികൾ പരിഭ്രാന്തി കാണിക്കുന്നില്ല.
യുഎസ് ഫ്യൂച്ചേഴ്‌സ് ഭിന്നദിശകളിലാണ്. ഏഷ്യൻ വിപണികളും പല ദിശകളിലായി. ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി വെള്ളിയാഴ്ച രാത്രി 24,349-ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 24,279 വരെ താഴ്ന്നിട്ട് അൽപം കയറി. വിപണി നഷ്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതു സൂചിപ്പിക്കുന്നത്.
തെക്കുപടിഞ്ഞാറൻ മൺസൂൺ മഴയിലെ കമ്മി ജൂലൈ 19-ന് 23.8 ശതമാനം ആയെന്നു കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിൽ കമ്മി 34 ശതമാനത്തിലേക്കു കയറി. ഉത്തർപ്രദേശ്, ബിഹാർ, പഞ്ചാബ്, ജാർഖണ്ഡ്, ഗുജറാത്ത്, കർണാടക, തെലങ്കാന, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിൽ 20 ശതമാനത്തിലധികമാണു മഴക്കുറവ്. രാജ്യത്തെ ഭൂവിസ്തൃതിയിൽ 65 ശതമാനത്തിലും മഴയുടെ കമ്മി 20 ശതമാനത്തിൽ കൂടുതലാണ്.
ചിപ്പ് നിർമാണ കമ്പനികളുടെ ക്ഷീണവും ക്രൂഡ് ഓയിൽ വിലക്കയറ്റവും യു.എസ് വിപണിയെ വെള്ളിയാഴ്ചയും താഴ്‌ത്തി. മുഖ്യസൂചികകൾ പ്രതിവാര നഷ്‌ടത്തിലുമായി. ചൈനീസ് സ്റ്റാർട്ടപ് മൂൺഷോട്ട് കുറഞ്ഞ വിലയിൽ വലിയ ശേഷിയുള്ള പുതിയ എഐ മോഡൽ വിപണിയിൽ ഇറക്കിയത് ആന്ത്രോപിക്, ഓപ്പൺ എ.ഐ കമ്പനികൾക്കു തിരിച്ചടിയാകും എന്നാണു ഭീതി.
എൻവിഡിയ മുതൽ ഐ.ടി കമ്പനികളും ചിപ്പ് നിർമാതാക്കളും ഗണ്യമായി താഴ്ന്നു. ആപ്പിൾ ഉയർന്നു. ആപ്പിളും എൻവിഡിയയും വിപണി മൂല്യത്തിൽ ഒന്നാം സ്ഥാനത്തു കയറുകയും ഇറങ്ങുകയും ചെയ്തിട്ടു ക്ലോസിംഗിൽ എൻവിഡിയ മുന്നിൽ നിന്നു. ക്രൂഡ് ഓയിൽ നാലര ശതമാനം കുതിച്ച് 88 ഡോളറിനു മുകളിൽ കടന്നു.
ഇലോൺ മസ്‌കിൻ്റെ സ്പേസ് എക്സ് ഓഹരി ഇടിഞ്ഞു 124 ഡോളറിനു താഴെ എത്തി. മസ്കിൻ്റെ ടെസ്‌ലയും ഇടിഞ്ഞു. ഈയാഴ്ച ടെസ്‌ല റിസൽട്ട് വരും.വെള്ളിയാഴ്ച ഡൗ ജോൺസ് സൂചിക 406.55 പോയിൻ്റ് (0.77 ശതമാനം) താഴ്ന്ന് 52,146.42 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 76.08 പോയിൻ്റ് (1.01%) നഷ്ടത്തോടെ 7,458-ൽ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് 362 പോയിൻ്റ് (1.40%) ഇടിഞ്ഞ് 25,520-ൽ ക്ലോസ് ചെയ്തു. കഴിഞ്ഞ ആഴ്ച നാസ്ഡാക് 2.9-ഉം എസ് ആൻഡ് പി 1.6-ഉം ഡൗ ജോൺസ് 0.9-ഉം ശതമാനം നഷ്ടത്തിലായി.
യു.എസ് ഫ്യൂച്ചേഴ്സ് ഇന്നു ഭിന്ന ദിശകളിലാണ്. ഡൗ ജോൺസ് 58 പോയിൻ്റും (0.11%) എസ് ആൻഡ് പി 5 പോയിൻ്റും (0.08%) താഴ്ന്നു. നാസ്ഡാക് 20 പോയിൻ്റ് (0.08%) ഉയർന്നു നീങ്ങുന്നു
ന്യൂയോർക്കിലെ എ.ഡി.ആർ (അമേരിക്കൻ ഡെപ്പോസിറ്ററി റെസീറ്റ്) വിപണിയിൽ വെള്ളിയാഴ്ച എച്ച്.ഡി.എഫ്.സി ബാങ്ക് വിപണിസമയത്ത് 0.27 ശതമാനം ഉയർന്നിട്ടു തുടർവ്യാപാരത്തിൽ 0.08 ശതമാനം താഴ്ന്ന് 26.36 ഡോളറിൽ ക്ലോസ് ചെയ്തു. ഐ.സി.ഐ.സി.ഐ ബാങ്ക് നിശ്ചിത സമയത്ത് 0.64 ശതമാനം കയറിയിട്ടു തുടർ വ്യാപാരത്തിൽ 0.06 ശതമാനം താഴ്ന്ന് 29.74 ഡോളറിൽ അവസാനിച്ചു. ഇൻഫോസിസ് നിശ്ചിത സമയത്ത് 0.35 ശതമാനം താഴ്ന്ന ശേഷം തുടർവ്യാപാരത്തിൽ 1.39 ശതമാനം ഉയർന്ന് 11.65 ഡോളറിൽ ക്ലോസ് ചെയ്തു. വിപ്രോ വിപണിസമയത്ത് 0.54 ശതമാനം കയറിയ ശേഷം തുടർവ്യാപാരത്തിൽ 0.54 ശതമാനം കൂടി ഉയർന്ന് 1.87 ഡോളറിൽ അവസാനിച്ചു.
യൂറോപ്യൻ വിപണികൾ വെള്ളിയാഴ്ച താഴ്ന്നു. പുതിയ പ്രധാനമന്ത്രിയെ പ്രതീക്ഷിക്കുന്ന യു.കെയിലെ എഫ്.ടി.എസ്.ഇ സൂചിക മാത്രം ഉയർന്നു.
ഏഷ്യൻ വിപണികൾ ഇന്നു പല ദിശകളിലാണ്. ദക്ഷിണ കൊറിയൻ സൂചിക കോസ്‌പി മൂന്നു ശതമാനം താഴ്ന്നു. എസ്.കെ ഹൈനിക്സ് രണ്ടു ശതമാനം നഷ്‌ടത്തിലാണ്. ജാപ്പനീസ് വിപണിക്ക് ഇന്ന് അവധിയാണ്. ഓസ്ട്രേലിയൻ സൂചിക 0.20 ശതമാനം ഉയർന്നു. ഹോങ് കോങ്, ഷാങ്ഹായ് സൂചികകൾ രണ്ടു ശതമാനം വരെ കയറി.
വിദേശ വിപണികൾ വലിയ തകർച്ച നേരിട്ട വെള്ളിയാഴ്ച ഇന്ത്യൻ വിപണി നല്ല കുതിപ്പുമായി വേറിട്ടു നിന്നു. പശ്ചിമേഷ്യൻ യുദ്ധം രൂക്ഷമായെങ്കിലും വിപണി അതിനെ അവഗണിച്ചു. കമ്പനികളുടെ ഒന്നാം പാദ റിസൽട്ടുകളിലേക്കു വിപണി ശ്രദ്ധ തിരിച്ചു. മുഖ്യ സൂചികകൾ 1.25 ശതമാനം വരെ മുന്നേറിയെങ്കിലും മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ നഷ്‌ടത്തിലാണ് അവസാനിച്ചത്.
സ്വകാര്യ ബാങ്കുകൾ, ഐടി, റിയൽറ്റി, ഓട്ടോ, ധനകാര്യ, ഓയിൽ, എഫ്.എം.സി.ജി മേഖലകളുടെ കുതിപ്പിലാണ് വിപണി മുന്നേറിയത്. ഫാർമ, ഹെൽത്ത് കെയർ, മെറ്റൽ മേഖലകൾ നഷ്ടത്തിലായി. വിദേശനിക്ഷേപകർ വിൽപന തുടർന്നു. അവർ കാഷ് വിപണിയിൽ 376.41 കോടി രൂപയുടെ അറ്റവിൽപന നടത്തി. സ്വദേശിഫണ്ടുകൾ 1017.89 കോടി രൂപയുടെ അറ്റ വാങ്ങലുകാരായി.
വെള്ളിയാഴ്ച സെൻസെക്‌സ് 965 പോയിൻ്റ് (1.25%) ഉയർന്ന് 78,151-ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 262 പോയിൻ്റ് (1.09%) നേട്ടത്തോടെ 24,334-ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 939 പോയിൻ്റ് (1.63%) കുതിച്ച് 58,521-ൽ ക്ലോസ് ചെയ്തു. മിഡ് ക്യാപ്-100 സൂചിക 259 പോയിൻ്റ് (0.41%) നഷ്ടത്തോടെ 62,428-ൽ അവസാനിച്ചു. സ്മോൾ ക്യാപ്-100 സൂചിക 40 പോയിൻ്റ് (0.21%) താഴ്ന്ന് 19,296-ൽ ക്ലോസ് ചെയ്തു.
മുഖ്യ സൂചികകൾ കുതിച്ചെങ്കിലും വിശാലവിപണിയിൽ കൂടുതൽ ഓഹരികൾ താഴ്ന്നു. ബി.എസ്.ഇയിൽ 1635 ഓഹരികൾ കയറി, 2588 ഓഹരികൾ താഴ്ന്നു. എൻ.എസ്.ഇയിൽ 1,297 എണ്ണം ഉയർന്നപ്പോൾ 1,988 എണ്ണം താഴ്ന്നു. തുടർച്ചയായ ആറു ദിവസം ഉയർന്നിട്ടു വ്യാഴാഴ്ച നഷ്‌ടത്തിലായ കല്യാൺ ജ്വല്ലേഴ്സ് വെള്ളിയാഴ്ച 4.74 ശതമാനം കുതിച്ചു.
മികച്ച ഒന്നാം പാദ റിസൽട്ട് ഫെഡറൽ ബാങ്ക് ഓഹരിയെ 351.52 രൂപ എന്ന റെക്കോർഡിലേക്കു കയറ്റി. ഓഹരി 6.55 ശതമാനം കുതിപ്പോടെ 348 രൂപയിൽ ക്ലോസ് ചെയ്തു. സി.എസ്.ബി ബാങ്ക് നാമമാത്രമായി ഉയർന്നപ്പോൾ സൗത്ത് ഇന്ത്യൻ ബാങ്കും ധനലക്ഷ്മി ബാങ്കും താഴ്ചയിലായി. മുത്തൂറ്റ് ഫിനാൻസ് താഴ്ന്നപ്പോൾ മണപ്പുറം ഉയർന്നു.
റിലയൻസ് ഇൻഡസ്ട്രീസിൻ്റെ ഒന്നാം പാദ വരുമാനം 26.6 ശതമാനം വർധിച്ചെങ്കിലും അറ്റാദായം 25 ശതമാനം കുറഞ്ഞ് 23,196 കോടി രൂപയായി. എങ്കിലും അനാലിസ്റ്റുകളുടെ നിഗമനത്തേക്കാൾ ഗണ്യമായി കൂടുതലാണു ലാഭം. തലേവർഷം ഒന്നാം പാദ അറ്റാദായത്തിൽ 8924 കോടി രൂപ ഏഷ്യൻ പെയിൻ്റ്സിലെ ഓഹരി വിറ്റതിൽ കിട്ടിയ ലാഭമായിരുന്നു.
എച്ച്.ഡി.എഫ്.സി ബാങ്ക് ഒന്നാം പാദ റിസൽട്ട് നിരാശപ്പെടുത്തി. ആസ്തി നിലവാരം മോശമായി. അറ്റപലിശ വരുമാനം 6.7-ഉം അറ്റാദായം അഞ്ചും ശതമാനമേ കൂടിയുള്ളൂ. ഐ.സി.ഐ.സി.ഐ ബാങ്ക് അറ്റപലിശ വരുമാനം 4.36 ശതമാനം കൂടിയപ്പോൾ അറ്റാദായം 16 ശതമാനം വർധിച്ചു. ബാങ്കിൻ്റെ ആസ്തി നിലവാരം മെച്ചപ്പെട്ടു. ആക്‌സിസ് ബാങ്ക് അറ്റ പലിശ വരുമാനം എട്ടു ശതമാനം കൂടിയപ്പോൾ അറ്റാദായം 22.5 ശതമാനം കുതിച്ചു. വായ്പകൾ 18.8 ഉം നിക്ഷേപങ്ങൾ 13.9 ഉം ശതമാനം കൂടി.
കൊട്ടക് മഹീന്ദ്ര ബാങ്ക് അറ്റാദായം 26 ശതമാനം കയറി. അറ്റ പലിശവരുമാനം 9.2 ശതമാനം കൂടിയപ്പോൾ വകയിരുത്തലുകൾ 45 ശതമാനം കുറഞ്ഞു. ബാങ്കിൻ്റെ എം.ഡിയും സി.ഇ.ഒയുമായ അശോക് വാസ്വാനി സ്ഥാനമൊഴിയുകയാണ്. ഐ.ഡി.ബി.ഐ ബാങ്ക് വായ്പകൾ 22.2 ശതമാനം കൂടിയപ്പോൾ അറ്റപലിശ വരുമാനം 10.1 ശതമാനം കൂടി. ആസ്തി നിലവാരം മെച്ചപ്പെട്ടു. യെസ് ബാങ്ക് വായ്പകൾ 18.3 ശതമാനം കൂടിയപ്പോൾ അറ്റാദായം 34 ശതമാനം കുതിച്ചു.
പശ്ചിമേഷ്യൻ യുദ്ധം വ്യാപകമാകുകയും ചെങ്കടലിലെ എണ്ണനീക്കം തടയും എന്ന ഭീഷണി ഉയരുകയും ചെയ്തെങ്കിലും വെള്ളിയാഴ്ച സ്വർണം ഉയർന്നു. സ്വർണം ഒരു ശതമാനത്തിലധികം ഉയർന്ന് ഔൺസിനു 4019.30 ഡോളറിൽ ക്ലോസ് ചെയ്തു. യുദ്ധം കൂടുതൽ വിനാശകാരിയായി മാറിയപ്പോൾ ഇന്നു രാവിലെ 3982 ഡോളർ വരെ സ്വർണം ഇടിഞ്ഞു. പിന്നീടു 4000 ലേക്കു കയറി.
കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് വെള്ളിയാഴ്ച 560 രൂപ കുറയുകയും ശനിയാഴ്ച അത്ര തന്നെ കൂടുകയും ചെയ്ത് 1,05,080 രൂപ ആയി. വെള്ളിവില വാരാന്ത്യത്തിൽ ഔൺസിന് 56.08 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 56.53 ഡോളർ ആയി. പ്ലാറ്റിനം 1590 ഡോളർ, പല്ലാഡിയം 1235 ഡോളർ, റോഡിയം 7875 ഡോളർ എന്നിങ്ങനെ നിൽക്കുന്നു.
വ്യാവസായിക ലോഹങ്ങൾ വെള്ളിയാഴ്ച ഇടിഞ്ഞു. ചെമ്പ് 1.41 ശതമാനം താഴ്ന്നു ടണ്ണിനു 13,373.50 ഡോളർ ആയി. അലൂമിനിയം 1.08 ശതമാനം നഷ്ടത്തോടെ 3150.50 ൽ ക്ലോസ് ചെയ്തു. സിങ്കും ടിന്നും നിക്കലും ലെഡും ഇടിഞ്ഞു.
വെള്ളിയാഴ്ച രാജ്യാന്തര റബർ വില വീണ്ടും താഴ്ന്നു. കേരളത്തിൽ ഉയർന്ന വില തുടർന്നു. ബാങ്കോക്കിൽ ആർ.എസ്.എസ്-1 ക്വിൻ്റലിന് 302.80 ഡോളറിലും ആർ.എസ്.എസ്-3 299.40 ഡോളറിലും ആയി. കേരളത്തിൽ ആർ.എസ്.എസ്-4 ഇനം ക്വിൻ്റലിന് 28,200 രൂപയിൽ നിന്നു.
കൊക്കോ വില വെള്ളിയാഴ്ച 3.19 ശതമാനം ഉയർന്നു ടണ്ണിന് 5533 ഡോളറിൽ എത്തി. എൽ നിനോ പ്രതിഭാസം പടിഞ്ഞാറൻ ആഫ്രിക്കയിലെ ഉൽപാദനം കുറയ്ക്കും എന്ന വിലയിരുത്തൽ തുടരുന്നു. അറബിക്ക കാപ്പിവില 2.46 ശതമാനം കയറി പൗണ്ടിന് 3.20 ഡോളർ ആയി. ബ്രസീലിൽ കാപ്പി ഉൽപാദനം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. കാപ്പി സ്റ്റോക്ക് 2024 മാർച്ചിനു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലാണ്.
യു.എസ് ഡോളർ സൂചിക വെള്ളിയാഴ്ച കാര്യമായ മാറ്റമില്ലാതെ 100.77 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക 100.87 വരെ കയറിയിട്ട് അൽപം താഴ്ന്നു. യൂറോ 1.1434 ഡോളറിലേക്കും പൗണ്ട് 1.3452 ഡോളറിലേക്കും താഴ്ന്നു. ജാപ്പനീസ് യെൻ ഒരു ഡോളറിന് 162.31 യെൻ എന്ന നിലയിൽ എത്തി. ചൈനീസ് യുവാൻ ഡോളറിന് 6.77 യുവാനിൽ തുടർന്നു. അമേരിക്കയിൽ 10 വർഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം (yield) ഇന്നു രാവിലെ 4.551 ശതമാനത്തിലേക്കു താഴ്ന്നു.
വെള്ളിയാഴ്ച ഇന്ത്യൻ രൂപ ചെറിയ നേട്ടം കൈവരിച്ചു. ഡോളർ ഏഴു പൈസ കുറഞ്ഞ് 96.28 രൂപയിൽ അവസാനിച്ചു. വിദേശത്തെ നോൺ ഡെലിവെറേബിൾ ഫോർവേഡ് (എൻ.ഡി.എഫ്) വിപണിയിൽ ഡോളർ ഇന്നു രാവിലെ 96.29 രൂപയിൽ ആണ്. ചൈനീസ് യുവാൻ 14.19 രൂപയിലും യൂറോ 110.04 രൂപയിലും നിൽക്കുന്നു.
പശ്ചിമേഷ്യൻ സംഘർഷം ക്രൂഡ് ഓയിൽ വിലയെ വീണ്ടും കയറ്റി. ടാങ്കറുകൾക്കും ജലശുദ്ധീകരണ പ്ലാൻ്റുകൾക്കും എതിരായ ആക്രമണമാണു വെള്ളിയാഴ്ച വില ഉയർത്തിയത്. ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ 4.59 ശതമാനം കുതിച്ച് വീപ്പയ്ക്ക് 88.10 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ ബ്രെൻ്റ് 3.77 ശതമാനം ഉയർന്ന് 91.42 ഡോളർ വരെ എത്തിയിട്ട് 90.20 ലേക്കു താഴ്ന്നു. ഡബ്ള്യുടിഐ ഇനം 84.44 ഡോളറിൽ എത്തി.
ക്രിപ്റ്റോകറൻസികൾ വെള്ളിയാഴ്ച ഇടിഞ്ഞ ശേഷം വാരാന്ത്യത്തിൽ തിരിച്ചുകയറി. ബിറ്റ് കോയിൻ 62,600 ഡോളർ വരെ താണിട്ട് ഇന്നു രാവിലെ 64,500-നു മുകളിൽ എത്തി. ഈഥർ 1870 ഡോളറിനും സൊലാന 76 ഡോളറിനും മുകളിലായി.
(2026 ജൂലൈ 17, വെള്ളി)
സെൻസെക്സ്: 78,151.45 +1.25%
നിഫ്റ്റി-50: 24,334.30 +1.09%
ബാങ്ക് നിഫ്റ്റി: 58,521.40 +1.63%
മിഡ്ക്യാപ്-100: 62,428.05 -0. 41%
സ്മോൾക്യാപ്-100: 19,296.30 -0.21%
ഡൗജോൺസ്: 52,146.42 -0.77%
എസ്ആൻഡ്പി: 7457.69 -1.01%
നാസ്ഡാക്: 25,520.24 -1.40%
ഡോളർ: ₹96.28 -₹0.07
സ്വർണം (ഔൺസ്): $4019.30 +$42.10
സ്വർണം (പവൻ): ₹1,04,520 -₹560
ശനി: ₹1,05,080 +₹560
ക്രൂഡ്ഓയിൽ-ബ്രെൻ്റ്: $88.10 +$3.87
Read DhanamOnline in English
Subscribe to Dhanam Magazine